Prabodhanm Weekly

Pages

Search

2014 ഫെബ്രുവരി 07

മനുഷ്യനെന്ന സാമൂഹിക ജീവി

പി.പി അബ്ദുര്‍റസ്സാഖ് / ലേഖനം

നുഷ്യനാണ് ഖുര്‍ആന്റെ കേന്ദ്രപ്രമേയം.  മനുഷ്യനെയാണ് അത് അഭിസംബോധന ചെയ്യുന്നത്. ഒരു പക്ഷേ പച്ചയായ മനുഷ്യനെ അഭിസംബോധന ചെയ്യുന്ന ഏക ഗ്രന്ഥമാണ് ഖുര്‍ആന്‍. മനുഷ്യന്റെ വ്യതിരിക്ത ഭാവങ്ങളെ നിലനിര്‍ത്തിയും സവിശേഷ കഴിവുകളെ ഉപയോഗപ്പെടുത്തിയും അവന്‍ ജീവിക്കുന്ന പ്രപഞ്ചത്തിന്റെ സാകല്യത്തോട് ചേര്‍ന്നുനിന്നും അവന്റെ തന്നെ പ്രകൃതിപരതയോട് താദാത്മ്യപ്പെട്ടും വിശ്വാസ ലക്ഷ്യങ്ങളിലെ സാര്‍വലൗകികതയുടെയും സാര്‍വജനീനതയുടെയും സാര്‍വകാലികതയുടെയും തലങ്ങളില്‍നിന്നു കൊണ്ട് ഈ പ്രപഞ്ചത്തിലെ അവന്റെ സ്ഥാനം കൃത്യമായി അടയാളപ്പെടുത്തുകയാണ് ഖുര്‍ആന്‍ ചെയ്യുന്നത്.  ഇവിടെ മനുഷ്യസ്വത്വത്തെ രൂപപ്പെടുത്തുന്ന, വിശുദ്ധ ഖുര്‍ആന്‍ പറഞ്ഞ പദാര്‍ഥപരവും പദാര്‍ഥേതരവുമായ ഘടകങ്ങളെ സംബന്ധിച്ചും, മനുഷ്യനെ അവനു ഒരിക്കലും മുക്തനാവാന്‍ സാധിക്കാത്ത രൂപത്തില്‍ ചില സവിശേഷ സ്വത്വഭാവങ്ങളുമായി ബന്ധിപ്പിച്ചിരിക്കുന്നുവെന്ന് വിശുദ്ധ ഖുര്‍ആന്‍ പറയുന്ന (76:28) വിഷയത്തിലെ ജൈവികവും സാമൂഹികവും ധാര്‍മികവുമായ മാനങ്ങളെ സംബന്ധിച്ചും ചില ചിന്തകളും നിരീക്ഷണങ്ങളും പങ്കുവെക്കുകയാണ്.
ഭൂമിയില്‍ ജീവിക്കുന്ന എല്ലാ ജീവികളും മണ്ണില്‍ നിന്നുണ്ടായതാണ്. അവയെല്ലാം എന്ത് കഴിച്ചു ജീവിച്ചാലും അടിസ്ഥാനപരമായി മണ്ണിലുണ്ടാവുന്നവ കഴിച്ചാണ് ജീവിക്കുന്നത്. ഭൂമിക്കു പുറത്തുണ്ടായതോ ഉണ്ടാവുന്നതോ ആയ എന്തെങ്കിലും വിഭവങ്ങള്‍ മനുഷ്യരോ മണ്ണിലെ ഏതെങ്കിലും ജീവികളോ ഇതുവരെയും ഭുജിച്ചിട്ടില്ല. എല്ലാ ജീവികളിലെയും ബീജങ്ങളും വിത്തുകളും രൂപപ്പെടുന്നതും മണ്ണിലുണ്ടാവുന്ന പദാര്‍ഥങ്ങളില്‍നിന്നാണ്. മനുഷ്യനെ നാം മണ്ണില്‍ നിന്ന് സൃഷ്ടിച്ചു എന്ന് ഖുര്‍ആന്‍ പറയുമ്പോള്‍ ഇത് കൂടി ഉദ്ദേശിക്കപ്പെടുന്നുവെന്ന് മനസ്സിലാക്കുന്നതാണ് കൂടുതല്‍ ശരി. ഭൂമിയിലെ ഏറ്റവും ഉത്കൃഷ്ട ജീവിയുടെ സൃഷ്ടി മണ്ണില്‍ നിന്നാണെങ്കില്‍ അവനു വിധേയപ്പെടുത്തിക്കൊടുത്ത അവന്റെ കീഴെ വരുന്ന ഭൂമിയിലെ മുഴുവന്‍ ജീവിവര്‍ഗങ്ങളും മണ്ണില്‍ നിന്നാവുക സ്വാഭാവികം മാത്രമാണ്. പദാര്‍ഥപരമായി ചിന്തിച്ചാല്‍ മനുഷ്യ ശിശു ഭൂമിയിലേക്ക് ജനിച്ചു വീഴുന്നത് തന്നെ അവന്‍ അധിവസിക്കുന്ന ഭൂമിയുടെ പരിച്ഛേദം ആയാണ്. ഭൂമിയിലെ അതേ അളവിലാണ് മനുഷ്യ ശരീരത്തിലും ആ സമയത്ത് ജലാംശമുള്ളത് എന്നതും ഇതിനെയാണ് സൂചിപ്പിക്കുന്നത്. മനുഷ്യനെ കുറിച്ച ഏതു പഠനത്തിലും മറക്കാന്‍ പാടില്ലാത്തതാണ് പാരമ്പര്യ മതങ്ങള്‍ പൊതുവെ മറന്നുപോകുന്ന അവനിലെ ഈ മണ്ണിന്റെ തലം. ഈ മണ്ണിലെ പദാര്‍ഥങ്ങളില്‍ നിന്നാണ് മനുഷ്യനും ഇതര ജീവജാലങ്ങളും പൊതുവായി പങ്കുവെക്കുന്ന അവരുടെ ശരീരവും ജീവനും ഉരുവം കൊള്ളുന്നത്. അഥവാ മനുഷ്യനിലും ഇതര ജീവജാലങ്ങളിലും ജീവനും ശരീരവും ഭൗതികവും പദാര്‍ഥപരവുമാണ്. മനുഷ്യനിലും ഇതര ജീവജാലങ്ങളിലും റെഡിമെയ്ഡ് ബീജകോശങ്ങള്‍ (sperm cells) ജന്മനാ ഇല്ല എന്നതും അത് മനുഷ്യനില്‍ പ്രായപൂര്‍ത്തിയെത്തുന്നതിനനുസരിച്ചും ഇതര ജീവികളില്‍ അവ വലുതാകുന്നതിനനുസരിച്ചും പിന്നീടുണ്ടായിത്തീരുന്നതാണെന്നതും ഇതേ യാഥാര്‍ഥ്യത്തിലേക്ക് തന്നെയാണ് വെളിച്ചം വീശുന്നത്.  ഒരു പുരുഷന്റെ വൃഷണത്തില്‍ ബീജങ്ങള്‍ക്ക് മാത്രമായി പ്രത്യേകം സംവിധാനിച്ച, ശരീരത്തേക്കാള്‍ കുറഞ്ഞ ഊഷ്മാവില്‍ നീന്തിത്തുടിക്കുന്ന ഒരു ബില്യനോളം വരുന്ന ബീജങ്ങളും സ്ത്രീശരീരത്തിന്റെ സങ്കീര്‍ണതയിലൂടെയുള്ള അണ്ഡത്തെ തേടിയുള്ള അവകളുടെ അതിവേഗ യാത്രയും ജീവനോടുകൂടിയുള്ള അണ്ഡവും ബീജവും കൂടി പുല്‍കി ഒന്നായിത്തീരുന്നതുമൊക്കെ മനുഷ്യന്‍ മനുഷ്യനാവുന്നതിനു മുമ്പ് തന്നെയുള്ള ജീവാവസ്ഥയെയാണ് കുറിക്കുന്നത്. ഇത് വ്യക്തമാക്കിക്കൊണ്ട് വിശുദ്ധ ഖുര്‍ആന്‍ പലയിടങ്ങളിലായി പറയുന്നത് കാണുക. 'അവന്‍ മൃതാവസ്ഥയില്‍നിന്ന് ജീവനെയും, ജീവാവസ്ഥയില്‍നിന്ന് മൃതാവസ്ഥയെയും പുറത്തുകൊണ്ടുവരുന്നു'(6:95, 10:31, 30:19). ഒരേ പദാര്‍ഥ പ്രതിഭാസത്തിന്റെ രണ്ടവസ്ഥകളാണ് ജീവാവസ്ഥയും മൃതാവസ്ഥയും എന്നര്‍ഥം. അങ്ങനെയൊരു ജീവാവസ്ഥ ഉള്ളതുകൊണ്ടാണ് നമ്മുടെ ബീജം ചലിക്കുകയും ഭ്രൂണം വളരുകയും ചെയ്യുന്നത്. മനുഷ്യന്റെ ശരീരഘടന തന്നെ അവന് ഒരിക്കലും മുക്തമാകാന്‍ സാധിക്കാത്ത മനുഷ്യത്വഭാവങ്ങളാല്‍ ബന്ധിതമായിരിക്കുന്നുവെന്നു പറയുന്ന ഖുര്‍ആന്‍ (76:28) മനുഷ്യനെ മനുഷ്യനാക്കുന്നതും അവനെ ഇതര ജീവികളില്‍നിന്ന് വ്യത്യസ്തനാക്കുന്നതും അവന്റെ സ്വത്വത്തെ രൂപപ്പെടുത്തുന്നതും അവനിലിലുള്ള ആത്മാവിന്റെ (റൂഹിന്റെ) സാന്നിധ്യമാണെന്നും പറയുന്നു (23:14). മനുഷ്യനിലെ ഈ ആത്മാംശത്തെ 'ദൈവത്തില്‍നിന്നുള്ളതെന്നും' 'ദൈവത്തിന്റെ കാര്യത്തില്‍ പെട്ടതെന്നും' (17:85) പറയുന്ന ഖുര്‍ആന്‍ അത് ദൈവാംശമാണെന്ന് എവിടെയും അസന്ദിഗ്ധമായി പ്രസ്താവിക്കുന്നില്ല. അദ്വിതീയവും നിസ്തുലവും സമാനതകളില്ലാത്തതുമായ ഒരസ്തിത്വത്തിന്റെ അംശം അവന്റെ സൃഷ്ടികളില്‍ ഏതിലെങ്കിലും ഉണ്ടാവുക അസ്വാഭാവികവുമാണ്; ഒരംശമെന്ന നിലയിലെ സമാനതയിലേക്കും സാദൃശ്യത്തിലേക്കുമുള്ള ഖുര്‍ആന്റെ ഖണ്ഡിത പ്രസ്താവത്തിനു വിപരീതവും വിരുദ്ധവുമായ സൂചനയെ അത് വഹിക്കുന്ന പശ്ചാത്തലത്തില്‍ വിശേഷിച്ചും. അപ്പോള്‍ 'റൂഹ്' എന്നത് മനുഷ്യനില്‍ ഇന്‍സ്റ്റാള്‍ ചെയ്യപ്പെട്ട, മനുഷ്യനെ മനുഷ്യനാക്കിത്തീര്‍ക്കുന്ന ദൈവികമായ ഒരു ഓപ്പറേറ്റിംഗ് സിസ്റ്റമാണ്. തലച്ചോറും ഹൃദയവുമൊക്കെ ചേര്‍ന്നുള്ള ഹാര്‍ഡ്‌വെയറില്‍ ഭദ്രമായി സൂക്ഷിക്കപ്പെടുന്ന ഒരു ദൈവിക സോഫ്റ്റ്‌വെയര്‍. ഈ അഭൗമിക സോഫ്റ്റ്‌വെയര്‍ ജീവനുള്ള ശരീരത്തിലേ പ്രവര്‍ത്തിക്കുകയുള്ളൂ. അത് ജീവനുള്ള മനുഷ്യശരീരത്തില്‍ കുടികൊള്ളുമ്പോഴാണ് വിശുദ്ധ ഖുര്‍ആന്‍ 'നഫ്‌സ്' എന്ന് വിശേഷിപ്പിക്കുന്നത്. അല്ലാതിരിക്കുമ്പോള്‍ അതിനെ 'റൂഹ്' എന്നും ഖുര്‍ആന്‍ വിശേഷിപ്പിക്കുന്നു. ജീവനില്ലാതാകുന്ന അവസ്ഥയില്‍ അതിനു തൊട്ടു മുമ്പായി ഈ ഓപ്പറേറ്റിംഗ് സിസ്റ്റം മനുഷ്യശരീരത്തില്‍ നിന്ന് അണ്‍ഇന്‍സ്റ്റാള്‍ ചെയ്യപ്പെടുന്നു. ഇതര ജീവികളിലും അവക്ക് ഉചിതമായ ഒരു ഓപ്പറേറ്റിംഗ് സിസ്റ്റം ഇന്‍സ്റ്റാള്‍ ചെയ്യപ്പെട്ടിരിക്കാം. പക്ഷേ, അതിനെ ഖുര്‍ആന്‍ 'റൂഹ്' എന്ന പദം കൊണ്ട് വിശേഷിപ്പിക്കുന്നില്ല. മനുഷ്യനിലായാലും ഇതര ജീവജാലങ്ങളിലായാലും അവയില്‍ നാം കാണുന്ന നൈസര്‍ഗിക ഭാവങ്ങള്‍ (Instincts) അവയുടെ ഓപ്പറേറ്റിംഗ് സിസ്റ്റത്തിലെ ഫേംവെയര്‍ (firmware) ആയിരിക്കാം.
അരിസ്റ്റോട്ടില്‍ മനുഷ്യനെ രാഷ്ട്രീയ ജീവി (Political  Animal) എന്നും യുക്തിജീവി (Rational  Animal) എന്നും വിളിച്ചു. പ്ലാറ്റോ മനുഷ്യനെ അവയവങ്ങളാല്‍ സഹായിക്കപ്പെടുന്ന ബുദ്ധി (Intellect aided  by organs) ആയാണ് കണ്ടത്. പ്രസിദ്ധ ആംഗലേയ ഭിഷഗ്വരന്‍ തോമസ് വില്ലിസ് (1621 -1675) മനുഷ്യനെ ചിരിക്കുന്ന ജീവിയായി വിശേഷിപ്പിച്ചു. ആധുനിക അമേരിക്കയുടെ സ്ഥാപകരില്‍ ഒരാളും ശാസ്ത്രജ്ഞനുമായിരുന്ന ബെഞ്ചമിന്‍ ഫ്രാങ്ക്‌ലിന്‍ (1706-1790) ഉപകരണങ്ങള്‍ നിര്‍മിക്കുന്ന ജീവിയായാണ് മനുഷ്യനെ കണ്ടത്.  എഡ്മണ്ട്ബുര്‍കെ മനുഷ്യനെ മതകീയ ജീവിയായി (religious animal)  ആയി ദര്‍ശിച്ചപ്പോള്‍ ജെയിംസ് ബോസ്വെല്‍ മനുഷ്യനെ പാചകം ചെയ്യുന്ന ജീവിയായാണ് (cooking  animal) നിരീക്ഷിച്ചത്.
രാഷ്ട്രീയവും മതവും, വിശ്വാസവും യുക്തിയും, ബുദ്ധിയും കായികാധ്വാനവും, ചിരിയും ചിന്തയും, ഭാഷയും ചിത്രരചനയും,  എഴുത്തും വായനയും, ഉപകരണ നിര്‍മാണവും പാചക നൈപുണ്യവും എല്ലാം ഉള്‍ച്ചേര്‍ന്ന ഒരു സത്വമാണ് മനുഷ്യന്‍ എന്നര്‍ഥം. ഇവയെല്ലാം മറ്റൊരു തലത്തില്‍നിന്ന് നോക്കിയാല്‍ മനുഷ്യനിലെ സാമൂഹികപരതയുടെ തേട്ടം കൂടിയാണ്. ഇവിടെയാണ് വിശുദ്ധ ഖുര്‍ആന്‍ മനുഷ്യനെ അഭിസംബോധന ചെയ്യാന്‍ ഉപയോഗിച്ച പദത്തിന്റെ അര്‍ഥവ്യാപ്തി ശ്രദ്ധേയമാകുന്നത്. ഖുര്‍ആന്‍ മനുഷ്യനെ 'ഇന്‍സാന്‍' എന്നും 'ഇന്‍സ്' എന്നും 'നാസ്' എന്നും അഭിസംബോധന ചെയ്യുന്നുണ്ട്. ഈ മൂന്നു പദങ്ങളും നിഷ്പന്നമായത് ഇണക്കം എന്നര്‍ഥമുള്ള 'ഉന്‍സ്' എന്ന പദത്തില്‍നിന്നാണ്. ഈ 'ഇണക്കം' മനുഷ്യന്റെ സാമൂഹികപരതയെയാണ് ദ്യോതിപ്പിക്കുന്നത്. ഇതില്‍ 'ഇന്‍സാന്‍' എന്ന് പറയുമ്പോള്‍ 'ഏറെ ഇണക്കമുള്ളവന്‍' എന്ന അര്‍ഥം വരുന്നു.
ഖുര്‍ആനികമായി മനുഷ്യന്‍ എന്ന പദം തന്നെ അവന്റെ സാമൂഹികപരതയെയാണ് കുറിക്കുന്നത്. ഈ സാമൂഹികപരതക്ക് അടിവരയിടുന്നു മനുഷ്യന്റെ ശരീരവും ഭാഷയും ജീവിതവുമൊക്കെ. ഇതര സസ്തനികളില്‍ നിന്നും ജീവികളില്‍നിന്നും ഭിന്നമായി മനുഷ്യ ശരീരത്തിന്റെ ഏറെക്കുറെ മധ്യഭാഗത്തായി മുദ്രിതമായിട്ടുള്ള പൊക്കിള്‍കൊടി യഥാര്‍ഥത്തില്‍ മനുഷ്യന്റെ ജന്മത്തിനു മുമ്പേ തുടങ്ങിയ അവന്റെ സാമൂഹികപരതയുടെ അടയാളമാണ്.  മറ്റു സസ്തനികളില്‍ ഏതിനെങ്കിലും പൊക്കിള്‍കൊടി ഉണ്ടെങ്കില്‍ പോലും അത് മനുഷ്യനിലേതു പോലെ വ്യക്തമോ ഒരു മുദ്രയുടെ ചിഹ്നത്തോടുകൂടിയതോ പ്രത്യക്ഷമോ അല്ല എന്നതാണ് വസ്തുത. ഉമ്മയുടെ ഗര്‍ഭപാത്രത്തിലെ മനുഷ്യശിശുവിന്റെ അവസ്ഥയും ഇതര സസ്തനികളിലെ ഗര്‍ഭപാത്രത്തിലെ അവയുടെ ശിശുക്കളുടെ അവസ്ഥയും തമ്മില്‍ വലിയ അന്തരമുണ്ടെന്നര്‍ഥം. ഒരു മനുഷ്യ ഭ്രൂണത്തെ മറ്റേതെങ്കിലും ഒരു ജീവിയുടെ ഗര്‍ഭപാത്രത്തില്‍ വളര്‍ത്തി പരിശോധിച്ചാല്‍ മനസ്സിലാക്കാവുന്നതേയുള്ളൂ ഈ വ്യത്യാസം. ഗര്‍ഭകാലത്തിന്റെ ആദ്യ മൂന്നു മാസങ്ങളില്‍ തന്നെ ഗര്‍ഭസ്ഥശിശുവില്‍ ഓരോ മിനിറ്റിലും അഞ്ചു ലക്ഷം ബ്രെയിന്‍ ന്യൂറോണുകള്‍ ഉല്‍പാദിപ്പിക്കാന്‍ ഉമ്മ സഹായിച്ചുകൊണ്ടേയിരിക്കുന്നുവെന്നു ആധുനിക പഠനങ്ങള്‍ വെളിവാക്കുന്നു. ഇതര ജീവികളില്‍ നിന്നും വ്യത്യസ്തമായി ഒരു മനുഷ്യശിശു ജനിച്ചു വീഴുമ്പോള്‍ കരയുന്നത് സൂചിപ്പിക്കുന്നതും, ജനിച്ചുവീഴുമ്പോള്‍ തന്നെ അവന്‍ എന്തുമാത്രം മറ്റു മനുഷ്യരെ തന്റെ ഭൂമിയിലെ ജീവിതത്തിന് ആശ്രയിക്കുന്നു എന്നത് കൂടിയായിരിക്കണം. ഗര്‍ഭപാത്രത്തില്‍ വെച്ചു അവന്‍ ഒരിക്കല്‍ പോലും കരഞ്ഞിട്ടുണ്ടായിരുന്നില്ല എന്നതുകൂടി ഇതോടൊപ്പം ചേര്‍ത്തുവായിക്കുമ്പോഴാണ് ഈ വസ്തുത നമ്മെ വിസ്മയഭരിതരാക്കുക.
ഇതര ജീവികളില്‍ നിന്ന് മനുഷ്യനെ വേര്‍തിരിക്കുന്ന ദീര്‍ഘ ശൈശവവും സാമൂഹികപരത മനുഷ്യന്റെ പ്രകൃതിപരതയുടെ തേട്ടമാണെന്നത് തന്നെയാണ് വ്യക്തമാക്കുന്നത്. മനുഷ്യന്റെ നാഗരിക ജീവിതം അവനില്‍ പ്രകൃതിപരമായി നിലീനമായിരിക്കുന്ന സാമൂഹികതയുമായി എന്തുമാത്രം ബന്ധപ്പെട്ടു കിടക്കുന്നുവെന്നത് വിശദീകരണം ആവശ്യമില്ലാത്തത്ര സ്പഷ്ടമാണ്. ഇതര വന്യജീവികളുമായി തട്ടിച്ചുനോക്കുമ്പോള്‍ കായികമായി ഏറെ ദുര്‍ബലനായിരുന്ന മനുഷ്യനെ ശാസ്ത്രവും സാങ്കേതികവിദ്യയും വേണ്ടത്ര വികസിച്ചിട്ടില്ലാതിരുന്ന അവന്റെ പ്രാക്തനജീവിതത്തില്‍ അതിജീവനത്തിനു സഹായിച്ചതും അവനിലെ ബുദ്ധിക്കു പുറമേ അവനില്‍ കുടികൊള്ളുന്ന സാമൂഹികതയും അതിലൂടെ അവന്‍ കെട്ടിപ്പടുത്ത കൂട്ടായ്മയും കൂടി ആയിരിക്കണം. ഇതര സസ്തനികളില്‍ നിന്നും നിരവധി ജീവികളില്‍ നിന്നും വ്യത്യസ്തമായി മനുഷ്യശരീരത്തില്‍ രോമം കുറഞ്ഞതു കാരണമായി ചൂടില്‍നിന്നും തണുപ്പില്‍നിന്നും രക്ഷനേടുന്നതിനും അവനില്‍ നിലീനമായ ലജ്ജാബോധം കാരണമായി അവനു നഗ്‌നത മറക്കുന്നതിനും വസ്ത്രം ആവശ്യമായിത്തീര്‍ന്നു. ലജ്ജാബോധം തന്നെ സാമൂഹികതയുടെ പ്രതിഫലനം കൂടിയാണ്. വസ്ത്രത്തിന്റെ ആവശ്യകതയാകട്ടെ, ആ സാമൂഹികതയെ അരക്കിട്ടുറപ്പിക്കുകയും ആവശ്യങ്ങള്‍ നിര്‍വഹിക്കുന്നതിനു സഹകരണാത്മകതയുടെ വിതാനത്തിലേക്ക് സാമൂഹിക ബോധത്തെ ഉയര്‍ത്തുകയും ചെയ്തിട്ടുണ്ടാവണം.
ജൈവികമായിതന്നെ പറഞ്ഞാല്‍ ഒരു മനുഷ്യസ്ത്രീ പ്രായപൂര്‍ത്തിയായിക്കഴിഞ്ഞാല്‍ ഏറെക്കുറെ 25-30 വര്‍ഷക്കാലമാണ് അവളില്‍ പ്രത്യുല്‍പാദനപരതയുടെ കാലം.  ഈ പ്രത്യുല്‍പാദനപരതയുടെ കാലത്തേക്കാള്‍ കൂടുതല്‍ അവള്‍ ആ സാഹചര്യമില്ലാതെ അതിനു ശേഷം പൊതുവെ ജീവിക്കുന്നു. ഇതും ഇതര ജീവികളില്‍നിന്നും മനുഷ്യനെ വ്യതിരിക്തനാക്കുന്ന ഒരു ജൈവിക പ്രതിഭാസമാണ്. സാമൂഹികബന്ധങ്ങളുടെ താല്‍പര്യം കൂടി കണക്കിലെടുത്തായിരിക്കണം ആനുപാതികമായി ഇത്രയും നീണ്ട പ്രത്യുല്‍പാദനരഹിതകാലം ഇതര ജീവികളില്‍നിന്ന് വ്യത്യസ്തമായി മനുഷ്യസ്ത്രീക്ക് നല്‍കപ്പെട്ടത്. മനുഷ്യന്‍ അവന്റെ വിചാര വികാരങ്ങളും ഭാവനകളും ചിന്തകളും ദുഃഖവും സന്തോഷവും വേദനയും ഉന്മാദവും രൗദ്രതയും ആര്‍ദ്രതയും എല്ലാം പ്രകടിപ്പിക്കുന്നത് അവന്‍ സാമൂഹിക ജീവിയായതുകൊണ്ട് കൂടിയാണ്. ഇതവനു പ്രകടിപ്പിക്കാനും വിനിമയം ചെയ്യാനും പ്രകാശനം ചെയ്യാനുമുള്ള മാധ്യമങ്ങളായ ഭാഷയും സംഗീതവുമൊക്കെ അവന്റെ  സാമൂഹികതയുടെ  അനിവാര്യ തേട്ടങ്ങളുമാണ്. ഇതര ജീവികളില്‍ നിന്ന്  വ്യത്യസ്തമായി  മനുഷ്യന്റെ  വായും തൊണ്ടയുമൊക്കെ സംവിധാനിക്കപ്പെട്ടിരിക്കുന്നതു പോലും ഈ ആവശ്യനിര്‍വഹണത്തിനു സഹായകമായ രൂപത്തിലാണ്. നമ്മുടെ തൊണ്ടയുടെ താഴ്ഭാഗത്താണ് ലാരിങ്ക്‌സ് (Larynx) നിലകൊള്ളുന്നത്. ഇതാണ് നമ്മെ സംസാരിക്കാന്‍ കഴിവുള്ളവരാക്കുന്നത്. നാം സംസാരിക്കുമ്പോള്‍ വാക്കുകള്‍ പറയാന്‍ സഹായിക്കുന്ന മറ്റൊരു എല്ലിനോടും സംയോജിക്കപ്പെടാതെ കിടക്കുന്ന നമ്മുടെ കഴുത്തിന്റെ കീഴ്ഭാഗത്ത് കിടക്കുന്ന കുതിരക്കുളമ്പാകൃതിയിലുള്ള ഭാഷാഎല്ല് (hyoid bone ) ഒരുപക്ഷേ മനുഷ്യനില്‍ കാണപ്പെടുന്ന രൂപത്തില്‍ ഒരു ജീവിയിലും കാണപ്പെടുന്നില്ല. ലാരിങ്ക്‌സിനോടും നമ്മുടെ നാവിനോടും ചേര്‍ന്നുള്ള ഈ എല്ലിന്റെ താളാത്മക പ്രവര്‍ത്തനമാണ് നമ്മുടെ സംസാര ശേഷിയുടെ രഹസ്യം.
ഇതര ജീവികളില്‍ നിന്ന് വ്യത്യസ്തമായി മനുഷ്യന്റെ മുഖം തന്നെ അവനൊരു സാമൂഹികജീവിയാണെന്നു പറയുന്നുണ്ട്. നമ്മുടെ ശക്തവും സങ്കീര്‍ണവുമായ സാമൂഹിക ജീവിതത്തിനു യോജിച്ചതാണ് നമുക്ക് നല്‍കപ്പെട്ട മുഖം. വളരെ കാര്യക്ഷമവും ഫലപ്രദവുമായ അടയാളപ്പലകയായി (sign board ) അത് പ്രവര്‍ത്തിക്കുന്നു. അത് വളരെ സങ്കീര്‍ണവും ശക്തവുമായ സന്ദേശങ്ങള്‍ അയച്ചുകൊണ്ടേയിരിക്കുന്നു. അത് പലപ്പോഴും നമ്മുടെ മനസ്സിനെ കൃത്യമായി പ്രതിഫലിപ്പിക്കുന്ന കണ്ണാടി കൂടിയാണ്.   മനുഷ്യനിലെ കണ്ണിന്റെ വെള്ളഭാഗത്തിന്റെ വലിയ ഭാഗം ഇതര ജീവികളെക്കാള്‍ ദൃശ്യമാണ്. അവന്റെ ദൃഷ്ടിയുടെ ഓപ്പനിംഗ് (Eye Opening) അവന്റെ കണ്ണിലെ കൃഷ്ണമണിയേക്കാള്‍ വളരെ വലുതാണ്. അതുകൊണ്ടാണ് അവനിലെ പുരികവും കണ്‍പീലിയും ഒക്കെ അവനില്‍ ഇത്രയും ദൃശ്യമായി നാം കാണുന്നതും അവ അവന്റെ ശരീരഭാഷയെ രൂപപ്പെടുത്തുന്നതും. ശരീരഭാഷ തന്നെയും മനുഷ്യനിലെ സാമൂഹിക ഭാവത്തിന്റെ കൃത്യമായ പ്രതിഫലനമാണ് കണ്ണുകളിലൂടെ നമ്മുടെ മനസ്സിന്റെ സൂക്ഷ്മാവസ്ഥകളെ നാം മറ്റുള്ളവരിലേക്ക് കൈമാറുന്നു. ഇതര ജീവികളുമായി തട്ടിച്ചുനോക്കുമ്പോള്‍ നമ്മുടെ ചുണ്ടുകള്‍ താരതമ്യേന വലുതാണെന്ന് കാണാം. അവിടെയാണ്, നമ്മുടെ പുഞ്ചിരിയുടെ രഹസ്യം കുടികൊള്ളുന്നത്. പുഞ്ചിരിയും നയനബന്ധവും (eye contact) മനുഷ്യരുടെ ആഗോള ഭാഷയാണെന്നതാണ് വസ്തുത.  

Comments

Other Post

ഖുര്‍ആന്‍ ബോധനം

സൂറ-20/ ത്വാഹാ/19-26
എ.വൈ.ആര്‍