ലൈലത്തുല്‍ ഖദ്ര്‍: പ്രകാശങ്ങളുടെ സംഗമ രാവ്
ലൈലത്തുല്‍ ഖദ്‌റിന്റെ ആത്മാവ് സമാധാനവും പ്രഭാതത്തിലേക്കുള്ള പ്രതീക്ഷയുമാണ്. ലൈലത്തുല്‍ ഖദ്ര്‍ മാത്രം പ്രമേയമായി അവതരിച്ച സൂറഃഅല്‍ ഖദ്ര്‍ അവസാനിക്കുന്നത് സമാധാനം ആശംസിച്ചും പ്രഭാതത്തെക്കുറിച്ചുള്ള പ്രതീക്ഷ നല്‍കിക്കൊണ്ടുമാണ്. അതിലെ അവസാനത്തെ ആയത്ത് നമ്മെ വിശാലമായ ഒരു ആശയ പ്രപഞ്ചത്തിലേക്കെത്തിക്കുന്നു. ''സമാധാനം! അത് (രാത്രി) പ്രഭാതമാകും വരെ'' (97:5).
ഖദ്‌റിന്റെ രാത്രി ശാന്തമായിരിക്കും എന്നാണ് നാം സാധാരണയായി ഈ ആയത്തിന്റെ വിശദീകരണമായി പറയാറുള്ളത്. എന്നാല്‍, ആയിരം മാസത്തേക്കാള്‍ മഹത്തരമായ ലൈലത്തുല്‍ ഖദ്‌റിനോട് നീതി പുലര്‍ത്താന്‍ കഴിയുന്നത് ആ രാത്രിയുടെ പവിത്രതയിലേക്കും മഹത്വത്തിലേക്കും ഓടിയടുക്കുന്നവര്‍ക്ക് അല്ലാഹു നേരുന്ന സമാധാനാശംസയായോ അഭിവാദ്യമായോ അതിനെ കാണുമ്പോഴാണ്. അല്ലാഹുവിന്റെ അഭിവാദ്യ വാക്കാണ് സലാം. ഖുര്‍ആനില്‍ തന്നെ ധാരാളം സ്ഥലങ്ങളില്‍ ഇത് വന്നിട്ടുണ്ട്. ലോകരില്‍ നൂഹിന് സലാം (സമാധാനം)! ഇബ്‌റാഹീമിന് സലാം! മൂസാക്കും ഹാറൂനും സലാം! ഇല്‍യാസിനും സലാം! (37: 79,109,120,130). ഇവിടങ്ങളിലെല്ലാം അല്ലാഹു പ്രവാചകരെ അഭിവാദ്യം ചെയ്യുന്നതിനാണ് സലാം പ്രയോഗിച്ചിരിക്കുന്നത്.
പ്രഭാതമാകും വരെയുള്ള സമാധാനം മാത്രമാണോ ഇത്? അല്ല. പ്രതാപിയും സ്തുത്യര്‍ഹനുമായ അല്ലാഹുവിന്റെ മാര്‍ഗത്തിലേക്ക് ജനങ്ങളെ നയിക്കാന്‍ പ്രയത്‌നിക്കുന്ന പ്രവാചകനും അത് നെഞ്ചേറ്റി പ്രവര്‍ത്തിക്കുന്ന ലോകാവസാനം വരെയുള്ള ഇസ്‌ലാമിന്റെ വാഹകര്‍ക്കും അല്ലാഹു നേരുന്ന അഭിവാദ്യമാണ് ഇവിടെ പറയുന്ന 'സലാം.' ''നമ്മുടെ വചനങ്ങളില്‍ വിശ്വസിക്കുന്നവര്‍ നിന്നെ സമീപിച്ചാല്‍ നീ പറയണം; നിങ്ങള്‍ക്ക് സമാധാനം'' (6:54).
ഇസ്‌ലാമിനു വേണ്ടി അഹോരാത്രം അധ്വാനിക്കുന്നവര്‍ക്ക്, അല്ലാഹുവിന്റെ മാര്‍ഗത്തില്‍ ക്ഷമയവലംബിച്ചവര്‍ക്ക്, മാലോകരെ ഇരുട്ടില്‍ നിന്ന് പ്രകാശത്തിലേക്ക് നയിക്കാന്‍ ഖുര്‍ആന്‍ നെഞ്ചേറ്റി ഇരുട്ടിനെതിരെ അണിനിരക്കുന്നവര്‍ക്ക് അല്ലാഹു നേരുന്ന സലാം. പ്രവാചകന്മാര്‍ക്ക് അല്ലാഹു നേര്‍ന്ന സലാം. മിഅ്‌റാജ് രാവില്‍ അല്ലാഹുവിന്റെ സമീപത്തെത്തിയ പ്രവാചകന്‍ മുഹമ്മദ് നബി(സ)യെ അല്ലാഹു അഭിവാദ്യം ചെയ്ത ആ സലാം. മലക്കുകള്‍ പ്രവാചകന്മാരെ കാണാന്‍ വന്നപ്പോള്‍ പറഞ്ഞ സലാം.
അല്ലാഹു സ്വന്തം നാമമായി സ്വീകരിച്ച സലാം. അന്ത്യദിനത്തില്‍ കാരുണ്യവാന്റെ അടിമകളെ സ്വര്‍ഗത്തിലേക്ക് ആദരിച്ച് സ്വീകരിക്കുമ്പോള്‍ അഭിവാദ്യം ചെയ്യുന്ന സലാം. 'അല്ലാഹുവിന്റെ വചനങ്ങളില്‍ വിശ്വസിച്ചവരോട് നീ പറയണം' എന്ന് അല്ലാഹു പ്രവാചകനോട് അനുശാസിച്ച സലാം. സത്യവിശ്വാസികള്‍ പരസ്പരം കണ്ടുമുട്ടുമ്പോള്‍ പറയുന്ന സലാം. നമസ്‌കാരത്തിന് വിരാമമിടുന്ന സലാം. ഇതൊന്നും നിസ്സാരമായ ആശംസാ വാക്കുകളല്ല. മറിച്ച്, സര്‍വലോക രക്ഷിതാവായ അല്ലാഹുവിന്റെ അഭിവാദ്യമാണത്. ഒപ്പം സമാധാനത്തിന്റെ വിശാലമായ ഭവനത്തിലേക്കുള്ള ക്ഷണവുമാണ്. ''അല്ലാഹു സമാധാനത്തിന്റെ ഭവനത്തിലേക്ക് ക്ഷണിക്കുന്നു. അവനിഛിക്കുന്നവരെ അവന്‍ നേര്‍വഴിയില്‍ നയിക്കുന്നു'' (10: 25).
മലക്കുകള്‍ പറയും: ''നിങ്ങള്‍ ക്ഷമ പാലിച്ചതിനാല്‍ നിങ്ങള്‍ക്ക് സമാധാനമുണ്ടാവട്ടെ. ആ പരലോക ഭവനം എത്ര അനുഗ്രഹപൂര്‍ണം!'' (13:24). ''അനാവശ്യ വാക്കോ കുറ്റപ്പെടുത്തലോ അവര്‍ അവിടെ (സ്വര്‍ഗത്തില്‍) വെച്ച് കേള്‍ക്കുകയില്ല. സമാധാനം, സമാധാനം എന്നുള്ള വാക്കല്ലാതെ'' (56: 25, 26).
ഇനി ഈ ആയത്തില്‍ സൂചിപ്പിച്ച പ്രഭാതത്തെക്കുറിച്ച്. ഏത് പ്രഭാതത്തെക്കുറിച്ചാണ് ഇവിടെ പറയുന്നത്? ഏത് രാത്രിയെക്കുറിച്ചാണ് പറയുന്നത്? ഓരോ ഖദ്‌റിന്റെ രാത്രിയും പ്രഭാതമാകും വരെ പ്രശാന്തവും സമാധാനപൂരിതവുമായിരിക്കുമെന്നാണോ? അതല്ല, ഖുര്‍ആന്‍ അവതരിച്ച ആ ഒറ്റ രാത്രി പ്രഭാതം വരെ അങ്ങനെയായിരുന്നു എന്നാണോ? പണ്ഡിതന്മാരില്‍ ഈ രണ്ട് വീക്ഷണങ്ങളുള്ളവരുമുണ്ട്. ഖുര്‍ആന്‍ ഇറങ്ങിയതുകൊണ്ട് സവിശേഷമാക്കപ്പെട്ട രാത്രി, ആയിരം മാസത്തേക്കാള്‍ മഹത്തരമായ ഒരു രാത്രി, മലക്കുകളുടെ അകമ്പടിയോടെ ജിബ്‌രീല്‍ ഇറങ്ങിവരുന്ന രാത്രി, ഖദ്‌റിന്റെ ആ രാത്രി പ്രശാന്തസുന്ദരമായിരിക്കും എന്നതില്‍ സംശയമില്ല.
എന്നാല്‍, ആ ഒരൊറ്റ രാത്രിയെക്കുറിച്ചോ വര്‍ഷാവര്‍ഷം ആവര്‍ത്തിക്കുന്ന ലൈലത്തുല്‍ ഖദ്ര്‍ ദിനത്തെക്കുറിച്ചോ അല്ല അല്ലാഹു ഖുര്‍ആനില്‍ സൂചിപ്പിക്കുന്നത്. മറിച്ച് ഖുര്‍ആന്‍ അവതരിപ്പിച്ചത് തന്നെ ജനങ്ങളെ അവരുടെ നാഥന്റെ അനുമതിയോടെ ഇരുളില്‍നിന്ന് വെളിച്ചത്തിലേക്ക് നയിക്കാനാണ്. രാത്രി ഇരുട്ടിന്റെയും പ്രഭാതം പ്രകാശത്തിന്റെയും വേളകളാണ്. അതുകൊണ്ട് 'രാത്രി പ്രഭാതമായി മാറുന്നത് വരെ' എന്നത് ജനങ്ങള്‍ ഇരുളില്‍ നിന്ന് വെളിച്ചത്തിലേക്ക് നയിക്കപ്പെടുന്നത് വരെ എന്ന് വ്യാഖ്യാനിക്കാം.
എന്നാല്‍, പ്രഭാതോദയം ആഗ്രഹിക്കാത്തവരുമുണ്ട്. അവര്‍ ഇരുട്ടിന്റെ ശക്തികളാണ്. അവര്‍ക്ക് പ്രഭാതത്തെ വെറുപ്പാണ്. ഇരുട്ട് എന്നും നിലനില്‍ക്കാനാണ് അവരുടെ ആഗ്രഹം. ചെറിയ ഒരു തിരി തെളിച്ചാല്‍ പോലും അതിനെ അവര്‍ പേടിയോടെ കാണും. ഉള്ള കഴിവും ശക്തിയുമുപയോഗിച്ച് വെളിച്ചത്തെ പ്രതിരോധിക്കും. ആ തിരി തീജ്വാലയായി മാറാന്‍ ഏറെ സമയം വേണ്ടി വരില്ലെന്ന് അവര്‍ക്കറിയാം. ''തങ്ങളുടെ വായകൊണ്ട് അല്ലാഹുവിന്റെ പ്രകാശത്തെ ഊതിക്കെടുത്താനാണ് അവരുദ്ദേശിക്കുന്നത്. എന്നാല്‍, അല്ലാഹു തന്റെ പ്രകാശം പൂര്‍ണതയിലെത്തിക്കുക തന്നെ ചെയ്യും. സത്യനിഷേധികള്‍ക്ക് അതെത്ര തന്നെ അരോചകമാണെങ്കിലും'' (9:32).
സത്യവിശ്വാസികള്‍ പ്രകാശത്തിന്റെ ആളുകളും സത്യനിഷേധികള്‍ പ്രകാശ വിരോധികളുമാണെന്ന് അല്ലാഹു വ്യക്തമാക്കുന്നു. ''അല്ലാഹു, വിശ്വസിച്ചവരുടെ രക്ഷകനാണ്. അവന്‍ അവരെ ഇരുളുകളില്‍നിന്ന് വെളിച്ചത്തിലേക്ക് നയിക്കുന്നു. എന്നാല്‍ സത്യനിഷേധികളുടെ രക്ഷാധികാരികള്‍ ദൈവേതരശക്തികളാണ്. അവര്‍ അവരെ നയിക്കുന്നത് വെളിച്ചത്തില്‍നിന്ന് ഇരുളുകളിലേക്കാണ്. അവര്‍ തന്നെയാണ് നരകാവകാശികള്‍. അവരതില്‍ സ്ഥിരവാസികളായിരിക്കും'' (2:257).
നാല് പ്രകാശങ്ങളുടെ സമന്വയമാണ് ലൈലത്തുല്‍ ഖദ്ര്‍. അല്ലാഹു, മലക്കുകള്‍, ഖുര്‍ആന്‍, പ്രവാചകന്‍. ആകാശ ഭൂമികളുടെ പ്രകാശമായ അല്ലാഹുവില്‍ നിന്ന്, പ്രകാശം കൊണ്ട് സൃഷ്ടിക്കപ്പെട്ട മലക്കുകള്‍ വഴി, പ്രകാശമാക്കപ്പെട്ട ഖുര്‍ആന്‍, ലോകര്‍ക്ക് പ്രകാശം നല്‍കുന്ന വിളക്കായ പ്രവാചകനിലേക്ക് ഇറക്കപ്പെട്ട രാത്രിയാണ് ലൈലത്തുല്‍ ഖദ്ര്‍. അഥവാ ഒരു രാത്രിയെ പകലാക്കി മാറ്റിയ പ്രകാശ വിപ്ലവം. അതുകൊണ്ട് ആ രാത്രി മഹത്തരമായതില്‍ സംശയമില്ല. ആ രാത്രിയെ നെഞ്ചേറ്റുമ്പോള്‍ നമ്മള്‍ ഇസ്‌ലാമിന്റെ ഏറ്റവും അടിസ്ഥാനമായ നാല് വിശ്വാസങ്ങളെയാണ് ആവാഹിക്കുന്നത്. അല്ലാഹുവിലും മലക്കുകളിലും ഖുര്‍ആനിലും പ്രവാചകനിലുമുള്ള വിശ്വാസം.
1. അല്ലാഹു: ''എല്ലാ പ്രകാശങ്ങളുടെയും പ്രകാശമാണ് അല്ലാഹു. അല്ലാഹു ആകാശഭൂമികളുടെ വെളിച്ചമാണ്. അവന്റെ വെളിച്ചത്തിന്റെ ഉപമയിതാ: ഒരു വിളക്കുമാടം; അതിലൊരു വിളക്ക്. വിളക്ക് ഒരു സ്ഫടികക്കൂട്ടിലാണ്. സ്ഫടികക്കൂട് വെട്ടിത്തിളങ്ങുന്ന ആകാശനക്ഷത്രം പോലെയും. അനുഗൃഹീതമായ ഒരു വൃക്ഷത്തില്‍ നിന്നുള്ള എണ്ണ കൊണ്ടാണത് കത്തുന്നത്. അഥവാ, കിഴക്കനോ പടിഞ്ഞാറനോ അല്ലാത്ത ഒലീവ് വൃക്ഷത്തില്‍നിന്ന്. അതിന്റെ എണ്ണ തീ കൊളുത്തിയില്ലെങ്കില്‍ പോലും സ്വയം പ്രകാശിക്കുമാറാകും. വെളിച്ചത്തിനുമേല്‍ വെളിച്ചം. അല്ലാഹു തന്റെ വെളിച്ചത്തിലേക്ക് താനിഛിക്കുന്നവരെ നയിക്കുന്നു. അവന്‍ സര്‍വ ജനത്തിനുമായി ഉദാഹരണങ്ങള്‍ വിശദീകരിക്കുന്നു. അല്ലാഹു സകല സംഗതികളും നന്നായറിയുന്നവനാണ്'' (24:35).
2. മലക്കുകള്‍: മലക്കുകള്‍ പ്രകാശത്താല്‍ സൃഷ്ടിക്കപ്പെട്ടവരാണ്.
പ്രവാചകന്‍(സ) പറഞ്ഞതായി ആഇശ(റ)ല്‍ നിന്ന് നിവേദനം: ''മലക്കുകള്‍ പ്രകാശത്തില്‍ നിന്ന് സൃഷ്ടിക്കപ്പെട്ടു, ജിന്നുകള്‍ അഗ്‌നിജ്വാലയില്‍ നിന്ന് സൃഷ്ടിക്കപ്പെട്ടു, ആദമിനെ നിങ്ങള്‍ക്ക് വിവരിച്ച് തന്നിട്ടുള്ളതില്‍ നിന്നും സൃഷ്ടിച്ചു'' (മുസ്‌ലിം).
3. ഖുര്‍ആന്‍: എല്ലാം വ്യക്തമായി തെളിയിച്ചുകാണിക്കുന്ന പ്രകാശമാണ് ഖുര്‍ആന്‍. ''മനുഷ്യരേ, നിങ്ങളുടെ നാഥങ്കല്‍ നിന്നുള്ള ന്യായപ്രമാണം നിങ്ങള്‍ക്കിതാ വന്നെത്തിയിരിക്കുന്നു. എല്ലാം വ്യക്തമായി തെളിയിച്ചുകാണിക്കുന്ന പ്രകാശം നാമിതാ നിങ്ങള്‍ക്ക് ഇറക്കിത്തന്നിരിക്കുന്നു'' (4:174).
''വേദക്കാരേ, വേദഗ്രന്ഥത്തില്‍നിന്ന് നിങ്ങള്‍ മറച്ചുവെച്ചിരുന്ന ഒത്തിരി കാര്യങ്ങള്‍ വെളിപ്പെടുത്തിക്കൊണ്ട്, നമ്മുടെ ദൂതനിതാ നിങ്ങളുടെ അടുത്ത് വന്നിരിക്കുന്നു. ഒട്ടു വളരെ കാര്യങ്ങളില്‍ അദ്ദേഹം വിട്ടുവീഴ്ച കാണിച്ചിരിക്കുന്നു. നിങ്ങള്‍ക്കിതാ അല്ലാഹുവില്‍ നിന്നുള്ള വെളിച്ചവും തെളിവുറ്റ വേദവും വന്നെത്തിയിരിക്കുന്നു'' (5:15).
''അതിനാല്‍ നിങ്ങള്‍ അല്ലാഹുവിലും അവന്റെ ദൂതനിലും നാം ഇറക്കിത്തന്ന വെളിച്ചത്തിലും വിശ്വസിക്കുക. നിങ്ങള്‍ ചെയ്തുകൊണ്ടിരിക്കുന്നതൊക്കെയും നന്നായറിയുന്നവനാണ് അല്ലാഹു'' (64:8).
4. പ്രവാചകന്‍: സൂര്യനെയും പ്രവാചകനെയും അല്ലാഹു ഒരേ പദം (സിറാജ്) കൊണ്ടാണ് ഉപമിച്ചത്. രണ്ടും പ്രകാശം പ്രസരിപ്പിക്കുന്ന വിളക്കുകള്‍. ''അല്ലാഹുവിന്റെ ഉത്തരവനുസരിച്ച് അവങ്കലേക്ക് ക്ഷണിക്കുന്നവനും പ്രകാശം നല്‍കുന്ന ഒരു വിളക്കുമായിക്കൊണ്ടാണ് നിന്നെ അയച്ചത്'' (33:46).
5. പ്രകാശം സ്വീകരിച്ച മനുഷ്യര്‍: അല്ലാഹുവിനെയും അവന്റെ പ്രവാചകനെയും അനുസരിച്ച് ജീവിച്ച സത്യവിശ്വാസികള്‍ പ്രകാശം ലഭിച്ചവരാണെന്നും അല്ലാഹു സ്വര്‍ഗത്തില്‍ അവരുടെ പ്രകാശം പൂര്‍ത്തീകരിച്ചുകൊടുക്കുമെന്നും ഖുര്‍ആന്‍ വ്യക്തമാക്കുന്നു.
''വിശ്വസിച്ചവരേ, നിങ്ങള്‍ അല്ലാഹുവോട് പശ്ചാത്തപിക്കുക. ആത്മാര്‍ഥമായ പശ്ചാത്താപം. നിങ്ങളുടെ നാഥന്‍ നിങ്ങളുടെ തിന്മകള്‍ മായ്ച്ചുകളയുകയും താഴ്ഭാഗത്തു കൂടെ ആറുകളൊഴുകുന്ന സ്വര്‍ഗീയാരാമങ്ങളില്‍ നിങ്ങളെ പ്രവേശിപ്പിക്കുകയും ചെയ്‌തേക്കാം. അല്ലാഹു തന്റെ പ്രവാചകനെയും കൂടെയുള്ള വിശ്വാസികളെയും നിന്ദിക്കാത്ത ദിനമാണത്. അവരുടെ മുന്നിലും വലതുഭാഗത്തും തങ്ങളുടെതന്നെ പ്രകാശം പ്രസരിച്ചുകൊണ്ടിരിക്കും. അവര്‍ പറയും: ഞങ്ങളുടെ നാഥാ! ഞങ്ങളുടെ പ്രകാശം ഞങ്ങള്‍ക്കു നീ പൂര്‍ത്തീകരിച്ചു തരേണമേ! ഞങ്ങളോട് നീ പൊറുക്കേണമേ! നീ എല്ലാറ്റിനും കഴിവുറ്റവന്‍ തന്നെ; തീര്‍ച്ചു'' (66:8).
''കപടവിശ്വാസികളും വിശ്വാസിനികളും സത്യവിശ്വാസികളോട് ഇവ്വിധം പറയുന്ന ദിനമാണത്: 'നിങ്ങള്‍ ഞങ്ങള്‍ക്കായി കാത്തുനില്‍ക്കണേ, നിങ്ങളുടെ വെളിച്ചത്തില്‍ നിന്ന് ഇത്തിരി ഞങ്ങളും അനുഭവിക്കട്ടെ.' അപ്പോള്‍ അവരോട് പറയും: 'നിങ്ങള്‍ നിങ്ങളുടെ പിറകിലേക്കു തന്നെ തിരിച്ചുപോവുക. എന്നിട്ട് വെളിച്ചം തേടുക.' അപ്പോള്‍ അവര്‍ക്കിടയില്‍ ഒരു ഭിത്തി ഉയര്‍ത്തപ്പെടും. അതിനൊരു കവാടമുണ്ടായിരിക്കും. അതിന്റെ അകഭാഗത്ത് കാരുണ്യവും പുറം ഭാഗത്ത് ശിക്ഷയുമായിരിക്കും'' (57:13).
മേല്‍ സൂചിപ്പിച്ച നാല് പ്രകാശങ്ങളുടെ സ്വാംശീകരണമാണ് ഓരോ ലൈലത്തുല്‍ ഖദ്‌റിന്റെയും ആത്മാവ്. ആ ആത്മാവിനെ സ്വീകരിക്കുമ്പോള്‍ നാം അഞ്ചാമതൊരു പ്രകാശമായി മാറുന്നു. അല്ലാഹുവിനെയും ഖുര്‍ആനെയും നെഞ്ചേറ്റി, മലക്കുകളില്‍ വിശ്വാസമര്‍പ്പിച്ച്, പ്രവാചകനെ അനുധാവനം ചെയ്ത്, ഇരുട്ടിനോട് സന്ധിയില്ലാ സമരം പ്രഖ്യാപിച്ച് പ്രകാശത്തിന്റെ വാഹകരാകുന്നവര്‍ക്കാണ് ലൈലത്തുല്‍ ഖദ്ര്‍ ആത്മീയാനുഭൂതി പകരുന്നത്. അവരുടെ മുന്‍കാല പിഴവുകളില്‍ പശ്ചാത്തപിക്കാനും വരും കാലത്തേക്കുള്ള ഊര്‍ജം സംഭരിക്കാനും അവര്‍ ലൈലത്തുല്‍ ഖദ്‌റിനെ പ്രതീക്ഷകളോടെ കാത്തിരിക്കും.
Comments