Prabodhanm Weekly

Pages

Search

2014 ജൂണ്‍ 13

ഇന്ത്യാ വിഭജനത്തിന്റെ പ്രത്യാഘാതങ്ങള്‍

സദ്‌റുദ്ദീന്‍ വാഴക്കാട് /കണ്ടെത്താത്ത ഇന്ത്യയിലൂടെ-5

''ഇന്ത്യയിലെ മുസ്‌ലിംകളുടെ നില കൂടുതല്‍ ദുര്‍ബലമാക്കുകയാണ് പാകിസ്താന്റെ രൂപീകരണം കൊണ്ട് ഉണ്ടായിട്ടുള്ളത്. ഇന്ത്യയിലുണ്ടായിരുന്ന നാലര കോടി മുസ്‌ലിംകള്‍ ബലഹീനരായി. മുസ്‌ലിംകളെ സംബന്ധിച്ചേടത്തോളം ദൗര്‍ഭാഗ്യകരവും നൈരാശ്യജനകവുമായ ഒരു സംഭവമാണ് പാകിസ്താന്‍ രൂപീകരണം. ഇന്ത്യാ ഉപഭൂഖണ്ഡത്തെ അന്യോന്യം ശത്രുതയോടും ആശങ്കയോടും മാത്രം നോക്കിക്കാണുന്ന രണ്ട് രാഷ്ട്രങ്ങളായി വിഭജിക്കേണ്ടിവന്നു എന്നതാണ് സംഭവവികാസങ്ങളുടെ ഖേദകരമായ പരിണാമം.''1

         വസാനത്തെ തീരുമാനം എടുത്തുകഴിഞ്ഞു. ഇന്ത്യയെ രണ്ടായി വെട്ടിമുറിക്കുമെന്ന് ഉറപ്പായി. ആ രാത്രി അബുല്‍കലാം  ആസാദിന് ഉറങ്ങാന്‍ കഴിഞ്ഞില്ല. വിഭജനത്തെ ശക്തമായി എതിര്‍ത്ത നേതാവായിരുന്നു അദ്ദേഹം. ജിന്നയുടെ വലംകൈയും പാകിസ്താന്‍ വാദത്തിന്റെ വക്താവുമായിരുന്ന ലിയാഖത്ത് അലിഖാനെ കാണാന്‍ ആ രാത്രിതന്നെ ആസാദ് പുറപ്പെട്ടു. ഖാന്‍ പക്ഷേ, വീട്ടിലുണ്ടായിരുന്നില്ല. വാതില്‍ തുറന്നു കൊടുത്തത് ഖാന്റെ ഭാര്യ റാണ ലിയാഖത്ത്. രണ്ടു കാര്യങ്ങള്‍ ഖാനോട് പറയാന്‍ ആസാദ് റാണയെ ഏല്‍പിച്ചു. അത് പറയുമ്പോള്‍ ആസാദിന്റെ തൊണ്ട വരളുകയും വാക്കുകള്‍ ഇടറുകയും ചെയ്തിരുന്നു: ''ഞാന്‍ തോറ്റു, നിങ്ങള്‍ ജയിച്ചു. ഇനി രണ്ടു കാര്യങ്ങള്‍ ഉറപ്പുവരുത്തണം. ഒന്ന്, വിഭജനാനന്തരം ഇന്ത്യയില്‍ ശേഷിക്കുന്ന മുസ്‌ലിംകളുടെ സുരക്ഷിതത്വത്തെ സംബന്ധിച്ച് കൃത്യമായ കരാര്‍ ഉണ്ടാക്കണം. രണ്ട്, വിഭജിക്കുമ്പോള്‍ ഇന്ത്യന്‍ ഭൂപ്രദേശത്തുള്‍പ്പെടുന്ന മുസ്‌ലിം നേതാക്കളെയും സൈനികരെയും ഉദ്യോഗസ്ഥരെയുമൊന്നും പാകിസ്താനിലേക്ക് കൊണ്ടുപോകരുത്; ഇന്ത്യയില്‍ തന്നെ നിലനിര്‍ത്തണം.''

         ആസാദിന്റെ ആവലാതി, വിഭജനത്തിനെതിരെ അപൂര്‍വം ചിലര്‍ ഉയര്‍ത്തിയ ശബ്ദം പോലെ വനരോദനമായി കലാശിച്ചു. വിഭജനവാദികള്‍ വിജയിച്ചു. രാജ്യം വെട്ടിമുറിക്കപ്പെട്ടു. അതിസങ്കീര്‍ണമായ ആ പ്രക്രിയ മാസങ്ങളെടുത്ത് പൂര്‍ത്തിയാവുമ്പോഴേക്കും അതീവ ബീഭത്സമായ ദുരന്തങ്ങള്‍ക്ക് രാജ്യം സാക്ഷ്യം വഹിച്ചുകഴിഞ്ഞിരുന്നു. അതിന്റെ മുറിപ്പാടുകളില്‍ നിന്ന് ഇന്നും ചോര കിനിയുന്നു. അതിന്റെ വേദന പേറി ഇന്ത്യന്‍ മുസ്‌ലിംകള്‍ ഇന്നും ജീവിക്കുന്നു. അബുല്‍ കലാം ആസാദും സയ്യിദ് അബുല്‍ അഅ്‌ലാ മൗദൂദിയും ഭയപ്പെട്ട പോലെ, അനാഥരും അപകര്‍ഷതാ ബോധമുള്ളവരും അശരണരും അസ്തിത്വം ചോദ്യം ചെയ്യപ്പെടുന്നവരുമാക്കി ഇന്ത്യന്‍ മുസ്‌ലിംകളെ മാറ്റിയതില്‍ വിഭജനം പ്രധാന പങ്കുവഹിച്ചു. വിഭജന നാളുകളില്‍ കലാപ ബാധിതര്‍ അനുഭവിച്ചതിനേക്കാള്‍ തീവ്രമാണ്, പിളര്‍ത്തിമാറ്റിയ ശേഷം ഇന്നുവരെ ഇന്ത്യന്‍ മുസ്‌ലിംകള്‍ സഹിച്ചുകൊണ്ടിരിക്കുന്ന അതിന്റെ പ്രത്യാഘാതങ്ങള്‍. സാമൂഹിക ശാസ്ത്ര വിശകലനത്തിനു വഴങ്ങാത്തത്ര ആഴവും പരപ്പുമുണ്ട് വിഭജനം വരുത്തിവെച്ച ദുരന്തങ്ങള്‍ക്ക്. രാജ്യം വെട്ടിമുറിക്കപ്പെട്ടപ്പോള്‍, അല്‍പമെങ്കിലും കഴിവുള്ളവര്‍ പാകിസ്താനിലേക്ക് പോയി. ട്രെയ്ന്‍ ടിക്കറ്റെടുക്കാന്‍ കാശില്ലാത്തവര്‍, നടക്കാന്‍ കഴിയാത്തവര്‍, ഇന്ത്യക്ക് സ്വാതന്ത്ര്യം ലഭിച്ചുവെന്നും വിഭജനം നടന്നുവെന്നും അറിയാന്‍പോലും കഴിയാത്തവര്‍..... അങ്ങനെ ചിലരാണ് ഉത്തരേന്ത്യയില്‍ ശേഷിച്ച മുസ്‌ലിംകളില്‍ വലിയൊരു ശതമാനം. പാകിസ്താനോട് ആശയപരമായി വിയോജിച്ചവരും ഇന്ത്യയില്‍ തന്നെ തങ്ങാന്‍ ഇഷ്ടപ്പെട്ടു. പല തലങ്ങളില്‍ അതിദുര്‍ബലരായ ലക്ഷക്കണക്കിന് മനുഷ്യര്‍ ഒരു വലിയ ഭൂപ്രദേശത്ത് ബാക്കിയായാല്‍ എന്തായിരിക്കും അവസ്ഥ! സമ്പത്തും തൊഴിലും വിദ്യാഭ്യാസവും ചിന്താശേഷിയുമില്ലാത്ത ആ പതിത ലക്ഷങ്ങള്‍ക്ക് സാമാന്യം ഭേദപ്പെട്ട ഒരു നേതൃത്വം പോലും ഉണ്ടായിരുന്നില്ല. അല്‍പമെങ്കിലും ചിന്താശേഷിയും നേതൃഗുണവുമുള്ളവരെല്ലാം അതിര്‍ത്തി കടന്നിരുന്നു. അങ്ങനെ ഒരു ജനത തീര്‍ത്തും അനാഥരായിത്തീര്‍ന്നു. 

         പാകിസ്താനിലേക്ക് പോകാന്‍ സ്വയം താല്‍പര്യമെടുക്കാതിരുന്നവരെ നിര്‍ബന്ധപൂര്‍വം അങ്ങോട്ടു കൊണ്ടുപോകാന്‍ പാകിസ്താന്‍ നേതാക്കള്‍, വിശേഷിച്ചും ലിയാഖത്തലിഖാന്‍ കിണഞ്ഞ് ശ്രമിക്കുകയുണ്ടായി. ഈ വിഷയത്തില്‍, ''മുസ്‌ലിം ലീഗുകാരുടെ പെരുമാറ്റം ബുദ്ധിശൂന്യമായിരുന്നു എന്ന് വൈമനസ്യത്തോടു കൂടിയാണെങ്കിലും എനിക്ക് പറയാതിരിക്കാന്‍ നിര്‍വാഹമില്ല. മുസ്‌ലിം ഉദ്യോഗസ്ഥന്മാരെല്ലാവരും പാകിസ്താനിലേക്ക് പോകണമെന്ന് അവര്‍ നിര്‍ബന്ധിച്ചു. അന്ന് കേന്ദ്ര സെക്രട്ടേറിയറ്റിലെ പല മുഖ്യ സ്ഥാനങ്ങളും വഹിച്ചിരുന്നത് മുസ്‌ലിം ഉദ്യോഗസ്ഥരായിരുന്നു. അവരെല്ലാവരും തന്നെ ഇന്ത്യ വിട്ടുപോകണമെന്ന് ലീഗുകാര്‍ നിര്‍ബന്ധിച്ചു'' എന്ന് ആസാദ് രേഖപ്പെടുത്തിയിട്ടുണ്ട്.2

         മൗണ്ട് ബാറ്റണ്‍ പ്രഭുവും ജവഹര്‍ലാല്‍ നെഹ്‌റുവും അബുല്‍കലാം ആസാദും ചേര്‍ന്ന്, ഇന്ത്യയില്‍തന്നെ നില്‍ക്കാനാഗ്രഹിക്കുന്ന മുസ്‌ലിംകള്‍ക്ക് എല്ലാവിധ പിന്തുണയും സംരക്ഷണവും വാഗ്ദാനം ചെയ്യുകയും അതിനായി ഒരു പദ്ധതി തയാറാക്കുകയും ചെയ്തു. അത് പല മുസ്‌ലിം ഉദ്യോഗസ്ഥരെയും ആകര്‍ഷിച്ചു. എന്നാല്‍, ''മുസ്‌ലിം ലീഗുകാര്‍ ഈ വാര്‍ത്തയറിഞ്ഞയുടനെ ഇന്ത്യയില്‍ തുടരാന്‍ ആഗ്രഹം പ്രകടിപ്പിച്ച മുസ്‌ലിം ഉദ്യോഗസ്ഥന്മാരെ പ്രത്യേകം പ്രത്യേകമായി സമീപിക്കാന്‍ തുടങ്ങി. അവര്‍ ഇന്ത്യയില്‍ തുടരുകയാണെങ്കില്‍ മുസ്‌ലിം ലീഗും പാകിസ്താനും അവരെ ശത്രുക്കളായി കണക്കാക്കുമെന്നും, കഴിയുന്ന എല്ലാ ദ്രോഹങ്ങളും ചെയ്യാന്‍ മടിക്കില്ലെന്നും ലീഗുകാര്‍ അവരെ ഭയപ്പെടുത്തി... 'പാകിസ്താനിലേക്ക് പോകാന്‍ ഞങ്ങള്‍ നിര്‍ബന്ധിതരായിത്തീര്‍ന്നിരിക്കുന്നു'വെന്ന് പലരും എന്നോട് പറയുകയുണ്ടായി. മുസ്‌ലിംകളായ എല്ലാ ഉദ്യോഗസ്ഥരെയും ഇന്ത്യയില്‍ നിന്ന് വിരട്ടിയോടിച്ചത് മുസ്‌ലിം ലീഗുകാര്‍ ചെയ്ത ബുദ്ധിശൂന്യത മാത്രമല്ല, ദോഷകരം കൂടിയായ ഒരു പ്രവൃത്തിയായിരുന്നു. ഇന്ത്യക്ക് പൊതുവെ എന്നതിനേക്കാള്‍ മുസ്‌ലിംകള്‍ക്കാണത് ദോഷകരമായത്. ഏതാനും മുസ്‌ലിംകള്‍ ഇന്ത്യയില്‍ തന്നെ നിന്നിരുന്നെങ്കില്‍ അവര്‍ക്ക് വ്യക്തിപരമായ ആനുകൂല്യങ്ങള്‍ വളരെയധികം കിട്ടുമായിരുന്നുവെന്നു മാത്രമല്ല, മുസ്‌ലിം സമുദായത്തിനും പൊതുവെത്തന്നെ അതൊരു നേട്ടമായിത്തീരുമായിരുന്നു. ഉത്തരവാദപ്പെട്ട മുഖ്യസ്ഥാനങ്ങളില്‍ മുസ്‌ലിം ഉദ്യോഗസ്ഥന്മാരുണ്ടെന്നുള്ളത് ഇന്ത്യന്‍ മുസ്‌ലിംകള്‍ക്ക് കൂടുതല്‍ രക്ഷാബോധമുണ്ടാക്കുമെന്നതു മാത്രമല്ല, അവരുടെ മനസ്സിലുള്ള അകാരണമായ ഭയപ്പാടുകളെ ദൂരീകരിക്കുകയും ചെയ്യുമായിരുന്നു.''3

         ഇന്ത്യന്‍ മുസ്‌ലിംകളെ ആട്ടിന്‍പറ്റങ്ങളാക്കി മാറ്റിക്കൊണ്ടാണ്, നേതാക്കളെയും ഉന്നത ഉദ്യോഗസ്ഥരെയും മറ്റും ലിയാഖത്തലിഖാനും സംഘവും പാകിസ്താനിലേക്ക് കൊണ്ടുപോയത്. കേരളത്തില്‍ നിന്ന് സി.എച്ച് മുഹമ്മദ് കോയ, ഹാജി അബ്ദുസത്താര്‍, ഇസ്ഹാഖ് സാഹിബ്, മാതൃഭൂമി സബ് എഡിറ്ററായിരുന്ന വി.സി അബൂബക്കര്‍ ഉള്‍പ്പെടെയുള്ളവരെ പോലും ലിയാഖത്തലി ഖാന്‍ പാകിസ്താനിലേക്ക് കൊണ്ടുപോകാന്‍ ശ്രമിച്ചിരുന്നു. ഇതില്‍ സത്താര്‍ സേട്ട് ക്ഷണം സ്വീകരിച്ച് പാകിസ്താനിലേക്ക് പോയി. മഞ്ചേരിയില്‍  അദ്ദേഹത്തിന് സംഘടിപ്പിച്ച യാത്രയയപ്പ് യോഗത്തില്‍ ലീഗ് നേതാവ് കെ.എം സീതി സാഹിബായിരുന്നു അധ്യക്ഷന്‍. യോഗത്തില്‍  പങ്കെടുത്ത മഞ്ചേരിയിലെ ലീഗ് നേതാവ് പെരൂല്‍ അഹ്മദ് സാഹിബ്,  'ആട്ടിന്‍പറ്റങ്ങളെ ഇവിടെ അനാഥരായി വിട്ട് താങ്കള്‍ പാകിസ്താനിലേക്ക് പോവുകയാണോ' എന്ന് പ്രസംഗമധ്യേ സത്താര്‍ സേട്ടിനോട് ചോദിക്കുകയുണ്ടായി. തന്റെ ഷര്‍ട്ട് പൊക്കി അരയില്‍ തിരുകിവെച്ച കത്തി കാണിച്ച് ഭീഷണിപ്പെടുത്തുകയായിരുന്നുവത്രെ സത്താര്‍ സേട്ട് അപ്പോള്‍ ചെയ്തത്! പെരൂല്‍ അഹ്മദ് സാഹിബിന്റെ ചോദ്യത്തിലെ 'ആട്ടിന്‍ പറ്റങ്ങള്‍' എന്ന പ്രയോഗം അര്‍ഥവത്തായിരുന്നു. വിഭജനാനന്തരം ഇന്ത്യയില്‍, വിശേഷിച്ചും ഉത്തരേന്ത്യയില്‍ ബാക്കിയായ മുസ്‌ലിംകള്‍ ആട്ടിന്‍ പറ്റങ്ങള്‍ തന്നെയായിരുന്നു. അതുകൊണ്ടാണ് അവരിന്നും അറവു കത്തികള്‍ക്ക് ഇരകളായിക്കൊണ്ടേയിരിക്കുന്നത്.

         പാകിസ്താനിലേക്ക് പോകാതെ ഇവിടെ ബാക്കിയായ മുസ്‌ലിംകള്‍ ഇന്ത്യക്ക് 'അധികപ്പറ്റാ'യി മുദ്രകുത്തപ്പെട്ടു. അവരുടെ അസ്തിത്വം നിരന്തരം ചോദ്യം ചെയ്യപ്പെട്ടു. 'ഇന്ത്യയിലെ പാക്പൗരന്മാര്‍' എന്ന സ്വഭാവത്തിലുള്ള ആരോപണങ്ങള്‍ സൃഷ്ടിക്കുന്ന അപകര്‍ഷതാ ബോധം, സ്വാതന്ത്ര്യത്തിന്റെ ആറരപതിറ്റാണ്ടിനുശേഷവും കൂടുതല്‍ ശക്തിപ്പെട്ടുകൊണ്ടിരിക്കുകയാണ്. 'പാകിസ്താന്‍, ഓര്‍ ഖബ്‌റിസ്ഥാന്‍' എന്നത് കേവല ആക്രോശമല്ല, ഇത്തരേന്ത്യന്‍ മുസ്‌ലിംകള്‍ക്കത് ചങ്കിലിറക്കുന്ന മൂര്‍ച്ചയുള്ള കഠാരതന്നെയാണ്. അതും പേറിയാണ് 67 വര്‍ഷങ്ങളായി ഉത്തരേന്ത്യന്‍ മുസ്‌ലിംകള്‍ ജീവിച്ചുകൊണ്ടിരിക്കുന്നത്. ബംഗ്ലാദേശ് കുടിയേറ്റക്കാര്‍ എന്ന, ഇന്നും തുടരുന്ന മുദ്രവെക്കല്‍ തന്നെയാണ്, വിഭജനത്തിന്റെ പ്രത്യാഘാതങ്ങളില്‍ പ്രധാനം. 

         കേരളത്തിലെ ഒരു ഇസ്‌ലാമിക പണ്ഡിതന്റെ മുമ്പില്‍ നടന്ന ഒരു സംഭവം ഇതിന്റെ അസംഖ്യം അനുഭവസാക്ഷ്യങ്ങളില്‍ ഒന്നു മാത്രം. ആഗ്രയില്‍ നിന്ന് ദല്‍ഹിയിലേക്ക് ട്രെയ്ന്‍ ടിക്കറ്റെടുക്കാന്‍ റെയില്‍വേ സ്റ്റേഷനില്‍ ക്യൂ നില്‍ക്കുകയായിരുന്നു അദ്ദേഹം. പ്രത്യക്ഷത്തില്‍ മുസ്‌ലിം എന്ന് വേഷഭൂഷകള്‍ കൊണ്ട് മനസ്സിലാക്കാവുന്ന ഒരാള്‍ ക്യൂവിലുണ്ട്. ആ മുസ്‌ലിം സഹോദരന്‍ ടിക്കറ്റ് കൗണ്ടറിലേക്ക് എത്തുമ്പോഴെല്ലാം ടിക്കറ്റ് കൊടുക്കുന്ന ആള്‍ അയാളെ അവഗണിച്ച് പിറകിലുള്ളയാള്‍ക്ക് ടിക്കറ്റ് കൊടുക്കുന്നു; പലതവണ ഇതാവര്‍ത്തിച്ചപ്പോള്‍, ആ മുസ്‌ലിം സഹോദരന്‍ ടിക്കറ്റ് ചോദിച്ചു. അതിന് കൗണ്ടറിലിരിക്കുന്നയാള്‍ പറഞ്ഞ മറുപടി ഒരുപാട് മാനങ്ങളുള്ളതായിരുന്നു. 'ഇനിയും പോയില്ലേ' എന്നായിരുന്നു അയാളുടെ ചോദ്യം! അതെ, പാകിസ്താനിലേക്ക് പോകേണ്ടവര്‍ ഇന്ത്യയില്‍ അധികപ്പറ്റായി കഴിയുന്നവര്‍, അതാണ് ഇന്ത്യന്‍ മുസ്‌ലിംകള്‍! തങ്ങള്‍ പാകിസ്താനിലേക്ക് പോകേണ്ടവരാണെന്ന് സ്വയം  തോന്നുന്നവര്‍, ഇന്ത്യക്കകത്ത് 'ഇന്ത്യക്കാരല്ലാതെ' ജീവിക്കുന്നവര്‍ പേറുന്ന അന്യതാ ബോധം അതിതീവ്രമാണെങ്കിലും കേരളീയ മുസ്‌ലിംകള്‍ക്കത് മനസ്സിലാക്കാനാകില്ല. ഈ വിഷയത്തില്‍ ഉത്തരേന്ത്യന്‍ മുസ്‌ലിംകള്‍ അനുഭവിക്കുന്ന അവസ്ഥ ചിന്തിക്കാന്‍ പോലും നമുക്കാവില്ല. പാകിസ്താന്‍ എന്ന രാഷ്ട്രം നിലനില്‍ക്കുന്ന കാലത്തോളം ഈ അന്യതാബോധം കൂടിക്കൂടി വരും; അത് ഇന്ത്യന്‍ മുസ്‌ലിംകളെ വേട്ടയാടിക്കൊണ്ടിരിക്കും.

         തൊഴില്‍ രംഗത്തും പൊതുരംഗത്തും മറ്റുമുള്ള ശക്തമായ വിവേചനം, ആവര്‍ത്തിക്കപ്പെടുന്ന കലാപങ്ങള്‍, ദാരിദ്ര്യം, പേരുമാറ്റിയും വ്യക്തിത്വം മറച്ചുവെച്ചും യാത്രയും ജോലിയും മറ്റും ചെയ്യേണ്ടുന്ന ദുരവസ്ഥ, അതിനെല്ലാമുപരി രണ്ടു ജനതക്കുമിടയിലുണ്ടായ മാനസികമായ അകല്‍ച്ചയും ഉള്ളില്‍ പുകയുന്ന ശത്രുതയുമൊക്കെ വിഭജനം വരുത്തിവെച്ച ഉണങ്ങാത്ത മുറിവുകളാണ്. വിഭജനം മുസ്‌ലിംകളുടെ, മുസ്‌ലിം സൈനികരുടെ ദേശക്കൂറ് ചോദ്യം ചെയ്യുന്നതെങ്ങനെയെന്ന് തെളിവു സഹിതം വിശദീകരിച്ചിട്ടുണ്ട് ഉമര്‍ ഖാലിദി.4 വിഭജനത്തെ ശക്തിയായി എതിര്‍ത്ത നവോത്ഥാന നായകന്‍ സയ്യിദ് അബുല്‍ അഅ്‌ലാ മൗദൂദി, അതിനു പറഞ്ഞ കാരണങ്ങളില്‍ പ്രധാനം ഇന്ത്യയില്‍ ശേഷിക്കുന്ന മുസ്‌ലിം ന്യൂനപക്ഷത്തിന്റെ ഭാവിയെ സംബന്ധിച്ച ആശങ്കയായിരുന്നു. ആ ആശങ്ക തീര്‍ത്തും സ്ഥാനത്തായിരുന്നുവെന്നതിന്റെ തെളിവാണ് വിഭജനത്തിന്റെ അഗാധഗര്‍ത്തത്തില്‍ നിന്ന് കയറിവരാന്‍ കഴിയാത്ത ഉത്തരേന്ത്യന്‍ മുസ്‌ലിംകള്‍. അതുപക്ഷേ, ദക്ഷിണേന്ത്യക്കാര്‍ക്ക്, വിശേഷിച്ചും കേരളീയ മുസ്‌ലിംകള്‍ക്ക് മനസ്സിലാക്കാന്‍ കഴിയില്ല. കാരണം, ജമാഅത്തെ ഇസ്‌ലാമിയുടെ മുതിര്‍ന്ന നേതാവായിരുന്ന മര്‍ഹൂം ശഫീഅ് മുനീസ് സാഹിബ് പറഞ്ഞപോലെ, ഇന്ത്യയുടെ വിഭജനം കേരളത്തില്‍ സംഭവിച്ചിട്ടില്ല!

വര്‍ഗീയ കലാപങ്ങളുടെ 
ബാക്കി പത്രങ്ങള്‍

         ഒരു ജനതക്ക് വളര്‍ച്ചയും പുരോഗതിയും കൈവരിക്കണമെങ്കില്‍, നിര്‍ഭയത്വവും സുഭിക്ഷതയും ലഭ്യമാകണം. മക്കയിലെ ഖുറൈശികള്‍ക്ക് നല്‍കിയ മഹാ അനുഗ്രഹങ്ങളായി, 'വിശപ്പിനു ആഹാരം നല്‍കി, ഭയത്തില്‍ നിന്ന് സമാധാനം നല്‍കി' എന്നിവയെ ഖുര്‍ആന്‍ എടുത്തു പറഞ്ഞതിന്റെ കാരണം മറ്റൊന്നല്ല. ഉത്തരേന്ത്യയിലെ മുസ്‌ലിം സമൂഹത്തിന് പൊതുവെ പതിറ്റാണ്ടുകളായി നിഷേധിക്കപ്പെട്ടതും ഇവയാണ്. ദാരിദ്ര്യവും ഭയവും ഭരിക്കുന്ന ജനതക്ക് സാമൂഹിക പുരോഗതിയെക്കുറിച്ച സൈദ്ധാന്തിക വ്യായാമങ്ങള്‍, തീര്‍ച്ചയായും മനം പിരട്ടലുണ്ടാക്കും. നിരന്തരം ആവര്‍ത്തിക്കപ്പെടുന്ന വര്‍ഗീയ കലാപങ്ങളുടെ ദംഷ്ട്രകളിലാണ് ഉത്തരേന്ത്യന്‍ മുസ്‌ലിംകളിലെ വലിയൊരു ശതമാനവുമുള്ളത്. ഏതു നിമിഷവും ജീവനെടുക്കാവുന്ന ത്രിശൂലങ്ങളുടെ മൂര്‍ച്ച ഏതു പാതിരാത്രിയിലും പ്രതീക്ഷിച്ചുകൊണ്ട് ഭയത്തോടെയാണ് ഓരോ ദിനവും അവര്‍ തള്ളിനീക്കുന്നത്. വര്‍ഷങ്ങള്‍ പാടുപെട്ടുണ്ടാക്കുന്ന കൊച്ചുവീടുകളും, വിലകുറഞ്ഞ വസ്ത്രങ്ങളും മാത്രമല്ല, പൗരത്വരേഖകളും നശിപ്പിക്കപ്പെടുന്നു. സ്വന്തമായുള്ള തുണ്ടുഭൂമികളില്‍ നിന്ന് ആട്ടിയോടിക്കപ്പെടുന്നവര്‍, കലാപത്തിലൂടെ എടുത്തെറിയപ്പെടുന്നത് നരകജീവിതത്തിലേക്കാണ്. കലാപങ്ങളിലെ ദുരിതങ്ങളെക്കാള്‍ ഭീകരമാണ് ഇരകളുടെ കലാപാനന്തര ജീവിതം. 25 വര്‍ഷങ്ങള്‍ക്കു ശേഷവും അടച്ചു പൂട്ടാത്ത അഭയാര്‍ഥി ക്യാമ്പുകളും പുതുതായി രൂപപ്പെട്ടുകൊണ്ടേയിരിക്കുന്ന ചേരികളും ഇതിന്റെ തെളിവുകളാണ്. ഏതാനും മാസങ്ങളും വര്‍ഷങ്ങളും ഇടവിട്ടുണ്ടാകുന്ന ഒന്നോ രണ്ടോ കലാപത്തിലൂടെ ഒരു പ്രദേശത്തെ മുസ്‌ലിംകള്‍ വഴിയാധാരമാക്കപ്പെടുന്നു. ഇങ്ങനെ മുസ്‌ലിം കേന്ദ്രങ്ങളില്‍ ആവര്‍ത്തിക്കപ്പെടുന്ന നൂറുകണക്കിന് കലാപങ്ങള്‍ ഇന്ത്യാ ചരിത്രത്തിലുണ്ടായിട്ടുണ്ട്. അതിലൂടെ അഭയാര്‍ഥികളാക്കപ്പെടുന്നവര്‍ക്ക്, കുട്ടികളുടെ വിദ്യാഭ്യാസമുള്‍പ്പെടെ മറ്റൊരു കാര്യത്തെകുറിച്ചും ചിന്തിക്കാനാകില്ല. കലാപനാളുകളിലെ സന്ദര്‍ശനങ്ങള്‍ക്കും പ്രസ്താവനകള്‍ക്കുമപ്പുറം ഗവണ്‍മെന്റും നേതാക്കളും അങ്ങോട്ടു തിരിഞ്ഞുനോക്കാറില്ല. താല്‍ക്കാലിക ദുരിതാശ്വാസ പ്രവര്‍ത്തനങ്ങള്‍ക്കും ആശ്വാസവചനങ്ങള്‍ക്കുമപ്പുറം മുസ്‌ലിം സംഘടനകള്‍ക്ക്, ഇരകളുടെ പുനരധിവാസത്തിനും പുരോഗതിക്കുമാവശ്യമായ ദീര്‍ഘകാല പദ്ധതികളൊന്നും ഉണ്ടാകാറുമില്ല. മീററ്റ്, ഭഗല്‍പൂര്‍, നെല്ലി, കൊക്രാജര്‍ തുടങ്ങി രൂക്ഷമായ കലാപങ്ങള്‍ക്കിരയായ പ്രദേശങ്ങളിലൂടെ യാത്ര ചെയ്തപ്പോള്‍ ഇത് ശരിക്കും ബോധ്യപ്പെട്ടതാണ്.കലാപ ബാധിത പ്രദേശങ്ങളിലെ ഇരകളുടെ പില്‍ക്കാല ജീവിതം സ്വതന്ത്രമായ മറ്റൊരു ലേഖനത്തില്‍ വിശകലനം ചെയ്യേണ്ടതുണ്ട്.

മതനേതൃത്വവും പാരമ്പര്യ വിദ്യാഭ്യാസവും

         സംഭവലോകത്തെക്കുറിച്ച ബോധമോ, സാമൂഹിക ജീവിതത്തെ കുറിച്ച തിരിച്ചറിവോ, ഇസ്‌ലാമിനെ സംബന്ധിച്ച യഥാര്‍ഥമായ ജ്ഞാനമോ,മുസ്‌ലിംപ്രശ്‌നങ്ങളെക്കുറിച്ച കാഴ്ച്ചപ്പാടോ അത് പരിഹരിക്കണമെന്ന ആഗ്രഹമോ ഇല്ലാത്ത മതനേതൃത്വവും, അവരെ വളര്‍ത്തിക്കൊണ്ടുവരുന്ന, വെളിച്ചം കടക്കാത്ത മതവിദ്യാലയങ്ങളുമാണ് ഉത്തരേന്ത്യന്‍ മുസ്‌ലിംകളുടെ പ്രധാന പ്രതിസന്ധി. ഹനഫീ മദ്ഹബിന് മൃഗീയ സ്വാധീനമുള്ള അവിടെ, തബ്‌ലീഗ് ജമാഅത്ത്,ബറേല്‍വി, ജംഇയ്യത്തുല്‍ ഉലമ തുടങ്ങിയവയാണ് ജനങ്ങളെ മതപരമായി ഭരിക്കുന്നത്. അതൊരുതരം അടിമത്തമാണ്. 'ദുനിയാവറിയാത്ത മുല്ലമാരും ദീനറിയാത്ത മിസ്റ്റര്‍മാരും' ഇന്നും പച്ചയായ യാഥാര്‍ഥ്യമായി നില്‍ക്കുന്ന ഉത്തരേന്ത്യയില്‍ ദുന്‍യാവിനെക്കുറിച്ച അറിവോ ചിന്തയോ ഇല്ലാത്ത മൗലാനമാരുടെ പിടിയിലാണ് സാധാരണ മുസ്‌ലിംകളില്‍ ഭൂരിപക്ഷവും. അവരെ വളര്‍ത്തിയെടുക്കുന്നതാകട്ടെ, പുറം വെളിച്ചം ഒട്ടും കടക്കാത്ത മദ്‌റസകളും. ദയൂബന്ദ് ധാരയിലും മറ്റുമുള്ള ഈ മദ്‌റസകള്‍ക്കകത്ത്,എട്ടാം വയസ്സില്‍ പ്രവേശിക്കുന്ന കുട്ടി, ഇരുപതു വയസ്സിനുശേഷമാണ് പുറത്തുവരുന്നത്. അവിടെ നിന്ന് നല്‍കപ്പെടുന്ന അതിപഴഞ്ചനും അറുപിന്തിരിപ്പനുമായ വിദ്യാഭ്യാസം ഉത്തരേന്ത്യന്‍ മുസ്‌ലിംകളുടെ പുരോഗതിക്കുമുമ്പിലെ ഏറ്റവും വലിയ വിഘാതമായി നില്‍ക്കുന്നു. അത്തരം, നിരവധി മദ്‌റസകള്‍ സന്ദര്‍ശിക്കാനും അധ്യാപക - വിദ്യാര്‍ഥികളുമായി സംവദിക്കാനും അവസരം ലഭിച്ചപ്പോഴുണ്ടായ അനുഭവങ്ങള്‍ ഒരേ സമയം രസാവഹവും വേദനാജനകവുമാണ്. അതിനെക്കുറിച്ച് വഴിയെ പറയാം. ദാരിദ്ര്യം, തൊഴിലില്ലായ്മ,പൊതുവിദ്യാഭ്യാസ രംഗത്തെ പിന്നാക്കാവസ്ഥ, രാഷ്ട്രീയ ദിശാബോധമില്ലായ്മ, രാഷ്ട്രീയ പാര്‍ട്ടികളുടെ വഞ്ചന തുടങ്ങി മുസ്‌ലിം പ്രതിസന്ധിയുടെ മറ്റുകാരണങ്ങളും പഠന വിഷയങ്ങളാണ്.

         ഒരു മാസം നീണ്ട യാത്രയിലുണ്ടായ അനുഭവങ്ങളും വായിച്ചറിഞ്ഞ വസ്തുതകളും തന്ന പ്രധാന തിരിച്ചറിവ്, ചൊട്ടുവിദ്യകള്‍ കൊണ്ടും തൊലിപ്പുറമെയുള്ള ചികിത്സകൊണ്ടും തത്വപ്രസംഗങ്ങള്‍കൊണ്ടും പരിഹരിക്കാവുന്നതല്ല ഇന്ത്യന്‍ മുസ്‌ലിംകളുടെ പ്രശ്‌നങ്ങള്‍ എന്നതാണ്. വായിച്ചും കേട്ടുമറിഞ്ഞതിനെക്കാള്‍, മനസ്സിനെ അസ്വസ്ഥമാക്കുന്നതും ചിന്തകളെ പിടിച്ചുലക്കുന്നതുമായിരുന്നു ഉത്തരേന്ത്യന്‍ യാത്രയില്‍ നേരില്‍ കണ്ട ജീവിതങ്ങള്‍. ഉള്ളിലെവിടെയോ കൊളുത്തി വലിക്കുന്ന ആ കാഴ്ചകള്‍, തിക്ത യാഥാര്‍ഥ്യങ്ങള്‍ പലരാത്രികളില്‍ ഉറക്കം കെടുത്തിയിട്ടുണ്ട്. അറിയാതെ കണ്ണുനിറച്ചിട്ടുണ്ട്. അതിനല്‍പം ആശ്വാസം കൈവന്നത്, വിഷന്‍ 2016ന്റെ പദ്ധതികളും ആസൂത്രണവും സമഗ്രമായി മനസ്സിലാക്കുകയും അവ നടപ്പിലാക്കിയ പ്രദേശങ്ങള്‍ സന്ദര്‍ശിക്കുകയും ചെയ്തപ്പോഴാണ്. ഇന്ത്യന്‍ ഗ്രാമങ്ങളെയും ദുര്‍ബല ന്യൂനപക്ഷത്തെയും 'വിഷന്‍ 2016' അക്ഷരാര്‍ഥത്തില്‍ പുനര്‍നിര്‍മിക്കുകയാണെന്ന് പറഞ്ഞാല്‍ അതൊട്ടും അതിശയോക്തിപരമാകില്ല. അത്രമാത്രം ബൃഹത്തും മഹത്തുമാണ് ആ പദ്ധതി. തീര്‍ച്ചയായും, ആ രണ്ടു മഹാ മനുഷ്യര്‍ - ഡോ. അബ്ദുല്‍ ഹഖ് അന്‍സാരി സാഹിബും പ്രഫ. കെ.എ സിദ്ദീഖ് ഹസന്‍ സാഹിബും - ഇന്ത്യയെ, ഇന്ത്യന്‍ മുസ്‌ലിംകളെ കണ്ടെത്തുക തന്നെയായിരുന്നു. 

(തുടരും)

റഫറന്‍സ്

1. അബുല്‍കലാം ആസാദ്, ഇന്ത്യ സ്വാതന്ത്ര്യം നേടുന്നു, മലയാള വിവര്‍ത്തനം, പേജ് 336,337, ഓറിയന്റ് ലോങ്‌മെന്‍സ്, മദ്രാസ്-2, 1962
2. ഇന്ത്യ സ്വാതന്ത്ര്യം നേടുന്നു, അബുല്‍കലാം ആസാദ്, പേജ് 302
3. അതേ പുസ്തകം, പേജ് 302,303
4. കാക്കിയും വര്‍ഗീയ കലാപങ്ങളും ഇന്ത്യയില്‍, 26-35

Comments

Other Post

ഖുര്‍ആന്‍ ബോധനം

സൂറ 20/ ത്വാഹാ/ 98-102
എ.വൈ.ആര്‍