ഇസ്രയേലിന് ആര് മണികെട്ടും...
ആണവായുധ വിഷയത്തില്‍ ഇറാനും ലോകത്തിലെ വന്‍ശക്തി രാജ്യങ്ങളും തമ്മില്‍ വര്‍ഷങ്ങളായി നിലനിന്നിരുന്ന തര്‍ക്കങ്ങള്‍ക്ക് സ്വിറ്റ്‌സര്‍ലന്റിലെ ജനീവയില്‍ നടന്ന മാരത്തോണ്‍ ചര്‍ച്ചകളുടെ ഫലമായി ഏതാണ്ടൊരു ശമനം വന്നിരിക്കുകയാണല്ലോ. ഇറാന്‍ എന്ന രാജ്യമാണ് ലോകത്തെ സര്‍വ ആണവായുധങ്ങളുടെയും മൊത്തം വിപണനക്കാരനെന്ന പാശ്ചാത്യ മാധ്യമ പ്രചാരണങ്ങള്‍ക്ക് തല്‍ക്കാലം ഇനി ഒരു 'കൊമേഴ്‌സ്യല്‍ ബ്രേക്ക്.' അമേരിക്ക, ഫ്രാന്‍സ്, ജര്‍മനി, ബ്രിട്ടന്‍, ചൈന, റഷ്യ എന്നീ ആറ് വന്‍ ശക്തികള്‍ യൂറോപ്യന്‍ യൂനിയന്‍ വിദേശ നയ മേധാവി കാതറിന്‍ ആഷ്ടിന്റെ മധ്യസ്ഥതയില്‍ ഇറാന്‍ വിദേശകാര്യമന്ത്രി മുഹമ്മദ് ജാവേദ് ദരീഫിന്റെയും സംഘത്തിന്റെയും സാന്നിധ്യത്തിലാണ് ഇറാന്‍ ആണവ പദ്ധതി ആറുമാസത്തേക്ക് മരവിപ്പിക്കാന്‍ തീരുമാനമായത്.
പുതിയ ധാരണയുടെ പശ്ചാത്തലത്തില്‍ ഇറാന് ലഭിക്കാന്‍ പോകുന്ന നേട്ടങ്ങള്‍ ചെറുതാണെങ്കിലും ആണവ വിഷയത്തില്‍ ഇറാനുമേല്‍ ഉരുണ്ട് കൂടിയിരുന്ന യുദ്ധ മേഘങ്ങള്‍ തല്‍ക്കാലത്തേക്കെങ്കിലും നീങ്ങിപ്പോയിരിക്കുന്നു. ആറുമാസക്കാലാവധിക്കിടയിലെ ഇറാന്റെ 'പെര്‍ഫോര്‍മന്‍സിന്' മാര്‍ക്കിടാന്‍ തയാറായി നില്‍പ്പുണ്ട് വന്‍ശക്തികള്‍.
പശ്ചിമേഷ്യന്‍ രാഷ്ട്രീയത്തിലെ നിര്‍ണായക വഴിത്തിരിവായി മാറുമെന്ന് വിദഗ്ധര്‍ ചൂണ്ടിക്കാട്ടുന്ന ജനീവ ധാരണയെ ലോകരാജ്യങ്ങള്‍ പരക്കെ സ്വാഗതം ചെയ്തിരിക്കെ പതിവുപോലെ ഇസ്രയേല്‍ എതിര്‍പ്പുകളുമായി രംഗത്തെത്തിക്കഴിഞ്ഞു. ഇസ്രയേല്‍ പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹു 'ചരിത്രപരമായ തെറ്റ്' എന്നാണ് ധാരണയെ വിശേഷിപ്പിച്ചത്. അമേരിക്കയും ചൈനയും ബ്രിട്ടനുമടക്കം ചരിത്രപരമെന്ന് വിശേഷിപ്പിച്ച ഉടമ്പടിയെ ഇസ്രയേല്‍ അവഗണിക്കുകയാണ് ചെയ്തത്. ലോകത്തെ ആപത്കാരിയായ രാജ്യമാണ് ഇറാനെന്നും ഇത്തരത്തിലുള്ള കരാറിനെ ഇസ്രയേല്‍ ഒരു നിലക്കും അംഗീകരിക്കുന്ന പ്രശ്‌നമില്ലെന്നും നെതന്യാഹു അഭിപ്രായപ്പെടുകയുണ്ടായി. ഇത്തരം പ്രതിലോമകരമായ കാഴ്ചപ്പാടുകളിലൂടെ ഇസ്രയേല്‍ മേഖലയില്‍ ഉദ്ദേശിക്കുന്ന രാഷ്ട്രീയ കാലാവസ്ഥ എന്താണ് എന്ന് മനസ്സിലാക്കാന്‍ അധിക ഗവേഷണമൊന്നും ആവശ്യമില്ല. അധിനിവേശങ്ങള്‍ നടത്തി ലോക സമാധാനത്തിന് ഭീഷണി ഉയര്‍ത്തുന്ന ഇസ്രയേലിനാണ് ഈ ഉടമ്പടി ഏറെ ദോഷം ചെയ്യുന്നത്. ഇറാന്‍ സമ്മര്‍ദത്തിന് വഴങ്ങുക വഴി ഇനി ലോകരാജ്യങ്ങളുടെ ശ്രദ്ധ ഇസ്രയേല്‍ ആണവ ശക്തിക്കുമേല്‍ തിരിയുമെന്ന ഉള്‍ഭയമായിരിക്കും ഇത്തരം നിലപാടുകള്‍ക്ക് പിന്നിലെന്ന് ന്യായമായും സംശയിക്കേണ്ടിയിരിക്കുന്നു. പശ്ചിമേഷ്യയില്‍ മറ്റൊരു യുദ്ധത്തിന് കളമൊരുക്കി ആയുധക്കച്ചവടത്തെയും രാഷ്ട്രീയ നേട്ടത്തെയും സ്വപ്നം കണ്ട് പദ്ധതികള്‍ ആവിഷ്‌കരിച്ചിരുന്ന ഇസ്രയേലിനെ ഇത്തരം ധാരണകള്‍ അലോസരപ്പെടുത്തിയില്ലെങ്കിലേ അത്ഭുതമുള്ളൂ.
ഇസ്രയേലിന്റെ 'മസില്‍പവര്‍' രാഷ്ട്രീയം ഇനിയും ലോകത്ത് വിലപ്പോവില്ല എന്നാണ് ഈ കരാറിന്റെ മറ്റൊരു ധ്വനി. ഇത് നെതന്യാഹുവും കൂട്ടരും മനസ്സിലാക്കുന്നുണ്ടോ എന്നാണ് സംശയം. അമേരിക്കയടക്കമുള്ള വന്‍ ശക്തി രാഷ്ട്രങ്ങള്‍ തങ്ങളുടെ ഇംഗിതത്തിനനുസരിച്ച് നില്‍ക്കുന്നില്ല എന്ന 'പുതിയ ട്രെന്‍ഡ്' ഇസ്രയേല്‍ ചെറുതായെങ്കിലും മനസ്സിലാക്കുന്നുണ്ട്. 'അമേരിക്കയെ നമ്മുടെ അഭിപ്രായങ്ങള്‍ കേള്‍പ്പിക്കാനും അനുസരിപ്പിക്കാനും മുമ്പത്തെപ്പോലെ നാം ബാധ്യസ്ഥരാണ്' എന്ന ഇസ്രയേല്‍ സാമ്പത്തിക കാര്യ മന്ത്രി യെര്‍ലാപിഡിന്റെ അഭിപ്രായം ഇതോടൊപ്പം ചേര്‍ത്തുവായിക്കുക. ഇറാനുമായുള്ള ധാരണകളുടെ പശ്ചാത്തലത്തില്‍ ഹാലിളകിയ നെതന്യാഹു മൊസാദിനോടും ഇസ്രയേലി സൈനിക രഹസ്യാന്വേഷണ ഏജന്‍സികളോടും ഇറാന്‍ നിബന്ധനകള്‍ ലംഘിക്കുന്നതിന്റെ തെളിവുകള്‍ അരിച്ചുപെറുക്കാന്‍ ആജ്ഞാപിച്ച വാര്‍ത്ത സൈനിക വൃത്തങ്ങള്‍ പുറത്ത് വിടുകയുണ്ടായി. ഇറാന്‍ നയതന്ത്രത്തിന്റെ കൂടി വിജയമായി വിലയിരുത്തപ്പെടുന്ന ജനീവ ധാരണയെ പൊളിക്കാനായിരിക്കും നെതന്യാഹുവിന്റെയും കൂട്ടരുടെയും ഇനിയുള്ള പുറപ്പാടുകള്‍ എന്ന് വ്യക്തം.
ഇസ്രയേല്‍ ആണവായുധങ്ങള്‍ സൂക്ഷിക്കുന്ന രാജ്യമാണ് എന്നത് പകല്‍പോലെ സത്യമാണ്. എന്നാല്‍ അമേരിക്കയടക്കമുള്ള വന്‍ശക്തി രാജ്യങ്ങള്‍ 'രഹസ്യ'ത്തെക്കുറിച്ച് ഏതെങ്കിലും അന്താരാഷ്ട്ര വേദികളില്‍ 'കമാ' എന്നൊരക്ഷരം പോലും ഉരിയാടിയിട്ടില്ല എന്നതാണ് യാഥാര്‍ഥ്യം. ഇറാന്‍ കിട്ടുന്ന പൊതുവേദികളിലൊക്കെ തുറന്നടിക്കുന്നത് ഇസ്രയേലിനെയും അമേരിക്കയെയും പലപ്പോഴും ചൊടിപ്പിച്ചിട്ടുണ്ട്.
ഇറാന്റെ ആണവായുധ ശേഖരത്തെക്കുറിച്ച് അച്ചുനിരത്തിയ മാധ്യമങ്ങള്‍പോലും ഇസ്രയേലിന്റെ കാര്യത്തില്‍ അര്‍ഥഗര്‍ഭമായ മൗനം പാലിക്കുകയാണ്. ഇപ്പോള്‍ വന്‍ശക്തികള്‍ നടത്തിയ ഈ കാല്‍വെപ്പുകള്‍ ഇസ്രയേലിനെ കൂടി ഉദ്ദേശിച്ചുള്ളതായിരുന്നെങ്കില്‍ വിശിഷ്യ മേഖലയിലും ലോകത്ത് പൊതുവിലും സമാധാനത്തിന്റെ പുത്തന്‍ അധ്യായങ്ങള്‍ തുറക്കുമായിരുന്നു. പക്ഷേ ഇവിടെയും പ്രശ്‌നം ഈ ദൗത്യത്തിന് ആര് ചുക്കാന്‍ പിടിക്കും എന്നതുതന്നെ.
Comments