Prabodhanm Weekly

Pages

Search

2014 ജൂലൈ 18

ആധിപത്യ ശക്തികള്‍ക്ക് എന്നും താക്കീതായി ബദ്ര്‍

അബ്ദുല്‍ ഹകീം നദ്‌വി /കവര്‍‌സ്റ്റോറി

 

ബദ്‌റുല്‍ ഹുദാ യാസീനന്നബി ഖറജായന്നേരം
വളര്‍ക്കൊടി മൂണ്ടെണ്ണം കെട്ടിടയതിലുണ്ടെ- അബ്‌യദ് 
വര്‍ണമതാം പിന്‍രണ്ടും അസ്‌വദുമാമേ...

         സത്യങ്ങള്‍ക്കും അര്‍ധസത്യങ്ങള്‍ക്കും മേല്‍ സത്യത്തിന്റെ പൂര്‍ണ വിജയം സമ്മാനിച്ച ലോക ചരിത്രത്തിലെ അതുല്യ സംഭവങ്ങളിലൊന്നായ ബദ്‌റിനെ പറ്റി മോയിന്‍ കുട്ടി വൈദ്യര്‍ രചിച്ച വരികള്‍ മാപ്പിളപ്പാട്ടിന്റെ എക്കാലത്തെയും ഒളിമങ്ങാത്ത ഈരടികളാണ്. ബദ്ര്‍ എന്ന ചരിത്ര യാഥാര്‍ഥ്യത്തെ മലയാളികള്‍ക്ക് പരിചയപ്പെടുത്താന്‍ കൂടി സഹായിച്ചിട്ടുണ്ട് ഈ വരികള്‍. എന്നാല്‍ എഴുത്തഛന്റെ മഹാഭാരതം കിളിപ്പാട്ട് കൊണ്ടാടപ്പെട്ടതു പോലെ വൈദ്യരുടെ ബദ്ര്‍ പടപ്പാട്ട് സാംസ്‌കാരിക കേരളം ആഘോഷിക്കുകയുണ്ടായില്ല. ബദ്‌റിനെ കുറിച്ച് എഴുതാനിരുന്നപ്പോള്‍ ആദ്യമായി മനസ്സിലേക്കോടിവന്നതും ഈ വരികള്‍ തന്നെ. പുറപ്പെട്ട ബുജാഹിലുടന്‍ കിബര്‍ പൊങ്കിയെളുന്ത ലിബാസ് ചമയ്ന്ത്... തുടരെ മദ്ദളവും മുരശൊടു മറവയൊറ്റകളും കൈമണി ധനികള്‍ താശകളും... ബദ്ര്‍ പടപ്പാട്ടിലെ വൈദ്യരുടെ വരികളെല്ലാം മാപ്പിളപ്പാട്ടിന്റെ ലോകത്ത് മരണമില്ലാത്ത വരികളാണ്. 

         നീണ്ട കാലത്തെ പീഡനങ്ങള്‍ക്കും സഹനപൂര്‍ണമായ കാത്തിരിപ്പിനുമൊടുവില്‍ അല്ലാഹുവിന്റെ തീരുമാന പ്രകാരം നടന്ന ചെറുത്തുനില്‍പ്പായിരുന്നു ബദ്ര്‍. അതുകൊണ്ട് തന്നെ ബദ്ര്‍ പാരമ്പര്യ യുദ്ധങ്ങളുടെ കൂട്ടത്തില്‍ എഴുതിച്ചേര്‍ക്കാവുന്ന ഒന്നല്ല. സ്ത്രീകളും കുട്ടികളും വൃദ്ധരുമുള്‍പ്പെടെ നിരപരാധികളായ എണ്ണമറ്റ മനുഷ്യ ജീവനുകള്‍ നിഷ്‌കരുണം കുരുതികൊടുക്കപ്പെടുന്ന ആധുനിക യുദ്ധങ്ങളുമായും പുരാണങ്ങളില്‍ പ്രതിപാദിക്കുന്ന രക്തരൂഷിതമായ പോരാട്ടങ്ങളുമായും താരതമ്യം ചെയ്യുമ്പോള്‍ ബദ്ര്‍ അക്കൂട്ടത്തില്‍ ഒന്നായി പരിഗണിക്കാന്‍ പോലുമാകില്ല. ഒരു ജനതയുടെ നിലനില്‍പും സ്വത്വപ്രകാശനവുമായി ബന്ധപ്പെട്ട ചെറുത്തുനില്‍പ്പിന്റെ പ്രതിരോധ വീര്യമായിരുന്നു ബദ്ര്‍. സ്വന്തം നാട്ടില്‍ ജീവിക്കാനാവാതെ വന്നപ്പോള്‍ മറ്റൊരു ദേശം തേടി പോവുകയും ശത്രുക്കള്‍ അവിടെയും സ്വാസ്ഥ്യം തകര്‍ക്കുന്ന കുതന്ത്രങ്ങള്‍ മെനയുകയും ചെയ്ത സന്ദര്‍ഭത്തില്‍ അല്ലാഹു നല്‍കിയ അനുമതിയുടെ പശ്ചാത്തലത്തിലാണ് ബദ്ര്‍ നടക്കുന്നത്. ''നിശ്ചയം, സത്യവിശ്വാസികള്‍ക്കുവേണ്ടി അല്ലാഹു പ്രതിരോധിക്കുന്നതാകുന്നു. തീര്‍ച്ചയായും നന്ദികെട്ട വഞ്ചകരായ ആരെയും അല്ലാഹു സ്‌നേഹിക്കുന്നില്ല തന്നെ. ആര്‍ക്കെതിരില്‍ യുദ്ധം നടത്തപ്പെടുന്നുവോ, അവര്‍ക്ക് അനുമതി നല്‍കപ്പെട്ടിരിക്കുന്നു. എന്തുകൊണ്ടെന്നാല്‍ അവര്‍ മര്‍ദിതരാകുന്നു. അല്ലാഹു അവരെ സഹായിക്കാന്‍ തികച്ചും കഴിവുറ്റവന്‍ തന്നെ. സ്വന്തം വീടുകളില്‍നിന്ന് അന്യായമായി ആട്ടിപ്പുറത്താക്കപ്പെട്ടവരാണവര്‍. 'ഞങ്ങളുടെ റബ്ബ് അല്ലാഹുവാകുന്നു' എന്നു പ്രഖ്യാപിച്ചതു മാത്രമാകുന്നു അവരുടെ കുറ്റം. അല്ലാഹു ജനങ്ങളില്‍ ഒരു വിഭാഗത്തെ മറ്റൊരു വിഭാഗത്തെക്കൊണ്ടു തടഞ്ഞുകൊണ്ടിരിക്കുന്നില്ലായിരുന്നുവെങ്കില്‍ അല്ലാഹുവിന്റെ നാമം ധാരാളമായി സ്മരിക്കപ്പെടുന്ന മഠങ്ങളും ചര്‍ച്ചുകളും പ്രാര്‍ഥനാലയങ്ങളും പള്ളികളും തകര്‍ക്കപ്പെട്ടു പോകുമായിരുന്നു. അല്ലാഹുവിനെ സഹായിക്കുന്നവരെ അവന്‍ സഹായിക്കുകതന്നെ ചെയ്യും'' (അല്‍ഹജ്ജ്: 38-40). 

         യുദ്ധമില്ലാത്ത ലോകം സങ്കല്‍പ്പിക്കാന്‍ കൊള്ളാമെങ്കിലും ലോക ചരിത്രത്തില്‍ അങ്ങനെയൊരു കാലഘട്ടം കഴിഞ്ഞുപോയിട്ടില്ല. നാഗരികസമൂഹങ്ങളുടെ ചരിത്രങ്ങളോടൊപ്പം യുദ്ധ ചരിത്രങ്ങള്‍ കൂടി വായിക്കേണ്ടി വരുന്നത് അതുകൊണ്ടാണ്. യുദ്ധത്തിന്റെ ധാര്‍മികതയും അധാര്‍മികതയും നിശ്ചയിക്കുന്നത് അതിന്റെ ലക്ഷ്യത്തെ വിലയിരുത്തിക്കൊണ്ടാണ്. അധികാരമോഹവും സാമ്പത്തിക താല്‍പര്യങ്ങളും വെട്ടിപ്പിടുത്തങ്ങളുമാണ് പലപ്പോഴും യുദ്ധങ്ങളുടെ ലക്ഷ്യങ്ങളായി തീരാറുള്ളത്. എന്നാല്‍ അല്ലാഹു യുദ്ധം അനുവദിക്കുന്നത് ജീവിക്കാനുള്ള മനുഷ്യന്റെ ന്യായമായ അവകാശം ചോദ്യം ചെയ്യുന്ന ആധിപത്യ അധിനിവേശ ശക്തികളുടെ മനോഘടനക്കെതിരെയാണ്. ദൈവികനീതിയും സാമൂഹിക സുരക്ഷിതത്വവും ധാര്‍മിക വ്യവസ്ഥിതിയും സാമൂഹിക ക്ഷേമവും എല്ലാവര്‍ക്കും ഉറപ്പുവരുത്തുന്ന ജീവിതക്രമം രൂപപ്പെടുത്തുക എന്നതാണ് യുദ്ധം അനുവദിക്കപ്പെടുന്നതിന്റെ ഇസ്‌ലാമിക ന്യായം. യുദ്ധസാഹചര്യത്തെ നിര്‍ണയിച്ചു കൊണ്ട് അല്ലാഹു ഖുര്‍ആനില്‍ പറയുന്നത് ഇപ്രകാരമാണ്: ''സത്യവിശ്വാസികളേ, ഛിദ്രതയും കാലുഷ്യവും ഇല്ലാതാകും വരെയും വിധേയത്വം സമ്പൂര്‍ണമായും അല്ലാഹുവിനായിത്തീരുന്നതുവരെയും ധിക്കാരികളോടു സമരം ചെയ്യുക'' (അല്‍അന്‍ഫാല്‍ 39). ബദ്ര്‍ അനിവാര്യമാകുന്നതും ഈ ഒരു പശ്ചാത്തലത്തിലായിരുന്നു.

         ബദ്ര്‍ പൂര്‍ണ തയാറെടുപ്പോടെ ബോധപൂര്‍വം വിശ്വാസികള്‍ നടത്തിയ പോരാട്ടമല്ലായിരുന്നു. മക്കയില്‍ തങ്ങള്‍ ഉപേക്ഷിച്ചുപോന്ന മുഴുവന്‍ സാമ്പത്തിക സ്രോതസ്സുകളും അവിടത്തെ പ്രമാണിമാര്‍ കൊള്ളയടിക്കുകയും അവ ശേഖരിച്ച് വന്‍ലാഭം നേടാവുന്ന കച്ചവടം ആസൂത്രണം ചെയ്ത് സിറിയ ലക്ഷ്യമാക്കി പുറപ്പെടുകയും ചെയ്ത വിവരം അറിഞ്ഞപ്പോള്‍ തങ്ങളുടെ ന്യായമായ അവകാശം പിടിച്ചു വാങ്ങാന്‍ പുറപ്പെട്ടതായിരുന്നു മുസ്‌ലിം സംഘം. എന്നാല്‍ വിവരം മണത്തറിഞ്ഞ അബൂസുഫ്‌യാന്റെ നേതൃത്വത്തിലുള്ള സംഘം വഴിമാറി പോവുകയും മക്കയിലെ ഖുറൈശി പ്രമുഖരെ വിവരം അറിയിക്കുകയും ചെയ്തു. ഈ സന്ദര്‍ഭത്തില്‍ ഇസ്‌ലാമിന്റെ വേരറുക്കുക എന്ന പ്രതിജ്ഞയോടെ സര്‍വസന്നാഹങ്ങളുമായി ഖുറൈശിപ്പട മദീനയെ ലക്ഷ്യമാക്കി പുറപ്പെടുകയും ചെയ്ത സന്ദര്‍ഭത്തിലാണ് പോരാട്ടഭൂമിയിലേക്ക് മുസ്‌ലിംസമൂഹം എടു ത്തെറിയപ്പെടുന്നത്. ഖുര്‍ആന്‍ അതിപ്രകാരം വ്യക്തമാക്കുന്നു: ''രണ്ടു സംഘങ്ങളില്‍ ഒന്ന് നിങ്ങള്‍ക്ക് ലഭിക്കും എന്ന് അല്ലാഹു നിങ്ങളോട് വാഗ്ദത്തം ചെയ്യുകയും എന്നാല്‍ ദുര്‍ബല വിഭാഗത്തെ ലഭിക്കണമെന്ന് നിങ്ങള്‍ ആഗ്രഹിക്കുകയും ചെയ്തിരുന്ന സന്ദര്‍ഭം. പക്ഷേ, തന്റെ വചനങ്ങള്‍ വഴി സത്യത്തെ സത്യമായി കാണിപ്പാനും നിഷേധികളുടെ വേരറുക്കാനുമായിരുന്നു അല്ലാഹു ഉദ്ദേശിച്ചത്. സത്യത്തെ സാക്ഷാത്കരിക്കാനും അസത്യത്തെ പൊളിക്കാനുമായിരുന്നു അത്. ധിക്കാരികള്‍ക്ക് അതെത്ര അരോചകമായിരുന്നാലും'' (അല്‍അന്‍ഫാല്‍ 7,8). യുദ്ധം പൊതുവേ പ്രയാസകരമാണെങ്കിലും അതിന്റെ അനന്തര ഫലം ഗുണകരമായി മാറുമെന്ന് അല്ലാഹു ഓര്‍മപ്പെടുത്തുന്നുണ്ട്. ''നിങ്ങളോട് യുദ്ധം കല്‍പിക്കപ്പെട്ടിരിക്കുന്നു. അതാകട്ടെ നിങ്ങള്‍ക്ക് അരോചകമാകുന്നു. നിങ്ങള്‍ക്ക് ഗുണകരമായ ഒരു കാര്യം അരോചകമായി തോന്നിയേക്കാം. ദോഷകരമായ ഒരു കാര്യം ഇഷ്ടകരമായും തോന്നിയേക്കാം. അല്ലാഹു അറിയുന്നു. നിങ്ങളോ അറിയുന്നില്ല'' (അല്‍ബഖറ 216). ബദ്ര്‍ ഈ ഓര്‍മപ്പെടുത്തലിന്റെ സാക്ഷാത്കാരമായിരുന്നു.

         തന്റെ പ്രബോധന പ്രവര്‍ത്തനങ്ങളുടെ തുടക്കം മുതല്‍ തന്നെ പക്വതയും വിവേകവും ഭദ്രതയും ഒത്തുചേര്‍ന്ന കര്‍മഭൂമികയായിരുന്നു നബിതിരുമേനിയുടേത്. അത്യുന്നതമായ സ്വഭാവചര്യയും ആര്‍ജവപൂര്‍ണമായ നിലപാടുകളും വിശാല മനസ്‌കത തുളുമ്പിനില്‍ക്കുന്ന ഇടപെടലുകളും കൊണ്ട് സമ്പന്നമായിരുന്നു അവിടുത്തെ പ്രബോധന പ്രവര്‍ത്തനങ്ങള്‍. തന്റെ വ്യക്തിത്വത്തിന്റെ മുഴുവന്‍ മൂലധനവും അല്ലാഹുവിന്റെ ദീനിന് വേണ്ടിയാണ് തിരുനബി സമര്‍പ്പിച്ചത്. പ്രവാചക പ്രബോധനത്തിന്റെ ഈ വശ്യത ഹൃദയങ്ങളെയും മസ്തിഷ്‌കങ്ങളെയും കീഴടക്കിക്കൊണ്ടിരിക്കുന്നു എന്ന സത്യം മനസ്സിലാക്കിയ പാരമ്പര്യവാദികള്‍ ആദ്യം അവജ്ഞയോടെ പുഛിച്ചു തള്ളാനാണ് ശ്രമിച്ചത്. പിന്നീട് ഇസ്‌ലാം തങ്ങളുടെ ആധിപത്യവും പദവികളും തകര്‍ക്കുന്ന അപകടകാരിയാണെന്ന് തിരിച്ചറിഞ്ഞു തുടങ്ങിയപ്പോള്‍ അതിനെ ഇല്ലാതാക്കാനുള്ള അടവുകള്‍ രഹസ്യമായും പരസ്യമായും ചെയ്തു തുടങ്ങി. മുഴുശക്തിയും ഉപയോഗിക്കേണ്ടിവന്നാലും തകര്‍ക്കപ്പെടേണ്ട അപകടകാരിയായി അവര്‍ ഇസ്‌ലാമിനെ മുദ്രകുത്തി. ഇക്കാലയളവില്‍ തങ്ങള്‍ വിശ്വസിക്കുന്ന ആദര്‍ശ സംരക്ഷണത്തിനായി വലിയ വില കൊടുക്കേണ്ടിവന്നിട്ടും സഹനമവലംബിക്കാനായിരുന്നു അല്ലാഹുവിന്റെ കല്‍പന. ധൃതി കാണിക്കാതെ അവധാനതയും പക്വതയുമുള്ള നിലപാടുകളിലൂടെ പ്രതിസന്ധികളെ തരണം ചെയ്യാന്‍ പ്രവാചകന്‍ അനുയായികളെ പഠിപ്പിച്ചു.

         ബദ്‌റിന് രണ്ട് വര്‍ഷം മുമ്പാണ് ഇസ്‌ലാമിന്റെ ഭാവി സാധ്യതകള്‍ നിര്‍ണയിച്ച ഹിജ്‌റ സംഭവിക്കുന്നത്. ഉറ്റവരും ഉടയവരും മാത്രമല്ല, വര്‍ഷങ്ങളുടെ കഠിനാധ്വാനത്തിലൂടെ ഉണ്ടാക്കിയ സാമ്പത്തിക സൗകര്യങ്ങളും മക്കയില്‍ ഉപേക്ഷിച്ചാണ് തങ്ങള്‍ ജീവനേക്കാള്‍ സ്‌നേഹിക്കുന്ന ആദര്‍ശസംരക്ഷണാര്‍ഥം അവര്‍ ഇറങ്ങിപ്പുറപ്പെട്ടത്. ഇസ്‌ലാമിക ചരിത്രത്തിലെ വിപ്ലവാത്മകമായ വഴിത്തിരിവായിരുന്നു ഹിജ്‌റ. സ്വന്തം നാടും വീടും ഉപേക്ഷിച്ച് ഓടിപ്പോന്ന അഭയാര്‍ഥികള്‍ എന്ന നിലക്കല്ല പ്രവാചകനും സംഘവും മദീനയില്‍ എത്തുന്നത്. ഹിജ്‌റ ഇസ്‌ലാമിന്റെ രാഷ്ട്രീയവും സാമൂഹികവുമായ സംഘടിത സ്വഭാവം രൂപവത്കരിക്കുന്നതിന്റെ ആദ്യ കാല്‍വെപ്പായിരുന്നു. യസ്‌രിബുകാര്‍ നബിതിരുമേനിയെ സ്വീകരിക്കുന്നതും ഒരു അഭയാര്‍ഥിയായല്ല, മറിച്ച് അല്ലാഹുവിന്റെ ദൂതനും നേതാവും ഭരണാധികാരിയും എന്ന നിലക്കായിരുന്നു. 

         മദീന കേന്ദ്രമായി നബിയുടെ നേതൃത്വത്തില്‍ പുതിയ നാഗരികസമൂഹം രൂപപ്പെട്ടുവരുന്നത് മക്കയിലെ ഖുറൈശി പ്രമാണിമാരെ സംബന്ധിച്ചേടത്തോളം അസഹനീയമായിരുന്നു. അറേബ്യന്‍ ഗോത്രങ്ങള്‍ക്കിടയിലും അറബിതര ദേശങ്ങള്‍ക്കിടയിലും അവര്‍ക്കുണ്ടായിരുന്ന അംഗീകാരവും സ്വീകാര്യതയും ആധിപത്യവും നഷ്ടപ്പെടുമെന്ന ഭീതി ഇസ്‌ലാമിനോടുള്ള പകയും വിദ്വേഷവും വീണ്ടും വര്‍ധിക്കാന്‍ കാരണമായി. നബിതിരുമേനിയുടെ ഉജ്ജ്വല വ്യക്തിത്വവും അസാമാന്യ നേതൃപാടവവും അംഗീകരിച്ച് മുസ്‌ലിം സമൂഹം അല്ലാഹുവിന്റെ മാര്‍ഗത്തില്‍ സമര്‍പ്പിതരായ സംഘടിതശക്തിയായി പരിണമിക്കുന്നത് ഇസ്‌ലാമിന്റെ ശത്രുക്കള്‍ക്ക് വലിയ തോതില്‍ അസ്വസ്ഥതകളും ഭീഷണിയും ഉണ്ടാക്കുന്നതായിരുന്നു. അതിനാല്‍ തന്നെ ആ സംഘടിത ശക്തിയെ തകര്‍ക്കാന്‍ ഏതറ്റംവരെ പോകാനും അവര്‍ തയാറുമായിരുന്നു.

         മക്കയിലെ പതിമൂന്ന് വര്‍ഷക്കാലത്തെ കഠിന പ്രയത്‌നം മൂലം ഇസ്‌ലാമിന്റെ സന്ദേശം ജനതതികള്‍ക്കിടയില്‍ എത്തി ക്കഴിഞ്ഞിരുന്നുവെങ്കിലും അതിന്റെ നേട്ടങ്ങളും ഗുണഫലങ്ങളും അനുഭവിക്കാന്‍ കഴിയുംവിധം ഒരു ജീവിത വ്യവസ്ഥിതിയായി തീര്‍ന്നിരുന്നില്ല. വിണ്ണില്‍ നിന്നും മണ്ണിലേക്ക് ഇസ്‌ലാം ഇനിയും ഇറങ്ങിവരേണ്ടതുണ്ടായിരുന്നു. ഭൂമിയില്‍ പാദമൂന്നി നില്‍ക്കാന്‍ അനുയോജ്യമായ സാഹചര്യം രൂപപ്പെടേണ്ടതുമുണ്ടായിരുന്നു. ബദ്ര്‍ വിജയത്തോടെയാണ് ഇസ്‌ലാമിക സമൂഹത്തിന് ഇതെല്ലാം നേടാനായത്. 

         അല്ലാഹുവിന്റെ മാര്‍ഗത്തില്‍ എല്ലാം സമര്‍പ്പിക്കാനുള്ള സന്നദ്ധതയാണ് ഇസ്‌ലാമിക സമൂഹത്തിന്റെ എക്കാലത്തെ യും കരുത്ത്. ബദ്‌റിലൂടെയും അതിനു മുമ്പ് ഹിജ്‌റയിലൂടെയും തെളിയിക്കപ്പെട്ടതും പ്രവാചകാനുയായികളുടെ നിഷ്‌കളങ്കവും ത്യാഗോജ്ജ്വലവുമായ ആത്മസമര്‍പ്പണത്തിന്റെ മാതൃകകളായിരുന്നുവല്ലോ. അല്ലാഹുവിന്റെ മാര്‍ഗത്തില്‍ എല്ലാം മറന്ന് നിലകൊള്ളാനുള്ള കരുത്താണ് വിജയത്തിന്റെ അടിസ്ഥാന മാനദണ്ഡമെന്ന ദൈവികപാഠമാണ് ബദ്ര്‍ ഒന്നാമതായി നല്‍കുന്നത്. പക്വമായ നേതൃത്വത്തിന്‍ കീഴില്‍ അണിനിരക്കുകയും പിന്നീട് സമര്‍പ്പിതരായി മുന്നേറുകയും ചെയ്യാന്‍ സന്നദ്ധരായ ഒരു സംഘത്തെ അതിജയിക്കുക ദുഷ്‌കരമാണ്. വിശുദ്ധ ഖുര്‍ആന്‍ ബദ്‌റും ഉഹുദും താരതമ്യം ചെയ്യുന്നിടത്ത് ചൂണ്ടിക്കാണിക്കുന്ന പ്രധാന പാഠവും ഇത് തന്നെ. ഇസ്‌ലാമിന്റെ ശത്രുക്കള്‍ക്ക് എക്കാലത്തും ഭീഷണിയുയര്‍ത്തിയതും അന്തസ്സാര്‍ന്ന ഈ നിലപാട് തന്നെയാണ്.

         ഹിജ്‌റ രണ്ടാം വര്‍ഷം, റമദാന്‍ പതിനേഴ്, ക്രിസ്തു വര്‍ഷം 624 ജനുവരി പതിമൂന്ന്-അന്നാണ് മക്കക്കും മദീനക്കുമിടയില്‍ സ്ഥിതി ചെയ്യുന്ന വെറും തരിശായിക്കിടന്നിരുന്ന ആ മണ്ണ് സത്യത്തിന്റെ വിജയക്കൊടി പറത്തിയ മഹാ സംഭവത്തിനു സാക്ഷിയായത്. ആയുധപ്പുരകളും നശീകരണശേഷിയുള്ള മാരകായുധങ്ങളും അപ്രസക്തമാവുകയും ആത്മസമര്‍പ്പണവും വിശ്വാസ ദൃഢതയും അത്ഭുതം കാണിക്കുകയും ചെയ്ത മഹാ സുദിനം. അല്ലാഹു വ്രതം നിര്‍ബന്ധ കര്‍മമാക്കി നിശ്ചയിക്കുന്നത് ഹിജ്‌റ രണ്ടാം വര്‍ഷമാണ്. ഹിജ്‌റ രണ്ടാം വര്‍ഷം തന്നെയാണ് ബദ്‌റും സംഭവിക്കുന്നത്. നോമ്പ് നിര്‍ബന്ധമാക്കിയ ആദ്യ റമദാനിലെ പതിനേഴാം നാള്‍. ഇസ്‌ലാമിന്റെ ഗതി നിര്‍ണയിച്ച ചരിത്ര സംഭവമായിരുന്നു ബദ്ര്‍. ആ ചരിത്ര സംഭവത്തിന് അല്ലാഹു തെരഞ്ഞെടുത്ത സമയമാകട്ടെ നിര്‍ബന്ധ വ്രതമനുഷ്ഠിക്കാനുള്ള അല്ലാഹുവിന്റെ കല്‍പനയുണ്ടായ ആദ്യ റമദാനിലും. ഇത് കേവല യാദൃഛികതക്കപ്പുറം അല്ലാഹുവിന്റെ യുക്തിഭദ്രമായ നടപടിക്രമത്തിന്റെ ഭാഗമാണെന്ന് വിശ്വസിക്കുന്നതാണ് ശരി. 

         റമദാന്‍, ഖുര്‍ആന്‍, ബദ്ര്‍ ഇവ മൂന്നും പരസ്പര ബന്ധിതമാണ്. മനുഷ്യ സമൂഹത്തിന്റെ മാര്‍ഗദര്‍ശനത്തിനായി അവതീര്‍ണമായ ഖുര്‍ആന്‍ ലോകസമക്ഷം സമര്‍പ്പിക്കാന്‍ തുടങ്ങിയത് റമദാന്‍ മാസത്തിലാണല്ലോ. ഖുര്‍ആന്‍ അത് ഖണ്ഡിതമായി പ്രഖ്യാപിക്കുന്നുമുണ്ട്. മാനവികതയുടെ സമ്പൂര്‍ണ വിജയവും മോചനവും വാഗ്ദാനം ചെയ്യുന്ന ഖുര്‍ആനെ അല്ലാഹു പരിചയപ്പെടുത്തുന്നത് 'അല്‍ ഫുര്‍ഖാന്‍' എന്നാണ്. 'മനുഷ്യര്‍ക്കാകമാനം മാര്‍ഗദര്‍ശനമായും സുവ്യക്തമായ സന്മാര്‍ഗ പ്രമാണമായും സത്യാസത്യങ്ങളെ വേര്‍തിരിക്കുന്ന ഉരകല്ലായും (അല്‍ഫുര്‍ഖാന്‍) ഖുര്‍ആന്‍ അവതരിച്ച മാസമാകുന്നു റമദാന്‍' (അല്‍ബഖറ 185). 

         അല്ലാഹു ബദ്ര്‍ സംഭവത്തെ പരാമര്‍ശിക്കുമ്പോള്‍ ഉപയോഗിച്ച മറ്റൊരു പദം 'ആയത്ത്' എന്നാണ്. ''ബദ്‌റില്‍ പരസ്പരം ഏറ്റുമുട്ടിയ ആ രണ്ടു കൂട്ടങ്ങളില്‍ നിങ്ങള്‍ക്ക് ഗുണപാഠ(ആയത്ത്)മുണ്ടായിരുന്നു. ഒരുകൂട്ടം ദൈവിക സരണിയില്‍ പൊരുതുകയായിരുന്നു. മറ്റേത് നിഷേധിക്കൂട്ടമായിരുന്നു. നിഷേധിക്കൂട്ടം വിശ്വാസികളുടെ രണ്ടിരട്ടിയുള്ളതായി, നോക്കുന്നവരൊക്കെ കാണുന്നുണ്ടായിരുന്നു. പക്ഷേ, അല്ലാഹു അവന്റെ വിജയവും സഹായവും അവനിഛിക്കുന്നവര്‍ക്കരുളന്നു. ഉള്‍ക്കാഴ്ചയുള്ളവര്‍ക്ക് അതില്‍ മഹത്തായ പാഠമുണ്ട്'' (ആലു ഇംറാന്‍ 13). പ്രാപഞ്ചിക സംവിധാനങ്ങളെയും ഖുര്‍ആനിക സൂക്തങ്ങളെയും പരിചയപ്പെടുത്തുമ്പോള്‍ മാത്രമാണ് പിന്നീട് അല്ലാഹു ഈ പദം പ്രയോഗിച്ചിട്ടുള്ളൂ. പ്രാപഞ്ചിക യാഥാര്‍ഥ്യങ്ങള്‍ അല്ലാഹുവിന്റെ അസ്തിത്വത്തെ തിരിച്ചറിയാനും അവന്റെ കഴിവിന്റെ അനന്യത ബോധ്യപ്പെടുത്താനുമാണെങ്കില്‍ വിശുദ്ധ ഖുര്‍ആനിലെ സൂക്തങ്ങള്‍ അല്ലാഹുവിന്റെ അസ്തിത്വം അംഗീകരിച്ച് ജീവിക്കാനുള്ള വഴി കാണിച്ച് നല്‍കുന്ന മാര്‍ഗദര്‍ശനങ്ങളും അതിന് വേണ്ട ഉല്‍ബോധനങ്ങളുമാണ്. എന്നാല്‍ ബദ്‌റാവട്ടെ, അല്ലാഹുവിന്റെ ഭൂമിയില്‍ അവന്റെ നിയമ നിര്‍ദേശങ്ങള്‍ക്കനുസരിച്ച് ജീവിക്കാനാവശ്യമായ പ്രായോഗിക വഴി തുറക്കപ്പെടുന്നതിന്റെ നിമിത്തമായിരുന്നു.

         ബദ്ര്‍ ഭൂമിലോകത്ത് ഇസ്‌ലാമിന്റെ വെളിച്ചം പ്രകാശിക്കണമോ അതല്ല, ആ വിളക്ക് എന്നന്നേക്കുമായി അണഞ്ഞു പോകണമോ എന്ന് തീരുമാനിക്കുന്ന നിര്‍ണായക ഘട്ടം കൂടിയായിരുന്നു. ശത്രുക്കളെ അഭിമുഖീകരിക്കുന്നതിന് മുമ്പ് നബി തിരുമേനി അല്ലാഹുവിന് മുന്നില്‍ സാഷ്ടാംഗം വീണ് പ്രാര്‍ഥിച്ചത് ചരിത്രത്തില്‍ സുവര്‍ണ ലിപികളാല്‍ രേഖപ്പെടുത്തിയത് ഇപ്രകാരമാണ്: ''അല്ലാഹുവേ, ഖുറൈശികളിതാ അവരുടെ സകലമാന അലങ്കാരങ്ങളും ആര്‍ഭാടങ്ങളും അണിഞ്ഞ് വന്നിരിക്കുന്നു, നിന്റെ ദൂതന്‍ കള്ളവാദിയെന്ന് വരുത്താന്‍! അതുകൊണ്ട് അല്ലാഹുവേ, നീ എനിക്ക് വാഗ്ദാനം ചെയ്ത സഹായത്തിന്റെ സന്ദര്‍ഭമാണിത്. അല്ലാഹുവേ, ഇന്ന് ഈ ചെറു സംഘം നശിച്ചുപോയാല്‍ പിന്നെ ഭൂമുഖത്ത് നീ ആരാധിക്കപ്പെടുകയില്ല!'' താന്‍ മനസ്സിലാക്കിയ ആദര്‍ശത്തിന് മുന്നില്‍ സമര്‍പ്പിതമായ ഒരു സംഘത്തിന് കാര്യകാരണ ബന്ധങ്ങള്‍ക്കപ്പുറം അത്ഭുതങ്ങള്‍ കാണിക്കാനാകുമെന്ന ചരിത്രപരമായ ബോധ്യപ്പെടുത്തല്‍ കൂടിയാണ് ബദ്ര്‍. ജയപരാജയങ്ങളുടെ ഭൗതികമായ അളവുകോലുകള്‍ കൊണ്ട് ഏതുവിധം അളന്നുനോക്കിയാലും വിജയത്തിന്റെ ഏഴയലത്ത് പോലും എത്തിപ്പെടാന്‍ സാധ്യതയില്ലാത്ത ദുര്‍ബല സംഘമായിരുന്നു സത്യത്തിന്റെ പക്ഷം. ശത്രുപക്ഷത്തിന്റെ സംഘശക്തിയും ആയുധബലവും യുദ്ധസന്നാഹങ്ങളുമെല്ലാം താരതമ്യമര്‍ഹിക്കാത്ത വിധം അന്തരമുള്ളതായിരുന്നു. മദീനയില്‍ പടരുന്ന പച്ചപ്പിനെ വേരോടെ പിഴുതുകളയാന്‍ സര്‍വായുധ സജ്ജമായ പടയുമായായിരുന്നു മക്കയുടെ വരവ്. ഒരു വരവു കൂടി വരേണ്ടി വരും എന്ന വിചാരമേയില്ലാത്ത വരവ്. അത്രമാത്രം വിജയ പ്രതീക്ഷയുമായാണ് മക്ക മദീനക്കെതിരെ പുറപ്പെട്ടിരിക്കുന്നത്. എന്നാല്‍ അല്ലാഹുവിന്റെ തീരുമാനം മറ്റെല്ലാ തീരുമാനങ്ങളെയും അതിജയിക്കുമെന്ന പാഠം പഠിക്കാത്തവരായിരുന്നു അവര്‍.

         ദൈവിക ഇടപെടലിന്റെ കോരിത്തരിപ്പിക്കുന്ന ആവേശമാണ് ബദ്ര്‍ നല്‍കുന്ന ഏറ്റവും വലിയ കരുത്ത്. ഭൗതിക സന്നാഹങ്ങള്‍ ലക്ഷ്യം പൂര്‍ത്തീകരിക്കുന്നതില്‍ സുപ്രധാന പങ്ക് വഹിക്കുന്നു എന്ന യാഥാര്‍ഥ്യത്തിന് നേരെ ഇസ്‌ലാം ഒരിക്കലും കണ്ണടക്കുന്നില്ല. എന്നല്ല ആ നിലക്കു എല്ലാ തയാറെടുപ്പുകളും അവശ്യം ആവശ്യമാണെന്ന് അല്ലാഹു ഓര്‍മപ്പെടുത്തുക കൂടി ചെയ്യുന്നുണ്ട്. ''അവര്‍ക്കെതിരില്‍ നിങ്ങള്‍ കഴിവിന്‍പടി അധികമധികം ശക്തി സംഭരിക്കുകയും സുസജ്ജമായ കുതിരപ്പടയെ ഒരുക്കിനിര്‍ത്തുകയും ചെയ്യുവിന്‍. അതുവഴി അല്ലാഹുവിന്റെയും നിങ്ങളുടെയും ശത്രുക്കളെ ഭയപ്പെടുത്താം; അവരെക്കൂടാതെ ഇപ്പോള്‍ നിങ്ങള്‍ക്കറിഞ്ഞുകൂടാത്തതും അല്ലാഹുവിനറിയുന്നതുമായ മറ്റു ശത്രുക്കളെയും'' (അല്‍ അന്‍ഫാല്‍ 60). എന്നാല്‍ അല്ലാഹുവിന്റെ സഹായവും അവന്റെ നേരിട്ട ഇടപെടലുകളുമാണ് യഥാര്‍ഥ വിജയം നിര്‍ണ യിക്കുന്നത് എന്ന സന്ദേശമാണ് ബദ്ര്‍ പകര്‍ന്ന് നല്‍കുന്നത്. കൊച്ചു സംഘങ്ങള്‍ വലിയ സംഘശക്തിയെ അതിജയിച്ച ചരിത്ര പാഠങ്ങളുടെ കെമിസ്ട്രി കുടികൊള്ളുന്നത് ഈ ദൈവികയുക്തിയിലാണ്. ബദ്‌റില്‍ അല്ലാഹു നേരിട്ട് ഇടപെട്ടുവെന്ന് ഖുര്‍ആന്‍ ഓര്‍മപ്പെടുത്തുന്നു. ''വാസ്തവത്തില്‍ നിങ്ങളല്ല അവരെ വധിച്ചത്. പ്രത്യുത, അല്ലാഹുവാകുന്നു. പ്രവാചകാ, നീ എറിഞ്ഞിട്ടില്ല; അല്ലാഹുവാണ് എറിഞ്ഞത്. അല്ലാഹു, അവരെ (വിശ്വാസികളെ) മഹത്തായ ഒരു പരീക്ഷണം വിജയകരമായി തരണം ചെയ്യിക്കേണ്ടതിനു ഉപയോഗിക്കുക മാത്രമായിരുന്നു. നിശ്ചയം, അല്ലാഹു എല്ലാം കേള്‍ക്കുന്നവനും അറിയുന്നവനുമല്ലോ'' (അല്‍അന്‍ഫാല്‍ 17). 

         ഇസ്‌ലാമിക ലോകം പ്രതീക്ഷകള്‍ക്കും ആശങ്കകള്‍ക്കും നടുവില്‍ പരീക്ഷിക്കപ്പെടുമ്പോള്‍ ബദ്ര്‍ നല്‍കുന്ന പാഠം പ്രതീക്ഷകളുടേത് മാത്രമാണ്. പരീക്ഷണങ്ങളെ പ്രതീക്ഷകള്‍ കൈവിടാതെ തരണം ചെയ്യാനാവുക എന്ന പ്രായോഗികതക്കാണ് ഇസ്‌ലാം എപ്പോഴും പ്രാമുഖ്യം നല്‍കിയിട്ടുള്ളത്. ആര്‍ജവം ചോര്‍ന്ന് പോകാത്ത ഈമാനും, എല്ലാം ദൈവിക സമക്ഷം സമര്‍പ്പിക്കാനും ദൈവിക സഹായത്തില്‍ അറ്റമില്ലാത്ത പ്രതീക്ഷയര്‍പ്പിക്കാനുമുള്ള കരുത്തുമാണ് ഇസ്‌ലാമിക ലോകത്തിന് എന്നും കരുത്ത് പകര്‍ന്ന് നല്‍കിയത്. വരുംവരായ്കകളെ കുറിച്ച് നന്നായി വിലയിരുത്തിയ ശേഷം ഉരുത്തിരിയുന്ന തീരുമാനം നടപ്പാക്കാന്‍ കൈമെയ് മറന്ന് പ്രയത്‌നിച്ച ശേഷം ഉണ്ടാകേണ്ട ഫലം അല്ലാഹുവിന്റെ തീരുമാനത്തിന് മാത്രം വിധേയമാണെന്ന ഉറച്ച ബോധ്യം എപ്പോഴും കരുത്ത് പകര്‍ന്ന് നല്‍കും. അല്ലാഹു പറയുന്നു: ''അവരോട് കൂടിയാലോചിക്കുക. എന്നിട്ട് തീരുമാനമെടുത്തുകഴിഞ്ഞാല്‍ അല്ലാഹുവില്‍ ഭരമേല്‍പ്പിക്കുക. അല്ലാഹുവോ അവനെ ഭരമേല്‍പിച്ച് പ്രവര്‍ത്തിക്കുന്നവരെ ഇഷ്ടപ്പെടുന്നു. അല്ലാഹു തുണക്കുന്നുവെങ്കില്‍ പിന്നെ നിങ്ങളെ അതിജയിക്കുന്ന ഒരു ശക്തിയുമില്ല. അവന്‍ കൈവെടിയുന്നുവെങ്കിലോ, അവനുശേഷം നിങ്ങളെ തുണക്കാനാവുന്നവരാരാണുള്ളത്? അതിനാല്‍ സത്യവിശ്വാസികളൊക്കെയും അല്ലാഹുവില്‍ മാത്രം ഭരമേല്‍പിച്ചുകൊള്ളട്ടെ'' (ആലുഇംറാന്‍ 159,160). 

         തീരുമാനങ്ങള്‍ ഫലപ്രാപ്തിയില്‍ എത്തുന്നതിന് കൂടിയാലോചന എത്രമാത്രം വലിയ പങ്ക് വഹിക്കുന്നുവെന്നതിന്റെ തെളിച്ചമുള്ള മാതൃക കൂടിയാണ് ബദ്ര്‍. ദൈവിക സന്ദേശം കൃത്യമായി ലഭിച്ചുകൊണ്ടിരിക്കുന്ന പ്രവാചകന് മറ്റൊരു കൂടിയാലോചനയുടെ ആവശ്യമില്ല. എങ്കിലും ബദ്‌റില്‍ ഓരോ കാര്യങ്ങളും തന്റെ സഹപ്രവര്‍ത്തകരുമായി കൂടിയാലോചിക്കുകയും അവരുടെ തീരുമാനത്തെ മാനിച്ച് താനെടുത്ത തീരുമാനം മാറ്റുകയും ചെയ്യുന്നുണ്ട് പ്രവാചകന്‍. ബദ്‌റില്‍ ശത്രുക്കള്‍ക്കെതിരെ നിലയുറപ്പിക്കാന്‍ നബിതിരുമേനി കണ്ട സ്ഥാനം പിന്നീട് മാറ്റുന്നത് ഖബ്ബാബി(റ)ന്റെ അഭിപ്രായം മാനിച്ചു കൊണ്ടായിരുന്നു. യുദ്ധവിജയം ഉറപ്പിക്കുന്നതില്‍ പ്രസ്തുത തീരുമാനം നിര്‍ണായകമായിരുന്നു എന്ന് പിന്നീട് വിലയിരുത്തപ്പെടുന്നുണ്ട്. ബദ്ര്‍ സംഭവത്തെ പരാമര്‍ശിച്ച് കൊണ്ടാണ് അല്ലാഹു ശൂറയുടെ പ്രാധാന്യം ഓര്‍മപ്പെടു ത്തുന്നത് എന്നതും ശ്രദ്ധേയമാണ് (ആലുഇംറാന്‍ 159).

         ഒരുവശത്ത് കച്ചവട സംഘവും മറുവശത്ത് യുദ്ധ സന്നാഹങ്ങളോടെ ആക്രമിക്കാന്‍ വരുന്ന ശത്രുസൈന്യവും നിലകൊള്ളുമ്പോള്‍ എങ്ങോട്ട് തിരിയണമെന്ന ആശയക്കുഴപ്പം ബാക്കിനില്‍ക്കുമ്പോഴാണ് നബിതിരുമേനി അവരോട് അഭിപ്രായം ആരാഞ്ഞത്. യുദ്ധമുഖത്തേക്ക് തിരിയല്‍ അനിവാര്യമാണെന്ന് ബോധ്യപ്പെട്ട നിമിഷം നബി തിരുമേനി അനുയായികളെ വിളിച്ചുകൂട്ടി അവരുടെ നിലപാട് വ്യക്തമാക്കാന്‍ ആവശ്യപ്പെട്ടത്, കൂട്ടായ തീരുമാനത്തിനപ്പുറം അടിച്ചേല്‍പ്പിക്കല്‍ തന്റെ നിലപാടല്ല എന്ന് ബോധ്യപ്പെടുത്താന്‍ കൂടിയായിരുന്നു. മുഹാജിറുകളും അന്‍സ്വാറുകളും അടങ്ങിയ ആ സംഘത്തിലെ മുഹാജിറുകളില്‍നിന്ന് മിഖ്ദാദുബ്‌നു അംറ്(റ) പറഞ്ഞു: ''അല്ലാഹുവിന്റെ റസൂലേ, എങ്ങോട്ട് പോകാന്‍ അല്ലാഹു ആജ്ഞാപിച്ചിരിക്കുന്നുവോ അങ്ങോട്ട് പോവുക. അങ്ങക്കിഷ്ടപ്പെട്ട ഭാഗത്തേക്ക് അങ്ങയോടൊപ്പം ഞങ്ങളുമുണ്ട്. 'നീയും നിന്റെ ദൈവവും പോയി യുദ്ധം നടത്തുക. ഞങ്ങളിവിടെ ഇരുന്നുകൊള്ളാം' എന്ന് ഇസ്രാഈല്യര്‍ മൂസ(അ)യോട് പറഞ്ഞമാതിരി അങ്ങയോട് ഞങ്ങളൊരിക്കലും പറയുകയില്ല. മറിച്ച്, അങ്ങും അങ്ങയുടെ ദൈവവും പോയി യുദ്ധംചെയ്യുക; അങ്ങയോടൊപ്പം ഞങ്ങളും ജീവന്‍ കൊണ്ട് പൊരുതും. ഞങ്ങളില്‍ ഒരു കണ്ണെങ്കിലും ഇമവെട്ടുന്ന കാലത്തോളം.''

         അന്‍സ്വാറുകളുടെ അഭിപ്രായം കൂടിയറിയാതെ യുദ്ധമുഖത്തേക്കിറങ്ങുന്നത് ശരിയല്ല എന്ന ബോധ്യത്തിന്റെ അടിസ്ഥാനത്തില്‍ പ്രവാചകന്‍ അവരുടെ മുഖത്ത് നോക്കിയപ്പോഴേക്കും അന്‍സ്വാറുകളുടെ നേതാവ് കൂടിയായ സഅ്ദ് ബ്‌നു മുആദ്(റ) എഴുന്നേറ്റ് നിന്ന് പറഞ്ഞു: ''ഞങ്ങള്‍ അങ്ങയില്‍ വിശ്വസിക്കുകയും അങ്ങ് സത്യവാദി തന്നെയെന്ന് സമ്മതിക്കുകയും ചെയ്തിരിക്കുന്നു. അങ്ങ് യാതൊന്നുമായി വന്നിരിക്കുന്നുവോ അതു മാത്രമാണ് സത്യമെന്ന് ഞങ്ങള്‍ സാക്ഷ്യപ്പെടുത്തിയിരിക്കുന്നു. അങ്ങയെ അനുസരിച്ചുകൊള്ളാമെന്ന് ഞങ്ങള്‍ ഉറച്ച കരാര്‍ നല്‍കിയിരിക്കുന്നു. അതുകൊണ്ട്, അല്ലാഹുവിന്റെ റസൂലേ! ഉദ്ദേശിച്ച കാര്യത്തിലേക്ക് പോവുക. സത്യസമേതം അങ്ങയെ നിയോഗിച്ച അല്ലാഹുവാണ, അങ്ങ് ഞങ്ങളെയും കൂട്ടി സമുദ്രത്തില്‍ ഇറങ്ങുകയാണെങ്കില്‍ അങ്ങയോടൊപ്പം ഞങ്ങളും ഇറങ്ങും. ഞങ്ങളിലൊരാളും പിന്‍വാങ്ങുകയില്ല. നാളെ, അങ്ങ് ഞങ്ങളുമായി ശത്രുവിനെ എതിരിടുന്നതില്‍ ഞങ്ങള്‍ക്ക് യാതൊരു വൈമനസ്യവുമില്ല. യുദ്ധത്തില്‍ ഞങ്ങള്‍ ഉറച്ചു നില്‍ക്കും. ശത്രുവെ നേരിടുമ്പോള്‍ ഞങ്ങളുടെ ധൈര്യവും അര്‍പ്പണബോധവും തെളിയുന്നതാണ്. അങ്ങയുടെ കണ്ണ് കുളിര്‍ക്കുന്ന കാര്യങ്ങള്‍ ഞങ്ങളിലൂടെ അല്ലാഹു കാണിച്ചെന്നുവരാം. ആകയാല്‍, അല്ലാഹുവിന്റെ അനുഗ്രഹത്തോടെ, ഞങ്ങളേയും കൂട്ടി പുറപ്പെട്ടാലും.'' കൂടിയാലോചനയിലൂടെ രൂപപ്പെട്ട ഉറച്ച തീരുമാനമായിരുന്നു ബദ്‌റില്‍ യുദ്ധമുഖത്തേക്കിറങ്ങാന്‍ പ്രവാചകന് ആത്മവിശ്വാസം പകര്‍ന്ന് നല്‍കിയത്.

         ആദര്‍ശത്തിന്റെ വെളിച്ചത്തില്‍ രൂപപ്പെട്ട സാഹോദര്യ ബന്ധത്തിന്റെ വിജയം കൂടിയാണ് ബദ്ര്‍. അറുത്തുമാറ്റാനാ കാത്ത ഉറച്ച ബന്ധമാണ് മുസ്‌ലിം സമൂഹത്തില്‍ ഇസ്‌ലാമിന്റെ പേരില്‍ രൂപപ്പെട്ടത്. അതിന്റെ ആഴവും പരപ്പും മനസ്സിലാകണമെങ്കില്‍ കലഹങ്ങളും രക്തച്ചൊരിച്ചിലുകളും കൂടപ്പിറപ്പായ അവരുടെ ഭൂതകാലത്തിലേക്കെത്തിനോക്കിയാല്‍ മതിയാകും. അല്ലാഹു അത് ഇപ്രകാരം ഓര്‍മപ്പെടുത്തുന്നുണ്ട്: ''ഒറ്റക്കെട്ടായി ദൈവികപാശത്തെ മുറുകെപ്പിടിക്കുവിന്‍. നിങ്ങള്‍ ഭിന്നിച്ചുപോകരുത്. അല്ലാഹു നിങ്ങളില്‍ ചൊരിഞ്ഞ അനുഗ്രഹത്തെ സ്മരിക്കുകയും ചെയ്യുവിന്‍. നിങ്ങള്‍ പരസ്പരം വൈരികളായിരുന്നു. അപ്പോള്‍ അവന്‍ നിങ്ങളുടെ ഹൃദയങ്ങളെ തമ്മിലിണക്കി. അവന്റെ മഹത്തായ അനുഗ്രഹത്താല്‍ നിങ്ങള്‍ സഹോദരങ്ങളായിത്തീര്‍ന്നു. ഒരഗ്‌നികുണ്ഡത്തിന്റെ തെല്ലിലായിരുന്നു നിങ്ങള്‍. അവന്‍ അതില്‍നിന്ന് നിങ്ങളെ രക്ഷിച്ചു. ഇവ്വിധം അല്ലാഹു അവന്റെ ദൃഷ്ടാന്തങ്ങള്‍ വെളിപ്പെടുത്തിത്തരികയാണ്; ഈ അടയാളങ്ങളിലൂടെ നിങ്ങള്‍ മോക്ഷത്തിന്റെ ശരിയായ മാര്‍ഗം  കണ്ടെത്തിയെങ്കിലോ!'' (ആലുഇംറാന്‍ 103).

         ബദ്‌റില്‍ അല്ലാഹു നല്‍കിയ സഹായത്തെ ഖുര്‍ആന്‍ വിലയിരുത്തുന്നത് മുസ്‌ലിം സമൂഹത്തിന്റെ സാഹോദര്യ ബന്ധത്തെ പ്രശംസിച്ചു കൊണ്ടും അല്ലാഹുവിന്റെ അപാരമായ അനുഗ്രഹത്താല്‍ മാത്രമാണ് അത്തരമൊരു സാഹോദര്യം നിലനിര്‍ത്താന്‍ കഴിഞ്ഞത് എന്ന് ഓര്‍മപ്പെടുത്തിയുമാണ്. അല്ലാഹു പറയുന്നു: ''നബിയേ, ശത്രുജനം സന്ധിയിലേക്കും സമാധാനത്തിലേക്കും ചായുന്നുവെങ്കില്‍ താങ്കളും അതിനു സന്നദ്ധനാവുക. അല്ലാഹുവില്‍ ഭരമേല്‍പ്പിക്കുകയും ചെയ്യുക. നിശ്ചയം, അവന്‍ എല്ലാം കേള്‍ക്കുന്നവനും അറിയുന്നവനുമാണ്. ഇനി അവര്‍ താങ്കളെ വഞ്ചിക്കാനാണ് ഉദ്ദേശിക്കുന്നതെങ്കില്‍, അപ്പോള്‍ താങ്കള്‍ക്ക് അല്ലാഹു മതി. സ്വന്തം സഹായത്താലും വിശ്വാസികള്‍ വഴിയും നിന്നെ ബലപ്പെടുത്തിയതും, വിശ്വാസികളുടെ ഹൃദയങ്ങളെ കൂട്ടിയിണക്കിയതും അവനാണല്ലോ. ഭുവനത്തിലുള്ള വിഭവങ്ങളൊക്കെയും ചെലവഴിച്ചാലും ഈ ജനത്തിന്റെ ഹൃദയങ്ങളെ കൂട്ടിയിണക്കാന്‍ താങ്കള്‍ക്കു കഴിയുമായിരുന്നില്ല. അല്ലാഹുവാണ് അവരെ തമ്മിലിണക്കിയത്. നിശ്ചയം, അവന്‍ അജയ്യനും അഭിജ്ഞനുമല്ലോ'' (അല്‍അന്‍ഫാല്‍ 61,62,63).

         മുസ്‌ലിം സമൂഹത്തിലുണ്ടാകുന്ന അനൈക്യത്തിന്റെയും ഛിദ്രതയുടെയും വിഷവിത്തുകള്‍ അവരെ ദുര്‍ബലരാക്കിക്കളയുമെന്ന ഓര്‍മപ്പെടുത്തലും അല്ലാഹു നല്‍കുന്നത് ഇതേ പശ്ചാത്തലത്തിലാണ്. ''അല്ലയോ വിശ്വസിച്ചവരേ, നിങ്ങള്‍ ഒരു പടയെ നേരിടുമ്പോള്‍ സ്ഥൈര്യത്തോടെ നിലകൊള്ളുക; അല്ലാഹുവിനെ ധാരാളമായി സ്മരിക്കുകയും ചെയ്യുക. നിങ്ങള്‍ക്ക് വിജയസൗഭാഗ്യം പ്രതീക്ഷിക്കാം. അല്ലാഹുവിനെയും അവന്റെ ദൂതനെയും അനുസരിക്കുക. പരസ്പരം കലഹിക്കാതിരിക്കുക. അല്ലാത്തപക്ഷം നിങ്ങള്‍ ദുര്‍ബലരായിത്തീരുകയും നിങ്ങളുടെ വീര്യം നശിച്ചുപോവുകയും ചെയ്യും. ക്ഷമയോടെ വര്‍ത്തിക്കുക. നിശ്ചയം, അല്ലാഹു ക്ഷമാശീലരോടൊപ്പമല്ലോ'' (അല്‍അന്‍ഫാല്‍ 45,46). ഭിന്നതയും പടലപ്പിണക്കങ്ങളും ഒരു ജനതയെ എത്രമാത്രം ദുര്‍ബലപ്പെടുത്തുമെന്ന തീവ്രമായ ഓര്‍മപ്പെടുത്തലാണ് ഈ ആയത്ത്. മുസ്‌ലിം ലോകം പതിതമായ അവസ്ഥയിലേക്ക് എടുത്തെറിയപ്പെട്ട കാലത്തെല്ലാം അവര്‍ ഭിന്നിച്ചുകൊണ്ടിരുന്നവരായി രുന്നുവെന്നും പ്രതാപകാലത്തെല്ലാം അവര്‍ ഭദ്രമായ കോട്ട കണക്കെ ഒറ്റക്കെട്ടായിരുന്നുവെന്നുമുള്ള ചരിത്ര സത്യത്തോട് മുഖം തിരിക്കാന്‍ നമുക്കാവില്ല. വര്‍ത്തമാന മുസ്‌ലിം ലോകവും അതിന് സാക്ഷിയാണ്. 

 

Comments

ഖുര്‍ആന്‍ ബോധനം

സൂറ 20 /ത്വാഹാ/ 117-121
എ.വൈ.ആര്‍