Prabodhanm Weekly

Pages

Search

2011 ആഗസ്റ്റ് 6

ഡോ. എഫ്.ആര്‍ ഫരീദി അന്തരിച്ചു


ജമാഅത്തെ ഇസ്ലാമിയുടെ മുതിര്‍ന്ന നേതാവും പ്രമുഖ ഇസ്ലാമിക പണ്ഡിതനും  സാമ്പത്തിക വിദഗ്ധനുമായ ഡോ. ഫസ്ലുര്‍റഹ്മാന്‍ ഫരീദി(79) നിര്യാതനായി. 1931 ഏപ്രില്‍ 1-ന് ഉത്തര്‍പ്രദേശിലെ ജോണ്‍പൂരിനടുത്ത മച്ച്ലിശഹ്റില്‍ ജനിച്ച അദ്ദേഹം അവിടെനിന്നും പ്രാഥമിക വിദ്യാഭ്യാസം കരസ്ഥമാക്കി. റാംപൂരില്‍ കോളേജ് പഠനത്തോടൊപ്പം മൌലാനാ മുഹമ്മദ് അയ്യൂബില്‍ നിന്ന് പേര്‍ഷ്യന്‍ ഭാഷ പഠിക്കുകയും, അദ്ദേഹത്തിന്റെ നിര്‍ദേശ പ്രകാരം പേര്‍ഷ്യന്‍ മുന്‍ഷി പരീക്ഷ എഴുതി വിജയിക്കുകയുമുണ്ടായി. ഇന്റര്‍ മീഡിയറ്റിന് ശേഷം ഇലാഹാബാദ് യൂനിവേഴ്സിറ്റിയില്‍ പ്രവേശനം നേടിയ ഫരീദി 1953ല്‍ സാമ്പത്തിക ശാസ്ത്രത്തില്‍ ഒന്നാം റാങ്കോടെ വിജയിച്ചു. ശേഷം മതപഠനത്തില്‍ അവഗാഹം നേടാനായി റാംപൂരിലെ ഥാനവി ദര്‍സ് ഗാഹില്‍ ചേര്‍ന്ന്, 1958-ല്‍ പഠനം പൂര്‍ത്തിയാക്കി. പിന്നീട് ഇന്‍സ്റിറ്റ്യൂട്ട് ഓഫ് സോഷ്യല്‍ സയന്‍സു(ആഗ്ര)മായി ബന്ധം സ്ഥാപിച്ചു. ഇവിടെ രണ്ട് വര്‍ഷം പ്രവര്‍ത്തിച്ച ശേഷം അലീഗഢ് മുസ്ലിം യൂനിവേഴ്സിറ്റിയില്‍ ലക്ചററും തുടര്‍ന്ന് റീഡറുമായി. 1973-ല്‍ അവിടെനിന്ന് സാമ്പത്തിക ശാസ്ത്രത്തില്‍ പി.എച്ച്.ഡി കരസ്ഥമാക്കി. ജിദ്ദയിലെ കിംഗ് അബ്ദുല്‍ അസീസ് യൂനിവേഴ്സിറ്റിയില്‍ 11 വര്‍ഷം സാമ്പത്തിക ശാസ്ത്ര പ്രഫസറായിരുന്നു. 1988 മുതല്‍ അലീഗഢില്‍ സ്ഥിര താമസമാക്കി. ദീര്‍ഘകാലം ജമാഅത്തെ ഇസ്ലാമി കേന്ദ്ര കൂടിയാലോചനാ സമിതി അംഗമായിരുന്നു.
നിലവില്‍ സിന്ദഗി നൌ മാസികയുടെ എഡിറ്ററായിരുന്നു. ജമാഅത്തെ ഇസ്ലാമി യു.പി ശൂറാംഗം, റേഡിയന്‍സ് എഡിറ്റര്‍, റിസര്‍ച്ച് ആന്റ് സ്റഡീസ് ഗ്രൂപ്പ് ഓഫ് ജമാഅത്തിന്റെ ഡയറക്ടര്‍ തുടങ്ങിയ ഉത്തരവാദിത്വങ്ങളും വഹിച്ചിട്ടുണ്ട്. നിരവധി ട്രസ്റുകളില്‍ അംഗവുമായിരുന്നു. ഇസ്ലാമിക സാമ്പത്തിക ശാസ്ത്രത്തെ സമകാലിക ലോകത്ത് മുഖ്യ ചര്‍ച്ചാവിഷയമാക്കുന്നതില്‍ അദ്ദേഹത്തെപ്പോലുള്ള സാമ്പത്തിക വിദഗ്ധരാണ് മുന്‍കൈയെടുത്തത്. സ്വദേശത്തും വിദേശത്തുമായി നിരവധി സെമിനാറുകളില്‍ ഈ വിഷയത്തില്‍ പ്രബന്ധങ്ങള്‍ അവതരിപ്പിക്കുകയുണ്ടായി.
Nature and Significance of Economic Activity in Islam, Towards a Theory of Fiscal Policy in Islam, Economic Developments and Islamic Moral values, Essays in Islamic Economic Analysis, Islamic Economics and Economy of Indian Muslims, Living as a Muslim in Plural Society, Economic Development and Fiscal Policy in Egypt, Indian Economic Development and Planning (1951-1965)  തുടങ്ങിയവ ഇസ്ലാമിക സാമ്പത്തിക ശാസ്ത്രവുമായി ബന്ധപ്പെട്ട അദ്ദേഹത്തിന്റെ ശ്രദ്ധേയമായ കൃതികളാണ്. തഹ്രീകെ ഇസ്ലാമി ഔര്‍ ഖവാതീന്‍ കാ കിര്‍ദാര്‍, ഇഖാമത്തെ ദീന്‍ കാ സഫര്‍, ദഅ്വതെ ദീന്‍, അദ്ല്‍ കീ തലാശ്, ദൌറെ ഹാദിര്‍ കാ കര്‍ബ് ഔര്‍ ഇസ്ലാം കാ നിളാമി റഹ്മത്ത് എന്നിവ അദ്ദേഹത്തിന്റെ ഉര്‍ദു രചനകളില്‍ ചിലതാണ്. ദ സോഷ്യല്‍ സ്ട്രക്ചര്‍ ഓഫ് ഇന്ത്യന്‍ മുസ്ലിംസ് എന്ന ഗ്രന്ഥം മുഹമ്മദ് നജാത്തുല്ല സിദ്ദീഖിയോടൊപ്പം ചേര്‍ന്ന് എഡിറ്റ് ചെയ്ത് പ്രസിദ്ധീകരിച്ചിട്ടുണ്ട്. ഇന്‍സ്റിറ്റ്യൂട്ട് ഓഫ് ഒബ്ജക്ടീവ് സ്റഡീസിന്റെ തുടക്കത്തില്‍ മുഖ്യ സംഘാടകനുമായിരുന്നു.

Comments