Prabodhanm Weekly

Pages

Search

2011 ആഗസ്റ്റ് 6

നന്മയുടെ പ്രചാരണം തിന്മയുടെ വിപാടനം

മൗലാനാ മൗദൂദി

സത്യവിശ്വാസിക്ക് രണ്ടുതരം പൂര്‍ണതകളുണ്ടെന്ന് നേരത്തേ വിശദീകരിച്ചു. അല്ലാഹുവിനെ ഭയപ്പെടുക, ദൈവാജ്ഞകള്‍ക്ക് പൂര്‍ണമായി വിധേയപ്പെടുക, ദൈവപാശത്തെ മുറുകെ പിടിച്ച് മുന്നോട്ട് പോവുക-ഇത്തരം അടിസ്ഥാന ഗുണങ്ങള്‍ ഒത്തുചേര്‍ന്നാല്‍ മാത്രമേ ഒരാള്‍ സത്യവിശ്വാസി എന്ന വിശേഷണത്തിന് സ്വയം അര്‍ഹനായിത്തീരുകയുള്ളൂ. ഏതെങ്കിലുമൊരളവില്‍ ഇത്തരം ഗുണങ്ങള്‍ അയാളില്‍ ഒത്തുചേര്‍ന്നിരിക്കണം. അല്ലാത്തപക്ഷം അയാള്‍ സത്യവിശ്വാസി ആവുകയില്ല. വിളക്കില്‍ വെളിച്ചമില്ലെങ്കില്‍ അതിനെ വിളക്ക് എന്ന് വിളിക്കുന്നതിന് എന്തര്‍ഥം! മഞ്ഞുകട്ടക്ക് തണുപ്പില്ലെങ്കില്‍ അത് മഞ്ഞുകട്ടയാവുകയില്ല. തീക്ക് ചൂടില്ലെങ്കില്‍ അതിനെ തീ എന്ന് വിളിക്കുന്നതിലും അര്‍ഥമില്ല. അതിനാല്‍ ഖുര്‍ആന്റെ ഈ സംബോധന എല്ലാ സത്യവിശ്വാസികള്‍ക്കും ബാധകമാണ്. ''അല്ലാഹുവിനെ ഭയപ്പെടേണ്ടവിധം ഭയപ്പെടുവിന്‍. മുസ്‌ലിംകളായല്ലാതെ നിങ്ങള്‍ മരിച്ചുപോകരുത്. എല്ലാവരും ഒന്നിച്ച് ദൈവപാശത്തെ മുറുകെ പിടിക്കുവിന്‍. നിങ്ങള്‍ ഭിന്നിച്ചുപോകരുത്'' (ആലുഇംറാന്‍ 102,103). ഈ ഗുണങ്ങളൊക്കെ സമൂഹത്തിലെ കുറച്ചാളുകള്‍ക്ക് ഉണ്ടായാല്‍ മതി എന്ന യാതൊരു സൂചനയും  ഈ സൂക്തത്തില്‍ ഇല്ല. എല്ലാ ഓരോ മുസ്‌ലിമും ആര്‍ജിക്കേണ്ട ഗുണങ്ങളാണ് എണ്ണിപ്പറഞ്ഞിരിക്കുന്നത്.
നാം വിശദീകരിച്ച രണ്ടാമത്തെ പൂര്‍ണത ആദ്യത്തേതിന് അനുപൂരകമായി വരുന്നതാണ്. അതായത് വിശ്വാസിയെ കേവലം വിശ്വാസിയാക്കാനല്ല, ഒരു പൂര്‍ണ വിശ്വാസിയാക്കാനാണ് അത് ആവശ്യമായി വരുന്നത്. ഇക്കാര്യത്തില്‍ രണ്ടാല്‍ ഏതെങ്കിലുമൊരു അവസ്ഥയിലായിരിക്കും സമുദായം. അതായത് സമുദായത്തിലെ ഒരു വിഭാഗമെങ്കിലും ഈ രണ്ടാംഘട്ട പൂര്‍ണത പ്രാപിച്ചവരായി ഉണ്ടാവുക, ബാക്കിയുള്ളവര്‍ സ്വയം വിശ്വാസികള്‍ എന്ന അവസ്ഥയില്‍ തന്നെ നിലകൊള്ളുകയും ചെയ്യുക. സമൂഹം ഒന്നടങ്കം രണ്ടാം ഘട്ട പൂര്‍ണതയിലെത്തുമ്പോഴാണ്, സര്‍വലോകത്തും നന്മ പ്രബോധനം ചെയ്യുകയും തിന്മ തടയുകയും ചെയ്യുന്ന 'ഉത്തമ സമുദായം' (ആലു ഇംറാന്‍ 110) എന്ന വിശേഷണം അവര്‍ക്ക് നല്‍കപ്പെടുക. പക്ഷേ, ഈ ഉന്നത പദവി ആര്‍ജിക്കാനുള്ള ഇഛാശക്തി പലപ്പോഴും സമുദായത്തിന് ഉണ്ടാവണമെന്നില്ല. അതിനാവശ്യമായ ഗുണഗണങ്ങള്‍ സമുദായത്തിലെ മുഴുവന്‍ വ്യക്തികളിലും ഉണ്ടായെന്നും വരില്ല. അങ്ങനെയുള്ള അവസ്ഥയിലാണ്, ഏറ്റവും ചുരുങ്ങിയത്, 'നന്മ പ്രബോധനം ചെയ്യുന്ന ഒരു സംഘം നിങ്ങളുടെ ഇടയില്‍നിന്ന് ഉയര്‍ന്നുവരണം' (ആലുഇംറാന്‍ 104) എന്ന് ഖുര്‍ആന്‍ നിര്‍ദേശിക്കുന്നത്. ആദ്യത്തെ സൂക്തത്തില്‍ വിഷയം പൊതുവായി പറയുകയാണ് ചെയ്തിരിക്കുന്നത്; 'ഉണ്ടാവണം' എന്നു പോലുള്ള ഊന്നിപ്പറയലുകള്‍ (തഅ്കീദ്) ഇല്ല. രണ്ടാമത്തെ സൂക്തത്തില്‍ ഊന്നിപ്പറയലുണ്ട്, പക്ഷേ, എല്ലാവര്‍ക്കും ബാധകമാവുന്ന വിധം പൊതുവായല്ല പറഞ്ഞിരിക്കുന്നത്.
വിശ്വാസപൂര്‍ണതയുടെ ഈ രണ്ട് ഘട്ടങ്ങള്‍ ആവര്‍ത്തിച്ചാവര്‍ത്തിച്ച് പരാമര്‍ശിക്കപ്പെടുന്നുണ്ടെങ്കിലും, ഇവ യഥാര്‍ഥത്തില്‍ ഒന്നാണ്; രണ്ടായിട്ടാണ് നാം പറയാറുള്ളതെങ്കിലും. അല്ലാഹുവിനെ ഭയപ്പെടേണ്ടവിധം ഭയപ്പെടുന്ന അടിയുറച്ച ഒരു വിശ്വാസിയെ സംബന്ധിച്ചേടത്തോളം, ഒരാള്‍ അന്ധകാരത്തിലേക്ക് വഴിതെറ്റിപ്പോകുന്നത് കണ്ട് നിസ്സംഗനായി നോക്കിയിരിക്കുക എന്നതും താന്‍ വിശ്വസിക്കുന്ന ആദര്‍ശത്തിലേക്ക് ഒരാളെയും ക്ഷണിക്കാതിരിക്കുക എന്നതും തിന്മ തടയാന്‍ ഒരു ശ്രമവും നടത്താതിരിക്കുക എന്നതും ഒട്ടും സംഭവ്യമേ അല്ല. വിശ്വാസത്തെ നമുക്ക് കസ്തൂരിയോട് ഉപമിക്കാം. കസ്തൂരിയുടെ സുഗന്ധം ആ വസ്തുവില്‍ തന്നെ ഒതുങ്ങിനില്‍ക്കുകയില്ല. ചുറ്റുമുള്ള സ്ഥലങ്ങളിലേക്കൊക്കെ ആ സുഗന്ധം പരന്നുകൊണ്ടിരിക്കും. വിളക്കില്‍ പ്രകാശമുണ്ടെങ്കില്‍ ആ പ്രകാശം ചുറ്റിലും പരക്കാതെ വയ്യ. കസ്തൂരി സുഗന്ധം പരത്തുന്നില്ലെങ്കില്‍, വിളക്ക് വെളിച്ചം വിതറുന്നില്ലെങ്കില്‍ അത് കസ്തൂരിയോ വിളക്കോ അല്ല എന്ന് ആളുകള്‍ പറയും.
ഈ വിളക്കും കസ്തൂരിയും പോലെയാണ് മുസ്‌ലിമിന്റെ വിശ്വാസത്തിന്റെയും അവസ്ഥ. മുസ്‌ലിം സത്യമാര്‍ഗത്തിലേക്ക് ആളുകളെ ക്ഷണിക്കുന്നില്ലെങ്കില്‍, നന്മ പ്രബോധനം ചെയ്യുന്നില്ലെങ്കില്‍, തിന്മ തടയുന്നില്ലെങ്കില്‍ അയാളുടെ മനസ്സില്‍ ദൈവഭയത്തിന്റെ അഗ്നി അണഞ്ഞുപോയി എന്നും വിശ്വാസത്തിന്റെ പ്രകാശം പറ്റെ അരണ്ടുപോയി എന്നുമാണ് അര്‍ഥം. അതുകൊണ്ടാണ് പ്രവാചകന്‍ നമ്മെ പഠിപ്പിച്ചത്: ''ആരെങ്കിലും തിന്മ കണ്ടാല്‍ കൈകൊണ്ട് തടയട്ടെ, അതിന് കഴിഞ്ഞില്ലെങ്കില്‍ നാവു കൊണ്ട്. അതിനും കഴിഞ്ഞില്ലെങ്കില്‍ മനസ്സുകൊണ്ട് വെറുക്കുകയെങ്കിലും ചെയ്യട്ടെ. ഈമാന്റെ ഏറ്റവും താഴ്ന്ന പടിയാണത്.'' ഖുര്‍ആനില്‍ സത്യവിശ്വാസികളുടെ പൊതുഗുണങ്ങള്‍ പറയുന്നിടത്ത് 'നന്മ കല്‍പിക്കുന്നവരും തിന്മ വിരോധിക്കുന്നവരും' എന്ന പരാമര്‍ശം കടന്നുവരുന്നത് ഇതുകൊണ്ടാണെന്നും മനസ്സിലാക്കണം. ചില ഉദാഹരണങ്ങള്‍:
''സത്യവിശ്വാസികളും വിശ്വാസിനികളും പരസ്പരം സഹായികളും മിത്രങ്ങളുമാകുന്നു. അവര്‍ നന്മ കല്‍പിക്കുന്നു. തിന്മ വിരോധിക്കുന്നു'' (അത്തൗബ 71). ''അല്ലാഹുവിങ്കലേക്ക് ആവര്‍ത്തിച്ച് മടങ്ങുന്നവര്‍, അവനെ കീഴ്‌വണങ്ങിക്കൊണ്ടിരിക്കുന്നവര്‍, അവന്റെ സ്തുതികള്‍ സങ്കീര്‍ത്തനം ചെയ്യുന്നവര്‍, അവനു വേണ്ടി രാജ്യസഞ്ചാരത്തിലേര്‍പ്പെട്ടവര്‍, അവനെ നമിക്കുകയും പ്രണമിക്കുകയും ചെയ്യുന്നവര്‍, നന്മ കല്‍പിക്കുകയും തിന്മ വിരോധിക്കുകയും ചെയ്യുന്നവര്‍ (ഇവരൊക്കെയാകുന്നു അല്ലാഹുവുമായി ലാഭകരമായ കച്ചവടം നടത്തിയവര്‍).'' (അത്തൗബ 112).
''നാം ഭൂമിയില്‍ ആധിപത്യം നല്‍കുകയാണെങ്കില്‍ നമസ്‌കാരം നിലനിര്‍ത്തുകയും സകാത്ത് നല്‍കുകയും നല്ലത് കല്‍പിക്കുകയും തിന്മ വിരോധിക്കുകയും ചെയ്യുന്നവരത്രെ അവര്‍'' (അല്‍ഹജ്ജ് 41).
ഇവിടെയെല്ലാം ഓരോ സത്യവിശ്വാസിക്കും ഉണ്ടാവേണ്ട അടിസ്ഥാന ഗുണങ്ങള്‍ പറഞ്ഞേടത്താണ് 'നന്മ കല്‍പിക്കുന്നവര്‍, തിന്മ വിലക്കുന്നവര്‍' എന്ന ഗുണവും എടുത്ത് പറഞ്ഞിരിക്കുന്നത്. എങ്കില്‍, സമുദായത്തില്‍ ഒരു വിഭാഗം ഈ ചുമതല ഏറ്റെടുത്താല്‍ തന്നെ സമുദായം ആ ബാധ്യതയില്‍ നിന്ന് മുക്തമാവു(ഫര്‍ദ് കിഫായ)മെന്ന് നമുക്കെങ്ങനെ നിസ്സാരവത്കരിച്ച് പറയാനാവും? ഈ വിഷയത്തില്‍ തൃപ്തികരമായി തോന്നുന്ന മറുപടി ഇതാണ്: പ്രവാചകന്റെ കാലം കഴിഞ്ഞ് നൂറ്റാണ്ടുകള്‍ പിന്നിടുമ്പോള്‍ മുസ്‌ലിം സമൂഹത്തിന്റെ ഈമാന്‍ ദുര്‍ബലമായിത്തീരുമെന്ന് സര്‍വജ്ഞനായ അല്ലാഹുവിന് അറിയാം. അതൊരു പിന്നാക്കവിഭാഗമായിത്തീരും. എത്രത്തോളം ദുര്‍ബലമാകുമെന്ന് വെച്ചാല്‍, കോടിക്കണക്കിന് മുസ്‌ലിംകള്‍ സമുദായത്തില്‍ ഉണ്ടാകുമെങ്കിലും ഈമാന്റെ പ്രകാശം തൊട്ടടുത്തേക്ക് പോലും പരത്താന്‍ അവര്‍ക്ക് കഴിയാതെ വരും. അധര്‍മത്തിന്റെ വന്‍ പ്രവാഹത്തിന് മുമ്പില്‍ ഈമാന്റെ കൈത്തിരി കത്തിച്ച് വെക്കാന്‍ പോലും അവര്‍ ഭയന്നേക്കാം. ഇത്തരം സന്ദര്‍ഭങ്ങളില്‍ നന്മ കല്‍പിക്കുക, തിന്മ വിരോധിക്കുക എന്ന ധര്‍മം നിറവേറ്റുന്ന ഒരു സംഘമെങ്കിലും നിങ്ങളില്‍ ഉണ്ടാവണം എന്നാണ് 'നിങ്ങളില്‍നിന്ന് ഒരു വിഭാഗം' എന്ന പ്രയോഗത്തിന്റെ വിവക്ഷ എന്ന് മനസ്സിലാക്കാം. അങ്ങനെയൊരു സംഘം പോലും നിങ്ങളുടെ കൂട്ടത്തില്‍ ഇല്ലെങ്കില്‍ നിങ്ങള്‍ക്ക് മേല്‍ ദൈവശിക്ഷ പതിക്കുമെന്ന് ഉറപ്പ്; ആ നാശത്തില്‍ നിന്ന് ഒരു ശക്തിക്കും നിങ്ങളെ രക്ഷിക്കാനാവില്ല.
ഈ ധര്‍മം നിറവേറ്റാതിരിക്കുന്നത് നാശം ക്ഷണിച്ചുവരുത്തലാണെന്ന് ഖുര്‍ആന്‍ മുന്നറിയിപ്പ് നല്‍കുന്നു.
''ഇസ്രയേല്‍ വംശത്തില്‍ നിഷേധത്തിന്റെ മാര്‍ഗം സ്വീകരിച്ചവര്‍ ദാവൂദിന്റെയും മര്‍യമിന്റെ പുത്രന്‍ ഈസായുടെയും നാവുകളാല്‍ ശപിക്കപ്പെട്ടിരിക്കുന്നു. എന്തുകൊണ്ടെന്നാല്‍, അവര്‍ ധിക്കാരികളായിരുന്നു. അതിക്രമം ചെയ്യുന്നവരുമായിരുന്നു. തങ്ങളുടെ ദുഷ് ചെയ്തികള്‍ അവര്‍ പരസ്പരം വിലക്കാറുമുണ്ടായിരുന്നില്ല'' (അല്‍മാഇദ 78,79).
മറ്റൊരിടത്ത്:
''നിങ്ങള്‍ക്ക് മുമ്പ് കഴിഞ്ഞുപോയ സമുദായങ്ങളില്‍, ഭൂമിയില്‍ അതിക്രമം തടയുന്ന സജ്ജനങ്ങള്‍ ഉണ്ടാവാതിരുന്നതെന്തുകൊണ്ട്? അവരില്‍ നിന്ന് നാം രക്ഷപ്പെടുത്തിയ വളരെ കുറച്ചുപേരേ അങ്ങനെ ഉണ്ടായിരുന്നുള്ളൂ. അക്രമികളാവട്ടെ, സമൃദ്ധമായി നല്‍കപ്പെട്ട സുഖഭോഗങ്ങളുടെ പിന്നാലെ കൂടി; അവര്‍ കുറ്റവാളികളായിരുന്നു. ഒരു നാട്ടുകാര്‍ നന്മ പ്രവര്‍ത്തിക്കുന്നവരായിരിക്കെ, നിന്റെ നാഥന്‍ ആ നാടിനെ അന്യായമായി നശിപ്പിക്കുകയില്ല തന്നെ'' (ഹൂദ് 116,117).
ഇതേ ആശയം പ്രവാചക വചനങ്ങളിലും നമുക്ക് കണ്ടെത്താം. നബി(സ) പറഞ്ഞു: ''കുറച്ചാളുകളുടെ തിന്മയുടെ പേരില്‍ അല്ലാഹു ഒരു സമൂഹത്തെയാകെ ശിക്ഷിക്കുകയില്ല, ഈ സംഘം തിന്മ ചെയ്യുന്നത് സമൂഹം കാണുകയും അത് തടയാന്‍ കഴിവുണ്ടായിരിക്കെ അത് തടയാതിരിക്കുകയും ചെയ്താലല്ലാതെ. അങ്ങനെ ആ ശിക്ഷ ഇറങ്ങിയാല്‍ തിന്മ ചെയ്ത സംഘം മാത്രമല്ല സമൂഹം മുഴുവന്‍ അതില്‍ അകപ്പെടും'' (അഹ്മദ്).
മറ്റൊരു സന്ദര്‍ഭത്തില്‍:
''നിങ്ങള്‍ നന്മ കല്‍പിക്കണം, തിന്മ  തടയണം. തിന്മ ചെയ്യുന്നവന്റെ കൈക്ക് പിടിക്കണം. അവനെ നേര്‍വഴിക്ക് കൊണ്ടുവരണം. അല്ലാത്തപക്ഷം അല്ലാഹു നിങ്ങളുടെ ഹൃദയങ്ങളില്‍ തിന്മക്ക് ആധിപത്യം നല്‍കും; അല്ലെങ്കില്‍ ഇസ്രയേല്‍ വംശത്തെ ശപിച്ച പോലെ നിങ്ങളെയും ശപിക്കും'' (തിര്‍മിദി).
'നന്മയിലേക്ക് ക്ഷണിക്കുകയും തിന്മ തടയുകയും ചെയ്യുന്ന ഒരു വിഭാഗം നിങ്ങളില്‍നിന്ന് ഉണ്ടാവണം' എന്ന ഖുര്‍ആനിക സൂക്തത്തിന്റെ പൊരുള്‍, ഇത് മുസ്‌ലിംകളില്‍ ഒരു വിഭാഗത്തിന്റെ ചുമതലയാണെന്നോ, ആ വിഭാഗത്തിന്റെ ചെലവില്‍ മറ്റുള്ളവരെല്ലാം ആ ചുമതലയില്‍ നിന്ന് രക്ഷപ്പെടുമെന്നോ അല്ല. മറിച്ച് ഇതാണ് അതിന്റെ വിവക്ഷ: ഏറ്റവും ചുരുങ്ങിയത് നന്മയുടെ വിളക്ക് കൊളുത്തുന്ന, അന്ധകാരം അകറ്റുന്ന ഒരു സംഘമെങ്കിലും നിങ്ങളില്‍നിന്ന് ഉയര്‍ന്നുവരണം. അതുപോലും ഉണ്ടായില്ലെങ്കില്‍ ആ സമൂഹം ഒന്നാകെ നശിപ്പിക്കപ്പെടുന്നത് തടയാന്‍ ഒരാള്‍ക്കും കഴിയില്ല. 
(തഫ്ഹീമാത്ത് വാള്യം-1)

Comments