Prabodhanm Weekly

Pages

Search

2014 ജൂണ്‍ 13

ലോക്‌സഭാ തെരഞ്ഞെടുപ്പും മുസ്‌ലിം സമുദായത്തിന്റെ ഉത്തരവാദിത്തവും

മൗലാനാ ജലാലുദ്ദീന്‍ ഉമരി /പ്രഭാഷണം

         തൊരു ജനാധിപത്യ രാജ്യത്തും തെരഞ്ഞെടുപ്പിന് വലിയ പ്രാധാന്യമുണ്ടെന്ന് നമുക്കറിയാം. തെരഞ്ഞെടുപ്പില്‍ ഏത് പാര്‍ട്ടി വിജയിക്കുന്നുവോ ആ പാര്‍ട്ടിക്ക് അധികാരം ലഭിക്കും. തെരഞ്ഞെടുപ്പില്‍ ബി.ജെ.പി ജയിച്ചു, അവര്‍ക്ക് അധികാരവും കിട്ടി. ഇനിയവര്‍ക്ക് തങ്ങളുടെ പോളിസികള്‍ നടപ്പാക്കാന്‍ കഴിയും. തെരഞ്ഞെടുപ്പിന്റെ രീതിയെക്കുറിച്ച് പല വിശകലനങ്ങള്‍ വരുന്നുണ്ട്. ഭൂരിപക്ഷവും തങ്ങള്‍ക്കാണ് വോട്ട് ചെയ്തതെന്നും അതിനാല്‍ രാജ്യത്തിന്റെ ദിശ തീരുമാനിക്കാന്‍ തങ്ങള്‍ക്കാണ് അധികാരമെന്നും ഭരണകക്ഷി ഊറ്റം കൊള്ളുമ്പോള്‍, കാര്യങ്ങളൊന്നും അത്ര സുതാര്യമല്ല എന്നാണ് എതിരാളികള്‍ വാദിക്കുന്നത്. കണ്ടമാനം പണമൊഴുകിയ തെരഞ്ഞെടുപ്പാണിത്. വോട്ടുകള്‍ പണം കൊടുത്ത് വാങ്ങിയിട്ടില്ലെങ്കില്‍ തന്നെ, പണമൊഴുക്ക് വോട്ടിംഗിനെ നന്നായി സ്വാധീനിക്കുമെന്ന് ഉറപ്പ്. ഇങ്ങനെ പലതരം അഭിപ്രായങ്ങള്‍ വന്നുകൊണ്ടിരിക്കുന്നു. അവയിലൊക്കെ ശരികള്‍ ഉണ്ട് താനും. പക്ഷേ, ഒരു വസ്തുത സമ്മതിക്കാതിരിന്നിട്ട് കാര്യമില്ല. അതായത് ബി.ജെ.പിയാണ് ഈ തെരഞ്ഞെടുപ്പ് ജയിച്ചത് എന്ന വസ്തുത.

         284 സീറ്റ് ബി.ജെ.പിക്ക് മാത്രം ലഭിച്ചിരിക്കുന്നു. സഖ്യ കക്ഷികളുടേത് കൂടി കൂട്ടിയാല്‍ എണ്ണം 336 ആകും. ഇത് നല്ല ഭൂരിപക്ഷം തന്നെയാണ്. ഈ തെരഞ്ഞെടുപ്പ് പ്രചാരണത്തില്‍ വികസനമാണ് മോദി ഉയര്‍ത്തിപ്പിടിച്ചത്. അതായത് ഗുജറാത്ത് മോഡല്‍ വികസനം. അങ്ങനെയൊരു വികസന മാതൃകയേ ഇല്ലെന്ന് ധാരാളമാളുകള്‍ വാദിച്ചു. പക്ഷേ, വലിയൊരു വിഭാഗം വോട്ടര്‍മാരും വികസനം വേണമെന്ന് കൊതിച്ചു. അതിന് മാതൃക ഗുജറാത്താണെന്നും അവര്‍ കരുതി. പക്ഷേ, അതിനൊരു മറുവശമുണ്ടായിരുന്നു. ഗുജറാത്തില്‍ എന്താണോ വികസനമായി ഉയര്‍ത്തിക്കാട്ടിയത് അത് യഥാര്‍ഥ വികസനമായിരുന്നില്ല. ഇനി ഗുജറാത്തില്‍ ഉള്ള വികസനമാവട്ടെ മോദിക്ക് മാത്രം അവകാശപ്പെട്ടതല്ല താനും. മുന്‍ സര്‍ക്കാറുകള്‍ക്കും അതില്‍ പങ്കുണ്ട്. പത്ത് വര്‍ഷമായി അഴിമതിയില്‍ മുങ്ങിയ സര്‍ക്കാറാണ് കേന്ദ്രം ഭരിക്കുന്നതെന്ന മോദിയുടെ പ്രചാരണവും ശരിക്കും ഏറ്റു. വാര്‍ധക്യം ബാധിച്ച പഴയ തലമുറയെ തള്ളിമാറ്റി ഭരണത്തിലേക്ക് പുതിയ തലമുറ കടന്നുവരട്ടെ എന്നായിരുന്നു മോദി ഉയര്‍ത്തിയ മറ്റൊരു മുദ്രാവാക്യം. രാഹുല്‍ ഗാന്ധിയെ മുമ്പില്‍ നിര്‍ത്തി കോണ്‍ഗ്രസ്സും പുതു തലമുറയെ രംഗത്തിറക്കിയെങ്കിലും മധ്യവയസ്‌കനായ മോദിക്കാണ് സ്വീകാര്യത ലഭിച്ചത്. ഇങ്ങനെയൊക്കെയാണ് ബി.ജെ.പി അധികാരത്തിലേറിയത്. ആ ഭരണ സ്വാധീനം രാജ്യമെമ്പാടും പ്രതിഫലിക്കുമെന്നതിലും സംശയമില്ല. മൂലധന ശക്തികള്‍ക്കൊപ്പമാണ് ബി.ജെ.പി എന്നത് എല്ലാവര്‍ക്കും അറിയുന്ന കാര്യമാണ്. മുന്‍ ഗവണ്‍മെന്റിന്റെ ഒപ്പവും ഉണ്ടായിരുന്നത് മൂലധനശക്തികള്‍ തന്നെ. ആ ഗവണ്‍മെന്റിനെ ബഹുരാഷ്ട്ര കമ്പനികള്‍ കൈപ്പിടിയിലൊതുക്കുകയാണുണ്ടായത്. താമസംവിനാ ഈ ഗവണ്‍മെന്റിനെയും അവര്‍ കൈപ്പിടിയില്‍ ഒതുക്കും.

         ബി.ജെ.പിയുടെ അധികാരാരോഹണത്തില്‍ മതേതര ശക്തികള്‍ അസ്വസ്ഥരാണ്. മുസ്‌ലിംകളും കഠിനമായി അസ്വസ്ഥപ്പെടുന്നുണ്ട്. മുസ്‌ലിംകളെ സംബന്ധിച്ചേടത്തോളം എന്തു മാറ്റമാണോ അവര്‍ ഉണ്ടാകരുത് എന്നാഗ്രഹിച്ചത് അതാണ് ഉണ്ടായിരിക്കുന്നത്. എല്ലാ പൗരന്മാരെയും ഒരുപോലെ കാണുന്ന, ഭരണഘടനാപരമായ അവകാശങ്ങള്‍ ഒരാള്‍ക്കും നിഷേധിക്കാത്ത ജനാധിപത്യ സെക്യുലര്‍ സ്വഭാവമുള്ള പാര്‍ട്ടികള്‍ അധികാരത്തില്‍ വരണം എന്ന് മുസ്‌ലിംകള്‍ ആഗ്രഹിച്ചിരുന്നതുകൊണ്ടാണ് അവര്‍ക്ക് ഈ നിരാശ. പക്ഷേ, ഈ മൂല്യങ്ങള്‍ ഉയര്‍ത്തിപ്പിടിക്കുന്ന ഏതെങ്കിലും പാര്‍ട്ടിയുണ്ടോ രാജ്യത്ത്? ഇല്ല എന്നതാണ് സത്യം. തങ്ങളുടെ ഭരണഘടനയിലും പ്രചാരണ സാഹിത്യങ്ങളിലും സെക്യുലര്‍ പാത പിന്തുടരും എന്ന് എഴുതിവെച്ച ചില പാര്‍ട്ടികളുണ്ട് എന്നേ പറയാനാവൂ. അതനുസരിച്ച് മാത്രമാണ് അവരുടെ പ്രവര്‍ത്തനം എന്ന് പറയാനാവില്ല. ഒരു പ്രത്യേക മതത്തിന്റെയോ വംശത്തിന്റെയോ മാത്രം വക്താക്കളല്ലാത്ത, എല്ലാ പൗരന്മാരെയും തുല്യ പരിഗണനയോടെ കാണുന്ന പാര്‍ട്ടികളെയാണ് മുസ്‌ലിംകള്‍ പിന്തുണച്ചത്. പക്ഷേ, ഇത്തരം പാര്‍ട്ടികള്‍ വിരുദ്ധ ചേരികളിലായി പലതുണ്ടായിരുന്നു. മുസ്‌ലിം വോട്ടുകള്‍ എവിടെപ്പോയി എന്നതിന് ഇതില്‍ ഉത്തരമുണ്ട്. മുസ്‌ലിം വോട്ടുകള്‍ ഏകീകരിക്കുക എന്നൊക്കെ പറയുന്നത് ഒട്ടും എളുപ്പമുള്ള പണിയല്ല എന്നത് മറ്റൊരു വസ്തുത. അവര്‍ക്കിടയിലെ അഭിപ്രായാന്തരങ്ങള്‍ അത്രത്തോളമുണ്ട്. ഇതെല്ലാം കാരണമായി മുസ്‌ലിം ന്യൂനപക്ഷത്തിന് അവരുടെ ശക്തി പ്രകടിപ്പിക്കാനായില്ല. അതേസമയം പ്രതിയോഗികളുടെ ശക്തി വളരെ കൂടുതലുമായിരുന്നു.

         ഇനി ഓരോ സംസ്ഥാനത്തെയും മുസ്‌ലിം ജനസംഖ്യ നോക്കൂ. സ്വന്തമായി ഒരു സ്ഥാനാര്‍ഥിയെ ജയിപ്പിക്കുക എന്നത് അവരെ സംബന്ധിച്ചേടത്തോളം ഒട്ടും എളുപ്പമുള്ള കാര്യമല്ല. വിവിധ സംസ്ഥാനങ്ങളില്‍ അവരുടെ അംഗസംഖ്യ രണ്ട് ശതമാനം മുതല്‍ 33-34 ശതമാനം വരെയാണ്. രണ്ടോ നാലോ ശതമാനമുള്ളയിടങ്ങളില്‍ അവരെക്കുറിച്ച് ആരും ചോദിക്കുക പോലുമില്ല. പത്ത് ശതമാനമുണ്ടായിക്കഴിഞ്ഞാല്‍ അവര്‍ വലിയൊരു ശക്തിയാണെന്ന് കൊട്ടിഘോഷിക്കുകയും ചെയ്യും. ഉദാഹരണമായി, ആന്ധ്രപ്രദേശില്‍ ഒമ്പത് ശതമാനമാണ് മുസ്‌ലിംകള്‍. അവിടെ അവര്‍ വലിയ ശക്തിയാണെന്നാണ് പ്രചാരണം. 12 ശതമാനം മുസ്‌ലിംകളുള്ള കര്‍ണാടകയിലും ഇതാണ് സ്ഥിതി. മുസ്‌ലിംകള്‍ 25 ശതമാനത്തില്‍ കൂടുതലുള്ള അസമിലും ബംഗാളിലും വിവിധ പാര്‍ട്ടികള്‍ക്കിടയില്‍ വോട്ട് വീതിക്കപ്പെടുകയും ചെയ്തു. മുസ്‌ലിംകള്‍ സെക്യുലര്‍ എന്ന് വിലയിരുത്തിയ ഈ കക്ഷികള്‍ ജയിച്ച് കയറുകയുമുണ്ടായില്ല. ഈ തിരിച്ചടിയില്‍ മുസ്‌ലിം സമൂഹത്തിനുള്ള പങ്ക് എന്ത് എന്ന് വസ്തുനിഷ്ഠമായി വിശകലനം ചെയ്തു കാണുന്നില്ല. യു.പിയുടെ കാര്യമെടുത്താല്‍ അവിടെ മുസ്‌ലിംകള്‍ മുപ്പത് ശതമാനം വരെയുള്ള മേഖലകളുണ്ട്. ആ വോട്ടുകള്‍ മുപ്പത് പാര്‍ട്ടികള്‍ക്കായി വീതിച്ചുപോയാല്‍ ഓരോ പാര്‍ട്ടിക്കും ശരാശരി ഒരു ശതമാനമല്ലേ കിട്ടുക? വോട്ടുകള്‍ ചിതറിപ്പോയത് വലിയൊരു പ്രശ്‌നം തന്നെയാണ്.

         മുസ്‌ലിംകള്‍ ഒന്നിച്ച് വോട്ട് ചെയ്തിരുന്നെങ്കില്‍ എന്ന് പറയുന്നുണ്ടല്ലോ. അപ്പോള്‍ മറു വിഭാഗം ചിതറിത്തന്നെ നില്‍ക്കും എന്ന് വിചാരിക്കുന്നത് മണ്ടത്തരമാണ്. മുസ്‌ലിംകള്‍ മുപ്പതോ മുപ്പത്തിരണ്ടോ ശതമാനമുണ്ടല്ലോ, ജയിക്കാമല്ലോ എന്ന് ചിന്തിച്ചാല്‍ തങ്ങള്‍ എഴുപത്/ എണ്‍പത് ശതമാനമുണ്ടല്ലോ, വോട്ട് ഏകീകരിച്ചാല്‍ ജയിക്കാമല്ലോഎന്ന് മറുപക്ഷവും ചിന്തിക്കില്ലേ? പ്രതീക്ഷകള്‍ പലപ്പോഴും വളരെ കൂടിപ്പോയി എന്നാണ് പറഞ്ഞുവരുന്നത്. പോരായ്മകളെക്കുറിച്ചും ദൗര്‍ബല്യങ്ങളെക്കുറിച്ചും വേണ്ടത്ര ബോധമുണ്ടായില്ല. ഇതിന്റെ സ്വാഭാവിക പരിണതി കൂടിയാണ് മുസ്‌ലിം സമുദായത്തിനേറ്റ ആഘാതം. ബി.ജെ.പി പോലും പ്രതീക്ഷിക്കാത്ത വിജയമാണല്ലോ അവര്‍ക്ക് ഉണ്ടായിരിക്കുന്നത്. സ്വതന്ത്ര ഇന്ത്യയുടെ ചരിത്രത്തില്‍ ഏറ്റവും കുറഞ്ഞ മുസ്‌ലിം എം.പിമാരുള്ള പാര്‍ലമെന്റും ഇതുതന്നെ. ഗണ്യമായ മുസ്‌ലിം ജനസംഖ്യയുള്ള യു.പിയില്‍ നിന്നാകട്ടെ ഒറ്റ മുസ്‌ലിം എം.പി പോലുമില്ല. ഇതെല്ലാം സമുദായ മനസ്സില്‍ നിരാശയും അസ്വസ്ഥതയും വര്‍ധിപ്പിക്കുന്നു.

         നിരാശരോ അസ്വസ്ഥരോ ആകേണ്ടതില്ലെന്നാണ് സമുദായത്തെ ഉണര്‍ത്താനുള്ളത്. ബി.ജെ.പിക്ക് പ്രാമുഖ്യമുള്ള എന്‍.ഡി.എ നേരത്തെ ഇന്ത്യ ഭരിച്ചതാണ്. പല സംസ്ഥാനങ്ങളും ഇപ്പോഴും ബി.ജെ.പിയാണ് ഭരിക്കുന്നത്. മുസ്‌ലിം സംഘടനകളോ സ്ഥാപനങ്ങളോ അവിടങ്ങളില്‍ വലിയ തോതില്‍ ഭീഷണികള്‍ നേരിടുന്നതായി അറിയാന്‍ കഴിഞ്ഞിട്ടില്ല. അതേസമയം ബി.ജെ.പി ഭരിക്കുന്ന സംസ്ഥാനങ്ങളില്‍ ചില പ്രശ്‌നങ്ങള്‍ സൃഷ്ടിക്കപ്പെടുന്നുണ്ടെന്നതും നിഷേധിക്കാനാവില്ല. ജാഗ്രതയോടെ നിലകൊള്ളുന്ന പക്ഷം അത്തരം പ്രതിസന്ധികളെ അതിജീവിക്കാനാവും. മുസ്‌ലിംകള്‍ക്ക് മാത്രമല്ലല്ലോ നിരാശയുള്ളത്. മുഴുവന്‍ സെക്യുലര്‍ കക്ഷികളും നിരാശരല്ലേ? മായാവതിക്ക് യു.പിയില്‍ അക്കൗണ്ട് തുറക്കാന്‍ കഴിയില്ലെന്നോ, കിംഗ് മേക്കര്‍ കുപ്പായം തയ്പ്പിച്ച് നില്‍ക്കുന്ന മുലായം സിംഗ് അഞ്ച് സീറ്റില്‍ ഒതുങ്ങുമെന്നോ ആരെങ്കിലും കരുതിയിരുന്നോ? ഇതൊരു പരീക്ഷണഘട്ടം എന്നു മാത്രം കരുതിയാല്‍ മതി. മനോദാര്‍ഢ്യവും കര്‍മകുശലതയുമുണ്ടെങ്കില്‍ തിരിച്ചുവരവ് സാധ്യമാണ്. തെരഞ്ഞെടുപ്പില്‍ വന്‍ തിരിച്ചടിയേറ്റിട്ടുണ്ട് ഇരു കമ്യൂണിസ്റ്റ് പാര്‍ട്ടികള്‍ക്കും. എന്ന് കരുതി തങ്ങളിതാ നാമാവശേഷമാകാന്‍ പോകുന്നു എന്ന് അവരിലാരും ഭയക്കുന്നില്ല. ഭൗതിക പാര്‍ട്ടികളില്‍ കാണുന്ന ഈ മനോവീര്യമെങ്കിലും മുസ്‌ലിം സമുദായത്തിന് ഉണ്ടായേ മതിയാവൂ.

         ഉഹുദ് യുദ്ധത്തിലെ ഒരു സന്ദര്‍ഭം ഞാന്‍ ഓര്‍മിപ്പിക്കട്ടെ. യുദ്ധത്തിന്റെ തുടക്കത്തില്‍ മുസ്‌ലിംകള്‍ക്കായിരുന്നു വിജയം. പിന്നീട് തിരിച്ചടിയുണ്ടായി. പ്രവാചകന്‍ തിരുമേനി വധിക്കപ്പെട്ടു എന്ന കിംവദന്തി പരന്നു. നേതാവ് മരണപ്പെട്ടിരിക്കെ ഇനി ആര്‍ക്ക് വേണ്ടി ജീവന്‍ പണയപ്പെടുത്തി യുദ്ധം ചെയ്യണം എന്ന നിരാശ പടര്‍ന്നപ്പോള്‍ ഖുര്‍ആന്‍ അവരെ തിരുത്തി. 'നിങ്ങള്‍ക്ക് ആഘാതമേറ്റിട്ടുണ്ട്, ശരി തന്നെ. പക്ഷേ, അവര്‍ക്കും അതേപോലെ ആഘാതമേറ്റിട്ടുണ്ടല്ലോ.' ജയപരാജയങ്ങള്‍ സ്ഥായിയല്ലെന്നും അവ സമൂഹങ്ങള്‍ക്കിടയില്‍ കൈമാറ്റം ചെയ്യപ്പെട്ടുകൊണ്ടിരിക്കുമെന്നുമുള്ള പാഠവും വിശുദ്ധവേദം നല്‍കുന്നു.

         വിഭജനത്തിന് ശേഷം ഒട്ടേറെ പ്രതിസന്ധികളിലൂടെ കടന്നുപോന്നവരാണ് ഇന്ത്യന്‍ മുസ്‌ലിംകള്‍. സ്വന്തം പേര് ഉച്ചരിക്കാനും താടി വളര്‍ത്താനും മുസ്‌ലിംകളല്ലാത്തവര്‍ താമസിക്കുന്ന ഗല്ലികളില്‍ പോകാനും അവര്‍ പേടിച്ചിരുന്ന കാലമുണ്ടായിരുന്നു. ഏത് പ്രതിസന്ധിയിലും മനോധൈര്യവും നിശ്ചയദാര്‍ഢ്യവും കൈമോശം വരാതെ സൂക്ഷിക്കുക എന്നതാണ് പ്രധാനം. പരീക്ഷണങ്ങള്‍ പല തരത്തില്‍ വരുമെന്നും മനസ്സിലാക്കിയിരിക്കണം. അവയെ നേരിടാനുള്ള ചങ്കൂറ്റമുണ്ടെങ്കില്‍ കഴിഞ്ഞകാലത്തെ പോലെ ഇപ്പോഴും പ്രതിസന്ധികളെ തരണം ചെയ്യാം.

         ഈ പ്രതിസന്ധി ഘട്ടങ്ങളിലൊന്നും മുസ്‌ലിം സമുദായം വൈകാരികമായി പ്രതികരിക്കുകയോ പരിധി വിട്ട് പ്രവര്‍ത്തിക്കുകയോ ചെയ്തിട്ടില്ലെന്നതാണ് എടുത്തു പറയേണ്ട മറ്റൊരു സംഗതി. ബാബരി മസ്ജിദിന്റെ രക്തസാക്ഷിത്വം ഒരു ഉദാഹരണം. ഇത്ര ബീഭത്സമായ ഒരു സംഭവം ഉണ്ടായിട്ടും, രാജ്യത്തിന്റെ നീതിന്യായ വ്യവസ്ഥയില്‍ വിശ്വാസമര്‍പ്പിക്കുകയാണ് സമുദായം ചെയ്തത്. ഇതൊരു വിശ്വാസ പ്രശ്‌നമാണെന്നും എന്തുവന്നാലും അവിടെ രാമക്ഷേത്രം നിര്‍മിക്കുക തന്നെ ചെയ്യുമെന്നുമാണ് മറുപക്ഷത്തിന്റെ വാദം. ഈ വിഷയത്തില്‍ മുസ്‌ലിംകളുടെ നിലപാടാണ് ശരി എന്ന് ആരും സമ്മതിക്കും.

         ബാബരി മസ്ജിദ് തകര്‍ക്കപ്പെട്ടതിനു ശേഷം മുസ്‌ലിംകള്‍ തീവ്രവാദത്തിന്റെ വഴിയിലൂടെയല്ല സഞ്ചരിച്ചത്. എന്നിട്ടും ആ സംഭവത്തിനു ശേഷമാണ് തീവ്രവാദം വളര്‍ന്നത് എന്ന് ചിലര്‍ പറയുന്നു. വര്‍ഷങ്ങള്‍ക്ക് ശേഷം, തീവ്രവാദത്തിന്റെ  പേരില്‍ പിടിക്കപ്പെട്ടവരൊന്നും തീവ്രവാദികളല്ല എന്ന് ഇപ്പോള്‍ വ്യക്തമായിരിക്കുന്നു. തുടക്കത്തില്‍ ദീനീ മദാരിസുകളില്‍ നിന്ന് പഠിച്ചിറങ്ങിയവരായിരുന്നു നോട്ടപ്പുള്ളികള്‍. പിന്നീട് ഉയര്‍ന്ന ഭൗതിക വിദ്യാഭ്യാസം നേടിയ മുസ്‌ലിം ചെറുപ്പക്കാരെ ഭീകരകേസുകളില്‍ കുടുക്കി. ഈ ഘട്ടങ്ങളിലെല്ലാം നിയമ പോരാട്ടത്തിന്റെ വഴിയാണ് സമുദായം സ്വീകരിച്ചത്. ഭീകരപ്രവര്‍ത്തനവുമായി ആര്‍ക്കെങ്കിലും ബന്ധമുണ്ടെന്ന് തെളിഞ്ഞാല്‍ അവരെ തള്ളിപ്പറയാനും സമുദായവും മുസ്‌ലിം സംഘടനകളും തയാറായി. ഇങ്ങനെ ഏതു പ്രശ്‌നത്തിലും ഭരണഘടന അനുശാസിക്കുന്ന വഴികള്‍ മാത്രമാണ് മുസ്‌ലിം സമുദായം തെരഞ്ഞെടുത്തത്.

         ആലു ഇംറാന്‍ അധ്യായത്തിലെ അവസാന സൂക്തം ഞാന്‍ നിങ്ങളുടെ ശ്രദ്ധയില്‍ പെടുത്തുകയാണ്. ക്ഷമിക്കാനും ജാഗ്രതയോടെ നിലകൊള്ളാനും അതില്‍ ആവശ്യപ്പെടുന്നുണ്ട്. വിജയത്തിന്റെ വഴി അതാണെന്ന് ചൂണ്ടിക്കാണിക്കുകയും ചെയ്യുന്നു. ആയതിനാല്‍ ധാര്‍മിക മൂല്യങ്ങള്‍ മുറുകെ പിടിച്ച് മുന്നേറുമെന്ന് നാം പ്രതിജ്ഞ ചെയ്യുക. അങ്കലാപ്പുണ്ടാവേണ്ട കാര്യമില്ല. അല്ലാഹു അനുഗ്രഹിക്കട്ടെ. 

(തെരഞ്ഞെടുപ്പ് അവലോകനം ചെയ്ത് ജമാഅത്തെ ഇസ്‌ലാമി അഖിലേന്ത്യാ അധ്യക്ഷന്‍ നടത്തിയ പ്രഭാഷണത്തിന്റെ സംഗ്രഹം)

 

Comments

Other Post

ഖുര്‍ആന്‍ ബോധനം

സൂറ 20/ ത്വാഹാ/ 98-102
എ.വൈ.ആര്‍