മദ്യവും ഗാന്ധിജിയുടെ നിലപാടും
മദ്യവും ഗാന്ധിജിയുടെ നിലപാടും
1931 ജൂണ്‍ 25-ന് യംഗ് ഇന്ത്യയില്‍ ഗാന്ധിജി എഴുതി: ''ഭാരതത്തിന്റെ സര്‍വാധിപതിയായി ഒരു മണിക്കൂര്‍ നേരത്തെക്കാണ് നിയമിക്കപ്പെടുന്നതെങ്കില്‍ പോലും ഞാന്‍ ആദ്യം ചെയ്യുന്ന പ്രവൃത്തി ഒരു പ്രതിഫലവും വാങ്ങാതെ രാജ്യത്തുള്ള എല്ലാ മദ്യഷാപ്പുകളും അടച്ചുപൂട്ടുകയെന്നതായിരിക്കും.''
ലഹരി പദാര്‍ഥങ്ങള്‍ സൃഷ്ടിക്കുന്ന മഹാ വിപത്ത് ഭാരതത്തെ പോലുള്ള ഒരു ദരിദ്ര രാഷ്ട്രത്തെ സാമാന്യ ജനങ്ങളുടെ ദൈനംദിന ജീവിതത്തെ നരകതുല്യമാക്കുമെന്ന കാര്യത്തില്‍ ഇന്ത്യയുടെ ആത്മാവ് തൊട്ടറിഞ്ഞ ഗാന്ധിജിക്ക് സംശയമുണ്ടായിരുന്നില്ല. മദ്യവും മയക്കുമരുന്നും പിശാചിന്റെ രണ്ട് കരങ്ങളാണ്. ആ കരങ്ങള്‍ കൊണ്ടുള്ള അടിയേറ്റ് ബുദ്ധിശൂന്യതയിലും ലഹരിയിലും അടിമത്തത്തിലും അതുവഴി ദാരിദ്ര്യത്തിലും മനുഷ്യന്‍ പതിക്കുന്നുവെന്ന് 'മദ്യം, മയക്കുമരുന്ന്, ചൂതാട്ടം' എന്ന ശീര്‍ഷകത്തില്‍ 1926 ഏപ്രില്‍ 22-ലെ യംഗ് ഇന്ത്യയിലും ഗാന്ധിജി എഴുതുകയുണ്ടായി.
പതിനെട്ടിന നിര്‍മാണ പരിപാടിയില്‍ മദ്യനിരോധവും ഉള്‍പ്പെട്ടിരുന്നു. തുടര്‍ന്ന് ആദ്യത്തെ ദേശീയ സര്‍ക്കാര്‍ രൂപവത്കരിക്കപ്പെട്ടതോടെ 1938-ല്‍ ദേശവ്യാപകമായി മദ്യനിരോധം നിലവില്‍ വന്നു.
സ്വാതന്ത്ര്യത്തിനു ശേഷം നമുക്കൊരു ഭരണഘടന നിലവില്‍ വന്നപ്പോള്‍ മദ്യവും മയക്കുമരുന്നുകളും നിരോധിക്കപ്പെടേണ്ടതാണെന്ന് അതില്‍ എഴുതിച്ചേര്‍ത്തു. പക്ഷേ, നിര്‍ഭാഗ്യവശാല്‍ സമ്പൂര്‍ണ മദ്യനിരോധം എന്ന ഗാന്ധിജിയുടെ ലക്ഷ്യം സാക്ഷാത്കരിക്കപ്പെട്ടില്ല. കേരളം ഉള്‍പ്പെടെ പല പ്രദേശങ്ങളിലും മദ്യത്തിനെതിരെ ശക്തമായ ജനകീയ പ്രക്ഷോഭങ്ങളുണ്ടായെങ്കിലും സമ്പൂര്‍ണ മദ്യനിരോധം നിയമം മൂലം നടപ്പാക്കാന്‍ നാളിതുവരെ കഴിഞ്ഞിട്ടില്ല.
മദ്യത്തിന്റെ നിര്‍മാണവും വില്‍പനയും ഉപയോഗവും കുറ്റകൃത്യമായി കണക്കാക്കി നിയമം മൂലം നിരോധിക്കണമെന്ന ഗാന്ധിജിയുടെ നിലപാടിനെതിരെ അക്കാലത്തും വിമര്‍ശനങ്ങളുയര്‍ന്നിരുന്നു. ഉദാഹരണ സഹിതം യുക്തിസഹമായ മറുപടിയിലൂടെ ഗാന്ധിജി എല്ലാ വിമര്‍ശനങ്ങളെയും നേരിട്ടു.
തീയിലും ആഴമേറിയ ജലാശയത്തിലേക്കും ചാടുന്ന കുട്ടികളെ ഉപദേശിച്ച് പിന്തിരിപ്പിക്കാന്‍ സമയം കളയാതെ ബലം പ്രയോഗിച്ച് തടയുകയാണ് വേണ്ടത് എന്നാണ് ഗാന്ധിജിയുടെ അഭിപ്രായം. എന്തെന്നാല്‍ മരണം ശരീരത്തെ മാത്രമേ നശിപ്പിക്കുകയുള്ളൂ. എന്നാല്‍, മദ്യം ശരീരത്തെയും ആത്മാവിനെയും നശിപ്പിക്കുന്നു. ഒരാളുടെ കാമവികാരങ്ങളെ ശമിപ്പിക്കാന്‍ സര്‍ക്കാര്‍ വേശ്യകളെ ഒരുക്കിനിര്‍ത്തണമെന്ന് ആവശ്യപ്പെടാന്‍ ഒരു പൗരന് എത്രത്തോളം അവകാശമുണ്ടോ അത്രത്തോളം അവകാശമേ മദ്യപാനത്തിന് സൗകര്യങ്ങള്‍ വേണമെന്ന് ആവശ്യപ്പെടുന്നതിലുമുള്ളൂവെന്നാണ് ഗാന്ധിജി പറഞ്ഞത്.
മദ്യത്തില്‍ നിന്നുള്ള നികുതി പാപത്തിന്റെ കൂലിയാണെന്ന് ഗാന്ധിജി ഉറച്ച് വിശ്വസിച്ചിരുന്നു. മദ്യനികുതി നഷ്ടപ്പെട്ടാലും ആത്യന്തികമായി രാഷ്ട്രത്തിന് നഷ്ടമുണ്ടാകില്ലെന്ന് യൂക്തിപൂര്‍വം ഗാന്ധിജി സമര്‍ഥിച്ചു.
ജമാലുദ്ദീന്‍ പാലേരി
ജനാധിപത്യത്തിലെ
സാങ്കേതിക വിജയം
ആറ് ദേശീയ പാര്‍ട്ടികളും 54 സംസ്ഥാനതല പാര്‍ട്ടികളും ഉള്‍പ്പെടെ ഇന്ത്യയിലാകമാനം രജിസ്റ്റര്‍ ചെയ്യപ്പെട്ട രാഷ്ട്രീയ പാര്‍ട്ടികള്‍ 1687 ആണ്. അതില്‍ 1652 പാര്‍ട്ടികള്‍ക്ക് ഈ കഴിഞ്ഞതെരഞ്ഞെടുപ്പില്‍ ഒരു സീറ്റു പോലും നേടാന്‍ കഴിഞ്ഞില്ല. വെറും 543 സീറ്റുകളിലേക്ക് മത്സരിച്ച സ്ഥാനാര്‍ഥികളുടെ എണ്ണം 8200 ആണ് (വിവിധ രാഷ്ട്രീയ പാര്‍ട്ടികള്‍ നിര്‍ത്തിയ 5007 സ്ഥാനാര്‍ഥികളും സ്വതന്ത്രരായി മത്സരിച്ച 3193 സ്ഥാനാര്‍ഥികളും). അങ്ങനെ നോക്കുമ്പോള്‍ ഒരു മണ്ഡലത്തില്‍ ശരാശരി 15 സ്ഥാനാര്‍ഥികള്‍ മത്സരിച്ചിട്ടുണ്ട്. ലോകത്തെ മറ്റു ജനാധിപത്യ രാഷ്ട്രങ്ങളില്‍ നടക്കുന്നതില്‍ നിന്ന് തികച്ചും വ്യത്യസ്തമാണിത്. അവിടെയെല്ലാം രണ്ടോ മൂന്നോ സ്ഥാനാര്‍ഥികള്‍ തമ്മിലാണ് മത്സരം. വിജയിക്കുന്ന സ്ഥാനാര്‍ഥികള്‍ക്ക് മിക്കവാറും അമ്പത് ശതമാനത്തിലേറെ വോട്ടുണ്ടാകും. അതാണ് യഥാര്‍ഥത്തില്‍ കേവല ഭൂരിപക്ഷമായി കണക്കാക്കപ്പെടേണ്ടത്. അഖിലേന്ത്യാടിസ്ഥാനത്തില്‍ 31 ശതമാനം (17.61 കോടി) വോട്ട് നേടിയ ബി.ജെ.പിക്ക് 282 സീറ്റ് കിട്ടിയപ്പോള്‍ 19.3 ശതമാനം (10.7 കോടി) വോട്ട് ലഭിച്ച കോണ്‍ഗ്രസ്സിന് വെറും 44 സീറ്റ് മാത്രമാണ് ലഭിച്ചത്. അതുപോലെ 4.1 ശതമാനം (2.3 കോടി) വോട്ട് ലഭിച്ച ബി.എസ്.പിക്ക് ഒരു സീറ്റും ലഭിച്ചില്ല. ഉത്തര്‍പ്രദേശില്‍ 42.3 ശതമാനം വോട്ട് ലഭിച്ച ബി.ജെ.പിക്ക് 71 സീറ്റ് ലഭിച്ചപ്പോള്‍ 22.2 ശതമാനം വോട്ട് ലഭിച്ച എസ്.പിക്ക് 5 സീറ്റും. അങ്ങനെ നോക്കുമ്പോള്‍ മോദിയുടെയും കൂട്ടരുടെയും വിജയം തികച്ചും സാങ്കേതികം മാത്രമാണ്. വെറും 31 ശതമാനം വോട്ടാണ് ബി.ജെ.പിക്ക് ലഭിച്ചതെന്ന് പറയുമ്പോള്‍ 69 ശതമാനം വോട്ടര്‍മാര്‍ മോദിക്കെതിരായാണ് നില്‍ക്കുന്നതെന്ന വസ്തുത മോദിയും ബി.ജെ.പിയും എന്‍.ഡി.എയും മനസ്സിലാക്കുന്നത് നന്നായിരിക്കും.
കെ.എ അബ്ദുല്ല
വിലയില്ലാത്ത ചരക്ക്
ദുന്‍യാവ് വിലയില്ലാത്ത ചരക്കാണെന്ന് വ്യക്തമാക്കുന്ന ധാരാളം ഖുര്‍ആന്‍ സൂക്തങ്ങളും തിരുവചനങ്ങളും കാണാം. ദുന്‍യാവിന്റെ നിസ്സാരത വ്യക്തമാക്കുന്ന ഒരു സംഭവമാണ് താഴെ വിവരിക്കുന്നത്.
ചത്ത ഒരാടിന്റെ ചെവി പിടിച്ചു നബി (സ) ചോദിച്ചു: ''കൂട്ടരേ, ഇത് ഒരു ദിര്‍ഹമിന്ന് തരാം. ആവശ്യക്കാര്‍ മുന്നോട്ട് വരിക.'' ഏറ്റവും വിലകൂടിയതാണ് ആട് മാംസം. അത് വിലകുറച്ച് കിട്ടിയാല്‍ ആരാണ് വാങ്ങാതിരിക്കുക? തിരുമേനിയുടെ ചോദ്യം കേട്ട സ്വഹാബികള്‍ ആശ്ചര്യത്തോടെ പരസ്പരം നോക്കി. മദീനയിലെ തിരക്കേറിയ വഴിയിലൂടെ നബി (സ) തന്റെ സ്വഹാബിമാരോടൊപ്പം നടന്നുപോവുകയായിരുന്നു. പ്രമുഖരായ സ്വഹാബികള്‍ കൂടെയുണ്ട്. അതിന്നിടയിലാണ്, തെരുവില്‍ ഉപേക്ഷിക്കപ്പെട്ട ഒരാടിന്റെ ജഡം നബിയുടെ കണ്ണില്‍ പെട്ടത്. പലരും നിസ്സാരമായി തള്ളിക്കളയുന്ന ഒന്നാണിതെങ്കിലും മഹാനായ പ്രവാചകന്‍ ആ സന്ദര്‍ഭം ഫലപ്രദമായി ഉപയോഗപ്പെടുത്തുകയാണ് ചെയ്തത്.
നബി (സ)യുടെ ചോദ്യത്തിനു സ്വഹാബികളുടെ പ്രതികരണം വന്നു തുടങ്ങി. ഒരാള്‍ പറഞ്ഞു:''ഇത് വെറുതെ കിട്ടിയാലും എനിക്ക് വേണ്ട''
കൂട്ടുകാരുടെ അഭിപ്രായങ്ങള്‍ കേട്ട് നബി (സ) സന്തോഷിച്ചു. താന്‍ ഉദ്ദേശിച്ച ആശയത്തിന്ന് അനുയോജ്യമായ പ്രതികരണങ്ങളാണിവയെല്ലാം. തിരുമേനി മനസ്സില്‍ കണക്ക്കൂട്ടി.
അനന്തരം പ്രവാചകന്‍ പറഞ്ഞു:''കേട്ടോളൂ, ഇതില്‍ മഹത്തായ ഒരു പാഠമുണ്ട് നിങ്ങള്‍ക്ക്. ഈ ആട് ഇതിന്റെ ഉടമസ്ഥന് എത്രത്തോളം നിസ്സാരമാണോ; അതിനേക്കാളും നിസ്സാരമാണ് ദുന്‍യാവ് അല്ലാഹുവിന്റെ ദൃഷ്ടിയില്‍.'' ദുന്‍യാവിന്റെ നിസ്സാരത അതോടെ എല്ലാവര്‍ക്കും നന്നായി ബോധ്യപ്പെട്ടു. ഇഹലോകത്തിലെ ക്ഷണികമായ സമ്പത്തിലും സൗഭാഗ്യത്തിലും ഭ്രമിച്ച് ആരും പരലോകത്തെ വിസ്മരിക്കരുതെന്നും അത് മൗഢ്യമാണെന്നും ഇത് ശരിക്കും പഠിപ്പിക്കുന്നു.
അബ്ദുല്‍ ജബ്ബാര്‍, കൂരാരി
മുശാവറ ഐക്യം
നല്‍കുന്ന പ്രതീക്ഷകള്‍
ലക്കം 2851-ന്റെ മുഖക്കുറിപ്പാണ് ഈ കത്തിന് പ്രേരകം. 1964-ല്‍ നിലവില്‍ വന്ന മജ്‌ലിസെ മുശാവറ 50 വര്‍ഷം പിന്നിടാന്‍ പോകുന്ന ഈ അവസരത്തില്‍ ആ പ്രസ്ഥാനം ഉയര്‍ത്തിപ്പിടിച്ച ലക്ഷ്യത്തോടുള്ള താല്‍പര്യവും വിശ്വാസവുമായിരുന്നു മുസ്‌ലിം സമൂഹത്തെ ആകര്‍ഷിച്ച സുപ്രധാന ഘടകം. പിന്നീട് ആ സംഘടനയില്‍ ഭിന്നിപ്പുണ്ടായി. രാഷ്ട്രീയവും മതപരവുമായ വിഭാഗീയത തന്നെയായിരുന്നു കാരണം. എന്നാല്‍, സയ്യിദ് ശഹാബുദ്ദീനെ പോലെയുള്ള നല്ല അനുഭവസമ്പത്തും അറിവുമുള്ള പ്രമുഖ നേതാക്കളും പണ്ഡിതന്മാരും അടങ്ങുന്ന വ്യക്തിത്വങ്ങളുടെ നേതൃത്വത്തില്‍ വീണ്ടും ഒന്നിക്കാനും 50-ാം വാര്‍ഷികം നടത്താനും തീരുമാനിച്ചതില്‍ സമുദായ സ്‌നേഹികള്‍ വളരെ സന്തോഷത്തിലും പ്രതീക്ഷയിലുമാണ്.
മുഹമ്മദ് വെട്ടത്ത്, പെരുമ്പാവൂര്‍
ഒരു ജനതയുടെ
സഹതാപാര്‍ഹമായ നിസ്സഹായത
'കരിനിയമങ്ങള്‍ എവ്വിധം നിരപരാധികളോട് പെരുമാറുന്നു' എന്ന കവര്‍സ്റ്റോറി (2849) വായിച്ചപ്പോള്‍ ഒരു സമുദായത്തിന്റെ ദയനീയമായ നിസ്സഹായത വല്ലാതെ വേദനിപ്പിച്ചു. ഇന്ത്യന്‍ മുസ്‌ലിംകളുടെ ഭാവിയെക്കുറിച്ച് ഉത്കണ്ഠയോടെ സമുദായ നേതൃത്വം ചിന്തിക്കുന്നില്ല എന്നതാണ് ദുഃഖസത്യം. എത്ര തന്ത്രപരവും വഞ്ചനാപരവുമായ നാടകീയതയിലൂടെയാണ് മുസ്‌ലിംകളെ വോട്ടുബാങ്കുകളാക്കി മാറ്റുന്നത്! മതേതര രാഷ്ട്രീയക്കാരും മതരാഷ്ട്രീയക്കാരും മെനഞ്ഞുണ്ടാക്കുന്ന ഈ രാഷ്ട്രീയ തിരക്കഥയില്‍ ചില മുസ്‌ലിം പണ്ഡിതന്മാരും നേതാക്കളും അറിഞ്ഞും അറിയാതെയും പെട്ടുപോവുകയാണ്.
വി. മുഹമ്മദ്
മെയ് 23-ലെ ലക്കത്തില്‍ ഡോ. പി. അന്‍വറുമായി ബഷീര്‍ തൃപ്പനച്ചി നടത്തിയ അഭിമുഖം നമ്മുടെ വിദ്യാഭ്യാസക്രമം അടിമുടി മാറ്റിപ്പണിയേണ്ടതിന്റെ ആവശ്യകത മനസ്സിലാക്കിത്തരുന്നു. അതില്‍ പ്രധാനം ലോകത്തിന്റെ മാറ്റങ്ങളെ അറിയുക എന്നതുതന്നെയാണ്. നമ്മുടെ വിദ്യാഭ്യാസ സ്ഥാപനങ്ങളില്‍ നിന്ന് പുറത്തുവരുന്നവര്‍ സമൂഹത്തിന്റെ പുതിയ ചോദ്യങ്ങള്‍ക്ക് ഉത്തരം നല്‍കാന്‍ കഴിയുന്നവരാവണം. പുതിയ ചോദ്യങ്ങള്‍ക്ക് പുതിയ ഉത്തരങ്ങളാണ് നല്‍കേണ്ടത്. ബിരുദം നല്‍കി വിദ്യാഭ്യാസം നിര്‍ത്തുന്നതിനു പകരം വിദ്യാര്‍ഥികള്‍ ഗവേഷണകുതുകികളാവുകയും സ്ഥാപനങ്ങള്‍ അതിനു പ്രോത്സാഹനം നല്‍കുകയും ചെയ്താലേ ഇത് സാധ്യമാവുകയുള്ളൂ.
റഹീം കെ. പറവന്നൂര്‍
Comments