Prabodhanm Weekly

Pages

Search

2011 ആഗസ്റ്റ് 6

ഒരു ഭാഷക്കുവേണ്ടി ഒഴുക്കിയ യുവരക്തം ഇങ്ങനെ ചോദിക്കുന്നു

ജമീല്‍ അഹ്മദ്

രാഷ്ട്രീയ പ്രക്ഷോഭങ്ങളില്‍ പങ്കെടുത്തവര്‍ കൊല്ലപ്പെട്ടതിന്റെ  എണ്ണക്കണക്കുകള്‍ കേരളത്തെ സംബന്ധിച്ചുപോലും പുതുമയില്ലാത്തതാണ്. ഇവിടത്തെ ഓരോ പാര്‍ട്ടിയും തങ്ങളുടെ രക്തസാക്ഷികളുടെ ചോരയുടെ ചെലവില്‍ വളരുകയും വീണ്ടും രക്തസാക്ഷികളെ പടച്ചുകൊണ്ടിരിക്കുകയും ചെയ്യുന്നു. എന്നാല്‍, ഒരു പ്രത്യേക ഭാഷക്കുവേണ്ടി നയിച്ച സമരത്തില്‍വെച്ച് അധികാരികളുടെ വെടിയേറ്റ് കൊല്ലപ്പെട്ട രക്തസാക്ഷികള്‍ ഇവിടെ മുസ്‌ലിംലീഗിനേയുള്ളൂ. ആ സമരം ഒരു ഭാഷക്കുവേണ്ടിയായിരുന്നു, അത് അറബിഭാഷയായിരുന്നു എന്നതിനാല്‍ അത്രയും ചരിത്രപ്രാധാന്യമുള്ള രാഷ്ട്രീയമുന്നേറ്റമായിരുന്നു 1980- ലെ ഭാഷാസമരം. ജൂലൈ 30-ന്, ബദര്‍ദിനമായ റമദാന്‍ പതിനേഴിന് മലപ്പുറത്തെ നോമ്പുനോറ്റു തളര്‍ന്ന മണ്ണില്‍ ഒലിച്ചുപോയ മൂന്നു ചെറുപ്പക്കാരുടെ ചോര, മുപ്പത് വര്‍ഷങ്ങള്‍ക്കുശേഷം വീണ്ടും ഈ ജൂലൈ മുപ്പതിന്, റമദാന്‍ പതിനേഴിന് ആ ചരിത്രസന്ദര്‍ഭത്തെ മുന്‍നിര്‍ത്തി ചില ചോദ്യങ്ങള്‍ ചോദിക്കുമെങ്കില്‍ അവ എന്തെല്ലാമായിരിക്കും എന്നാലോചിച്ചുപോകുന്നു.
മനുഷ്യന്‍ സംസാരിക്കുന്ന മാധ്യമം എന്നതിനപ്പുറം ഭാഷക്കുള്ള സാംസ്‌കാരിക മാനങ്ങളാണ് ഭാഷാസമരങ്ങള്‍ സൃഷ്ടിച്ചത്. അതിനുവേണ്ടി ഒഴുക്കപ്പെട്ട ചോരക്കും ബലിനല്‍കപ്പെട്ട ജീവനും ചരിത്രത്തില്‍ കണക്കില്ല. നമ്മുടെ അയല്‍പ്പക്കമായ തമിഴ്‌നാട്ടിലെ ഹിന്ദിവിരുദ്ധ കലാപത്തിന്റെ കാലം അനുസ്മരിക്കാവുന്നവര്‍ക്കറിയാം ഒരു ഭാഷയുടെ വൈകാരികവീര്യം. ഒരു കൂട്ടര്‍ക്ക് ഭാഷ നിര്‍ബന്ധിപ്പിക്കുന്നതിലും വേണ്ടെന്നുവെക്കുന്നതിലും രാഷ്ട്രീയ ലക്ഷ്യങ്ങളുണ്ട്. ഇന്ത്യയിലിന്നും ആരും സംസാരിക്കാത്ത സംസ്‌കൃതത്തിന്റെ ക്ഷേമത്തിന് ചെലവാക്കുന്ന കോടികളുടെ കണക്കുകള്‍ മതി ഭാഷയുടെ ശക്തി ബോധ്യപ്പെടാന്‍. സംസ്‌കൃതവും അറബിയും ഉര്‍ദുവുമടക്കമുള്ള രണ്ടാം ഭാഷയുടെ സ്‌കൂള്‍ പഠനത്തെ സംബന്ധിച്ച് അന്നത്തെ നായനാര്‍ സര്‍ക്കാര്‍ മുന്നോട്ടുവെച്ച ചില പരിഷ്‌കരണ നിര്‍ദേശങ്ങളാണ് മുസ്‌ലിം ലീഗിനെ ഈ സമരത്തിലേക്ക് നയിച്ചത്. സ്വാഭാവികമായും അത്തരമൊരു നിയമം കൂടുതല്‍ ബാധിക്കുക അറബി അധ്യാപകരെത്തന്നെയാണ്. എന്നാല്‍, യൂത്ത്‌ലീഗ് സമരത്തില്‍ മുന്നേറിയാതോടെ അത് അറബിഭാഷക്കു വേണ്ടി മാത്രമുള്ള ഒരു സമരമായി അന്നും പിന്നീടും മാറിപ്പോയി. അതിന് ചരിത്രം നല്‍കിയ പേരുപോലും 'അറബിഭാഷാസമരം' എന്നായിമാറി.
അതേ വര്‍ഷം ജനുവരിയിലാണ് എല്‍.ഡി.എഫ് സര്‍ക്കാര്‍ അധികാരമേറ്റത്. മൂന്ന് പ്രധാന നിര്‍ദേശങ്ങളായിരുന്നു സര്‍ക്കാറിന്റെ ഉത്തരവിലുണ്ടായിരുന്നത്.  കെ.ഇ.ആര്‍ (കേരള എജുക്കേഷ്‌നല്‍ റൂള്‍) അനുശാസിക്കുന്ന രീതിയില്‍ 20x20 അടി അനുപാതത്തിലുള്ള ക്ലാസ്സ്മുറി ഭാഷ പഠിപ്പിക്കുന്ന സ്‌കൂളിലുണ്ടായിരിക്കണം, കുട്ടി പഠിക്കേണ്ട ഉപഭാഷ ഏതെന്ന് രക്ഷിതാവ് രേഖാമൂലം സ്‌കൂളധികൃതരെ അറിയിക്കണം,  ഏഴാതരം വരെ പഠിച്ചവര്‍ക്ക് ഭാഷാധ്യാപകരാകാം എന്ന അവസ്ഥയില്‍നിന്ന് അവരുടെ വിദ്യാഭ്യാസ യോഗ്യത ഉയര്‍ത്തണം  എന്നിവയായിരുന്നു ആ നിയമങ്ങള്‍. ശരിക്കും പറഞ്ഞാല്‍ അതൊരു തൊഴില്‍ പ്രശ്‌നമായിരുന്നു. അതുകൊണ്ടുതന്നെ ഭാഷാധ്യാപകരാണ് ആദ്യഘട്ടത്തില്‍ സമരത്തിനിറങ്ങിയത്. തൊട്ടുമുമ്പത്തെ സര്‍ക്കാറില്‍ ഏതാനും ആഴ്ചകള്‍ മാത്രം മുഖ്യമന്ത്രിയായിരുന്ന സി.എച്ച് മുഹമ്മദ് കോയയാണ് ആ സമരത്തെ ഏറ്റെടുത്ത് യൂത്ത്‌ലീഗുകാരെ ഏല്‍പ്പിച്ചത്. സെക്രട്ടറിയേറ്റു പടിക്കല്‍ നടത്തിയ ധര്‍ണ ഉദ്ഘാടനം ചെയ്ത് സി.എച്ച് ഇങ്ങനെ പ്രസംഗിച്ചുവത്രെ: 'അധ്യാപകര്‍ സ്‌കൂളിലേക്ക് തിരിച്ചു പോകൂ, ഈ സമരം സമുദായം ഏറ്റെടുത്തിരിക്കുന്നു.' സമരത്തിന് കാരണമായ ആ  സര്‍ക്കാര്‍നിയമങ്ങള്‍ ഇന്ന്  വായിക്കുന്ന ഒരാള്‍ക്ക് അത്ഭുതം തോന്നാം. മൂന്ന് ചെറുപ്പക്കാരുടെ ചോരയെടുക്കാന്‍മാത്രം അതിലെന്തിരിക്കുന്നുവെന്ന്. ഇന്ന് അങ്ങനെ തോന്നുന്നതില്‍ കാര്യമില്ലെന്നറിയാം. എങ്കിലും അതേ നിയമങ്ങള്‍ പിന്നീട് വിദ്യാലയങ്ങളില്‍ വേറെവേറെ മട്ടില്‍ വന്നുവീഴുമ്പോള്‍ സമരം നയിക്കേണ്ട യുവജനങ്ങളെല്ലാം അറബിയൊഴികെ മറ്റെല്ലാം പഠിച്ച് ഗള്‍ഫില്‍ ജോലിചെയ്യുകയായിരുന്നു എന്ന് നാം ഇപ്പോള്‍ തിരിച്ചറിയുന്നുണ്ട്.
മജീദ്, റഹ്മാന്‍, കുഞ്ഞിപ്പ എന്നീ ചെറുപ്പക്കാരാണ് മലപ്പുറത്തെ മുണ്ടുപറമ്പിലുള്ള അന്നത്തെ കലക്ടറേറ്റു പടിക്കല്‍ പോലീസിന്റെ വെടിയേറ്റ് പിടഞ്ഞുവീണത്. അതേസമയം തലസ്ഥാനത്ത് നിയമസഭാ സമ്മേളനം നടക്കുകയായിരുന്നു. മലപ്പുറത്തുനിന്ന് വരുന്ന കാറ്റില്‍ ചോരയുടെയും കരിഞ്ഞമാംസത്തിന്റെയും വെടിയുണ്ടയുടെയും മണമുണ്ടെന്ന് സി.എച്ച് അവിടെ പ്രസംഗിച്ചു. അടിയന്തരപ്രമേയത്തിന് അനുവാദം കിട്ടാത്തതിനാല്‍ പ്രക്ഷുബ്്ധമായ നിയമസഭയില്‍ യൂത്ത് ലീഗ് ജനറല്‍ സെക്രട്ടറി കെ.പി.എ മജീദ് ബോധംകെട്ടുവീണു. ഒരു പക്ഷേ മലപ്പുറത്ത് സംഭവങ്ങള്‍ അത്രയും വഷളാക്കിയത് പെരിന്തല്‍മണ്ണ ഡി.വൈ.എസ്.പിയായിരുന്ന വാസുദേവന്‍ നായരുടെ അനവസരത്തിലുള്ള വെടിവെയ്പ്പായിരിക്കണം. ഒരു പോലീസുദ്യോഗസ്ഥന്റെ കൃത്യനിര്‍വഹണത്തിലുള്ള വീഴ്ച ഒരു ഭാഷയുടെയും അതിനെ സ്‌നേഹിക്കുന്ന സമുദായത്തിന്റെയും അതിലെ പ്രമുഖ പാര്‍ട്ടിയുടെയും ചരിത്രത്തിന് നിമിത്തമായിത്തീരുന്നുവെന്ന കൗതുകവും ഇന്നോര്‍ക്കാനുണ്ട്. അതൊക്കെത്തന്നെയാണല്ലോ ഒരു ചരിത്രപാഠത്തിലെ അഭ്യാസങ്ങള്‍.
ഏത് ഭാഷയോടുമുള്ള വൈകാരികമായ അടുപ്പമാണ് അതില്ലാതായിത്തീരുന്നുവല്ലോ എന്ന സങ്കടത്തിനു കാരണം. അന്നും ഇന്നും ലോകത്തിലെത്തന്നെ പ്രധാന ഭാഷകളിലൊന്നായ അറബി ഈ കേരളക്കരയിലെ പ്രൈമറി വിദ്യാലയങ്ങളില്‍ ആഴ്ചയില്‍ നാലു പീരീഡ് പഠിപ്പിച്ചതുകൊണ്ടുമാത്രം പുരോഗമിക്കുകയുമില്ല, അത് എടുത്തുമാറ്റിയതുകൊണ്ടുമാത്രം മരിച്ചുപോവുകയുമില്ല. അറബിയോ സംസ്‌കൃതമോ ആകട്ടെ, ഒരു ഭാഷക്കും സ്‌കൂളില്‍ പഠിപ്പിച്ചുകൊണ്ടുമാത്രം കുറേകാലം നിലനില്‍ക്കാനാവുകയില്ല. എന്നാല്‍, അന്ന് കേരളത്തിലെ എല്ലാ ജില്ലാ ആസ്ഥാനത്തേക്കും യൂത്ത് ലീഗ് പ്രവര്‍ത്തകര്‍ നടത്തിയ മാര്‍ച്ചില്‍ മൂന്ന് ജീവന്‍ ബലിനല്‍കുകയും ഒട്ടേറെ യുവാക്കള്‍ പരിക്കേറ്റ് ആശുപത്രിയിലാവുകയും ചെയ്തപ്പോള്‍ ഒരു സര്‍ക്കാറിന് നില്‍ക്കക്കള്ളിയില്ലാതായി. തിരുവനന്തപുരത്ത് രണ്ടു വര്‍ഷം പോലും തികക്കാനാവാതെ മുഖ്യമന്ത്രി നായനാര്‍ കല്യാശ്ശേരിയിലേക്ക് തിരിച്ചുപോയി. സമരത്തിനു ശേഷവും അറബിഭാഷയും അറബി അധ്യാപകരും അതേ പഴയ സ്‌കൂളില്‍  അലിഫും ബാഉം പഠിപ്പിച്ചുകൊണ്ടേയിരുന്നു. ചില രക്തസാക്ഷ്യങ്ങള്‍ പകരം തരുന്നത് പലപ്പോഴും രാഷ്ട്രീയമായ ചില്ലറ നേട്ടങ്ങള്‍ മാത്രമായിരിക്കുമെന്നതാണ് മുപ്പതു വയസ്സായ ഈ ഭാഷാസമര ചരിത്രത്തിന്റെ പ്രധാന പാഠ്യവസ്തു.
പിന്‍വാതില്‍ - അറബിഭാഷാ പ്രക്ഷോഭം നടക്കുമ്പോള്‍ ശ്രീ ബേബിജോണ്‍ ആയിരുന്നു കേരള വിദ്യാഭ്യാസമന്ത്രി. കേരളത്തില്‍ മുസ്‌ലിംലീഗിന്റെ വിദ്യാഭ്യാസമന്ത്രിയുടെ കാലത്താണ് സംസ്‌കൃത സര്‍വകലാശാല ആരംഭിക്കുന്നത്. ഇതാ പുതിയ വിദ്യാഭ്യാസമന്ത്രി മലയാളം സര്‍വകലാശാല തുടങ്ങാന്‍ പോകുന്നു. അറബി സര്‍വകലാശാല വേണെമെന്ന വാദവും ശക്തമാണ്. ഒരു സര്‍വകലാശാലകൊണ്ട് ഭാഷക്ക് എന്തെങ്കിലും നേട്ടം ലഭിക്കുമായിരുന്നുവെങ്കില്‍ കേരളത്തിലെല്ലായിടത്തും ഇന്ന് സംസ്‌കൃതം വ്യവഹാരഭാഷയായി മാറിയേനേ.
 പക്ഷേ, അറബിഭാഷ ഇസ്‌ലാമിന്റെ സ്വകാര്യസ്വത്താണെന്നും അതിന്റെ പേരില്‍ ഒരു സര്‍വകലാശാലയുണ്ടായാല്‍ അത് ഗുണംചെയ്യുക ഇസ്‌ലാമിനും മുസ്‌ലിംകള്‍ക്കും മാത്രമാണെന്നും ചിന്തിക്കുന്നത്, അങ്ങേയറ്റം ബാലിശമാണ്. അറബിഭാഷാ പഠനത്തെ ബാധിക്കുന്ന തീരുമാനങ്ങള്‍ മുസ്‌ലിം ലീഗിന് പങ്കാളിത്തമില്ലാത്ത ഒരു സര്‍ക്കാര്‍ എടുക്കുന്നത് മുസ്‌ലിം സമുദായത്തിനു നേരെയുള്ള ആക്രമണമാണെന്ന തെറ്റായ പൊതുബോധം പണ്ട് സൃഷ്ടിക്കപ്പെട്ടതുപോലെ തന്നെ അപകടകരമാണ്, അറബിക്കുവേണ്ടിയെടുക്കുന്ന ഏതു തീരുമാനവും മുസ്‌ലിം സമുദായത്തിന്റെ മാത്രം ഗുണത്തിനാണെന്ന് കരുതുന്നതും.
(9895 437056) [email protected]

Comments