Prabodhanm Weekly

Pages

Search

2014 ജൂണ്‍ 13

ഫാഷിസം മുസ്‌ലിംകള്‍ക്ക് മാത്രമല്ല, മുഴുവന്‍ പൗരന്മാര്‍ക്കും ഭീഷണിയാണ്

ഡോ. സഫറുല്‍ ഇസ്‌ലാം ഖാന്‍/ മിസ്അബ് ഇരിക്കൂര്‍ /അഭിമുഖം

ആള്‍ ഇന്ത്യാ മുസ്‌ലിം മജ്‌ലിസെ മുശാവറ അധ്യക്ഷന്‍ ഡോ. സഫറുല്‍ ഇസ്‌ലാം ഖാന്‍ സംസാരിക്കുന്നു

കഴിഞ്ഞ പാര്‍ലമെന്റ് തെരഞ്ഞെടുപ്പ് ഫലങ്ങളെ താങ്കളെങ്ങനെയാണ് വിലയിരുത്തുന്നത്?

         തെരഞ്ഞെടുപ്പ് ഫലം എല്ലാവരെയും ആശ്ചര്യഭരിതരാക്കി, എല്ലാ രാഷ്ട്രീയ പാര്‍ട്ടികളും സ്തബ്ധരായി നിന്നുപോയി, ബി.ജെ.പി പോലും ഈയൊരു റിസള്‍ട്ട് പ്രതീക്ഷിച്ചിട്ടുണ്ടാവില്ല തുടങ്ങിയ വിവരണങ്ങളാണ് പത്രമാധ്യമങ്ങള്‍ മെയ് 16 മുതല്‍ നല്‍കിക്കൊണ്ടിരിക്കുന്നത്. 'മോദി തരംഗ'ത്തെയും ബി.ജെ.പിയുടെ 'ചരിത്ര വിജയ'ത്തെയും കുറിച്ച് പകലന്തിയോളം വാതോരാതെ സംസാരിച്ചുകൊണ്ടിരിക്കുകയാണവര്‍. എന്നാല്‍, ഈ ഒച്ചപ്പാടുകളൊക്കെ യാഥാര്‍ഥ്യത്തില്‍ നിന്ന് എത്രയോ അകലെയാണെന്നാണ് എന്റെ പക്ഷം.

         കഴിഞ്ഞ തെരഞ്ഞെടുപ്പ് ഫലത്തില്‍ അസാധാരണമായിട്ടൊന്നും തന്നെയില്ല. ഈ രൂപത്തിലുള്ള വിജയം ആദ്യമായിട്ടുമല്ല നമ്മുടെ രാജ്യത്ത് സംഭവിക്കുന്നത്. ഇലക്ഷന്‍ കമീഷന്റെ കണക്ക് പ്രകാരം രേഖപ്പെടുത്തപ്പെട്ട വോട്ടുകളുടെ 31 ശതമാനം മാത്രമാണ് ബി.ജെ.പിക്ക് ലഭിച്ചത്. 19.3 ശതമാനം വോട്ട് കോണ്‍ഗ്രസ്സിനും. പക്ഷേ, ഈ രണ്ട് പാര്‍ട്ടികളും നേടിയ സീറ്റുകളുടെ എണ്ണത്തില്‍ വലിയ അന്തരമാണുള്ളത്. ബി.ജെ.പി 282 സീറ്റ് നേടിയപ്പോള്‍ വെറും 44 സീറ്റ് മാത്രമേ കോണ്‍ഗ്രസിന് ലഭിച്ചുള്ളൂ. ഇത് നമ്മുടെ ഇലക്ട്രല്‍ സംവിധാനത്തിന്റെ പോരായ്മയാണ്. ഈ സിസ്റ്റത്തില്‍ 20 സ്ഥാനാര്‍ഥികള്‍ 90 ശതമാനം വോട്ട് നേടിയാലും, 10 ശതമാനമോ അതില്‍ കുറവോ വോട്ട് നേടുന്ന 21-ാമത്തെ സ്ഥാനാര്‍ഥിയാണ് വിജയിക്കുക. അപ്പോള്‍ 90 ശതമാനം ആളുകളുടെയും വോട്ട് പാഴായി. പല രാഷ്ട്രങ്ങളും ഈ സിസ്റ്റത്തിന് പകരം പ്രൊപോഷണല്‍ റപ്രസന്റേഷന്‍ (ആനുപാതിക പങ്കാളിത്തം) എന്ന രീതിയാണ് ഇപ്പോള്‍ സ്വീകരിച്ചുകൊണ്ടിരിക്കുന്നത്. ഈ രീതി പ്രകാരം മൊത്തം കിട്ടുന്ന വോട്ടിന്റെ ആനുപാതികമായുള്ള സീറ്റായിരിക്കും ഓരോ പാര്‍ട്ടിക്കും ലഭിക്കുക. മറ്റൊരു ഭാഷയില്‍ പറഞ്ഞാല്‍, ഈ സിസ്റ്റത്തില്‍ എല്ലാ വോട്ടുകളും പരിഗണിക്കപ്പെടും. നമ്മുടെ രാഷ്ട്രീയ ഘടനയില്‍ അടയാളപ്പെടുത്തപ്പെടും. ഈ അടുത്ത കാലം വരെ ബി.ജെ.പി പോലും ആനുപാതിക പങ്കാളിത്തമെന്ന സിസ്റ്റത്തിന് വേണ്ടി വാദിച്ചവരായിരുന്നു. നിലവിലുള്ള സിസ്റ്റത്തിന്റെ അടിസ്ഥാനത്തില്‍ നഷ്ടങ്ങളുണ്ടായിരുന്ന ഘട്ടത്തിലായിരുന്നു അവരങ്ങനെ വാദിച്ചത്. അതിനാല്‍ എല്ലാ രാഷ്ട്രീയ പാര്‍ട്ടികളും പൊതു സമൂഹവും ഒന്നടങ്കം നീതിയുക്തവും കൃത്യവുമായ തെരഞ്ഞെടുപ്പ് ഫലത്തിന് വേണ്ടി ആനുപാതിക പങ്കാളിത്തമെന്ന സിസ്റ്റം നടപ്പിലാക്കാന്‍ ആവശ്യപ്പെടേണ്ടതുണ്ട്. ജര്‍മനി, സ്വിറ്റ്‌സര്‍ലാന്റ്, ഫിന്‍ലാന്റ്, ലാത്വിയ, സ്വീഡന്‍, ഇസ്രയേല്‍, ബ്രസീല്‍, നെതര്‍ലാന്റ്, റഷ്യ, സൗത്താഫ്രിക്ക, ഡെമോക്രാറ്റിക് റിപ്പബ്ലിക് ഓഫ് കോങ്കോ, യൂറോപ്യന്‍ യൂനിയന്‍ എന്നിവിടങ്ങളില്‍ ആനുപാതിക പങ്കാളിത്തമെന്ന സിസ്റ്റമാണ് നിലവിലുള്ളത്.

         സ്വാതന്ത്ര്യത്തിന് ശേഷം ഏറ്റവും കുറഞ്ഞ വോട്ടിംഗ് ശതമാനത്തോട് കൂടിയാണ് പുതിയ ബി.ജെ.പി നയിക്കുന്ന എന്‍.ഡി.എ ഗവണ്‍മെന്റ് അധികാരമേറ്റെടുക്കുന്നത്. ഇതിന് മുമ്പ് ഏറ്റവും കുറഞ്ഞ വോട്ടിംഗ് ശതമാനത്തോടെ അധികാരത്തില്‍ വന്നത് 1967-ല്‍ കോണ്‍ഗ്രസ്സാണ്. അന്ന് 520 ലോക്‌സഭ മണ്ഡലങ്ങളില്‍ 283 സീറ്റുകളാണ് കോണ്‍ഗ്രസ് നേടിയത് (40.8 ശതമാനം വോട്ട്).

         കഴിഞ്ഞ ഇലക്ഷനില്‍ വോട്ടവകാശമുള്ളവരില്‍ 66.48% ആളുകള്‍ മാത്രമാണ് അവരുടെ സമ്മതിദാനാവകാശം വിനിയോഗിച്ചത്. അതില്‍ തന്നെ 31 ശതമാനമാളുകള്‍ മാത്രമാണ് ബി.ജെ.പിക്ക് വോട്ട് ചെയ്തത്. മറ്റൊരര്‍ഥത്തില്‍, ഇന്ത്യയില്‍ വോട്ടവകാശമുള്ളവരില്‍ നിന്ന് 21 ശതമാനം ആളുകളുടെ വോട്ട് മാത്രമേ ബി.ജെ.പിക്ക് ലഭിച്ചുള്ളൂ. ആനുപാതിക പങ്കാളിത്തമാണ് നമ്മുടെ രാജ്യത്ത് നിലവിലുള്ളതെങ്കില്‍ തെരഞ്ഞെടുപ്പ് ഫലം മറ്റൊരു രൂപത്തിലാകുമായിരുന്നു.

ഇന്ത്യയില്‍ ഇപ്പോള്‍ ഉപയോഗിക്കുന്ന ഇലക്‌ട്രോണിക് വോട്ടിംഗ് മെഷീനു(ഇ.വി.എം)കളില്‍ വളരെ എളുപ്പത്തില്‍ കൃത്രിമം നടത്താന്‍ കഴിയുമെന്ന് വാദിച്ച് ഒരു അമേരിക്കന്‍ ശാസ്ത്രജ്ഞന്‍ നടത്തിയ ഡെമോണ്‍സ്‌ട്രേഷന്‍ മെയ് 18-ന് ബി.ബി.സി റിപ്പോര്‍ട്ട് ചെയ്തിരുന്നു. തെരഞ്ഞെടുപ്പ് ഫലത്തെ വോട്ടിംഗ് മെഷീനുകള്‍ സഹായിച്ചിട്ടുണ്ടാകുമെന്ന് കരുതുന്നുണ്ടോ?

         ഇന്ത്യയില്‍ ഇ.വി.എം കുറച്ച് കാലത്തേക്ക് പരീക്ഷണാടിസ്ഥാനത്തിലാണ് നടപ്പിലാക്കിയത്. ഇതില്‍ എളുപ്പത്തില്‍ കൃത്രിമം നടത്താന്‍ കഴിയുമെന്ന് ബോധ്യമായതിനാല്‍ പല രാജ്യങ്ങളും അവ പിന്‍വലിക്കുകയാണുണ്ടായത്. ഈ മെഷീനില്‍ രേഖപ്പെടുത്തപ്പെടുന്ന വോട്ടുകള്‍ പിന്നീട് പുനഃപരിശോധിക്കാനോ ശരിയാണെന്ന് ഉറപ്പ് വരുത്താനോ കഴിയില്ല. കഴിഞ്ഞ ഇലക്ഷനിലെ മോദിയുടെയും ബി.ജെ.പിയുടെയും വിജയം സംശയദൃഷ്ടിയോടെ നാം കാണേണ്ടിയിരിക്കുന്നു. എല്ലാവര്‍ക്കുമറിയുന്നത് പോലെ, തെരഞ്ഞെടുപ്പ് കാലത്ത് പല വമ്പന്‍ കോര്‍പറേറ്റ് ബിസിനസ് ഗ്രൂപ്പുകളും സാധ്യമാവുന്ന എല്ലാ രൂപത്തിലും മോദിയെ സഹായിച്ചിരുന്നു. ഇതേ കോര്‍പറേറ്റ് ശക്തികള്‍ തന്നെയാണ് ഈ മെഷീനുകള്‍ ഉണ്ടാക്കുന്നതും അത് സര്‍വീസ് ചെയ്യുന്നതും. അതിനാല്‍ തന്നെ ഇത്തരം മെഷീനുകളില്‍ കൃത്രിമം നടന്നിട്ടുണ്ടാകുമെന്ന് പറയുന്നതില്‍ ആശ്ചര്യപ്പെടാനില്ല. അന്താരാഷ്ട്ര വിദഗ്ധരെ കൊണ്ട് ഈ വിഷയം അന്വേഷിപ്പിക്കേണ്ടതുണ്ട്.

         2000-ല്‍ നടന്ന തെരഞ്ഞെടുപ്പില്‍ യു.എസ്.എയിലെ ഫ്‌ളോറിഡയില്‍ ഇ.വി.എമ്മില്‍ കൃത്രിമം നടന്നു എന്ന് തെളിഞ്ഞതിന് ശേഷം അമേരിക്കന്‍ ഐക്യനാടുകളില്‍ എവിടെയും ഈ മെഷീന്‍ ഉപയോഗിക്കുന്നില്ല. എങ്ങനെ എളുപ്പത്തില്‍ ഇ.വി.എമ്മുകളില്‍ കൃത്രിമം നടത്താമെന്ന് കാണിച്ച് 2006-ല്‍ ഡച്ച് ടി.വി ഒരു ഡോക്യുമെന്ററി പ്രദര്‍ശിപ്പിച്ചതിന് ശേഷം നെതര്‍ലന്റിലും അയര്‍ലന്റിലും ഈ മെഷീന്‍ മാറ്റി പേപ്പര്‍ ബാലറ്റ് സിസ്റ്റം കൊണ്ടുവന്നു. ജര്‍മനി ഇ.വി.എമ്മുകളുടെ ഉപയോഗം ഭരണഘടനാപരമായി നിരോധിച്ചു. ഇന്ത്യയില്‍ തന്നെ ഈ മെഷീനില്‍ വിശ്വാസമില്ല എന്ന ആരോപണമുയര്‍ന്ന സന്ദര്‍ഭത്തില്‍ ഓരോ വോട്ടിന്റെയും അച്ചടിച്ച സ്ലിപ്പ് ഇ.വി.എം വഴി ലഭ്യമാക്കുമെന്ന് ഇലക്ഷന്‍ കമീഷന്‍ പ്രഖ്യാപിച്ചിരുന്നുവെങ്കിലും ഇത്തവണ 543 ലോക്‌സഭാ മണ്ഡലങ്ങളില്‍ എട്ട് മണ്ഡലങ്ങളില്‍ മാത്രമേ ഈ സംവിധാനം ഇലക്ഷന്‍ കമീഷന്‍ ഒരുക്കിയിരുന്നുള്ളൂ.

പെയ്ഡ് ന്യൂസ് തെരഞ്ഞെടുപ്പ് ഫലത്തെ സ്വാധീനിച്ചോ?

         പ്രചാരണത്തിന് വേണ്ടി കോടികളൊഴുക്കിയ തെരഞ്ഞെടുപ്പാണ് കഴിഞ്ഞത്. പെയ്ഡ് ന്യൂസിനും പരസ്യത്തിനും വേണ്ടി നരേന്ദ്ര മോദി മാത്രം പതിനായിരം കോടി രൂപ ചെലവഴിച്ചിട്ടുണ്ടെന്നാണ് കണക്കാക്കപ്പെടുന്നത്. പെയ്ഡ് ന്യൂസുമായി ബന്ധപ്പെട്ട 3000 കേസുകളാണ് ഇലക്ഷന്‍ കമീഷനില്‍ സമര്‍പ്പിക്കപ്പെട്ടിട്ടുള്ളത്. രാപ്പകല്‍ ഭേദമില്ലാതെ മോദിഗീതം പാടുകയായിരുന്നു തെരഞ്ഞെടുപ്പിനു കുറെ കാലം മുമ്പ് തന്നെ മിക്ക ചാനലുകളും. ഇത് തെരഞ്ഞെടുപ്പ് പ്രക്രിയയെ നന്നായി സ്വാധീനിച്ചു എന്നതില്‍ സംശയമില്ല. ഇലക്ഷന്‍ കമീഷനും പ്രസ് കൗണ്‍സില്‍ ഓഫ് ഇന്ത്യയും തെരഞ്ഞെടുപ്പ് കാലത്ത് നടന്ന ഈ പെയ്ഡ് ന്യൂസിനെ കുറിച്ച് കൃത്യമായ അന്വേഷണം നടത്തി സത്യം പുറത്ത് കൊണ്ടുവരികയും കുറ്റവാളികളായ സ്ഥാനാര്‍ഥികളെ നിയമത്തിന് മുന്നില്‍ കൊണ്ടുവന്ന് അവര്‍ക്കെതിരെ നടപടികള്‍ സ്വീകരിക്കുകയും വേണം.

തെരഞ്ഞെടുപ്പിന്റെ ഘടനയിലും നടത്തിപ്പിലുമൊക്കെ പ്രശ്‌നങ്ങള്‍ ഉണ്ടെന്ന് സമ്മതിച്ചാല്‍ തന്നെ, കോണ്‍ഗ്രസ് പോലെയുള്ള മതേതര പാര്‍ട്ടികള്‍ എന്തുകൊണ്ട് ഇത്ര ദയനീയമായി പരാജയപ്പെട്ടു?

         മിക്ക മതേതര പാര്‍ട്ടികള്‍ക്കും- പ്രത്യേകിച്ച് കോണ്‍ഗ്രസ്സിന് - തെരഞ്ഞെടുപ്പില്‍ മോദിയോടും ബി.ജെ.പിയോടും ഏറ്റുമുട്ടാനുള്ള ചങ്കൂറ്റം പോലുമുണ്ടായിരുന്നില്ല. വാരാണസിയില്‍ മോദിയോട് മത്സരിക്കാന്‍ കെല്‍പുള്ള ഒരു സ്ഥാനാര്‍ഥിയെ പോലും കോണ്‍ഗ്രസ് നിര്‍ത്തിയില്ല. ഏറ്റുമുട്ടല്‍ കൊലപാതകങ്ങളുടെ പേരില്‍ ഗുജറാത്ത് ആഭ്യന്തരമന്ത്രി സ്ഥാനം രാജിവെക്കേണ്ടിവന്ന അമിത് ഷാ ഉത്തര്‍പ്രദേശില്‍ തെരഞ്ഞെടുപ്പ് കാലത്ത് വര്‍ഗീയ വിഷം തുപ്പി ഓടി നടന്നപ്പോള്‍ അയാളെ നിയന്ത്രിക്കാന്‍ പോലും മുലായം സിംഗിനോ അദ്ദേഹത്തിന്റെ മകന്‍ നേതൃത്വം നല്‍കുന്ന ഗവണ്‍മെന്റിനോ സാധിച്ചില്ല. ബി.ജെ.പിയുടെ വര്‍ഗീയ പ്രചാരണങ്ങളെ അതിശക്തമായി എതിര്‍ത്ത മമത ബാനര്‍ജിക്കും ജയലളിതക്കുമൊക്കെ മികച്ച വിജയം നേടാന്‍ അവരുടെ സംസ്ഥാനങ്ങളില്‍ സാധിച്ചു എന്നതും വളരെ പ്രസക്തമാണ്.

         മോദിയുടെയും ബി.ജെ.പിയുടെയും ഹിന്ദുത്വ അജണ്ടകളും വര്‍ഗീയ പ്രചാരണങ്ങളും നമ്മുടെ രാജ്യത്തിന്റെ മതേതര ഘടനയെ തന്നെ അപ്രസക്തമാക്കുകയാണുണ്ടായത്. കലാപങ്ങള്‍ ആസൂത്രണം ചെയ്ത്, വിവാദ പ്രസ്താവനകളും ദ്വയാര്‍ഥ പ്രയോഗങ്ങളും നടത്തി പച്ചക്കള്ളങ്ങളും അപവാദ പ്രചാരണങ്ങളും നടത്തി ഹിന്ദുവോട്ടുകളെ ഏകീകരിക്കാന്‍ വര്‍ഗീയശക്തികള്‍ക്ക് സാധിച്ചു. ഇത്തരം നീക്കങ്ങളെ തടഞ്ഞുനിര്‍ത്തുന്നതില്‍ ഇലക്ഷന്‍ കമീഷന്‍ പോലും പരാജയപ്പെടുന്നത് നാം കണ്ടു.

സെക്യുലര്‍ ശക്തികളുടെ തിരിച്ചുവരവിന് വല്ല സാധ്യതയുമുണ്ടോ?

         സെക്യുലര്‍ ശക്തികളുടെ തിരിച്ചുവരവിന് സാധ്യതയുണ്ട്. അതിന് അഹിന്ദുത്വ രാഷ്ട്രീയ പാര്‍ട്ടികള്‍ സെക്യുലരിസത്തില്‍ വ്യക്തത വരുത്തുകയും മൃദുഹിന്ദുത്വം വെടിയുകയും വേണം. കാരണം, തീവ്ര ഹിന്ദുത്വവും മൃദുഹിന്ദുത്വവും തമ്മിലുള്ള മത്സരത്തില്‍ വിജയം ആദ്യത്തേതിനായിരിക്കും. എന്നാല്‍, യഥാര്‍ഥ സെക്യുലരിസവും തീവ്ര ഹിന്ദുത്വവും തമ്മിലുള്ള മത്സരത്തിന്റെ ഫലം തീവ്ര ഹിന്ദുത്വത്തിന്റെ പരാജയമായിരിക്കും.

എ.യു.ഡി.എഫ്, ഐ.യു.എം.എല്‍, എ.ഐ.എം.ഐ.എം പോലുള്ള പ്രാദേശിക പാര്‍ട്ടികളുടെ പ്രകടനത്തെ എങ്ങനെയാണ് വിലയിരുത്തുന്നത്?

         അസം, കേരളം, ഹൈദരാബാദ് എന്നിവിടങ്ങളിലെ വ്യവസ്ഥാപിത പ്രാദേശിക മുസ്‌ലിം രാഷ്ട്രീയ സംഘടനകള്‍ എന്നത്തേയും പോലെ മികച്ച പ്രകടനം തന്നെ കാഴ്ചവെച്ചു. എന്നാല്‍ ദേശീയ സ്വഭാവമുള്ള മുസ്‌ലിം രാഷ്ട്രീയ പാര്‍ട്ടികളായ ഡബ്ല്യു.പി.ഐ, എസ്.ഡി.പി.ഐ തുടങ്ങിയ സംഘടനകള്‍ക്ക് നല്ല പ്രകടനം കാഴ്ചവെക്കാനായില്ല. ഇത് വ്യക്തമാക്കുന്നത് നമ്മള്‍ മറ്റു സംഘടനകളുമായി പരസ്പര സഹകരണത്തിലൂടെയും സഹവര്‍ത്തിത്വത്തിലൂടെയും മുന്നോട്ടു പോകണമെന്നാണ്. എന്നാല്‍ അത്തരം സംഘടനകള്‍ മുസ്‌ലിം സംഘടനകളുമായി സഹകരിക്കാന്‍ തയാറല്ല. എങ്കിലും പരസ്പര വിട്ടുവീഴ്ചയിലൂടെയും സംവാദത്തിലൂടെയും പുതു വഴി കണ്ടെത്തണം.

മുസ്‌ലിം സംഘടനകളും മത നേതൃത്വവും മുസ്‌ലിം വോട്ടുകളെ ഏകീകരിക്കുന്നതില്‍ പരാജയപ്പെട്ടു എന്നും വര്‍ഗീയ ശക്തികള്‍ക്ക് മുന്‍തൂക്കം ലഭിച്ച ഈ തെരഞ്ഞെടുപ്പ് ഫലത്തിന് അവരാണ് വലിയ ഉത്തരവാദികള്‍ എന്നും ആക്ഷേപമുണ്ടല്ലോ. ആള്‍ ഇന്ത്യ മുസ്‌ലിം മജ്‌ലിസെ മുശാവറയുടെ അധ്യക്ഷന്‍ എന്ന നിലയില്‍ താങ്കള്‍ ഇതിനോട് എങ്ങനെ പ്രതികരിക്കുന്നു?

         ദേശീയതലത്തില്‍ മതേതര ശക്തികളായ ആം ആദ്മി പാര്‍ട്ടിക്കും കോണ്‍ഗ്രസ്സിനും വോട്ട് ചെയ്യാനും കേരള, അസം, ഹൈദരാബാദ് എന്നിവിടങ്ങളില്‍ മുസ്‌ലിം പാര്‍ട്ടികള്‍ക്ക് വോട്ട് ചെയ്യാനും, ബി.എസ്.പി, തൃണമൂല്‍ കോണ്‍ഗ്രസ്, ആര്‍.ജെ.ഡി, സി.പി.ഐ തുടങ്ങിയ പാര്‍ട്ടികളെ പിന്തുണക്കാനും ആള്‍ ഇന്ത്യ മുസ്‌ലിം മജ്‌ലിസെ മുശാവറ മതേതര വോട്ടര്‍മാരോട് ആവശ്യപ്പെട്ടിരുന്നു. മിക്ക മുസ്‌ലിം സംഘടനകളും ഏതാണ്ട് ഇതേ സമീപനമാണ് സ്വീകരിച്ചത്. അവര്‍ക്ക് ആവുന്ന രൂപത്തില്‍ മുസ്‌ലിം വോട്ടുകള്‍ ഏകീകരിക്കാന്‍ പരിശ്രമിക്കുകയും ചെയ്തു. എന്നാല്‍ ഫലം വന്നപ്പോള്‍ വര്‍ഗീയ ഫാഷിസ്റ്റ് ശക്തികളുടെ സൂനാമിയാണ് അവര്‍ക്ക് കാണേണ്ടിവന്നത്. അതേസമയം ബി.ജെ.പി നേതാക്കളുടെ കൂടെ തെരഞ്ഞെടുപ്പ് കാലയളവില്‍ വേദിപങ്കിട്ടും ഹസ്തദാനം ചെയ്തും കെട്ടിപ്പിടിച്ചും അവര്‍ക്ക് അനുകൂലമായി പ്രസ്താവനകള്‍ നടത്തിയും മാധ്യമങ്ങളില്‍ നിറഞ്ഞുനിന്ന മുസ്‌ലിം നേതാക്കള്‍ക്കും വര്‍ഗീയ ശക്തികളുടെ ഈ വിജയത്തില്‍ പ്രധാന പങ്കുണ്ട്. ബി.ജെ.പിയുടെയും മോദിയുടെയും അമിത് ഷായുടെയുമൊക്കെ കഴിഞ്ഞകാല പ്രവര്‍ത്തന റെക്കോര്‍ഡ്, 2002-ലെ ഗുജറാത്ത് വംശഹത്യ, ഗുജറാത്തില്‍ നടന്ന 21-ഓളം വ്യാജ ഏറ്റുമുട്ടലുകള്‍, കൊട്ടിഘോഷിക്കപ്പെട്ട ഗുജറാത്ത് മോഡല്‍ എന്നിവയെക്കുറിച്ച് വ്യക്തമായ ധാരണ ഉണ്ടായിരിക്കെ തന്നെയാണോ ഈ മുസ്‌ലിം നേതാക്കള്‍ വര്‍ഗീയ ശക്തികള്‍ക്ക് സ്തുതിപാടിയത്?

ദേശീയ തലത്തില്‍ ഉണ്ടായിട്ടുള്ള, മോദിയുടെയും ഹിന്ദുത്വ ശക്തികളുടെയും ആഗമനം മുസ്‌ലിംകളെ എങ്ങനെയാണ് ബാധിക്കാന്‍ പോകുന്നത്?

         മോദിയുടെയും ഹിന്ദുത്വ ശക്തികളുടെയും രംഗ പ്രവേശം മുസ്‌ലിംകള്‍ക്ക് മാത്രമായിരിക്കില്ല പ്രശ്‌നമായി മാറുക. ഇത് രാജ്യത്തെ മുഴുവന്‍ ജനങ്ങള്‍ക്കും ഭീഷണിയായിരിക്കും. ഫാഷിസത്തിന്റെ കടന്നുവരവ് എല്ലാവരെയും ഒരുപോലെ ബാധിക്കും. അതെല്ലാവര്‍ക്കും ഭീഷണിയായി മാറും. ഹിറ്റ്‌ലറുടെയും മുസ്സോളിനിയുടെയുമൊക്കെ ഫാഷിസ്റ്റ് ഭരണത്തില്‍ രാജ്യത്തെ ജനങ്ങള്‍ മുഴുവന്‍ ആ ഫാഷിസ്റ്റ് ഭരണാധികാരികളെ അന്ധമായി പിന്തുടരാന്‍ നിര്‍ബന്ധിതരായിരുന്നു.

സാംസ്‌കാരിക ഫാഷിസമെന്ന ഭീഷണി (ചരിത്ര പാഠപുസ്തകങ്ങള്‍ തിരുത്തല്‍)?

         ഹിന്ദുത്വ രാഷ്ട്രീയ പാര്‍ട്ടിയുടെ വിജയം ചരിത്ര പാഠപുസ്തകങ്ങളില്‍ തിരുത്തലുകള്‍ വരുത്താനും അവരുടെ ആരാധ്യ പുരുഷന്മാരുടെ ഛായാചിത്രങ്ങളും പ്രതിമകളും എല്ലായിടത്തും സ്ഥാപിക്കാനും ചരിത്രത്തെ തങ്ങളുടെ ലോക വീക്ഷണത്തിനനുസരിച്ച് മാറ്റിമറിക്കാനും അവരെ പ്രേരിപ്പിച്ചേക്കാം. സെക്യുലര്‍ ശക്തികള്‍ ജാഗരൂകരാവുകയും അത്തരം നടപടികളെ പാര്‍ലമെന്റിനകത്തും പുറത്തും ജനകീയ പ്രക്ഷോഭങ്ങളിലൂടെ നേരിടുകയും വേണം. 

പഴയ മോദിയല്ല ഇപ്പോഴത്തെ മോദി, ഇന്ത്യയിലെ എല്ലാ ജനങ്ങളെയും ഒരുമിച്ചു നിര്‍ത്തി മുന്നോട്ടുപോകാനാണ് സാധ്യത എന്നാണല്ലോ പറഞ്ഞുകേള്‍ക്കുന്നത്?

         യഥാര്‍ഥത്തില്‍ ഇത് സംഭവിക്കുകയാണെങ്കില്‍ മുസ്‌ലിംകളുള്‍പ്പെടെയുള്ള രാജ്യത്തെ എല്ലാവര്‍ക്കും ഗുണകരമായിരിക്കുമത്. അങ്ങനെയാണെങ്കില്‍ രാജ്യ പുരോഗതിക്ക് വേണ്ടി നിര്‍മാണാത്മകവും പോസിറ്റീവുമായ ശ്രമങ്ങളുമായിരിക്കും എല്ലാ പൗരന്മാരില്‍ നിന്നും ഉണ്ടാവുക. എന്നാല്‍, മോദിയുടെ കഴിഞ്ഞ 13 വര്‍ഷത്തെ 'ഗുജറാത്ത് മോഡല്‍' ഇതില്‍ നിന്ന് തികച്ചും വ്യത്യസ്തമാണ്. അവിടെ മുസ്‌ലിംകള്‍ മാത്രമല്ല ഹിന്ദുക്കളും ഭീതിയോടു കൂടിയാണ് ജീവിക്കുന്നത്. അവിടെ ഭരണകൂടത്തിനെതിരെ ചോദ്യമുന്നയിക്കാനോ ഭിന്നാഭിപ്രായം പറയാനോ ഉള്ള സ്വാതന്ത്ര്യമില്ല. ഇതുതന്നെയാണ് ഇന്ത്യയുടെ പ്രധാനമന്ത്രിയായി മോദി രാജ്യത്ത് നടപ്പിലാക്കാനുദ്ദേശിക്കുന്നതെങ്കില്‍ മുസ്‌ലിംകള്‍ മാത്രമായിരിക്കില്ല അതിനോട് കലഹിക്കേണ്ടിവരിക. രാജ്യത്തെ മുഴുവന്‍ ജനങ്ങളുടെയും പ്രശ്‌നമായി അത് മാറും. അങ്ങനെ വരുമ്പോള്‍ യഥാര്‍ഥ ജനാധിപത്യത്തിനു വേണ്ടിയും സ്വാതന്ത്ര്യത്തിനു വേണ്ടിയും എല്ലാവരും ഒരുമിച്ചു നിന്ന് പോരാടേണ്ടിവരും.

ഈയൊരു ചരിത്ര ഘട്ടത്തില്‍ ഇന്ത്യയിലെ മുസ്‌ലിംകള്‍ എന്ത് സമീപനമാണ് സ്വീകരിക്കേണ്ടത്?

         സംഭവിക്കാന്‍ സാധ്യതയുള്ള പ്രശ്‌നങ്ങളെ കുറിച്ചോ പ്രയാസങ്ങളെ കുറിച്ചോ ആലോചിച്ച് മുസ്‌ലിംകള്‍ അസ്വസ്ഥരാവേണ്ടതില്ല. വരുന്ന അഞ്ചോ പത്തോ വര്‍ഷം ചിലപ്പോള്‍ അവര്‍ക്ക് വലിയ പരീക്ഷണ ഘട്ടമായേക്കാം. എന്നാല്‍, തര്‍ത്താരികളുടെയും കുരിശുയുദ്ധക്കാരുടെയും അധിനിവേശം പോലുള്ള മഹാ വിപത്തുകള്‍ക്ക് സാക്ഷ്യം വഹിച്ചവരാണ് മുസ്‌ലിംകള്‍. ഈ പ്രതിസന്ധിയെയും ധൈര്യത്തോടും സ്ഥൈര്യത്തോടും കൂടി അവര്‍ മറികടക്കുക തന്നെ ചെയ്യും. 


Comments

Other Post

ഖുര്‍ആന്‍ ബോധനം

സൂറ 20/ ത്വാഹാ/ 98-102
എ.വൈ.ആര്‍