പട്ടേലിന്റെ വര്‍ഗീയത, ഒരു ചരിത്ര രേഖ
പ്രധാനമന്ത്രി മന്‍മോഹന്‍ സിംഗും പ്രധാനമന്ത്രി കുപ്പായത്തിന് കാത്തിരിക്കുന്ന നരേന്ദ്ര മോഡിയും തമ്മില്‍ ഈയിടെ ചെറിയൊരു വാക്പയറ്റ് നടന്നു, സര്‍ദാര്‍ വല്ലഭായ് പട്ടേലിനെ ചൊല്ലി. നെഹ്‌റുവിനു പകരം പട്ടേല്‍ ഇന്ത്യയുടെ പ്രധാനമന്ത്രിയായിരുന്നുവെങ്കില്‍ പില്‍ക്കാല ഇന്ത്യാ ചരിത്രം അപ്പാടെ മാറിപ്പോയേനെ എന്ന് നരേന്ദ്ര മോഡി. പട്ടേല്‍ കറകളഞ്ഞ സെക്യുലര്‍ വാദിയായിരുന്നുവെന്ന് പ്രധാനമന്ത്രി തിരിച്ചടിച്ചു. ഇപ്പോഴത്തെ നേതാക്കള്‍ക്ക് അത്തരം ഗുണങ്ങളൊന്നുമില്ലെന്ന് പറഞ്ഞ് മോഡിക്കെതിരെ ഒരു ഒളിയമ്പും അദ്ദേഹം പായിച്ചു.
പക്ഷേ, ഇക്കാര്യത്തിലെങ്കിലും മോഡി പറഞ്ഞതാണ് ശരി എന്ന് ഫ്രന്റ് ലൈന്‍ ദൈ്വവാരിക (2013 ഡിസംബര്‍ 13)യില്‍ പ്രശസ്ത ഇന്ത്യാ ചരിത്ര ഗവേഷകനായ എ.ജി നൂറാനി എഴുതിയ പഠനാര്‍ഹമായ പ്രബന്ധം വായിച്ച ഏതൊരാളും സമ്മതിക്കേണ്ടിവരും. ശുദ്ധ സെക്യുലര്‍ ചിന്താഗതിക്കാരനായിരുന്നു ജവഹര്‍ലാല്‍ നെഹ്‌റു, വല്ലഭായ് പട്ടേല്‍ അതിന് നേരെ വിപരീതവും. പട്ടേലിന്റെ വര്‍ഗീയ വിഷം വമിക്കുന്ന പരാമര്‍ശങ്ങള്‍ എത്ര വേണമെങ്കിലും നിങ്ങള്‍ക്ക് ആ പ്രബന്ധത്തില്‍ വായിക്കാന്‍ പറ്റും. എല്ലാ ഉദ്ധരണികള്‍ക്കും ആധികാരിക ചരിത്ര രേഖകള്‍ പിന്‍ബലമായുണ്ട്. മുസ്‌ലിംകള്‍ക്കെതിരിലുള്ള പ്രസ്താവനകൡും സര്‍ക്കാര്‍ ഉത്തരവുകളിലും ഒതുങ്ങുന്നില്ല അത്. പട്ടേലല്ലാത്ത മറ്റൊരാളാണ് ആഭ്യന്തരമന്ത്രി സ്ഥാനം കൈകാര്യം ചെയ്തിരുന്നതെങ്കില്‍ മഹാത്മാഗാന്ധി വധിക്കപ്പെടില്ലായിരുന്നു എന്നു വരെ അന്നത്തെ തലമുതിര്‍ന്ന നേതാക്കള്‍ വെട്ടിത്തുറന്ന് പറഞ്ഞിരുന്നു. കാരണം, 1948 ജനുവരി 20-ന് ഗാന്ധിജിയുടെ പ്രാര്‍ഥനാ യോഗത്തിന് നേരെ മദന്‍ലാല്‍ എന്നൊരാള്‍ ബോംബെറിഞ്ഞിരുന്നു. സംഭവത്തിന് ഒരാഴ്ച മുമ്പ് ഇയാള്‍ ഹിന്ദുത്വ ആശയഗതിക്കാരുടെ നേതാവ് സവര്‍ക്കറെ സന്ദര്‍ശിച്ചിട്ടുണ്ട്. വേണ്ടവിധം അന്വേഷിച്ചിരുന്നെങ്കില്‍ ഈ ഗൂഢാലോചന എളുപ്പത്തില്‍ കണ്ടെത്താമായിരുന്നു. പക്ഷേ ഹിന്ദുത്വ ബ്രിഗേഡിയറിനെ സംരക്ഷിക്കുന്ന നിലപാടാണ് പട്ടേല്‍ കൈകൊണ്ടത്. 1948 ജനുവരി 30-ന് അതേ ഗൂഢാലോചനക്കാരാല്‍ ഗാന്ധിജി വധിക്കപ്പെടുകുയം ചെയ്തു. 'വര്‍ഗീയത തൊട്ടുതീണ്ടാത്ത ഒരാളാണ് ആഭ്യന്തരമന്ത്രിയായിരിക്കേണ്ടത്' എന്നാണ് ഇതേക്കുറിച്ച് ജയപ്രകാശ് നാരായണന്‍ പ്രതികരിച്ചത്. സര്‍വാദരണീയനും സെക്യുലര്‍ ചിന്താഗതിക്കാരനുമായ ബി. രാജഗോപാലാചാരി (രാജാജി) ഇന്ത്യയുടെ ഒന്നാമത്തെ പ്രസിഡന്റാകാതിരിക്കാന്‍ ചരട് വലിച്ചതും പട്ടേല്‍ തന്നെ. അബുല്‍ കലാം ആസാദിനെ ആദ്യ മന്ത്രിസഭയില്‍ ഉള്‍പ്പെടുത്താതിരിക്കാനും പട്ടേല്‍ കിണഞ്ഞ് ശ്രമിച്ചിരുന്നു.
ഹിന്ദുത്വ ആശയങ്ങളുടെ ആചാര്യരായി ഗണിക്കപ്പെടുന്ന സവര്‍ക്കറിനോ ഗോള്‍വാക്കറിനോ പോലും പട്ടേല്‍ ചെയ്തതിനും പറഞ്ഞതിനുമപ്പുറം ഒന്നും ചെയ്യാനോ പറയാനോ ഉണ്ടായിരുന്നില്ല എന്നാണ് പ്രബന്ധകാരന്റെ കമന്റ്. നരേന്ദ്രമോഡിയുടെ ഹീറോ ആയി പട്ടേല്‍ മാറിയതില്‍ ഒട്ടുമില്ല അത്ഭുതം. മോഡി ചരിത്രം പഠിച്ചും, മന്‍മോഹന്‍ സിംഗ് ചരിത്രം പഠിക്കാതെയുമാണ് വാഗ്വാദത്തില്‍ ഏര്‍പ്പെട്ടത്. മുഖ്യധാരാ ചരിത്രപുസ്തകങ്ങളില്‍ ഒളിച്ചുവെക്കപ്പെട്ട ഒട്ടുവളരെ സത്യങ്ങള്‍ പുറത്തുകൊണ്ടുവരുന്നു എന്ന ചരിത്ര പ്രാധാന്യം തീര്‍ച്ചയായും നൂറാനിയുടെ ഈ പ്രബന്ധത്തിനുണ്ട്.
Comments