Prabodhanm Weekly

Pages

Search

2014 ജൂണ്‍ 13

നിയമത്തിന്റെ വഴിയെയല്ല നിയമപാലകര്‍ പോയത്

അഡ്വ. കെ.പി മറിയുമ്മ /ബഷീര്‍ തൃപ്പനച്ചി /സംഭാഷണം

കേരളത്തിലെ യതീംഖാനകളിലേക്ക് കൊണ്ടുവന്ന ഉത്തരേന്ത്യന്‍ വിദ്യാര്‍ഥികളെ നിയമത്തിലെ സാങ്കേതിക നൂലാമാലകളിലകപ്പെടുത്തുകയും അധ്യാപകരടക്കമുള്ളവരെ 'മനുഷ്യക്കടത്തിന്' ജയിലിലടക്കുകയും ചെയ്ത കേസില്‍ തുടക്കം തൊട്ടേ സജീവമായി ഇടപെട്ട ന്യൂനപക്ഷ കമീഷന്‍ അംഗം അഡ്വ. കെ.പി മറിയുമ്മ പ്രബോധനത്തിന് നല്‍കിയ സംഭാഷണത്തിന്റെ പ്രസക്ത ഭാഗങ്ങള്‍.

ഉത്തരേന്ത്യയുടെ പല ഭാഗങ്ങളില്‍ നിന്നുള്ള വിദ്യാര്‍ഥികള്‍ വര്‍ഷങ്ങളായി കേരളത്തിലെ യതീംഖാനകളില്‍ പ്രവേശനം നേടുന്നുണ്ട്. ഇപ്പോള്‍ നിയമക്കുരുക്കിലകപ്പെട്ട് വിവാദത്തിലായ കുട്ടികളില്‍ പകുതിയിലധികം പേരും കഴിഞ്ഞ വര്‍ഷങ്ങളില്‍ ഇവിടെ പഠിച്ചുവരുന്നവരാണ്. മതിയായ രേഖകളില്ലാത്തവരെക്കുറിച്ച പ്രാഥമികാന്വേഷണത്തില്‍ തന്നെ അവരെ പഠനാവശ്യാര്‍ഥമാണ് യതീംഖാനയിലെ അധ്യാപകരടക്കമുള്ളവര്‍ കേരളത്തിലെത്തിച്ചതെന്നും വ്യക്തമാവുന്നുണ്ട്. എന്നിട്ടും മനുഷ്യക്കടത്തായി ചിത്രീകരിച്ച് കുട്ടികളെ തടഞ്ഞുവെക്കുകയും അധ്യാപകരടക്കമുള്ളവര്‍ക്കെതിരെ ജാമ്യമില്ലാ കേസുള്‍പ്പെടെ ചുമത്തുകയും ചെയ്തതെങ്ങനെ?

         ഇന്ത്യന്‍ പാര്‍ലമെന്റ് പാസ്സാക്കിയ നിയമപ്രകാരം 14 വയസ്സ് വരെയുള്ള കുട്ടികള്‍ക്ക് സൗജന്യ വിദ്യാഭ്യാസം നല്‍കല്‍ ഭരണകൂടത്തിന്റെ നിര്‍ബന്ധ ബാധ്യതയാണ്. പല കാരണങ്ങളാല്‍ ഇതര സംസ്ഥാനങ്ങളില്‍ ഇത് വേണ്ടത്ര നടപ്പിലാക്കാന്‍ കഴിയാത്തതു കൊണ്ടും കേരളത്തില്‍ മെച്ചപ്പെട്ട വിദ്യാഭ്യാസ സാമൂഹികാവസ്ഥ നിലനില്‍ക്കുന്നതുകൊണ്ടുമാണ് ഇവിടത്തെ യതീംഖാനകളിലേക്ക് ഉത്തരേന്ത്യന്‍ കുട്ടികള്‍ ആകര്‍ഷിക്കപ്പെടുന്നത്. 

         ഇങ്ങനെ യതീംഖാനകളിലേക്ക് പ്രവേശനം നേടുന്ന ഭൂരിപക്ഷം പേരെയും അവരുടെ രക്ഷിതാക്കള്‍ നേരിട്ട് തന്നെയാണ് കൊണ്ടുവരുന്നത്. ഇവിടെ നിന്ന് പഠിച്ച് പോയവരുടെ വിദ്യാഭ്യാസ സാമൂഹിക മികവ് കണ്ടാണ് മറ്റുള്ളവര്‍ കുട്ടികളെ കേരളത്തിലേക്ക് അയക്കുന്നത്. ഇവിടെ പഠിക്കുന്നവരും അധ്യാപകരുമായ ബന്ധുക്കള്‍ക്കും പരിചയക്കാര്‍ക്കുമൊപ്പവും രക്ഷിതാക്കള്‍ തങ്ങളുടെ മക്കളെ പറഞ്ഞയക്കാറുണ്ട്.  കഴിഞ്ഞ വേനലവധിക്ക് നാട്ടിലേക്ക് പോയ ഉത്തരേന്ത്യന്‍ വിദ്യാര്‍ഥികളും അധ്യാപകരും ഇപ്രാവശ്യം തിരിച്ചുപോന്നപ്പോള്‍ അവരുടെ കൂടെ ഇത്തരത്തിലുള്ള പുതിയ വിദ്യാര്‍ഥികളുമുണ്ടായിരുന്നു. അവരെല്ലാം അവരുടെ രക്ഷിതാക്കളുടെ പൂര്‍ണ സമ്മത പ്രകാരമാണ് വന്നതും. എന്നാല്‍, ഇങ്ങനെ വന്ന ചിലര്‍ക്ക് മതിയായ രേഖകളുണ്ടായിരുന്നില്ല എന്നത് സത്യമാണ്. ഉത്തരേന്ത്യയിലെ ദരിദ്ര മുസ്‌ലിംകളുടെ സാമൂഹികാവസ്ഥയുടെ നേര്‍ ചിത്രവും അവരുടെ നിരക്ഷരതയും തിരിച്ചറിയുന്നവര്‍ ഇത്തരം രേഖകളെക്കുറിച്ചൊന്നും അവര്‍ക്ക് വേണ്ടത്ര ധാരണയുണ്ടാകില്ലെന്ന വസ്തുത മനസ്സിലാക്കേണ്ടതായിരുന്നു.

         ഇതര സംസ്ഥാനങ്ങളില്‍ നിന്ന് വിദ്യാര്‍ഥികളെ കൊണ്ടുവരാന്‍ ഓര്‍ഫനേജ് കണ്‍ട്രോള്‍ ബോര്‍ഡിന്റെ അനുമതിയും അതത് സംസ്ഥാനങ്ങളുടെ സമ്മതപത്രവും വേണമെന്നത് കേരള സ്റ്റേറ്റ് ഓര്‍ഫനേജ് ആന്റ് അദര്‍ ചാരിറ്റബ്ള്‍ ഹോംസ് ബോര്‍ഡ് ഓഫ് കണ്‍ട്രോളില്‍ 2013-ല്‍ ഉള്‍പ്പെടുത്തിയ ചട്ടമാണ്. അത് പുതിയ റൂള്‍ ആയതിനാല്‍ പല ഓര്‍ഫനേജുകള്‍ക്കും അതെപ്പറ്റി ധാരണയില്ലെന്നതാണ് വാസ്തവം. ഈ നിയമങ്ങളുടെയെല്ലാം സാങ്കേതിക ന്യായത്തില്‍ പിടിച്ചാണ് കുട്ടികളെ ശിശുക്ഷേമ സമിതിക്ക് കൈമാറിയതും അധ്യാപകരടക്കമുള്ളവരെ മനുഷ്യക്കടത്തിന് അറസ്റ്റ് ചെയ്തതും. ദാരിദ്ര്യവും പട്ടിണിയും നിരക്ഷരതയും അരക്ഷിതാവസ്ഥയും കൊടികുത്തി വാഴുന്ന ഒരു സാമൂഹിക ചുറ്റുപാടില്‍നിന്ന് വളരെ പ്രതീക്ഷയോടെ കേരളത്തിലേക്ക് വന്ന പിഞ്ചുകുട്ടികളെയാണ് കുറെ ദിവസങ്ങളായി സാംസ്‌കാരിക കേരളം പേടിയിലും ആശങ്കയിലും നിര്‍ത്തിയത്. ഒരേ കുടുംബത്തില്‍നിന്ന് വന്ന കുട്ടികളെ വേര്‍പിരിച്ച് വിവിധ ശിശുഭവനുകളിലാക്കിയും അവര്‍ക്കാവശ്യമായ താമസ-ഭക്ഷണ സൗകര്യങ്ങള്‍ നല്‍കാതെയുമാണ് ബന്ധപ്പെട്ടവര്‍ കുട്ടികളില്‍ നിയമം നടപ്പിലാക്കിയത്. വിദ്യാഭ്യാസം നേടാന്‍ വന്ന ആ കുട്ടികളെന്തു പിഴച്ചു! ഇതിനെല്ലാം ഉത്തരവാദികള്‍ ആരായാലും ന്യൂനപക്ഷ കമീഷന്‍ പ്രശ്‌നം പഠിച്ച് ഉത്തരവാദപ്പെട്ടവര്‍ക്ക് റിപ്പോര്‍ട്ട് നല്‍കും. ഇപ്പോള്‍ നടത്തുന്ന പോലീസ് അന്വേഷണത്തിന് പകരം ഒരു ഉന്നത ഉദ്യോഗസ്ഥനെ കൊണ്ട് സംഭവം നിഷ്പക്ഷമായും സമഗ്രമായും അന്വേഷിപ്പിക്കണമെന്നാണ് ന്യൂനപക്ഷ കമീഷന് കേരള സര്‍ക്കാറിനോട് പറയാനുള്ളത്.

അധ്യാപകരടക്കമുള്ളവര്‍ക്കെതിരെ ആന്റി ഹ്യൂമന്‍ ട്രാഫിക്കിംഗ് ആക്ടിലെ സെഷന്‍ 370(5) വകുപ്പ് ചുമത്തി കേസെടുത്തതില്‍ അസ്വാഭാവികതയില്ലേ?

         ബാലവേല, ലൈംഗിക ചൂഷണം തുടങ്ങിയവ ലക്ഷ്യമിട്ട് പണം നല്‍കിയോ പ്രലോഭിപ്പിച്ചോ ബലമായോ കുട്ടികളെ കടത്തിക്കൊണ്ടുവരുന്ന സംഭവങ്ങളില്‍ ചുമത്തുന്നതാണ് ആന്റി ഹ്യൂമന്‍ ട്രാഫികിംഗ്  ആക്ടിലെ സെക്ഷന്‍ 370 (5) വകുപ്പ്. ഇവിടെ പ്രാഥമികാന്വേഷണത്തില്‍ തന്നെ കുട്ടികളെ വിദ്യാഭ്യാസം നല്‍കുന്നതിന് യതീംഖാനയിലേക്ക് കൊണ്ടുവന്നതാണെന്ന് വ്യക്തമാണ്. ഭൂരിപക്ഷം കുട്ടികള്‍ക്കും ആവശ്യമായ രേഖകളുണ്ടായിരുന്നു. പകുതിയിലധികം പേരും കഴിഞ്ഞ കുറച്ചു വര്‍ഷങ്ങളായി കേരളത്തില്‍ പഠിച്ചുകൊണ്ടിരിക്കുന്നവരുമാണ്. കേസ് ചുമത്തപ്പെട്ട മുതിര്‍ന്നവരാവട്ടെ ബന്ധപ്പെട്ട ഓര്‍ഫനേജിലെ അധ്യാപകരും വിദ്യാര്‍ഥികളുടെ ബന്ധുക്കളുമാണ്. ഇതെല്ലാം ബോധ്യമായിട്ടും മനുഷ്യക്കടത്തിന് കേസെടുക്കാന്‍ പോലീസിനെ പ്രേരിപ്പിച്ച ഘടകമെന്താണ് എന്നത് അന്വേഷിച്ചറിയേണ്ടതാണ്. ഏതായാലും ആ കേസ് അതിന്റെ ദുര്‍ബലത കാരണം കോടതിയില്‍ പരാജയപ്പെടും എന്നുതന്നെയാണ് പ്രതീക്ഷ. ജയിലില്‍ കഴിയുന്ന എട്ടു പേരെയും ഞങ്ങള്‍ സന്ദര്‍ശിച്ചിരുന്നു. അവരോട് ദീര്‍ഘമായി സംസാരിച്ചു. അവര്‍ നിഷ്‌കളങ്കരാണ്. ഒരു ദുരുദ്ദേശ്യവും അവര്‍ക്കില്ല. വളരെ ആത്മാര്‍ഥമായി, ഒരു പ്രതിഫലവും പറ്റാതെയാണ് അവര്‍ കുട്ടികളെ കൊണ്ടുവന്നത്. 2013-ല്‍ വന്ന നിയമത്തിലെ പുതിയ റൂളിനെക്കുറിച്ചും മറ്റും അവര്‍ക്കറിവില്ലായിരുന്നു എന്നവര്‍ തുറന്നു പറയുകയും ചെയ്തു. രക്ഷിതാക്കള്‍ക്ക് പണം നല്‍കിയാണ് കുട്ടികളെ കൊണ്ടുവന്നതെന്ന പോലീസ് ഭാഷ്യത്തെ കുറിച്ചും ഞങ്ങളന്വേഷിച്ചു. 1500 രൂപ വീതം നല്‍കിയെന്നാണ് പോലീസ് പറയുന്നത്. ഓര്‍ഫനേജില്‍ നിന്ന് അവധിക്ക് നാട്ടിലേക്കും അവിടെ നിന്ന് തിരിച്ചും യാത്ര ചെയ്യുന്ന കുട്ടികളുടെ യാത്ര ചെലവ് യതീംഖാനയാണ് വഹിക്കുന്നത്. അങ്ങനെ യാത്രാ ചെലവിന് രക്ഷിതാക്കള്‍ക്ക് യതീംഖാന നല്‍കിയ ഈ തുകയാണ് പോലീസും മീഡിയയും, കുട്ടികളെ കാശിന് വിറ്റുവെന്നതിന് തെളിവായി ഹാജരാക്കിയത്. 1500 രൂപക്ക് കുട്ടികളെ വില്‍ക്കുന്ന രക്ഷിതാക്കളെക്കുറിച്ച് റിപ്പോര്‍ട്ട് എഴുതാന്‍ യാതൊരു കോമണ്‍സെന്‍സും ഇവര്‍ക്കൊന്നുമില്ലെന്നത് അത്ഭുതം തന്നെ. കേസുമായി ബന്ധപ്പെട്ട ശിശുക്ഷേമ സമിതി, റെയില്‍വേ വകുപ്പ്, പോലീസ് എല്ലാവരോടും വിശദമായി റിപ്പോര്‍ട്ട് ന്യൂനപക്ഷ കമീഷന്‍ ആവശ്യപ്പെടും.

ഉത്തരേന്ത്യന്‍ കുട്ടികളെ സംരക്ഷിക്കാനാഗ്രഹിക്കുന്നവര്‍ അതത് സംസ്ഥാനങ്ങളില്‍ ഓര്‍ഫനേജുകള്‍ ഉണ്ടാക്കട്ടെയെന്ന ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തലയുടെ പ്രസ്താവനയെക്കുറിച്ച്?

         അത് തികച്ചും അനുചിതവും അനവസരത്തിലുള്ളതുമായിപ്പോയി. വിഷയത്തെ വഴിതിരിച്ചുവിടാനാണ് ആ പ്രസ്താവന ഉപകരിച്ചത്. അതുകൊണ്ടുതന്നെ ന്യൂനപക്ഷ കമീഷന്‍ ഈ വിഷയകമായി നടത്തിയ മുഴുവന്‍ അന്വേഷണങ്ങളുടെ വിശദാംശങ്ങളും അറസ്റ്റ് ചെയ്യപ്പെട്ടവരടക്കമുള്ളവരുടെ നിരപരാധിത്വവും ന്യൂനപക്ഷ കമീഷന്‍ ചെയര്‍മാനും ഞാനും നേരിട്ട് ആഭ്യന്തരമന്ത്രിയെ അറിയിച്ചു. പ്രസ്താവനയോടുള്ള പ്രതിഷേധവും ഞങ്ങള്‍ അദ്ദേഹത്തെ അറിയിച്ചു. കേന്ദ്രത്തില്‍ അധികാരത്തിലിരിക്കുന്നവരുടെ വര്‍ഗീയ അജണ്ടകളില്‍ കുടുങ്ങരുതെന്നും അത് താങ്കളുടെ മതേതര മുഖത്തെ നഷ്ടപ്പെടുത്തുകയാവും ചെയ്യുകയെന്നും ഞാന്‍ ആഭ്യന്തരമന്ത്രിയോട് തുറന്നു പറഞ്ഞു. അദ്ദേഹമത് ഉള്‍ക്കൊണ്ടിരിക്കുമെന്ന് വിശ്വസിക്കുന്നു. തന്റെ വകുപ്പിലല്ല, സാമൂഹിക ക്ഷേമ വകുപ്പില്‍ പെട്ടതാണ് വിഷയമെന്നാണ് അദ്ദേഹം ഒടുവില്‍ പറഞ്ഞത്.

സാമൂഹികക്ഷേമ വകുപ്പ് മന്ത്രി മുസ്‌ലിം ലീഗുകാരനാണ്. സമുദായം നടത്തുന്ന യതീംഖാനകളെ തെറ്റിദ്ധരിപ്പിക്കാന്‍ ബോധപൂര്‍വ ശ്രമങ്ങളുണ്ടായിട്ടും ബന്ധപ്പെട്ട മന്ത്രി കാര്യക്ഷമമായി ഇടപെടാത്തതിനെക്കുറിച്ച്?

         കേരളത്തിലെ മുസ്‌ലിം-ക്രിസ്ത്യന്‍ ന്യൂനപക്ഷങ്ങളെ ബാധിക്കുന്ന ഏത് വിഷയവും പഠിച്ച് ആവശ്യമെങ്കില്‍ ശക്തമായി ഇടപെടാനുള്ള വേദിയാണ് ന്യൂനപക്ഷകമീഷന്‍. മുസ്‌ലിം ന്യൂനപക്ഷവുമായി ബന്ധപ്പെട്ട വിഷയമായതിനാലാണ് ന്യൂനപക്ഷ കമീഷന്‍ ഈ വിഷയത്തില്‍ ഇടപെട്ടതും തുടര്‍ നടപടികള്‍ സ്വീകരിക്കാന്‍ പോകുന്നതും. സാമൂഹിക ക്ഷേമവകുപ്പ് എന്ത് നടപടി സ്വീകരിച്ചുവെന്ന് ചോദിക്കേണ്ടത് എന്നോടല്ല, മന്ത്രി എം.കെ മുനീറിനോടാണ്.

ചില പത്രങ്ങളും ചാനലുകളും തീവ്രവാദം മുതല്‍ ബംഗ്ലാദേശ് നുഴഞ്ഞുകയറ്റം ഉള്‍പ്പെടെയുള്ളതിനോട് ചേര്‍ത്താണ് വിഷയം റിപ്പോര്‍ട്ട് ചെയ്തത്. യാഥാര്‍ഥ്യം അവര്‍ക്ക് മുമ്പില്‍ തുറന്നു കാട്ടേണ്ട ബാധ്യത കൂടി ന്യൂനപക്ഷ കമീഷനില്ലേ?

         മുസ്‌ലിം സമുദായവുമായി ബന്ധപ്പെട്ട വിഷയങ്ങളോട് നമ്മുടെ മീഡിയ സ്വീകരിക്കുന്ന നിലപാടുകള്‍ നേരിട്ടറിയാനും ഈ സംഭവവുമായി ബന്ധപ്പെട്ട അന്വേഷണങ്ങള്‍ കൊണ്ട് സാധിച്ചു. അമേരിക്കന്‍ കോണ്‍സുലേറ്റും ഭീകരവാദവുമൊക്കെ ചേര്‍ത്ത് മാതൃഭൂമി പത്രമാണ് ഈ വിഷയത്തില്‍ ആദ്യം കഥ മെനഞ്ഞത്. ജയിലിലുള്ള എട്ടു പേരെ ചേര്‍ത്ത് തീവ്രവാദികളും, കമീഷന്‍ പറ്റി മനുഷ്യക്കടത്ത് നടത്തുന്ന ഏജന്റുമാരുമായി ചിത്രീകരിച്ചുകൊണ്ട് ചില മാധ്യമങ്ങളിലും ചാനലുകളിലും വാര്‍ത്ത വന്നിരുന്നു. ഈ സന്ദര്‍ഭത്തിലാണ് ജയിലിലെ എട്ടു പേരെയും സന്ദര്‍ശിച്ച് ഞങ്ങള്‍ അവരുടെ മുഴുവന്‍ വിവരങ്ങളും ശേഖരിക്കുന്നത്.

         കുറ്റം ചുമത്തപ്പെട്ട ആലംഗീര്‍, മൗലാനാ ഫൈസുല്ല, അബ്ദുല്‍ ഹാദി, മന്‍സൂര്‍, അബൂബക്കര്‍ എന്നീ ആറു പേര്‍ മുക്കം, വെട്ടത്തൂര്‍ യതീംഖാനകളിലെ അധ്യാപകരാണ്. ജയ്ഫുദ്ദീന്‍, ദേശ് മുഹമ്മദ് എന്നിവരുടെ മക്കളും ബന്ധുക്കളും മുക്കം ഓര്‍ഫനേജില്‍ പഠിക്കുന്നുണ്ട്. മുഹമ്മദ് ഇദ്‌രീസ് കേരളം കാണാന്‍ ആലംഗീറിനോടൊപ്പം വന്നതാണ്. ഞങ്ങളീ വിവരം പുറത്ത് കൊണ്ടുവരുന്നത് വരെ ഇവരെക്കുറിച്ച് നിറം പിടിപ്പിച്ച കഥകളാണ് ചാനലുകളിലടക്കം വന്നുകൊണ്ടിരുന്നത്. അതിനാല്‍ ഈ വിവരം പങ്കുവെക്കാന്‍ ഞങ്ങള്‍ വാര്‍ത്താ സമ്മേളനം വിളിച്ചു. ആദ്യം എത്തിയത് മാതൃഭൂമി റിപ്പോര്‍ട്ടറായിരുന്നു. ജയിലിലുള്ളവരുടെ വിശദമായ വിവരങ്ങളും അവരോട് സംസാരിച്ചതിന്റെ വിശദാംശങ്ങളും മാതൃഭൂമി റിപ്പോര്‍ട്ടറോട് ഞങ്ങള്‍ പങ്കുവെച്ചു. പക്ഷേ, പിറ്റേന്നത്തെ വാര്‍ത്തയില്‍ ഞങ്ങള്‍ പറഞ്ഞ ഒരു വിവരവും ആ പത്രത്തിലില്ലായിരുന്നു. മീഡിയ തുടക്കത്തിലേ എഴുതിയ ഏകപക്ഷീയ റിപ്പോര്‍ട്ടുകള്‍ നമ്മുടെ ഉന്നത ഉദ്യോഗസ്ഥരെയും സ്വാധീനിച്ചിരിക്കണം. കേസുമായി ബന്ധപ്പെട്ട് തുടക്കത്തില്‍ അവരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കുള്ള ഒരു കാരണമതാണ്. പിന്നീട് മീഡിയ വണ്‍, റിപ്പോര്‍ട്ടര്‍  ചാനല്‍, മാധ്യമം പത്രവുമെല്ലാം യഥാര്‍ഥ വിവരങ്ങള്‍ പുറത്ത് വിട്ടതോടെ അത്തരം അഭിപ്രായങ്ങളില്‍ മാറ്റം സംഭവിച്ചിട്ടുണ്ട്. മനുഷ്യക്കടത്തല്ല നടന്നതെന്നും നിയമ പ്രകാരം വേണ്ട രേഖകള്‍ ചില കുട്ടികള്‍ക്കില്ലാതെ പോയതാണ് പ്രശ്‌നമെന്നും, സത്യം മനസ്സിലാക്കണമെന്നാഗ്രഹിക്കുന്നവരെല്ലാം ഇപ്പോള്‍ തിരിച്ചറിഞ്ഞിട്ടുണ്ട്. 


Comments

Other Post

ഖുര്‍ആന്‍ ബോധനം

സൂറ 20/ ത്വാഹാ/ 98-102
എ.വൈ.ആര്‍