യാത്രാവിലക്കെന്ന പുത്തനനുഭവം
ഈ ലേഖകന്‍ പലര്‍ക്കും അനഭിമതനാണെന്ന് നേരത്തേ അറിയാം. പക്ഷേ, യാത്രാവിലക്കുള്ളവനാണെന്ന് അറിയുന്നത് ഇതാദ്യം. അനഭിമതനായി 55 വര്‍ഷത്തെ അനുഭവമുണ്ട്. എന്നാല്‍, യാത്രാ നിരോധം പുതുമയുള്ളതാണ്. അതനുഭവിച്ചതാകട്ടെ, ഇക്കഴിഞ്ഞ വാരത്തിലും. എന്റെ രചന നിരോധിച്ചും വെട്ടിത്തിരുത്തിയും എഴുത്തുകാരുടെയും പത്രപ്രവര്‍ത്തകരുടെയും ലിസ്റ്റില്‍ നിന്ന് പേര് വെട്ടിമാറ്റിയും ഒക്കെയുള്ള അനുഭവങ്ങള്‍ മുമ്പുണ്ടായിട്ടുണ്ട്. പ്രശംസയും വിമര്‍ശനവും ധാരാളം കേട്ടിട്ടുമുണ്ട്. ബഹിഷ്‌കരണവും താക്കീതും ഒളിഞ്ഞും തെളിഞ്ഞുമുള്ള ഭീഷണികളും അനുഭവിച്ചിട്ടുണ്ട്. ഞാനൊരു ഹീറോയോ സാക്ഷിയോ രാഷ്ര്ട്രീയക്കാരനോ ആയതുകൊണ്ടല്ല ഇതൊന്നും. മറിച്ച് ചില അപ്രിയസത്യങ്ങള്‍ പറയുന്നതുകൊണ്ടാണ്. ഒരു സ്വതന്ത്ര പത്രപ്രവര്‍ത്തകന്‍ ഒടുക്കേണ്ട അനിവാര്യ വിലയായി തിരിച്ചറിഞ്ഞതിനാല്‍ എല്ലാം സ്വീകരിച്ചു. ഭരണകൂടത്തിനു പകരം പ്രപഞ്ചനാഥനെയും സ്വന്തം മനഃസാക്ഷിയെയും വായനക്കാരനെയും തൃപ്തിപ്പെടുത്താന്‍ ശ്രമിക്കുന്നവര്‍ക്ക് ഇത്തരം അനുഭവങ്ങള്‍ സ്വാഭാവികം. ഈ വഴി സ്വീകരിച്ച മുന്‍ഗാമികള്‍ക്ക് ഇതിലും കടുത്ത അനുഭവങ്ങള്‍ ഉണ്ടായിട്ടുണ്ട് എന്നും തിരിച്ചറിയുന്നതിനാല്‍ ഞാന്‍ എല്ലാം സഹനത്തോടെ നേരിട്ടു. കഴിഞ്ഞ 5 പതിറ്റാണ്ടിന്റെ ജീവിതശീലമായി അതു മാറി. ഒരുഭാഗത്ത് ഭരണകൂടം വെട്ടിമാറ്റിയ എഴുത്തുകാരനായി നിലനില്‍ക്കുമ്പോഴും മറുഭാഗത്ത് ഒരുപറ്റം വായനക്കാര്‍ക്ക് സ്വീകാര്യനായതും ഞാനനുഭവിക്കുന്ന മനസ്സമാധാനവുമാണ് ആശ്വാസം. അനുവദിക്കപ്പെട്ട പരിധി ലംഘിക്കാതെ എന്റെ അഭിപ്രായവും നിരൂപണങ്ങളും പ്രകടിപ്പിക്കാനാണ് ഇത്രയും കാലം ശ്രമിച്ചത്. പരിധി പാലിക്കാനായി എന്റെ അഭിപ്രായത്തെ പകുതിയോ കാല്‍ഭാഗമോ ആക്കി വെട്ടിച്ചുരുക്കി പ്രസിദ്ധീകരിക്കാനും ഞാന്‍ സമ്മതിച്ചിട്ടുണ്ട്. വായനക്കാരനെ വഞ്ചിക്കുന്നതോ എനിക്ക് ലജ്ജ തോന്നുന്നതോ ആയ ഒരു വാക്ക് പോലും എഴുതുന്നതിനെ ഞാനെന്നും ശക്തമായി എതിര്‍ത്തിരുന്നു. അല്‍ അഹ്‌റാം പത്രത്തില്‍ ജോലി ചെയ്തിരുന്ന സമയത്ത് വെളിച്ചം കാണില്ല എന്നുറപ്പുള്ളതു പോലും എഴുതി നല്‍കാറുണ്ടായിരുന്നു. പക്ഷേ, അപ്പോഴും ദൈവത്തിനു മുമ്പില്‍ ന്യായം ബോധിപ്പിക്കാവുന്ന വിധം എന്റെ മനസ്സാക്ഷിയെ തൃപ്തിപ്പെടുത്തുകയായിരുന്നു ഞാന്‍.
ഇതെല്ലാം ഈ എഴുത്തുകാരന്റെ പ്രശസ്തി വര്‍ധിപ്പിച്ചതേയുള്ളൂ. ഒരു മുന്നറിയിപ്പുപോലെ ഒരു മാസം മുമ്പ് കയ്‌റോ എയര്‍പോര്‍ട്ടില്‍ വെച്ച് മോശമായ ചില അനുഭവങ്ങളുണ്ടായിട്ടും ഞാനത് പുറത്ത് പറയാതെ മൗനം പാലിച്ചു. എന്റെ രചനകളോടുള്ള സുരക്ഷാ ഉദ്യോഗസ്ഥരുടെ വെറുപ്പായേ ഞാനതിനെ കണ്ടുള്ളൂ. ഫലസ്ത്വീനിലെ മാധ്യമപ്രവര്‍ത്തനത്തെ കുറിച്ച് ഇസ്തംബൂളില്‍ നടക്കുന്ന സമ്മേളനത്തില്‍ പങ്കെടുക്കാന്‍ പോവുകയായിരുന്നു ഞാന്‍. പരിശോധന ആവശ്യമായതിനാല്‍ ഒരല്‍പം കാത്തിരിക്കണമെന്ന് എമിഗ്രേഷന്‍ ഉദ്യോഗസ്ഥന്‍ പറഞ്ഞപ്പോള്‍ ഞാന്‍ ഞെട്ടിപ്പോയി. നാലു ഉദ്യോഗസ്ഥരിരിക്കുന്ന ഓഫീസിലേക്ക് അവരെന്നെ കൂട്ടിക്കൊണ്ടു പോയി. ഇരിക്കാനാവശ്യപ്പെട്ട് കുടിക്കാന്‍ ജൂസും ചായയുമൊക്കെ തന്നു. രാജ്യസുരക്ഷാ വിഭാഗത്തിലെ ഏതോ ഉദ്യോഗസ്ഥന്റെ കൈയിലാണ് എന്റെ പാസ്‌പോര്‍ട്ടെന്ന് മനസ്സിലായി. തൊട്ടടുത്ത ഓഫീസിലെ ഉദ്യോഗസ്ഥന്‍ ആരെയൊക്കെയോ ഫോണില്‍ വിളിക്കുന്നു. എല്ലാം എനിക്ക് മുമ്പുണ്ടായിട്ടില്ലാത്ത അനുഭവങ്ങള്‍. 'വിപ്ലവാനന്തര' ഈജിപ്തിലെ ഇത്തരം സംഭവങ്ങള്‍ വിസ്മയത്തോടെ വീക്ഷിച്ച് മൗനിയായി ഞാനിരുന്നു. ഇത്തരമൊരനുഭവം നീണ്ട ഏകാധിപത്യ യുഗത്തില്‍ പോലും എനിക്കുണ്ടായിട്ടില്ല. എന്നെ കമ്യൂണിസ്റ്റെന്നു വിളിച്ച അന്‍വര്‍ സാദാത്തിന്റെ കാലത്തോ എന്റെ രചനകളില്‍ പലതും തടഞ്ഞ മുബാറകിന്റെ കാലത്തോ ഇതുപോലെയുള്ള അനുഭവമുണ്ടായിട്ടില്ല. മോശമായ രീതിയില്‍ പത്രത്തില്‍ നിന്ന് പുറത്താക്കപ്പെട്ട അനുഭവവുമുണ്ട്. മുബാറക് നിരോധിച്ച രചനകള്‍ 'നിരോധിത ലേഖനങ്ങള്‍' എന്ന പേരില്‍ പുസ്തകമായി പിന്നീട് പ്രസിദ്ധീകരിച്ചു. പിന്നീട് വന്ന മുര്‍സിയുടെ കാലത്തും എനിക്ക് ഇത്തരമൊരനുഭവം ഉണ്ടായിട്ടില്ല. മുര്‍സി ഭരണത്തെ വിമര്‍ശിക്കുന്നതിനാല്‍ ദോഷൈകദൃക്കായി അദ്ദേഹം എന്നെ വിശേഷിപ്പിച്ചിട്ടുണ്ടായിരുന്നു. അളവിലെ വ്യത്യാസങ്ങളോടെ എല്ലാ കാലത്തും പ്രയാസമുണ്ടായിട്ടുണ്ടെങ്കിലും ഇത് ആദ്യ അനുഭവമാണ്. ഇസ്തംബൂള്‍ യാത്രയില്‍ അരമണിക്കൂര്‍ നേരമാണ് എന്നെ എമിഗ്രേഷന്‍ ഓഫീസില്‍ തടഞ്ഞുവെച്ചത്. അവസാനം ഒരു ഉദ്യോഗസ്ഥന്‍ 'അഭിനന്ദങ്ങള്‍' എന്നു പറഞ്ഞ് പാസ്‌പോര്‍ട്ട് തിരികെ തന്നു. ഒരു പൗരന്റെ യാത്രയും എമിഗ്രേഷന്‍ ഓഫീസര്‍മാരുടെ മുന്നിലൂടെ കടന്നുപോകുന്നതുമൊക്കെ അഭിനന്ദനമര്‍ഹിക്കുന്ന വലിയ കാര്യങ്ങളാണെന്ന് എനിക്ക് ബോധ്യപ്പെട്ടു. ചുരുക്കത്തില്‍ അന്ന് ഞാന്‍ രക്ഷപ്പെട്ടു. യാത്ര മുടങ്ങിയില്ല. ഈ അനുഭവം ഞാന്‍ അന്ന് പുറത്തു പറഞ്ഞതുമില്ല.
ഇത്തവണ മൂന്നാം ലോക രാജ്യങ്ങളെക്കുറിച്ച സമ്മേളനത്തില്‍ പങ്കെടുക്കാന്‍ മാഡ്രിഡിലേക്കാണ് യാത്ര. മുന്‍ അനുഭവം ഉള്ളതിനാല്‍ വൈകാതിരിക്കാന്‍ എയര്‍പോര്‍ട്ടില്‍ നേരത്തെ എത്തി. ചില വ്യത്യാസങ്ങളോടെ പഴയ അനുഭവങ്ങള്‍ ആവര്‍ത്തിച്ചു. പല ഓഫീസുകളും കയറിയിറങ്ങേണ്ടി വന്നു. ഇടക്ക് രാജ്യ സുരക്ഷാ ചുമതലയുള്ള ഉയര്‍ന്ന ഓഫീസറുമായി സംസാരിച്ചു. തിരിച്ച് എമിഗ്രേഷന്‍ ഓഫീസിലേക്ക് വീണ്ടും. എന്താണ് നടക്കുന്നതെന്നറിയാതെ ഒരു മണിക്കൂറിലധികം അവിടെ ഇരുന്നു. വിമാനം പുറപ്പെടേണ്ട സമയമായപ്പോള്‍ അടുത്തുള്ള ഉദ്യോഗസ്ഥനോട് ഇതിലധികം കാത്തിരിക്കാനാവില്ല എന്നറിയിച്ചു. സുരക്ഷാ ഉദ്യോഗസ്ഥന്‍ പിടിച്ചുവെച്ച പാസ്‌പോര്‍ട്ട് തിരികെ ആവശ്യപ്പെട്ടു. അവരത് പ്രതീക്ഷിച്ച പോലെ. എന്റെ ആവശ്യം അനുഭാവപൂര്‍വം പരിഗണിക്കപ്പെട്ടു. അവര്‍ തടഞ്ഞുവെച്ചില്ല എന്നും ഞാന്‍ സ്വയം തിരിച്ചുപോയതാണെന്നും വരുത്തിത്തീര്‍ക്കാനുള്ള ശ്രമം. പെട്ടെന്നു തന്നെ പാസ്‌പോര്‍ട്ട് തിരിച്ചു കിട്ടി. എന്റെ ലഗേജ് വിമാനത്തില്‍ നിന്നും തിരിച്ചിറക്കി. വീട്ടിലേക്ക് തിരിച്ചു പോകാന്‍ അനുവാദം ലഭിച്ചു. രണ്ട് മണിക്കൂര്‍ കഴിഞ്ഞതേയുള്ളൂ, അസോസിയേറ്റഡ് പ്രസ് സംഭവം വാര്‍ത്തയാക്കി. തുടര്‍ന്ന് മറ്റു ന്യൂസ് ഏജന്‍സികളും വാര്‍ത്ത കൊടുത്തു. വാര്‍ത്ത പ്രചരിച്ചു. വാര്‍ത്തയുടെ സത്യാവസ്ഥയും കാരണങ്ങളും തിരക്കി ഈജിപ്തിനകത്ത് നിന്നും പുറത്തു നിന്നും ഫോണ്‍ വിളികളുടെ പ്രവാഹമായിരുന്നു പിന്നീട്. ഞാന്‍ പ്രതീക്ഷിക്കാത്ത പ്രശസ്തിയാണ് സംഭവം എനിക്കുണ്ടാക്കി തന്നത്. പല ഔദ്യോഗിക ന്യൂസ് ഏജന്‍സികളും എനിക്ക് യാത്രാ വിലക്കുണ്ടായിരുന്നതായി പറയുന്നു. എനിക്കത് അറിയുമായിരുന്നില്ല. വിഷയത്തെ കുറിച്ച് വിദഗ്ധരായ അഭിഭാഷകരോട് അന്വേഷിച്ചു. അറ്റോര്‍ണി ജനറലിന്റെ ഉത്തരവിനെ മറയാക്കി നിര്‍മിച്ച നിശ്ശബ്ദ നിയമമാണെന്നാണ് കിട്ടിയ മറുപടി. ഒരു തെരഞ്ഞെടുപ്പിനെ കൂടി നേരിട്ട് പുതുയുഗത്തിലേക്ക് പ്രവേശിക്കുന്ന ഈജിപ്ത് എന്ന 'പൗരരാജ്യം' പിന്നിടുന്ന പുതിയ നാഴിക്കക്കല്ലായി നമുക്കിതിനെയും കണക്കാക്കാം.
വിവ: നാജി ദോഹ[email protected]
Comments