Prabodhanm Weekly

Pages

Search

2013 ഡിസംബര്‍ 20

മക്കളുടെ വഴികേടില്‍ മനം നൊന്ത് ശപിക്കുന്ന ഉമ്മ തെറ്റുകാരിയാണോ?

ഇല്‍യാസ് മൗലവി / കുടുംബം

മിക്ക ഗള്‍ഫ് രാഷ്ട്രങ്ങളിലും പരിശുദ്ധ ഖുര്‍ആനു വേണ്ടി മാത്രമായി പ്രത്യേകം റേഡിയോ പ്രക്ഷേപണമുണ്ട്. ഖുര്‍ആന്‍ റേഡിയോ എന്നാണ് പേരെങ്കിലും ഖുര്‍ആന്‍, ഹദീസ്, ഫിഖ്ഹ് തുടങ്ങി ധാരാളം വിഷയങ്ങള്‍ അവ കൈകാര്യം ചെയ്യാറുണ്ട്. മണിക്കൂറുകളോളം വാഹനത്തില്‍ യാത്ര ചെയ്യുന്നവര്‍ക്കും, ട്രാഫിക് കുരുക്കില്‍പ്പെട്ട് കെട്ടിക്കിടക്കുന്നവര്‍ക്കുമെല്ലാം വളരെ ഉപകാരപ്പെടുന്ന വിവിധയിനം പരിപാടികള്‍, നല്ല പ്രഭാഷണങ്ങള്‍, സദുപദേശങ്ങള്‍, ചോദ്യോത്തര പരിപാടികള്‍. ഒരുപാട് സഹോദരീ സഹോദരന്മാരെ അവ നേര്‍വഴിക്ക് നയിച്ചിട്ടുണ്ട്.
ഖത്തറിലായിരിക്കെ ഒരു സന്ധ്യാസമയത്ത് കാറില്‍ യാത്ര ചെയ്യുകയാണ്. ഖത്തര്‍ ഖുര്‍ആന്‍ റേഡിയോ തുറന്ന് അതില്‍ പ്രക്ഷേപണം ചെയ്തുകൊണ്ടിരിക്കുന്ന ചോദ്യോത്തര പരിപാടി കേട്ടുകൊണ്ടിരിക്കുകയാണ്. അറിയപ്പെട്ട ഒരു പണ്ഡിതനാണ് അതിഥി. നാടിന്റെ പല ഭാഗത്തുനിന്നും ശ്രോതാക്കള്‍ പലതരം ചോദ്യങ്ങള്‍ ചോദിച്ചുകൊണ്ടിരിക്കുന്നു. കൂട്ടത്തില്‍ ഒരു സ്ത്രീ അമ്പരപ്പിക്കുന്ന ഒരു ചോദ്യം ചോദിച്ചു. ആ ചോദ്യമിതാണ്: ഞാന്‍ എന്റെ മകനെതിരില്‍ പ്രാര്‍ഥിക്കുകയും  പ്രാര്‍ഥന  ഏറ്റു എന്ന് തോന്നുമാറ് അപ്രതീക്ഷിതമായി ഒരു അപകടത്തില്‍ അവന്‍ മരിക്കുകയും ചെയ്തു. ആ മരണത്തിന് കാരണക്കാരി എന്ന നിലയില്‍ ഞാന്‍ അല്ലാഹുവിന്റെ മുമ്പില്‍ കൊലയാളിയാണോ? ആണെങ്കില്‍ എനിക്ക് തൗബയുണ്ടോ? മറുപടി പറയുംമുമ്പ് സംഭവം വിശദാംശങ്ങളോടെ വിവരിക്കാന്‍ ശൈഖ് ആവശ്യപ്പെട്ടു.
ആ സ്ത്രീ വിശദീകരിച്ചു:  ചീത്ത കൂട്ടുകെട്ടില്‍പെട്ട എന്റെ പ്രിയപ്പെട്ട മകന്‍ മുഴുകുടിയനായി മാറി. മദ്യപിച്ച് ലക്കുകെട്ട് ബഹളം വെക്കാനും മകളെയും ഉമ്മയായ എന്നെയും വരെ ഉപദ്രവിക്കാനും വീട്ടിലെ സാധന സാമഗ്രികള്‍ നശിപ്പിക്കാനുമെല്ലാം തുടങ്ങി. അവന്‍ വീട്ടിലേക്ക് വരുന്നത് ഞങ്ങള്‍ക്ക് പേടിയാണ്. ഒരു ദിവസം മൂക്കറ്റം മദ്യപിച്ച് വീട്ടിലെത്തിയ അവന്‍ ഞങ്ങളെ ഉപദ്രവിക്കുകയും ഉപകരണങ്ങള്‍ എറിഞ്ഞുടക്കുകയും ചെയ്തു. നിസ്സഹായരായ ഞങ്ങള്‍ എങ്ങനെയൊക്കെയോ  അവനെ വീടിനു പുറത്താക്കി കതകടച്ചു. കുറേ തെറിവിളിച്ച് അവന്‍ ഇറങ്ങിപ്പോയി. ഞാന്‍ ദുഃഖഭാരത്താല്‍ പ്രാര്‍ഥിച്ചു പോയി: ''പടച്ചവനേ, ഈ കോലത്തില്‍ അവന്‍ ഇനിയും ഇങ്ങോട്ട് വരാന്‍ ഇടയാക്കരുതേ.'' കുറെ കഴിഞ്ഞപ്പോള്‍ എനിക്ക് ഒരു ഫോണ്‍ വന്നു. ഹോസ്പിറ്റലില്‍ നിന്നാണ്. ''നിങ്ങളുടെ മകന്‍ ഒരു അപകടത്തില്‍പ്പെട്ട് ദാരുണമായി മരണപ്പെട്ടിരിക്കുന്നു. മൃതദേഹം അധികസമയം വെച്ചിരിക്കാന്‍ നിര്‍വാഹമില്ല. ഉടനെ വന്ന് നടപടിക്രമങ്ങള്‍ പൂര്‍ത്തിയാക്കണം. നേരെ ഖബ്ര്‍സ്ഥാനിലേക്ക് കൊണ്ട് പോകേണ്ടതുണ്ട്. വിഷമിക്കേണ്ട, അല്ലാഹു നിശ്ചയിച്ച പോലെ സംഭവിക്കേണ്ടത് സംഭവിക്കും.''
എന്റെ കണ്ണുകള്‍ നിറഞ്ഞൊഴുകി. എനിക്കൊന്നും ചെയ്യാനില്ലായിരുന്നു. എന്റെ മകന്റെ മരണം എന്റെ പ്രാര്‍ഥനയുടെ ഫലമാണോ? ആണെന്നു തന്നെ എന്റെ മനസ്സ് പറയുന്നു. എങ്കില്‍ സ്വന്തം മകനെ കൊന്ന കൊലയാളിയായ ഉമ്മയല്ലേ ഞാന്‍? എനിക്കാകെ ഉത്കണ്ഠയാണ്. ഞാനാകെ വ്യാകുലപ്പെടുകയാണ്. എനിക്ക് കുറ്റമുണ്ടോ? ഉണ്ടെങ്കില്‍ എങ്ങനെ?
സ്വന്തം സന്താനങ്ങള്‍ക്കെതിരെ പ്രാര്‍ഥിക്കരുതെന്ന്  പ്രവാചകന്‍ ഉണര്‍ത്തിയിട്ടുണ്ട്: ''നിങ്ങള്‍ നിങ്ങളുടെ സമ്പത്തിനെതിരെയും നിങ്ങളുടെ സന്താനങ്ങള്‍ക്കെതിരെയും നിങ്ങള്‍ക്കെതിരെയും പ്രാര്‍ഥിച്ചുകൂടാ. അല്ലാഹു ചോദിച്ചത് നല്‍കുന്ന ഒരു സമയമുണ്ട്. ആ സമയത്തെങ്ങാനുമാണ്  നിങ്ങള്‍ പ്രാര്‍ഥിക്കുന്നതെങ്കില്‍ നിങ്ങള്‍ക്ക് ഉത്തരം ലഭിച്ചിരിക്കും. ആ സമയം ഒത്തുവരുന്നത് നിങ്ങള്‍ ശ്രദ്ധിക്കണം'' (ഇമാം മുസ്‌ലിം- 3009, അബൂ ദാവൂദ്). ഉത്തരം ചെയ്യപ്പെടുമെന്നതില്‍ യാതൊരു സംശയവുമില്ലാത്ത മൂന്ന് പ്രാര്‍ഥനകളെക്കുറിച്ച് നബി (സ) പറഞ്ഞിട്ടുണ്ട്. അതിലൊന്ന് പിതാവ് സന്താനത്തിനെതിരെ നടത്തുന്ന പ്രാര്‍ഥനയാണ് (തിര്‍മിദി -3442).
ഇവിടെ മാതാപിതാക്കള്‍ അനീതിക്കും പീഡനത്തിനും ഇരകള്‍ കൂടിയാണെങ്കില്‍ അവരുടെ പ്രാര്‍ഥനക്ക് യാതൊരു മറയോ തടസ്സമോ ഉണ്ടാവുകയില്ല. ഉത്തരം ലഭിക്കുക തന്നെ ചെയ്യും. നമ്മുടെ പരിസരത്തും അറിവിലും പെട്ട പലരുടെയും ദുര്യോഗത്തിന്റെയും കഷ്ടതയുടെയും പിന്നാമ്പുറം പരിശോധിച്ചാല്‍ ഇത്തരം പ്രാര്‍ഥനയുടെ ഇരകളും അവരില്‍ കണ്ടേക്കാം. സ്വന്തം മക്കള്‍ക്കെതിരെ അവരുടെ ക്രൂരമായ പെരുമാറ്റത്തില്‍ മനംനൊന്ത് മനസ്സറിഞ്ഞ് പ്രാര്‍ഥിക്കുകയും ആ പ്രാര്‍ഥന അതികഠിനമായ പരീക്ഷണമായി അവരില്‍ പതിക്കുകയും പിന്നീട് അവരനഭവിക്കുന്ന ദുരിതമോര്‍ത്ത് വേദനിക്കുകയും ചെയ്യുന്ന മാതാപിതാക്കളുമുണ്ട്. തന്റെ തന്നെ പ്രാര്‍ഥനയുടെ തിക്തഫലം സ്വന്തം മക്കളില്‍ ശാപമായി ഭവിക്കുന്നതും ആ ശാപത്തില്‍ നിന്ന് മോക്ഷം നല്‍കാന്‍ വേണ്ടി അതേ മാതാപിതാക്കള്‍ തന്നെ വീണ്ടും പ്രാര്‍ഥിക്കുന്നതും അത് സ്വീകരിക്കപ്പെടാതിരിക്കുന്നതും സംഭവ ലോകത്തുണ്ടെന്നതും ഒരു യാഥാര്‍ഥ്യം.
മാതാപിതാക്കളെ വെറുപ്പിക്കാതെ നോക്കേണ്ടത് തങ്ങളുടെ ബാധ്യതയാണെന്നറിയാത്തവരായിരിക്കില്ല  സന്താനങ്ങള്‍. പക്ഷേ സാഹചര്യത്തിന്റെ സമ്മര്‍ദത്തിന് വഴങ്ങിയോ, സ്വാര്‍ഥ താല്‍പര്യത്തിന് മറ്റെന്തിനെക്കാളും പ്രാമുഖ്യം നല്‍കിയോ മാതാപിതാക്കളെ വെറുപ്പിക്കുന്നവര്‍ ജാഗ്രതയോടെ ഓര്‍ത്തിരിക്കേണ്ടതാണ് ഉപര്യുക്ത തിരുവചനം.
സന്താനങ്ങളുടെ വഴിതെറ്റിയുള്ള പെരുമാറ്റത്തിലും അവരോടുളള ബാധ്യതകളില്‍ ഉപേക്ഷ വരുത്തുന്നതിലും തങ്ങള്‍ക്ക് വല്ല പങ്കുമുണ്ടോ എന്ന് മാതാപിതാക്കളും പുനഃപരിശോധന നടത്തണം. എന്തെങ്കിലും അനുസരണക്കേടോ അച്ചടക്കലംഘനമോ കാണിക്കുമ്പോഴേക്ക് മക്കളെ ശപിക്കാനൊരുമ്പട്ടുകൂടാ. ഇവിടെ യഅ്ഖൂബ് നബിയുടെ നിലപാട് നമുക്ക് മാതൃകയാവേണ്ടതാണ.്
പുത്ര വിയോഗത്തില്‍ വേദനയനുഭവിച്ച യഅ്ഖൂബി(അ) ന്റെ മാനസികാവസ്ഥയും ശാരീരികാവസ്ഥയും വിശുദ്ധ ഖുര്‍ആന്‍ അടയാളപ്പെടുത്തിയിട്ടുണ്ട്. മക്കളെ സ്‌നേഹിക്കുന്ന പിതാവിന്റെ ഉദാത്ത മാതൃക. ബാലനായിരിക്കെ തങ്ങള്‍ക്ക് നഷ്ടപ്പെട്ട പൊന്നോമന മകനെപ്പറ്റി യാതൊരു വിവരവും ലഭിക്കാതെ ഒരാളോടും അന്വേഷിക്കാന്‍ പോലും മാര്‍ഗമില്ലാതെ എല്ലാം പടച്ചവനില്‍ ഭരമേല്‍പിച്ച ആ പിതാവിനോട് കഥാന്ത്യത്തില്‍ കടുംകൈ ചെയ്ത മൂത്ത മക്കള്‍ വന്ന് കേണപേക്ഷിക്കുന്നത് ഖുര്‍ആന്‍ തന്നെ പറയട്ടെ: ''പിതാവേ, അങ്ങ് ഞങ്ങളുടെ പാപമോചനത്തിനുവേണ്ടി പ്രാര്‍ഥിക്കേണമേ. സത്യത്തില്‍ ഞങ്ങള്‍ പാപികളായിരുന്നു.'' ഉടനെ പിതാവിന്റെ പ്രതികരണം നോക്കൂ: ''നിങ്ങളോട് പൊറുക്കാന്‍ എന്റെ റബ്ബിനോട് ഞാന്‍ പ്രാര്‍ഥിക്കുന്നതാണ്. തീര്‍ച്ചയായും അവന്‍ ഏറെ മാപ്പരുളുന്നവനും ദയപരനമാകുന്നു'' (യൂസുഫ് 97,98). ഈ മക്കള്‍ പിതാവിനോട് തങ്ങള്‍ക്ക് വേണ്ടി ഇസ്തിഗ്ഫാര്‍ നടത്താന്‍ കേണപേക്ഷിച്ചപ്പോള്‍ ആ സമയത്തെക്കാള്‍ പ്രാര്‍ഥനക്ക് ഉത്തരം കിട്ടാന്‍ സാധ്യതയുള്ള അത്താഴ സമയത്തേക്ക് നീട്ടിവെച്ചു. ജുമുഅ ദിവസത്തേക്ക് അത് നീട്ടിവെച്ചു എന്ന് ഇബ്‌നു അബ്ബാസി(റ)ന്റെ അഭിപ്രായവുമുണ്ട്. പിന്നീട് എല്ലാവരും കൂടി യൂസുഫ് നബിയുള്‍പ്പെടെ ജ്യേഷ്ഠന്മാരുടെ പാപമോചനത്തിനായി അല്ലാഹുവിനോട് തേടുകയാണ്. വര്‍ഷങ്ങളോളം അദ്ദേഹം അത് തുടര്‍ന്നു. മൂന്ന് കാര്യമായിരുന്നു യഅ്ഖൂബ് നബി കാര്യമായി പ്രാര്‍ഥിച്ചിരുന്നത്. 'അല്ലാഹുവേ, പുത്രവിയോഗത്തില്‍ എനിക്ക് അക്ഷമ പറ്റിയിട്ടുണ്ടെങ്കില്‍ അതും, വേണ്ടതുപോലെ സഹനമവലംബിക്കുന്നതില്‍ വീഴ്ച പറ്റിയിട്ടുണ്ടെങ്കില്‍ അതും, മൂത്ത മക്കള്‍ യൂസുഫിനോട് ചെയ്തു പോയതും പൊറുക്കുമാറാകണമേ.' ഇമാം റാസി തന്റെ തഫ്‌സീറില്‍ നല്‍കിയ വിശദീകരണമാണിത് (18/210 റാസി).
സന്താനങ്ങള്‍ക്കെതിരില്‍ പ്രാര്‍ഥിക്കരുതെന്ന് വിലക്കിയ പ്രവാചകന്‍ തിരുമേനി, അവര്‍ക്ക് വേണ്ടി പ്രാര്‍ഥിക്കാന്‍ പഠിപ്പിച്ചതിന്റെ നിരവധി ഉദാഹരണങ്ങള്‍ നമുക്ക് കാണാനാവും. അല്ലാഹു തള്ളാത്ത പ്രാര്‍ഥനകളുടെ ഗണത്തിലാണ് സന്താനങ്ങള്‍ക്ക് വേണ്ടിയുള്ള പ്രാര്‍ഥനകളെന്നാണ് പ്രവാചകന്‍ പഠിപ്പിച്ചിട്ടുള്ളത്. മക്കളോട് ദേഷ്യപ്പെടുമ്പോള്‍ പറയേണ്ടത് ശാപവാക്കുകളല്ല, മറിച്ച് പ്രാര്‍ഥനകളാണ്.
ആദ്യം പറഞ്ഞ സംഭവത്തില്‍ പണ്ഡിതന്‍ ആ സ്ത്രീയോട് എന്ത് മറുപടി പറഞ്ഞുവെന്ന് അറിയാന്‍ വായനക്കാര്‍ക്ക് താല്‍പര്യമുണ്ടാവും. അതിന്റെ ചുരുക്കം: 'താങ്കളുടെ മകന്റെ മരണത്തില്‍ താങ്കള്‍ക്ക് നേരിട്ട് പങ്കൊന്നുമില്ല. അതിനാല്‍ താങ്കള്‍ അല്ലാഹുവിന്റെ മുമ്പില്‍ കൊലയാളിയുമല്ല. എന്നാല്‍, താങ്കളുടെ പ്രാര്‍ഥന സ്വീകരിക്കപ്പെടുന്ന പ്രാര്‍ഥനകളില്‍ പെട്ടതാകയാല്‍ ആ പ്രാര്‍ഥനയുടെ സ്വാധീനം ആ ദുരന്തത്തില്‍ തള്ളിക്കളയാനും സാധ്യമല്ല. അതിനാല്‍ ഇനിയുള്ള കാലം കൂടുതല്‍ അല്ലാഹുവുമായി അടുക്കാനും ഇങ്ങനെ മക്കള്‍ക്കെതിരായി പ്രാര്‍ഥിക്കാനുള്ള സാഹചര്യം ഉണ്ടാവാത്തവണ്ണം മറ്റു മക്കളെ നന്നാക്കി വളര്‍ത്താനും അവരുടെ ഗുണത്തിനും നേട്ടത്തിനും വേണ്ടി പ്രാര്‍ഥിക്കാനും ശ്രമിക്കുക.'

Comments

Other Post

ഖുര്‍ആന്‍ ബോധനം

സൂറ-19/ മര്‍യം/81-87
എ.വൈ.ആര്‍