Prabodhanm Weekly

Pages

Search

2013 ഡിസംബര്‍ 20

വരുമാനത്തിന്റെ സ്രോതസ്സ്

ഡോ. മുഹമ്മദ് ഹമീദുല്ല / പഠനം

മദീനയില്‍ പ്രവാചകന്‍ സ്ഥാപിച്ച മറ്റൊരു ഭരണ സംവിധാനമാണ് റവന്യൂ. നികുതി/വരുമാന സംവിധാനം. വളരെ സാവധാനമാണ് ഈ സംവിധാനം രൂപപ്പെട്ട് വന്നത്. ഏറ്റവും വലിയ വരുമാന മാര്‍ഗമായ സകാത്ത് നിര്‍ബന്ധമാക്കിയത് ഹിജ്‌റ ഒമ്പതാം വര്‍ഷമാണ്. അതായത് പ്രവാചക വിയോഗത്തിന്റെ രണ്ട് വര്‍ഷം മുമ്പ് മാത്രം. അതിന്റെ മുമ്പുണ്ടായിരുന്ന വരുമാന രീതികളെക്കുറിച്ച് കൃത്യമായി അറിയാന്‍ കഴിഞ്ഞിട്ടില്ല. പ്രവാചകന്‍ മക്കയിലായിരിക്കെ അവതരിച്ച ഖുര്‍ആന്‍ സൂക്തങ്ങളിലും സകാത്ത് പരാമര്‍ശിക്കപ്പെടുന്നതുകൊണ്ട് മദീനാ പലായനം നടക്കുന്നതിന് മുമ്പേ മുസ്‌ലിംകള്‍ സകാത്ത് നല്‍കാറുണ്ടായിരുന്നു എന്ന് മനസ്സിലാക്കാം. പക്ഷേ, നല്‍കേണ്ട തുകയോ അതിന്റെ സമയമോ കൃത്യമായി നിര്‍ണയിച്ചിരുന്നില്ല. ഇസ്‌ലാമിന്റെ പ്രചാരണത്തിന് തന്നാലാവുന്ന സാമ്പത്തിക സഹായങ്ങള്‍ ചെയ്യുക എന്നതായിരുന്നു ഓരോ വിശ്വാസിയുടെയും രീതി. സകാത്തിന് പുറമെ വരുമാനത്തിന്റെ മറ്റൊരു സ്രോതസ്സ് യുദ്ധ വിജയങ്ങള്‍ വഴി ലഭിക്കുന്ന സമ്പത്തായിരുന്നു. പൊതുഖജനാവിലാണ് അത് നിക്ഷേപിക്കുക. രാഷ്ട്രത്തിന്റെ ആവശ്യങ്ങള്‍ക്കായി പ്രവാചകന്‍ അതില്‍ നിന്നും വിഹിതം എടുത്തിരുന്നു.
പ്രവാചകന്റെ ആഗമനത്തിന് മുമ്പ് യുദ്ധത്തില്‍ പങ്കെടുക്കുന്ന ഓരോ പടയാളിയും തനിക്ക് കിട്ടുന്ന യുദ്ധമുതലുകള്‍ മറ്റാര്‍ക്കും കൊടുക്കാതെ സ്വന്തമായി എടുക്കുകയാണ് ചെയ്തിരുന്നത്. അതേസമയം ഓരോ പടയാളിക്കും കിട്ടുന്ന യുദ്ധമുതലിന്റെ നാലിലൊന്ന് സര്‍വ സൈന്യാധിപന് നല്‍കണമായിരുന്നു. പ്രവാചകന്‍ ഈ സംവിധാനത്തെ തിരുത്തി. രാഷ്ട്രത്തിനുള്ള ഓഹരി നാലിലൊന്നില്‍ നിന്ന് അഞ്ചിലൊന്നായി അദ്ദേഹം ചുരുക്കി. യുദ്ധമുതലുകളെക്കുറിച്ച സങ്കല്‍പവും പ്രവാചകന്‍ തിരുത്തുകയുണ്ടായി. വ്യക്തിപരമായല്ല, സാമൂഹികമായാണ് അത് കൈകാര്യം ചെയ്യേണ്ടത് എന്ന് അദ്ദേഹം നിഷ്‌കര്‍ഷിച്ചു.യുദ്ധസമ്പാദ്യങ്ങള്‍ മൊത്തം സമൂഹത്തിനും അവകാശപ്പെട്ടതാണ്. ന്യായമായ കാരണങ്ങളാല്‍ യുദ്ധത്തില്‍ നേരിട്ട് പങ്കെടുക്കാത്തവര്‍ക്കും അതിന്റെ വിഹിതം ലഭിക്കേണ്ടതുണ്ട്. രാഷ്ട്രത്തിലെ കച്ചവട സ്ഥാപനങ്ങള്‍, സ്ത്രീകളും കുട്ടികളും ഉള്‍പ്പെടുന്ന ദുര്‍ബല വിഭാഗങ്ങള്‍ ഇതൊക്കെ സംരക്ഷിക്കാന്‍ കുറെയാളുകള്‍ യുദ്ധത്തിന് പോകാതെ നാട്ടില്‍ തന്നെ കഴിയേണ്ടിവരും. അവര്‍ യുദ്ധമുഖത്ത് സന്നിഹിതരല്ലെങ്കിലും, അവരുടെ കൂടി സഹായമുണ്ടെങ്കിലേ യുദ്ധവിജയം സാധ്യമാകൂ. അതിനാലാണ് ഇവര്‍ക്കെല്ലാവര്‍ക്കും അവകാശപ്പെട്ടതാണ് യുദ്ധമുതലുകള്‍ എന്ന് പ്രവാചകന്‍ പറഞ്ഞത്. സാദാ ഭടനെന്നോ കമാണ്ടറെന്നോ ഉള്ള വ്യത്യാസം അവിടെ ഉണ്ടാവുകയില്ല. ഇരു കൂട്ടര്‍ക്കും തുല്യ വിഹിതമായിരിക്കും. വലിയ സൈന്യമാകുമ്പോള്‍ ബറ്റാലിയനുകളായി തിരിക്കേണ്ടിവരും. ഓരോ യൂനിറ്റ് ബറ്റാലിയനും ഒരു കമാണ്ടര്‍ ഉണ്ടാവും. പക്ഷേ, യുദ്ധമുതലുകളുടെ കാര്യത്തില്‍ സാദാ ഭടനും കമാണ്ടറും തമ്മില്‍ വ്യത്യാസമുണ്ടാവുകയില്ല. സ്വന്തമായി കുതിരയുള്ള ഭടന് കാലാള്‍പടയിലെ സാദാ ഭടനേക്കാള്‍  ഇരട്ടി വിഹിതം ലഭിക്കും എന്നത് മാത്രമായിരുന്നു വ്യത്യാസം.
വരുമാനത്തിന്റെ മറ്റൊരു സ്രോതസ്സ് കാര്‍ഷികോല്‍പന്നങ്ങളില്‍ നിന്നായിരുന്നു. പ്രവാചകാഗമനത്തിന് മുമ്പ് മക്കക്കാര്‍ വിളവെടുപ്പ് സമയങ്ങളില്‍ ദേവീദേവന്മാര്‍ക്ക് അര്‍പ്പിക്കാനായി കാര്‍ഷികോല്‍പന്നങ്ങളുടെ ഒരു വിഹിതം മാറ്റിവെക്കാറുണ്ടായിരുന്നു. ഈ രീതി പിന്തുടര്‍ന്നുകൊണ്ട് തങ്ങളുടെ കാര്‍ഷികോല്‍പന്നങ്ങളില്‍ ഒരു വിഹിതം മദീനയിലെ വിശ്വാസികള്‍ അല്ലാഹുവിന്റെ മാര്‍ഗത്തിലേക്ക് നീക്കിവെച്ചിരുന്നു എന്ന് കരുതാന്‍ ന്യായമുണ്ട്. ഇത് പിന്നീട് സകാത്ത് സംവിധാനത്തില്‍ ഉള്‍ച്ചേര്‍ന്നിട്ടുണ്ടാകാം. ഇങ്ങനെ ശേഖരിക്കപ്പെടുന്ന സമ്പത്ത് സൂക്ഷിക്കാനും സംവിധാനമേര്‍പ്പെടുത്തി. ബിലാലി(റ)നായിരുന്നു അതിന്റെ ചുമതല. അദ്ദേഹം ഒരേസമയം 'ധനകാര്യമന്ത്രി'യും ബാങ്ക് വിളിക്കാരനുമായിരുന്നു. പ്രവാചകന്റെ പള്ളിയില്‍ ഒരു മുറി ഖജനാവായി ഉപയോഗിച്ചിരുന്നു. അടഞ്ഞ് കിടന്നിരുന്ന ഈ മുറിയിലായിരുന്നു രാഷ്ട്രത്തിന്റെ സമ്പത്ത് സൂക്ഷിക്കപ്പെട്ടിരുന്നത്.
ഖുര്‍ആന്‍ വ്യാഖ്യാതാക്കളുടെ അഭിപ്രായ പ്രകാരം മദീന പലായനത്തിന് വര്‍ഷങ്ങള്‍ കഴിഞ്ഞ് ഹിജ്‌റ 9-ലാണ് സകാത്ത് നിര്‍ബന്ധമാക്കിക്കൊണ്ടുള്ള സൂക്തം അവതരിക്കുന്നത്. സാമ്പത്തിക ശേഷിയുള്ളവരൊക്കെയും ഈ നിര്‍ബന്ധ ബാധ്യത നിര്‍വഹിച്ചിരിക്കണം. സാമ്പത്തിക ശേഷിയുടെ തോതനുസരിച്ച് അടക്കേണ്ട തുകയും വ്യത്യാസപ്പെട്ടിരിക്കും. കാര്‍ഷികോല്‍പന്നങ്ങളാണെങ്കില്‍ പൊതുവെ പത്ത് ശതമാനമാണ് നല്‍കേണ്ടത്. കച്ചവടക്കാരന് മൂലധനമടക്കമുള്ള ആസ്തിയുടെ രണ്ടര ശതമാനം നല്‍കണം. ലോഹഖനികള്‍ കൈവശമുണ്ടെങ്കില്‍ അതിനുമുണ്ട് നിശ്ചിത ശതമാനം സകാത്ത്. മദീനക്ക് പുറത്തുള്ള സകാത്ത് പിരിക്കാന്‍ റവന്യൂ ഉദ്യോഗസ്ഥരെ ചുമതലപ്പെടുത്തിയിരുന്നു. വരുമാന മാര്‍ഗങ്ങളെക്കുറിച്ച് കൂടുതലായൊന്നും ഖുര്‍ആന്‍ പരാമര്‍ശിക്കുന്നില്ലെങ്കിലും ശേഖരിച്ച സകാത്ത് എങ്ങനെ ചെലവഴിക്കണമെന്ന് കൃത്യമായി പറയുന്നുണ്ട്. സകാത്തിന് അവകാശികളായ എട്ട് വിഭാഗങ്ങളെ ഖുര്‍ആന്‍ പേരെടുത്ത് പറഞ്ഞിരിക്കുന്നു (9:60). ഇത് വെച്ചായിരിക്കും രാഷ്ട്രം ബജറ്റിന്റെ രൂപരേഖ തയാറാക്കുക.
പണസമാഹരണത്തിന് വേറൊരു മാര്‍ഗം കൂടിയുണ്ടായിരുന്നു. ഒരു പ്രത്യേക ദൗത്യത്തിന് വലിയൊരു തുക ആവശ്യമായി വന്നാല്‍ ദേശതാല്‍പര്യത്തിന് വേണ്ടി പണം ഉദാരമായി ചെലവിടാന്‍ പ്രവാചകന്‍ ജനങ്ങളെ പ്രോത്സാഹിപ്പിക്കും. മിക്കവാറും പള്ളിയില്‍ വെച്ചാവും പ്രവാചകന്റെ ആഹ്വാനമുണ്ടാവുക. തബൂക്ക് യുദ്ധത്തിന്റെ കാര്യമെടുക്കാം. ലോകത്തിലെ വന്‍ ശക്തികളിലൊന്നായ ബൈസാന്റിയന്‍ സാമ്രാജ്യവുമായിട്ടായിരുന്നു ആ യുദ്ധം. ഈ പാവം ഗ്രാമീണ അറബികള്‍ക്ക് ബൈസാന്റിയന്‍ അതിര്‍ത്തിയില്‍ എത്തണമെങ്കില്‍ തന്നെ ഒരു മാസം യാത്ര ചെയ്യേണ്ടതുണ്ടായിരുന്നു. യാത്ര പോകേണ്ടതാകട്ടെ കടുത്ത ചൂടുകാലത്തും. ഒട്ടുവളരെ സാമഗ്രികള്‍ ഒരുക്കേണ്ടതുണ്ട്. ഉദാരമായി സംഭാവന ചെയ്യാന്‍ പ്രവാചകന്‍ ഉദ്‌ബോധിപ്പിച്ചു. ജനം ആവേശത്തോടെ പ്രതികരിച്ചു. ഫലമോ, ആ യുദ്ധത്തില്‍ മുസ്‌ലിംകള്‍ വിജയിച്ചു.
ഉദാരമായി സംഭാവന ചെയ്യുന്നവരില്‍ മൂന്ന് പേരെ പ്രത്യേകം എടുത്ത് പറയേണ്ടതുണ്ട്. അവരിലൊരാള്‍ ഉസ്മാനുബ്‌നു അഫ്ഫാന്‍(റ). ധനികനായ കച്ചവടക്കാരന്‍, മനുഷ്യസ്‌നേഹി. ഇസ്‌ലാമിന് വേണ്ടി എത്ര വേണമെങ്കിലും സംഭാവന ചെയ്യാന്‍ സദാ സന്നദ്ധന്‍. അദ്ദേഹം സംഭാവന ചെയ്തത് 40,000 ദിര്‍ഹം. ഇന്നത്തെ നിലവാരമനുസരിച്ചും അതൊരു വലിയ തുകയാണ്. പ്രവാചകന് അതിരറ്റ സന്തോഷമായി. ശിഷ്ടജീവിതത്തില്‍ ഉസ്മാന്‍(റ) എന്ത് തെറ്റ് ചെയ്താലും അദ്ദേഹത്തിനത് പൊറുത്തുകൊടുക്കേണമേ എന്ന് പ്രവാചകന്‍ പ്രാര്‍ഥിച്ചു. അപ്പോഴും ഉസ്മാന്‍ തന്റെ ധനത്തിന്റെ ഒരു വിഹിതമാണ് സംഭാവന ചെയ്തിരുന്നത്. രണ്ടാമത്തെയാള്‍ ഉമറുബ്‌നുല്‍ ഖത്ത്വാബ്(റ) ആണ്. അദ്ദേഹം സംഭാവന ചെയ്തത് 10,000 ദിര്‍ഹം. വീട്ടില്‍ ബാക്കിയെന്തുണ്ട് എന്ന് പ്രവാചകന്‍ ചോദിച്ചപ്പോള്‍ കുടുംബത്തിന്റെ ആവശ്യത്തിന് പകുതി സ്വത്ത് ബാക്കിയിരിപ്പുണ്ടെന്ന് അദ്ദേഹം അറിയിച്ചു. അദ്ദേഹത്തിന് വേണ്ടിയും പ്രവാചകന്‍ പ്രാര്‍ഥിച്ചു. മൂന്നാമതായി വരുന്നത് അബൂബക്ര്‍ സിദ്ദീഖ്(റ). അഞ്ഞൂറ് ദിര്‍ഹം മാത്രമേ അദ്ദേഹത്തിന്റെ കൈയിലുണ്ടായിരുന്നുള്ളൂ. വീട്ടില്‍ ബാക്കിയിരിപ്പെന്തുണ്ട് എന്ന് ചോദിച്ചപ്പോള്‍, 'അല്ലാഹുവിനോടും പ്രവാചകനോടുമുള്ള സ്‌നേഹം മാത്രം' എന്നായിരുന്നു ആ മഹാനുഭാവന്റെ മറുപടി. ഈ സമര്‍പ്പിതരായ മഹദ് വ്യക്തിത്വങ്ങളാണ് ഇസ്‌ലാമിന്റെ ആദ്യകാല നേതൃനിരയായി ഉയര്‍ന്നുവന്നത്. ദൈവമാര്‍ഗത്തില്‍ എന്തും ബലികൊടുക്കാന്‍ അവര്‍ സദാ സന്നദ്ധരായിരുന്നു.  
  (തുടരും)

Comments

Other Post

ഖുര്‍ആന്‍ ബോധനം

സൂറ-19/ മര്‍യം/81-87
എ.വൈ.ആര്‍