ചതുപ്പില്‍ ചില ആമ്പല്‍ പൂക്കള്‍
ഇന്ത്യ ലോകത്തെ വന്‍ സാമ്പത്തിക ശക്തിയാണെന്നഭിമാനിക്കുന്നുണ്ടെങ്കിലും ദയനീയമായ മറുവശമുണ്ടതിന്. ഭൂരിപക്ഷം വരുന്ന സാധാരണക്കാരുടെ ദുരിതക്കയങ്ങള്‍ ഈ വളര്‍ച്ചയുടെ പൊലിമ കെടുത്തിക്കളഞ്ഞിരിക്കുന്നു. ഇന്ത്യയുടെ പുരോഗതിയെപ്പറ്റി ഒറ്റവാക്കില്‍ പറയാവുന്നത് 'മന്തുകാലിന്റെ വളര്‍ച്ച' എന്നായിരിക്കും. സമ്പന്നര്‍ കൂടുതല്‍ കൂടുതല്‍ കൊഴുക്കുന്നു. ദരിദ്ര കോടികളുടെ ദുരിതനരകം കൂടുതല്‍ ഭയാനകരൂപം പ്രാപിക്കുന്നു.
ചതുപ്പില്‍ ആമ്പല്‍പ്പൂക്കളാണ് ഇന്ത്യയിലെ സമ്പന്ന വര്‍ഗം. ചുറ്റും ദരിദ്രപ്പടയാണ്. വിശാലമായ ചതുപ്പിലാണ് മഹാഭൂരിപക്ഷം വരുന്ന ഏഴകള്‍ ജീവിതം തള്ളിനീക്കുന്നത്. മതിയായ ആഹാരമില്ലാതെ, കുടിക്കാന്‍ ശുദ്ധജലമില്ലാതെ, ആവശ്യമായ ചികിത്സ കിട്ടാതെ, ഫലപ്രദമായ വിദ്യാഭ്യാസം ലഭിക്കാതെ, ഭദ്രമായ പാര്‍പ്പിടമില്ലാതെ ദരിദ്ര കോടികള്‍. മഹാ നഗരങ്ങളുടെ പിന്നാമ്പുറങ്ങളില്‍ ജന്തുക്കളുടെയും മനുഷ്യരുടെയും വിസര്‍ജ്യങ്ങള്‍ ചീഞ്ഞളിഞ്ഞ് നാറുന്ന ചേരികളില്‍ ഇഴയുന്ന കീടങ്ങള്‍. എല്ലും തോലുമായ കുഞ്ഞുങ്ങളുടെയും ഈത്തപ്പഴത്തണ്ടു പോലെ വളഞ്ഞുകുത്തിയ സ്ത്രീക്കോലങ്ങളുടെയും നരക സാമ്രാജ്യം. ചുമച്ച് ചുമച്ച് രക്തം തുപ്പുന്ന വൃദ്ധക്കോലങ്ങള്‍. വ്യവസായ ഭീമന്മാര്‍ക്ക് തോന്നുമ്പോള്‍ ദൂരേക്ക് കോരിക്കളയേണ്ട ചണ്ടികള്‍. ഗെയിംസ് മാമാങ്കങ്ങള്‍ക്ക് കേളികൊട്ടുയരുമ്പോള്‍ അകലേക്ക് ആട്ടിപ്പായിക്കേണ്ട സ്ഥലം മുടക്കികള്‍. വി.ഐ.പികള്‍ വരുമ്പോള്‍ കണ്‍വെട്ടത്തുനിന്ന് നോക്കെത്താദൂരത്തേക്ക് കോരിവലിച്ചെറിയേണ്ട അശ്രീകരങ്ങള്‍. ആകാശവിസ്മയങ്ങളിലേക്ക് കുതിച്ചുയരുന്ന റോക്കറ്റുകളെ നോക്കി ആഹ്ലാദിച്ച് കൈയടിക്കുന്ന ഭരണാധികാരികള്‍ ഓര്‍ക്കാറുണ്ടോ ഈ പാതാളനരകങ്ങള്‍?
പുരോഗതിയുടെ ഗുണം താഴെത്തട്ടിലുള്ളവര്‍ക്കു കിട്ടണം എന്നാണ് ഗാന്ധിജി പറഞ്ഞത്. ഇന്ത്യയുടെ അവസ്ഥ മറിച്ചാണ്. വികസനം എന്നുകേള്‍ക്കുമ്പോള്‍ പാവപ്പെട്ടവന്‍ ഞെട്ടുന്നു. അവന്റെ പാര്‍പ്പിടവും ഉപജീവന മാര്‍ഗങ്ങളും മക്കളുടെ വിദ്യാഭ്യാസവും ഭാവിയെക്കുറിച്ചുള്ള സ്വപ്നങ്ങളും തട്ടിത്തെറിപ്പിക്കുന്ന ദുര്‍ഭൂതമാണ് വികസനം എന്നതാണ് അവരുടെ അനുഭവ പാഠം.
പാര്‍പ്പിടത്തിനും തൊഴിലിനും വിദ്യാഭ്യാസ സൗകര്യങ്ങള്‍ക്കും വേണ്ടി മുറവിളികൂട്ടുന്ന ദരിദ്രരുടെ വര്‍ഷങ്ങളായുള്ള വിലാപം മന്ത്രിമാരുടെ കാതില്‍ പതിയുകയില്ല. പതിഞ്ഞാലും തീരുമാനങ്ങള്‍ ഉണ്ടാവില്ല. ഉണ്ടായാലും അന്തിമവിധി 'ഫണ്ടില്ല' എന്നായിരിക്കും. ആദിവാസികളെയും ഭൂമിയില്ലാത്ത മറ്റു ദരിദ്ര നാരായണന്മാരെയും കുടിയിരുത്താന്‍ ഭൂമിയില്ലെന്നു കൈമലര്‍ത്തുന്ന ഭരണകൂടം വ്യവസായ ഭീമന്മാര്‍ക്ക് കെട്ടിടങ്ങളും വില്ലകളും ഫ്‌ളാറ്റുകളും റിസോര്‍ട്ടുകളും പണിയാന്‍ ഇഷ്ടം പോലെ ഭൂമി സ്വര്‍ഗത്തുനിന്ന് ഇറക്കിക്കൊണ്ടുവരും. ഭരണവും വികസനവും സമ്പന്നര്‍ക്കുള്ളതാണ്. വികസനത്തിന്റെ എച്ചില്‍ തിന്നേണ്ടവരോ വികസനത്തിന്റെ ഇരകളോ ആണ് ദരിദ്ര വിഭാഗം.
ഏതെങ്കിലും പുറമ്പോക്കില്‍ വ്യവസായം തുടങ്ങണമെന്ന് മുതലാളിക്ക് മോഹമുദിച്ചാല്‍ മന്ത്രിമാരെ വിവരമറിയിക്കുകയേ വേണ്ടൂ. പിന്നെ പാവങ്ങളെ തുടച്ചുനീക്കേണ്ട ചുമതല സര്‍ക്കാറിന്റേതാണ്. മറ്റൊരിടത്തും ജീവിക്കാന്‍ ഇടം കിട്ടാത്തതിനാല്‍ പുറമ്പോക്കില്‍ ചാപ്പ കെട്ടി കീടങ്ങളെപ്പോലെ കഴിയുന്ന പട്ടിണിക്കോലങ്ങളെയാണ് മുതലാളിമാര്‍ക്ക് വേണ്ടി അടിച്ചോടിക്കുന്നത്. ജെ.സി.ബിയും ബുള്‍ഡോസറും മറ്റു ആധുനിക തകര്‍ക്കല്‍ രാക്ഷസന്മാരും ഘോഷയാത്രയായി വന്ന് ഇവറ്റകളുടെ കുടിലുകളും ചട്ടിയും കഞ്ഞിയും കലവും തച്ചുടച്ച് ഇളക്കിമറിച്ച് നിലംപരിശാക്കുന്നു. ശബ്ദമുയര്‍ത്തിയാല്‍ അടിച്ചൊതുക്കുക, ചോദ്യം ചെയ്താല്‍ ചതച്ചരക്കുക, പ്രതിഷേധിച്ചാല്‍ തുറുങ്കിലടക്കുക- ഭീകരമാണ് ഭരണയന്ത്രങ്ങളുടെ സംഹാര രീതികള്‍. ബംഗാളിലും കിനാലൂരിലും ലാത്തികളും തോക്കുകളുമാണ് ജനങ്ങളോട് സംസാരിച്ചത്.
ലോക കമ്പോളത്തില്‍ ഇന്ത്യ സമ്പന്നതയുടെ വര്‍ണത്തൂവലുകളുമായി ഉയരത്തില്‍ പറക്കുമ്പോഴും ജനസംഖ്യയില്‍ മുക്കാല്‍ ഭാഗവും ഇങ്ങ് താഴെ പുഴുക്കളെപോലെ ഇഴയുകയാണ്. ജനസംഖ്യയുടെ 72 ശതമാനത്തിനും 20 രൂപയില്‍ താഴെയാണ് വരുമാനം എന്നാണ് അര്‍ജുന്‍ സെന്‍ഗുപ്ത കമീഷന്റെ റിപ്പോര്‍ട്ട്. കേരളത്തില്‍ 39 ലക്ഷം ദരിദ്ര കുടുംബങ്ങളുണ്ടെന്നാണ് കേരള സര്‍ക്കാറിന്റെ കണക്ക്.
ഇന്ത്യയെ ബാധിച്ച പുഴുത്ത വ്രണങ്ങള്‍ വികൃതവും ഭയാനകവുമാണ്. ഭരണത്തിന്റെ രക്തധമനികളിലാകെ പടര്‍ന്നു പിടിച്ച അഴിമതിരോഗം അന്താരാഷ്ട്ര തലത്തില്‍ തന്നെ നാണക്കേടുണ്ടാക്കിയിരിക്കുന്നു. വിദേശ ബാങ്കുകളിലുള്ള, ഇന്ത്യയിലെ കള്ളപ്പണക്കാരുടെ വിവരം വ്യക്തമാക്കാന്‍ മടിക്കുന്ന കേന്ദ്ര ഗവണ്‍മെന്റ് സുപ്രീംകോടതിയുടെ രൂക്ഷ വിമര്‍ശനം നേരിടുകയാണ്. ഭീകരരെന്നാരോപിച്ച് ന്യൂനപക്ഷ വിഭാഗങ്ങളെ വേട്ടയാടുന്നു. തെളിവുകളല്ല, ഉന്നതങ്ങളിലെ ഊഹങ്ങളാണ് ന്യായം. നീതിയുടെ തുലാസ് ചെരിഞ്ഞാണ് നില്‍ക്കുന്നത്. ആദിവാസികള്‍ക്ക് ചികിത്സ നല്‍കിയ ബിനായക്‌സെന്നിന് ജയില്‍. സത്യാന്വേഷണത്തിനിറങ്ങിയ തെഹല്‍ക ലേഖിക ഷാഹിനക്ക് പോലീസ് കുരുക്ക്. ഒമ്പതു കൊല്ലം വെറുതെ ജയിലിലിട്ടു പീഡിപ്പിച്ച രോഗിയായ മഅ്ദനിക്ക് വീണ്ടും ജയില്‍. സംഘ്പരിവാര്‍ ഭീകരര്‍ നടത്തിയ സ്‌ഫോടനങ്ങളുടെ പേരില്‍ തടവും പീഡനങ്ങളുമനുഭവിക്കുന്നത് നിരപരാധികളായ മുസ്‌ലിം ചെറുപ്പക്കാര്‍. എന്‍ഡോസള്‍ഫാന്‍ ഇരകള്‍ കരളലിയിക്കുന്ന കോലങ്ങളായി കണ്‍മുന്നില്‍ ഇഴയുമ്പോഴും വിഷദല്ലാളന്മാര്‍ക്ക് ഓശാന പാടുന്ന മന്ത്രിമാര്‍! വോട്ടവകാശം വിനിയോഗിച്ചതിന്റെ പാപഭാരം പേറുകയാണ് നിസ്സഹായരായ ജനം.
ജനങ്ങള്‍ ക്യൂ നിന്ന് വോട്ടു നല്‍കി ജയിപ്പിച്ച ജനനേതാവ് ഏകാധിപതിയെ പോലെ സംസാരിക്കുന്നു. അടിയന്തരാവസ്ഥയെ ഓര്‍മിപ്പിക്കുന്ന കാഴ്ചകള്‍ അരങ്ങേറുന്നു. 'നാവടക്കൂ, പണിയെടുക്കൂ' എന്ന് പണ്ടൊരു ആജ്ഞയുണ്ടായി. 'അണക്കെട്ടു വരുന്നൂ, മുങ്ങിമരിക്കാന്‍ ഒരിങ്ങിക്കൊള്ളൂ' എന്നാണ് പിന്നീട് കേട്ടത്. 'റോഡ് വരുന്നൂ, വീടു വിട്ടിറങ്ങൂ' എന്നാണ് പുതിയ ഓര്‍ഡര്‍.
മനുഷ്യത്വപരമായ കാഴ്ചപ്പാടുകളും നീതിപൂര്‍വമായ തീരുമാനങ്ങളും അന്യമായ ജനാധിപത്യം ഏകാധിപത്യത്തേക്കാള്‍ നിഷ്ഠുരമായിരിക്കും.
കെ.പി ഇസ്മാഈല്‍
കണ്ണൂര്‍
ബഹുസ്വര സമൂഹത്തിലെ
ഇസ്‌ലാമിന്റെ രാഷ്ട്രീയ പ്രതിനിധാനം
മേല്‍ ശീര്‍ഷകത്തില്‍ ശൈഖ് മുഹമ്മദ് കാരകുന്ന് എഴുതിയ ലേഖനം (ജൂലൈ 16) സമകാലിക ലോകത്ത് ഏറെ പ്രസക്തമാണ്. ഇസ്‌ലാമിക രാഷ്ട്രീയം എന്ന് കേള്‍ക്കുമ്പോഴേക്കും ബേജാറാവുകയും പേടിക്കുകയും ചെയ്യുന്നവര്‍ ഈ ലേഖനം ഒന്ന് വായിച്ചെങ്കില്‍ എന്നാശിക്കുന്നു.
ഇസ്‌ലാമിക ഭരണത്തിന്‍ കീഴില്‍ അമുസ്‌ലിം പ്രജകള്‍ അനുഭവിച്ചിരുന്ന സമത്വവും സ്വാതന്ത്ര്യവും സൗകര്യങ്ങളും എത്രമാത്രം മാതൃകാപരമായിരുന്നെന്ന് പ്രവാചകന്‍ തിരുമേനിയുടെയും ഖലീഫമാരുടെയും ഭരണകാലത്തെ സംഭവങ്ങളുടെ ചില സാമ്പിളുകളിലൂടെ ലേഖകന്‍ കാണിച്ചിരിക്കുന്നു. ഖലീഫാ ഉമറിന്റെ അത്യുദാത്തമായ നീതിബോധം വ്യക്തമാക്കുന്ന, ലേഖകനുദ്ധരിച്ച സംഭവത്തില്‍ ഗുണഭോക്താവ് ഒരു ക്രിസ്ത്യാനിയായിരുന്നു എന്നത് പ്രത്യേകം ശ്രദ്ധേയമാണ്. ഖലീഫാ ഉമറിന്റെ ഈജിപ്ഷ്യന്‍ ഗവര്‍ണര്‍ അംറുബ്‌നുല്‍ ആസ്വിന്റെ മകന്‍ മുഹമ്മദ് ഒരു കോപ്റ്റിക് ക്രിസ്ത്യാനിയെ അടിച്ച കേസ് ഖലീഫയുടെ മുമ്പാകെയെത്തിയപ്പോള്‍, വിചാരണയില്‍ കുറ്റം തെളിഞ്ഞതോടെ, തന്നെ അടിച്ചതുപോലെ ഗവര്‍ണറുടെ മകനെയും അടിക്കാന്‍ ആ ക്രൈസ്തവ സഹോദരന് അവസരം കൊടുക്കുകയാണ് ഖലീഫ ചെയ്തത് എന്നതിലെ സ്വജനപക്ഷപാതം തീണ്ടാത്ത കറകളഞ്ഞ നീതിബോധം ആധുനിക ഭരണ, നീതിനിര്‍വഹണ കര്‍ത്താക്കളില്‍ നിന്ന് പ്രതീക്ഷിക്കാന്‍ കഴിയുമോ എന്നാലോചിക്കുക. ഇതൊക്കെ കണക്കിലെടുത്തുകൊണ്ടായിരിക്കണം ഇസ്‌ലാമിന്റെ രാഷ്ട്രീയ ഇടപെടലിനെ വിലയിരുത്തേണ്ടത്. കാര്യങ്ങള്‍ കാണാതെയും മനസ്സിലാക്കാതെയും വിലയിരുത്താതെയും ഇസ്‌ലാമിക രാഷ്ട്രീയം എന്ന് കേള്‍ക്കുമ്പോഴേക്കും 'മതരാഷ്ട്രവാദം' എന്ന് പറഞ്ഞ് ബഹളം വെക്കുന്നത് വിവേകമതികള്‍ക്ക് ചേര്‍ന്നതല്ല തന്നെ. ഇസ്‌ലാമിന്റെ ആളുകള്‍ എന്ന് പറയുന്നവര്‍ക്ക് പോലും ഇസ്‌ലാമിക രാഷ്ട്രീയത്തില്‍ അലര്‍ജി തോന്നുന്നതില്‍ സഹതപിക്കുകയല്ലാതെന്ത് ചെയ്യാന്‍!
ടി. മൊയ്തുമാസ്റ്റര്‍, പെരിമ്പലം
Comments