Prabodhanm Weekly

Pages

Search

2014 ഫെബ്രുവരി 07

ബ്രിട്ടീഷുകാര്‍ മലബാറില്‍നിന്ന് നാടടര്‍ത്തിയ ശേഷം മമ്പുറം ഫസല്‍ പൂക്കോയ തങ്ങളുടെ ജീവിതം

റഹ്മത്തുല്ലാ മഗ്‌രിബി / കവര്‍‌സ്റ്റോറി

മുഹമ്മദ് നബി(സ)യുടെ മരണാനന്തരം അദ്ദേഹത്തിന്റെ കുടുംബത്തില്‍ പെട്ടവര്‍ മദീനയില്‍ തന്നെയാണ് കഴിഞ്ഞിരുന്നത്, അലി(റ)യുടെ മരണം വരെ. തുടര്‍ന്ന്  ഹുസൈ(റ)ന്റെ കൂടെ കര്‍ബലയില്‍ വന്നവരില്‍ ആകെ അവശേഷിച്ച ആണ്‍തരി ഹുസൈ(റ)ന്റെ മകന്‍ അലി (സൈനുല്‍ ആബിദീന്‍ എന്ന പേരില്‍ പ്രശസ്തന്‍) ആയിരുന്നു. അലി പിന്നീട് മക്കയിലും മദീനയിലുമായി ജീവിച്ചു. ഇദ്ദേഹത്തിന്റെ തലമുറയില്‍പെട്ട ചിലര്‍ ഇറാഖിലേക്ക് കുടിയേറുകയുണ്ടായി. പ്രവാചക കുടുംബാംഗവും ശീഈ വിഭാഗത്തില്‍ പെടുന്ന ഇസ്‌നാ അശ്‌രികളുടെ ഒമ്പതാമത്തെ ഇമാമുമായ മുഹമ്മദ് അല്‍ ജവ്വാദ് (മുഹമ്മദ് അല്‍തഖി) അബ്ബാസി ഖലീഫ മഅ്മൂന്റെ പുത്രി ഉമ്മുല്‍ ഫസലിനെ വിവാഹം ചെയ്തു കുറച്ചു കാലം ബഗ്ദാദില്‍ താമസിച്ചു. തുടര്‍ന്ന് അദ്ദേഹത്തിന്റെ മക്കള്‍ ബഗ്ദാദിലേക്ക് പോയി. അങ്ങനെ ക്രമേണ പ്രവാചക കുടുംബത്തിലെ പലരും ഇറാഖില്‍ എത്തിച്ചേര്‍ന്നു.  ഇറാഖിലുണ്ടായിരുന്ന ഈ പ്രവാചക കുടുംബത്തിലെ അഹ്മദ് ബിന്‍ ഈസ സാഹചര്യങ്ങള്‍ മോശമായി കണ്ടതിനാല്‍ യമനിലെ ഹദറമൗത്തിലേക്ക് കുടിയേറുകയായിരുന്നു. അങ്ങനെയാണ് ഹാശിമികള്‍ ഹദറമൗത്തില്‍ എത്തുന്നത്.  വളരെ കാലത്തിനു ശേഷം അവിടെ നിന്ന് ഇസ്‌ലാം പ്രചാരണം, കച്ചവടം തുടങ്ങിയ ലക്ഷ്യങ്ങള്‍ക്കായി വിവിധ ദേശങ്ങളിലേക്ക് ഹാശിമികള്‍ നീങ്ങിയിരുന്നു.  ഇതില്‍ പ്രധാന ദേശങ്ങള്‍ ഒമാന്‍,  മലബാര്‍, ഹൈദരാബാദ്, കമ്പൂചിയ, മലേഷ്യ, ഫിലിപ്പൈന്‍സ്, ആഫ്രിക്കന്‍ രാജ്യങ്ങള്‍ എന്നിവയായിരുന്നു.
സയ്യിദ് ഫസലിന്റെ മുന്‍ഗാമികള്‍
അഹ്മദ് ബിന്‍ ഈസാ ഹദറമൗത്തിലേക്ക് പോയതിനു ശേഷം പ്രവാചക കുടുംബത്തിലെ മുഹമ്മദ് ബിന്‍ അലി (സാഹിബ് മിര്‍ബാത്ത്) ഹദറമൗത്ത് വിട്ടുപോയി. ഹദറമൗത്തില്‍ നിന്ന് ഇപ്പോഴത്തെ ഒമാനിലെ മിര്‍ബാത്ത്(സലാലക്കടുത്ത്) എന്ന സ്ഥലത്താണ് അദ്ദേഹം എത്തുന്നത്. അദ്ദേഹത്തിന്റെ മക്കളായ അലിയുടെയും അലവിയുടെയും സന്താന പരമ്പരയില്‍ പെട്ടവര്‍ ആണ് മലബാറില്‍ എത്തിയ ആദ്യത്തെ തങ്ങന്മാര്‍ എന്ന് അനുമാനിക്കപ്പെടുന്നു.
മമ്പുറം തങ്ങള്‍ എന്ന പേരില്‍ പ്രശസ്തനായ അലവി, യമനിലെ ഹദറമൗത്തിനു അടുത്തുള്ള തരീമില്‍ 1753-ല്‍ പ്രവാചകന്റെ വംശാവലിയില്‍ പെട്ട മൗലദ്ദവീല കുടുംബത്തില്‍ മുഹമ്മദ് ബിന്‍ സഹലിന്റെയും ഫാത്വിമ ജിഫ്രിയുടെയും മകനായി ജനിച്ചു. പ്രവാചക കുടുംബത്തിലെ പ്രമുഖ വിഭാഗമായ അലവികളുടെ തന്നെ ഒരു താവഴി ആണ് മൗലദ്ദവീല. മാതാപിതാക്കള്‍ ചെറുപ്പത്തിലേ മരണമടഞ്ഞതിനാല്‍ അലവി ഒരു പിതൃസഹോദരിയുടെ വീട്ടിലാണ് വളര്‍ന്നത്. ഇസ്‌ലാമിക വിജ്ഞാനീയങ്ങളില്‍ വ്യുല്‍പത്തി നേടിയ അലവി 1769-ല്‍ തന്റെ പതിനെട്ടാം വയസ്സിലാണ് മലബാറില്‍ എത്തിയത്. ഹദറമൗത്തുകാര്‍ വ്യാപകമായി ദേശാടനം നടത്തുന്ന ആ സമയത്ത് തന്നെയാണ് സയ്യിദ് അലവി ബിന്‍ മുഹമ്മദ് കേരളത്തില്‍ എത്തുന്നത്. തന്റെ മാതാവ് ഫാത്വിമയുടെ സഹോദരന്മാര്‍ ശൈഖ് ജിഫ്രിയും (കോഴിക്കോട്), ഹസന്‍ ജിഫ്രിയും  (മമ്പുറം) ആദ്യമേ തരീമില്‍ നിന്ന് മലബാറില്‍ എത്തിയിരുന്നു.
1823-ല്‍ ആണ് സയ്യിദ് അലവിയുടെ മകനായി സയ്യിദ് ഫസല്‍ ജനിക്കുന്നത്. ചെറുപ്പം മുതലേ പിതാവിന്റെ ശിക്ഷണത്തില്‍ വളര്‍ന്ന സയ്യിദ് ഫസല്‍ അസാധാരണ വ്യക്തിത്വത്തിന് ഉടമയായിരുന്നു. ഹദറമൗത്തുകാര്‍ നല്‍കുന്ന അതേ ശിക്ഷണം നല്‍കിത്തന്നെയാണ് പിതാവ് ഫസലിനെയും വളര്‍ത്തിയത് . അതിനാല്‍ തന്നെ അറബി ഭാഷയില്‍ സയ്യിദ് ഫസല്‍ പെട്ടെന്ന് വ്യുല്‍പത്തി നേടി. പിതാവില്‍നിന്നും ചാലിലകത്ത് ഖുസയ്യ് ഹാജിയില്‍നിന്നും ഖുര്‍ആനിലും ഹദീസിലും ഇസ്‌ലാമിക ചരിത്രത്തിലും സയ്യിദ് ഫസല്‍ അഗാധ പാണ്ഡിത്യം നേടി. വെളിയങ്കോട് ഉമര്‍ ഖാദിയും ഫസലിന്റെ ഗുരുവായിരുന്നു എന്ന് പറയപ്പെടുന്നു.

ബ്രിട്ടീഷുകാര്‍ക്കെതിരെ
പിതാവ് സയ്യിദ് അലവി തങ്ങള്‍ മരിക്കുമ്പോള്‍ (1844) സയ്യിദ് ഫസലിന് ഇരുപത് വയസ്സായിരുന്നു. അപ്പോഴേക്കും സാമാന്യം പാണ്ഡിത്യം ആര്‍ജിച്ചു കഴിഞ്ഞ അദ്ദേഹം ഉപരി പഠനത്തിനായി മക്കയിലേക്ക് പോയി. അഞ്ചു വര്‍ഷം മക്കയില്‍ പഠിച്ചു. ഈ അവസരത്തില്‍ അദ്ദേഹത്തിന് മുഹമ്മദുബ്‌നു അബ്ദില്‍ വഹാബിന്റെ സലഫി വീക്ഷണങ്ങള്‍ അടുത്തറിയാന്‍ സാധിച്ചതായി ചരിത്രകാരന്മാര്‍ നിരീക്ഷിക്കുന്നു. തന്റെ പ്രവര്‍ത്തനത്തിന്റെ അടിസ്ഥാനം ഖുര്‍ആനും സുന്നത്തുമാണെന്ന അദ്ദേഹത്തിന്റെ പ്രഖ്യാപനം ഈ സ്വാധീനത്തിലേക്ക് വിരല്‍ ചൂണ്ടുന്നു. അതേസമയം മക്കയില്‍ പുറത്തുനിന്ന് വന്ന ഹദറമികള്‍ ഒരുപാടുള്ള സമയം കൂടി ആയിരുന്നു അത്.
1849-ല്‍ മലബാറില്‍ തിരിച്ചെത്തിയ ഫസല്‍ പിതാവിന്റെ സ്ഥാനം ഏറ്റെടുത്തു. സയ്യിദ് അലവിയുടെ കാലശേഷം മലബാറില്‍ അദ്ദേഹത്തിനുണ്ടായിരുന്ന ആത്മീയവും രാഷ്ട്രീയവുമായ എല്ലാ നേതൃത്വവും സയ്യിദ് ഫസലില്‍ വന്നു ചേര്‍ന്നു. അദ്ദേഹം മമ്പുറം പള്ളി വികസിപ്പിച്ചു. അദ്ദേഹത്തിന്റെ അധ്യാപനങ്ങള്‍ മലബാറിലെ ജനങ്ങള്‍ക്കിടയില്‍ അഭൂതപൂര്‍വമായ സ്വാധീനം ചെലുത്തി. പ്രവാചക കുടുംബം എന്ന നിലയിലും ഇസ്‌ലാമികമായി ഉന്നത വിജ്ഞാനമാര്‍ജിച്ച വ്യക്തി എന്ന നിലയിലും സയ്യിദ് ഫസല്‍ മലബാറില്‍ മുസ്‌ലിംകള്‍ക്കിടയില്‍ വളരെ ഉന്നത സ്ഥാനീയന്‍ തന്നെയായിരുന്നു. അധിനിവേശ ശക്തിയായ ബ്രിട്ടീഷുകാര്‍ക്കെതിരെ പൊരുതേണ്ടത് ഇസ്‌ലാമികമായ ബാധ്യതയാണെന്നും, അതില്‍ സംഭവിക്കുന്ന മരണം രക്തസാക്ഷിത്വമാണെന്നും ജനങ്ങളെ ബോധ്യപ്പെടുത്താനും അദ്ദേഹത്തിനു സാധിച്ചു. അതിനു വേണ്ടി ഉദ്ദത്തുല്‍ ഉമറാ എന്ന ഗ്രന്ഥം അദ്ദേഹം രചിച്ചു. അറബിയില്‍ തയാറാക്കിയ ഗ്രന്ഥം കോപ്പികള്‍ എടുത്ത് വിവിധ പള്ളികളിലേക്ക് അയച്ചു കൊടുത്തു.   
ഇസ്‌ലാമികമായ ഉത്തരവാദിത്വം എന്ന നിലയില്‍ ബ്രിട്ടീഷുകാര്‍ക്കെതിരെ പോരാടാന്‍ മാപ്പിളമാരെ പ്രേരിപ്പിക്കുക തന്നെയായിരുന്നു ഉദ്ദത്ത് എന്ന ഗ്രന്ഥത്തിലൂടെ അദ്ദേഹം ഉദ്ദേശിച്ചത്. വിവരം അന്നത്തെ മലബാര്‍ ജില്ലാ ബ്രിട്ടീഷ് ഇന്ത്യാ കലക്ടര്‍ കോനോലി അറിഞ്ഞതോടെ അതിന്റെ പ്രചാരണം തടഞ്ഞു. ഫസല്‍ തങ്ങള്‍ തന്റെ പോരാട്ട സംസ്‌കരണ പ്രവര്‍ത്തനങ്ങള്‍ തുടങ്ങുമ്പോള്‍ തന്നെ ബ്രിട്ടീഷുകാര്‍ അദ്ദേഹത്തിന്റെ ചലനങ്ങള്‍ സൂക്ഷ്മമായി നിരീക്ഷിക്കാന്‍ തുടങ്ങിയിരുന്നു. അന്നത്തെ കലക്ടര്‍ കോനോലി ബ്രിട്ടീഷ് ഇന്ത്യയിലെ മദ്രാസ് ഗവര്‍ണര്‍ക്ക് ഇങ്ങനെ എഴുതി: ''തങ്ങള്‍ എല്ലാ നിലക്കും അപകടകാരിയാണ്. പോലീസുകാര്‍ നിസ്സഹായരാണ്. അദ്ദേഹം സാമ്രാജ്യത്വത്തിനുള്ളിലെ സാമ്രാജ്യമാണ്.''
ഫസല്‍ നേതൃത്വത്തില്‍ എത്തിയ ശേഷം നിരവധി ബ്രിട്ടീഷ്‌വിരുദ്ധ പോരാട്ടങ്ങള്‍ക്ക് മലബാര്‍ സാക്ഷ്യം വഹിച്ചു (1836-ല്‍ പന്തല്ലൂരും 1841-ല്‍ ചേറൂരും ശക്തമായ പോരാട്ടങ്ങള്‍ നടന്നു). 1849-ലെ മഞ്ചേരി പോരാട്ടം, 1851-ലെ കൊളത്തൂര്‍ പോരാട്ടം, 1852-ലെ നാല് വെള്ള പട്ടാളക്കാര്‍ കൊല്ലപ്പെട്ട മട്ടന്നൂര്‍ പോരാട്ടം എന്നിവയും ഈ ഇനത്തില്‍ പെടുത്തേണ്ടവയാണ്. ഇവയൊക്കെയും ഫസല്‍ തങ്ങളുടെ നേതൃത്വത്തിനു കീഴിലാണെന്നാണ് ബ്രിട്ടീഷുകാര്‍ മനസ്സിലാക്കിയത്. സയ്യിദ് ഫസല്‍ കേരളത്തില്‍ നടത്തിയ പരിഷ്‌കരണ പോരാട്ട ചരിത്രം ഈ ലേഖനത്തില്‍ ഒരു പ്രധാന വിഷയമല്ലാത്തതിനാല്‍ അതിന്റെ വിശദാംശങ്ങളിലേക്ക് കടക്കുന്നില്ല.

നാട് കടത്തല്‍
നാട്ടില്‍ അനുദിനം ഉണ്ടായിക്കൊണ്ടിരിക്കുന്ന നിരവധി ബ്രിട്ടീഷ്‌വിരുദ്ധ പോരാട്ടങ്ങളുടെ മാസ്റ്റര്‍ ബ്രെയ്ന്‍ ഫസല്‍ ആണെന്ന നിഗമനത്തില്‍ 1852 ഫെബ്രുവരിയില്‍ ഫസല്‍ തങ്ങളെ നാടുകടത്താന്‍ ബ്രിട്ടീഷ് ഭരണകൂടം പദ്ധതിയിട്ടിരുന്നു. സയ്യിദ് ഫസലിനോട് അടുപ്പമുള്ള ചില ഉദ്യോഗസ്ഥന്മാര്‍ മുഖേന കലക്ടര്‍ കോനോലി നാടുവിടാന്‍ ഫസലിന്റെ മേല്‍ കടുത്ത സമ്മര്‍ദം  ചെലുത്തി. താന്‍ നാട് വിട്ടില്ലെങ്കില്‍ തന്റെ അനുയായികളെ മൊത്തമായി ബ്രിട്ടീഷുകാര്‍ കൊന്നൊടുക്കും എന്ന് ഭയപ്പെട്ട ഫസല്‍ അതിനേക്കാള്‍ നല്ലത് താന്‍ ഇവിടം വിടുന്നതാണ് എന്ന് മനസ്സിലാക്കിയാവാം ഒടുവില്‍ നാടുവിടാന്‍ തീരുമാനിച്ചു.
അങ്ങനെ 1852  മാര്‍ച്ച് പത്തൊമ്പതിന്, തന്റെ പിതാവ് മരണപ്പെട്ട് എട്ടു വര്‍ഷം കഴിഞ്ഞ്, 29-ാം വയസ്സില്‍ ഫസല്‍ തങ്ങള്‍ കുടുംബസമേതം ചില സഹപ്രവര്‍ത്തകരോടൊപ്പം ഒരു അറബിക്കപ്പലില്‍ മക്കയിലേക്ക് തിരിച്ചു.  തന്റെ രണ്ടു പുത്രന്മാരും സഹോദരി ഫാത്വിമയും ഉള്‍പ്പെടെ 57 പേര്‍ അതിലുണ്ടായിരുന്നു. വിവരം കേട്ടറിഞ്ഞ് എണ്ണായിരത്തിലധികം പേര്‍ അദ്ദേഹത്തെ യാത്രയയക്കാന്‍ എത്തിച്ചേര്‍ന്നുവത്രെ. ഒരുവേള ഫസല്‍ തങ്ങള്‍ മലബാറില്‍ തന്നെ നില്‍ക്കുകയോ, ബ്രിട്ടീഷുകാര്‍ അദ്ദേഹത്തെ നില്‍ക്കാന്‍ അനുവദിക്കുകയോ ചെയ്തിരുന്നുവെങ്കില്‍ മലബാര്‍ ചരിത്രം മറ്റൊന്നാകുമായിരുന്നു എന്നു വേണം അനുമാനിക്കാന്‍.
വലിയ ഒരു വിപ്ലവത്തിനാണ് ഫസല്‍ തങ്ങളുടെ തിരോധാനം വഴിയൊരുക്കിയത്. മുസ്‌ലിം മനസ്സ് പ്രക്ഷുബ്ധമായിക്കൊണ്ടേയിരുന്നു. 1855 സെപ്റ്റംബര്‍ 11-ന് കോഴിക്കോട് വെസ്റ്റ്ഹില്‍ കലക്ടര്‍ ബംഗ്ലാവില്‍ അതിക്രമിച്ചു കടന്ന മൂന്നുപേര്‍ അന്നത്തെ മലബാര്‍ ജില്ലാ കലക്ടര്‍ കോനോലി സായിപ്പിനെ (മലബാറിലെ പ്രസിദ്ധമായ കനോലി കനാല്‍, നിലമ്പൂരിലെ തേക്ക് തോട്ടം എന്നിവയുടെ ശില്‍പി) കൊലപ്പെടുത്തുന്നതിലേക്കു വരെ ആ രോഷം പടര്‍ന്നു. കോനോലിയുടെ കൊലപാതകം ബ്രിട്ടീഷുകാരുടെ മുസ്‌ലിം വിരോധത്തിന് ഊക്ക് പകര്‍ന്നു. വ്യാപകമായ അക്രമങ്ങളും അടിച്ചമര്‍ത്തലുകളുമായിരുന്നു പിന്നീട്. നിരവധി മാപ്പിളമാരെ കൊന്നൊടുക്കി. വിവിധ പ്രദേശങ്ങളില്‍ കൂട്ടപ്പിഴ ചുമത്തി.

മക്കയില്‍
മക്കയില്‍ എത്തിയ ഫസല്‍ താമസിക്കാന്‍ നല്ലത് തന്റെ ഉപ്പയുടെ ദേശം ആണെന്ന് മനസ്സിലാക്കി യമനിലെ തരീമിലേക്ക് പോയി. ഏകദേശം തൊണ്ണൂറോളം വര്‍ഷത്തിനു ശേഷം അവിടെ അദ്ദേഹത്തിന് സ്വന്തം വേരുകള്‍ കണ്ടെത്തി നിലയുറപ്പിക്കുക പ്രയാസമായിരുന്നു. അതിനാല്‍ തിരിച്ചു വന്നു മക്കയില്‍ തന്നെ താമസിക്കാന്‍ തീര്‍ച്ചയാക്കി. ലോകത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്നുള്ളവര്‍ മക്കയില്‍ വന്നു താമസിക്കുക അക്കാലത്ത് പതിവായിരുന്നു. സയ്യിദ് ഫസലിന്റെ കാര്യത്തില്‍ ചില വ്യത്യസ്തതകളും ഉണ്ടായിരുന്നു. ഇന്ത്യയില്‍ നിന്ന് വന്ന ഒരു വലിയ ശൈഖ് ബ്രിട്ടീഷുകാരാല്‍ ഉപരോധിക്കപ്പെട്ട് മക്കയിലുണ്ട് എന്ന വിവരം വളരെ പെട്ടെന്ന് അറേബ്യയില്‍ പരന്നു. തന്നെയുമല്ല, മക്കയിലാണ് ഫസല്‍ അഞ്ചു വര്‍ഷം പഠിച്ചത്. പഠനം കഴിഞ്ഞ് ഇന്ത്യയിലേക്ക് പോയിട്ട് മൂന്ന് വര്‍ഷമേ ആയിട്ടുള്ളൂ. അന്നത്തെ മക്കയിലെ ഗവര്‍ണര്‍ അബ്ദുല്ലാഹ് ബിന്‍ മുഹമ്മദ് ബിന്‍ ഔന്‍ അദ്ദേഹത്തെ വലിയ വ്യക്തിത്വമായി കണ്ടു സ്വീകരിച്ചു; പ്രത്യേക സൗകര്യങ്ങള്‍ ഒരുക്കി കൊടുത്തു. മക്കയില്‍ താമസമാക്കിയ അദ്ദേഹം അവിടത്തെ പണ്ഡിതന്മാരുമായി പെട്ടെന്ന് ചങ്ങാത്തത്തിലായി. അതില്‍ പ്രമുഖനായിരുന്നു അന്നത്തെ മക്ക-മദീന പരിശുദ്ധ പള്ളികളുടെ മുഫ്തി ആയിരുന്ന ശൈഖ് അഹ്മദ് ദഹലാന്‍. മക്കയില്‍ താമസിക്കെ 1853-ലാണ് തുര്‍ക്കി  സുല്‍ത്താന്‍ അബ്ദുല്‍ അസീസിന്റെ  ഔദ്യോഗിക അറിയിപ്പ് അദ്ദേഹത്തിന് കിട്ടുന്നത്. ഹിജാസ് വിട്ടു എങ്ങോട്ടും പോവരുത് എന്നായിരുന്നു അത്. ബ്രിട്ടീഷുകാര്‍ തുര്‍ക്കി സുല്‍ത്താനെ സ്വാധീനിച്ച് ഇറക്കിയ ഉത്തരവായിരുന്നു അത്. മക്കയിലെ താമസത്തിനിടയിലും ബ്രിട്ടീഷുകാരോടുള്ള വിരോധം ഫസലിന്റെ സിരകളില്‍ ഉണ്ടായിരുന്നു. ആന്‍ കെ ബാങ്ങ് രേഖപ്പെടുത്തിയപോലെ, 1858-ല്‍ ജിദ്ദയില്‍ ബ്രിട്ടീഷുകാര്‍ക്കെതിരെ നടന്ന കലാപത്തില്‍ നിരവധി പട്ടാളക്കാരും ഉദ്യോഗസ്ഥരും കൊല്ലപ്പെട്ടതിനു പിന്നില്‍ ഫസല്‍ ആണെന്ന് ബ്രിട്ടീഷുകാര്‍ സംശയിച്ചു.
മക്കയില്‍ അദ്ദേഹം മികച്ച പണ്ഡിതന്‍ എന്ന നിലയില്‍ വിശ്രുതനായി. മറ്റു പണ്ഡിതന്മാരുമായി ഇടപഴകി തന്റെ വൈജ്ഞാനിക കഴിവുകള്‍ വികസിപ്പിച്ചുകൊണ്ടിരുന്നു. വിവിധ ദേശങ്ങളില്‍ നിന്നെത്തുന്ന ഹാജിമാര്‍ക്ക് ഉപദേശ നിര്‍ദേശങ്ങള്‍ നല്‍കി. വിവിധ ഹജ്ജ് ഗ്രൂപ്പുകള്‍ക്കിടയിലുള്ള പ്രശ്‌നങ്ങള്‍ പരിഹരിക്കുന്നതിന് സമീപിക്കാവുന്ന വ്യക്തിത്വമായും ഫസല്‍ മാറി. മധ്യമ നിലപാടെടുത്ത് പ്രശ്‌നങ്ങള്‍ പരിഹരിക്കുന്ന അദ്ദേഹത്തിന്റെ ഖ്യാതി അറബ് ലോകം മുഴുക്കെ പരന്നു. ആ പ്രശസ്തിയാണ് അദ്ദേഹത്തിന്റെ ജീവിതം മറ്റൊരു വഴിത്തിരിവിലെത്തിച്ചത്.

ദോഫാറിലേക്ക്
ഈ അവസരത്തിലാണ് 1871-ല്‍ ഇപ്പോഴത്തെ ഒമാനിലെ ദോഫാറില്‍ നിന്ന് ഒരു സംഘം ഹജ്ജ് നിര്‍വഹിക്കാനെത്തുന്നത്. ഫസല്‍ ബ്‌നു അലവിയെന്ന പ്രശസ്തനായ ഈ പണ്ഡിതനെ അവര്‍ മക്കയില്‍ വെച്ച് കണ്ടു. അദ്ദേഹത്തിന്റെ  വിശുദ്ധിയും പ്രശ്‌നങ്ങള്‍ പരിഹരിക്കാനുള്ള കഴിവും അവരെ  ആകര്‍ഷിച്ചു. ദോഫാര്‍ ആ സമയത്ത് വളരെയേറെ പ്രശ്‌ന കലുഷിതമായിരുന്നു. ഗോത്രപരവും അല്ലാത്തതുമായ നിരവധി വിഷയങ്ങളില്‍ പരസ്പരം പോരടിക്കുന്ന  പ്രകൃതമായിരുന്നു അവരുടേത്. എന്നാല്‍ ഇസ്‌ലാമിന്റെ പേരില്‍ ഒന്നിക്കണം എന്നത് എല്ലാവരും പുലര്‍ത്തിപ്പോന്നിരുന്ന ആഗ്രഹവുമായിരുന്നു. ദോഫാര്‍ സംഘത്തിലെ ആല്‍ കസീറിന്റെ (കസീര്‍ കുടുംബം) നേതൃത്വത്തില്‍ ഒരു പറ്റമാളുകള്‍ സയ്യിദ് ഫസലിനെ സമീപിച്ചു. സയ്യിദ് ഫസല്‍ ഭക്തനായ പണ്ഡിതന്‍ എന്നതിലുപരി, ഹദറമൗത്തില്‍ വേരുകളുള്ള വ്യക്തിത്വം കൂടിയായിരുന്നല്ലോ. സയ്യിദ് ഫസലിന്റെ  പൂര്‍വ പിതാവ് മുഹമ്മദ് ബിന്‍ അലി ബിന്‍ അലവി (സ്വാഹിബ് മിര്‍ബാത്ത്) ദോഫാറിലെ മിര്‍ബാത്തിലാണ് ജീവിച്ചത്. അദ്ദേഹത്തോട്  ദോഫാറുകാര്‍ക്ക്  വലിയ ബഹുമാനമായിരുന്നു. അതുപോലുള്ള ഒരു വ്യക്തിത്വത്തെ തങ്ങളെ നയിക്കാനും ഒരുമിപ്പിക്കാനും വേണ്ടി തേടിനടക്കുകയായിരുന്നു അവര്‍. സാഹിബ് മിര്‍ബാത്തിന്റെ തലമുറയിലെ സയ്യിദ് ഫസല്‍ ബിന്‍ അലവിയെ ലഭിച്ചത് അവര്‍ക്ക് വലിയ ആശ്വാസമായി. സയ്യിദ് ഫസല്‍ ആവട്ടെ, ഈ അവസരത്തില്‍ തന്റെ പരമ്പരാഗത സൂഫീ ശൈലിയില്‍നിന്ന് അല്‍പ്പം മാറി വഹാബി സ്വാധീനത്തില്‍ എത്തിയിരുന്നു എന്ന് പറയാം. ഇസ്‌ലാമിക ഭരണത്തിന്റെയും ഖിലാഫത്തിന്റെയും ആവശ്യകത അദ്ദേഹം ഊന്നി പറഞ്ഞു തുടങ്ങിയിരുന്നു. ഇന്ത്യയില്‍ ആയിരുന്നപ്പോള്‍ തന്നെ രാഷ്ട്രീയം ഇസ്‌ലാമിന്റെ ഭാഗമാണെന്ന് ഉറച്ചുവിശ്വസിക്കുകയും അതനുസരിച്ച് ജനങ്ങളെ ബോധവത്കരിക്കുകയും ചെയ്തതിനാണ് അദ്ദേഹം നാട് കടത്തപ്പെട്ടത്.  അതിനാല്‍ ദോഫാറുകാരുടെ ഈ ക്ഷണം അദ്ദേഹത്തെ വളരെയേറെ സന്തോഷിപ്പിച്ചു. തന്റെ മനസ്സിലുള്ള ഒരു ഇസ്‌ലാമിക രാഷ്ട്രം (ബാഅലവി ഭരണകൂടം) സ്ഥാപിക്കുവാനുള്ള ആദ്യ പടിയായി അദ്ദേഹം അതിനെ കണ്ടു; ദോഫാറിനെ ആ രാഷ്ട്രത്തിന്റെ ആസ്ഥാനമായും.
സയ്യിദ് ഫസലിന്റെ മനസ്സറിഞ്ഞ ദോഫാറുകാര്‍ നാട്ടിലേക്ക് മടങ്ങി വിഷയം അവിടെ ചര്‍ച്ച ചെയ്തു. അടുത്ത വര്‍ഷം വീണ്ടും സയ്യിദ് ഫസലിന്റെ അടുത്തെത്തി. അവര്‍ അദ്ദേഹത്തിന് തങ്ങളുടെ അനുസരണ പ്രതിജ്ഞ (ബൈഅത്ത്) കരാര്‍ കൈമാറി. 1872 ഫെബ്രുവരി 27-നായിരുന്നു അത്. ദോഫാറുകാരുമായി കരാര്‍ ഒപ്പിട്ടെങ്കിലും ഉടന്‍ അദ്ദേഹത്തിന് ദോഫാറില്‍ എത്താന്‍ സാധിച്ചില്ല. 1874 ഒക്‌ടോബറിലാണ് അദ്ദേഹം ദോഫാറില്‍ എത്തുന്നത്. ഹിജാസ് വിട്ടുപോകരുത് എന്ന തുര്‍ക്കി  സുല്‍ത്താന്റെ നിര്‍ദേശം നിലനില്‍ക്കുന്നതായിരുന്നു കാരണം. ദോഫാറിലേക്ക് പോകാന്‍ അനുവാദം ചോദിച്ച് ഫസല്‍, സുല്‍ത്താന് കത്തയച്ചു. പക്ഷേ, ദോഫാര്‍ അന്ന് ഒമാന്റെ കീഴില്‍ ആയിരുന്നതിനാലും ഒമാന്‍ സുല്‍ത്താന്‍ ബ്രിട്ടീഷുകാരുടെ സാമന്തന്‍ ആയിരുന്നതിനാലും ഫസല്‍ തന്റെ അനുവാദത്തോടെ ദോഫാറില്‍ പോകുന്നത് സുല്‍ത്താന്‍ ഇഷ്ടപ്പെട്ടില്ല. ബ്രിട്ടീഷുകാരുടെ സമ്മര്‍ദം ഈ വിഷയത്തിലും ഉണ്ടായി എന്ന് കരുതപ്പെടുന്നു. സയ്യിദ് ഫസല്‍ ആകട്ടെ, ഈ വിഷയത്തില്‍ സുല്‍ത്താനുമായി ഏറ്റുമുട്ടാന്‍ ആഗ്രഹിച്ചില്ല. അങ്ങനെ രണ്ടു വര്‍ഷത്തെ കാത്തിരിപ്പിനൊടുവില്‍ സുല്‍ത്താന്റെ അനുമതി ലഭിച്ചു; സയ്യിദ് ഫസല്‍ ദോഫാറിലേക്ക് തിരിച്ചു.

ദോഫാര്‍ ഭരണാധികാരി
ദോഫാറില്‍ എത്തിയ സയ്യിദ് ഫസല്‍ അത്ഭുതകരമായ മാറ്റത്തിനാണ് തുടക്കമിട്ടത്. ഗോത്രങ്ങളെ ഇസ്‌ലാമികവും രാഷ്ട്രീയവുമായ അച്ചടക്ക ശീലങ്ങള്‍ പരിശീലിപ്പിക്കാന്‍ കുറഞ്ഞ കാലംകൊണ്ട് തന്നെ അദ്ദേഹത്തിന് സാധിച്ചു. എല്ലാ അര്‍ഥത്തിലും തന്റെ രാജ്യത്തിന്റെ ആസ്ഥാനമാക്കി അദ്ദേഹം ദോഫാറിനെ മാറ്റി. താമസ സ്ഥലത്തിന് ചുറ്റും രണ്ടു പാറാവ് കോട്ടകള്‍, കുതിരകള്‍ക്ക്  ആലയങ്ങള്‍, പട്ടാള ക്യാമ്പ്, ജയില്‍, അതിഥികള്‍ക്ക്  താമസകേന്ദ്രം എന്നിവ അദ്ദേഹം ഒരുക്കി. ആളുകള്‍ക്കിയിലുണ്ടാവുന്ന പ്രശ്‌നങ്ങള്‍ പരിഹാരിക്കാന്‍ തന്റെ മകനെ ഖാദിയായി നിയമിച്ചു. ഈ സന്ദര്‍ഭത്തില്‍ അദ്ദേഹം തുര്‍ക്കി  സുല്‍ത്താനുമായി നല്ല ബന്ധം നിലനിര്‍ത്തുകയും സൈനിക സഹായം ഉള്‍പ്പെെടയുള്ള പിന്തുണ ആവശ്യപ്പെടുകയും ചെയ്തു. ദോഫാറിലെ ജനങ്ങള്‍ എല്ലാവരും കൂടി ക്ഷണിച്ചാണ് സയ്യിദ് ഫസല്‍ എത്തിയതെങ്കിലും, അദ്ദേഹം അറിയാതെ പോയ ഒരു കാര്യമുണ്ടായിരുന്നു. ദോഫാറിലെ ചില ഗോത്രങ്ങള്‍ മസ്‌കത്തിലെ സുല്‍ത്താനായിരുന്ന  സഈദ് ബിന്‍ സുല്‍ത്താന്‍ എന്ന രാജാവുമായി ബന്ധം നിലനിര്‍ത്തിയിരുന്നു. സുല്‍ത്താന്‍ ആവട്ടെ, ബ്രിട്ടീഷുകാരുമായി കരാറുണ്ടാക്കുകയും ചെയ്തിരുന്നു. സയ്യിദ് ഫസലിന് ബ്രിട്ടീഷ്‌വിരുദ്ധ ചേരിയിലുള്ള തുര്‍ക്കി  സുല്‍ത്താന്റെ പിന്തുണയായിരുന്നു പിന്‍ബലം. 1829-ല്‍ ദോഫാര്‍ ആക്രമിച്ചത് മുതല്‍ മസ്‌കത്ത് സുല്‍ത്താന്റെ ഒരു സൈന്യം അവിടെ ഉണ്ടായിരുന്നു.
താന്‍ തുര്‍ക്കി സുല്‍ത്താന്റെ സാമന്തന്‍ ആണെന്നായിരുന്നു ഫസലിന്റെ പ്രഖ്യാപനം. ദോഫാറിലെക്ക് പോകാന്‍ അനുവാദം ചോദിച്ചു തുര്‍ക്കി സുല്‍ത്താന് കത്തെഴുതിയപ്പോള്‍ തന്നെ, സുല്‍ത്താന്റെ കീഴില്‍ ആയിരിക്കും താന്‍ ഭരിക്കുക എന്ന് അദ്ദേഹം സൂചിപ്പിച്ചതായി പറയപ്പെടുന്നു. 'ടോപ്‌കൊപ്പി കൊട്ടാരത്തിനു (തുര്‍ക്കി  സുല്‍ത്താന്റെ കൊട്ടാരം) വേണ്ടി ദോഫാര്‍ ഭരിക്കുന്ന ആള്‍' എന്നാണ് അദ്ദേഹം സ്വയം വിശേഷിപ്പിച്ചത്. തന്റെ പിന്നിലുള്ള വലിയ ശക്തിയെ സൂചിപ്പിക്കുന്നത് കൂടിയായിരുന്നു ആ പ്രയോഗം.  
എന്നാല്‍, ഇത് നേര്‍വിപരീത ഫലം ഉണ്ടാക്കി. കാരണം ദീര്‍ഘ കാലമായി മസ്‌കത്തിന്റെ കീഴിലായിരുന്നു ദോഫാര്‍.  പിന്നീടങ്ങോട്ട് സയ്യിദ് ഫസലിന്റെ ചരിത്രം തുര്‍ക്കി  സുല്‍ത്താന്റെയും ബ്രിട്ടീഷ് സഹായമുള്ള മസ്‌കത്ത് സുല്‍ത്താന്റെയും ഇടയില്‍പെട്ട് കറങ്ങുകയാണ് (ഈ ലേഖനത്തില്‍ സയ്യിദ് ഫസലിന്റെ ദോഫാര്‍ ഭരണവുമായി ബന്ധപ്പെട്ട മിക്ക വിവരങ്ങളും സുഊദിയിലെ കിംഗ് ഫൈസല്‍ സര്‍വകലാശാലയിലെ ഡോ. സഈദ് ബ്‌നു ഉമര്‍ ആല്‍ ഉമര്‍ തയാറാക്കിയ ഒരു പ്രബന്ധത്തില്‍ നിന്നെടുത്തതാണ്. 'ദോഫാറിലെ ഫസല്‍ ബിന്‍ അലവിയുടെ ഭരണം: ഉസ്മാനി പിന്തുണക്കും ബ്രിട്ടീഷ്-ഒമാന്‍ എതിര്‍പ്പിനും മധ്യേ' എന്നതാണ് ആ പ്രബന്ധത്തിന്റെ തലക്കെട്ട് തന്നെ).
ഫസല്‍ എത്തി അധികം താമസിയാതെ തന്നെ മസ്‌കത്തിലെ സുല്‍ത്താന്‍ വിവരം ബ്രിട്ടീഷ് ഇന്ത്യയെ അറിയിച്ചു. അറേബ്യയുടെ തെക്കന്‍ തീരങ്ങളില്‍ എവിടെയെങ്കിലും ഈ രൂപത്തില്‍ ഉസ്മാനി ഭരണത്തിന്റെ സ്വാധീനം ഉണ്ടാവുന്നത് അപകടകരം ആണെന്നായിരുന്നു കത്തിലെ ഉള്ളടക്കം. ഒരു കാര്യം കൂടി ഇവിടെ സൂചിപ്പിക്കേണ്ടതുണ്ട്. ദോഫാറിലെ ജനങ്ങള്‍ സുന്നികളായിരുന്നു. മസ്‌കത്തിലെ സുല്‍ത്താനാവട്ടെ, ഇബാദിയും. ഇബാദികള്‍ സുന്നികളെയും ശീഈകളെയും പോലെ മറ്റൊരു വിഭാഗമാണ്. അതിനാല്‍ തന്നെ സുന്നിയായ തുര്‍ക്കി സുല്‍ത്താനോട് പ്രത്യേകിച്ചൊരു കൂറും മസ്‌കത്തിലെ സുല്‍ത്താന് ഉണ്ടായിരുന്നില്ല. ദോഫാറിലെ ശാഫിഈ മദ്ഹബില്‍ പെട്ട സുന്നികള്‍ക്കാവട്ടെ, ഉസ്മാനി സുല്‍ത്താനോട് താല്‍പര്യമുണ്ടായിരുന്നുതാനും.
ലണ്ടനിലെ ബ്രിട്ടീഷ് ഭരണകൂടം ഫസലിന്റെ പ്രവൃത്തിയില്‍ തങ്ങള്‍ക്കുള്ള അനിഷ്ടം അറിയിച്ചും അത്തരം പ്രവൃത്തികള്‍ വെച്ച് പൊറുപ്പിക്കില്ല എന്ന് കാണിച്ചും ഉടനെ ഫസലിനെതിരെ നടപടി സ്വീകരിക്കണമെന്ന് ആവശ്യപ്പെട്ടും ഒരു ദൂതനെ ഇസ്തംബൂളിലേക്ക് പറഞ്ഞയച്ചു. ദൂതന്‍ മുഖാന്തിരം 1876-ല്‍ കൊടുത്തയച്ച ഈ കത്തിനു ഉസ്മാനി സുല്‍ത്താനില്‍ നിന്ന് മറുപടിയൊന്നും ലഭിച്ചില്ല. അതേ വര്‍ഷം തന്നെ സുല്‍ത്താന്‍ അബ്ദുല്‍ അസീസ് ഭരണം ഒഴിഞ്ഞു. സുല്‍ത്താന്‍ അബ്ദുല്‍ ഹമീദ് രണ്ടാമന്‍ അധികാരമേറ്റു. ആയതിനാല്‍ ലണ്ടനില്‍ നിന്ന് വീണ്ടും 1877-ല്‍ ഈ വിഷയ സംബന്ധമായി ഒരു കത്ത് കൂടി അയച്ചു.
മറുഭാഗത്ത് ഫസല്‍ തന്റെ ഭരണ പ്രദേശം യമനിലെ അല്‍ മഹറ എന്ന പ്രദേശം പിടിച്ചടക്കി കൂടുതല്‍ വ്യാപിപ്പിച്ചു. ദോഫാറിലെ ശക്തരായ ആല്‍ കസീര്‍ കുടുംബത്തിന്റെ പിന്തുണയും ഫസലിനു കിട്ടി. അവര്‍ അദ്ദേഹത്തിന്റെ ഉപദേശകരും അനുയായികളുമായി ഉറച്ചുനിന്നു. ഇക്കാലയളവില്‍ നടന്ന പോരാട്ടങ്ങളില്‍ ദോഫാര്‍ ഭരണം വ്യാപിച്ചതോടൊപ്പം ആല്‍ കസീര്‍ ഗോത്രത്തില്‍  നിന്നു രണ്ടായിരം പേരും അല്‍ഖിറാ ഗോത്രത്തില്‍നിന്ന് മുവായിരത്തി  അഞ്ഞൂറ് പേരും പോരാട്ടങ്ങളില്‍ മരണപ്പെട്ടിരുന്നു. അതായത്, അദ്ദേഹത്തിന്റെ പിന്തുണ അത്രയും ശക്തമായിരുന്നു, രാജ്യം അത്രയും വിപുലമായിരുന്നു എന്നര്‍ഥം.  
രാഷ്ട്രീയ മുന്നേറ്റത്തോടൊപ്പം സാമൂഹിക രംഗത്ത് വലിയ മാറ്റങ്ങളാണ് സയ്യിദ് ഫസല്‍ കൊണ്ട് വന്നത്. ആ പ്രദേശങ്ങളിലെ മുഖഛായതന്നെ ഇസ്‌ലാമികമായി മാറ്റിപ്പണിയാന്‍ അദ്ദേഹത്തിന് കഴിഞ്ഞു. ജീവിതത്തിന്റെ എല്ലാ മേഖലകളിലും ഇസ്‌ലാം പ്രയോഗവത്കരിക്കണം എന്നായിരുന്നു അദ്ദേഹത്തിന്റെ അഭിപ്രായം. അതങ്ങനെ തന്നെ അദ്ദേഹം നടപ്പാക്കിത്തുടങ്ങി. ജീവഹാനിക്ക് പകരം ജീവ ഹാനി തന്നെ. സ്ത്രീകള്‍ വലിയ ആഡംബരരീതിയില്‍ വസ്ത്രം ധരിക്കുന്നതും കൃത്രിമ സൗന്ദര്യവര്‍ധക വസ്തുക്കള്‍ ഉപയോഗിച്ച് പുറത്തിറങ്ങുന്നതും അദ്ദേഹം നിരോധിച്ചു. ഇസ്‌ലാം അനുശാസിക്കുന്ന രീതിയില്‍ നിര്‍ബന്ധ ദാനം (സകാത്ത്) ഏര്‍പ്പെടുത്തി. ആഭിചാരം (സിഹ്ര്‍) പാടെ നിരോധിച്ചു. അക്കാലത്ത് ദോഫാറില്‍ സിഹ്ര്‍ വ്യാപകമായിരുന്നു. ഒരു സമയത്ത് സിഹ്ര്‍ നടത്തിയ 80-ഓളം ആളുകളെ അദ്ദേഹം പിടിച്ചു ജയിലിലിട്ടതായി പറയപ്പെടുന്നു. അതോടെ സിഹ്ര്‍ ഒരുവിധം നിന്നു. ജനങ്ങളെ ഇസ്‌ലാമികമായി ബോധവത്കരിക്കുന്നതിലും തന്റെ ചിന്തകള്‍ അവരുമായി പങ്കുവെക്കുന്നതിലും അദ്ദേഹം ഉത്സാഹിയായിരുന്നു. താന്‍ ഖുത്വ്ബ പറയുന്ന പള്ളിയില്‍ അദ്ദേഹം തന്റെ ചിന്തകളും നിലപാടുകളും ജനങ്ങളുമായി പങ്കുവെച്ചു. ജീവിതത്തിന്റെ എല്ലാ മേഖലകളിലും കര്‍ശനമായി ഇസ്‌ലാം നടപ്പാക്കുക എന്ന ഈ ആശയം അദ്ദേഹത്തിന് തന്റെ മക്കാ ജീവിതത്തില്‍ നിന്ന് ലഭിച്ചതാണെന്നും ആ വിഷയത്തില്‍ മുഹമ്മദുബ്‌നു അബ്ദില്‍ വഹാബിന്റെ ചിന്തകള്‍ അദ്ദേഹത്തെ സ്വാധീനിച്ചു എന്നും സുഊദി പണ്ഡിതനായിരുന്ന അബ്ദുല്ല ബിന്‍ സ്വാലിഹ് അല്‍ ഉസൈമീന്‍ തന്റെ 'സുഊദി അറേബ്യയുടെ ചരിത്രം' (താരീഖുല്‍ മംലകത്തില്‍ അറബിയ്യ അസ്സുഊദിയ്യ) എന്ന പുസ്തകത്തില്‍ രേഖപ്പെടുത്തിയിട്ടുണ്ട്. ദീനീ വിവരത്തിലും ഫിഖ്ഹിന്റെ അടിസ്ഥാനങ്ങളിലും അഗാധ പാണ്ഡിത്യമുള്ള ആളായിരുന്നു ബിന്‍ അലവി.
എന്നാല്‍ സയ്യിദ് ഫസലിന്റെ ഈ ഉദ്യമങ്ങള്‍ അദ്ദേഹം പ്രതീക്ഷിച്ച അതേ രൂപത്തില്‍ വിജയിച്ചു എന്ന് പറയാനാവില്ല. ഇന്ത്യയിലും പിന്നീട് മക്കയിലുമായി വലിയ അനുഭവ സമ്പത്തിന്റെയും വിജ്ഞാനത്തിന്റെയും നിറകുടമായ ഫസല്‍ മുന്നോട്ടുവെച്ച ഇസ്‌ലാമിക പരിഷ്‌കാരങ്ങള്‍ ദീര്‍ഘ കാലമായി തങ്ങളുടെ ഗോത്ര സംസ്‌കാരത്തിലും ആചാരങ്ങളിലും കെട്ട് പിണഞ്ഞു കിടന്നിരുന്ന അറബി ബദവി ഗോത്രങ്ങള്‍ക്ക്  ഉള്‍ക്കൊള്ളാന്‍, പക്ഷേ സാധിച്ചില്ല; പ്രത്യേകിച്ച് സകാത്ത് പിരിച്ചെടുക്കുന്നതില്‍. ജബലികള്‍ എന്നറിയപ്പെടുന്ന കാട്ടുവാസികളും ചില കര്‍ഷകരും കന്നുകാലി ഉടമകളുമൊക്കെ സകാത്ത് നല്‍കാന്‍ വിസമ്മതിക്കുകയുണ്ടായി. എത്രത്തോളമെന്നാല്‍ ഒരിടത്ത് ജബലികള്‍ സകാത്ത് പിരിച്ചെടുക്കാന്‍ വന്ന ഉദ്യോഗസ്ഥനെ വധിക്കുക പോലുമുണ്ടായി.
എല്ലാ മേഖലകളിലും സയ്യിദ് ഫസല്‍ ശ്രദ്ധ പതിപ്പിച്ചു. തന്റെ രാജ്യത്തിന്റെ വരുമാനം വര്‍ധിപ്പിക്കാനും അതിനെ ക്ഷേമ രാഷ്ട്രമാക്കാനും അദ്ദേഹം പരിശ്രമിച്ചിരുന്നു. എല്ലാ ഇറക്കുമതി-കയറ്റുമതി ഉല്‍പന്നങ്ങള്‍ക്കും അദ്ദേഹം 5 ശതമാനം നികുതി ഏര്‍പ്പെടുത്തി. നികുതി പിരിക്കാന്‍ തന്നെ ദോഫാറില്‍ അറുപതോളം ഉദ്യോഗസ്ഥര്‍ ഉണ്ടായിരുന്നു എന്ന് ഫിലിപ്‌സ് വിന്‍ഡ്ല്‍ 'ഒമാന്റെ ചരിത്രം' (ഒശേെീൃ്യ ീള ഛാമി) എന്ന പുസ്തകത്തില്‍ രേഖപ്പെടുത്തുന്നു. ദോഫാറില്‍ സമൃദ്ധമായി വളരുന്ന കുന്തിരിക്കവും ചില ഉള്‍പ്രദേശങ്ങളില്‍ വളരുന്ന റബറും തന്റെ രാജ്യത്തിന്റെ ഉന്നമനത്തിന് വിനിയോഗിക്കാന്‍ അദ്ദേഹം അതിയായി ആഗ്രഹിച്ചു. കുന്തിരിക്കം വളരെ പണ്ട് തന്നെ ദോഫാറില്‍ നിന്ന് കയറ്റുമതി ചെയ്യപ്പെടുന്ന ചരക്കായിരുന്നു. അതിനാല്‍ റബര്‍ കൃഷി പ്രോത്സാഹിപ്പിക്കാനും വരുമാനം ഉയര്‍ത്താനും റബര്‍ കൃഷിയിലും സംസ്‌കരണത്തിലും പ്രാവീണ്യമുള്ളവരെ ഇന്ത്യയില്‍ നിന്ന് കൊണ്ടുവരാന്‍ അദ്ദേഹം ശ്രമിച്ചു.
കച്ചവടം പ്രോത്സാഹിപ്പിക്കാനും വിദേശ നാണ്യം നേടാനും വേണ്ടി അദ്ദേഹം കഠിനാധ്വാനം ചെയ്തു. എത്രത്തോളമെന്നാല്‍,  ബ്രിട്ടീഷ് ഇന്ത്യന്‍ നാവിഗേഷന്‍ കമ്പനിക്ക് മാസത്തിലൊരിക്കല്‍ ഒരു കപ്പല്‍ ദോഫാര്‍ തുറമുഖത്ത് അടുപ്പിച്ചാല്‍ അവിടെ നിന്ന് ഇരുനൂറു ടണ്‍ ചരക്കുകളെങ്കിലും നല്‍കാമെന്ന് വരെ അദ്ദേഹം ഉറപ്പുനല്‍കി. ഇന്ത്യയിലിരിക്കെ ബ്രിട്ടീഷുകാര്‍ക്കെതിരെ ശക്തമായി പോരാടിയ ഫസല്‍ തന്നെയാണ് വ്യാപാര രംഗത്ത് അവരുമായി സഹകരണത്തിന്റെ പാത തുറന്നതും. ആ സവിശേഷ സാഹചര്യത്തില്‍ ഇസ്‌ലാമിന്റെ തേട്ടം അതാണെന്ന് അദ്ദേഹത്തിന് തോന്നിയിരിക്കണം. ദോഫാറില്‍ സാഹചര്യം വേറെ ആണെന്നായിരുന്നു ഫസലിന്റെ നിരീക്ഷണം. പക്ഷേ, ഫസലിന്റെ ഭരണം തന്നെ തങ്ങളുടെ അധീശ പ്രദേശത്താണെന്ന് വിശ്വസിക്കുകയും ഫസല്‍ തങ്ങളോട് പോരാടിയാണ് ഇന്ത്യ വിട്ടതെന്ന് മനസ്സിലാക്കുകയും ഫസലിനെതിരെ നടപടി  വേണമെന്ന് തുര്‍ക്കി സുല്‍ത്താനോട് ആവശ്യപ്പെടുകയും ചെയ്തിരുന്ന ബ്രിട്ടീഷുകാര്‍ ആ കച്ചവട ഓഫര്‍ തള്ളിക്കളഞ്ഞു. അതേസമയം ഒമാന്റെയും (മസ്‌കത്ത്) യമന്റെയും കപ്പലുകള്‍ ദോഫാര്‍ തുറമുഖത്ത് വരികയും ചരക്കുകള്‍ കയറ്റി പോവുകയും ചെയ്തിരുന്നു.
ബ്രിട്ടീഷുകാരോട് സാമ്പത്തിക സൗഹൃദത്തിലൂടെ രമ്യതയിലെത്താനുള്ള ശ്രമമാണ് ഇവിടെ പരാജയപ്പെട്ടത് എന്ന് വേണമെങ്കില്‍ പറയാം. ബ്രിട്ടീഷുകാര്‍ ഒരു ശത്രുവിനെ പോലെയാണ് തന്നെ കാണുന്നത് എന്ന് അദ്ദേഹത്തിന് അറിയാമായിരുന്നെങ്കിലും, സുസ്ഥിരതയുള്ള ഒരു ഇസ്‌ലാമിക രാജ്യത്തിന് ഒരുപാട് നീക്കുപോക്കുകള്‍ നടത്താം എന്ന വിശ്വാസത്തിലായിരുന്നു ഫസല്‍. അതിന്റെ ഭാഗമായാണ് 1877-ല്‍ ഏദനിലെ ബ്രിട്ടീഷ് സ്ഥാനപതിയുമായി ഫസല്‍ കൂടിക്കാഴ്ച നടത്തുകയും തന്റെ രാജ്യത്തിന്റെ പരമാധികാരം അംഗീകരിക്കണം എന്ന് ആവശ്യപ്പെടുകയും ചെയ്തത്. പക്ഷേ, അതും ഫലം കണ്ടില്ല.
(തുടരും)

(2013 ഡിസംബര്‍ 22-24 തീയതികളില്‍ കോഴിക്കോട് ജെ.ഡി.റ്റി കാമ്പസില്‍ നടന്ന കേരള മുസ്‌ലിം ഹിസ്റ്ററി കോണ്‍ഫറന്‍സില്‍ അവതരിപ്പിച്ച പ്രബന്ധം)

Comments

Other Post

ഖുര്‍ആന്‍ ബോധനം

സൂറ-20/ ത്വാഹാ/19-26
എ.വൈ.ആര്‍