ഇന്ത്യയിലെ ഭരണമാറ്റവും ഗള്‍ഫ് മേഖലയും
ഇന്ത്യയിലുണ്ടായ രാഷ്ട്രീയ മാറ്റം അറബ് രാഷ്ട്രങ്ങളിലുള്‍പ്പെടെ മുസ്‌ലിം ലോകത്ത് വലിയ അങ്കലാപ്പ് സൃഷ്ടിച്ചതായി ഗള്‍ഫ് മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. അറബ് ജനതയാണ് കൂടുതല്‍ അസ്വസ്ഥരായിരിക്കുന്നത്. ഇന്ത്യ-ഇസ്രയേല്‍ ബന്ധം പൂര്‍വോപരി ശക്തിപ്പെടുന്നത് ഇസ്‌ലാമിനും മുസ്‌ലിം സമൂഹങ്ങള്‍ക്കും ആപത്തായിത്തീരുമെന്ന് അവര്‍ ആശങ്കിക്കുന്നു. ഖത്തറിലെ പെനിന്‍സുല ഇസ്രയേലീ ന്യൂസ് പോര്‍ട്ടലായ അല്‍ മസ്ദറിനെ ഉദ്ധരിച്ചു പറയുന്നു: ''ഇന്ത്യയില്‍ മോദിയുടെ വിജയം മുസ്‌ലിം ലോകത്തിന് തീരെ മോശപ്പെട്ട വര്‍ത്തമാനമാണ്. കാരണം ഇസ്‌ലാംവിരോധിയാണ് മോദി. മോദിയുടെ ഭരണകാലത്ത് ഗുജറാത്ത് സംസ്ഥാനത്ത് ആയിരക്കണക്കില്‍ മുസ്‌ലിംകള്‍ കൊല ചെയ്യപ്പെട്ടിട്ടുണ്ട്.... ഇനി വിവിധ മേഖലകളിലുള്ള ഇന്ത്യ-ഇസ്രയേല്‍ ബന്ധം ദ്രുതഗതിയില്‍ വികസിച്ചുകൊണ്ടിരിക്കും. ഇന്ത്യാ-ഇസ്രയേല്‍ ആയുധ ഇടപാടും സുരക്ഷാ രംഗത്തെ സഹകരണവും മുമ്പത്തെക്കാള്‍ വിപുലമാകും.'' ഖത്തര്‍ യൂനിവേഴ്‌സിറ്റിയിലെ ഗള്‍ഫ് പഠനകേന്ദ്രം ഡയറക്ടര്‍ ഡോ. അബ്ദുല്ല ബാ അബൂദ് പറയുന്നു: ''മാറി വരുന്ന ആഗോള സാഹചര്യങ്ങളെ ഇസ്രയേല്‍ എന്നും സമര്‍ഥമായി പ്രയോജനപ്പെടുത്തുമ്പോള്‍, സ്വന്തം പ്രശ്‌നങ്ങളുടെ നൂലാമാലകളില്‍ സദാ കെട്ടിപ്പിണഞ്ഞുകഴിയുന്ന അറബ് രാജ്യങ്ങള്‍ അതെല്ലാം അവഗണിച്ചു കളയുന്നു.'' എന്നാല്‍ ബഹ്‌റൈന്‍ യൂനിവേഴ്‌സിറ്റിയിലെ അന്താരാഷ്ട്ര പഠന കേന്ദ്രത്തിന്റെ വൈസ് പ്രസിഡന്റ് ഡോ. മുഹമ്മദ് നുഅ്മാന്‍, ''ഗള്‍ഫ് രാജ്യങ്ങളുമായുള്ള പരമ്പരാഗത ബന്ധങ്ങളും സാമ്പത്തിക താല്‍പര്യങ്ങളും പരിഗണിച്ച് ഇന്ത്യ അതിന്റെ സമീപനത്തില്‍ സൂക്ഷ്മത പാലിക്കും'' എന്ന് പ്രത്യാശിക്കുന്നു.
പത്രങ്ങള്‍ പറയുന്ന ആശങ്ക ആര്‍ക്കാണുണ്ടായിരിക്കുന്നതെന്ന കാര്യം അവ്യക്തമാണ്. അറബ് ഗവണ്‍മെന്റുകളൊന്നും ഇതേപ്പറ്റി കാര്യമായ പ്രസ്താവനയിറക്കിയതായി കണ്ടിട്ടില്ല. മറ്റു ഉത്തരവാദപ്പെട്ട വൃത്തങ്ങളും അഭിപ്രായ പ്രകടനം നടത്തിയിട്ടില്ല. ഇസ്രയേലിനെ സ്ഥാപിക്കുകയും പോറ്റിവളര്‍ത്തുകയും ചെയ്യുന്ന അമേരിക്കയും ബ്രിട്ടനും ഉള്‍പ്പെടെയുള്ള പാശ്ചാത്യ രാജ്യങ്ങളുമായി ഊഷ്മളമായ ബന്ധമാണ് മധ്യപൗരസ്ത്യ രാജ്യങ്ങള്‍ക്കുള്ളത്. അവിടത്തെ പല ഗവണ്‍മെന്റുകളെയും സംരക്ഷിക്കുന്നത് ഈ ശക്തികളാണ്. ആ നിലക്ക് ഇന്ത്യയുടെ ഇസ്രയേല്‍ ബന്ധം ആ സര്‍ക്കാറുകളെ അലോസരപ്പെടുത്തേണ്ട കാര്യമില്ല. ചില ഗള്‍ഫ് സര്‍ക്കാറുകള്‍ ഇസ്രയേലുമായി അഗാധമായ രഹസ്യ ബന്ധം പുലര്‍ത്തുന്നുവെന്നതും വസ്തുതയാണ്. ഉത്തരാഫ്രിക്കന്‍ നാടുകളില്‍ ഇസ്രയേലിന്റെ കരങ്ങളാല്‍ നടക്കുന്ന ഇസ്‌ലാമിസ്റ്റ് ഉന്മൂലനത്തിന് ഭീകരവിരുദ്ധതയുടെ പേരില്‍ ഇക്കൂട്ടരുടെ കലവറയില്ലാത്ത പിന്തുണയുമുണ്ട്.
ഇന്ത്യയിലെ ഭരണമാറ്റം മധ്യപൗരസ്ത്യ രാജ്യങ്ങളില്‍ അങ്കലാപ്പുയര്‍ത്തി എന്ന വാര്‍ത്തക്ക് ആ സംഭവം മുസ്‌ലിം ലോകത്തെ സാമാന്യ ജനങ്ങളില്‍ ഉയര്‍ത്തിയ അങ്കലാപ്പ് അറേബ്യയിലെ സാമാന്യ ജനങ്ങളും പങ്കുവെക്കുന്നു എന്നേ അര്‍ഥമുള്ളൂ. അവരുടെ ആശങ്കക്ക് അതിന്റേതായ ന്യായങ്ങളുണ്ട്. ഇന്ത്യയിലെ മോദി വിജയം നന്നായി ആഘോഷിച്ച ഏക പശ്ചിമേഷ്യന്‍ രാജ്യം ഇസ്രയേലാണ്- ഈ ആഘോഷത്തിന് കഴിഞ്ഞ ജൂലൈ 3-ന് മുഹമ്മദ് മുര്‍സി ഈജിപ്ഷ്യന്‍ പ്രസിഡന്റ് സ്ഥാനത്തു നിന്ന് പുറത്താക്കപ്പെട്ടപ്പോള്‍ തെല്‍അവീവില്‍ സംഘടിപ്പിക്കപ്പെട്ട ആഘോഷങ്ങളോളം പൊലിമയുണ്ടായിരുന്നില്ലെങ്കിലും. തുടര്‍ന്നു വന്ന, ഇസ്രയേല്‍ പ്രസിഡന്റ് നെതന്യാഹുവിന്റെ പ്രസ്താവനകളില്‍ ഇന്ത്യ-ഇസ്രയേല്‍ ബന്ധം അറബികളെ ദ്രോഹിക്കാന്‍ പ്രയോജനപ്പെടുത്തുമെന്ന വ്യക്തമായ സൂചനകളുണ്ടായിരുന്നു. അതിനും പക്ഷേ പശ്ചിമേഷ്യന്‍ സര്‍ക്കാറുകളില്‍ നിന്ന് പ്രതികരണമുണ്ടായില്ല.
ഇന്തോ-അറബ് വ്യാപാര ബന്ധങ്ങള്‍ക്ക് സഹസ്രാബ്ദങ്ങളുടെ പാരമ്പര്യമുണ്ട്. ഏറ്റവുമധികം മുസ്‌ലിംകളുള്ള രാജ്യങ്ങളിലൊന്നാണ് ഇന്ത്യ. ഇന്നും പശ്ചിമേഷ്യന്‍ പെട്രോളിയത്തിന്റെ പ്രധാന വിപണികളിലൊന്ന് ഈ രാജ്യമാണ്. ഇവിടത്തെ കാര്‍ഷിക-വ്യാവസായിക ഉല്‍പന്നങ്ങള്‍ അവര്‍ക്കാവശ്യമുണ്ട്. ഈ യാഥാര്‍ഥ്യങ്ങള്‍ കണക്കിലെടുക്കുമ്പോള്‍ അറബ് ലോകം ഇന്ത്യയെയും അതിന്റെ വിദേശ നയങ്ങളെയും അവഗണിക്കുന്നത് ഭാവിയില്‍ അവര്‍ക്ക് വലിയ ദോഷം ചെയ്യും. ഇന്ത്യയെ സംബന്ധിച്ചേടത്തോളം അതിന്റെ ഉല്‍പന്നങ്ങളുടെ മാത്രമല്ല, മനുഷ്യശക്തിയുടെയും ഏറ്റവും വലിയ വിപണിയാണ് പശ്ചിമേഷ്യ. ഇന്ത്യന്‍ പൗരന്മാര്‍ അവിടെ ജോലി ചെയ്ത് സമ്പാദിക്കുന്നതാണ് നമ്മുടെ വിദേശ നാണ്യ ശേഖരത്തിന്റെ മുഖ്യ ഭാഗം. ഇസ്രയേല്‍ എന്ന വംശീയ ഫാഷിസ്റ്റ് രാജ്യത്തിന്റെ രൂപീകരണത്തെ എതിര്‍ത്തവരാണ് നമ്മള്‍. ഏറെക്കാലം അതിനെ അംഗീകരിച്ചതുമില്ല. മര്‍ദിതരായ ഫലസ്ത്വീനികളുടെ അവകാശങ്ങള്‍ക്കു വേണ്ടി നാം എന്നും ശക്തിയുക്തം വാദിച്ചു പോന്നിട്ടുമുണ്ട്. ഈ വസ്തുതകളെല്ലാം മറന്ന് യുദ്ധ വ്യവസായി മാത്രമായ ഫാഷിസ്റ്റ് ഇസ്രയേലിന്റെ പിമ്പെ പായുകയാണെങ്കില്‍ അത് നമ്മുടെ മഹത്തായ പാരമ്പര്യത്തിന്റെ നാണംകെട്ട നിഷേധമായിരിക്കും. ദീര്‍ഘകാലാടിസ്ഥാനത്തില്‍ അത് ഇന്ത്യയുടെ താല്‍പര്യങ്ങള്‍ക്ക് ഹാനികരവുമായിരിക്കും. ഇതെല്ലാം കണക്കിലെടുത്ത് വിവേകപൂര്‍വം പ്രവര്‍ത്തിക്കാന്‍ പുതിയ ഭരണകൂടത്തിന് ബാധ്യതയുണ്ട്. അറബ് ലോകത്തിന്റെ ആശങ്ക പ്രവര്‍ത്തിയിലൂടെയാണ് ദൂരീകരിക്കേണ്ടത്. ഇല്ലെങ്കില്‍ നഷ്ടം എല്ലാവരുടേതുമായിരിക്കും.
Comments