മനസ്സിന്റെ പൂട്ടുകള്‍
അല്ലാഹു മനുഷ്യരെ സൃഷ്ടിക്കുന്നത് സ്ഫടിക സമാനം സംശുദ്ധമായ മനസ്സോടെയാണ്. നന്മകളോട് പ്രതിപത്തിയും തിന്മകളോട് വിപ്രതിപത്തിയുമാണതിന്റെ പ്രകൃതി. ശുദ്ധഹൃദയനായി ജനിച്ചുവീഴുന്ന മനുഷ്യനെ അവന്റെ ചുറ്റുപാടുകള്‍ സ്വാധീനിക്കുന്നു. ചില ചുറ്റുപാടുകള്‍ നൈസര്‍ഗികമായ സംസ്‌കാരത്തെ വളര്‍ത്താനും വികസിപ്പിക്കാനും സഹായിക്കുമ്പോള്‍ മറ്റു ചില ചുറ്റുപാടുകള്‍ ദുഷ്പ്രവണതകളെ പോഷിപ്പിച്ച് മനസ്സിനെ വികലവും മലീമസവുമാക്കാന്‍ സഹായിക്കുന്നു. പ്രവാചകന്‍(സ) പ്രസ്താവിച്ചു: ''ഓരോ ശിശുവും ശുദ്ധ പ്രകൃതിയില്‍ ജനിക്കുന്നു. മാതാപിതാക്കള്‍ അവനെ യഹൂദനും ക്രൈസ്തവനുമൊക്കെയാക്കുന്നു.'' അങ്ങനെ മനുഷ്യര്‍ വിവിധ മതങ്ങളിലേക്ക് വേര്‍തിരിക്കപ്പെടുന്ന അവസ്ഥ ഉണ്ടായിരുന്നില്ലെങ്കില്‍ എല്ലാ മനുഷ്യരും ഒരേ ശുദ്ധ പ്രകൃതിയില്‍-പ്രകൃതി മതത്തില്‍-നിലകൊള്ളുമായിരുന്നു. ദൈവിക മതങ്ങളെല്ലാം പ്രകൃതി മതങ്ങളാണ്. എല്ലാ മതങ്ങളും അടിസ്ഥാനപരമായി ഏകവുമാണ്. മനുഷ്യന്റെ ക്ഷുദ്രകാമങ്ങളും ക്ഷണികാഭിനിവേശങ്ങളും അഭിലാഷങ്ങളും പരസ്പര മാത്സര്യവുമെല്ലാം ദൈവിക മതത്തില്‍ കൈകടത്തി അതിനെ പരസ്പര ഭിന്നമായ പലതാക്കി മാറ്റി. ഓരോരുത്തരും അവരവര്‍ക്കിഷ്ടമുള്ളത് സ്വന്തമാക്കി. ''ജനം അവരുടെ മതത്തെ തുണ്ടങ്ങളായി മുറിച്ചെടുത്തു. ഓരോ കക്ഷിയും താന്താങ്ങളുടെ കൈവശമുള്ളതില്‍ നിഗളിക്കുന്നു'' (23:53). ചുറ്റുപാടുകള്‍ എത്ര മെച്ചപ്പെട്ടതായാലും മോശപ്പെട്ടതായാലും അതിന്റെ സ്വാധീനത്തിന് എത്രത്തോളം എങ്ങനെ വിധേയനാകണമെന്ന് തീരുമാനിക്കുന്നത് വ്യക്തി സ്വയം തന്നെയാണ്.
ഇസ്‌ലാം ആണ് പ്രകൃതി മതം. മറ്റു മതങ്ങള്‍ മൗലികമായ പ്രകൃതിയില്‍ നിന്ന് വ്യതിചലിപ്പിക്കപ്പെട്ടപ്പോള്‍ ഇസ്‌ലാം മൗലിക പ്രകൃതിയില്‍ തന്നെ നിലനില്‍ക്കുന്നു. ദൈവത്തിന്റെ ഏകത്വം, അവനുള്ള നിരുപാധികമായ സമര്‍പ്പണം. ഇവയാണ് ദൈവിക മതത്തിന്റെ മൗലികവും പ്രകൃതിപരവുമായ മൂല്യം. ഇസ്‌ലാമില്‍ ഇവ രണ്ടും അന്യൂനം നിലനില്‍ക്കുന്നു. ഒപ്പം ഇതര മതങ്ങളിലുള്ള സത്യങ്ങളെയും ധര്‍മങ്ങളെയും കൂടി അതുള്‍ക്കൊള്ളുന്നു. ശുദ്ധ മനസ്സിന്റെ തുറവും നിറവുമാണ് ഇസ്‌ലാം. ''അല്ലാഹു ഇസ്‌ലാമിനു വേണ്ടി ഹൃദയം തുറന്നു കൊടുക്കുകയും അങ്ങനെ വിധാതാവിങ്കല്‍ നിന്നുള്ള വെളിച്ചത്തില്‍ സഞ്ചരിക്കുകയും ചെയ്യുന്നവന്‍ സത്യവചനം തിരസ്‌കരിച്ച് ഇരുട്ടിലുഴറുന്നവനെപ്പോലെയാകുമോ?'' (39:22). ''അല്ലാഹു മാര്‍ഗദര്‍ശനം ചെയ്യുന്നവന്റെ മനസ്സ് അവന്‍ ഇസ്‌ലാമിനു വേണ്ടി തുറന്നു കൊടുക്കുന്നു'' (6:125). ഇസ്‌ലാമിനുവേണ്ടി തുറക്കപ്പെട്ട മനസ്സില്‍ ദൈവവിശ്വാസവും ഭക്തിയും അവന്റെ പ്രീതിയിലുള്ള ആകാംക്ഷയും നിറയുന്നു. ക്ഷുദ്ര കാമനകളും ദുര്‍വികാരങ്ങളും അതില്‍ നിന്നൊഴിഞ്ഞുപോകുന്നു. ഈമാനും തഖ്‌വയും നിറഞ്ഞ മനസ്സ് മലര്‍ക്കെ തുറന്നു കിടക്കുമെങ്കിലും ചെകുത്താനും അവന്റെ ദുര്‍ബോധനങ്ങള്‍ക്കും അതില്‍ പ്രവേശിക്കാനാവില്ല. എന്നാല്‍, സദ്‌വിജ്ഞാനങ്ങള്‍ക്കും സദ്‌വിചാരങ്ങള്‍ക്കും നിര്‍ബാധം കടന്നുചെല്ലാന്‍ കഴിയും. അവ സദാ കടന്നുചെന്നുകൊണ്ടിരിക്കുകയും ചെയ്യും. ഈമാനില്‍നിന്നും തഖ്‌വയില്‍ നിന്നും മുക്തമായ മനസ്സില്‍ അജ്ഞതയും അന്ധവിശ്വാസവും വ്യാമോഹങ്ങളും കൂടുകൂട്ടുന്നു. ജ്ഞാനത്തിനും വിവേകത്തിനും നേരെ അതിന്റെ കവാടങ്ങള്‍ അടഞ്ഞുകിടക്കും. മൂഢതക്കും അവിവേകത്തിനും മാത്രമേ അത് തുറക്കപ്പെടൂ. അത്തരം മനസ്സുകളെ 'അല്ലാഹു അടച്ചുപൂട്ടിയ മനസ്സുകള്‍' എന്നാണ് ഖുര്‍ആന്‍ വിശേഷിപ്പിക്കുന്നത്. ഇസ്‌ലാമിനെ ഉള്‍ക്കൊള്ളുന്ന മനസ്സുകള്‍ അല്ലാഹു തുറന്നു കൊടുത്ത മനസ്സുകളാണല്ലോ. അതിന്റെ വിപരീതമാണ് അല്ലാഹു അടച്ചുപൂട്ടിയ മനസ്സുകള്‍.
പല കാരണങ്ങളാല്‍ മനുഷ്യ മനസ്സുകള്‍ അടച്ചുപൂട്ടപ്പെടുന്നു. പൂര്‍വികരോടും അവരുടെ ആചാരങ്ങളോടുമുള്ള അന്ധമായ പ്രേമം കൊണ്ടോ സാമ്പത്തികമോ രാഷ്ട്രീയമോ ആയ സ്വാര്‍ഥങ്ങള്‍ക്കു വേണ്ടിയോ ഭൗതിക ദര്‍ശനങ്ങളിലും പ്രത്യയശാസ്ത്രങ്ങളിലുമുള്ള അന്ധമായ വിശ്വാസം കൊണ്ടോ സത്യത്തെ മനപ്പൂര്‍വം നിഷേധിക്കുന്നവരാണ് ഒന്ന്. അവരെക്കുറിച്ച് ഖുര്‍ആന്‍ പറയുന്നു: ''സത്യം നിഷേധിച്ചവരെ താക്കീതു ചെയ്യുന്നതും ചെയ്യാതിരിക്കുന്നതും തുല്യമാകുന്നു. അവര്‍ വിശ്വസിക്കാന്‍ പോകുന്നില്ല. അവരുടെ ഹൃദയങ്ങളും കാതുകളും അല്ലാഹു അടച്ചുപൂട്ടിയിരിക്കുന്നു. അവരുടെ കണ്ണുകള്‍ക്കും മൂടിയുണ്ട്'' (2:6,7). എല്ലാവരെയും കേള്‍ക്കുക, അതില്‍ ഏറ്റം വിശിഷ്ടരായവരെ പിന്തുടരുക. ഇതാണ് ഇസ്‌ലാം അനുശാസിക്കുന്ന ധര്‍മം. ''പ്രവാചകന്‍ എന്റെ ദാസന്മാരെ സുവിശേഷമറിയിക്കുക. വചനങ്ങള്‍ ശ്രദ്ധിച്ചു കേള്‍ക്കുകയും അതില്‍ ഏറ്റവും നല്ലതിനെ പിന്‍പറ്റുകയും ചെയ്യുന്നവരാകുന്നു അല്ലാഹു സന്മാര്‍ഗമരുളിയവര്‍. സദ്ബുദ്ധിയുള്ളവരും അവര്‍ തന്നെ''(39:18). തങ്ങള്‍ ധരിച്ചുവെച്ചതപ്പടി നീക്കുപോക്കില്ലാത്ത പ്രപഞ്ച സത്യമാണെന്ന നിലപാട് സ്വീകരിച്ചുകൊണ്ട് അതിനപ്പുറമുള്ളതൊന്നും കേള്‍ക്കാനോ അംഗീകരിക്കാനോ കൂട്ടാക്കാത്തവരും മനസ്സ് അടച്ചുപൂട്ടപ്പെട്ടവരാകുന്നു: ''നാം ഈ ഖുര്‍ആനിലൂടെ ജനങ്ങളെ പലവിധത്തില്‍ ഉല്‍ബോധിപ്പിച്ചിരിക്കുന്നു. എന്തു ദൃഷ്ടാന്തവുമായി ചെന്നാലും സമ്മതിക്കാന്‍ കൂട്ടാക്കാത്തവര്‍ നിങ്ങള്‍ കേവലം അസത്യവാദികളാണെന്നുതന്നെ പറഞ്ഞുകൊണ്ടിരിക്കും. അത്തരം അജ്ഞരുടെ ഹൃദയങ്ങളെ അല്ലാഹു അടച്ച് മുദ്ര വെച്ചിരിക്കുന്നു'' (30:58,59). യാതൊരു പരിധിയെയും മാനിക്കാത്തവരും സുവ്യക്തമായ യാഥാര്‍ഥ്യങ്ങളില്‍ പോലും സംശയിക്കുകയും മറ്റുള്ളവരെ സംശയിപ്പിക്കുകയും ദൈവിക കാര്യങ്ങളില്‍ ആധികാരികമായ തെളിവുകളുടെയും ന്യായങ്ങളുടെയും അടിസ്ഥാനമില്ലാതെ തര്‍ക്കിക്കുകയും ചെയ്യുന്ന ചിലരുണ്ട്. തങ്ങള്‍ എന്തിനും പോന്നവരാണെന്നഹങ്കരിക്കുന്ന സ്വേഛാ പ്രമത്തരായ അത്തരക്കാരും മനസ്സ് അടച്ചുപൂട്ടപ്പെട്ടവരാണ്. ''ഈവിധം അതിരുവിട്ടവരും സന്ദേഹികളുമായവരെയൊക്കെയും അല്ലാഹു വഴിതെറ്റിക്കുന്നു. തങ്ങള്‍ക്ക്, വന്നുകിട്ടിയ തെളിവോ പ്രമാണമോ ഇല്ലാതെ ദൈവിക സൂക്തങ്ങളെക്കുറിച്ച് തര്‍ക്കിക്കുന്നവര്‍. അല്ലാഹുവിന്റെയും സത്യവിശ്വാസികളുടെയും ദൃഷ്ടിയില്‍ തീരെ വെറുക്കപ്പെട്ടവരാണവര്‍. അത്തരം ഗര്‍വിഷ്ഠരും സ്വേഛാപ്രമത്തരുമായ ജനങ്ങളുടെ ഹൃദയങ്ങളെ അല്ലാഹു ഈവിധം അടച്ചുപൂട്ടുന്നു'' (40:34,35). പ്രതിജ്ഞകളും കരാറുകളും ലംഘിക്കുന്ന സ്വഭാവമുള്ളവര്‍ ഹൃദയം പൂട്ടപ്പെട്ടവരാണെന്ന് 4:155-ലും, എല്ലാ സൗകര്യങ്ങളുമുണ്ടായിട്ടും സാഹചര്യം ആവശ്യപ്പെടുന്ന സന്ദര്‍ഭങ്ങളില്‍ ധര്‍മസമരത്തില്‍നിന്ന് ഒഴിഞ്ഞുമാറുന്നവരുടെയും അവസ്ഥ അതുതന്നെയാണെന്ന് 9: 93-ലും ഖുര്‍ആന്‍ പ്രസ്താവിക്കുന്നു. സ്വേഛകളെ ദൈവമാക്കുന്നവരും സത്യവിശ്വാസം കൈക്കൊണ്ട ശേഷം ഭൗതിക നേട്ടങ്ങള്‍ക്കുവേണ്ടി അതില്‍നിന്ന് പിന്മാറുന്നവരും ഖുര്‍ആന്‍ ഈ ഗണത്തില്‍ പെടുത്തിയ മറ്റു രണ്ടു വിഭാഗങ്ങളാണ്.
മനസ്സ് അടച്ചുപൂട്ടപ്പെടുന്നതിനെക്കാള്‍ കൊടിയ മറ്റൊരു ദൗര്‍ഭാഗ്യം മനുഷ്യന് നേരിടാനില്ല. അവന്‍ പിന്നെ നന്മതിന്മകളും സത്യാസത്യങ്ങളും വേര്‍തിരിച്ചറിയാനാകാതെ ചെകുത്താന്റെ കളിപ്പാവയാവുകയായിരിക്കും ഫലം. അല്ലാഹു അടച്ചുപൂട്ടിയ മനസ്സ് തുറക്കാനുള്ള താക്കോല്‍ ബാഹ്യശക്തികളൊന്നിന്റെയും കൈവശമില്ല. ആ താക്കോലുള്ളത് പൂട്ടപ്പെട്ട മനസ്സിന്റെ ഉടമയുടെ കൈവശം തന്നെയാണ്. തന്റെ മനസ്സിനു താഴ് വീണിട്ടുണ്ടെന്നറിയുകയാണ് ആദ്യം വേണ്ടത്. പിന്നെ ആ താഴ് ഉപരിസൂചിത മനോദോഷങ്ങളിലേതിന്റേതാണെന്ന് തിരിച്ചറിയുക. മനസ്സ് തുറക്കണമെന്ന് ആത്മാര്‍ഥമായ ആഗ്രഹമുണ്ടെങ്കില്‍ താക്കോല്‍ നിങ്ങളുടെ കൈയില്‍ കിട്ടിക്കഴിഞ്ഞു. ആ ദോഷം വര്‍ജിക്കുകയേ വേണ്ടൂ. മനസ്സ് തുറക്കപ്പെടുകയായി. സ്വന്തം മനസ്സില്‍ താഴ് വീണിട്ടുണ്ടോ എന്ന് പരിശോധിക്കാനും, ഉണ്ടെങ്കില്‍ അത് തുറക്കാനും ഏറ്റവും ഉചിതമായ കാലമാണ് റമദാന്‍.
Comments