Prabodhanm Weekly

Pages

Search

2014 ജൂണ്‍ 13

എങ്ങനെ ഉത്തമ രക്ഷിതാക്കളാവാം?

ഇബ്‌റാഹീം ശംനാട് /ലേഖനം

         നുഷ്യ സമൂഹത്തിന്റെ ഭാവിതലമുറകളെ സൃഷ്ടിക്കുന്നതില്‍ രക്ഷിതാക്കള്‍ നിര്‍വഹിക്കുന്ന പങ്ക് നിസ്തുലമാണ്. ഒരു കുട്ടിയുടെ ജീവിത വിജയത്തിന് മാതാപിതാക്കള്‍ നല്‍കുന്ന ശിക്ഷണങ്ങളും  മാര്‍ഗ നിര്‍ദേശങ്ങളും അവരുടെ ജീവിതത്തില്‍ വഴിത്തിരിവായിത്തീരുന്നത് നമുക്കെല്ലാം അനുഭവമാണല്ലോ. എല്ലാ കാര്യങ്ങള്‍ക്കും ആവശ്യമായ പരിശീലനങ്ങള്‍ ലഭ്യമായ ഒരു കാലഘട്ടത്തിലാണ് നാം ജീവിക്കുന്നതെങ്കിലും ഒരു ഉത്തമ രക്ഷിതാവാകാന്‍ ആവശ്യമായ മാര്‍ഗനിര്‍ദേശങ്ങള്‍ സ്വീകരിക്കാനോ അത്തരം പരിശീലനങ്ങളില്‍ പങ്കെടുക്കാനോ നമ്മുടെ മനസ്സ് ഇപ്പോഴും പാകപ്പെട്ടിട്ടില്ല. കുട്ടികളെ വളര്‍ത്തുന്നതില്‍ എന്ത് പരിശീലനം, എന്ത് മാര്‍ഗനിര്‍ദേശം എന്നതാണ് നമ്മില്‍ പലരുടെയും ചിന്ത.

         മറ്റേത് മേഖലകളെയും പോലെ ധാരാളം ഗവേഷണങ്ങള്‍ നടന്നുകൊണ്ടിരിക്കുന്ന ഒരു മേഖലയാണ് കുട്ടികളുടെ ശിക്ഷണം. അടിക്കടി മാറിക്കൊണ്ടിരിക്കുന്ന സാഹചര്യങ്ങള്‍ക്കനുസൃതമായി ഇഹപര വിജയം ലക്ഷ്യംവെച്ച് സന്താനങ്ങളെ വളര്‍ത്താന്‍ പരിശീലിച്ചില്ലെങ്കില്‍ ആത്മീയമായും ഭൗതികമായും അവര്‍ പരാജയപ്പെടാന്‍ ഇടയായാല്‍ അതിന് ഒരു പരിധിവരെ രക്ഷിതാക്കളും പഴികേള്‍ക്കേണ്ടി വരും.

         കാലത്തിന്റെ ഈ വെല്ലുവിളികളെ ഒരു ഉത്തമ രക്ഷിതാവിന് മാത്രമേ ഏറ്റെടുക്കാന്‍ കഴിയുകയുള്ളൂ. അതിന് സഹായകമായ ഏതാനും ഓര്‍മപ്പെടുത്തലുകളാണ് ചുവടെ.

കുട്ടികളുടെ കഴിവുകള്‍ തിരിച്ചറിയുക 

         കൃഷി ചെയ്യാന്‍ തുനിയുന്ന കര്‍ഷകന് മണ്ണിനെ കുറിച്ച് സാമാന്യം നല്ല പരിജഞാനം ഉണ്ടായിരിക്കണം. അത് പോലെ തനിക്ക് ദൈവം നല്‍കിയ പിഞ്ചോമനകളില്‍ നിലീനമായ കഴിവുകളെ കുറിച്ച് രക്ഷിതാക്കള്‍ക്ക് നല്ല ധാരണ ഉണ്ടായിരിക്കേണ്ടതുണ്ട്. അവരുമായുള്ള നിരന്തരമായ ബന്ധത്തിലൂടെ മാത്രമേ അന്തര്‍ലീനമായ ആ കഴിവുകള്‍  കണ്ടെത്താന്‍ കഴിയുകയുള്ളൂ. നിരവധി കഴിവുകളുള്ള ഒരു മഹാ അസ്തിത്വമാണ് തന്റെ സന്താനം എന്ന തിരിച്ചറിവാണ് ആദ്യം രക്ഷിതാവിന് ഉണ്ടാവേണ്ടത്. പത്താം ക്ലാസ് വരെയുള്ള പഠനകാലത്ത് പാഠ്യപദ്ധതിയില്‍ എല്ലാ വിഷയങ്ങളും പഠിപ്പിക്കുന്നതിന്റെ ഒരു ഉദ്ദേശ്യം, കുട്ടികള്‍ വിവിധ വിഷയങ്ങളെ പരിചയപ്പെടുത്തുന്നതോടൊപ്പം അവര്‍ക്ക് ഏത് വിഷയത്തിലാണ് അഭിരുചിയുള്ളതെന്ന് കണ്ടത്തെുന്നതിന് കൂടിയാണ്.

പ്രോത്സാഹനം നല്‍കുക

         കുട്ടികളെ കണ്ണിലെ കരടായി കാണുന്നതിന് പകരം അവരെ മഹത്തായ അനുഗ്രഹമായി കാണുക. ദൈവം നല്‍കിയ ഏറ്റവും ഉല്‍കൃഷ്ടമായ സമ്മാനം. ആണ്‍കുട്ടിയാകട്ടെ പെണ്‍കുട്ടിയാകട്ടെ മനുഷ്യ സമൂഹത്തെ നിലനിര്‍ത്തുന്നതില്‍ നിര്‍ണായക പങ്ക് വഹിക്കേണ്ട കണ്ണിയാണ് അവര്‍. ഒരു ചങ്ങലയുടെ ശക്തി ആ ചങ്ങലയിലെ കണ്ണികളെ ആശ്രയിച്ചാണ് നിലകൊള്ളുന്നത്. ആ നിലക്ക് നമ്മുടെ സമൂഹത്തെ ശക്തിപ്പെടുത്താനുള്ള ഏറ്റവും നല്ല രീതി സന്താനങ്ങളെ ശക്തിപ്പെടുത്തല്‍ തന്നെയാണ്. അതിന് അവരെ പ്രാപ്തരാക്കാന്‍ പ്രോത്സാഹനം നല്‍കുക എന്നതിനെക്കാള്‍ ഉത്തമമായ ഔഷധം മറ്റൊന്നുമില്ല.

താരതമ്യം വേണ്ട 

         നമ്മുടെ പിഞ്ചുമക്കള്‍ അതുല്യ പ്രതിഭകളാണ്. അവര്‍ക്ക് തുല്യരായി മറ്റൊരു വ്യക്തിത്വമില്ല. അവര്‍ ഈ മഹാ പ്രപഞ്ചത്തെ സംബന്ധിച്ചേടത്തോളം അനിവാര്യമായ ഘടകം തന്നെയാണ്. ഒരു പുല്‍കൊടി പോലും ഇവിടെ അല്ലാഹു വൃഥാ സൃഷ്ടിച്ചിട്ടില്ല. അതുകൊണ്ട് തന്നെ നമ്മുടെ സന്താനങ്ങളെ മറ്റുള്ളവരുമായി  താരതമ്യം ചെയ്യുന്നതില്‍ ഒരു അര്‍ഥവുമില്ലെന്ന് മാത്രമല്ല, അത് അവരില്‍ വിപരീത ഫലമാണ് ഉളവാക്കുക. നമ്മുടെ കൈവിരലുകള്‍ എപ്രകാരം അതുല്യമായി സൃഷ്ടിക്കപ്പെട്ടുവോ അതിനെക്കാള്‍ വൈവിധ്യത്തോടെയാണ് അല്ലാഹു നമ്മെയും നമ്മുടെ സന്താനങ്ങളെയും സൃഷ്ടിച്ചിട്ടുള്ളത്.

സ്‌നേഹം നല്‍കാം

         വൈകാരികവും ഊഷ്മളവുമായ സ്‌നേഹബന്ധത്തിലൂടെ മാത്രമേ നമ്മുടെ മക്കളുമായി നമുക്ക് സംവദിക്കാന്‍ കഴിയുകയുള്ളൂ. ശകാരമോ ശാരീരികമായ പ്രഹരമോ അവഹേളനമോ ഒന്നും അതിന് പരിഹാരമല്ല! പൈശാചിക പ്രേരണയാല്‍ പലപ്പോഴും നാം അത്തരം മാര്‍ഗങ്ങള്‍ അവലംബിക്കാറുണ്ടെങ്കിലും. വീടകങ്ങളില്‍ നിന്നും കിട്ടേണ്ട ഈ പരിലാളന ലഭിക്കാതെ വരുമ്പോഴാണ് അത് അന്വേഷിച്ച് കൊണ്ട് അവര്‍ മറ്റെവിടെയോ അലയുന്നത്. ഇത് സൃഷ്ടിക്കുന്ന മാനസിക സംഘര്‍ഷം ഏത് രക്ഷിതാവിനാണ് മനസ്സിലാവാത്തത്!

ശരിയായ മാര്‍ഗ നിര്‍ദേശങ്ങള്‍ 

         മനസ്സ്, ബുദ്ധി, ശരീരം, ആത്മാവ് എന്നീ ചതുര്‍ ഘടകങ്ങളുടെ സങ്കലനമാണ് മനുഷ്യന്‍. ഈ നാല് ഘടകങ്ങളുടെ സന്തുലിതമായ വളര്‍ച്ചയാണ് ഒരു കുട്ടിയുടെ ശരിയായ വളര്‍ച്ച. ഇതില്‍ ഏതെങ്കിലും ഒന്നിനെ അവഗണിക്കുകയോ മറ്റൊന്നിന് മുന്‍ഗണന നല്‍കുകയോ ചെയ്യുന്നത് വ്യക്തിത്വ വികാസത്തില്‍ അസന്തുലിതത്വമാണ് സൃഷ്ടിക്കുക. അത്‌കൊണ്ട് ശരീരത്തിന് ആവശ്യമായ വ്യായാമവും, ആത്മീയവും മാനസികവും ബൗദ്ധികവുമായ ഉല്‍ക്കര്‍ഷം സൃഷ്ടിക്കാന്‍ ഉതകുന്ന കര്‍മപരിപാടികളും ആവിഷ്‌കരിക്കാന്‍ രക്ഷിതാക്കള്‍ക്ക് സാധിക്കേണ്ടതുണ്ട്.

സംസാരം തന്നെ പ്രധാനം 

         കുട്ടികളെ വളര്‍ത്തുന്നതില്‍ ശ്രദ്ധിക്കേണ്ട ഏറ്റവും സുപ്രധാനമായ കാര്യമാണ് അവരുമായുള്ള സംസാരം. പ്രായത്തിനനുസരിച്ച് അവരുമായി ചര്‍ച്ച ചെയ്യുന്ന വിഷയങ്ങളില്‍ മാറ്റം വരുത്തികൊണ്ട് നല്ലൊരു പാരസ്പര്യം നമുക്കും അവര്‍ക്കുമിടയില്‍ സൃഷ്ടിക്കാന്‍ കഴിയുന്നതാണ്. ജോലി കഴിഞ്ഞ് വീട്ടിലെത്തിയാല്‍ ടി.വി കാണുന്നതിലും ഇന്റര്‍നെറ്റിലുമായി സമയം ചെലവഴിക്കുന്നത് ഗുരുതരമായ സാമൂഹിക പ്രശ്‌നങ്ങള്‍ സൃഷ്ടിക്കുന്നതായി മനശ്ശാസ്ത്ര വിദഗ്ധര്‍ ചൂണ്ടിക്കാട്ടുന്നു.

എല്ലാ കണ്ണുകളും തുറന്നു വെക്കുക

         ഇലക്‌ട്രോണിക് തിന്മകളുടെ മഹാ പ്രളയ ലോകത്താണ് നമ്മുടെ ഭാവി തലമുറ ജീവിച്ചുകൊണ്ടിരിക്കുന്നത്. ഇതിലൂടെ അവര്‍ എത്തിച്ചേരുന്ന നാശത്തിന്റെ ഗര്‍ത്തം ആര്‍ക്കും അളന്ന് തിട്ടപ്പെടുത്തുക സാധ്യമല്ല. അവര്‍ ഉപയോഗിക്കുന്ന മൊബൈല്‍, ടാബ്, കമ്പ്യൂട്ടര്‍, സീഡികള്‍ എല്ലാം രക്ഷിതാക്കളുടെ നിതാന്ത നിരീക്ഷണത്തില്‍ ഉണ്ടായിരിക്കണം. ഒരു ചാറ്റിംഗ്, ഒരു ഇമെയില്‍, ഒരു ഷയറിംഗ്, ഒരു ലൈകിംഗ്. ഇവയുടെ ഉപയോഗം പൂര്‍ണമായും വിലക്കുന്നതിന് പകരം അതിനെ ക്രിയാത്മകമായി ഉപയോഗിക്കാന്‍ പരിശീലിപ്പിക്കുകയാണ് രക്ഷിതാക്കള്‍ ചെയ്യേണ്ടത്. ചിലപ്പോഴെങ്കിലും ഇതെല്ലാം  തീക്കൊള്ളി കൊണ്ട് തല ചൊറിയുന്നതിന് തുല്യമാണ് എന്ന കാര്യവും അവരെ ബോധ്യപ്പെടുത്തേണ്ടതുണ്ട്.

സാമൂഹികമായ കഴിവുകള്‍ വളര്‍ത്തുക 

         കുട്ടികളെ പുസ്തകപ്പുഴുക്കളായി വളര്‍ത്തുന്നതിന് പകരം സാമൂഹികമായ കാര്യങ്ങളില്‍ പങ്കാളികളാക്കികൊണ്ട് വളര്‍ത്തുന്നത് പലതരം തിന്മകളെയും തടയാന്‍ സഹായകമാകും. കുടുംബ യോഗം, ജീവകാരുണ്യ പ്രവര്‍ത്തനങ്ങള്‍, കലാ സാഹിത്യവേദികള്‍ എന്നീ നിലകളിലെല്ലാം വീടിനെ ഉപയോഗപ്പെടുത്തുന്നത് കുട്ടികളില്‍ സാമൂഹികബോധം തളിരിടാന്‍ സഹായകമാവും.

അധ്യാപകരുമായി ഉറ്റ സൗഹൃദം സ്ഥാപിക്കുക 

         നമ്മുടെ സന്താനങ്ങള്‍ക്ക് നല്ല ശിക്ഷണം ലഭിക്കുന്നതിന് വേണ്ടിയാണല്ലോ നാം അവരെ സ്‌കൂളിലേക്ക് അയക്കുന്നത്. അവരെ കുറിച്ച കൃത്യമായ വിവരം ലഭിക്കുന്നതിന് അവരുടെ അധ്യാപകരുമായി ഉറ്റ സൗഹൃദം സ്ഥാപിക്കുന്നത് ഉത്തമമായിരിക്കും.

ലക്ഷ്യബോധത്തോടെ വളര്‍ത്തുക

         നമ്മുടെ ദീനും സംസ്‌കാരവും ഭാവി തലമുറക്ക് കൈമാറാന്‍ ബാധ്യതപ്പെട്ടവരാണെന്ന ഉത്തമ ബോധ്യത്തോടെ നാം സന്താനങ്ങളെ വളര്‍ത്തുകയും മതപരമായി നാം മാതൃകാപരമായ ജീവിതം നയിച്ച് കാണിക്കുകയും ചെയ്താല്‍ മാത്രമേ കുട്ടികളും നല്ലൊരു ജീവിതം നയിക്കുകയുള്ളൂ. ഇഹത്തിലും പരത്തിലും നമുക്ക് പ്രയോജനപ്പെടേണ്ടവരാണ് നമ്മുടെ സന്താനങ്ങള്‍.  ആ ഉദാത്തമായ ലക്ഷ്യത്തിന്റെ സാക്ഷാത്കാരത്തിനായി സമര്‍പ്പിതമായ ജീവിതമായിരിക്കണം നമ്മുടേത്. നാട്ട വളഞ്ഞാല്‍ നിഴല്‍ വളയും എന്ന പഴഞ്ചൊല്ലിനെ അന്വര്‍ഥമാക്കുംവിധം കുട്ടികളെ വളര്‍ത്താതിരിക്കുക.

തൊഴില്‍ മേഖലയിലേക്ക്

         നമ്മുടെ കുട്ടികള്‍ ശരിയായ തൊഴില്‍ മേഖല തെരഞ്ഞെടുക്കുന്നുണ്ട് എന്ന് ഉറപ്പുവരുത്തേണ്ടത് രക്ഷിതാക്കളുടെ ബാധ്യതയാണ്. തൊഴില്‍ അവസരങ്ങള്‍ നോക്കിയായിരുന്നു മുന്‍ കാലങ്ങളില്‍ പഠന മേഖല തെരഞ്ഞെടുത്തിരുന്നതെങ്കില്‍ ഇന്ന് അവസ്ഥ മാറി. അഭിരുചിക്കനുസരിച്ച ഒരു പഠനരീതി കുട്ടികള്‍ക്ക് നിശ്ചയിച്ച് കൊടുക്കുന്നത് ആ വിഷയത്തില്‍ അവര്‍ക്ക് അവഗാഹം നേടാന്‍ സഹായകമാവും. 'മനുഷ്യനെ സംബന്ധിച്ചേടത്തോളം എല്ലാ പ്രശ്‌നങ്ങളുടെയും നാരായ വേര് ഈ പ്രപഞ്ചത്തില്‍ എന്തു ജോലിയാണ് താന്‍ ചെയ്യാന്‍ പോവുന്നതെന്ന് കണ്ടു പിടിക്കലാണ്'  It is the first of all problems for a man to find out what kind of work he is to do in this universe എന്ന് പറഞ്ഞ തോമസ് കാര്‍ലൈലിന്റെ പ്രസ്താവന എത്ര അന്വര്‍ഥം.

അഭിരുചിക്കനുസരിച്ച പഠന മേഖല തെരഞ്ഞെടുക്കല്‍

         പഠനത്തിനനുസരിച്ച തൊഴില്‍. ഇതിലൊക്കെ രക്ഷിതാക്കള്‍ക്ക് മാര്‍ഗനിര്‍ദേശങ്ങള്‍ നല്‍കാന്‍ കഴിയും. കൂടാതെ ഇതിന് ശാസ്ത്രീയമായി കൗണ്‍സലിംഗ് ചെയ്യുന്ന സ്ഥാപനങ്ങളെയും വ്യക്തികളെയും അവര്‍ക്ക് പ്രയോജനപ്പെടുത്താവുന്നതാണ്. ആന്തരികമായ കുട്ടികളുടെ അഭിരുചിയും (കിലേൃിമഹ ഠമഹലി)േ ബാഹ്യമായി അവര്‍ പഠിക്കുന്ന കാര്യങ്ങളും ഒത്തുവന്നാല്‍ കുട്ടികള്‍ക്ക് ആ വിഷയത്തില്‍ അത്ഭുതങ്ങള്‍ സൃഷ്ടിക്കാന്‍ കഴിയും. വളക്കൂറുള്ള മണ്ണില്‍ വിത്തിടുകയും അതിന് ആവശ്യമായ വെള്ളവും വളവും ലഭ്യമാക്കുകയും ചെയ്താല്‍ ആ വിത്ത് ഫലദായക വൃക്ഷമായിത്തീരുന്നത് പോലെ നമ്മുടെ പിഞ്ചുമക്കളും ഇഹപര ജീവിതത്തില്‍ ഉന്നത വിതാനങ്ങളില്‍ എത്തിച്ചേരുമെന്നതില്‍ സംശയമില്ല. അപ്പോള്‍ മകന്‍/മകള്‍ ഡോക്ടര്‍ ആവണോ എഞ്ചിനീയര്‍ ആവണോ എന്ന് രക്ഷിതാക്കള്‍ തീരുമാനിക്കേണ്ടിവരില്ല. താങ്ങാന്‍ കഴിയാത്ത ഭാരം അവരില്‍ അടിച്ചേല്‍പിച്ച് പഠനം പാതിവഴിയില്‍ ഉപേക്ഷിക്കേണ്ട കാര്യവുമില്ല. ചില കുട്ടികള്‍ സുഹൃത്തുക്കളുടെ അഭിരുചിക്കിണങ്ങിയ വിഷയങ്ങള്‍ തെരഞ്ഞെടുക്കാറുണ്ട്. ഈ പ്രവണതയും പ്രോത്സാഹിപ്പിക്കപ്പെടരുത്. ഇത്രയും കാര്യങ്ങള്‍  ശ്രദ്ധിച്ച് കുട്ടികളെ വളര്‍ത്തി നോക്കൂ.  നല്ലൊരു മാറ്റം ദൃശ്യമാവും.

 

Comments

Other Post

ഖുര്‍ആന്‍ ബോധനം

സൂറ 20/ ത്വാഹാ/ 98-102
എ.വൈ.ആര്‍