ഹുദൈബിയ സന്ധി

ഹുദൈബിയയിലെ ഒരു മരച്ചുവട്ടില്‍ വെച്ച് പ്രവാചകന്‍ തന്റെ അനുചരന്മാരില്‍ നിന്ന് 'ബൈഅത്ത്' (ശപഥം) വാങ്ങിയ സംഭവം സൂചിപ്പിച്ചുവല്ലോ. മരണം വരെ പോരാടുമെന്നായിരുന്നു ആ പ്രതിജ്ഞ. മുസ്‌ലിംകള്‍ ഒറ്റക്കെട്ടായി ശപഥമെടുത്തിരിക്കുന്നു എന്ന വാര്‍ത്ത മക്കയിലെ ഖുറൈശികളെ ശരിക്കും ഭയപ്പെടുത്തി. അവര്‍ മക്കക്കാരനല്ലാത്ത, എന്നാല്‍ അവരുമായി സഖ്യത്തിലുള്ള ഒരു ഗോത്രത്തിലെ പ്രമുഖ വ്യക്തിയെ മുസ്‌ലിംകളുമായി സംസാരിക്കാനായി പറഞ്ഞയച്ചു. അയാളൊരു തനി ഗ്രാമീണനാണെങ്കിലും നല്ല തന്റേടവും വകതിരിവുമുള്ള ആളാണ്. അയാള്‍ ഹുദൈബിയയില്‍ എത്തിയപ്പോള്‍ പ്രവാചകന്‍ അയാള്‍ക്ക് തങ്ങള്‍ ബലിയറുക്കാനായി കൊണ്ടുവന്ന മൃഗങ്ങളെ കാണിച്ചുകൊടുത്തു. അക്കാലത്തെ രീതിയനുസരിച്ച് ബലിമൃഗങ്ങളാണെന്ന് തിരിച്ചറിയാന്‍ അവയുടെ കഴുത്തില്‍ പഴയ ചെരുപ്പുകള്‍ കെട്ടിത്തൂക്കുകേയാ അവയുടെ കാതുകള്‍ രക്തമൊലിക്കുംവിധം ചെറുതായി കീറുകയോ ഒക്കെ ചെയ്തിരുന്നു. തങ്ങളുടെ ലക്ഷ്യം ഉംറ മാത്രമാണെന്ന് അയാളെ ബോധ്യപ്പെടുത്തുകയായിരുന്നു പ്രവാചകന്‍. അയാള്‍ക്കത് ബോധ്യമാവുകയും ചെയ്തു. ചര്‍ച്ചകള്‍ക്കൊന്നും നില്‍ക്കാതെ അയാള്‍ മക്കയിലേക്ക് തിരിച്ചുപോവുകയും മുസ്‌ലിംകളോട് യുദ്ധം ചെയ്യരുതെന്ന് ഖുറൈശികളെ ഉപദേശിക്കുകയും ചെയ്തു. തന്റെ നിര്‍ദേശം ചെവിക്കൊണ്ടില്ലെങ്കില്‍ ഖുറൈശികളുമായുള്ള സകല ബന്ധവും അവസാനിപ്പിച്ച് താന്‍ സ്ഥലം വിടുമെന്നും അയാള്‍ മുന്നറിയിപ്പ് നല്‍കി. ആ കടുപ്പിച്ച സംസാരത്തിന് പ്രതീക്ഷിച്ച ഫലമുണ്ടായി.
മക്കക്കാര്‍ മറ്റൊരു പ്രതിനിധിയെ കൂടി പറഞ്ഞയച്ചു; സുഹൈലുബ്‌നു അംറിനെ. അദ്ദേഹം പ്രവാചകന്റെ ബന്ധു കൂടിയാണ്. പ്രവാചക പത്‌നി സൗദ (റ)യുടെ അമ്മാവന്റെ മകന്‍. നല്ല കാര്യശേഷിയും ചുമതലാബോധവുമുള്ളയാള്‍. അദ്ദേഹം മുസ്‌ലിംകളുമായി സംസാരിച്ച് ഒരു ഉടമ്പടി എഴുതിത്തയാറാക്കി. പ്രത്യക്ഷത്തില്‍ ആ ഉടമ്പടി മുസ്‌ലിംകള്‍ക്ക് തീര്‍ത്തും എതിരായിരുന്നു. ഉടമ്പടി പ്രകാരം അടുത്ത പത്ത് വര്‍ഷത്തേക്ക് പരസ്പരം യുദ്ധങ്ങള്‍ പാടില്ല. സമാധാനത്തിന്റെ കാലമാണത്. ഇക്കാലയളവില്‍ മദീനയില്‍ നിന്നാരെങ്കിലും അഭയം തേടി മക്കയിലെത്തിയാല്‍ അയാളെ ഒരു കാരണവശാലും മുസ്‌ലിംകള്‍ക്ക് തിരിച്ചുകൊടുക്കുകയില്ല. ഇനി മക്കയില്‍ നിന്നാണ് ഒരാള്‍ ഒളിച്ചോടി മദീനയിലെത്തുന്നതെങ്കില്‍ മുസ്‌ലിംകള്‍ അയാളെ ഉടനടി മക്കക്കാരെ തിരിച്ചേല്‍പിക്കുകയും വേണം.
ഇതുപോലെ പ്രത്യക്ഷത്തില്‍ മുസ്‌ലിംകള്‍ക്ക് അപമാനകരവും പ്രതികൂലവുമായ വേറെയും വ്യവസ്ഥകള്‍ ആ ഉടമ്പടിയില്‍ ഉണ്ടായിരുന്നു. പക്ഷേ, അവയൊക്കെയും പ്രവാചകന്‍ അംഗീകരിക്കുകയാണുണ്ടായത്. അവിടുന്ന് പറഞ്ഞുകൊണ്ടിരുന്നത് ഇതാണ്: ''തീര്‍ത്തും സമാധാനപരമായ കാര്യങ്ങള്‍ക്കാണ് ഞാന്‍ വന്നിട്ടുള്ളത്. അതിനാല്‍ മക്കക്കാര്‍ മുന്നോട്ടുവെക്കുന്ന വ്യവസ്ഥകള്‍ ഞാന്‍ അംഗീകരിക്കും.'' പ്രശസ്ത നിയമജ്ഞന്‍ സര്‍ഖസി ഇതു സംബന്ധിച്ച് വളരെ ശ്രദ്ധേയമായ ഒരു നിരീക്ഷണം നടത്തിയിട്ടുണ്ട്. പ്രവാചക ചരിത്ര കൃതികളിലൊന്നും അത്തരമൊരു നിരീക്ഷണം നാം കാണുന്നില്ല. അദ്ദേഹം പറയുന്നത് ഇതാണ്: മദീനയുടെ വടക്ക് ഭാഗത്താണ് ഖൈബര്‍; തെക്ക് ഭാഗത്ത് മക്കയും. രണ്ടും ശത്രു രാജ്യങ്ങള്‍, അവ രണ്ടിനുമിടയില്‍ പെട്ടുകിടക്കുകയാണ് മദീന. രണ്ട് കൂട്ടരും മദീനയെ ആക്രമിക്കാന്‍ തക്കം പാര്‍ത്തിരിക്കുന്നവര്‍. അവരാണെങ്കില്‍ സഖ്യകക്ഷികളുമാണ്. ഇവരില്‍ ആര്‍ക്കെതിരെ മുസ്‌ലിംകള്‍ യുദ്ധത്തിനിറങ്ങിയാലും മറ്റേ കക്ഷി അവരെ സഹായിക്കാനായി യുദ്ധക്കളത്തിലിറങ്ങും. പ്രവാചകന്‍ സൈന്യവുമായി ഖൈബറിലേക്കാണ് നീങ്ങുന്നതെങ്കില്‍ ആ തക്കം നോക്കി മക്കക്കാര്‍ മദീനക്കെതിരെ നീങ്ങുകയും നഗരം തകര്‍ക്കുകയും ചെയ്യും. പ്രവാചകന്‍ മക്കക്കെതിരെ നീങ്ങുകയാണെങ്കില്‍, ആ ഘട്ടത്തില്‍ മദീനക്കെതിരെ ഖൈബറില്‍നിന്നുള്ള ഒരാക്രമണം ഏതു നിമിഷവും പ്രതീക്ഷിക്കാം.
ഇത്തരമൊരു സന്ദിഗ്ധ ഘട്ടത്തില്‍ ദൂരക്കാഴ്ചയും പ്രായോഗിക ബുദ്ധിയുമുള്ള ഒരു സൈന്യാധിപന്‍ എന്താണ് ചെയ്യുക? ഇരു ശത്രുക്കളില്‍ ഒരു വിഭാഗവുമായി സമാധാന സന്ധിയുണ്ടാക്കുകയും അങ്ങനെ മറ്റേ ശത്രുവിനെ നിര്‍വീര്യമാക്കുകയും ചെയ്യുക. എങ്കില്‍ പിന്നെ ഭീഷണിയെ അതിജീവിക്കാന്‍ എളുപ്പമാണ്. പ്രവാചകനും അതാണ് ചെയ്തത്. മക്കക്കാര്‍ മുന്നോട്ട് വെച്ച ഉപാധികളെല്ലാം പ്രവാചകന്‍ അംഗീകരിച്ചത് ഈയൊരു വീക്ഷണ കോണിലൂടെ കാണണം. ഇവിടെയും ഏറ്റവും നിര്‍ണായകമായ സംഗതി, രണ്ടില്‍ ഏതു ശത്രുവുമായിട്ടാണ് സമാധാനക്കരാര്‍ ഉണ്ടാക്കേണ്ടത് എന്നതാണ്. മക്കക്കാരുമായിട്ടോ, അതോ ഖൈബര്‍കാരുമായിട്ടോ? ഖൈബര്‍കാരുമായി ഒരു സമാധാന ഉടമ്പടി അസാധ്യം തന്നെയാണ്. കാരണം ഖൈബറില്‍ താമസിക്കുന്നത്, മദീനയില്‍ നിന്ന് പുറത്താക്കപ്പെട്ട ബനൂന്നദീര്‍ എന്ന ജൂത ഗോത്രമാണ്. അവരുമായി ഉടമ്പടിയുണ്ടാക്കാന്‍ ശ്രമിച്ചാല്‍ അവര്‍ മുന്നോട്ട് വെക്കുന്ന ആദ്യ ഉപാധി തന്നെ തങ്ങളെ മദീനയിലേക്ക് തിരിച്ചുവരാന്‍ അനുവദിക്കണം എന്നായിരിക്കും. പോരാത്തതിന് അവര്‍ അതിസമ്പന്നരുമാണ്. സാമ്പത്തിക സഹായങ്ങളും മറ്റും വാഗ്ദാനം ചെയ്യുന്നത് അത്ര ഏശണമെന്നില്ല.
മക്കക്കാരാവട്ടെ അവരെല്ലാവരും പ്രവാചകന്റെ സ്വന്തക്കാരാണ്. മദീനയിലേക്ക് പലായനം ചെയ്തവരോ, മക്കക്കാരുടെ സഹോദരന്മാരും സഹോദര പുത്രന്മാരും അമ്മാവന്മാരും മറ്റും മറ്റും. അതിനാല്‍ സ്വന്തക്കാരെ സംരക്ഷിക്കുകയും ജൂതഗോത്രത്തെ ഒറ്റപ്പെടുത്തുകയും ചെയ്യുക എന്നൊരു നിലപാടാണ് അഭികാമ്യം. മറ്റൊരു കാരണം കൂടിയുണ്ട്. ബദ്ര്‍, ഉഹുദ്, ഖന്ദഖ് എന്നീ യുദ്ധങ്ങള്‍ മക്കക്കാരെ വളരെയേറെ ദുര്‍ബലമാക്കിക്കഴിഞ്ഞിരുന്നു. സാമ്പത്തികനില അനുദിനം മോശമായിക്കൊണ്ടിരുന്നു. അവരുടെ വ്യാപാരങ്ങള്‍ക്ക് തിരിച്ചടിയേറ്റു. അതിനാല്‍ സമാധാന ഉടമ്പടിക്ക് എളുപ്പത്തില്‍ വഴങ്ങാന്‍ തയാറാവുക മക്കക്കാരായിരിക്കും. അപ്പോഴേക്കും, മുസ്‌ലിംകളുമായി സമാധാനപരമായി സഹവര്‍ത്തിക്കണം എന്നൊരു പൊതുവികാരം മക്കയില്‍ രൂപപ്പെട്ടുകൊണ്ടുമിരുന്നു. അവരുടെ അനുഭാവം പിടിച്ചുപറ്റാന്‍ പട്ടിണിയുടെ സന്ദര്‍ഭത്തില്‍ പ്രവാചകന് സാധിക്കുകയും ചെയ്തിരുന്നുവല്ലോ. സ്വന്തം അഭിമാനവും അന്തസ്സും കാത്തുസംരക്ഷിക്കുന്ന ഒരു അരവരി വാക്യമൊഴിച്ച് ബാക്കിയുള്ള എല്ലാ കാര്യങ്ങളും മുസ്‌ലിംകള്‍ അംഗീകരിക്കാന്‍ കാരണം ഈ പശ്ചാത്തലമാണ്. ഉടമ്പടിയിലെ അരവരി വാക്യം ഇതാണ്: ലാ ഇസ്‌ലാല്‍ വലാ ഇഗ്‌ലാല്‍. വളരെ സുപ്രധാനമാണ് ഉടമ്പടിയിലെ ഈ പരാമര്‍ശം. 'വാള്‍ ഊരലോ ചതിപ്രയോഗമോ പാടില്ല' എന്നര്‍ഥം. അതായത് മക്കക്കാരും മുസ്‌ലിംകളും ശപഥം ചെയ്യുന്നു, അവര്‍ പരസ്പരം ആക്രമിക്കില്ലെന്ന്, ഗൂഢാലോചനയിലൂടെയും വഞ്ചനയിലൂടെയും ഉടമ്പടിയെ അട്ടിമറിക്കില്ലെന്നും. മുസ്‌ലിംകള്‍ മൂന്നാമതൊരു കക്ഷിയുമായി യുദ്ധത്തിലേര്‍പ്പെടുകയാണെങ്കില്‍ മക്കക്കാര്‍ അതില്‍ ഇടപെടാതെ നിഷ്പക്ഷത പാലിക്കും എന്നാണതിന്റെ അര്‍ഥം. ഗൂഢ പ്രവര്‍ത്തനങ്ങളോ ചതിപ്രയോഗങ്ങളോ ഉണ്ടാവില്ല.
ഈയൊരു വ്യവസ്ഥ മക്കക്കാരെ കൊണ്ട് അംഗീകരിപ്പിക്കുന്നതിനാണ് പ്രവാചകന്‍ അവര്‍ മുന്നോട്ടുവെച്ച എല്ലാ വ്യവസ്ഥകളും അംഗീകരിച്ചത്. പത്തു വര്‍ഷത്തേക്ക് പരസ്പരം യുദ്ധമുണ്ടാവരുത് എന്ന വ്യവസ്ഥ അദ്ദേഹം അംഗീകരിച്ചു. മക്കക്കാരുടെ വ്യാപാര സംഘങ്ങളെ മദീനയിലൂടെ കടന്നുപോകാന്‍ അനുവദിച്ചു. ഭാവിയില്‍ മുസ്‌ലിംകള്‍ക്ക് മറ്റൊരു കക്ഷിയുമായി യുദ്ധം ചെയ്യേണ്ടിവരുമ്പോള്‍ മക്കക്കാര്‍ നിഷ്പക്ഷത പുലര്‍ത്തണം എന്നത് മാത്രമാണ് പകരമായി മുന്നോട്ട് വെച്ചത്. അങ്ങനെ ഉടമ്പടിയിലെ മറ്റൊരു വ്യവസ്ഥ പ്രകാരം, ഹുദൈബിയയില്‍ വെച്ചുതന്നെ 'ഉംറ നിര്‍വഹിച്ച്' നിരാശരും അസംതൃപ്തരുമായ തന്റെ അനുയായികളുമായി പ്രവാചകന്‍ മദീനയിലേക്ക് തിരിച്ചുപോരുകയാണ്. രോഷവും വേദനയുമെല്ലാം ഉണ്ടെങ്കിലും പ്രവാചകന്റെ നിര്‍ദേശങ്ങളോരോന്നും അനുയായികള്‍ അനുസരിച്ചു.
മദീനയില്‍ തിരിച്ചെത്തി രണ്ടാഴ്ച കഴിഞ്ഞില്ല, മുസ്‌ലിംകള്‍ ഖൈബര്‍ ആക്രമിച്ച് കീഴടക്കി. അങ്ങനെ രണ്ട് പ്രതിയോഗികളില്‍ ഒന്ന് നാമാവശേഷമായി. വെറും 1400 പേര്‍ മാത്രം വരുന്ന മുസ്‌ലിം സേനയാണ് 20,000 വരുന്ന അതിശക്തമായ ശത്രുസൈന്യത്തെ നിലംപരിശാക്കിയത്. ഖൈബറില്‍ നിന്നുള്ള ഭീഷണി അതോടെ അവസാനിച്ചു.
കരാര്‍ ലംഘനം
മുസ്‌ലിംകള്‍ മക്കക്കാരുമായി ഹുദൈബിയയില്‍ വെച്ച് കരാറുണ്ടാക്കുമ്പോള്‍ ഇരു കക്ഷികളുമായി നേരത്തെ സഖ്യത്തിലുള്ള മറ്റു ഗോത്രങ്ങള്‍ക്കും കരാര്‍ വ്യവസ്ഥകള്‍ ബാധകമാണെന്ന് എഴുതിച്ചേര്‍ത്തിരുന്നു. നമ്മള്‍ നേരത്തെ പരാമര്‍ശിച്ച അഹാബീശ് ഗോത്രം കരാറിന്റെ പരിധിയില്‍ വരുന്നത് അങ്ങനെയാണ്. അവര്‍ മക്കക്കാരുമായി സഖ്യമുള്ള ഗോത്രമാണ്. കരാര്‍ പരിധിയില്‍ വരുന്ന മറ്റൊരു ഗോത്രമാണ് ഖുസാഅ. അവര്‍ക്ക് പ്രവാചകനുമായാണ് സഖ്യമുണ്ടായിരുന്നത്. ഈ രണ്ട് ഗോത്രവും ശത്രുതയിലായിരുന്നു. ഇടക്കിടെ ഏറ്റുമുട്ടലുകളുണ്ടാവും. കരാറിന്റെ ആദ്യ ഘട്ടത്തില്‍ ഇവര്‍ തമ്മില്‍ കാര്യമായ പ്രശ്‌നങ്ങളൊന്നും ഉണ്ടായിരുന്നില്ല. പിന്നെ പിന്നെ ബന്ധം കലുഷമാവാന്‍ തുടങ്ങി. പ്രവാചകനെ അമാന്യമായ വാക്കുകളാല്‍ അധിക്ഷേപിച്ച അഹാബീശ് ഗോത്രത്തില്‍ പെട്ട ഒരാളെ ആ കടുത്ത അധിക്ഷേപം കേട്ട് പ്രകോപിതനായ ഒരു ഖുസാഅ ഗോത്രക്കാരന്‍ കൊന്നുകളഞ്ഞു. പ്രതികാരമായി അഹാബീശുകാര്‍ മൂന്ന് ഖുസാഅക്കാരെയും വധിച്ചു. ഇതൊരു പ്രാദേശിക പ്രശ്‌നം മാത്രം. അതവിടെ തീരേണ്ടതാണ്. വിവരമറിഞ്ഞ മക്കയിലെ ഖുറൈശികള്‍ വളരെ രഹസ്യമായി പടനീക്കം നടത്തുകയും ഖുസാഅക്കാരെ ആക്രമിക്കുകയും ചെയ്തു. ഖുസാഅക്കാര്‍ പ്രവാചകനോട് പരാതി പറഞ്ഞു. പ്രാര്‍ഥനയിലായിരിക്കെയാണ് തങ്ങള്‍ ആക്രമിക്കപ്പെട്ടതെന്നും അവര്‍ വിശദീകരിച്ചു. ഈ ചതിയാക്രമണം ഹുദൈബിയ സന്ധിയുടെ വ്യക്തമായ ലംഘനമാണ്. ഇതോടെ സന്ധിയിലെ സമാധാനപാലനം എന്ന വ്യവസ്ഥ പാലിക്കാന്‍ മുസ്‌ലിംകള്‍ ബാധ്യസ്ഥരല്ലാതായി. ഇനിയവര്‍ മക്കക്കെതിരെ പടനീക്കം നടത്തിയാല്‍ കുറ്റം പറയാനാവില്ല. പക്ഷേ, പ്രവാചകന്‍ ഒരു യുദ്ധം ആഗ്രഹിക്കുന്നില്ല. പരാതിയുമായി വന്ന ഖുസാഅ സംഘത്തെ പ്രവാചകന്‍ തിരിച്ചയക്കുകയാണുണ്ടായത്. കാര്‍മുകിലുകള്‍ നീങ്ങുമെന്നും വിജയം വരാനിരിക്കുകയാണെന്നും അവരെ പറഞ്ഞ് ആശ്വസിപ്പിച്ചു. മുസ്‌ലിംകള്‍ മക്കയിലേക്ക് പടനയിക്കുമെന്ന പ്രതീക്ഷയില്‍ ഖുസാഅക്കാര്‍ സന്തോഷത്തോടെ സ്വന്തം നാട്ടിലേക്ക് തിരിച്ചു.
(തുടരും)
Comments