മൗലാനാ ജലീല്‍ അഹ്‌സന്‍ നദ്‌വി
വിശുദ്ധ ഖുര്‍ആനിലും പ്രവാചക ചര്യയിലും അവഗാഹമുണ്ടായിരുന്ന ഗുരുനാഥന്‍, ഖുര്‍ആന്റെ വീക്ഷണത്തില്‍ പുതുതലമുറയുടെ പുനര്‍നിര്‍മാണം സാധ്യമാക്കിയ ധീരനായ പണ്ഡിതന്‍, ജമാഅത്തെ ഇസ്‌ലാമിയുടെ ആദ്യകാല നേതാവ് എന്നീ നിലകളില്‍ ശ്രദ്ധേയനാണ് മൗലാനാ ജലീല്‍ അഹ്‌സന്‍ നദ്‌വി. 1913 ജനുവരി 25-ന് ഉത്തര്‍പ്രദേശില്‍ അഅ്‌സംഗഢിലെ കര്‍മീനി ഗ്രാമത്തില്‍ ജനനം. പിതാവ് അലിമുല്ല ബിന്‍ അമീര്‍ അലി. കൊല്‍ക്കത്തയിലെ മില്ലില്‍ പണിയെടുത്തും നാട്ടില്‍ കൃഷിപ്പണിയിലേര്‍പ്പെട്ടുമുള്ള വളരെ ദരിദ്രമായ ജീവിത സാഹചര്യമായിരുന്നു പിതാവിന്റേത്. ജലീല്‍ അഹ്‌സന്‍ രണ്ടാം ക്ലാസ്സിലായിരിക്കെ പ്ലേഗ് ബാധിച്ച് പിതാവ് മരണപ്പെടുകയും ചെയ്തു. പ്രാഥമിക പഠനം മാതാവില്‍നിന്ന് കരസ്ഥമാക്കി. ശേഷം ബലേറിയ ഗഞ്ചിലെ സ്‌കൂളില്‍ ചേര്‍ന്നു. മൗലാനാ സ്വദ്‌റുദ്ദീന്‍ ഇസ്വ്‌ലാഹി അന്നവിടെ സഹപാഠിയായിരുന്നു. സ്‌കൂളിലേക്ക് നടന്നുപോകുന്ന ഒരു ദിവസം വഴിയില്‍വെച്ച് ഒരാള്‍ ഈ പഠനംകൊണ്ട് പ്രയോജനമില്ലെന്നും, ഖുര്‍ആനാണ് പഠിക്കേണ്ടതെന്നും ജലീല്‍ അഹ്‌സനോട് പറഞ്ഞു. ആ വയോധികന്‍ ആരാണെന്നോര്‍മയില്ലെങ്കിലും പ്രസ്തുത സംഭവമാണ് തന്റെ ജീവിതത്തില്‍ വഴിത്തിരിവായതെന്ന് ജലീല്‍ അഹ്‌സന്‍ അനുസ്മരിച്ചിട്ടുണ്ട്. തുടര്‍ന്ന് 15 മാസമെടുത്ത് ഖുര്‍ആന്‍ മനപാഠമാക്കി. ജാമിഅ മില്ലിയ്യ ഡാബീല്‍, ദാറുല്‍ഉലൂം ദയൂബന്ദ്, ദാറുല്‍ഉലൂം നദ്‌വതുല്‍ ഉലമ എന്നിവിടങ്ങളിലായിരുന്നു തുടര്‍വിദ്യാഭ്യാസം.
പഠനകാലത്ത് സയ്യിദ് മൗദൂദി പ്രസിദ്ധീകരിച്ചിരുന്ന തര്‍ജുമാനുല്‍ ഖുര്‍ആന്റെ വായന ആരംഭിച്ചിരുന്നു. അദ്ദേഹം നദ്‌വയില്‍ പഠിച്ചുകൊണ്ടിരിക്കെ ഭൂരിഭാഗം വിദ്യാര്‍ഥികളും ദേശീയവാദികളായിരുന്നു. സയ്യിദ് മൗദൂദി രചിച്ച ലേഖനങ്ങളുടെ പിന്‍ബലത്തില്‍ തെളിവുകള്‍ സഹിതം ആ വാദങ്ങളെ ജലീല്‍ അഹ്‌സന്‍ ഖണ്ഡിച്ചു. തദ്ഫലമായി ഏറെ വൈകാതെ ഭൂരിഭാഗം വിദ്യാര്‍ഥികളും ഇസ്‌ലാമിന്റെ യഥാര്‍ഥ പാതയെന്തെന്ന് തിരിച്ചറിഞ്ഞതായി തന്റെ ജമാഅത്ത് ബന്ധത്തെപ്പറ്റി അദ്ദേഹം എഴുതിയിട്ടുണ്ട്. ജമാഅത്തെ ഇസ്‌ലാമി രൂപവത്കൃതമാവുമ്പോള്‍ ബറേലി ഇശാഅത്തുല്‍ ഉലൂമില്‍ അധ്യാപകനായിരുന്നു അദ്ദേഹം. പില്‍ക്കാലത്ത് ജമാഅത്ത് സെക്രട്ടറിയായുയര്‍ന്ന സയ്യിദ് ഹാമിദലി അന്നവിടെ വിദ്യാര്‍ഥിയായിരുന്നു. അദ്ദേഹത്തെ പ്രസ്ഥാനവുമായി ബന്ധപ്പെടുത്തിയ ജലീല്‍ അഹ്‌സന്‍, രണ്ടുപേരും വളരെ അടുത്തടുത്ത സമയങ്ങളിലായി സംഘടനയില്‍ അംഗങ്ങളായതും പിന്നീട് അനുസ്മരിച്ചിട്ടുണ്ട്.
വൈജ്ഞാനിക രംഗത്താണ് ശോഭിച്ചതെങ്കിലും സംഘടനാ ഉത്തരവാദിത്വങ്ങളും ജലീല്‍ അഹ്‌സന്‍ നദ്‌വി വഹിച്ചിട്ടുണ്ട്. വിഭജനത്തിന് മുമ്പ് രണ്ടുതവണ സംഘടനയുടെ മേഖലാ പ്രസിഡന്റായിരുന്നു. വിഭജനാനന്തരം അഅ്‌സംഗഢ് മേഖലാ നാസിമായും ചുമതലയേറ്റു. സയ്യിദ് മൗദൂദിയുടെ ക്ഷണപ്രകാരം പഠാന്‍കോട്ട് ദാറുല്‍ഉലൂമിലെത്തി ഗ്രന്ഥങ്ങള്‍ അറബിയിലേക്ക് വിവര്‍ത്തനം ചെയ്യുന്ന 'ദാറുല്‍ അറൂബ'യില്‍ സേവനമനുഷ്ഠിച്ചു. സയ്യിദ് മൗദൂദിയുടെ നിരവധി ഗ്രന്ഥങ്ങള്‍ അറബിയിലേക്കു വിവര്‍ത്തനം ചെയ്തത് ജലീല്‍ അഹ്‌സന്‍ നദ്‌വിയാണ്. മതപാഠശാലയായി റാംപൂരില്‍ സാനവി ദര്‍സ്ഗാഹ് സ്ഥാപിക്കപ്പെട്ടപ്പോള്‍ പ്രസ്ഥാനം അദ്ദേഹത്തെ അവിടേക്ക് നിയോഗിച്ചു. തുടര്‍ന്ന് മദ്‌റസതുല്‍ ഇസ്വ്‌ലാഹിലാണ് അദ്ദേഹത്തിന്റെ സേവനം കൂടുതല്‍ ആവശ്യമുള്ളതെന്നതിനാല്‍, സയ്യിദ് മൗദൂദിയുടെ അഭിപ്രായവും സയ്യിദ് അഖ്തര്‍ നദ്‌വിയുടെ ആഗ്രഹവും മാനിച്ച് മദ്‌റസത്തുല്‍ ഇസ്വ്‌ലാഹില്‍ അധ്യാപകനായി ചേര്‍ന്നു. പിന്നീട് ജാമിഅത്തുല്‍ ഫലാഹിലും അധ്യാപകനായി. സയ്യിദ് ഹാമിദലി, ഡോ. നജാത്തുല്ലാ സ്വിദ്ദീഖി, ഡോ. അബ്ദുല്‍ഹഖ് അന്‍സാരി, എഫ്.ആര്‍ ഫരീദി, ഡോ. സയ്യിദ് അബ്ദുല്‍ ബാരി, ശബ്‌നം സുബ്ഹാനി, മൗലാനാ ഇനായത്തുല്ലാ സുബ്ഹാനി തുടങ്ങി ഇസ്‌ലാമിക പ്രസ്ഥാനത്തിന്റെ നിരവധി നായകന്മാര്‍, മൗലാനാ ജലീല്‍ അഹ്‌സന്‍ നദ്‌വിയുടെ ശിഷ്യഗണത്തില്‍ ഉള്‍പ്പെടുന്നു.
അല്ലാമാ ഫറാഹിയുടെ ചിന്തകളില്‍ ആകൃഷ്ടനായതിനെ തുടര്‍ന്ന് ഖുര്‍ആന്‍ വിജ്ഞാനീയങ്ങളില്‍ അഗാധപാണ്ഡിത്യം നേടിയിരുന്നു മൗലാനാ ജലീല്‍ അഹ്‌സന്‍. ദയൂബന്ദില്‍ വിദ്യാര്‍ഥിയായിരിക്കെ ഫറാഹിയുടെ അല്‍ഇസ്വ്‌ലാഹിന്റെ സ്ഥിരം വായനക്കാരനായിരുന്നു അദ്ദേഹം. അമീന്‍ അഹ്‌സന്‍ ഇസ്വ്‌ലാഹിയായിരുന്നു അന്നതിന്റെ എഡിറ്റര്‍. മദ്‌റസത്തുല്‍ ഇസ്വ്‌ലാഹിലെത്തിയപ്പോള്‍ ഫറാഹിയുടെ ശിഷ്യന്‍ മൗലാനാ അഖ്തര്‍ നദ്‌വിയോടൊപ്പം അധ്യാപനരംഗത്ത് പ്രവര്‍ത്തിച്ചതും ഖുര്‍ആന്‍ പഠനത്തില്‍ അവഗാഹം നേടാന്‍ കാരണമായി. അബൂസലീം അബ്ദുല്‍ഹയ്യ് തന്റെ ഖുര്‍ആന്‍ വ്യാഖ്യാനഗ്രന്ഥ രചനയിലും, മൗലാനാ സയ്യിദ് ഹാമിദലി, ശഹീദ് സയ്യിദ് ഖുത്വ്ബിന്റെ ഫീ ളിലാലില്‍ ഖുര്‍ആന്റെ ഉര്‍ദു വിവര്‍ത്തന വേളയിലും, മൗലാനാ ഇനായത്തുല്ലാ സുബ്ഹാനി തന്റെ ഹഖീഖതെ റജ്മിന്റെ രചനയിലും സഹായം തേടിയിരുന്നത് ജലീല്‍ അഹ്‌സന്‍ നദ്‌വിയോടാണ്. മൗലാനാ അമീന്‍ അഹ്‌സന്‍ ഇസ്വ്‌ലാഹി ജീവിച്ചിരിക്കെ തന്നെ അദ്ദേഹത്തിന്റെ തദബ്ബുറെ ഖുര്‍ആന്‍ എന്ന വ്യാഖ്യാന ഗ്രന്ഥത്തെ നിരൂപിച്ച് ഗ്രന്ഥരചന ആരംഭിക്കുകയുമുണ്ടായി. തദബ്ബുറെ ഖുര്‍ആന്‍ പര്‍ ഏക് നസര്‍ എന്ന പേരില്‍ ഇതിന്റെ ആദ്യഭാഗം പ്രസിദ്ധീകരിക്കപ്പെട്ടിട്ടുണ്ട്.
ഹദീസിലും ഏറെ അവഗാഹമുണ്ടായിരുന്ന ജലീല്‍ അഹ്‌സന്‍ നദ്‌വി ആ മേഖലയില്‍ ചില വേറിട്ട കാഴ്ചപ്പാടുകള്‍ മുന്നോട്ടുവെച്ച പണ്ഡിതനാണ്. ഹദീസുകളെ അദ്ദേഹം വിശദീകരിച്ചത്, പ്രബോധനപരവും തര്‍ബിയത്തീപരവുമായ ലക്ഷ്യങ്ങള്‍ മുമ്പില്‍വെച്ചുകൊണ്ടായിരുന്നു. പല കാരണങ്ങളാല്‍ സാധാരണക്കാര്‍ക്ക് തടിച്ച ഗ്രന്ഥങ്ങള്‍ റഫര്‍ ചെയ്യാന്‍ താല്‍പര്യവും സമയവുമില്ലാത്ത കാലമാണിത്. അത്തരക്കാര്‍ക്ക് കുറഞ്ഞകാലംകൊണ്ട് പഠിക്കുകയും ജീവിതത്തില്‍ സന്മാര്‍ഗവെളിച്ചമായി പ്രയോഗവത്കരിക്കുകയും ചെയ്യാവുന്ന ഹദീസുകളെയാണ് അദ്ദേഹം കൂടുതല്‍ പഠനവിധേയമാക്കിയത്. ഈ രംഗത്ത് റാഹെ അമല്‍, സാദെ റാഹ്, സഫീന നജാത്ത് എന്നിവ അദ്ദേഹത്തിന്റെ സുപ്രസിദ്ധ ഹദീസ് രചനകളാണ്. ആദ്യഗ്രന്ഥത്തില്‍ അടിസ്ഥാന വിശ്വാസങ്ങളുടെ വിശകലനം, സാദെ റാഹില്‍ വിശ്വാസിക്ക് ആവശ്യമായ വഴിവെളിച്ചം, സഫീന നജാത്തില്‍ പൊതുജീവിതത്തിന്റെ മുഴുവന്‍ മേഖലകളെയും സ്പര്‍ശിക്കുന്നവ എന്നിങ്ങനെയാണ് അദ്ദേഹം ഹദീസുകള്‍ സമാഹരിച്ചത്. ഇതില്‍ റാഹെ അമല്‍ 'കര്‍മസരണി' എന്ന പേരില്‍ മലയാളത്തില്‍ വിവര്‍ത്തനം ചെയ്യപ്പെട്ടിട്ടുണ്ട്. സാദെ റാഹ് ഇന്ത്യയിലും പാകിസ്താനിലുമായി അമ്പതിലധികം തവണ പുനഃപ്രസിദ്ധീകരിക്കപ്പെട്ടിട്ടുണ്ട്.
ലക്ഷണമൊത്തെ പ്രഭാഷകനും അധ്യാപകനും എന്നതിനുപുറമെ വിദ്യാര്‍ഥികള്‍ക്കും യുവാക്കള്‍ക്കും മാതൃകാവ്യക്തിത്വവുമായിരുന്നു അദ്ദേഹം. ഭൗതികാസക്തിക്കു പിന്നാലെ പോകാതെ എപ്പോഴും ലക്ഷ്യബോധത്തോടുകൂടി, ജീവിത പ്രാരാബ്ധങ്ങളെ സധീരം മറികടന്ന് സര്‍വം അല്ലാഹുവില്‍ ഭരമേല്‍പിച്ച് ജീവിക്കണമെന്ന് യുവാക്കളെ അദ്ദേഹം ജീവിതം കൊണ്ട് പഠിപ്പിച്ചു. സ്വന്തത്തിന്റെ നന്മകള്‍ കണ്ടെത്തി വളര്‍ത്തുക, ഭൗതികവും മതപരവുമായ പുത്തന്‍ അറിവുകള്‍ കൂടി ആര്‍ജിക്കുക - യുവതയെ അദ്ദേഹം ആഹ്വാനം ചെയ്തു. 1981-ല്‍ റമദാന്‍ അഞ്ചിനായിരുന്നു അദ്ദേഹത്തിന്റെ വേര്‍പാട്.
Comments