Prabodhanm Weekly

Pages

Search

2014 ജൂലൈ 18

ശൈഖ് ഖറദാവിയുടെ റമദാന്‍ രാവുകള്‍

സുബൈര്‍ കുന്ദമംഗലം /അനുഭവം

         ക്തിയുടെ കണ്ണീര് പുരണ്ട നാളുകളായിരുന്നു അത്. അന്താരാഷ്ട്ര പണ്ഡിത സഭാധ്യക്ഷന്‍ ഡോ. യൂസുഫുല്‍ ഖറദാവിയുടെ സാന്നിധ്യം കൊണ്ട് അനുഗൃഹീതമായ റമദാന്‍ പുലരികള്‍. ഇടിമുഴക്കം പോലുള്ള ഘനഗംഭീര ശബ്ദം. മധുരസുന്ദരമായ ഖുര്‍ആന്‍ പാരായണം. നോമ്പുകാരനെ ആത്മീയതയുടെ ഉത്തുംഗതയിലേക്ക് കൈപിടിച്ചുയര്‍ത്തുന്ന സാരോപദേശങ്ങള്‍. കനപ്പെട്ട ഖുര്‍ആന്‍ ക്ലാസുകള്‍. മത-ഭൗതിക വിഷയങ്ങളില്‍ സംശയ നിവാരണം. കുറിക്ക് കൊള്ളുന്ന നര്‍മം. ആത്മീയ വിശപ്പകറ്റുന്ന മതവിധികള്‍. ദോഹ വലിയ പള്ളി ഭക്തിയുടെ ലഹരിയില്‍ ആറാടിയ അനര്‍ഘ നിമിഷങ്ങള്‍. 1961-ല്‍ ദോഹയിലെത്തിയത് മുതല്‍ നാല് പതിറ്റാണ്ടിലേറെക്കാലം ശൈഖ് ഖറദാവിയുടെ റമദാന്‍ പാഠശാല മുടക്കമില്ലാതെ തുടര്‍ന്നു. ഭക്തി സാന്ദ്രമായ റമദാന്‍ രാവുകളെക്കുറിച്ച് ശൈഖ് ഖറദാവി തന്റെ ഓര്‍മക്കുറിപ്പുകളില്‍ കോറിയിട്ടതിങ്ങനെ: ''ഞങ്ങളുടെ താമസ സ്ഥലമായ ഉമ്മുഗുവൈലിനിയയിലെ പള്ളിയില്‍ തറാവീഹ് നമസ്‌കാരം ആരംഭിക്കണമെന്ന് സുഹൃത്ത് അഹ്മദ് ഗസ്സാല്‍ ആഗ്രഹം പ്രകടിപ്പിച്ചു. സൈനിക ജയിലിലായിരിക്കെ, ഖുര്‍ആന്‍ ഒരാവര്‍ത്തി മുഴുമിപ്പിച്ച് കൊണ്ട് ഞങ്ങള്‍ തറാവീഹ് നമസ്‌കരിക്കാറുണ്ടായിരുന്നു. ഉമ്മു ഗുവൈലിനിയയിലെ 'രിഫാഇ' പള്ളിയില്‍ എന്റെ നേതൃത്വത്തില്‍ തറാവീഹ് നമസ്‌കാരം ആരംഭിച്ചു. ഖത്തരികളടക്കം നിരവധി ആളുകള്‍ നമസ്‌കാരത്തിന് എത്തിയിരുന്നു. എട്ടും മൂന്നുമായി പതിനൊന്ന് റക്അത്താണ് നമസ്‌കരിച്ചിരുന്നത്. ഓരോ റക്അത്തിലും ദീര്‍ഘനേരം ഖുര്‍ആന്‍ പാരായണം ചെയ്യും. ആദ്യത്തെ നാല് റക്അത്തിന്‌ശേഷം പാരായണം ചെയ്ത ഖുര്‍ആന്‍ ഭാഗത്തെ മുന്‍നിര്‍ത്തിയുള്ള ക്ലാസുണ്ടാകും. ശൈഖ് അബ്ദുല്‍ മുഇസ്സും ശൈഖ് ഗസ്സാലും ഞാനും മാറിമാറി ക്ലാസെടുക്കും.

         തറാവീഹ് നമസ്‌കാരത്തില്‍ പങ്കെടുക്കുന്നവരുടെ എണ്ണം കൂടി. 'രിഫാഇ' പള്ളിക്ക് ആളുകളെ ഉള്‍ക്കൊള്ളാനായില്ല. അതോടെ നമസ്‌കാരം ഉമ്മുഗുവൈലിനിയയിലെ തന്നെ ദര്‍വീശ് പള്ളിയിലേക്ക് മാറ്റി. ഇരുപതാം നൂറ്റാണ്ടിന്റെ എഴുപതുകളുടെ മധ്യത്തില്‍ ഇസ്‌ലാമിക നവജാഗരണം ഗതിവേഗം കൈവരിച്ചതോടെ ദോഹ വലിയ പള്ളിയില്‍ തറാവീഹിനും ക്ലാസിനും നേതൃത്വം നല്‍കേണ്ട ബാധ്യത എന്റേതായി. മിക്ക റമദാന്‍ രാവുകളിലും വലിയ പള്ളി നിറഞ്ഞുകവിഞ്ഞു. പൊതുനിരത്തുകള്‍ പോലും നമസ്‌കാരക്കാര്‍ കൈയടക്കി. വിശിഷ്യ, റമദാനിലെ വെള്ളിയാഴ്ച, ഇരുപത്തേഴാം രാവ്, ഖുര്‍ആന്‍ ഖത്തം തീര്‍ക്കുന്ന രാത്രി പോലുള്ള ദിവസങ്ങളില്‍.

         ഖത്തറില്‍ വന്നശേഷം ജര്‍മനിയിലെ ബോണില്‍ ചികിത്സ തേടിപ്പോയ വര്‍ഷമല്ലാതെ എന്റെ തറാവീഹ് നമസ്‌കാരം മുടങ്ങിയിട്ടില്ല. 1985 (ഹി. 1405) ലായിരുന്നു അത്. ആ റമദാനില്‍ ഞാന്‍ ആശുപത്രിക്കിടക്കയില്‍ നിശ്ചലനായിരുന്നു. ദോഹയിലെ എന്റെ പള്ളിയെക്കുറിച്ച് ഞാന്‍ സങ്കടത്തോടെ ഓര്‍ത്തു. തറാവീഹ് നമസ്‌കാരവും ഖുര്‍ആന്‍ പാരായണവും റമദാന്‍ ക്ലാസുകളും ഖുനൂത്തും പള്ളി ഭിത്തികളെ കോരിത്തരിപ്പിക്കുന്ന ആമീന്‍ ചൊല്ലലും ഭക്ത ജനങ്ങളുടെ തേങ്ങലുകളും എന്റെ ഹൃദയത്തില്‍ അവ്യക്തമായ വേദന കോറിയിട്ടു. എന്റെ കണ്ണുകള്‍ സജലങ്ങളായി. മനസ്സ് വിങ്ങിപ്പൊട്ടി. അതൊരു കവിതയായി രൂപാന്തരപ്പെട്ടു. ആശുപത്രിക്കിടക്കയില്‍ നിവര്‍ന്ന് കിടന്നെഴുതിയ ആ കവിത ദോഹയിലെ പ്രമുഖ അറബി പത്രം പ്രസിദ്ധീകരിച്ചിട്ടുണ്ട്.''

         റമദാനിലെ നാട്ടില്‍ പോക്ക് വേണ്ടെന്ന് വെക്കാന്‍ ഞങ്ങള്‍ പലരെയും പ്രേരിപ്പിച്ച ഘടകം ദോഹയിലെ സവിശേഷമായ ഈ ആത്മീയാന്തരീക്ഷമാണ്. അതാകട്ടെ, വലിയ പള്ളിയിലെ ഖറദാവി സാന്നിധ്യവും. ആ പണ്ഡിത വരേണ്യന്റെ തറാവീഹ് നമസ്‌കാരത്തിന്റെ മൊഞ്ചും പവറും ഒന്ന് വേറെത്തന്നെ! ശൈഖിന്റെ ഖുര്‍ആന്‍ പാരായണം അണമുറിയാത്ത പേമാരിയെ ഓര്‍മിപ്പിച്ചു. ഒരു വെള്ളച്ചാട്ടം പോലെ ആ നിര്‍ഝരി കുത്തിയൊഴുകി. ദീര്‍ഘ ദീര്‍ഘം നീണ്ട ഖുര്‍ആന്‍ പാരായണത്തിലൂടെ ശൈഖ് അണികളെ ആവേശഭരിതരാക്കി. ഇരുളടഞ്ഞ ഭാവി നേരില്‍ കണ്ട ഒരു ജനതക്ക് പ്രതീക്ഷയും പ്രത്യാശയും പകര്‍ന്ന് നല്‍കി. അദ്ദേഹം ഖുര്‍ആന്‍ പാരായണം ചെയ്യുകയായിരുന്നില്ല. ഖുര്‍ആനില്‍ ജീവിക്കുകയായിരുന്നു. കടുത്ത താക്കീതുകളും മുന്നറിയിപ്പുകളും കടന്ന് വരുമ്പോള്‍ ആ ഹൃദയം വിതുമ്പി. അദ്ദേഹം ആ സൂക്തം അടിവരയിട്ട് ആവര്‍ത്തിച്ചു. ഇമാം റുകൂഇലേക്ക് കടന്നാലും പള്ളി മൂലകളിലെ ഗദ്ഗദം നിലച്ചിട്ടുണ്ടാവില്ല. വലിയ പള്ളിയുടെ ചുറ്റും അവാച്യ സുന്ദരമായ ആ ഖുര്‍ആന്‍ വീചികള്‍ തങ്ങി നിന്നു. അതിന്റെ പ്രതിധ്വനി ഫരീഖ് ഉംറാനിലും ദോഹ ജദീദിലും മുശൈരിബിലും  അലയടിച്ചു. യാത്രക്കാര്‍ ശകടം ഒതുക്കി നിര്‍ത്തി ശൈഖിന്റെ ഖുര്‍ആന്‍ 'കട്ടു' കേട്ടു.

         നാല് റക്അത്ത് കഴിഞ്ഞാല്‍ അല്‍പനേരം 'ഇസ്തിറാഹത്തി'(വിശ്രമം)നുള്ളതാണ്. നിന്ന് കാല് തരിച്ചവര്‍ ഊരയുമായി ചുമര് തേടിപ്പോകും. ഇനി, ശൈഖ് ഖറദാവിയുടെ പ്രഭാഷണമാണ് നടക്കേണ്ടത്. നമസ്‌കാരത്തിലൂടെ കടന്ന് പോയ പ്രസക്തമായ ഖുര്‍ആന്‍ ഭാഗങ്ങള്‍ അദ്ദേഹം വിശദീകരിക്കുമ്പോള്‍ ശ്രോതാക്കള്‍ വിസ്മയിച്ചിരുന്നുപോകും. ആ അവതരണ ചാരുത സമ്മതിക്കണം. അറബി പദങ്ങള്‍ കൊണ്ട് അദ്ദേഹം അമ്മാനമാടും. കവിത തുളുമ്പുന്ന കൊച്ചു കൊച്ചു വാക്യങ്ങള്‍. പ്രസംഗത്തിലുടനീളം പര്യായ പദങ്ങളുടെ ഘോഷയാത്ര. ശൈഖ് ഖറദാവി ആലിം (പണ്ഡിതന്‍) മാത്രമല്ല, അദീബ് (സാഹിത്യകാരന്‍) കൂടിയാണ്. വേദഗ്രന്ഥങ്ങളിലെ ഉദ്ധരണികളും പ്രവാചക വചനങ്ങളും ചരിത്ര സ്മൃതികളും കാലിക സംഭവങ്ങളും മഹദ് വചനങ്ങളും ശാസ്ത്ര നിരീക്ഷണങ്ങളും കൊണ്ട് അദ്ദേഹത്തിന്റെ പ്രസംഗം സമ്പന്നമായിരിക്കും. മുസ്‌ലിം ലോകം നേരിടുന്ന വെല്ലുവിളികളും ഖുദ്‌സിന്റെ മോചനവും ഫലസ്ത്വീന്‍ പ്രശ്‌നവും മുസ്‌ലിം ലോകത്തെ കാര്‍ന്ന് തിന്നുന്ന സാമ്രാജ്യത്വ അധിനിവേശവും ശൈഖിന്റെ പ്രഭാഷണത്തില്‍ മിന്നിമറയും.

         റമദാനിന്റെ അവസാന നാളുകളില്‍ സംശയ നിവാരണത്തിനും മതവിധികള്‍ ചോദിച്ചറിയാനും അവസരമുണ്ടാകും. 'മതവിഷയങ്ങളില്‍ മിതമായ കാഴ്ചപ്പാടി'ന്റെ വക്താവും പ്രയോക്താവുമായ ഈ മഹാമനീഷിയുടെ ഫത്‌വ കേള്‍ക്കാന്‍ വിശ്വാസികള്‍ തടിച്ചു കൂടും. കര്‍മശാസ്ത്ര വിഷയങ്ങള്‍ ലളിതവത്കരിച്ച് ഫിഖ്ഹിനെ ജനകീയമാക്കിയ ഖറദാവിയുടെ മതവിധികള്‍ കൂടുതല്‍ സ്വീകാര്യത നേടിയത് അങ്ങനെയാണ്.

         ശൈഖ് ഖറദാവിയുടെ വിത്ര്‍ നമസ്‌കാരത്തിലെ ഖുനൂത് പ്രസിദ്ധമാണ്. ഹൃദയഹാരിയും ഹൃദയസ്പര്‍ശിയുമായ അനുഭവമാണത്. ഭക്തിയുടെ നനവും കണ്ണീരിന്റെ ഉപ്പുരസവുമുള്ള മന്ത്രധ്വനികള്‍. പാതിരാവിലെ സുദീര്‍ഘമായ ആ പ്രാര്‍ഥന നമസ്‌കാരത്തില്‍ അണിചേര്‍ന്നവരെ മാത്രമല്ല, ടെലിവിഷനില്‍ തല്‍സമയ പരിപാടി വീക്ഷിക്കുന്ന ആയിരങ്ങളെയും കണ്ണീര്‍ക്കയത്തിലാഴ്ത്തി. അശാന്തി കൊണ്ട് അഗ്‌നിപര്‍വതം കണക്കെ പുകയുന്ന ഹൃദയങ്ങളില്‍ സമാശ്വാസത്തിന്റെ തെളിനീര് നനച്ചു. ദുഃഖത്തിന്റെ കരിമുകില്‍ ക്ലാവ് കെട്ടിയ മനസ്സുകളില്‍ സമാധാനത്തിന്റെ കുളിര്‍മഴ ചൊരിഞ്ഞു. പാണ്ഡിത്യഗരിമയും വിപ്ലവ വീര്യവും ഒത്തുചേര്‍ന്ന യുഗപുരുഷനായ ആ പോരാളിയുടെ ചങ്ക് പൊട്ടിക്കൊണ്ടുള്ള പ്രാര്‍ഥന കേട്ട് മണ്ണും വിണ്ണും വിറങ്ങലിച്ചുനിന്നു.

         ശാരീരിക അവശത തളര്‍ത്തിയതോടെ ശൈഖ് വലിയ പള്ളി വിട്ടു. ഖറദാവിയുടെ സാന്നിധ്യമില്ലാത്ത റമദാന്‍ രാവുകള്‍ക്ക് നിറം കെട്ടുതുടങ്ങി. വലിയ പള്ളിയില്‍ ഇന്ന് പഴയ ആരവമോ ആവേശമോ ഇല്ല. തറാവീഹ് നമസ്‌കാരത്തിന്റെ ഇടവേളകളില്‍ ഭക്തജനങ്ങള്‍ക്ക് 'കഹ്‌വ' പകര്‍ന്ന് കൊടുത്തവരും സുഗന്ധം പുകയിച്ചവരും ഉള്‍വലിഞ്ഞു. സംശയമില്ല. വലിയ പള്ളിയുടെ പൂര്‍വകാല പ്രതാപം നഷ്ടപ്പെട്ടു കഴിഞ്ഞു. എങ്കിലും ആ വഴികടന്ന് പോകുമ്പോള്‍ ശൈഖ് ഖറദാവിയുടെ റമദാന്‍ പാഠശാലയെ ഓര്‍ക്കാതിരിക്കില്ല. 

 

Comments

ഖുര്‍ആന്‍ ബോധനം

സൂറ 20 /ത്വാഹാ/ 117-121
എ.വൈ.ആര്‍