Prabodhanm Weekly

Pages

Search

2011 ആഗസ്റ്റ് 6

ഖുര്‍ആന്റെ മാസം


നമസ്‌കാരം, ദാനധര്‍മങ്ങള്‍ തുടങ്ങി എല്ലാ കര്‍മപുണ്യങ്ങളുടെയും പൂക്കാലമാണ് റമദാന്‍. അക്കൂട്ടത്തില്‍ ഒരു പുണ്യകര്‍മം എന്നതു മാത്രമല്ല റമദാനില്‍ ഖുര്‍ആന്‍ പാരായണത്തിന്റെ പ്രസക്തി. റമദാന്‍ നോമ്പിന്റെ മാസമെന്നതുപോലെ ഖുര്‍ആന്റെയും മാസമാണ്. ഖുര്‍ആന്‍ നോമ്പുമാസത്തിലവതരിച്ചതോ ഖുര്‍ആന്‍ അവതരിച്ച മാസം നോമ്പു മാസമായതോ യാദൃഛികമല്ല. വ്രതം, ഖുര്‍ആന്‍ എന്നീ രണ്ട് വിശുദ്ധ സംഗതികളും തമ്മില്‍ അഭേദ്യമായ ബന്ധമുണ്ട്. ഒന്നിന്റെ പൂരകമാണ് മറ്റേത്. അല്ലാഹു പറഞ്ഞു: ''റമദാന്‍ മാസം മനുഷ്യര്‍ക്കാകമാനം സന്മാര്‍ഗദര്‍ശകവും സന്മാര്‍ഗ പ്രമാണങ്ങളും സത്യാസത്യ വിവേചകവുമായിക്കൊണ്ട് ഖുര്‍ആന്‍ അവതരിച്ച മാസമാകുന്നു. അതിനാല്‍ ആ മാസത്തിന് സാക്ഷിയായവര്‍ മാസം മുഴുവന്‍ നിര്‍ബന്ധമായും വ്രതമനുഷ്ഠിച്ചുകൊള്ളണം'' (2:185). റമദാന്‍ മാസത്തെ ഖുര്‍ആന്‍ അവതരിപ്പിക്കാന്‍ അല്ലാഹു പ്രത്യേകം തെരഞ്ഞെടുത്തതാണെന്നും ഖുര്‍ആന്‍ അവതരിച്ച മാസമാണ് വ്രതാനുഷ്ഠാനം നിര്‍ബന്ധമാകാന്‍ ഏറ്റം ഉചിതമായ മാസമെന്നും ഈ വചനം സൂചിപ്പിക്കുന്നു. ഖുര്‍ആന്‍ ജ്ഞാനമാണെങ്കില്‍ ആ ജ്ഞാനം പഠിക്കാനും ഉള്‍ക്കൊള്ളാനും ഏറ്റം അനുയോജ്യമായ പരിസരമാണ് നോമ്പ് കാലം. നോമ്പ് ഒരു വഴിയാണെങ്കില്‍ ആ വഴിയിലെ വെളിച്ചമാണ് ഖുര്‍ആന്‍.
റമദാനിലെ ഖുര്‍ആന്‍ പാരായണം കൊണ്ടുദ്ദേശിക്കപ്പെട്ടിട്ടുള്ളത് കേവലം വായിച്ചു തീര്‍ക്കലല്ല; പഠനവും മനനവുമാണ്. പ്രവാചകന്റെയും ശിഷ്യന്മാരുടെയും രീതി അതായിരുന്നു. എല്ലാ റമദാന്‍ മാസങ്ങളിലും ജിബ്‌രീല്‍(അ) വന്ന് നബി(സ)യെക്കൊണ്ട് അതുവരെ അവതരിച്ച ഖുര്‍ആന്‍ ഓതിക്കാറുണ്ടായിരുന്നുവെന്ന് ഹദീസുകളില്‍ പറയുന്നു. ഈ ഓതിക്കല്‍ പഠിപ്പിക്കലും പാഠപരിശോധനയുമായിരുന്നുവെന്ന് വ്യക്തം. ഖുര്‍ആന്‍ അര്‍ഥമറിയാതെ പാരായണം ചെയ്യുന്നതിന് പുണ്യമുണ്ടോ എന്നൊരു തര്‍ക്കമുണ്ട്. ഇല്ലെന്നാണൊരു വീക്ഷണം. അര്‍ഥമറിഞ്ഞുകൂടെങ്കിലും അല്ലാഹുവിന്റെ വചനങ്ങള്‍ എന്ന ബോധത്തോടെ പാരായണം ചെയ്യുന്നത് പുണ്യകരം തന്നെ എന്ന് മറുപക്ഷം. ഇതാണ് കൂടുതല്‍ പ്രബലം. ഒരാള്‍ ഖുര്‍ആന്‍ വായിക്കുകയോ കേള്‍ക്കുകയോ ചെയ്യുമ്പോള്‍ വായിക്കുന്നതും കേള്‍ക്കുന്നതും അല്ലാഹുവിന്റെ വചനങ്ങളാണ്. അല്ലാഹു അയാളോട് സംസാരിക്കുകയാണ്. ആ വചനങ്ങള്‍ മനസ്സിലാകുന്നില്ലെങ്കിലും നാവിലൂടെ ഒഴുകിക്കൊണ്ടിരിക്കുന്നത് ഒരു പുണ്യം തന്നെയാണ്. ആദരണീയരായ മഹാന്മാരുടെയും നേതാക്കളുടെയും പ്രഭാഷണങ്ങള്‍ അന്യ ഭാഷയിലാണെങ്കിലും ആളുകള്‍ താല്‍പര്യപൂര്‍വം കേള്‍ക്കാറുണ്ടല്ലോ. അവരോടുള്ള ആദരവിന്റെയും സ്‌നേഹത്തിന്റെയും പ്രകടനമാണത്. അര്‍ഥമറിയാതെ ഖുര്‍ആന്‍ പാരായണം ചെയ്യുമ്പോഴും അതില്‍ ഭക്തിയുടെയും ആരാധനയുടെയും ചൈതന്യമുണ്ടായിരിക്കും.
ഖുര്‍ആന്‍ അര്‍ഥമറിയാതെ പാരായണം ചെയ്താല്‍ മതി എന്നല്ല ഇപ്പറഞ്ഞതിനര്‍ഥം. അര്‍ഥമറിയാത്തവരും ഖുര്‍ആന്‍ പാരായണം ചെയ്യേണ്ടതുണ്ട് എന്നു മാത്രമാണ്. ഖുര്‍ആന്റെ അവതരണ ലക്ഷ്യം മനുഷ്യജീവിതത്തിന് മാര്‍ഗദര്‍ശനം നല്‍കുകയും അവനെ സത്യവും അസത്യവും വേര്‍തിരിച്ചറിയാനും ആചരിക്കാനും പ്രാപ്തനാക്കുകയുമാണെന്ന് നടേ ഉദ്ധരിച്ച ഖുര്‍ആന്‍ വചനം അസന്ദിഗ്ധമായി പ്രസ്താവിക്കുന്നു. നൂറ് (വെളിച്ചം), ശിഫാഅ് (ശമനം), ദൈവകാരുണ്യം (റഹ്മത്ത്) എന്നിങ്ങനെ ഖുര്‍ആന്‍ സ്വയം വിശേഷിപ്പിച്ചിട്ടുണ്ട്. ഈ വിശേഷണങ്ങളും ഖുര്‍ആന്റെ ലക്ഷ്യങ്ങളെയാണ് സൂചിപ്പിക്കുന്നത്. ജീവിതയാത്രയിലെ വെളിച്ചം, അത്യാസക്തികള്‍ക്കും അതിമോഹങ്ങള്‍ക്കും അതുളവാക്കുന്ന സംഘര്‍ഷങ്ങള്‍ക്കുമുള്ള ശമനം, അല്ലാഹു മനുഷ്യര്‍ക്കരുളുന്ന കാരുണ്യം ഇതൊക്കെയാണ് ഖുര്‍ആന്‍. ഖുര്‍ആന്‍ സ്വര്‍ണ പേടകത്തില്‍ പൂട്ടി വെച്ചാലോ അര്‍ഥമറിയാതെ ഉരുവിട്ടാലോ ഈ അനുഗ്രഹങ്ങളൊന്നും അനുഭവിക്കാനാവില്ല. ഖുര്‍ആന്റെ അവതരണ ലക്ഷ്യം നേടണമെങ്കില്‍ അത് പഠിച്ച് മനസ്സിലാക്കിയും മനനം ചെയ്തുമായിരിക്കണം വായിക്കുന്നത്.
ഈ വിധത്തിലുള്ള വായനക്ക് ഏറ്റം ഉചിതമായ അവസരമാണ് റമദാന്‍. സത്യവിശ്വാസികള്‍ ഭൗതിക ചിന്തകളില്‍നിന്നും ജോലിത്തിരക്കുകളില്‍നിന്നും ഒട്ടൊക്കെ മാറിനില്‍ക്കുന്ന കാലം. വ്രതാനുഷ്ഠാനത്തിലൂടെ ജഡികാവശ്യങ്ങളെയും ആസക്തികളെയും മെരുക്കിയെടുക്കുന്ന നാളുകള്‍. സര്‍വോപരി സ്വന്തം ആത്മാവിലേക്കും അതുവഴി പ്രപഞ്ചാത്മാവിലേക്കും വഴിതേടുന്ന രാപ്പകലുകള്‍. വിശ്വാസിയുടെ മനസ്സില്‍ ഖുര്‍ആന്റെ വെളിച്ചം അത്യുജ്വലമാവുകയും അല്ലാഹുവിങ്കലേക്കുള്ള അവന്റെ മാര്‍ഗത്തിലെ വലിയ വലിയ പ്രതിബന്ധങ്ങള്‍ മാത്രമല്ല, ചെറിയ ചെറിയ കല്ലു- മുള്ളുകള്‍ വരെ കാണിച്ചുകൊടുക്കുകയും തരണം ചെയ്യാന്‍ സഹായിക്കുകയും ചെയ്യുന്ന സന്ദര്‍ഭമാണിത്.  അതുകൊണ്ടുതന്നെയായിരിക്കണം ഖുര്‍ആന്‍ അവതരിച്ച മാസം വ്രതമാസമാക്കി നിശ്ചയിക്കപ്പെട്ടതെന്ന് പൂര്‍വസൂരികള്‍ നിരീക്ഷിച്ചിട്ടുണ്ട്. ഖുര്‍ആന്‍ അര്‍ഥമറിയാത്ത ശബ്ദം മാത്രമാകുമ്പോള്‍ ഈ നന്മകളും നേട്ടങ്ങളും പൂര്‍ണമായി നിരാകരിക്കപ്പെടുകയാണ്.
അര്‍ഥസഹിതമുള്ള വിശദമായ ഖുര്‍ആന്‍ പഠനത്തിന് ഇക്കാലത്ത് പല സൗകര്യങ്ങളുമുണ്ട്. സാധാരണക്കാരെ ഖുര്‍ആന്‍ പഠിപ്പിക്കാന്‍ സംസ്ഥാനതലത്തില്‍ ഒന്നിലേറെ സ്ഥാപനങ്ങള്‍ പ്രവര്‍ത്തിച്ചുകൊണ്ടിരിക്കുന്നു. അക്ഷരജ്ഞാനമുള്ള ആര്‍ക്കും ഉപയോഗപ്പെടുത്താവുന്ന, ഖുര്‍ആന്‍ തര്‍ജമകളും വ്യാഖ്യാനങ്ങളും മലയാളത്തില്‍ സുലഭമാണ്. സാമാന്യമായ ഖുര്‍ആന്‍ പഠനത്തിന് അറബി പരിജ്ഞാനത്തിന്റെ അഭാവം ഇന്നൊരു തടസ്സമല്ലാതായിരിക്കുന്നു. ഈ വിശുദ്ധ റമദാനില്‍ പരിശുദ്ധ ഖുര്‍ആന്‍ കൂടുതല്‍ പഠിക്കാനും ഉള്‍ക്കൊള്ളാനും എല്ലാ വിശ്വാസികള്‍ക്കും കരുണാവാരിധിയായ അല്ലാഹു ഉതവിയരുളുമാറാകട്ടെ.

Comments