Prabodhanm Weekly

Pages

Search

2014 ജൂണ്‍ 13

പെയ്ത മഴകളില്‍ നനയാത്ത കവിത

വി. ഹിക്മത്തുല്ല /കവര്‍‌സ്റ്റോറി

പെയ്ത മഴയില്‍ ഞാന്‍ നനഞ്ഞില്ല
പെയ്യാത്ത മാരിയില്‍ ഞാന്‍ നനഞ്ഞു
കണ്ണുനീര്‍ അന്ധയാക്കിയവള്‍ പാവം സുറയ്യ
നിന്റെ സ്പര്‍ശത്താല്‍ തിളങ്ങുന്നവള്‍
പൂര്‍ണ ചന്ദ്രന്‍ പിറക്കുന്ന തടാകം
മുഖമില്ലാത്തവന്റെ വദനം
ഈ അന്ധ കാണുന്നു. 
(അന്ധയുടെ കാഴ്ച-യാഅല്ലാഹ്)

         സൂക്ഷ്മാര്‍ഥത്തില്‍ മാധവിക്കുട്ടിയും കമലാദാസും കമലാസുറയ്യയും ഒരൊറ്റ ജന്മം തന്നെയായിരുന്നു. അവരൊക്കെയും എഴുതിയിരുന്നത് ആത്മസ്വാതന്ത്ര്യത്തിന്റെ ഹര്‍ഷങ്ങളെപ്പറ്റിയായിരുന്നു. ശരീരത്തിന്റെ മാദകമൗനവും ആത്മാവിന്റെ ശീതളശുദ്ധിയുമായിരുന്നു അവരുടെ അന്വേഷണത്തിന്റെ അനുഭൂതികള്‍. 'എന്റെ കഥ' മുതല്‍ 'യാ അല്ലാഹ്' വരെ നീളുന്ന അനുഭവ വൈചിത്ര്യങ്ങളുടെ പെരുമഴകള്‍ ഒരേ അന്വേഷണത്തിന്റെ പരിണാമം തന്നെയാണ് വെളിപ്പെടുത്തുന്നത്. ശരീരത്തിന്റെ തടവറ ഭേദിച്ചുയരുന്ന 'എന്റെ കഥ'യിലെ തീര്‍ഥാടക തന്നെയാണ് ആത്മാവിനു മാത്രമറിയാവുന്ന ഭാഷയില്‍ 'യാ അല്ലാഹ്'എന്നു പാടുന്നത്. ഇസ്‌ലാമിക ലാവണ്യബോധം മലയാള കവിതയില്‍ പ്രസരിപ്പിക്കുവാന്‍ 'യാ അല്ലാഹ്' ഉദ്യമിക്കുന്നുണ്ടോ എന്ന ആലോചനയാണ് ഈ ലേഖനം.

         നാലപ്പാട്ട് നാരായണമേനോനും ബാലാമണിയമ്മയുമെല്ലാം നിയോ ക്ലാസിക് എന്നോ വള്ളത്തോള്‍ കളരി എന്നോ വിളിക്കാവുന്ന കാവ്യസരണിയില്‍ പെടുന്നവരാണ്. പക്ഷെ, തറവാടിത്തം തെല്ലുമേശാതെ, ഈ പാരമ്പര്യത്തില്‍ നിന്ന് വഴിമാറി നടന്നുകൊണ്ടാണ് മാധവിക്കുട്ടി മലയാള കഥാ ഭാവനയെ നവീകരിക്കാന്‍ ശ്രമിച്ചത്.

ഇംഗ്ലീഷിലെഴുതുന്ന ഏറ്റവും പ്രശസ്തയായ ഇന്ത്യന്‍ കവയിത്രിയായിരുന്നു കമലാദാസ്. ബാല്യകാലത്ത് ചെലവഴിച്ച തറവാട്ടു വീടും അന്തരീക്ഷവും ആദ്യകാല ഇംഗ്ലീഷ്‌കവിതകളില്‍ പലതിലും വിഷയമാവുന്നുണ്ട്. എന്റെ മുത്തശ്ശിയുടെ വീട് (My Grand Mother's House), മലബാറിലെ ഒരു വേനല്‍ മധ്യാഹ്നം(A Hot Noon in Malabar), രക്തം(Blood), പിന്‍ഗാമികള്‍(The Descendants) എന്നീ കവിതകള്‍ ഉദാഹരണം. മുഖവുര (An Introduction) എന്ന കവിതയില്‍ 'കാക്കകള്‍ക്ക് കരച്ചില്‍ പോലെയും സിംഹങ്ങള്‍ക്ക് ഗര്‍ജ്ജനം പോലെയുമാണ് എനിക്ക് കവിത' എന്നു പറയുന്നുണ്ട്. സ്വാഭാവിക ജീവിതാവിഷ്‌കാരത്തിന്റെ ഭാഗമാണ് തന്റെ കവിത എന്നര്‍ഥം.

പത്തുവയസ്സുമുതലേ കഥകളെഴുതിത്തുടങ്ങിയ തനിക്ക് കഥയെഴുത്ത് ഒരു പ്രൊഫഷനാണ്. എന്നാല്‍ കവിതയെഴുത്ത് കൊണ്ട് പണം സമ്പാദിക്കണമെന്ന് ഒരിക്കലും മോഹിച്ചിട്ടില്ലെന്നും കവിതക്ക് വായനക്കാര്‍ കുറവായാല്‍ കൂടി അവരുടെ ഹൃദയം മതി തനിക്കെന്നും അവര്‍ എഴുതിയിട്ടുണ്ട്. 'മുഖവുര' എന്ന കവിതയില്‍ 'ഞാന്‍ ഇന്ത്യക്കാരിയാണ്'/തവിട്ടുനിറമുള്ളവള്‍/മലബാറില്‍ ജനിച്ചവള്‍/ഞാന്‍ മൂന്നു ഭാഷകള്‍ സംസാരിക്കുന്നു/രണ്ടില്‍ എഴുതുന്നു/ഒന്നില്‍ സ്വപ്നം കാണുന്നു എന്ന് പറയുന്നുണ്ട്.

മറ്റാരുടേയോ പാട്ട് (Someone Else's Song) എന്ന കവിതയില്‍ ഇങ്ങനെ കാണാം.

ശബ്ദങ്ങളാണ് ഞാന്‍
കിണറ്റുകരയില്‍ കലമ്പുന്ന പെണ്ണുങ്ങളെപ്പോലെ
ഒരുമിച്ചാര്‍ക്കുന്ന ലക്ഷോപലക്ഷം മനുഷ്യശബ്ദങ്ങളാണ്.

- - - - - -

നിശ്ശബ്ദതയാണ് ഞാന്‍
മറ്റാരുടേയോ മാലയില്‍ കോര്‍ക്കപ്പെട്ട
പളുങ്കുമണികള്‍ കണക്ക്
ലക്ഷോപലക്ഷം നിശ്ശബ്ദതയാണ് ഞാന്‍

         ബഹുവിധത്തിലുള്ള മനുഷ്യരുടെ കലമ്പലുകളും അവരുടെത്തന്നെ നിശ്ശബ്ദതകളും ഒരേ സമയം പ്രതിനിധീകരിക്കുകയാണ് കമലാദാസ്. 'രാധാകൃഷ്ണ'സങ്കല്‍പത്തിലൂടെ പ്രണയത്തിന്റെ ആഹ്ലാദവും സമര്‍പ്പണത്തിന്റെ വിലയനവും അവതരിപ്പിക്കുന്ന കവിതകള്‍ ഇംഗ്ലീഷില്‍ കമലാദാസ് എഴുതിയിട്ടുണ്ട്. 'സ്ത്രീവാദ'ത്തിന്റെ രീതിശാസ്ത്രങ്ങളെ പിന്‍പറ്റാതെ സ്‌ത്രൈണാനുഭവങ്ങളെ രേഖപ്പെടുത്തുവാനാണ് കമലയുടെ ശ്രമം. 'രാധ' എന്ന കവിതയില്‍ കൃഷ്ണനു മുമ്പില്‍ സര്‍വ്വസ്വവും നിവേദിക്കുന്നവളാണ് രാധ. 'കൃഷ്ണ' എന്ന കവിതയിലും കൃഷ്ണന്റെ ശരീരം വിട്ടുപോകാനാവാത്ത തടവറയാണ് രാധക്ക്.''Your body is my prison/I cannot see beyond it/ Your darkness blinds me.'' എന്നാണ് രാധ നിശ്വസിക്കുന്നത്. ''Love'' എന്ന കവിതയില്‍ ഇങ്ങനെയാണുള്ളത്: ''നിന്നെ പ്രണയിക്കുന്നതു വരെ ഞാന്‍ കവിത എഴുതിയിരുന്നു, ചിത്രം വരച്ചിരുന്നു, കൂട്ടുകാരോടൊപ്പം ചുറ്റിയടിച്ചിരുന്നു. നിന്നെ പ്രണയിക്കാന്‍ തുടങ്ങിയതിനാല്‍ ഞാന്‍ പട്ടിയെപ്പോലെ ചുരുണ്ടു കൂടി നിന്നില്‍ സംതൃപ്തനായി ഇരിപ്പു തുടങ്ങി.'' അനാഥമായ ആത്മാക്കള്‍ക്ക് മരണശേഷമുള്ള അഭയസ്ഥാനമായും പ്രണയം 'രാധാകൃഷ്ണ' എന്ന കവിതയില്‍ കടന്നുവരുന്നുണ്ട്.

Everything in me
Is melting even The hardness of the Core
Oh! Krishna! I am melting, melting, melting
Nothing remains but you.

         കൃഷ്ണനിലേക്കുള്ള അഗാധ വിലയനമാണ് ഈ പ്രണയാനുഭവത്തിന്റെ പരമാവസ്ഥ. കൃഷ്ണഭക്തിയില്‍ സ്വാതന്ത്ര്യവും ആഹ്ലാദവുമെല്ലാമനുഭവിച്ച കവയിത്രിക്ക് ഇസ്‌ലാമിലെത്തുന്നതോടെ അല്ലാഹുവിനോടും പ്രവാചകനോടുള്ള ഭക്ത്യനുരാഗങ്ങളായി അത് മാറിത്തീരുകയാണ്. ''പണ്ടൊക്കെ കൃഷ്ണനോടുള്ള പ്രേമപാരവശ്യത്താല്‍ ഞാന്‍ നിലക്കണ്ണാടിയില്‍ അവന്റെ മുഖം മാത്രം ദര്‍ശിക്കാനുള്ള കഴിവ് ഇടക്കിടെ നേടിയെടുത്തിരുന്നു. ഇന്ന് കണ്ണാടി നിറയുന്നത് പതിനാലാം രാവിന്റെ വെണ്‍മയാണ്. രാവിന് മുഖമില്ല, രാവിന് കണ്ണുകളില്ല, വായില്ല, ശരീരമില്ല, രാവിന് പലപ്പോഴും നിലാവുണ്ട്. ഉള്ളിലോ പുറത്തോ എന്ന് തീരുമാനിക്കാന്‍ കഴിയാത്ത വിധത്തില്‍ നിലാവിന്റെ സ്‌നാനം ഞാന്‍ അനുഭവിച്ചറിയുന്നു. ഈ തണുത്ത സ്പര്‍ശം ഞാന്‍ തൊലിപ്പുറത്ത് മാത്രമാണോ അനുഭവിക്കുന്നത്. അല്ല, അത് എന്റെ സത്തയില്‍ പ്രവേശിച്ചുകഴിഞ്ഞു. എല്ലാ പരിധികളും ഭേദിച്ച് ആ ചൈതന്യം എന്നില്‍ വളരുന്നു. ഞാനായി മാറിക്കൊണ്ടിരിക്കുന്നു'' (സസ്‌നേഹം പേജ് 30).

         പലതരം സ്‌നേഹത്തെ അന്വേഷിച്ചതിനു ശേഷം, തന്റെ ബോധത്തില്‍ ആദ്യം മുതല്‍ക്കുതന്നെ നിലനിന്നിരുന്ന ദൈവിക പ്രേമത്തില്‍ സുറയ്യ എത്തിച്ചേര്‍ന്നു എന്നു മനസ്സിലാക്കാം. പല വഴികളിലൂടെ എത്തിച്ചേരുന്ന സാക്ഷാത്കാരത്തെപ്പറ്റി സൂഫികള്‍ ഉണര്‍ത്തുന്നുണ്ട്. ഇസ്‌ലാം സ്വീകരണത്തിനു ശേഷം എഴുതിയ സുറയ്യയുടെ കവിതകള്‍ പ്രമുഖ സൂഫി വനിത 'റാബിയ'യെ ഓര്‍മിപ്പിക്കുന്നത് അതിനാലാവണം. പത്തു വര്‍ഷം മാത്രമാണല്ലോ ഇസ്‌ലാം സ്വീകരിച്ച കമല മലയാളിക്ക് മുമ്പില്‍ പ്രത്യക്ഷമായത്. എഴുപത്തഞ്ചു വയസ്സുവരെ ജീവിച്ച ഒരാളുടെ അവസാനത്തെ പത്തു വര്‍ഷത്തിന് കണക്കിന്റെ ഭാഷയില്‍ എന്തു പ്രാധാന്യമാണുള്ളത്? പക്ഷേ, ജീവിതം തുറന്നു പാടുന്ന ഒരു ഗായികയെ സംബന്ധിച്ച് വിശ്വാസത്തിന്റെ പരിണാമകാലം പ്രധാനം തന്നെയാണ്. മുപ്പതു വര്‍ഷത്തിന്റെ അന്വേഷണവും ബാല്യം മുതലുള്ള നെടുവീര്‍പ്പുകളും സുറയ്യയെ എത്തിച്ചതെവിടേക്കാണെന്ന് യാ അല്ലാഹ് മറിച്ചുനോക്കുമ്പോള്‍ ബോധ്യപ്പെടുന്നുണ്ട്.

യാ അല്ലാഹ്
നീയെന്നില്‍ കിടന്ന വിത്തായിരുന്നു
ഇടവപ്പാതികളില്‍ നീ ചീര്‍ത്തു.
മേടത്തില്‍ നീ വരണ്ടു
പക്ഷേ നീ യുഗാന്തത്തിലും അവശേഷിച്ചു.
നിനക്ക് അന്ത്യമില്ല.
യാത്രാമൊഴി നിനക്ക് വേണ്ട
എന്റെ ഹൃത്തടത്തില്‍ കലപ്പകള്‍ ചലിക്കുന്നു.
വളമായി രക്തം മാത്രം.
എങ്കിലും നീ വളര്‍ന്നു
നീ മരമായി ചില്ലകളായി, പൂക്കുലകളായി
നിന്റെ മധുരക്കനികള്‍ ഞാനിറുത്ത് ഭക്ഷിച്ചു.
ഇനിയെങ്ങനെ എന്നെ സ്പര്‍ശിക്കും മൃതി?

(വിത്ത്- യാ അല്ലാഹ്)

         പണ്ട് പണ്ടേ തന്നിലുണ്ടായിരുന്ന ആ വിത്ത് മഴയില്‍ ചീര്‍ക്കുകയും വേനലില്‍ വാടുകയും ചെയ്തു. പിന്നീടത് ചില്ലകളും പൂക്കളും കനികളുമുള്ള മരമായി. ഈമാനിന്റെ വൃക്ഷത്തിന് ഇതിനു സമാനമായ ഉപമകള്‍ ഖുര്‍ആനിലും നബിവചനങ്ങളിലുമാണ് നമുക്ക് കാണാനാവുക. ആ മധുരക്കനി ഭക്ഷിച്ചതിനാല്‍ തനിക്കിനി മരണമില്ലെന്നാണ് സുറയ്യ പറയുന്നത്. അല്ലാഹു തന്നെ പിന്തുടര്‍ന്നിരുന്നതായി സുറയ്യ മറ്റൊരു കവിതയിലും സ്മരിക്കുന്നുണ്ട്.

യാ അല്ലാഹ്
പണ്ട് പണ്ട് കിനാവുകളില്‍
നീയെന്റെ വാതില്‍ക്കല്‍ ഉറക്കെ മുട്ടിയോ?
ബാല്യത്തിലും കൗമാരത്തിലും 
ഞാന്‍ നിന്റെ പരിചിതയോ
മന്ത്രം ചൊല്ലി അമ്പലവീഥിയില്‍ നടക്കവെ
നീ എന്റെ നാക്കിനെ തളര്‍ത്തിയോ?
ബന്ധുമിത്രാദികള്‍ പിന്നില്‍ നിന്ന് വിളിച്ചപ്പോള്‍
നീയെന്റെ കാത് പൊത്തിയോ?
തുറമുഖം വിട്ട് മറ്റൊന്നിലേക്ക്
എന്റെ കപ്പല്‍ ധൃതിയില്‍ ചലിച്ചില്ലേ?

(അന്ധയുടെ കാഴ്ച- യാ അല്ലാഹ്)

         മറ്റൊരു പ്രതിബന്ധവും അല്ലാഹു എന്ന പ്രലോഭനത്തിനു മുന്നില്‍ സുറയ്യക്ക് കാണാനായില്ല. അങ്ങനെയാണ് ജീവിതത്തെത്തന്നെ കവിതയാക്കി മാറ്റിയ ഈ വിശ്വാസാലിംഗനം നടന്നത്.

         ലോകത്തിന്റെ കാപട്യങ്ങളെപ്പറ്റി സൂഫിതുല്യമായ സംവാദങ്ങള്‍ അല്ലാഹുവോട് നടത്തുമ്പോള്‍ തന്നെ ചില കവിതകളില്‍ പിണക്കവും കുസൃതിയും പ്രകടിപ്പിക്കുന്ന നിഷ്‌കളങ്കയായ ഒരു കുട്ടിയെയും കാണാം.

പുലര്‍കാല വെയിലില്‍
വീട്ടുമുറ്റത്ത് ഓടിക്കളിക്കുന്ന
പെണ്‍കുട്ടിയായിരുന്നു ഞാന്‍.
എന്നെ പരീക്ഷണങ്ങള്‍ക്ക്
വിധേയയാക്കിയത് നീയാണ്.
മരുഭൂവിന്റെ ക്രൗര്യതകള്‍ 
ഞാന്‍ അനുഭവിച്ചറിഞ്ഞു
കള്ളിയെന്നും കാപട്യവതിയെന്നും
അവര്‍ എന്നെ വിളിച്ചു.
ഇതിന്നായിരുന്നോ
നീയെന്നില്‍ പേരാല്‍ച്ചെടിയെന്ന പോലെ മുളച്ചത്?
എന്നെ നിരന്തരം 
നിന്റെ നിലാവില്‍ കുളിപ്പിച്ചത്?
അസത്യവചനങ്ങള്‍ ഉതിര്‍ക്കുന്നവരെ
ശിക്ഷിക്കാതെ വിടുന്ന നീ
എന്നെ രക്ഷിക്കുവാന്‍
ഒരിക്കലും വരില്ലെന്നോ?

(പരീക്ഷണം- യാ അല്ലാഹ്)

         ആരെങ്കിലുമൊന്ന് തലോടണമെന്നാഗ്രഹിക്കുന്ന എത്ര മനുഷ്യരെയാണ് നാം കമലയുടെ കഥകളില്‍ കണ്ടുമുട്ടിയത്. വൈധവ്യത്തിന്റെ വേദനകള്‍ വായിച്ച് നാം മാതാക്കളുടെ കാലുകള്‍ കെട്ടിപ്പിടിച്ച് കരഞ്ഞു. ഭാര്യാഭര്‍ത്താക്കന്മാര്‍ കൂടുതല്‍ സത്യസന്ധരായി കിടപ്പറയിലെത്തി. മനസ്സിനെയെന്ന പോലെ നാം ശരീരത്തെയും വിശ്വസിച്ചു. എന്നിട്ടും എത്ര ആക്ഷേപങ്ങളാണ് കമലയില്‍ മലയാളി ചൊരിഞ്ഞത്! ഇസ്‌ലാം സ്വീകരിച്ച ശേഷം അത് കൂടുതലായി. കുത്തുവാക്കുകള്‍ സഹിക്കാതെ വാര്‍ധക്യ വിവശതയില്‍ അവര്‍ കേരളം വിട്ടുപോയി. ഇസ്‌ലാം തേളും പാമ്പും നിറഞ്ഞ ജലാശയമാണെന്ന് തറവാട്ടില്‍ വെച്ച് താന്‍ കേട്ടിരുന്നുവെന്ന് അവര്‍ എഴുതി. ആ ജലാശയത്തില്‍ ശാന്തിയുടെ പച്ചപ്പ് താന്‍ കണ്ടെത്തിക്കഴിഞ്ഞുവെന്നും അതില്‍ തന്നെ നീന്തുകയാണെന്നും ജലാശയം എന്ന കവിതയില്‍ പറയുന്നുണ്ട്.

വീടും കുടുംബവും 
മിത്രവും ബന്ധുവും
ത്യജിച്ചില്ലേ പാമരയാമീ പെണ്ണ്?
തമ്പുരാനേ, നീയാണെന്റെ കുടുംബം

(സഹയാത്രികന്‍)

         ഇന്നെന്റെ നാലുകെട്ടില്‍ നീ പ്രവേശിക്കാത്ത കവാടങ്ങളില്ലെന്നും നീര്‍മാതളപ്പൂവിന്റെ സുഗന്ധമെന്ന പോലെ നീ എന്നെ തഴുകുന്നുവെന്നും തുടര്‍ന്ന് അവരെഴുതുന്നുണ്ട്. അല്ലാഹുവില്‍, ഇസ്‌ലാമില്‍ താന്‍ സുരക്ഷിതയാണെന്നാണ് ഈ കവിതകളിലൂടെ സുറയ്യ പ്രഖ്യാപിക്കുന്നത്. ഇസ്‌ലാമിക വിഷയങ്ങളില്‍ പാണ്ഡിത്യമുള്ളവര്‍ക്കു മാത്രം പരിചിതമായ ആശയലോകങ്ങളും ഉപമകളായും രൂപകങ്ങളായും സുറയ്യയുടെ കവിതകളില്‍ കൂടെക്കൂടെ പ്രത്യക്ഷപ്പെടുന്നു.

എന്റെ ആത്മാവിന് ജരയില്ല
നരയില്ല, ദുഃഖമില്ല
അസ്വസ്ഥതയില്ല
ഞാന്‍ സുറയ്യയാണ്
പുനര്‍ജനിയാണ്
അല്ലാഹുവിന്റെ വാത്സല്യ ഭാജനമാണ്.

         അല്ലാഹു തനിക്കൊരു മിത്രത്തെപ്പോലെയാണെന്ന് അവര്‍ എഴുതിയിട്ടുണ്ട്. രക്ഷിക്കാനും ശിക്ഷിക്കാനുമുള്ള ഒരാള്‍ മാത്രമല്ല, അദൃശ്യമായി തന്നോടൊത്തു കഴിയുന്ന ഒരു ദൈവം. തന്നെ മനസ്സിലാക്കുന്ന, സ്‌നേഹിക്കുന്ന ഒരാള്‍. 'ദൈവവുമായി മനുഷ്യനൊരു പൊക്കിള്‍ക്കൊടി ബന്ധമുണ്ട്. അതു നശിക്കാതെ നോക്കിയാല്‍ മതി' എന്നവര്‍ പറഞ്ഞിട്ടുണ്ട്. ആരൊക്കെ തള്ളിയാലും വൈധവ്യത്തിലും താന്‍ ഏകാകിയാവാത്തത് ദൈവം കൂടെയുള്ളതിനാലാണെന്ന സുറയ്യയുടെ ചിന്ത വിശ്വാസത്തിന്റെ സര്‍ഗാത്മക സാധ്യതയാണ് കാണിക്കുന്നത്.

         അല്ലാഹുവിലേക്ക് വഴികാണിച്ച പ്രവാചകനോടുള്ള ആത്മബന്ധവും സുറയ്യ വെളിപ്പെടുത്തുന്നു. 'അറേബ്യന്‍ രാത്രിയെ വെളിപ്പിക്കും പൊന്‍പ്രഭാതം' എന്നാണ് പ്രവാചകനുള്ള വിശേഷണം. 'മരുഭൂവില്‍ പെയ്ത മഴയെ മണ്‍തരികള്‍ നിരന്തരം ഓര്‍ക്കുന്നു' എന്ന രൂപകം മനുഷ്യസമുദായത്തിനു മുകളില്‍ മഴയായിപ്പെയ്ത പ്രവാചക കാരുണ്യം ഹൃദ്യമായി വരച്ചുകാണിക്കുന്നു.

         ഇസ്‌ലാം സ്വീകരിച്ച ശേഷം കലമാ സുറയ്യ എന്ന പേരുവെച്ച് പുറത്തു വന്ന കൃതികള്‍: സുറയ്യ പാടുന്നു (2001, പ്രഭാത് ബുക് ഹൗസ്), യാ അല്ലാഹ്, സസ്‌നേഹം (ഐ.പി.എച്ച് 2002). കമലാ സുറയ്യയുടെ അവസാനകാല കൃതികള്‍ മത സാഹിത്യമാണെന്ന് മുദ്രകുത്തിയാല്‍ മലയാള സാഹിത്യം എന്ന പൊതുധാരയില്‍ ഇസ്‌ലാമിക സൗന്ദര്യഭാവനകള്‍ക്ക് സ്ഥാനമില്ല എന്നാണര്‍ഥം. അത്തരമൊരു ധാരണ മലയാളത്തിന്റെ 'സാംസ്‌കാരിക ബഹുത്വ'ത്തെ നിര്‍വീര്യമാക്കും. വ്യത്യസ്തമായ വിശ്വാസ വെളിച്ചങ്ങളും മിത്തുകളും പടര്‍പ്പുകളുമെല്ലാം ചേര്‍ന്ന് മലയാള കാവ്യലോകം സമൃദ്ധമാകുന്നതിന്റെ സൂചനയായിത്തന്നെയാണ് യാ അല്ലാഹ് പോലുള്ള കവിതകളെ വിലയിരുത്തേണ്ടത്. 


Comments

Other Post

ഖുര്‍ആന്‍ ബോധനം

സൂറ 20/ ത്വാഹാ/ 98-102
എ.വൈ.ആര്‍