ഫുള്‍സ്ലീവും മക്കനയും ധരിക്കുമ്പോള്‍ ഉറഞ്ഞാടുന്ന മതേതരത്വം
മുസ്‌ലിം സ്ത്രീയുടെ വസ്ത്രധാരണം സമുദായത്തിനകത്തും പുറത്തും വിവാദ വിഷയമായിട്ടുണ്ട്. ഒരു സ്ത്രീയുടെ അവകാശമെന്ന നിലയിലും തെരഞ്ഞെടുപ്പ് എന്ന നിലയിലുമുള്ള രാഷ്ട്രീയ പരികല്‍പന ഇതിനു നല്‍കാന്‍ ആരും തയാറായിട്ടില്ല. കേവല മതവിധികള്‍ക്കപ്പുറത്ത് രാഷ്ട്രീയവും ആത്മീയവുമായ ഒരു തലമുള്ള വിഷയമാണ് മുസ്‌ലിം സ്ത്രീയുടെ വേഷം. ഇറാനില്‍ ശിരോവസ്ത്രം ഒരു രാഷ്ട്രീയ ചിഹ്നമാണ്. ഏതു മതവിഭാഗത്തിലുള്ളവരും രാഷ്ട്ര നിയമമെന്ന നിലയില്‍ അതനുഷ്ഠിക്കല്‍ നിര്‍ബന്ധമാണ്. നമ്മുടെ നാട്ടിലുള്ള മിക്ക മുസ്‌ലിം സ്ത്രീകളും ശിരോവസ്ത്രം ധരിക്കുന്നത് മതപരമായ ഒരു അനുഷ്ഠാനമായിട്ടാണ്. ഇസ്‌ലാമിലെ വിശ്വാസം (ഈമാന്‍), ഹയാഅ് (ലജ്ജ) തുടങ്ങിയവയുടെ അടിസ്ഥാനത്തിലാണ് ശിരോവസ്ത്രം, ഫുള്‍സ്ലീവ് എന്നിവ ധരിക്കുന്നത്. ഇവയെല്ലാം മതേതരവാദികള്‍ക്കും ഉദാരവാദികള്‍ക്കും പിടികിട്ടാത്ത പദാവലികളാണ്. അതിനാല്‍ ഈ വസ്ത്രധാരണം അസാധാരണ പ്രക്രിയയായും സ്ത്രീ സ്വാതന്ത്ര്യത്തിനെതിരായും വ്യാഖ്യാനിക്കപ്പെടുന്നു. കേരളത്തില്‍ ഈയിടെ നടന്ന ചില സംഭവങ്ങളില്‍ 'മതേതര' ഏജന്‍സികളുടെയും ഉദാര സ്ത്രീവാദികളുടെയും ജാതിയും മതവും വ്യക്തമാക്കപ്പെടുന്നു.
ഫുള്‍സ്ലീവ്, മഫ്ത എന്നിവ ധരിച്ചതിന്റെ പേരില്‍ ചില വിദ്യാലയങ്ങളില്‍ മുസ്‌ലിം പെണ്‍കുട്ടികളെ പുറത്താക്കി. ഈ വിഷയമുയര്‍ത്തി എസ്.ഐ.ഒയും ജി.ഐ.ഒയും സ്‌കൂളിലേക്ക് പ്രതിഷേധ മാര്‍ച്ച് നടത്തി. കണ്ണൂരിലെ എസ്.എന്‍ സ്‌കൂളിലേക്കും നിലമ്പൂരിലെ ഫാത്തിമ ഗിരി സ്‌കൂളിലേക്കും കോതമംഗലത്തെ സെന്റ് അഗസ്റ്റിന്‍ സ്‌കൂളിലേക്കും പ്രതിഷേധ മാര്‍ച്ചുകള്‍ സംഘടിപ്പിച്ചു. നിയമപരമായി വളരെ വേഗം ഈ പ്രശ്‌നം പരിഹരിക്കുകയും ചെയ്തു. അതിനു ശേഷവും നിരവധി പ്രശ്‌നങ്ങള്‍ ഈ വിവാദം ഉയര്‍ത്തുന്നുണ്ട്. കേരളത്തിലെ അനവധി കലാലയങ്ങളില്‍ യൂനിഫോമിന്റെയും ചട്ടങ്ങളുടെയും പേരില്‍ മഫ്ത, ഫുള്‍സ്ലീവ് നിരോധം നിലവിലുണ്ട്. പ്രത്യേകിച്ച് ക്രിസ്ത്യന്‍ മാനേജ്‌മെന്റിനു കീഴിലുള്ള സ്ഥാപനങ്ങളില്‍. മുസ്‌ലിം വിഭാഗങ്ങള്‍ നടത്തുന്ന ഒരു സ്ഥാപനത്തിലും മുസ്‌ലിംകളല്ലാത്ത അധ്യാപികമാരെയോ വിദ്യാര്‍ഥികളെയോ പൊതു ആഖ്യാനത്തിലേക്ക് (യൂനിഫോമില്‍ മഫ്ത ഉള്‍പ്പെടുത്തിയിട്ടും) കൊണ്ടുവരുന്നില്ല. അവരുടേതായ വസ്ത്രധാരണത്തെ വിലമതിക്കുകയും സ്ത്രീകളുടെ തെരഞ്ഞെടുപ്പിനെയും അവകാശത്തെയും മാനിക്കുകയും ചെയ്യുന്നു. കേരളത്തിലെ ഒരു മുസ്‌ലിം മാനേജ്‌മെന്റിനു കീഴിലുള്ള സ്ഥാപനത്തിലും ചട്ടങ്ങളുടെ പേരില്‍ മതസ്വാതന്ത്ര്യത്തെ നിരാകരിക്കുന്നില്ല. ഇന്ത്യന്‍ ഭരണഘടനാ വിരുദ്ധവും സ്‌കൂള്‍ നിയമങ്ങള്‍ക്ക് നിരക്കാത്തതുമായ ഈ 'നിരോധ'ത്തെ സ്‌കൂള്‍ അധികൃതര്‍ ന്യായീകരിക്കുന്നത് 'മതേതര' സംരക്ഷണത്തിന്റെ പേരിലാണ്. 'രക്ഷിതാക്കള്‍ക്കും വിദ്യാര്‍ഥിനികള്‍ക്കും പ്രശ്‌നമില്ലെങ്കില്‍ പിന്നെ നിങ്ങള്‍ക്കെന്താണ്' എന്ന തര്‍ക്കുത്തരം പറയുന്നവരും ഇക്കൂട്ടത്തിലുണ്ട്. കൊല്ലത്തെ ഒരു സ്‌കൂള്‍ മാനേജര്‍ പറഞ്ഞത് 'ഇവിടെ സ്‌കൂള്‍ നിര്‍ത്തി ഞാന്‍ ബാര്‍ തുടങ്ങും! നിങ്ങള്‍ എന്തു ചെയ്യും' എന്നാണ്. സ്വാതന്ത്ര്യത്തെ മാനിക്കാന്‍ ഓരോരുത്തരും തയാറാവേണ്ടതുണ്ട്. മഫ്തയിട്ട് വരുന്ന കുട്ടിയുടെ അവകാശം 'ഭീകരവാദവും' മഫ്തയിടാതെ വരുന്നവരുടേത് സ്വാതന്ത്ര്യവും എന്ന മതേതര ലാഘവ യുക്തിയെയാണ് ഇവിടെ നേരിടേണ്ടത്. പ്രാര്‍ഥനക്ക് (ജുമുഅ) സൗകര്യം ചെയ്തുകൊടുക്കാതിരിക്കല്‍, പുറത്തേക്ക് വിടാതിരിക്കല്‍ തുടങ്ങിയ നിരവധി പ്രശ്‌നങ്ങള്‍ ഇത്തരം സ്‌കൂളുകളുടെ ഭാഗത്തുനിന്നുണ്ടാവുന്നു. ഇന്ത്യന്‍ ഭരണഘടനക്ക് വിരുദ്ധമായ ഒരു നിയമവും ചട്ടവും ഉണ്ടാക്കാന്‍ ആര്‍ക്കും അധികാരമില്ല. ഈ 'ദേശദ്രോഹം' ചെയ്യുന്നവരാണ് ചോദ്യം ചെയ്യുന്നവരെ മതമൗലികവാദികളാക്കുന്നത്. നിലമ്പൂരിലെ ഫാത്തിമഗിരിയിലേക്ക് എസ്.ഐ.ഒ മാര്‍ച്ച് നടത്തിയപ്പോള്‍ അതിനെ 'താലിബാനിസം' എന്നാണ് ആര്യാടന്‍ ഷൗക്കത്ത് വിശേഷിപ്പിച്ചത്. മഫ്തയിടല്‍ താലിബാനിസവും മഫ്ത ഒഴിവാക്കല്‍ പുരോഗമനവാദവും എന്ന യുക്തിയാണ് മതേതരത്തിന്റെ കാതല്‍. ഒരു മുസ്‌ലിം മാനേജ്‌മെന്റിനു കീഴിലുള്ള സ്ഥാപനത്തില്‍ ഒരാളെ മഫ്തയിടാന്‍ നിര്‍ബന്ധിച്ചാല്‍ ദല്‍ഹി വരെ കുലുങ്ങും. എന്നാല്‍, മതസ്വാതന്ത്ര്യത്തെ നിരന്തരം നിരാകരിക്കുന്ന ഈ സ്ഥാപനങ്ങള്‍ക്കെതിരെ നടപടിയെടുക്കാന്‍ കേരളത്തിലെ സര്‍ക്കാറിനു പോലും ഭയമാണ്. സ്വാശ്രയ വിഷയത്തില്‍ മാത്രമല്ല, സര്‍ക്കാറിന്റെ എല്ലാ നിയമങ്ങളെയും കാറ്റില്‍ പറത്തി വത്തിക്കാനില്‍ നിന്ന് വെഞ്ചരിച്ച് കെട്ടിയതില്‍ മാത്രം വിശ്വസിക്കുന്നവര്‍ 'പുരോഗമനവാദി'കളും ഇതിനെ ചോദ്യം ചെയ്യുന്നവര്‍ വര്‍ഗീയവാദികളും എന്നതാണിവിടെ പ്രചാരണം നേടുന്ന വ്യവസായം.
ഉദാര സ്ത്രീവാദികളുടെ സ്ത്രീ സ്വാതന്ത്ര്യ വാദമാണ് ഇതിലെ ഒരു കാപട്യം. കാസര്‍കോട് റയാന എന്ന പെണ്‍കുട്ടിയെ മഫ്ത ധരിക്കാന്‍ നിര്‍ബന്ധിച്ചപ്പോള്‍ അതിനെതിരെ തിരുവനന്തപുരം മുതല്‍ കാസര്‍കോട് വരെ പ്രതിഷേധം ഉയര്‍ന്നു. സ്ത്രീ സ്വാതന്ത്ര്യത്തിനെതിരെ മതമൗലികവാദികളുടെ ഹാലിളക്കം എന്ന് അതിനെ വിശേഷിപ്പിച്ചു. മുസ്‌ലിം സ്ത്രീയുടെ സ്വാതന്ത്ര്യത്തെക്കുറിച്ച് ആര്‍ത്തട്ടഹസിച്ചു. തലതല്ലി കണ്ണീര്‍ വാര്‍ത്തു. ഈ സംഭവം കെട്ടിച്ചമച്ചതാണെന്ന് പിന്നീട് ബോധ്യമായി. കേരളത്തിലെ മാധ്യമങ്ങളെപ്പോലെ, പറഞ്ഞ ഒരു നെറികേടും പിന്‍വലിക്കാന്‍ ഇവര്‍ തയാറായില്ല. സംയുക്ത പ്രസ്താവനകളും വ്യൂപോയിന്റുകളും നടത്തി ഒച്ചപ്പാടുണ്ടാക്കിയവര്‍ ഭീതിദമായ മൗനത്തിലൊളിച്ചു. ആലപ്പുഴയിലെ നബാലയടക്കം എസ്.എന്‍ സ്‌കൂളിലെയും ഫാത്തിമ ഗിരി സ്‌കൂളിലെയും സെന്റ് അഗസ്റ്റിന്‍ സ്‌കൂളിലെയും നിരവധി കുട്ടികള്‍ തങ്ങളുടെ മഫ്തയഴിപ്പിക്കരുത് എന്ന് പറഞ്ഞപ്പോള്‍ ഒരു ഉദാര സ്ത്രീവാദിയും അതിനുവേണ്ടി രംഗത്ത് വന്നില്ല. ഇതിലൂടെ നവ ഉദാര സ്ത്രീവാദത്തിന്റെ മതം ഏതാണെന്ന് വ്യക്തമായി. അധീശ വ്യവഹാരത്തിന്റെ പുറത്തുനിന്ന് വികസിച്ചുവന്ന കൂട്ടായ്മകളായി സ്വയം വിശേഷിപ്പിക്കുന്ന സ്ത്രീവാദ പ്രസ്ഥാനങ്ങള്‍ താങ്ങിനിര്‍ത്തുന്നത് നിലവിലുള്ള അധീശവ്യവഹാരങ്ങളെത്തന്നെയാണ്. പെണ്‍കുട്ടിയുടെ അവകാശങ്ങള്‍ക്ക് ജാതിയും മതവുമുണ്ടെന്ന് തന്നെയാണ് ഇവര്‍ പ്രഖ്യാപിക്കുന്നത്. പ്രത്യേക മതത്തിന്റെ വസ്ത്രധാരണ ശൈലി മാത്രമാണ് സാധാരണ(normal)മായതെന്നും മുസ്‌ലിം പെണ്‍കുട്ടിയുടെ വസ്ത്രധാരണ ശൈലി അസാധാരണ(abnor-mal)മായതെന്നും ഇതിലൂടെ സ്ഥാപിക്കപ്പെടുന്നു. അസാധാരണമായ ശൈലികള്‍ സ്റ്റേറ്റിനും നിലനില്‍ക്കുന്ന മറ്റു അധീശത്വത്തിനെതിരെയുമുള്ള കലാപമാണ്. അതുകൊണ്ട് ഇതിനെ വെച്ച് പൊറുപ്പിക്കാന്‍ സാധ്യമല്ല. ഇത് നിലനിര്‍ത്തണമെന്ന് ആഗ്രഹിക്കുന്നവര്‍ താലിബാനിസ്റ്റുകളാണ്. മഫ്തയെ എതിര്‍ക്കുന്നതിലൂടെ നിങ്ങള്‍ പുരോഗമനവാദിയും, അതിനെ ഉപയോഗിക്കുന്നതിലൂടെ നിങ്ങള്‍ അപരിഷ്‌കൃതരുമായി മാറുന്നു തുടങ്ങിയ മുഴുവന്‍ വാദഗതികളുടെയും പ്രചാരകരായ സ്ത്രീവാദികള്‍ വരേണ്യ നിലപാടിനെ ഉറപ്പിച്ചുനിര്‍ത്തുന്ന ഏജന്‍സികളാണ്. ഇതില്‍ നിന്ന് പുറത്ത് കടന്ന് ഒരു സ്ത്രീയുടെ അവകാശങ്ങള്‍, തെരഞ്ഞെടുപ്പുകള്‍ എന്നിവക്ക് മതപരമായ ചില കാഴ്ചപ്പാടുകള്‍ ഉണ്ടെന്നു അംഗീകരിക്കാന്‍ ഒരു ഉദാര പാരമ്പര്യ സ്ത്രീവാദിയും തയാറായിട്ടില്ല. അതുപോലെ തന്നെ പ്രധാനമാണ് ഇത് ഉയര്‍ത്തുന്നവരുടെ മതവും. ഈ പ്രശ്‌നം സ്‌കൂളില്‍ ചെന്ന് പറയുന്നത് എസ്.എഫ്.ഐ ആണെങ്കില്‍ മതേതരവും എസ്.ഐ.ഒ ആണെങ്കില്‍ മതമൗലികവാദവുമായിത്തീരുന്നു. ഈ പ്രശ്‌നം വളരെ ഗുരുതരമായ ചില വിചാരങ്ങളിലേക്ക് എത്തിക്കുന്നുണ്ട്. ഒരു നിരപരാധിയായ മുസ്‌ലിമിനെ പിടിച്ച് ജയിലിലടച്ചാല്‍ ആ പ്രശ്‌നം ഉയര്‍ത്തിക്കൊണ്ടുവരാന്‍ മുസ്‌ലിമായ ഒരാള്‍ക്കും അവകാശമില്ല. മുസ്‌ലിമിന്റെ തികച്ചും മതപരമായ ഒരു വിഷയം പോലും പൊതുമണ്ഡലത്തില്‍ പറയുന്നത്/ പറയേണ്ടത് മുസ്‌ലിമല്ലാത്ത ഒരാളായിരിക്കണം. അല്ലെങ്കില്‍ വര്‍ഗീയവാദവും ഭീകരതയുമാണ്. മറ്റേത് മതത്തിലെ ആളുകളാണെങ്കിലും അവരുടെ പ്രശ്‌നങ്ങള്‍ പൊതുമണ്ഡലത്തിലേക്ക് കൊണ്ടുവരാന്‍ വേറെ ഏജന്‍സികളുടെ ആവശ്യമില്ല. പൊതുമണ്ഡലത്തിന്റെ ആകുലതകളും പ്രശ്‌നങ്ങളും അവരുടേതു കൂടിയായിരിക്കും. മുസ്‌ലിം പേരുള്ള എഴുത്തുകാരനുപോലും പൊതുസമ്മതി നേടിയെടുക്കണമെങ്കില്‍ ചുരുക്കപ്പേരുകളോ ഇസ്‌ലാം വിമര്‍ശകന്‍ എന്ന ലേബലോ ഉണ്ടായിരിക്കണം. ഇങ്ങനെയുള്ള ത്യാഗം ചെയ്യലുകളിലൂടെയോ മറ്റുള്ളവരുടെ ഔദാര്യങ്ങളിലൂടെയോ നേടിയെടുക്കേണ്ടതാണ് മുസ്‌ലിമായ പൗരന്റെ മൗലികമായ അവകാശങ്ങള്‍ എന്നത് തര്‍ക്കമില്ലാത്ത ഒരു യാഥാര്‍ഥ്യമാണ്. രാഷ്ട്രത്തില്‍ സ്വയം പൗരത്വം ഉറപ്പിക്കണമെങ്കില്‍ നിരന്തരം തെളിയിക്കുകയോ മറ്റുള്ളവരാല്‍ സ്ഥാപിക്കപ്പെടുകയോ ചെയ്യുന്നിടത്ത് നമ്മള്‍ എത്ര ഉറക്കെ ഇല്ലെന്ന് പറഞ്ഞാലും ചില പോരായ്മകള്‍ മതേതരത്വത്തിനുണ്ട്.
സ്‌കൂളിലെ യൂനിഫോമിന്റെ പേരില്‍ 'മതസ്വാതന്ത്ര്യം' (മുസ്‌ലിംകള്‍ക്ക് മാത്രം, മറ്റുള്ളവരുടെ മതവിശ്വാസം ഈ നിയമത്തിലൂടെ ലംഘിക്കപ്പെടുന്നില്ല, മറിച്ച് നിലനിര്‍ത്തുകയും ചെയ്യുന്നു) ഹനിക്കപ്പെടുന്നുണ്ടെന്ന വിഷയം വിദ്യാഭ്യാസ മന്ത്രിയുടെ ശ്രദ്ധയില്‍ കൊണ്ടുവന്നപ്പോള്‍ അദ്ദേഹവും പറഞ്ഞത് 'നമ്മള്‍' ഇതില്‍ നേരിട്ട് ഇടപെട്ടാല്‍ വിഷയം മതപരമായ പ്രശ്‌നമായിത്തീരുമെന്നാണ്. ഈ 'നമ്മള്‍' ഏതു പ്രശ്‌നത്തിലും ബോധപൂര്‍വമോ അല്ലാതെയോ പ്രതിചേര്‍ക്കപ്പെടുന്നുണ്ട്. ഇത് തിരിച്ചറിയാതെ പൊതുമണ്ഡലം എന്റേതുകൂടിയാണ്, അതില്‍ എനിക്കും വലിയ സ്ഥാനങ്ങളുണ്ടെന്ന് വിചാരിക്കുന്നവര്‍ പൊതുമണ്ഡലത്തിന്റെ ചതിക്കുഴികളെക്കുറിച്ച് വകതിരിവില്ലാത്തവരാണ്. എന്റെ പ്രശ്‌നം എനിക്കു തന്നെ പറയാനും അവകാശം നേടിയെടുക്കാനും നിഷ്പ്രയാസം സാധ്യമാവുമ്പോഴാണ് പൊതുമണ്ഡലം വികസിക്കുന്നത്. മുസ്‌ലിമായ പൗരന്റെ പ്രശ്‌നം മുസ്‌ലിമിനോ മുസ്‌ലിം സംഘടനകള്‍ക്കോ ഉയര്‍ത്തിക്കൊണ്ടുവരാന്‍ സാധിക്കേണ്ടതുണ്ട്. ഇങ്ങനെ നിലവിലുള്ള അധീശ വ്യവഹാരങ്ങളോടും ബോധങ്ങളോടും നമ്മള്‍ അറിയാതെ നമ്മുടെ ഉള്ളില്‍ ഉറച്ചുപോയ അടിമത്തത്തോടും കലഹിക്കുമ്പോഴാണ് പൊതുമണ്ഡലത്തെ കൂടുതല്‍ കരുത്തുള്ളതാക്കുന്നത്. ഓരോരുത്തര്‍ക്കും സ്വയം നിര്‍ണയം സാധ്യമാവുമ്പോഴാണ് ജനാധിപത്യം കാര്യക്ഷമമാകുന്നത്. എന്റെ പ്രശ്‌നത്തില്‍ എനിക്ക് പറയാന്‍ ഇടമില്ലാതിരിക്കുകയും മറ്റുള്ളവര്‍ പറയുമ്പോള്‍ മാത്രം അതിനൊരു ഇടം വികസിച്ചുവരുകയും ചെയ്യുന്നത് ഇരട്ട പൗരത്വമാണ്. ഇരട്ട പൗരത്വമുള്ള രാഷ്ട്രത്തില്‍ എല്ലാവര്‍ക്കും ഒരുമിച്ച് പ്രവര്‍ത്തിക്കാന്‍ കഴിയുന്ന പൊതുബോധങ്ങളും സമഭാവനയും രൂപപ്പെട്ട് വരുന്നതിനുള്ള ശ്രമങ്ങളാണ് ശരിയായ രാഷ്ട്രീയ പ്രവര്‍ത്തനം. തികച്ചും ജനാധിപത്യപരമായ ഈ സംവാദങ്ങളിലൂടെയാണ് ഓരോ പൗരനും സ്വയം നിര്‍ണയിക്കപ്പെടേണ്ടത്. മറ്റുള്ളവരുടെ വ്യവഹാരങ്ങളില്‍ നിന്ന് മാറി സ്വയം സ്ഥാപിക്കുന്ന കര്‍തൃത്വത്തിലൂടെയുമാണ് പൊതുമണ്ഡലത്തെക്കുറിച്ചുള്ള ചര്‍ച്ചയില്‍ മുസ്‌ലിമായ പൗരന്‍ ഏര്‍പ്പെടേണ്ടത്.
സ്‌കൂള്‍ യൂനിഫോമിലെ നിയമങ്ങളില്‍ അംഗീകരിക്കപ്പെടുന്ന വ്യവസ്ഥയില്‍ സാധാരണമാകുന്ന ഒരു വസ്ത്രധാരണ രീതി രൂപപ്പെടുന്നുണ്ട്. അതാണ് മതേതരത്വമെന്ന് അധികൃതര്‍ വാദിക്കുന്നു. 'നിങ്ങളുടെ അവകാശം മതേതരത്വത്തിന് വിരുദ്ധമാണ്'- ഈ സ്‌കൂളുകളിലെ എല്ലാ പ്രിന്‍സിപ്പല്‍മാരും എകസ്വരത്തില്‍ പ്രതികരിച്ചത് ഈ രൂപത്തിലായിരുന്നു. കണ്ണൂരില്‍ ഈ മതേതര സംരക്ഷണത്തിന് ആര്‍.എസ്.എസ് കൂടി രംഗത്തുവന്നു. മതേതരത്വത്തിനു വേണ്ടി ആര്‍.എസ്.എസ്സുകാരന് വളരെ വേഗം എഴുന്നേറ്റുനില്‍ക്കാന്‍ സാധിക്കുകയും ഇസ്‌ലാമിക സംഘടനകളുടെ ന്യായമായ അവകാശങ്ങള്‍ പോലും ഇതിനു വിരുദ്ധമായി ചിത്രീകരിക്കാന്‍ കഴിയുകയും ചെയ്യുന്നു. മഫ്തയും ഫുള്‍സ്ലീവും ഒഴിവാകുമ്പോഴാണ് മതേതര വസ്ത്രധാരണ രീതിയുണ്ടാവുന്നത്. കൂടെ ഒരു പൊട്ടുമുണ്ടെങ്കില്‍ മതേതരത്വത്തിനെന്തൊരു ചന്തം!
[email protected]
Comments