'ബഹിഷ്‌കരിക്കപ്പെട്ട മൗദൂദിവാദി'-2
അടുത്ത വ്യാഴാഴ്ച കുന്ദമംഗലം പൈമ്പാലശ്ശേരിയില്‍ 'സമസ്ത'യുടെ നേതാക്കളെ പങ്കെടുപ്പിച്ചുകൊണ്ടുള്ള ഒരു വലിയ സമ്മേളനം നടന്നു. പതി അബ്ദുല്‍ ഖാദിര്‍ മുസ്‌ലിയാര്‍, ഇ.കെ അബൂബക്കര്‍ മുസ്‌ലിയാര്‍ തുടങ്ങിയവരായിരുന്നു പ്രധാനികള്‍. 'ജമാഅത്തുകാരും വഹാബികളും കാഫിറുകള്‍ തന്നെ' എന്ന് കണ്ണ് മുറുക്കിച്ചിമ്മി ഇ.കെ പ്രഖ്യാപിച്ചു. തെക്കന്‍ ഭാഷയിലായിരുന്നു പതിയുടെ പ്രസംഗം. 'മൗദൂദി-വഹാബികളെ ളാല്ലും മുളില്ലും' (വഴിതെറ്റിയവരും വഴിതെറ്റിക്കുന്നവരും) ആക്കിക്കൊണ്ടുള്ള കോരിത്തരിപ്പിക്കുന്ന പ്രസംഗം! പരിപാടി കഴിഞ്ഞപ്പോള്‍ ജനങ്ങള്‍ സംതൃപ്തര്‍. രാത്രി രണ്ടു മണിയോടെ പരിപാടി അവസാനിച്ചു. നേതാക്കളും കുറച്ച് പ്രമുഖരും പള്ളിയില്‍ ഒരുമിച്ചു കൂടി; നൂറോളം ആളുകളുണ്ടാകും. പതി അബ്ദുല്‍ ഖാദിര്‍ മുസ്‌ലിയാര്‍ എന്നെ വിചാരണ ചെയ്യാന്‍ തുടങ്ങി: ''താങ്കള്‍ പറഞ്ഞതെല്ലാം ഞങ്ങള്‍ അറിഞ്ഞു. എന്ത് അടിസ്ഥാനത്തിലാണ് വഹാബികള്‍ കാഫിറല്ലെന്ന് താങ്കള്‍ പറഞ്ഞത്? ഞാന്‍ മലബാറില്‍ വന്ന കാലം മുതല്‍ നിങ്ങള്‍ എന്റെ കൂടെയാണല്ലോ. ഞങ്ങള്‍ പങ്കെടുക്കുന്ന ജമാഅത്ത് നമസ്‌കാരത്തില്‍ താങ്കള്‍ ഇമാമത്ത് നില്‍ക്കുകയും ചെയ്യാറുണ്ട്. മൗദൂദികള്‍ കാഫിറുകളാണെന്ന് പറഞ്ഞ് അവരെ അടിച്ചമര്‍ത്തിയും നമ്മുടെ ആളുകള്‍ക്ക് ആവേശം ഉണ്ടാക്കിയും ഞങ്ങള്‍ മുമ്പോട്ടു വരുമ്പോള്‍ നിങ്ങള്‍ അതിനെതിരു പറയുന്നു! മൗദൂദികള്‍ കാഫിറല്ലെന്ന് ജനങ്ങള്‍ അറിഞ്ഞാല്‍ ഗൗരവം നഷ്ടപ്പെടുകയും എതിര്‍പ്പ് കുറയുകയും ചെയ്യില്ലേ? നിങ്ങള്‍ രിദ്ദത്തിന്റെ (മതപരിത്യാഗം) ഏതൊക്കെ കിതാബുകള്‍ ഓതിയിട്ടുണ്ട്?''
ഞാന്‍ പല കിതാബുകളുടെയും പേരു പറഞ്ഞു. വിഷയത്തെ കുറിച്ച് എന്റെ നിലപാടും വിശദീകരിച്ചു: ''ഞാന്‍ വ്യക്തികളെ കാഫിറാക്കുകയില്ല. ഒരു ഹദീസാണ് തെളിവ്. 'നമ്മുടെ നമസ്‌കാരം നിര്‍വഹിക്കുകയും, നമ്മുടെ ഖിബ്‌ലയിലേക്ക് തിരിഞ്ഞു നില്‍ക്കുകയും, നാം അറുത്തത് ഭക്ഷിക്കുകയും ചെയ്യുന്നവര്‍ മുസ്‌ലിംകളാണ്. അവര്‍ക്ക് അല്ലാഹുവിന്റെയും റസൂലിന്റെയും സംരക്ഷണോത്തരവാദിത്തമുണ്ട്' (ബുഖാരി). അതുകൊണ്ട് വഹാബികളെയും മൗദൂദികളെയും കാഫിറാക്കാന്‍ കഴിയില്ല.'' ഞാന്‍ ഇതുപറഞ്ഞതോടെ ഇ.കെയുടെ പ്രഖ്യാപനം വന്നു; ''ഇയാളെ വിട്ടേക്കൂ. ഇയാള്‍ നമ്മെ വഷളാക്കുകയാണ്. ഇത്തരക്കാരെയൊന്നും നമുക്ക് വേണ്ട.'' ഞാന്‍ ഉന്നയിച്ച വാദത്തിന് ഇ.കെക്ക് മറുപടി ഉണ്ടായിരുന്നില്ല. പതി ഇടപെട്ടു; ''ഇയാളെ പറ്റി അങ്ങനെയൊന്നും പറയേണ്ടതില്ല. ആളൊരു പാവമാണ്. കുന്ദമംഗലത്ത് മൗദൂദികളാണ് ഭൂരിപക്ഷം. ഇവിടേക്ക് നല്ലൊരു 'മുഴുപണ്ഡിതന്‍' തന്നെ വേണം. 'അരയും മുക്കാലും' പോരാ. മേല്‍ ഖാദി കുറ്റിക്കാട്ടൂര്‍ അബ്ദുര്‍റഹ്മാന്‍ മുസ്‌ലിയാര്‍ ബാഖവിയെ തന്നെ ഇവിടേക്ക് കൊണ്ടുവരാം. ഇയാളെ നമുക്ക് മാഹിക്കടുത്ത ചൊക്ലിയിലേക്ക് അയക്കാം. അവിടെ ഖുത്ബി മുഹമ്മദ് മുസ്‌ലിയാരുണ്ട്. അദ്ദേഹത്തിന്റെ ശിഷ്യനായി കിതാബോതാം. അടുത്ത പള്ളിയില്‍ ഇമാമത്തും മദ്‌റസയില്‍ പഠിപ്പിക്കലും നിര്‍വഹിക്കാം. എന്താണ് നിങ്ങളുടെ അഭിപ്രായം?'' പതി എന്നോട് ചോദിച്ചു.
''വേണ്ട, ഞാനെവിടെയും പോകുന്നില്ല. കുന്ദമംഗലത്ത് മുദര്‍റിസും ഇമാമുമായി തുടരുന്നുമില്ല. എനിക്ക് ജോലി ആരും ഉണ്ടാക്കിത്തരേണ്ട. നമസ്‌കരിക്കുന്ന ആളുകളെ കാഫിറാക്കാന്‍ എനിക്കു പറ്റില്ല.'' ഇത്രയും പറഞ്ഞ് ഞാന്‍ അവിടെ നിന്നിറങ്ങി നടന്നു. കുന്ദമംഗലം പള്ളിയുടെ സെക്രട്ടറി ഇസ്മാഈല്‍ സാഹിബും എന്നോടൊപ്പം ഉണ്ടായിരുന്നു. കുറച്ച ദൂരം നടന്നപ്പോള്‍ അദ്ദേഹം ചോദിച്ചു; ''കുന്ദമംഗലം പള്ളിയില്‍ തുടരുന്നില്ലെന്ന് നിങ്ങള്‍ പറഞ്ഞത് സത്യമാണോ?'' ''അതെ, അതാണെന്റെ തീരുമാനം. മുസ്‌ലിമിനെ കാഫിറാക്കിക്കൊണ്ട് കിട്ടുന്ന പണവും ഭക്ഷണവുമൊന്നും എനിക്കുവേണ്ട.'' ഞാന്‍ നിലപാട് പ്രഖ്യാപിച്ചു. 'എങ്കില്‍ നാളെ യാത്രയയപ്പ് യോഗം നടത്താം', അദ്ദേഹം പറഞ്ഞു. ഞാന്‍ അംഗീകരിച്ചു.
മേല്‍ ഖാദി കുറ്റിക്കാട്ടൂരിലെ ബാഖവിയായിരുന്നു അന്ന് ഖുത്വുബ നടത്തിയത്. നമസ്‌കാരത്തിനുശേഷം ഞാന്‍ എഴുന്നേറ്റുനിന്നു. മഹല്ല് നിവാസികളോട് യാത്ര ചോദിച്ചു; എന്റെ നിലപാടും വിശദീകരിച്ചു. പള്ളിയുടെ പുറത്തുനിന്ന് ചിലര്‍ ബഹളം വെക്കുന്നുണ്ടായിരുന്നു. 'ഞങ്ങള്‍ക്കൊന്നും കേള്‍ക്കേണ്ട. നിങ്ങള്‍ മൗദൂദിയാണ്.' അവര്‍ ഉറക്കെ വിളിച്ചുപറഞ്ഞു കൊണ്ടിരുന്നു. ബഹളം വര്‍ധിച്ചപ്പോള്‍ ഞാന്‍ സംസാരം നിര്‍ത്തി.
മഗ്‌രിബിന് ശേഷമായിരുന്നു യാത്രയയപ്പ് യോഗം ചേര്‍ന്നത്. കുന്ദമംഗലത്തെ സുന്നിയുവജന സംഘം ഓഫീസിലായിരുന്നു യോഗം. ഞാന്‍ സംസാരിക്കാനായി എഴുന്നേറ്റു. ഹംദും സ്വലാത്തും ചൊല്ലി, ഒരു ആയത്തും ഓതി. മുന്‍കൂട്ടി പ്ലാന്‍ ചെയ്തതുപോലെ കുറേ ആളുകള്‍ അവിടെ തടിച്ചു കൂടിയിരുന്നു. അവര്‍ ഓഫീസിനു താഴെ നിന്ന് കൂക്കിവിളിക്കാന്‍ തുടങ്ങി: 'മതി, മതി മൗദൂദീ ഏറു കിട്ടേണ്ടെങ്കില്‍ നിര്‍ത്തിക്കോ, നിന്നെ ഞങ്ങള്‍ക്കറിയാം. നീ മൗദൂദികളെക്കൊണ്ട് മുസ്വ്ഹഫ് പള്ളിയിലേക്ക് വഖ്ഫ് ചെയ്യിച്ചവനാണ്. നല്ല കാര്യങ്ങള്‍ ചെയ്ത് കണ്ണില്‍ പൊടിയിട്ട് ആളുകളെ മൗദൂദിയാക്കുകയാണ് നീ. അതിവിടെ നടക്കൂലാ' ആളുകള്‍ ബഹളം വെച്ചു. ചിലരൊക്കെ അവരെ ശാന്തരാക്കാന്‍ ശ്രമിച്ചുകൊണ്ടിരുന്നു. പക്ഷേ ആളുകള്‍ അനുസരിച്ചില്ല. പരിപാടി അതോടെ അവസാനിപ്പിച്ചു. പള്ളിയിലെത്തി നമസ്‌കാരം കഴിഞ്ഞ് ഒരേ ഇരുത്തം. എങ്ങനെയെങ്കിലും നേരം വെളുത്ത് കിട്ടിയാല്‍ മതിയെന്നായി എനിക്ക്.
സുബ്ഹ് നമസ്‌കാരം കഴിഞ്ഞു. ഞാന്‍ കുന്ദമംഗലത്തോട് വിട പറഞ്ഞു. ഭൂപതി മുഹമ്മദ് മൗലവി, അനുജന്‍ അബൂബക്കര്‍ ഹാജി, ഉസ്മാന്‍ ഹാജി തുടങ്ങിയവരും കുറേ തൊഴിലാളികളും കൂടാതെ യു.കെ ഇബ്‌റാഹീം മൗലവിയും അധ്യാപകനും ക്ലര്‍ക്കുമായിരുന്ന പി.വി.കെ മൗലവിയും മറ്റും യാത്രയയക്കാന്‍ എത്തിയിരുന്നു. മുക്കം ബസില്‍ കയറി നാട്ടിലേക്ക് തിരിച്ചു.
മണാശ്ശേരിയില്‍ ബസിറങ്ങി, യു.കെ കൂടെയുണ്ട്; ''നിങ്ങളുടെ യാത്രയയപ്പ് യോഗം കാണാന്‍ ഞാന്‍ റോട്ടിലുണ്ടായിരുന്നു. അവര്‍ ചെയ്തത് വളരെ മോശമായിപ്പോയി. എനിക്കത് സഹിക്കാന്‍ കഴിഞ്ഞില്ല. സത്യാവസ്ഥ വിവരിക്കുന്ന ഒരു നോട്ടീസ് അച്ചടിച്ച് വിതരണം ചെയ്യുകയാണ് വേണ്ടത്. ആളുകള്‍ സത്യം മനസ്സിലാക്കട്ടെ'' യു.കെ ഇബ്‌റാഹീം മൗലവി പറഞ്ഞു. എനിക്കതില്‍ വലിയ താല്‍പര്യമുണ്ടായിരുന്നില്ല. യു.കെയുടെ കൂടെ ഞാന്‍ ചേന്ദമംഗലൂരിലേക്ക് പോയി. അവിടെ കുറെ പേരെ പരിചയപ്പെട്ടു; കൊയ്യപ്പുറത്ത് കുഞ്ഞഹമ്മദ് ഹാജിയും സുഹൃത്തുക്കളുമൊക്കെയായിരുന്നു അവര്‍. ചായ കുടിച്ച് അവിടെ നിന്ന് ചെറുവാടിയിലേക്ക് പുറപ്പെട്ടു. ''വൈകുന്നേരം ഞാന്‍ ചെറുവാടിയില്‍ വരാം. നമുക്ക് ചില കാര്യങ്ങളൊക്കെ സംസാരിക്കാനുണ്ട്''-പോരുമ്പോള്‍ യു.കെ പറഞ്ഞു.
സമസ്തയുടെ നേതാക്കന്മാരുമായുള്ള സംവാദവും യാത്രയയപ്പ് യോഗത്തിലെ കൂക്കിവിളിയും കാട്ടുതീപോലെ നാട്ടില്‍ പ്രചരിച്ചിരുന്നു. ചെറുവാടിയിലെത്തിയതോടെ, കൂട്ടുകാരും കാരണവന്മാരും കുടുംബക്കാരുമൊക്കെ ചുറ്റും കൂടി. വിവരങ്ങള്‍ അന്വേഷിച്ചു. പലരും പല അഭിപ്രായങ്ങളും പറഞ്ഞു. 'കേരളത്തിലെ അറിയപ്പെടുന്ന സുന്നിപണ്ഡിതന്മാരോട് ഒറ്റക്ക് സംവാദം നടത്താനും, മനസ്സിലാക്കിയ സത്യം തുറന്നുപറയാനുമുള്ള ധൈര്യം ഞങ്ങള്‍ സമ്മതിച്ചു. അത് നമ്മുടെ നാട്ടിന് അഭിമാനമാണ്. എങ്കിലും സുന്നത്ത് ജമാഅത്തിന്റെ നേതാക്കള്‍ എന്ന നിലക്ക് മൗനം മതിയായിരുന്നു.' കട്ടയാട്ട് അബ്ദുഹാജിയുടെ വാക്കുകള്‍. 'എന്തെങ്കിലുമൊക്കെ പറയാനും ഇളക്കമുണ്ടാക്കാനും പോന്ന ആളുകള്‍ നമ്മുടെ നാട്ടിലുള്ളത് നല്ലതുതന്നെ,' കുഞ്ഞിമാന്‍ഹാജിയുടെ അഭിപ്രായം. 'അവന്‍ മുസ്‌ലിയാക്കന്മാരുടെ ഗുരുത്വം വാങ്ങൂലാ. അവരൊക്കെ ആരാണ്! അവരുടെ മുമ്പില്‍ തര്‍ക്കിച്ച് സംസാരിക്കുന്നവന് എങ്ങനെ അവരുടെ ഗുരുത്വം കിട്ടും. അവനെ തുടര്‍ന്ന് നിസ്‌കരിക്കാന്‍ പറ്റൂലാ,' കടുത്ത 'സമസ്ത' അനുകൂലികളുടെ വാക്കുകള്‍.
അടുത്ത ദിവസം യു.കെ വന്നു, സംസാരിച്ചു. നോട്ടീസ് അടിക്കുന്നതിനെ കുറിച്ചായി ചര്‍ച്ച. ആളുകള്‍ക്ക് കാര്യം മനസ്സിലാക്കാന്‍ ഒരു ചെറിയ നോട്ടീസ് നല്ലതാണെന്ന് കുഞ്ഞിമാന്‍ ഹാജി പറഞ്ഞു. യു.കെ നിര്‍ബന്ധിക്കുകയും ചെയ്തു. അവസാനം ഞാന്‍ സമ്മതിച്ചു. 'എന്തു നോട്ടീസ് അടിച്ചാലും, എനിക്കൊരു വിശ്വാസമുണ്ട്. ഞാന്‍ അഹ്‌ലുസുന്നത്തിനെ അംഗീകരിക്കുന്നു. അതില്‍ നിന്നൊരടി പിന്നോട്ട് പോകില്ല.'
താങ്കള്‍ രണ്ടുദിവസത്തിനകം ചേന്ദമംഗല്ലൂരില്‍ വരണം. നമുക്ക് നോട്ടീസ് ശരിയാക്കാം-യു.കെ പറഞ്ഞു. പറഞ്ഞ പ്രകാരം ചേന്ദമംഗല്ലൂരില്‍ പോയി, നോട്ടീസ് തയാറാക്കി. താഴെ പേരെഴുതി ഒപ്പിട്ടു. കോഴിക്കോട്ടെ പ്രസിലായിരുന്നു അച്ചടിച്ചത്.
'ഞാന്‍ നിരപരാധിയാണ്, എന്നെ അപമാനിച്ചത് ന്യായമല്ല' ഇതായിരുന്നു തലക്കെട്ട്. നടന്ന സംഭവങ്ങളും എന്റെ അഭിപ്രായങ്ങളുമെല്ലാം വിവരിച്ചെഴുതിയിരുന്നു. നോട്ടീസ് അവസാനിക്കുന്നത് ഇങ്ങനെ: 'നിരപരാധികളുടെമേല്‍ അപരാധം വെച്ചുകെട്ടുന്ന ആരുടെയും നേതൃത്വം ഞാന്‍ അംഗീകരിക്കില്ല.' ആയിരം കോപ്പിയാണ് അടിച്ചത്. കുന്ദമംഗലത്തും പരിസര പ്രദേശങ്ങളിലുമൊക്കെയും നോട്ടീസ് വിതരണം ചെയ്തു. അതോടെ വലിയ പ്രശ്‌നമായി നാട്ടിലെങ്ങും.
എന്റെ ഗുരുനാഥന്‍ ഇ.എന്‍ അഹ്മദ് മുസ്‌ല്യാരുടെ മട്ടുമാറി. അദ്ദേഹം എന്റെ മുഖത്തേക്ക് നോക്കാതായി. ഉമ്മയാകട്ടെ കരച്ചിലും പിഴിച്ചിലും. ചിലരൊക്കെ പേര് മാറി വിളിക്കാന്‍ തുടങ്ങി. 'ജമാഅത്തിന്റെ കേന്ദ്രമായ ചേന്ദമംഗല്ലൂരില്‍നിന്ന് ആളുകള്‍ ഇവനെ കാണാന്‍ ഇടക്കിടെ വരുന്നു. ഇവന്‍ അങ്ങോട്ടുപോകുന്നു. തൗഹീദില്‍ പിഴച്ച നാട്ടിലേക്കുള്ള യാത്ര ളലാലത്തിലേക്ക് (വഴികേടിലേക്ക്) ആണ്'- ചിലര്‍ പറഞ്ഞു.
വീടിന്റെ വടക്കുഭാഗത്ത് ഒരു പ്ലാവുണ്ടായിരുന്നു. ഒരു ദിവസം ഞാന്‍ വീട്ടിലെത്തിയപ്പോള്‍ ഉമ്മ ആ പ്ലാവില്‍ ചാരി നില്‍ക്കുന്നു. രംഗം ശോകമൂകം. ഉമ്മ എന്തൊക്കെയോ പിറുപിറുക്കുന്നു. ഞാന്‍ അടുത്തുചെന്നു, കാര്യം തിരക്കി ''നീ കാഫിറായിപ്പോയി എന്നാണ് ആളുകള്‍ പറയുന്നത്. ഇത്രയും കാലം മോല്യാരായി നടന്നിട്ട്.. മുസ്‌ല്യാക്കന്മാരുടെ വെറുപ്പ് നേടണോ? ഈമാന്‍ പിഴച്ചില്ലേ, ഇനി എന്തിനാ നീ നിസ്‌കരിക്കുന്നത്? നിന്നെ ആരെങ്കിലും തുടര്‍ന്നു നിസ്‌കരിക്കോ. രണ്ടു മൂന്നു മാസം കൊണ്ട് നീ പുതിയൊരു ദീനുമായി വന്നിരിക്കുന്നു. നിന്നെ വീട്ടില്‍ കയറ്റരുതെന്നാ ആളുകള്‍ പറയുന്നത്. ഞാനെന്താ ചെയ്യേണ്ടത്. നമ്മുടെ നാട്ടിലും പുത്തന്‍ പ്രസ്ഥാനക്കാര്‍ എത്തിക്കഴിഞ്ഞുവെന്നാണ് വഅളില്‍ പറഞ്ഞത്. മുസ്‌ലിമായി ജീവിച്ച് കാഫിറായി മരിച്ചുപോകുമെന്നും പറഞ്ഞു.'' ഉമ്മ മനസ്സിലെ വിഷമം മുഴുവന്‍ പറഞ്ഞു.
''ഉമ്മ പറഞ്ഞു കഴിഞ്ഞില്ലേ; ഇനി എനിക്കും ചിലത് പറയാനുണ്ട്. എന്നെ കാഫിറാക്കുന്ന കുറേ ആളുകളുണ്ട്. അവരില്‍ എത്രപേര്‍ കൃത്യമായി നമസ്‌കരിക്കുന്നവരുണ്ട്? വെള്ളിയാഴ്ചയില്‍പോലും പള്ളിയില്‍ പോകാത്തവരും എന്നെ കാഫിറും മുര്‍ത്തദ്ദുമായി എണ്ണുന്നില്ലേ. ഞാന്‍ 'സമസ്ത'ക്കാരനായിരുന്നപ്പോഴും ജമാഅത്തെ ഇസ്‌ലാമിയുടെ അനുഭാവിയായിരുന്നപ്പോഴും അഞ്ച് വഖ്തും പള്ളിയില്‍ പോകുന്നുണ്ടല്ലോ. പള്ളിയില്‍ പോയി നമസ്‌കരിക്കുന്നവന്‍ പിഴച്ചവന്‍. അതിലൊന്നും ശ്രദ്ധയില്ലാത്തവരോ?'' ഉമ്മക്ക് ഒന്നും പറയാനുണ്ടായിരുന്നില്ല.
റമദാന്‍ പതിനേഴിന് പത്തിരിയും ഇറച്ചിയുമൊക്കെ ഉണ്ടാക്കി പള്ളിയിലേക്ക് കൊണ്ടുപോകണം. ബദ്‌റില്‍ രക്തസാക്ഷികളായവരുടെ ആണ്ടാണ് അന്ന്. പക്ഷേ, ഞാനതിനൊന്നും നിന്നില്ല; സ്ഥലം വിട്ടു. അടുത്ത വെള്ളിയാഴ്ച, കൊളക്കാടന്‍ ഉസ്സന്‍ക്കാ ഒരു എഴുത്തുണ്ടാക്കി എനിക്ക് തന്നു. ജുമുഅക്ക് ശേഷം പള്ളിയില്‍വെച്ച് അതിലെഴുതിയത് പറയണം എന്ന് എന്നോടാവശ്യപ്പെട്ടു. അതിലെ വാചകമിതായിരുന്നു. ''മൗദൂദികളുമായോ വഹാബികളുമായോ എനിക്ക് യാതൊരു ബന്ധവുമില്ലെന്ന് ഞാനിതാ മഹല്ലുകാരെ ഉണര്‍ത്തുന്നു.'' എഴുത്ത് വാങ്ങി കീശയിലിട്ട് ഞാന്‍ അന്ന് കീഴുപറമ്പിലേക്ക് ജുമുഅക്ക് പോയി. വൈകുന്നേരമാണ് തിരിച്ചുവന്നത്. പരിഹാസച്ചിരിയോടെയാണ് ആളുകള്‍ എന്നെ 'സ്വീകരിച്ചത്.' ''ഏഴിമലയുടെ ശിഷ്യനായ നീ ഇങ്ങനെ തലതിരിഞ്ഞ് പോയത് ആര്‍ക്കും വിശ്വസിക്കാനാകുന്നില്ല.'' പലരും പറഞ്ഞു. അപ്രഖ്യാപിത ബഹിഷ്‌കരണം പോലെയാണ് നാട്ടിലെ അവസ്ഥ. കൂട്ടുകാരും നാട്ടുകാരും ഒറ്റപ്പെടുത്തുന്നു. ആ ബഹിഷ്‌കരണം മനസ്സില്‍ വല്ലാതെ പ്രയാസങ്ങള്‍ സൃഷ്ടിച്ചു. ചേന്ദമംഗല്ലൂരാണ് ആ സമയത്ത് ആശ്വാസം നല്‍കുന്ന അഭയ കേന്ദ്രമായി നിന്നത്. അക്കാലത്താണ് ചേന്ദമംഗല്ലൂര്‍ അല്‍മദ്‌റസത്തുല്‍ ഇസ്‌ലാമിയ്യയുടെ വാര്‍ഷികം നടന്നത്. കെ.സിയാണ് പരിപാടികള്‍ക്ക് നേതൃത്വം നല്‍കുന്നത്. മര്‍ഹൂം അബുസ്വബാഹ് മൗലവിയായിരുന്നു അധ്യക്ഷന്‍. കുട്ടിഹസന്‍ അധികാരിയുടെ സാന്നിധ്യവുമുണ്ടായിരുന്നു. ഹാജി സാഹിബിന്റെ പങ്കാളിത്തവും യു.കെ അബുസഹ്‌ലയുടെ ഗാനങ്ങളുമായിരുന്നു വാര്‍ഷികാഘോഷത്തിന്റെ മുഖ്യ ആകര്‍ഷണീയതകള്‍ എന്നാണെന്റെ ഓര്‍മ. എല്ലാം കൂടിയായപ്പോള്‍ ചേന്ദമംഗല്ലൂരിനോട് വിട പറയാന്‍ ഒട്ടും മനസ്സു വന്നില്ല.
കെ.സിയും സഗീര്‍ മൗലവിയും ഒരു ദിവസം പറഞ്ഞു: 'ഇനി ഇവിടെത്തന്നെ കൂടിക്കോ. മദ്‌റസയില്‍ പഠിപ്പിക്കാം. മൊയ്തുമൗലവിയുടെയും യു.കെയുടെയും ക്ലാസുകള്‍ കേട്ട് പഠിപ്പിക്കേണ്ട രീതി മനസിലാക്കുക.' അങ്ങനെ ചേന്ദമംഗല്ലൂര്‍ മദ്‌റസയില്‍ അധ്യാപകനായി ജീവിതം തുടങ്ങി. ഉണ്ണിമോയിന്റെ ഹോട്ടലിന് മുകളിലുള്ള റൂമിലായിരുന്നു താമസം. കെ. മൊയ്തുമൗലവിയുടെ 'ഓര്‍മക്കുറിപ്പുകളി'ല്‍ രണ്ടുമൂന്നിടങ്ങളിലായി അതേ കുറിച്ചൊക്കെ വിവരിച്ചിട്ടുണ്ട്. അതുകൊണ്ട് ഇനിയുമതൊന്നും ആവര്‍ത്തിക്കുന്നില്ല.
നൂറടിപ്പാലം സമ്മേളനം
അക്കാലത്താണ് മലപ്പുറം നൂറടിപ്പാലത്ത് ജമാഅത്തെ ഇസ്‌ലാമിയുടെ സമ്മേളനം നടന്നത്; 1954 ഡിസംബര്‍ 31, 1955 ജനുവരി 1 (ശനി, ഞായര്‍) തീയതികളില്‍. ചേന്ദമംഗല്ലൂരില്‍നിന്ന് ഞങ്ങള്‍ കുറേപേര്‍ സമ്മേളനത്തില്‍ പങ്കെടുക്കാനായി യാത്ര തിരിച്ചു. വെള്ളിയാഴ്ച രാവിലെത്തന്നെ മലപ്പുറത്തെത്തി. സമീപത്തൊരു പള്ളിയില്‍ ജുമുഅയില്‍ പങ്കെടുത്തു. നമസ്‌കാരം അവസാനിച്ച് സലാം വീട്ടിയ ഉടന്‍ ഇമാം എഴുന്നേറ്റുനിന്ന് വിളിച്ചുപറഞ്ഞു: ''മൗദൂദികളുടെ യോഗം നടക്കാന്‍ പോവുകയാണ്. ഇവിടെ മുതല്‍ ബൈത്തുല്‍മുഖദ്ദസ് വരെ സമ്മേളന പന്തല്‍ നീണ്ടാലും ഈ മഹല്ലത്തുകാര്‍ ആരും അങ്ങോട്ട് പോകരുത്.''
കിളിയമണ്ണില്‍ മുഹമ്മദ് ഹാജി സമ്മേളനം നടത്താന്‍ മുമ്പിലുണ്ടായിരുന്നുവെന്നാണ് ഓര്‍മ. പ്രഗത്ഭനായ പള്ളുരുത്തി ഹാജിയും സജീവമായിരുന്നു. മുഹമ്മദ് ഹാജി പ്രദേശത്ത് നല്ല സ്വാധീനമുള്ള വ്യക്തിയായതിനാലും സമ്മേളന പരിപാടികള്‍ വളരെയേറെ ആകര്‍ഷണീയമായതിനാലും സുന്നി മഹല്ലിലെ കുറച്ച് പേരൊഴികെ ബാക്കിയുള്ളവരെല്ലാം സമ്മേളന നഗരിയിലും പരിസരങ്ങളിലുമുണ്ടായിരുന്നു. ശനിയാഴ്ച രാവിലെ ഖുര്‍ആന്‍ ക്ലാസോടെയാണ് സമ്മേളന പരിപാടികള്‍ ആരംഭിച്ചത്. പത്തുമണിയോടെ സദസ് പൂര്‍ണമായും നിറഞ്ഞു. രണ്ടാം ദിവസം പന്തലും പരിസരവും മണല്‍പുറവും നിറഞ്ഞൊഴുകി. മലപ്പുറത്തും പരിസര പ്രദേശങ്ങളിലും വമ്പിച്ച അലയൊലികളാണ് സമ്മേളനം ഉണ്ടാക്കിയത്.
ശാന്തപുരം ഇസ്‌ലാമിയാ കോളേജിന്റെ പിറവിയായിരുന്നു സമ്മേളനത്തിന്റെ ഒരു പ്രത്യേകത. മഹാനായ വി.കെ ഇസ്സുദ്ദീന്‍ മൗലവിയുടെ ഘനഗംഭീരമായ പ്രഭാഷണമുണ്ടായിരുന്നു രണ്ടാം ദിവസം. മറക്കാനാകില്ല ആ പ്രസംഗം. ഇടക്ക് അദ്ദേഹം പറഞ്ഞു: ''നമ്മുടെ കുട്ടികള്‍ക്ക് വേണ്ടി ഒരു സ്ഥാപനം ആവശ്യമാണ്. നമ്മുടെ സ്ഥാപനങ്ങളിലേക്ക് ആരെങ്കിലും കുട്ടികളെ അയക്കുമോ എന്നറിയില്ല. പക്ഷേ നാം പട്ടിക്കാട് അഥവാ 'ശാന്തപുര'ത്ത് ഒരു സ്ഥാപനം തുടങ്ങാന്‍ തീരുമാനിച്ചിരിക്കുന്നു.'' സദസ് തക്ബീര്‍ മുഴക്കിക്കൊണ്ടാണ് ആ പ്രഖ്യാപനത്തെ വരവേറ്റത്. ഇന്നത്തെ 'അല്‍ജാമിഅ അല്‍ ഇസ്‌ലാമിയ'യുടെ സ്ഥാപകന്‍ യഥാര്‍ഥത്തില്‍ വി.കെ ഇസ്സുദ്ദീന്‍ മൗലവിയാണ്.
1955-ല്‍ ഇസ്ഹാഖലി മൗലവിയുടെയും കെ.ടി.സി ബീരാന്‍ സാഹിബിന്റെയും കൂടെ ഞാന്‍ എടയൂരും ശാന്തപുരവും കാണാന്‍ പോയതോര്‍ക്കുന്നു. എടയൂര്‍! കേരളത്തിലെ ഇസ്‌ലാമിക നവോത്ഥാന ചരിത്രത്തില്‍ സവിശേഷമായ സ്ഥാനമാണ് ആ പ്രദേശത്തിനുള്ളത്. ഞങ്ങള്‍ സന്ദര്‍ശിച്ച സമയത്ത്, എടയൂരില്‍ പ്രത്യേകിച്ചൊന്നുമില്ല; ഒരു കുഗ്രാമം എന്നുതന്നെ പറയാം. ഒരു പീടികയുടെയോ മറ്റോ മുകളില്‍ മൂന്നു നാലു പേര്‍. അതാണ് ജമാഅത്ത് ആസ്ഥാനം. ഹാജി സാഹിബിന്റെ വീട്ടില്‍ നല്ല അരി കൊണ്ടുള്ള ചോറുണ്ടാകും. മുരിങ്ങയും ചക്കക്കുരുവും കൊണ്ടുണ്ടാക്കിയ കറിയും. പായയില്‍ സുപ്ര വിരിച്ചാണ് ഭക്ഷണം വിളമ്പുക. എല്ലാവരും വട്ടത്തിലിരുന്ന് കഴിക്കും, 'കെ.വീ ഇതാണ് ഇവിടുത്തെ രീതി' ഹാജി സാഹിബ് പറഞ്ഞത് ഓര്‍ക്കുന്നു.
അവിടെ നിന്ന് തിരിച്ചുവന്ന ഞങ്ങള്‍ വൈകുന്നേരമാണ് ശാന്തപുരത്തെത്തിയത്. ഒരു മദ്‌റസയും കുറച്ച് കുട്ടികളും. തെക്ക് വടക്കായി ഒരു ചെറിയ കെട്ടിടം. എ.കെ അബ്ദുല്‍ ഖാദിര്‍ മൗലവിയും അബുല്‍ ജലാല്‍ മൗലവിയുമൊക്കയായിരുന്നു സ്ഥാപനത്തിന്റെ അമരത്ത്. അന്നത്തെ ശാന്തപുരം ഇസ്‌ലാമിയാ കോളേജിനെക്കുറിച്ചറിയാതെ ഇന്നത്തെ ശാന്തപുരവും 'അല്‍ജാമിഅ'യും മാത്രം കാണുന്നവര്‍ക്ക് ശാന്തപുരത്തിന്റെ മഹത്വമറിയാന്‍ കഴിയണമെന്നില്ല.
ഏതാനും ദിവസത്തെ യാത്രക്ക് ശേഷം നാട്ടില്‍ തിരിച്ചെത്തി. ആകെ കലുഷിതമായ അന്തരീക്ഷം. രണ്ടുമൂന്ന് മാസം നാട്ടില്‍നിന്ന് മാറിനിന്നാല്‍ കൊള്ളാം എന്ന് തോന്നി. ജോലിയില്ലാതെ അലഞ്ഞു തിരിയുന്നതും വലിയ പ്രയാസം. കുന്ദമംഗലത്തേക്ക് പുറപ്പെട്ടു. ഭൂപതിയുടെ കടയിലേക്ക് പോകാം എന്നാണ് കരുതിയത്. അവിടെ എത്തിയപ്പോഴാണറിഞ്ഞത് ഭൂപതി അബൂബക്കര്‍ ഹാജി കച്ചവടത്തിന് വേണ്ടി വയനാട്ടിലേക്ക് പോവുകയാണെന്ന്. അവരോടൊപ്പം ഞാനും കൂടി പുതുപ്പാടി വരെ. അവിടെ ഇറങ്ങി. ഭൂപതി അബൂബക്കര്‍ ഹാജി, 'മൗദൂദി'യാണെങ്കിലും ജനങ്ങള്‍ക്കിടയില്‍ വലിയ മതിപ്പുള്ള ആളായിരുന്നു. 'മദ്‌റസയിലേക്ക് മുദര്‍റിസിനെ ആവശ്യമുണ്ടെങ്കില്‍ ഈ മുസ്‌ലിയാരെ വിളിച്ചോളൂ' എന്ന് ഭൂപതി പുതുപ്പാടിക്കാരോട് പറഞ്ഞു. അതനുസരിച്ച് അവിടെത്തന്നെ മദ്‌റസാ അധ്യാപകനായി നിയമിച്ചു. രണ്ടാഴ്ച കഴിഞ്ഞതേയുള്ളൂ, ആ വാര്‍ത്ത പരന്നു; ഇയാള്‍ മൗദൂദിയുടെ ഏജന്റാണ്! 'മൗദൂദി'യായതിനാല്‍ ഞാന്‍ അവിടെ നിന്നും പുറത്താക്കപ്പെട്ടു.
1960-കളുടെ മധ്യത്തോടെ ഞാന്‍ ശരിക്കും ജമാഅത്തെ ഇസ്‌ലാമിക്കാരനായി മാറിക്കഴിഞ്ഞിരുന്നു. പിന്നീടൊരു യാത്രയായിരുന്നു. ദേശാടനം എന്ന് പറയാവുന്ന വിധം ഒരുപാട് സ്ഥലങ്ങളില്‍ യാത്ര ചെയ്തു, താമസിച്ചു, പള്ളികളിലും മദ്‌റസകളിലും ജോലി ചെയ്തു. മുജാഹിദ് പള്ളികളില്‍ ഖത്വീബും പ്രദേശത്ത് ജമാഅത്ത് പ്രവര്‍ത്തനവും നിര്‍വഹിച്ച സ്ഥലങ്ങളുണ്ട്. ചുങ്കത്തറക്കടുത്ത് ഉപ്പട, പോത്തുകല്ല്, വാണിയമ്പലത്തിനടത്ത് പോരൂര്‍, താളിയം കുണ്ട്, പെരിന്തല്‍മണ്ണ കട്ടുപ്പാറ, കണ്ണൂര്‍ പഴയങ്ങാടി വാദിഹുദ, മദ്രാസ് തുടങ്ങി നിരവധി പ്രദേശങ്ങള്‍. പലയിടങ്ങളിലും ഏറെ പ്രതികൂല സാഹചര്യങ്ങള്‍ നേരിടേണ്ടിവന്നുവെങ്കിലും അല്ലാഹുവിന്റെ മാര്‍ഗത്തില്‍ ഉറച്ചുനില്‍ക്കാനായതിലും ഒരുപാട് ത്യാഗിവര്യന്മാര്‍ പടുത്തുയര്‍ത്തിയ പ്രസ്ഥാനം പടര്‍ന്നു പന്തലിച്ചു കാണുന്നതിലും സംതൃപ്തിയുണ്ട്, അല്‍ ഹംദുലില്ലാഹ്.
(അവസാനിച്ചു)
Comments