Prabodhanm Weekly

Pages

Search

2011 ആഗസ്റ്റ് 6

കര്‍ക്കടകത്തിലെ റമദാന്‍

മുഹമ്മദ് പാറക്കടവ്

വര്‍ഷത്തെ വിശുദ്ധ റമദാന്‍ കര്‍ക്കടകം പകുതിയോടെയാണ് ആരംഭിക്കുന്നത്. അതിനാല്‍ കേരളത്തിലെ മുസ്ലിംകള്‍ അവസരോചിതമായ ചില പരിപാടികള്‍ ഈ മാസത്തേക്ക് ആവിഷ്കരിക്കേണ്ടതാണ്. കാലവര്‍ഷക്കെടുതിയും തൊഴില്‍ രംഗത്തെ അനിശ്ചിതത്വവും കാരണം മുമ്പ് മുതലേ പഞ്ഞ മാസമായിട്ടാണ് കര്‍ക്കടകമാസം അറിയപ്പെടുന്നത്. പല പ്രദേശങ്ങളിലും ഇപ്പോഴും സ്ഥിതിക്ക് മാറ്റമില്ല. അതിനാല്‍ അരിവിതരണം ഉള്‍പ്പെടെയുള്ള റിലീഫ് പ്രവര്‍ത്തനങ്ങള്‍ ആവിഷ്കരിക്കുമ്പോള്‍ മത-കക്ഷി ഭേദം കൂടാതെ സര്‍വ ദരിദ്രരെയും പരിഗണിക്കണം. കടലോര-മലയോര പ്രദേശങ്ങളിലും ആദിവാസി ഹരിജന്‍ കോളനികളിലും അനുഗൃഹീത മാസത്തിലെ ഔദാര്യം എത്തിക്കാന്‍ സംഘടനകള്‍ ശ്രദ്ധിക്കേണ്ടതാണ്. ചില മേഖലകളിലെങ്കിലും റമദാന്‍ മാസത്തില്‍ ആവശ്യത്തിലേറെ അരിച്ചാക്കുകള്‍ കിട്ടുന്നതായും അത് പുഴുവരിച്ച് പോകുന്നതായും പരാതിയുണ്ട്. എന്നാല്‍, ആവശ്യക്കാരെയും അര്‍ഹരെയും കണ്ടെത്തി എല്ലാ വിഭാഗക്കാര്‍ക്കും ഭക്ഷണ-വസ്ത്ര വിതരണം നടത്തുകയാണെങ്കില്‍ ഒരുപാട് പേര്‍ക്ക് അത് പ്രയോജനപ്പെടും. മുന്‍കാലം തൊട്ടേ ഈ മാസത്തിലാണ് ആരോഗ്യ പരിരക്ഷക്കാവശ്യമായ ആയുര്‍വേദ ചികിത്സ നടത്താറുള്ളത്. പകല്‍ മുഴുവന്‍ അന്നപാനീയങ്ങള്‍ ഉപേക്ഷിക്കുന്ന വിശ്വാസികള്‍ ഈ വര്‍ഷകാലത്ത് ഏത് തരം ഭക്ഷണ രീതിയാണ് സ്വീകരിക്കേണ്ടതെന്ന കാര്യത്തില്‍ ആരോഗ്യ രംഗത്തെ വിദഗ്ധരുടെ ഉപദേശം തേടണം. ശരീരത്തിനും മനസ്സിനും ഉന്മേഷം ലഭിക്കാനുതകുന്ന ആഹാര രീതി രാത്രി കാലത്ത് സ്വീകരിക്കാന്‍ തയാറാകണം. ഈ നാടിന്റെ കാലാവസ്ഥക്കും പ്രകൃതിക്കും ചേര്‍ന്ന ഭക്ഷണ രീതി സ്വീകരിച്ചാല്‍ അത് വളരെയേറെ പ്രയോജനപ്പെടും. ഇസ്ലാമിക പ്രവര്‍ത്തകര്‍ ഓരോ പ്രദേശത്തുമുള്ള ഇതര സമുദായത്തിലെ ദരിദ്രരെ കുറിച്ച് പഠനം നടത്താനും അവരുടെ പ്രശ്നങ്ങള്‍ പരിഹരിക്കാനുമുള്ള പദ്ധതികള്‍ ആവിഷ്കരിക്കാനും സമയം വിനിയോഗിക്കുന്നത് പുണ്യം ലഭിക്കാനുള്ള നിരവധി മാര്‍ഗങ്ങളില്‍ ഒന്നാണ്.
ആര്‍ത്തിരമ്പി പെയ്യുന്ന മഴയും വളക്കൂറുള്ള മണ്ണുമുള്ള കേരളത്തില്‍ ധാരാളം ചെടികളും മരങ്ങളും വെച്ചു പിടിപ്പിക്കാന്‍ ശ്രദ്ധിക്കണം. മരണാനന്തരം വരെ പ്രതിഫലം ലഭിക്കുന്ന ഈ സല്‍കര്‍മം റമദാനില്‍ ചെയ്താല്‍ അനേകമിരട്ടി പുണ്യം ലഭിക്കുമെന്ന് മറന്നു പോകരുത്.
മുസ്ലിംകള്‍ ധാരാളമായി ഖുര്‍ആന്‍ പാരായണം ചെയ്യുകയും തദടിസ്ഥാനത്തിലുള്ള ക്ളാസുകള്‍ നടത്തുകയും ചെയ്യുന്ന മാസമാണ് റമദാന്‍. രാമായണത്തിന്റെ മാസമായാണ് കര്‍ക്കടകം അറിയപ്പെടുന്നത്. രണ്ടു ഗ്രന്ഥങ്ങളുടെയും ആശയങ്ങളും ജീവിത വീക്ഷണവും വിശദീകരിക്കുന്ന സാംസ്കാരിക സദസ്സുകള്‍ ഇരുവിഭാഗത്തെയും അഭ്യസ്തവിദ്യരായ വ്യക്തികള്‍ മുന്‍കൈയെടുത്ത് സംഘടിപ്പിക്കണം. വാദിക്കുകയോ തോല്‍പിക്കുകയോ ചെയ്യാനല്ല, അപരന്റെ ശബ്ദം സംഗീതം പോലെ ശ്രവിക്കാനുള്ള സന്മനസോടെയായിരിക്കണം ഈ പരിപാടികള്‍ നടത്തേണ്ടത്. നമ്മുടേത് പോലുള്ള, വിവിധ ചിന്താഗതിക്കാര്‍ ഇടകലര്‍ന്ന് ജീവിക്കുന്ന പ്രദേശത്ത് ഇത്തരം ആദാന-പ്രദാനത്തിന്റെ സ്വഭാവത്തോടുകൂടിയ സംഗമങ്ങള്‍ ഏറെ ഫലം ചെയ്യും.
[email protected]

 

Comments