ഏകാധിപതികള്‍ക്ക് വേണ്ടി പേനയുന്തുന്ന ഇടതുപക്ഷം
ഏകാധിപതികള്‍ക്ക് വേണ്ടി
പേനയുന്തുന്ന ഇടതുപക്ഷം
ഭരണഘടനാ ഹിതപരിശോധനാ പ്രഹസനത്തിലൂടെ വ്യാജ വിജയം കൊട്ടിഘോഷിച്ച ഈജിപ്തിലെ സൈനിക ഭരണകൂടത്തെ സര്‍വാത്മനാ പിന്തുണച്ചുകൊണ്ട് ഇടതുപക്ഷ മാര്‍ക്‌സിസ്റ്റ് മുഖപത്രം അച്ചുനിരത്തിയതിങ്ങനെ: ''ഈജിപ്തില്‍ സൈനിക പിന്തുണയോടെ നിലവില്‍ വന്ന ഇടക്കാല സര്‍ക്കാര്‍ മുന്നോട്ടുവെച്ച ഭരണഘടന ജനങ്ങള്‍ വന്‍ ഭൂരിപക്ഷത്തോടെ അംഗീകരിച്ചിരിക്കുന്നു. പങ്കെടുത്ത 90 ശതമാനത്തോളം പേര്‍ പുതിയ ഭരണഘടനയുടെ കരടിന് അംഗീകാരം നല്‍കി'' (ദേശാഭിമാനി 17-1-2014). 'മികച്ച ഭൂരിപക്ഷത്തോടെ ജനങ്ങള്‍ (?) ഭരണഘടനക്ക് അംഗീകാരം നല്‍കിയതോടെ തുടര്‍ന്നുള്ള ജനാധിപത്യ പ്രക്രിയ(?) സുഗമമായി നടക്കുമെന്ന പ്രതീക്ഷയിലാണ് ഭരണനേതൃത്വം' എന്നും ദേശാഭിമാനി പ്രത്യാശിക്കുന്നു. എന്നാല്‍, 'ഭരണഘടന വന്‍ ഭൂരിപക്ഷത്തോടെ ജനങ്ങള്‍ അംഗീകരിച്ചിരിക്കുന്നു' എന്ന പ്രസ്താവനയുടെ ഉള്ളുകള്ളി എന്താണ്? പോളിംഗ് നടന്നത് 20 ശതമാനം മാത്രമാണെന്നാണ് വിവിധ സര്‍ക്കാറേതര സംഘടനകള്‍ നല്‍കിയ റിപ്പോര്‍ട്ട്. 2012-ല്‍ കയ്‌റോയില്‍ 32.9 ശതമാനം വോട്ട് രേഖപ്പെടുത്തി. എന്നാല്‍ ഈ തെരഞ്ഞെടുപ്പിലോ 19.4 ശതമാനവും! സര്‍ക്കാര്‍ തന്നെ പറയുന്നത് വോട്ടിംഗ് ശതമാനം 20 ആണെന്നാണ്. സൈനികാധിപത്യത്തിലേക്ക് ജനാധിപത്യ സമൂഹത്തെ വലിച്ചിഴച്ചു കൊണ്ടുപോവാനുള്ള കുത്സിത ശ്രമത്തിനെതിരെ രംഗത്ത് വന്ന ജനാധിപത്യ വിശ്വാസികളുടെ പ്രതിഷേധം കര്‍ശനമായി അടിച്ചമര്‍ത്താന്‍ രാജ്യത്തെ പോളിംഗ് സ്റ്റേഷനുകളില്‍ ഒന്നര ലക്ഷത്തോളം സൈനികരെയും 20 ലക്ഷത്തോളം പോലീസുകാരെയും സര്‍ക്കാര്‍ വിന്യസിച്ചു. രാജ്യത്തെ ഏറ്റവുമധികം ജനസ്വാധീനമുള്ള മുസ്‌ലിം ബ്രദര്‍ഹുഡ് സംഘടനയെ ഭീകര സംഘടനയായി പ്രഖ്യാപിച്ച് നിരോധിക്കുകയും (രാജ്യത്തെ ബഹുഭൂരിപക്ഷവും തീവ്രവാദികളാണെന്ന് വരുത്തിത്തീര്‍ക്കുന്ന പരിഹാസ്യമായ നിലപാടായിരുന്നു ഇത്) ബ്രദര്‍ഹുഡ് പ്രവര്‍ത്തകരെയും മറ്റു പ്രതിപക്ഷ പാര്‍ട്ടി പ്രവര്‍ത്തകരെയും വ്യാപകമായി അറസ്റ്റ് ചെയ്യുകയും ചെയ്തു. സകലമാന എതിര്‍ ശബ്ദങ്ങളെയും നിശ്ശബ്ദമാക്കി, സ്വേഛാധിപത്യപരമായ നടപടികളിലൂടെ ഭീകരാന്തരീക്ഷം സൃഷ്ടിച്ച് നടത്തിയ തെരഞ്ഞെടുപ്പ് പ്രഹസനത്തില്‍ ഭരണഘടനയെ ജനങ്ങള്‍ ബഹുഭൂരിപക്ഷത്തോടെ അംഗീകരിച്ചുവെന്ന് തട്ടിവിടുന്നത് എന്തുമാത്രം നീചവും അപഹാസ്യവുമല്ല!
റഹ്മാന്‍ മധുരക്കുഴി
അവരുടെ അരാജകത്വത്തിനുള്ള ആശകള്‍
'വിവേകമുള്ളവരാരുമില്ലേ' എന്ന പ്രബോധനം മുഖക്കുറിപ്പാണ് ഈ കുറിപ്പിന് പ്രേരകം. സ്വവര്‍ഗരതി നിയമവിരുദ്ധമായി വിധിച്ച സുപ്രീംകോടതി വിധിക്കെതിരെ യു.എന്‍ സെക്രട്ടറി ജനറല്‍ ബാന്‍ കി. മൂണും യു.എന്‍ മനുഷ്യാവകാശ വിഭാഗം മേധാവിയും ഇന്ത്യയില്‍ കോണ്‍ഗ്രസ്സും ഇടതുപാര്‍ട്ടികളും മറ്റും രംഗത്തുവരികയുണ്ടായി. എന്തര്‍ഥത്തിലാണാവോ വിധിയെ എതിര്‍ക്കുന്നവര്‍ സ്വവര്‍ഗരതിയും പ്രകൃതിവിരുദ്ധ ലൈംഗിക ബന്ധങ്ങളും നിയമവിധേയമാക്കാന്‍ മുറവിളി കൂട്ടുന്നതെന്ന് മനസ്സിലാവുന്നില്ല.
ലൈംഗിക അരാജകത്വത്തില്‍ അമര്‍ന്ന രാജ്യങ്ങള്‍ ചരിത്രത്തില്‍ നശിക്കുകയോ നശിപ്പിക്കപ്പെടുകയോ ചെയ്തിട്ടുണ്ട്. അവിവേകികളായ അധര്‍മകാരികള്‍ക്ക് കുടപിടിക്കുന്ന വ്യക്തികളെയും പ്രസ്ഥാനങ്ങളെയും ചെറുത്തുതോല്‍പിക്കാന്‍ മൂല്യബോധമുള്ള മുഴുവന്‍ സുമനസ്സുകളും രംഗത്തുവന്നില്ലെങ്കില്‍ അനന്തരഫലം അനുഭവിക്കേണ്ടിവരിക മുഴുവന്‍ സമൂഹവുമായിരിക്കുമെന്ന ഖുര്‍ആന്റെ മുന്നറിയിപ്പ് ഇവിടെ പ്രസക്തമാണ്. ''നിങ്ങളില്‍ കുറ്റം ചെയ്തവര്‍ക്കു മാത്രം പ്രത്യേകം ബാധിക്കുന്നതല്ലാത്ത ദുരിതങ്ങള്‍ക്കിടയാക്കുന്ന വിപത്തിനെ ഭയപ്പെടുവിന്‍. അല്ലാഹു കഠിനമായി ശിക്ഷിക്കുന്നവനാണെന്ന് അറിഞ്ഞിരിക്കുവിന്‍'' (അല്‍അന്‍ഫാല്‍ 25).
അബൂ ഹബീബ് വരോട്
കേയി റുബാത്തിന്റെ ബദല്‍ സംവിധാനമെവിടെ?
പുണ്യനഗരികളായ മക്കയും മദീനയും സന്ദര്‍ശിക്കുന്ന തീര്‍ഥാടകര്‍ക്ക് സൗജന്യ താമസ സൗകര്യം ഒരുക്കുന്ന ഇടങ്ങളില്‍ ചിലത് റുബാത്തുകള്‍ എന്നറിയപ്പെടുന്നു. നൂറ്റാണ്ടുകള്‍ക്ക് മുമ്പ് ഉദാരമതികളും മഹാ മനസ്‌കരുമായ ചില ഇന്ത്യക്കാര്‍ വിലയ്ക്ക് വാങ്ങി വഖ്ഫ് നല്‍കിയിട്ടുള്ള ഇത്തരം കെട്ടിടങ്ങള്‍ തങ്ങളുടെ നാട്ടുകാരായ ഹാജിമാര്‍ക്കായി സമര്‍പ്പിക്കപ്പെട്ടവയാണ്. പരിശുദ്ധ മക്കയിലും മദീനയിലുമായി ഇത്തരത്തിലുള്ള ഒമ്പത് കെട്ടിടങ്ങള്‍ ഇന്ത്യക്കാര്‍ക്കു വേണ്ടി ഇപ്പോള്‍ നിലവിലുണ്ട്. ഇവിടങ്ങളില്‍ സൗജന്യമായും വ്യവസ്ഥാപിതമായും ഹാജിമാര്‍ക്ക് താമസസൗകര്യം നല്‍കിവരുന്നു. റുബാത്തുകളില്‍ ചിലത് ഹറമിന്റെ വികസന പ്രവര്‍ത്തനങ്ങളോടനുബന്ധിച്ച് പൊളിച്ചുമാറ്റുകയും പകരമായി സുഊദി ഗവണ്‍മെന്റ് നഷ്ടപരിഹാരം അനുവദിക്കുകയും ചെയ്തതിന്റെ ഫലമായാണ്, ഹൈദരാബാദ് റുബാത്ത്, ബൊഹ്‌റ റുബാത്ത് എന്നിവ മക്കയില്‍ തന്നെ പുതിയ കെട്ടിടങ്ങള്‍ കണ്ടെത്തി സ്വന്തമാക്കുകയും കൂടുതല്‍ ഊര്‍ജസ്വലതയോടെ വ്യവസ്ഥാപിതമായി അതിന്റെ കൈകാര്യ കര്‍ത്താക്കള്‍ ഇപ്പോള്‍ പ്രവര്‍ത്തനം നടത്തിപ്പോരുകയും ചെയ്യുന്നത്. മലയാളികളായ ഹാജിമാര്‍ക്ക് സൗജന്യമായി ആതിഥ്യമരുളാന്‍ വേണ്ടിയുള്ളതായിരുന്നു മക്കയിലെ കേയി റുബാത്ത്. ഹറം വികസനത്തില്‍ പൊളിച്ചുമാറ്റി നഷ്ടപരിഹാരം അനുവദിച്ചുവെങ്കിലും പതിറ്റാണ്ടുകളായി പകരം ഒരു കെട്ടിടം ഇതുവരെ നിലവില്‍ വന്നിട്ടില്ല. വര്‍ഷം തോറും ആയിരക്കണക്കിന് ഹാജിമാര്‍ക്ക് ഉപകാരം ലഭിക്കുന്ന ഈ മഹദ് സംരംഭം ഏതൊരു ഉദ്ദേശ്യ ലക്ഷ്യത്തിനുവേണ്ടിയാണോ മക്കയില്‍ ഉണ്ടായിരുന്നത് അതേ ലക്ഷ്യപൂര്‍ത്തീകരണത്തിനായി അത് പുണ്യഭൂമിയില്‍ പുനര്‍ നിര്‍മിക്കുന്നതിന് വേണ്ടി സര്‍ക്കാറും മത -രാഷ്ട്രീയ സംഘടനാ നേതാക്കളും ശ്രമം നടത്തേണ്ടിയിരിക്കുന്നു.
റസാഖ് എടവനക്കാട്
തെരുവില്‍ നബിദിനം മത്സരിച്ചാഘോഷിക്കുമ്പോള്‍
നബിജീവിതം പകര്‍ത്തപ്പെടാതെ പോകുന്നു
നാടായ നാട്ടിലൊക്കെ നബിദിനാഘോഷ പരിപാടികള്‍ പൊടിപൊടിക്കുകയാണ്! നബിദിന റാലികളാണ് ആഘോഷങ്ങളിലെ പ്രകടനാത്മകമായ മുഖ്യ ഇനം. ആബാല വൃദ്ധം ജനങ്ങള്‍ അണിനിരക്കുന്ന റാലികള്‍ നബി സ്തുതിഗീതങ്ങളുടെയും മൗലിദ് പാരായണത്തിന്റെയും അകമ്പടിയോടെ മുന്നോട്ട് കുതിക്കുന്നു. അനൗണ്‍സ്‌മെന്റും മുദ്രാവാക്യങ്ങളും അന്തരീക്ഷത്തെ ശബ്ദമുഖരിതമാക്കുന്നു. ആഘോഷ പ്രകടനങ്ങളില്‍ 'ഫുള്‍ എ പ്ലസ്' ലഭിക്കേണ്ടത് തങ്ങള്‍ക്കാണെന്ന വാശിയോടെ ഇരുവിഭാഗം സുന്നി പ്രവര്‍ത്തകരും കൂടുതല്‍ ആളുകളെ അണിനിരത്താന്‍ തീവ്രശ്രമം നടത്തുകയാണ്. ഏറ്റവും വലിയ ശക്തിപ്രകടനം തങ്ങളുടെതാവണമെന്ന് ഓരോ വിഭാഗവും ആഗ്രഹിക്കുന്നു. റാലികളിലെ അനൗണ്‍സ്‌മെന്റുകളിലും മുദ്രാവാക്യങ്ങളിലും ഓരോ വിഭാഗവും മറു വിഭാഗത്തിനെതിരെ വിമര്‍ശനങ്ങളുയര്‍ത്തുന്നു. നബിദിനാഘോഷങ്ങളോട് പുറംതിരിഞ്ഞു നില്‍ക്കുന്ന വിഭാഗങ്ങള്‍ക്കെതിരെയും മുദ്രാവാക്യങ്ങളുയരുന്നു. ഘോഷയാത്രകളില്‍ ചിലതിന് വാദ്യമേളങ്ങളുടെ അകമ്പടിയുമുണ്ട്.
ഘോഷയാത്രകളില്‍ പലതും വാഹനഗതാഗതത്തിന് തടസ്സം സൃഷ്ടിക്കുന്നു. വഴിയില്‍ നിന്ന് ഉപദ്രവങ്ങള്‍ നീക്കുന്നത് വിശ്വാസത്തിന്റെ ഭാഗമാണെന്ന് പഠിപ്പിച്ച ഒരു പ്രവാചകന്റെ പാവനസ്മരണകള്‍ അയവിറക്കുന്ന സന്ദര്‍ഭത്തില്‍, നാം ആ മഹാനുഭാവന്റെ അധ്യാപനങ്ങള്‍ക്ക് നേരെ പുറം തിരിഞ്ഞു നില്‍ക്കുകയോ? ഉദ്ദേശ്യ ശുദ്ധിയാണ് കര്‍മഫലം നിശ്ചയിക്കുന്നതെന്ന വേദവാക്യം എന്തേ നാം ഓര്‍ക്കാതെ പോവുന്നു?
നമ്മുടെ ആഘോഷ പരിപാടികളില്‍ ഗുണപരമായ ഒരു മാറ്റം അനിവാര്യമല്ലേ? നബിതിരുമേനിയുടെ ജന്മമാസം, ഏറ്റവുമധികം പ്രവാചക സ്മരണകള്‍ അയവിറക്കുന്ന സന്ദര്‍ഭമാകയാല്‍, പ്രവാചക ചര്യകളും പ്രവാചക സന്ദേശങ്ങളും സമൂഹത്തിന് മുമ്പില്‍ സമര്‍പ്പിക്കാന്‍ അനുയോജ്യാവസരമാണെന്നത് ഒരു വസ്തുതയാണ്. നബി നായകന്‍ സമൂഹ സമക്ഷം മാതൃക കാണിച്ച കാരുണ്യത്തിന്റെയും സഹിഷ്ണുതയുടെയും ജീവിത വിശുദ്ധിയുടെയും മഹിത സന്ദേശം സമൂഹത്തില്‍ പ്രചരിപ്പിക്കാന്‍ ഉപയുക്തമായ മാര്‍ഗങ്ങള്‍ നമുക്ക് അവലംബിച്ചുകൂടേ? പ്രഭാഷണങ്ങളും ചര്‍ച്ചകളും സീഡി പ്രചാരണങ്ങളും ലഘുലേഖ വിതരണവും വിജ്ഞാന പരീക്ഷകളും തുടങ്ങി ഒട്ടനേകം പ്രയോജനകരമായ സംവിധാനങ്ങളിലൂടെ പ്രവാചക സന്ദേശം പ്രചരിപ്പിക്കുന്നതാവില്ലേ വാശിയേറിയ പ്രകടനാത്മക പരിപാടികളേക്കാള്‍ അഭികാമ്യം? പ്രവാചക ജീവിതത്തിന്റെ മാനവികതയെ കുറിച്ച ചര്‍ച്ചകള്‍ അമുസ്‌ലിം സഹോദരന്മാരെ കൂടി പങ്കെടുപ്പിച്ചുകൊണ്ട് സംഘടിപ്പിക്കുന്നത്, മതസൗഹൃദം വളര്‍ത്താനുതകുമെന്നും നാം അറിയാതെ പോവരുത്.
അബ്ദുര്‍റഹ്മാന്‍ എടവണ്ണപ്പാറ
നമ്മെ ഭ്രമിപ്പിക്കുന്ന സ്വര്‍ണ മഞ്ഞ
വിവാഹം പോലുള്ള ചടങ്ങുകളില്‍ സ്വര്‍ണത്തിന്റെ ഉപയോഗത്തിന് നിയന്ത്രണം കൊണ്ടുവരണമെന്ന മുറവിളി കേട്ടുതുടങ്ങിയിട്ട് കാലം കുറെയായെങ്കിലും നിയമങ്ങളൊന്നും പ്രാബല്യത്തില്‍ വന്നിട്ടില്ല. സ്വര്‍ണത്തിന്റെ പേരില്‍ ജീവിതത്തില്‍ ആഗ്രഹങ്ങളും പ്രതീക്ഷകളും വാടിക്കരിഞ്ഞവര്‍ നിരവധിയാണ്. ഇനിയെങ്കിലും സ്വര്‍ണ ഭ്രമത്തെ നമുക്ക് നിയന്ത്രിച്ചുകൂടേ?
ആചാരി തിരുവത്ര ചാവക്കാട്
ഖുര്‍ആന്‍ പെന്‍ ഡിജിറ്റല്‍ സംവിധാനത്തെക്കുറിച്ച് സുഹൈറലി തിരുവിഴാംകുന്ന് എഴുതിയ കുറിപ്പ് അവസരോചിതമായി.
ആര്‍.എ മുഹമ്മദ് ഷബീര്‍
വാടാനപ്പള്ളി
Comments