Prabodhanm Weekly

Pages

Search

2014 ഫെബ്രുവരി 07

കുടുംബത്തോടൊപ്പം പുറത്ത് പോയിട്ട് കാലമെത്രയായി..

ഉസ്താദ് നുഅ്മാന്‍ അലിഖാന്‍ / കുടുംബം

രോഗ്യമുള്ള സമൂഹത്തിന്റെ കാതലായ ഘടകം ആണ് ഭാര്യ ഭര്‍തൃ ബന്ധം. നമ്മുടെ വീടകങ്ങളിലെ ലയവും താളവും വീണ്ടെടുക്കാതെ നമുക്ക് പ്രബോധനത്തെക്കുറിച്ചോ താളപ്പിഴകളില്ലാത്ത ഇസ്‌ലാമിക സമൂഹത്തെക്കുറിച്ചോ സംസാരിക്കാന്‍ കഴിയില്ല. എന്നാല്‍ വീടകങ്ങള്‍ ഇന്ന് സംഘര്‍ഷത്തിന്റെ വിളനിലങ്ങളാണ്. നമ്മളെങ്ങനെയാണ് പ്രബോധനരംഗത്തെ ഉത്കൃഷ്ട ലക്ഷ്യങ്ങളെക്കുറിച്ച് സംസാരിക്കുക? ഭാര്യയും ഭര്‍ത്താവും എന്നും വാക്കുതര്‍ക്കമാണ്. കുത്തുവാക്കുകളും അരോചകമായ അഭിപ്രായ പ്രകടനങ്ങളും.
''നിനക്കറിയോ, നീ അത്ര സുന്ദരിയൊന്നുമല്ല.''
''നിങ്ങളും യൂസുഫ് നബിയൊന്നുമല്ല, ഞാനെന്റെ കൈകള്‍ ചെത്തിപ്പോവുകയൊന്നുമില്ല.''
അനാവശ്യമായ പരിഹാസം, വേദനിപ്പിക്കുന്ന പ്രയോഗങ്ങള്‍, വാക്കുകള്‍... പലപ്പോഴും നിങ്ങള്‍ക്കറിയാം, നിങ്ങളുടെ ഭാര്യയെ ഏറ്റവും അസ്വസ്ഥപ്പെടുത്തുന്നത് എന്താണെന്ന്. അപ്പോള്‍ നിങ്ങള്‍ അതുതന്നെ പറഞ്ഞുകൊണ്ടിരിക്കും. പെണ്ണുങ്ങളുടെ കാര്യമോ? ഭര്‍ത്താവിന്റെ തൊലിക്കുള്ളിലേക്ക് കുത്തിക്കേറുന്നകാര്യം ഏതാണെന്നവര്‍ക്ക് നന്നായി അറിയും. അവരും അതുതന്നെ പറയും. പക്ഷേ, ഇതൊക്കെ കാണുന്നത് ആരാണ്? നിങ്ങള്‍ക്കിടയിലെ ഈ വാക്കുതര്‍ക്കം, വീട്ടിനകത്തെ യുദ്ധങ്ങള്‍, ഇതിന്റെയൊക്കെ യഥാര്‍ഥ ഇരകള്‍ ആരാണ്? നമ്മുടെ കുഞ്ഞുങ്ങള്‍. നിങ്ങളുടെ ഈ സ്വഭാവമാണ് അവര്‍ പഠിക്കുന്നത്. വളരുമ്പോള്‍ അവര്‍ ഏതുതരത്തിലുള്ള മാതാപിതാക്കളാണാവുകയെന്ന് ചിന്തിച്ചു നോക്കൂ.
ഇന്ന് പലര്‍ക്കും വൈവാഹിക ബന്ധത്തില്‍ ക്ഷമയെന്ന വാക്കേയില്ല. കോര്‍പറേറ്റിലോ സര്‍ക്കാര്‍ സ്ഥാപനങ്ങളിലോ ജോലി ചെയ്യുന്ന ഒട്ടുമിക്ക മുസ്‌ലിം പുരുഷന്മാരുടെയും കാര്യമെടുക്കൂ. നിങ്ങള്‍ ഓഫീസിലെത്തുമ്പോള്‍ ഒട്ടും മര്യാദയില്ലാതെ വസ്ത്രം ധരിച്ച നിങ്ങളുടെ സെക്രട്ടറി നിങ്ങളെ നോക്കി പുഞ്ചിരിയോടെ ചോദിക്കുന്നു: 'എന്താണ് വര്‍ത്തമാനം? ഇന്നെങ്ങനെയുണ്ട് മുഹമ്മദ്?'
'ഓ, എന്തൊരു നല്ല ദിവസം.' ചിരിച്ചുകൊണ്ട് നിങ്ങള്‍ പറയുന്നു. ദിവസം അഞ്ചു മിനിറ്റ് പോലും തികച്ചു സംസാരിക്കാത്ത ഒരാളോട് നിങ്ങളിങ്ങനെ മറുപടി പറയുന്നു. തിരിച്ച് നിങ്ങള്‍ വീട്ടിലെത്തുമ്പോള്‍ നിങ്ങളുടെ ഇണ ചോദിക്കുന്നു: ''ഇന്നെങ്ങനെയുണ്ടായിരുന്നു?'' ''എന്നോടിപ്പോള്‍ ഒന്നും ചോദിക്കണ്ട, വലിയ ഒരു ജോലി ദിവസം കഴിഞ്ഞാണ് ഞാന്‍ വരുന്നത്.'' നിങ്ങളുടെ മുഖം കറുത്തിരുളുന്നു. ഇതാണ് നമ്മള്‍ വീടകങ്ങളില്‍ ചെയ്തുകൊണ്ടിരിക്കുന്നത്. നമ്മുടെ തന്നെ ഇണകളുമായുള്ള ബന്ധം നശിപ്പിക്കുകയാണ് നാം.
എപ്പോഴാണ് സുഹത്തേ നിങ്ങളുടെ ഭാര്യക്ക് അവസാനമായി ഒരു സമ്മാനം വാങ്ങിച്ചു നല്‍കിയത്; അല്ലെങ്കില്‍ അപ്പുറത്തെ ബസാറിലേക്ക് കൊണ്ടുപോയത്; കൊണ്ടുപോയാല്‍ തന്നെ അവള്‍ അവിടെ നിന്ന് എന്തെങ്കിലും എടുക്കുമ്പോള്‍ 'വേണ്ട, വേണ്ട. അതവിടെത്തന്നെവെക്ക്, അവിടെത്തന്നെ വെക്ക്' എന്ന് പറയാതിരുന്നത്; ഒരു കാരണവുമില്ലാതെ ഒരു ഐസ്‌ക്രീം കഴിക്കാന്‍ പോയത്? അവള്‍ നിങ്ങളോട് ആവശ്യപ്പെടാതെ തന്നെ എന്നാണ് ഇത്തരം കാര്യങ്ങള്‍ ചെയ്തത്? അവര്‍ ഒരുപാടൊന്നും ചോദിക്കുന്നില്ല. നിങ്ങളുടെ അല്‍പം സമയം മാത്രമേ ആവശ്യപ്പെടുന്നുള്ളൂ. അല്ലാഹുവാണ, പല സഹോദരിമാരും എന്നോട് സങ്കടം പറയുമ്പോള്‍ എന്റെ ചെവികളെ വിശ്വസിക്കാനാവാതെ ഞാന്‍ നിന്നു പോയിട്ടുണ്ട്. അവര്‍ അവരുടെ ഭര്‍ത്താക്കന്മാരെ കാണാറേയില്ല. അവര്‍ വീട്ടില്‍ വന്ന് രാത്രി മുഴുവന്‍ കമ്പ്യൂട്ടറില്‍ യൂട്യൂബിനു മുന്നില്‍ ചെലവഴിക്കുകയാണത്രെ! ഞങ്ങളിപ്പോള്‍ വിവാഹിതരേ അല്ല എന്നും പറഞ്ഞ് ചില സ്ത്രീകള്‍ കരയുന്നു. കമ്പ്യൂട്ടറിന്റെ മുന്നില്‍ നിന്ന് എഴുന്നേല്‍ക്കൂ സൂഹൃത്തേ. നിങ്ങള്‍ക്ക് ഇടപഴകാന്‍ ഭാര്യയും കുട്ടികളുമുണ്ട്. അവര്‍ക്കാണ് നിങ്ങള്‍ മുന്‍ഗണന നല്‍കേണ്ടത്. നിങ്ങളവിടെ ഒറ്റക്ക് ഇരുന്ന് കാണുന്നതിലും കേള്‍ക്കുന്നതിലും എന്ത് ഇസ്‌ലാമാണുള്ളത്?
നമ്മുടെ കുടുംബത്തോട് നമ്മള്‍ കാരുണ്യമുള്ളവരാകണം. അവരോട് നമ്മള്‍ ഏറ്റവും നല്ലവരായിരിക്കണം. മുഹമ്മദ് നബി പറഞ്ഞതെന്താണ്? 'നിങ്ങളില്‍ ഏറ്റവും നല്ലവര്‍ നിങ്ങളുടെ കുടുംബത്തോട് നന്നായി പെരുമാറുന്നവരാണ്, ഞാനാണ് നിങ്ങളില്‍ ഏറ്റവും നല്ലവന്‍' എന്നാണ്. 'ഞാന്‍ ഏറ്റവും നല്ല രൂപത്തിലാണ് എന്റെ വീട്ടുകാരോട് പെരുമാറുന്നതെ'ന്ന് പറയാന്‍ നമുക്ക് കഴിയുമോ? നമ്മളെല്ലാം നമ്മുടെ സുഹൃത്തുക്കളോട് എത്ര നല്ലവരാണ്! സഹപ്രവര്‍ത്തകരോട് എത്ര നല്ലവരാണ്! നമ്മളോട് കയര്‍ക്കുന്ന പോലീസ് ഓഫീസറോട് നമ്മള്‍ എത്ര മര്യാദ രാമന്മാരാണ്! അത്രയും അനുകമ്പ നമ്മളുടെ ഉമ്മയോട് പോലും നമ്മള്‍ കാണിക്കുന്നില്ല. പത്ത് മിനിറ്റിലധികം അവരോട് നമുക്ക് സംസാരിക്കാന്‍ കഴിയുന്നില്ല. അവര്‍ ഇത്തിരി അസ്വസ്ഥപ്പെടുത്തി സംസാരിക്കാന്‍ തുടങ്ങുന്ന നിമിഷം, നമ്മള്‍ പിഴവില്ലാതെ ചെയ്യാത്ത കാര്യങ്ങളെക്കുറിച്ച് പറഞ്ഞുതുടങ്ങുന്ന നിമിഷം, മറ്റൊരു ഫോണ്‍ വരുന്നുണ്ടെന്ന് നമ്മള്‍ പറയുന്നു, ഇപ്പോള്‍ സംസാരിക്കാന്‍ കഴിയില്ല എന്നു പറയുന്നു. അവരെ കേള്‍ക്കൂ സുഹൃത്തേ. അവരുടെ അടുത്തിരുന്ന് അവരിലേക്ക് ശ്രദ്ധിക്കൂ. അതു ചെയ്യാന്‍ നമ്മള്‍ ബാധ്യസ്ഥരാണ്. അതാണ് നമ്മുടെ കര്‍ത്തവ്യം. കുട്ടിക്കാലത്ത് നമ്മള്‍ കരയുമ്പോള്‍ നമ്മെ മറ്റൊരു മുറിയിലാക്കി 'നിന്നോടിടപെടാന്‍ ഞാനില്ല' എന്നു പറഞ്ഞ് അവര്‍ നമ്മെ അകറ്റിയിട്ടില്ല. മറിച്ച്, നമ്മളെ അവര്‍ ചുമന്നിട്ടുണ്ട് ഒരുപാടു കാലം. നമ്മുടെ ഇണകളോട് നമ്മള്‍ ഉത്തമരാവണം, നമ്മുടെ മാതാപിതാക്കളോടും നമ്മള്‍ ഉത്തമരായിരിക്കണം. ബന്ധങ്ങളുടെ അടിസ്ഥാനമാണിവ. ഈ രണ്ട് ബന്ധങ്ങള്‍ നന്നായാല്‍ ബാക്കിയെല്ലാ ബന്ധങ്ങളും നന്നായി.  നിങ്ങളുടെ അല്ലാഹുവുമായുള്ള ബന്ധം നന്നായാലേ ഈ രണ്ട് ബന്ധങ്ങളും നന്നാവുകയുള്ളൂ.
നിങ്ങളുടെ വിവാഹജീവിതത്തിലോ മാതാപിതാക്കളുമായുള്ള ബന്ധത്തിലോ പ്രശ്‌നമുണ്ടെങ്കില്‍ അതിന്റെ യഥാര്‍ഥ കാരണം തഖ്‌വയുടെയും ഈമാന്റെയും കുറവാണ്. നിങ്ങള്‍ വേണ്ടവിധം നന്ദി കാണിക്കുന്നില്ല എന്നാണതിനര്‍ഥം. നിങ്ങളുടെ ഇണ നിങ്ങള്‍ക്ക് ദൈവം തന്ന സമ്മാനമാണ്, ആ സമ്മാനത്തോട് നന്ദികേട് കാണിക്കുക എന്നത് അല്ലാഹുവിനോട് നന്ദികേട് കാണിക്കലാണ്. നിങ്ങളുടെ മാതാപിതാക്കളും അല്ലാഹുവിന്റെ സമ്മാനം തന്നെ. അവരോട് ഊഷ്മളമായ ബന്ധത്തിലല്ല നിങ്ങള്‍ എങ്കില്‍ നിങ്ങള്‍ യഥാര്‍ഥത്തില്‍ ആരോടാണ് നന്ദികേട് കാണിക്കുന്നത്? സുഹൃത്തേ, ഗൗരമായിത്തന്നെ പറയുന്നു, നിങ്ങള്‍ കുടുംബവുമൊത്ത് ഭക്ഷണം കഴിക്കാന്‍ തുടങ്ങുക. ഒറ്റക്ക്, വെവ്വേറെ സമയത്ത് ആവരുത്. ഒരുപാടൊന്നും പറയുകയല്ല. നിങ്ങള്‍ കുറച്ച് സമയം നീക്കിവെച്ച് ചെറിയ സമര്‍പ്പണം നടത്തൂ. ഹോം വര്‍ക്കിന് ഒരു നിശ്ചിത സമയമുള്ള പോലെ കുടുംബസമേതം ഒരു ദിവസം ഒരു നമസ്‌കാരമെങ്കിലും ഒരുമിച്ച് നിര്‍വഹിക്കാന്‍ സമയം കണ്ടെത്തുക. മഗ്‌രിബോ ഇശാഓ ഏതെങ്കിലുമൊന്ന്. അന്നേരം എല്ലാവരും ഒത്തുകൂടുക., നമസ്‌കരിക്കുക. അതുതന്നെ ഒരു വലിയ കാര്യമാണ്. അത്രയെങ്കിലും നിങ്ങള്‍ക്ക് ചെയ്യാം. തുടക്കത്തില്‍ ഇത്രയൊക്കെ മതി. വളരെ വേഗം നിങ്ങള്‍ വീടകങ്ങളില്‍ ഇണയുമായും മക്കളുമായും ബന്ധങ്ങളില്‍ ഒന്നുകൂടി ദൃഢത ദര്‍ശിക്കും.
വിവ: മലികാ മര്‍യം


Comments

Other Post

ഖുര്‍ആന്‍ ബോധനം

സൂറ-20/ ത്വാഹാ/19-26
എ.വൈ.ആര്‍