ആം ആദ്മിയുടെ ജനസമ്മിതി
ആം ആദ്മിയുടെ ജനസമ്മിതി
ജനപക്ഷത്തുനിന്ന് സംസാരിക്കുന്ന വെല്‍ഫെയര്‍ പാര്‍ട്ടി ഓഫ് ഇന്ത്യയിലേക്ക് കടന്നുവരുന്നതിനേക്കാള്‍ കൂടുതല്‍ പേര്‍ ആം ആദ്മി പാര്‍ട്ടിയിലേക്ക് ചേക്കേറുന്നത് എന്തുകൊണ്ടാണ്? വെല്‍ഫെയര്‍ പാര്‍ട്ടി ഓഫ് ഇന്ത്യയേക്കാള്‍ എന്തു മികവാണ് ആം ആദ്മി പാര്‍ട്ടിക്കുള്ളത്?
അബ്ദുല്‍ മലിക് മുടിക്കല്‍
ആം ആദ്മി പാര്‍ട്ടി ഒരു പ്രതികരണവും വികാരവും ആവേശവുമാണ്. ഇന്ത്യയെ വരിഞ്ഞുമുറുക്കിയ അഴിമതിക്കെതിരെ ലോക്പാല്‍ ബില്ലിനു വേണ്ടി അണ്ണാ ഹസാരെ നടത്തിയ നിരാഹാര സമരം അപ്രതീക്ഷിത ജനപിന്തുണ ലഭിച്ചതിനെത്തുടര്‍ന്ന് അരവിന്ദ് കെജ്‌രിവാള്‍, പ്രശാന്ത് ഭൂഷണ്‍ തുടങ്ങിയവര്‍ നടത്തിയ നീക്കങ്ങളാണ് ആപിന്റെ രൂപവത്കരണത്തില്‍ കലാശിച്ചത്. ദല്‍ഹി നിയമസഭാ തെരഞ്ഞെടുപ്പില്‍ നേടിയ തകര്‍പ്പന്‍ വിജയം ആപിനെ പൊതു ശ്രദ്ധാ കേന്ദ്രമാക്കി മാറ്റി. ആസന്നമായ ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസ്സിനും ബിജെ.പിക്കും ബദല്‍ തേടുന്ന അഴിമതിവിരുദ്ധരും മത നിരപേക്ഷ വിശ്വാസികളുമായ ജനസമൂഹം ആപില്‍ മൂന്നാം ശക്തിയെ പ്രതീക്ഷിക്കുന്നതാണ് നിലവിലെ സാഹചര്യം. എല്ലാറ്റിനും ജനകീയ ഇടപെടല്‍ തേടുന്ന ശൈലി ആപിന് സ്വീകാര്യത നേടിക്കൊടുക്കുന്നുമുണ്ട്. എന്നാല്‍, ദാര്‍ശനികമോ പ്രത്യയശാസ്ത്രപരമോ ആയ അടിത്തറ പുതിയ പാര്‍ട്ടിക്കില്ല. യു.പി.എയും എന്‍.ഡി.എയും പൊതുവായി പങ്കിടുന്ന നവ ലിബറല്‍ സാമ്പത്തിക നയങ്ങളോടുള്ള സമീപനത്തിലോ സാമ്രാജ്യത്വ ദാസ്യത്തില്‍ ഊന്നിയ വിദേശ നയത്തിലോ പീഡിത ന്യൂനപക്ഷങ്ങളുടെ നീറുന്ന പ്രശ്‌നങ്ങളിലോ സംവരണ കാര്യത്തിലോ ഒന്നും ആം ആദ്മി പാര്‍ട്ടി സുതാര്യവും സുവ്യക്തവുമായ നിലപാട് സ്വീകരിച്ചിട്ടുമില്ല. നഗര പ്രദേശങ്ങളിലാണ് ആപ് താരതമ്യേന ജനശ്രദ്ധയാകര്‍ഷിക്കുന്നത്. കേരളത്തില്‍ പാര്‍ട്ടി അംഗത്വം നാല്‍പതിനായിരത്തില്‍ എത്തിനില്‍ക്കുന്നുവെന്നാണ് കണക്ക്.
വെല്‍ഫെയര്‍ പാര്‍ട്ടിയാകട്ടെ സ്പഷ്ടവും സുതാര്യവുമായ ധാര്‍മികാടിത്തറകളില്‍, സാമ്രാജ്യത്വത്തിനും ഫാഷിസത്തിനുമെതിരെ ശക്തമായ നിലപാട് സ്വീകരിച്ച, മുഖ്യ ദേശീയ പ്രശ്‌നങ്ങളിലെ സമീപനങ്ങള്‍ യഥാ സമയം വ്യക്തമാക്കി മുന്നോട്ടുപോകുന്ന പാര്‍ട്ടിയാണ്. അവധാനതയും സൂക്ഷ്മതയുമാണതിന്റെ മുഖമുദ്ര. ഇത്തരമൊരു പാര്‍ട്ടി എളുപ്പത്തില്‍ ജനക്കൂട്ടങ്ങളെ ആകര്‍ഷിക്കുകയില്ല. മീഡിയയുടെ പിന്തുണയും അതിന് ലഭിക്കുകയില്ല. അതിനാല്‍ വെല്‍ഫെയര്‍ പാര്‍ട്ടിയുടെ വളര്‍ച്ച സാവകാശമാവുക സ്വാഭാവികമാണ്. അതേസമയം വ്യവസ്ഥാപിത പ്രവര്‍ത്തനം ആരംഭിച്ചേടത്തൊക്കെ അതിന് ലഭിക്കുന്ന പിന്തുണ പ്രോത്സാഹജനകമാണ്.
ഗള്‍ഫ് മാധ്യമത്തിന്റെ ശ്രേഷ്ഠഭാഷാ പുരസ്‌കാരം
ഗള്‍ഫ് മാധ്യമത്തിന്റെ ശ്രേഷ്ഠ ഭാഷാ പുരസ്‌കാര ചടങ്ങ് പൈങ്കിളിവത്കരിക്കപ്പെട്ടതിനെപ്പറ്റി, കമ്പോള സിനിമയിലെ മിന്നും താരങ്ങളായ മമ്മൂട്ടി, മോഹന്‍ലാല്‍ പോലെയുള്ളവരെ മാത്രം ആദരിച്ചതിനെപ്പറ്റി, മലയാള ഭാഷയെ സമ്പന്നമാക്കിയ മികച്ച ഇസ്‌ലാമിക എഴുത്തുകാരെ പ്രസ്തുത ചടങ്ങില്‍ അവഗണിച്ചതിനെപ്പറ്റിയൊക്കെ പ്രശസ്ത കോളമിസ്റ്റ് എ.പി കുഞ്ഞാമു തേജസ് ദിനപത്രത്തില്‍ (ജനുവരി 8) എഴുതിയിരിക്കുന്നു. പ്രതികരണം?
അസ്മാ ആസ്മി വണ്ടുന്തറ
മലയാളത്തിന് ശ്രേഷ്ഠ ഭാഷാ പദവി ലഭിച്ച പശ്ചാത്തലത്തില്‍ ലക്ഷക്കണക്കിന് മലയാളികള്‍ നിവസിക്കുന്ന ഗള്‍ഫ് മേഖലയില്‍ പ്രഥമ അന്താരാഷ്ട്ര മലയാള ദിനപത്രമായ ഗള്‍ഫ് മാധ്യമം സംഘടിപ്പിച്ചതായിരുന്നു മലയാള ഭാഷയെയും ജീവിതത്തിന്റെ വിവിധ രംഗങ്ങളില്‍ പ്രാഗത്ഭ്യം തെളിയച്ച മലയാളി പ്രതിഭകളെയും ആദരിക്കുന്ന ചടങ്ങ്. സാഹിത്യത്തില്‍ പ്രഥമ സ്ഥാനീയരായ എം.ടി വാസുദേവന്‍ നായര്‍, സുഗതകുമാരി, ശാസ്ത്ര ഗവേഷണ രംഗത്തെ പ്രതിഭ ജി. മാധവന്‍ നായര്‍, പ്രശസ്ത കാന്‍സര്‍ രോഗ വിദഗ്ധനായ ഡോ. ഗംഗാധരന്‍, കഥകളി നടന്‍ കലാമണ്ഡലം ഗോപി, ഗാനഗന്ധര്‍വന്‍ യേശുദാസ്, മാപ്പിളപ്പാട്ടിലെ കുലപതി വി.എം കുട്ടി, ഓസ്‌കാര്‍ അവാര്‍ഡ് ജേതാവ് റസൂല്‍ പൂക്കുട്ടി തുടങ്ങിയവരെ ആദരിച്ച കൂട്ടത്തില്‍ ചലച്ചിത്ര രംഗത്തെ സൂപ്പര്‍ താരങ്ങളായ മമ്മൂട്ടി, മോഹന്‍ലാല്‍ എന്നിവരെയും ഉള്‍പ്പെടുത്തിയതില്‍ ഒരനൗചിത്യവും ആരും ചൂണ്ടിക്കാട്ടിയിട്ടില്ല. മറ്റുള്ളവര്‍ക്കില്ലാത്ത പ്രത്യേക പരിഗണന അവര്‍ക്ക് നല്‍കിയിട്ടുമില്ല. എല്ലാവര്‍ക്കും അര്‍ഹവും തുല്യവും മിതവുമായ പരിഗണന എന്നതായിരുന്നു ചടങ്ങിന്റെ പ്രത്യേകത തന്നെ.
ഇക്കൂട്ടത്തില്‍ ഇസ്‌ലാമിക സാഹിത്യ-ഗ്രന്ഥരചനാ രംഗത്തെ പ്രഗത്ഭരെ പ്രത്യേകം ഉള്‍പ്പെടുത്താത്തതിനെച്ചൊല്ലി എ.പി കുഞ്ഞാമു ഉയര്‍ത്തിയ വിമര്‍ശനം കഴമ്പുള്ളതല്ല. അങ്ങനെ ചെയ്തിരുന്നുവെങ്കില്‍ പട്ടികയില്‍ ഉള്‍പ്പെടാതെ പോയ അനേകരെ തഴഞ്ഞുവെന്ന് ചൂണ്ടിക്കാട്ടിയും സ്വജനപക്ഷപാതം ആരോപിച്ചും തേജസിലെ തന്നെ 'കണ്ണന്‍' ആയുധമെടുക്കുമായിരുന്നു.
ആനന്ദാദര്‍ശക്കാര്‍
നിരീശ്വരവാദികളേക്കാള്‍ കഷ്ട നഷ്ടങ്ങള്‍ അനുഭവിക്കുന്നവരാകുന്നു ഏകദൈവവിശ്വാസികള്‍. ഈ രണ്ട് വിഭാഗക്കാരേക്കാള്‍ കഷ്ട നഷ്ടങ്ങള്‍ അനുഭവിക്കുന്നവരാകുന്നു ബഹുദൈവവിശ്വാസികള്‍. എന്നാല്‍, ആനന്ദാദര്‍ശക്കാരാകട്ടെ മനസ്സിനെ മെരുക്കാനും ജീവിതത്തെ ഭദ്രമാക്കാനുമുള്ള മനോലയ വിദ്യയാല്‍ മാത്രം ആനന്ദം അനുഭവിക്കുന്നവരാകുന്നു. പ്രതികരണം?
കെ.വി വാസുദേവന്‍ കുന്നക്കാവ്
അറിഞ്ഞേടത്തോളം ആനന്ദാദര്‍ശക്കാര്‍ ഈശ്വര വിശ്വാസികളല്ല. അവരും നാസ്തികരാണ്. നിരീശ്വരവാദികള്‍ ആനന്ദം അനുഭവിക്കുന്നവരല്ല. കാരണം വ്യക്തമാണ്. മനുഷ്യ മനസ്സാണ് ആനന്ദത്തിന്റെ ഉറവിടം. മനശ്ശാന്തി ഇല്ലാത്തവര്‍ക്ക് യഥാര്‍ഥ ആനന്ദം നല്‍കാന്‍ ഭൗതിക ഉപാധികള്‍ക്ക് സാധ്യമല്ല. സമ്പത്ത്, മദ്യം, ലൈംഗികത, പ്രശസ്തി, പദവി എന്നിവയൊക്കെയാണ് ഭൗതിക സുഖോപാധികളായി ഇന്നംഗീകരിക്കപ്പെട്ടിരിക്കുന്നത്. ഇവയൊക്കെയുള്ളവരും പക്ഷേ, ആനന്ദം അനുഭവിക്കുന്നില്ല. അനുഭവിക്കുന്നത് നൈമിഷികമായ ഉന്മാദങ്ങള്‍ മാത്രമാണ്. ഹോളിവുഡ് റാണി മെരിലിന്‍ മന്റോ മുതല്‍ ഇന്ത്യന്‍ കോടീശ്വരി സുനന്ദ പുഷ്‌കര്‍ വരെയുള്ളവര്‍ക്ക് ആത്മഹത്യയില്‍ അഭയം തേടേണ്ടിവന്നതെന്തുകൊണ്ടാണെന്നാലോചിക്കണം. പരിഷ്‌കൃത സമൂഹങ്ങളില്‍ ആത്മഹത്യാ നിരക്ക് ഭയാനകമായി വര്‍ധിക്കുന്നത് സുഖഭോഗ വസ്തുക്കളുടെ കുറവ് കൊണ്ടല്ല. മറിച്ച് പ്രത്യക്ഷത്തില്‍ അസ്വസ്ഥവും കലുഷവുമായിരുന്നിട്ടും മുസ്‌ലിം നാടുകളിലാണ് ആത്മഹത്യ ഏറ്റവും കുറവ് എന്നും കണക്കുകള്‍ കാണിക്കുന്നു. തന്റെ ഭാഗധേയം അന്തിമമായി ഏകനായ സ്രഷ്ടാവിന്റെ കൈകളിലാണെന്നും നന്മ തിന്മകള്‍ നിശ്ചയിക്കുന്നത് ആ ശക്തിയാണെന്നും സുഖദുഃഖങ്ങളൊരുപോലെ അവനെ മാത്രം ആശ്രയിച്ചിരിക്കുന്നുവെന്നും ഉറച്ചുവിശ്വസിക്കുന്ന ഏകദൈവവിശ്വാസിക്ക് കൈവരുന്ന സ്വാസ്ഥ്യവും സമാധാനവും മറ്റൊരാള്‍ക്കും ലഭിക്കുകയില്ല എന്നതാണ് വാസ്തവം.
മനശ്ശാന്തി തേടിയലഞ്ഞ ഒരു സൂഫിയുടെ കഥയുണ്ട്. സുദീര്‍ഘമായ അലച്ചിലിനൊടുവില്‍ അയാള്‍ ഒരു ഗ്രാമത്തില്‍ എത്തിപ്പെട്ടു. അവിടത്തെ ശ്മശാനത്തിലെ മീസാന്‍ കല്ലുകളില്‍ രേഖപ്പെട്ട വിചിത്രമായ ഒരു കാര്യം അയാളുടെ ശ്രദ്ധയാകര്‍ഷിച്ചു. ഖബ്‌റടക്കം ചെയ്യപ്പെട്ടയാളുടെ പേരിനോടൊപ്പം അയാളുടെ ജനന-മരണ വര്‍ഷങ്ങള്‍ രേഖപ്പെടുത്തിയതിന് താഴെ 'ഇദ്ദേഹം ഒരു ദിവസം അല്ലെങ്കില്‍ അര ദിവസം അല്ലെങ്കില്‍ ഒരു മണിക്കൂര്‍ മാത്രമേ ജീവിച്ചുള്ളൂ' എന്നും എഴുതിവെച്ചിരിക്കുന്നു. എഴുപതോ എണ്‍പതോ വയസ്സ് വരെ ജീവിച്ചയാളും ഏതാനും മണിക്കൂറേ ജീവിച്ചുള്ളൂ എന്നെഴുതി വെച്ചതിന്റെ രഹസ്യം സൂഫിക്ക് പിടികിട്ടിയില്ല. അദ്ദേഹം വിശദീകരണം തേടി ഒരു ദേശവാസിയെ സമീപിച്ചു. അപ്പോള്‍ കിട്ടിയ മറുപടി: ''ഞങ്ങള്‍ ഈ നാട്ടുകാര്‍ ഒരാള്‍ എത്രകാലം ജീവിച്ചാലും അയാള്‍ ആനന്ദം അനുഭവിച്ച കാലമേ യഥാര്‍ഥത്തില്‍ ജീവിച്ചതായി കണക്കാക്കാറുള്ളൂ. ഇതാ നോക്കൂ. ഇത് ഞങ്ങളുടെ മഹാരാജാവിന്റെ മഖ്ബറയാണ്. നീണ്ടകാലം ജീവിച്ച് ഭരിച്ച് മരിച്ചയാളാണദ്ദേഹം. പക്ഷേ, ജീവിച്ച സമയമായി രേഖപ്പെടുത്തിയത് 'ഒരു ദിവസം' മാത്രം. എന്തുകൊണ്ടെന്നാല്‍ ഒരു യുദ്ധം ജയിച്ച ദിവസം മാത്രമാണ് ആ രാജാവ് ആനന്ദം അനുഭവിച്ചത്!'' ഇത് കേട്ട സൂഫി പ്രതികരിച്ചതിങ്ങനെ: ഞാന്‍ നിങ്ങളുടെ നാട്ടില്‍ വെച്ച് മരിക്കാനാഗ്രഹിക്കുന്നു. മരിച്ചാല്‍ എന്റെ ഖബ്‌റിടത്തിലെ മീസാന്‍ കല്ലിന്മേല്‍ നിങ്ങള്‍ എഴുതിവെക്കേണ്ടത്: 'ഇന്നയാള്‍ ജനിച്ചത് ഇന്ന വര്‍ഷം. മരിച്ചത് ഇന്ന വര്‍ഷം. ഇയാള്‍ ജീവിച്ചിരുന്നേയില്ല.'
1955 ബീഹാറിലെ ജമല്‍പൂരില്‍ പ്രഭാത് രഞ്ജന്‍ സര്‍ക്കാര്‍ സ്ഥാപിച്ച ആനന്ദ് മാര്‍ഗ് ഒടുവില്‍ ഭീകരവാദാരോപണം പോലും നേരിട്ട് 1975-ല്‍ ഇന്ദിര സര്‍ക്കാറിന്റെ നിരോധത്തിന് ശരവ്യമായ അനുഭവം ഓര്‍ക്കുന്നത് സാന്ദര്‍ഭികമാണ്. ആരോപണങ്ങളും നിരോധവും വിവാദപരമാവാം. എന്നാലും ഒട്ടേറെ പേരുടെ ആനന്ദം നഷ്ടപ്പെടുത്താനാണ് ആനന്ദമാര്‍ഗം വഴിയൊരുക്കിയതെന്നത് അവഗണിക്കാനാവില്ല.
ലീഗല്‍ ആക്ടിവിസം പ്രധാനം
ലോക ഇസ്‌ലാമിക പ്രസ്ഥാനങ്ങള്‍ക്ക് തന്നെ മാതൃകയാക്കാവുന്ന പ്രവര്‍ത്തനങ്ങളാണ് ഇന്ത്യന്‍ ജമാഅത്തെ ഇസ്‌ലാമി പൊതുവിലും കേരള ജമാഅത്തെ ഇസ്‌ലാമി പ്രത്യേകിച്ചും നടത്തിക്കൊണ്ടിരിക്കുന്നത്. മുന്‍ കാലങ്ങളില്‍ ജമാഅത്തിന്റെ പ്രവര്‍ത്തനങ്ങളെ കൊഞ്ഞനം കുത്തിയവര്‍ പോലും ജമാഅത്തിന്റെ പാത സ്വീകരിക്കാന്‍ തുടങ്ങിയത് ശ്ലാഘനീയമാണ്. പാരിസ്ഥിതിക, സാമൂഹിക, ജനകീയ പ്രശ്‌നങ്ങള്‍ മറ്റു മത സംഘടനകളും 'ഇഷ്യു' ആക്കാന്‍ തുടങ്ങിയിട്ടുണ്ട്. പക്ഷേ, ഇവക്കെല്ലാം 'ഇഷ്യു'കള്‍ക്കപ്പുറം ശാശ്വത പരിഹാരം കാണാന്‍ സാധിക്കാതെ വരുന്നു. ഇവിടെയാണ് സോഷ്യല്‍ ആക്ടിവിസത്തിനൊപ്പം ലീഗല്‍ ആക്ടിവിസത്തിന്റെയും പ്രസക്തി. ജമാഅത്ത് ലീഗല്‍ ആക്ടിവിസത്തിലേക്ക് ശ്രദ്ധ തിരിക്കാത്തത് എന്തുകൊണ്ട്?
ടി. നാസിറുദ്ദീന്‍ പെരിമ്പലം
നിലവിലെ സാഹചര്യങ്ങളില്‍ ലീഗല്‍ ആക്ടിവിസത്തിന് പ്രസക്തിയും പ്രാധാന്യവുമുണ്ട്. ഗുജറാത്ത് കലാപത്തിലെ ഇരകള്‍ക്ക് വേണ്ടി ജമാഅത്തെ ഇസ്‌ലാമി വളരെ ശക്തമായി ലീഗല്‍ ആക്ടിവിസത്തിലേര്‍പ്പെട്ടിരുന്നു. എന്നാല്‍, പൊതു പ്രശ്‌നങ്ങളില്‍ കോടതികളെ സമീപിക്കാന്‍ പ്രഗത്ഭരായ നിയമ വിദഗ്ധരുടെ സേവനം വേണം. വന്‍ പണച്ചെലവുള്ള ഏര്‍പ്പാടാണത്. കേരളത്തില്‍ ജസ്റ്റീഷ്യാ എന്ന അഭിഭാഷക സംഘടന ചില ഇടപെടലുകള്‍ ആരംഭിച്ചിട്ടുണ്ട്. ജമാഅത്തെ ഇസ്‌ലാമി അതുമായി സഹകരിക്കുന്നു.
Comments