Prabodhanm Weekly

Pages

Search

2011 ആഗസ്റ്റ് 6

മഖ്ബറത്തുസ്സഹാബ

കെ.കെ അബ്ദുല്‍ അസീസ

പ്രവാചകത്വ വാദമുയര്‍ത്തിയ മുസൈലിമക്കും അനുയായികള്‍ക്കുമെതിരെ അബൂബക്കറി(റ)ന്റെ നിര്‍ദേശപ്രകാരം നടത്തിയ രക്തരൂഷിത പോരാട്ടത്തില്‍ ജീവനര്‍പ്പിച്ച സഹാബികളുടെ ഭൌതിക ശരീരം ഏറ്റുവാങ്ങിയ പ്രദേശം. സുഊദി തലസ്ഥാനമായ റിയാദ് നഗരത്തിന്റെ വടക്ക് 40 കി.മീറ്റര്‍ മാറി ജബീല, ഉയയ്ന പട്ടണങ്ങളുടെ കിഴക്കായി അഖ്റബാഅ് എന്ന താഴ്വരയില്‍ സ്ഥിതിചെയ്യുന്നു. പ്രവാചക വിയോഗാനന്തരം പ്രഥമ ഖലീഫയായി സ്ഥാനമേറ്റുടന്‍ അബൂബക്കര്‍ സിദ്ദീഖി(റ)ന് നേരിടേണ്ടിവ മതപരിത്യാഗയുദ്ധങ്ങളില്‍ ഒന്നായിരുന്നു യമാമ യുദ്ധം. നജ്ദിലെ യമാമ എന്ന സ്ഥലത്തെ ബനൂഹനീഫ താഴ്വരയില്‍ തമ്പടിച്ച മുസൈലിമയെയും അനുയായികളെയും നേരിടാന്‍ ഖാലിദുബ്നുല്‍ വലീദിന്റെ നേതൃത്വത്തില്‍ അബൂബക്കര്‍ സിദ്ദീഖ് (റ) ഒരു സൈന്യത്തെ നിയോഗിച്ചു. ഖാലിദിന്റെ നീക്കമറിഞ്ഞ മുസൈലിമ യമാമയുടെയും രീഫിന്റെയും ഇടയിലുള്ള അഖ്റബാഅ് എന്ന സ്ഥലത്ത് തമ്പടിച്ചു. മുസൈലിമയുടെ വാക്ചാതുരിയില്‍ ആകൃഷ്ടരായി പ്രദേശത്തെ ആയിരങ്ങള്‍ അയാള്‍ക്കൊപ്പം കൂടി. ഖാലിദി(റ)ന്റെ സൈന്യം മുസൈലിമയുടെ സൈന്യവുമായി ശക്തമായ പോരാട്ടം നടത്തി. സഹാബിമാര്‍ യുദ്ധരംഗത്ത് അസാമാന്യവും ധീരോദാത്തവുമായ പോരാട്ടവീര്യം കാഴ്ചവെച്ചു. പോരാട്ടത്തിനൊടുവില്‍ അല്ലാഹു മുസ്ലിം പക്ഷത്തിന് വിജയം നല്‍കി. മുസൈലിമയടക്കം ആയിരങ്ങള്‍ മരണത്തിന്റെ ഉദ്യാന (ഹദീഖത്തുല്‍ മൌത്ത്) ത്തില്‍ തലയറ്റുവീണു. യുദ്ധ നേതൃത്വത്തില്‍ ഇക്രിമത്ത്ബ്നു അബീജഹലും ശുറഹബീലുബ്നു ഹസനയും ഖാലിദിന്റെ സഹായികളായി ഉണ്ടായിരുന്നു.
അഖ്റബാഇന്റെ മധ്യഭാഗത്താണ് മരണോദ്യാനം സ്ഥിതിചെയ്യുന്നത്. ഭയക്രാന്തനായ മുസൈലിമയും സൈന്യവും ഭദ്രമായ മതിലുകളാലും ഇടതൂര്‍ന്ന മരങ്ങളാലും ചുറ്റപ്പെട്ട ആ പ്രദേശത്ത് കടന്ന് കവാടങ്ങള്‍ കൊട്ടിയടക്കുകയായിരുന്നു. ബര്‍റാഅ് ബ്നു മാലികി (റ)ന്റെ അതിസാഹസികമായ ഒരു തന്ത്രത്തിലൂടെ കവാടം തുറന്ന് മുസ്ലിം സൈന്യം അകത്ത് കടന്നു. കൂട്ടത്തില്‍ ഭാരം കുറഞ്ഞ തന്നെ പരിചയിലിരുത്തി അത് കുന്തത്തിന്റെ മേല്‍ കുത്തി ഉയര്‍ത്തി മതില്‍കെട്ടിനകത്തേക്കിടാന്‍ അദ്ദേഹം നിര്‍ദേശിക്കുകയായിരുന്നു. ശത്രുസൈന്യത്തിനിടയിലേക്ക് വീണ അദ്ദേഹം അതിസാഹസികമായി കവാടം മുസ്ലിം സൈന്യത്തിന് തുറന്നുകൊടുത്തു. സമയം ഒരല്‍പവും പാഴാക്കാതെ അകത്ത് കടന്ന മുസ്ലിംകള്‍ ഘോരമായ പോരാട്ടത്തിലൂടെ മുസൈലിമയുടെ സൈന്യത്തെ പരാജയപ്പെടുത്തി.
ഉഹുദ് യുദ്ധത്തില്‍ നബി(സ)യുടെ പിതൃവ്യന്‍ ഹംസ (റ)യെ ചാട്ടുളിയെറിഞ്ഞ് കൊലപ്പെടുത്തിയ വഹ്ശിയും അബൂദുജാന എന്ന അന്‍സാരി സഹാബിയും അതിവിദഗ്ധമായ രീതിയില്‍ കള്ളപ്രവാചകന്‍ മുസൈലിമയുടെ കഥ കഴിക്കുകയായിരുന്നു. മരണോദ്യാനത്തിലും പരിസരത്തുമായി നടന്ന പൊരിഞ്ഞ യുദ്ധത്തില്‍ പതിനായിരത്തോളം പേര്‍ മരിച്ചുവീണുവെന്നാണ് ഇബ്നു കഥീര്‍ അല്‍ബിദായ വന്നിഹായയില്‍ ഉദ്ധരിക്കുന്നത്. ഇരുപത്തൊന്നായിരമെന്ന് ചില റിപ്പോര്‍ട്ടുകളിലും പറയുന്നു. മുസ്ലിംകളുടെ കൂട്ടത്തില്‍നിന്ന് അഞ്ഞൂറിനും അറുന്നൂറിനുമിടയില്‍ പേര്‍ രക്തസാക്ഷികളായെന്നാണ് ചരിത്ര ഗ്രന്ഥങ്ങളില്‍ രേഖപ്പെടുത്തിയിട്ടുള്ളത്. അവരിലേറെപ്പേര്‍ വിശുദ്ധ ഖുര്‍ആന്‍ മനഃപാഠമാക്കിയവരായിരുന്നു.
ഖുര്‍ആന്‍ ക്രോഡീകരിച്ച് സൂക്ഷിക്കണമെന്ന ആശയത്തിന് അബൂബക്കര്‍ സിദ്ദീഖി(റ)നെ പ്രേരിപ്പിച്ച സംഭവം കൂടിയായിരുന്നു ഇത്. രക്തസാക്ഷികളില്‍ പ്രശസ്തരായ സഹാബികളുമുണ്ടായിരുന്നു. രക്തസാക്ഷികളായ മുസ്ലിംകളെ മറമാടിയ സ്ഥലം ഇന്ന് മഖ്ബറത്തുസ്സഹാബ എന്ന പേരില്‍ അറിയപ്പെടുന്നു. വധിക്കപ്പെട്ട കള്ളപ്രവാചകന്‍ മുസൈലിമയുടെയും അനുയായികളുടെയും ജഡങ്ങള്‍ അടക്കം ചെയ്ത സ്ഥലം ശിഅബുദ്ദം (രക്തതാഴ്വര) എന്ന പേരിലും പ്രത്യേകം അടയാളപ്പെടുത്തിയിട്ടുണ്ട്.  ഹിജ്റ 11 ാം വര്‍ഷമാണ് പ്രസിദ്ധമായ യമാമ യുദ്ധം നടന്നതെന്നാണ് പൂര്‍വികരായ ചരിത്രകാരന്മാര്‍ രേഖപ്പെടുത്തിയിട്ടുള്ളത്. എന്നാല്‍ ഇബ്നു ഖാനിഅ്, വാഖിദി പോലുള്ള ചരിത്രകാരന്മാര്‍ യമാമ സംഭവം ഹിജ്റ 12 ലാണെന്നും അഭിപ്രായപ്പെട്ടിരിക്കുന്നു. സമതലത്തെക്കാള്‍ വളരെ താഴ്ന്ന പ്രദേശമായതിനാല്‍ ശക്തമായി ഒലിച്ചിറങ്ങുന്ന വെള്ളം പൌരാണിക ഖബറുകളുടെ ശേഷിപ്പുകളെ നാമാവശേഷമാക്കിയിട്ടുണ്ടെങ്കിലും പ്രത്യേകം അടയാളപ്പെടുത്തപ്പെട്ട ആ പ്രദേശം ഇന്നും ഇസ്ലാമിക ചരിത്രത്തിലെ വിസ്മരിക്കാനാകാത്ത, ത്യാഗോജ്വലമായ സംഭവത്തിന്റെ നേര്‍സാക്ഷ്യമായി നിലകൊള്ളുകയാണ്.

Comments