പതിനേഴാം നൂറ്റാണ്ടിലെ ഇംഗ്ലീഷ് വൈദ്യന്‍ എഴുതിയ നബിചരിത്രം
മുഹമ്മദ് നബിയെ കുറിച്ച് പൊതുവെ യൂറോപ്യന്‍ എഴുത്തുകാര്‍ പുലര്‍ത്തുന്ന അജ്ഞതയും വിദ്വേഷവും പത്ര വായനക്കാര്‍ക്ക് പോലും അറിയാം. എന്നാല്‍, നബിയെ കുറിച്ചും ഇസ്‌ലാമിക ചരിത്രത്തെ കുറിച്ചും പക്ഷപാതമില്ലാതെ എഴുതിയ നിരവധി യൂറോപ്യന്മാരുണ്ട്. അവര്‍ ഇസ്‌ലാമിക ലോകത്ത് നിന്ന് മതപരമായും രാഷ്ട്രീയപരമായും വിദൂരമായിരിക്കുമ്പോള്‍ തന്നെ നവീനമായ സംവേദനക്ഷമതയോടെ ഇസ്‌ലാമിക ചരിത്രത്തോടും നബിയുടെ ജീവിതത്തോടും സംവദിച്ചു. ഇങ്ങനെ ഇസ്‌ലാമും ഇതര ലോകങ്ങളും തമ്മിലുള്ള വൈജ്ഞാനിക വിഭജനത്തെ അതിവര്‍ത്തിക്കുകയും സ്വന്തം അനുഭവലോകത്തിന്റെ പരിമിതികളെ തിരിച്ചറിയുകയും ചെയ്ത ആദ്യത്തെ ഇംഗ്ലീഷ് എഴുത്തുകാരനായിരുന്നു ഹെന്റി സ്റ്റുബ് (1632-1676). മുഹമ്മദ് നബിയെക്കുറിച്ച് അദ്ദേഹം 1670-ല്‍ എഴുതിയ പുസ്തകമാണ് Originall & Progress of Mahometanism. അറിയപ്പെടാത്ത ഈ നബി ചരിത്രത്തെ കുറിച്ച് 2012-ല്‍ നബീല്‍ മത്വാര്‍ എഴുതി അസോസിയേഷന്‍ ഓഫ് മുസ്‌ലിം സോഷ്യല്‍ സയന്റിസ്റ്റും കാംബ്രിഡ്ജ് സര്‍വകലാശാല പ്രസ്സും ചേര്‍ന്ന് പ്രസിദ്ധീകരിച്ച ദീര്‍ഘ ലേഖനമാണ് സ്റ്റുബ്ബിന്റെ സംഭാവനകളെ ഇപ്പോള്‍ പുറത്ത് കൊണ്ടുവന്നത്.
നബീല്‍ മത്വാര്‍ പറയുന്നതനുസരിച്ച്, പതിനേഴാം നൂറ്റാണ്ടില്‍ ഹെന്റി സ്റ്റുബ് ജീവിച്ച ഇംഗ്ലണ്ടില്‍ വിവര്‍ത്തനത്തിലും ഇതര സമൂഹങ്ങളെ കുറിച്ചുള്ള വിജ്ഞാനത്തിലും നടന്ന വിപ്ലവകരമായ നിരവധി മാറ്റങ്ങളുടെ പശ്ചാത്തലത്തില്‍ വേണം ഈ പുതിയ നബി ചരിത്രത്തെ കുറിച്ച ചര്‍ച്ച നടക്കേണ്ടത്. അന്നാണ് ചരിത്രത്തില്‍ ആദ്യമായി യൂറോപ്പിതര ഭാഷകളായ തുര്‍ക്കി, അറബി, പേര്‍ഷ്യന്‍ ഭാഷകളില്‍ നിന്ന് ധാരാളം വിവര്‍ത്തന ഗ്രന്ഥങ്ങള്‍ ലത്തീനിലേക്ക് വിവര്‍ത്തനം ചെയ്യപ്പെട്ടത്. ഇംഗ്ലീഷുകാര്‍ തങ്ങളുടെ പാരമ്പര്യമായി കരുതിപ്പോന്ന ഗ്രീക്ക്-ലത്തീന്‍ ഉറവിടത്തെ അവരുടേതായ സാഹചര്യത്തിലും രീതിയിലും സ്വാംശീകരിച്ചതായിരുന്നു മേല്‍ പറഞ്ഞ ഭാഷകളും അവയോട് ബന്ധപ്പെട്ട നാഗരികതകളും. ഈ വിവര്‍ത്തനങ്ങള്‍ അന്നത്തെ സാംസ്‌കാരിക ജീവിതത്തിനു പുതിയ ഉണര്‍വുകള്‍ നല്‍കി. ഇസ്‌ലാമിക തത്ത്വചിന്തയുടെ മേഖലയില്‍ കേള്‍വി കേട്ട ഹയ്യ് ബിന്‍ യഖ്ദാന്‍ അക്കാലത്ത് ലണ്ടനിലെ നാടകശാലകളില്‍ വന്‍ ആസ്വാദക വൃന്ദത്തെ സൃഷ്ടിച്ചുവെന്ന് ചരിത്രകാരന്മാര്‍ എഴുതുന്നു. ഇങ്ങനെ സവിശേഷമായ ഇസ്‌ലാം കൗതുകത്തിലൂടെ നിലവില്‍ വന്ന ബൗദ്ധിക സാഹചര്യത്തിന്റെ ഉല്‍പ്പന്നമാണ് സ്റ്റുബ് എഴുതിയ പ്രവാചക ജീവചരിത്രം. അറുപതിനായിരം വാക്കുകള്‍ അടങ്ങിയ പ്രസ്തുത കൃതി ഇസ്‌ലാമിനെ കുറിച്ച് നിലനിന്ന പല തെറ്റായ ധാരണകളെയും മുന്‍വിധികളെയും തിരുത്തിക്കുറിച്ചു. എന്തുകൊണ്ട് പതിനേഴാം നൂറ്റാണ്ട് എന്ന ചോദ്യം ഇവിടെ പ്രസക്തമാണ്. പ്രവാചകന്‍ മുഹമ്മദിനെ കുറിച്ച കെട്ടുകഥകളും ശത്രുതയും മാത്രം നിറഞ്ഞുനിന്ന യൂറോപ്യന്‍ പ്രതിനിധാനങ്ങള്‍ പതിനേഴാം നൂറ്റാണ്ട് വരെ വലിയ മാറ്റമൊന്നുമില്ലാതെ തുടര്‍ന്നിരുന്നുവെന്ന് ജോണ്‍ ടോളന്‍ പോലുള്ള പണ്ഡിതന്മാര്‍ ചൂണ്ടിക്കാട്ടുന്നു. ഈയൊരു പശ്ചാത്തലത്തിലാണ് അക്കാദമിക താല്‍പര്യമോ രാഷ്ട്രീയ ഉന്നങ്ങളോ ഇല്ലാത്ത ഒരു ഇംഗ്ലീഷ് വൈദ്യന്റെ ബൗദ്ധിക സാഹസങ്ങള്‍ ചരിത്രത്തിന്റെ ഗതി മാറ്റാവുന്ന വൈജ്ഞാനിക വിപ്ലവമാവുന്നത്.
ഹെന്റി സ്റ്റുബ് നബി ചരിത്രത്തിന് പ്രധാന സ്രോതസ്സായി എടുക്കുന്നത് മൂന്നു അറബ്-ക്രിസ്ത്യന്‍ ചരിത്രകാരന്മാരെയാണ്. അല്‍മകീന്‍ എന്ന പേരില്‍ പ്രശസ്തനായ ജിര്‍ജിസ് ബ്‌നുല്‍ അമീദ് (1205-1273), സഈദ് ബ്‌നുല്‍ ബത്‌രീഖ് (877-940), അബുല്‍ ഫര്‍റാജ് (1226-1286) തുടങ്ങിയവരാണവര്‍. അവര്‍ ഇസ്‌ലാമിക സമൂഹങ്ങളില്‍ തന്നെ ജീവിച്ചെഴുതിയ നബി ചരിത്രമാണ് സ്റ്റുബ് നോക്കുന്നത്. മത്വാര്‍ പറയുന്നതനുസരിച്ച് ഈ മൂന്നു പേരെ സ്റ്റുബ് തെരഞ്ഞെടുക്കാന്‍ രണ്ടു സവിശേഷ കാരണങ്ങള്‍ ഉണ്ട്. ഒന്ന്, ഈ മൂന്നു പേരുടെ പുസ്തകങ്ങള്‍ മാത്രമേ അക്കാലത്ത് അറബിയില്‍ നിന്ന് ലത്തീനിലേക്ക് സൂക്ഷ്മമായി വിവര്‍ത്തനം ചെയ്യപ്പെട്ടിരുന്നുള്ളൂ. രണ്ട്, ഇവരാരും മുസ്‌ലിംകള്‍ അല്ലെങ്കിലും മുസ്‌ലിംകള്‍ ഇവരുടെ എഴുത്തിനെയും നിലപാടുകളെയും ഏറെ ആദരിച്ചിരുന്നുവെന്നത് സ്റ്റുബിനെ ഇവരിലേക്ക് ആകര്‍ഷിച്ചു.
അല്‍ മകീന്‍ തന്റെ പ്രവാചക ചരിതത്തിനു ആധാരമാക്കിയത് ഒമ്പതാം നൂറ്റാണ്ടിലെ ഇസ്‌ലാമിക ചരിത്രകാരനായ ഇമാം ത്വബരിയുടെ താരീഖുല്‍ ഉമം വല്‍ മുലൂക് ആയിരുന്നു. ക്രിസ്ത്യാനിയായ അല്‍മകീന്‍ തന്റെ പ്രവാചക ചരിത്രം തുടങ്ങുന്നത് ബിസ്മി കൊണ്ടായിരുന്നു. മാത്രമല്ല, മുസ്‌ലിംകളെ പോലെ തന്നെ ഹിജ്‌റ കലണ്ടര്‍ തന്നെയാണ് അദ്ദേഹം ഇസ്‌ലാമിക ചരിത്രത്തിന്റെ കാലഗണനക്ക് ഉപയോഗിച്ചത്. സ്റ്റുബിനു അതുവരെ യൂറോപ്പില്‍ കണ്ട മുഹമ്മദില്‍ നിന്ന് വ്യത്യസ്തമായ ചിത്രം നല്‍കി അല്‍മകീന്റെ നബി ചരിത്രം. ദൈവത്തിനു മുന്നില്‍ മാത്രം തലകുനിക്കുന്ന, കരുണയും ദയയും വിട്ടുവീഴ്ചയും പ്രസരിപ്പിക്കുന്ന, അഗതികളെയും അനാഥരെയും ദരിദ്രരെയും പരിഗണിക്കുന്ന ദീനാനുകമ്പയുള്ള പ്രവാചകനെ അല്‍മകീന്റെ ചരിത്ര വിവരണത്തില്‍ സ്റ്റുബ് വായിച്ചു. അതിലേറെ സ്റ്റുബിനെ ആകര്‍ഷിച്ചത് പ്രവാചകന്റെ കാലത്ത് അദ്ദേഹം ക്രിസ്ത്യാനികളുമായി നിലനിര്‍ത്തിയ മികച്ച ബന്ധത്തെ കുറിച്ച അല്‍മകീന്റെ രേഖകള്‍ ആയിരുന്നു. ഈ രേഖകള്‍ സ്റ്റുബ് തന്റെ കാലത്തെ ജൂത-െ്രെകസ്തവ-മുസ്‌ലിം ബന്ധങ്ങളുടെ പശ്ചാത്തലത്തില്‍ ഏറെ പ്രാധാന്യപൂര്‍വം കണ്ടു. മറ്റൊരു ചരിത്ര സ്രോതസ്സായ ഇബ്‌നുല്‍ ബത്‌രീഖ്, സ്റ്റുബിനെ പോലെ ഒരു വൈദ്യനായിരുന്നു. ഇസ്‌ലാമിക ഖിലാഫത്തിലും അതിനു ശേഷമുള്ള മുസ്‌ലിം രാജവാഴ്ചകാലത്തും എങ്ങനെയാണ് ക്രിസ്ത്യാനികള്‍ ജീവിച്ചതെന്നും അത് സംഘര്‍ഷപരം എന്നതിനേക്കാള്‍ സമവായത്തിന് ഊന്നല്‍ നല്‍കുന്നതാണെന്നും ബത്‌രീഖ് എഴുതി. മറ്റൊരു ചരിത്ര സ്രോതസ്സായ അബുല്‍ ഫര്‍റാജ്, മുഹമ്മദ് നബി ബഹീറ എന്ന ക്രിസ്ത്യന്‍ വിശ്വാസിയായ സാത്വികനെ കാണുന്ന സംഭവവും അങ്ങനെ പ്രവാചകന്‍ മുഹമ്മദില്‍ അദ്ദേഹം കാണുന്ന പ്രത്യേകതകളും പ്രവാചകന്റെ ആദ്യകാല ചരിത്രകാരനായ ഇബ്‌നു ഹിശാമില്‍ നിന്ന് അതേപടി രേഖപ്പെടുത്തിയ ക്രിസ്തീയ ചരിത്രകാരനാണ്. സ്റ്റുബ്ബിനെ ഈ മൂന്നു ചരിത്രകാരന്മാരിലേക്ക് ആകര്‍ഷിച്ചത് പ്രധാനമായും ഒരൊറ്റ കാര്യമാണ്. അതായത് യൂറോപ്പില്‍ നിലവിലുണ്ടായിരുന്ന, പ്രവാചകനെ കുറിച്ച കെട്ടുകഥകള്‍ ഇവരാരും പറയുന്നില്ല. 'വിശുദ്ധ പ്രേതം' എന്ന് അറിയപ്പെട്ട ഒരു പ്രാവില്‍ നിന്നാണ് പ്രവാചകന് ദിവ്യസന്ദേശം ലഭിച്ചതെന്നായിരുന്നു അക്കാലത്ത് യൂറോപ്പില്‍ പ്രചരിക്കപ്പെട്ട പ്രധാന കെട്ടുകഥ. ഇതൊക്കെ നിരാകരിച്ച സ്റ്റുബ് വിശ്വാസ യോഗ്യമായതും മുന്‍വിധികളില്‍ നിന്ന് മുക്തമായതുമായ അറബി സ്രോതസ്സുകളെ മാത്രം ആശ്രയിച്ചു. അല്ലാത്തതൊക്കെ പ്രവാചകനെ കുറിച്ച കെട്ടുകഥകള്‍ മാത്രമാണെന്ന നിഗമനത്തില്‍ എത്തി. അതോടൊപ്പം ശ്രദ്ധേയമായ വസ്തുത, താന്‍ അവലംബിക്കുന്ന മൂന്ന് പ്രധാന ചരിത്ര സ്രോതസ്സുകളില്‍ കടന്നുകൂടിയ സ്ഖലിതങ്ങളെ സ്റ്റുബ് ഒരിക്കലും സ്വീകരിച്ചില്ല എന്നതാണ്.
സ്റ്റുബിന്റെ പ്രവാചക ജീവചരിത്രത്തിനു നാല് പ്രധാന സവിശേഷതകള്‍ നബീല്‍ മത്വാര്‍ കാണുന്നു. ഒന്ന്, സ്റ്റുബ് ഇസ്‌ലാമിക ചരിത്ര സ്രോതസ്സുകളെ തെരഞ്ഞെടുത്ത രീതി അതുവരെ യൂറോപ്പില്‍ നിലനിന്ന ഇസ്‌ലാമിക ചരിത്രമെഴുത്തിന്റെ പാരമ്പര്യത്തെ മാറ്റി പണിതു. രണ്ട്, ഇസ്‌ലാമിനെ അദ്ദേഹം മറ്റു സെമിറ്റിക് മതങ്ങളുടെ തുടര്‍ച്ചയായി തന്നെ കണ്ടു. മാത്രമല്ല, ഇഞ്ചീലും ഖുര്‍ആനും അതിന്റെ ആദിമ വിശുദ്ധിയില്‍ വേദഗ്രന്ഥങ്ങളുടെ ചരിത്രത്തിന്റെ ഭാഗമാണെന്ന സമീപനം സ്വീകരിച്ചു. മൂന്ന്, ദരിദ്രനും സംസ്‌കാര ശൂന്യനുമായ വെറുമൊരു ഒട്ടക സവാരിക്കാരനായി മുഹമ്മദ് നബിയെ ചിത്രീകരിച്ച തന്റെ പല സമകാലിക ചരിത്രകാരന്മാരെയും തിരുത്താനും യൂറോപ്പില്‍ നില നിന്ന മുഹമ്മദ് നബിയെക്കുറിച്ച അധീശ പ്രതിനിധാനത്തെ ചോദ്യം ചെയ്യാനും സ്റ്റുബിനു കഴിഞ്ഞു. നാല്, സ്റ്റുബ് നബി ചരിത്രമെഴുതുമ്പോള്‍ ഇംഗ്ലീഷില്‍ അതുവരെയുണ്ടായിരുന്ന പല തെറ്റായ ഖുര്‍ആന്‍ വിവര്‍ത്തനങ്ങളെയും നിരാകരിച്ചു. അവയെ തന്റെ റഫറന്‍സായി അദ്ദേഹം എടുത്തില്ല.
സ്റ്റുബ്ബിന്റെ ഏറ്റവും വലിയ പ്രത്യേകതയായി നബീല്‍ മത്വാര്‍ കാണുന്നത് ഇതാണ്: അദ്ദേഹം ഒരിക്കലും പുതിയ ചരിത്ര സ്രോതസ്സുകള്‍ കണ്ടെത്തുകയായിരുന്നില്ല. മറിച്ച് അദ്ദേഹം മറ്റുള്ളവര്‍ വായിച്ചത് തന്നെയേ വായിച്ചിട്ടുള്ളൂ. പതിനേഴാം നൂറ്റാണ്ടില്‍ ലത്തീനിലേക്ക് വിവര്‍ത്തനം ചെയ്യപ്പെട്ട അറബി ഗ്രന്ഥങ്ങള്‍ വായിക്കുക, ഡച്ച്, ഇംഗ്ലീഷ്, സ്വിസ്സ് ഓറിയന്റലിസ്റ്റുകളുടെ പുതിയ എഴുത്തുകള്‍ വായിക്കുക, ഇതൊക്കെ വെച്ച് പ്രവാചകനെ കുറിച്ചെഴുതുക. ഇതാണ് അദ്ദേഹം ചെയ്തത്. ഇവിടെ രീതിശാസ്ത്രപരമായ ഒരേയൊരു വ്യത്യാസം മാത്രമാണ് അദ്ദേഹം പുലര്‍ത്തിയത്. ഗ്രീക്ക് റോമന്‍ നാഗരികതയുടെ അടിക്കുറിപ്പായി ഇസ്‌ലാമിക നാഗരികതയെ വായിക്കാതിരിക്കുക എന്ന അടിസ്ഥാനപരമായ വ്യത്യാസം. പ്രവാചക ചരിത്രമെഴുത്തില്‍ മാറ്റത്തിന്റെ പുതിയ വാതിലുകള്‍ സ്റ്റുബ് തുറന്നിട്ടു. യൂറോപ്പിനുള്ളില്‍ നിന്ന് യൂറോ കേന്ദ്രിത വിജ്ഞാനത്തെ ചോദ്യം ചെയ്യുന്ന ചിന്തകനായി സ്റ്റുബ്ബിനെ നബീല്‍ മത്വാര്‍ സ്ഥാനപ്പെടുത്തുന്നു.
Comments