Prabodhanm Weekly

Pages

Search

2013 ഡിസംബര്‍ 20

നവോത്ഥാനം ശക്തിപ്പെടുന്നു

സദ്‌റുദ്ദീന്‍ വാഴക്കാട് / ലേഖനം

ഇരുപതാം നൂറ്റാണ്ടിന്റെ ആദ്യ ദശകങ്ങളിലാണ് കേരളത്തില്‍ മുസ്‌ലിം സ്ത്രീ മുന്നേറ്റത്തിനുവേണ്ടിയുള്ള ശക്തമായ ചുവടുവെപ്പുകള്‍ ഉണ്ടാകുന്നത്. ലോക തലത്തില്‍ ജമാലുദ്ദീന്‍ അഫ്ഗാനി (1838-1897), മുഹമ്മദ് അബ്ദു (1849-1905), സയ്യിദ് റഷീദ് രിദ (1865-1935) തുടങ്ങിയവര്‍ ഉയര്‍ത്തിയ ഇസ്‌ലാമിക നവോത്ഥാനത്തിന്റെ ദീപശിഖയും മലയാളക്കരയില്‍ സനാഉല്ലാഹ് മക്തി തങ്ങള്‍, ഹമദാനി തങ്ങള്‍, ചാലിലകത്ത് കുഞ്ഞഹമ്മദ് ഹാജി തുടങ്ങിയവര്‍ പ്രസാരണം ചെയ്ത വെളിച്ചവും അതിന് പശ്ചാത്തലമൊരുക്കി. മുഹമ്മദീയ സഭ-കണ്ണൂര്‍, ലജ്‌നത്തുല്‍ മുഹമ്മദീയ-ആലപ്പുഴ എന്നിവക്കുപുറമെ, തിരുവിതാംകൂര്‍ മുസ്‌ലിം മഹാജനസഭ, ചിറയിന്‍കീഴ് താലൂക്ക് മുസ്‌ലിം മഹാജനസഭ, ലജ്‌നത്തുല്‍ ഹമദാനിയ, ഹിദായത്തുല്‍ മുസ്‌ലിമീന്‍ സഭ മഞ്ചേരി, ധര്‍മപോഷിണി കൊല്ലം, നിഷ്പക്ഷ സംഘം-മുസ്‌ലിം ഐക്യസംഘം കൊടുങ്ങല്ലൂര്‍, പള്ളിപ്പുറം ഹദിയ്യുല്‍ ഇസ്‌ലാം സംഘം-തിരുവനന്തപുരം, ജമാഅത്തെ ഇര്‍ഷാദ് ചിറയിന്‍കീഴ്, ജമാഅത്തെ ഇസ്‌ലാമി സംഘം-കൊല്ലം തുടങ്ങിയ ചെറുതും വലുതുമായ ഒട്ടേറെ വേദികള്‍ മുസ്‌ലിം സമൂഹത്തിന്റെ ഉന്നമനത്തിനുവേണ്ടി രൂപീകരിക്കപ്പെടുകയുണ്ടായി. പരിമിത അളവിലും പ്രാദേശിക തലങ്ങളിലുമായിരുന്നു പൊതുവെ ഇവയുടെ പ്രവര്‍ത്തനങ്ങളെങ്കിലും സാമൂഹിക വളര്‍ച്ചയിലും സ്ത്രീ ഉണര്‍വുകളിലും അക്കാലത്ത് അവയുടെ പങ്ക് മഹത്തരമായിരുന്നു. ഇവയില്‍ ചിലത് നേരിട്ട് സ്ത്രീമുന്നേറ്റ പ്രവര്‍ത്തനങ്ങളൊന്നും നടത്തിയിരുന്നില്ലെങ്കിലും അവ രൂപപ്പെടുത്തിയ സാമൂഹികാന്തരീക്ഷം സ്ത്രീ പരിഷ്‌കരണ സംരംഭങ്ങളെ സ്വാധീനിക്കുകയുണ്ടായി.
വക്കം മുഹമ്മദ് അബ്ദുല്‍ ഖാദിര്‍ മൗലവിക്കു പുറമെ, സി. സൈതാലിക്കുട്ടി മാസ്റ്റര്‍ (മരണം-1919), പി.കെ മൂസക്കുട്ടി, കെ.എം സീതി സാഹിബ് (1898-1961), കെ.എം മൗലവി സാഹിബ് (1886-1964), ഇ. മൊയതു മൗലവി (1890-1995), മുഹമ്മദ് അബ്ദുര്‍റഹ്മാന്‍ സാഹിബ് (1898-1945), ഇ.കെ മൗലവി (1886-1974), ഹാജി എം. അഹ്മദ് കണ്ണ്, കെ.സി കോമുകുട്ടി മൗലവി തുടങ്ങി ഒട്ടേറെ വ്യക്തിത്വങ്ങള്‍ മുസ്‌ലിം സ്ത്രീകളെ ഇരുളില്‍നിന്ന് വെളിച്ചത്തിലേക്ക് നയിക്കുന്നതിനായി പരിശ്രമിക്കുകയുണ്ടായി. സ്വദേശാഭിമാനി (1905), മുസ്‌ലിം മഹിള (1925), നിസാഉല്‍ ഇസ്‌ലാം (1929), അല്‍മുസ്‌ലിം (1906), ഇല്‍ഇസ്‌ലാം, സ്വലാഹുല്‍ ഇഖ്‌വാന്‍, റഫീഖുല്‍ ഇസ്‌ലാം, അല്‍മുര്‍ശിദ്, അല്‍ഇത്തിഹാദ്, അല്‍ഇര്‍ഷാദ് (1923) തുടങ്ങി ഈ ഘട്ടത്തില്‍ പുറത്തിറങ്ങിയ പ്രസിദ്ധീകരണങ്ങള്‍ മുസ്‌ലിം സ്ത്രീകളുടെ വിദ്യാഭ്യാസ-സാമൂഹിക വളര്‍ച്ചക്ക് ശ്രദ്ധേയമായ സംഭാവനകള്‍ അര്‍പിച്ചവയാണ്.
ഇസ്‌ലാമിക നവോത്ഥാനത്തിന്റെ ഭാഗമായുള്ള സ്ത്രീ നവജാഗരണത്തിന് ശക്തമായ അടിത്തറയും വിപുലമായ പ്ലാറ്റ്‌ഫോമും ഒരുക്കി എന്നതാണ് ഈ ഘട്ടത്തിന്റെ പ്രത്യേകത. ഇസ്‌ലാമിലെ സ്ത്രീയെ കേരളം തിരിച്ചറിയാന്‍ തുടങ്ങിയതും മലയാളി മുസ്‌ലിം സ്ത്രീ സ്വന്തം വ്യക്തിത്വം മനസ്സിലാക്കാന്‍ തുടങ്ങിയതും ഈ ഘട്ടത്തിലാണ്.

വക്കം മൗലവി
കേരളത്തിലെ ഇസ്‌ലാമിക നവോത്ഥാനത്തിന് വിലപ്പെട്ട സംഭാവനകള്‍ അര്‍പ്പിച്ച വക്കം മൗലവി മുസ്‌ലിം സ്ത്രീകളുടെ വിദ്യാഭ്യാസ വളര്‍ച്ച, അന്ധവിശ്വാസ-അനാചാരങ്ങളില്‍ നിന്നുള്ള മോചനം, സ്ത്രീകളുടെ സാമൂഹിക പദവി വീണ്ടെടുക്കല്‍ തുടങ്ങിയവക്കുവേണ്ടി ശക്തമായി നിലകൊണ്ടു. മുസ്‌ലിം സ്ത്രീ മുന്നേറ്റത്തിനുവേണ്ടിയുള്ള മൗലവിയുടെ പ്രവര്‍ത്തനങ്ങള്‍ക്ക് പ്രധാനമായും മൂന്ന് തലങ്ങളുണ്ടായിരുന്നു.
ഒന്ന്; ഇസ്‌ലാം സ്ത്രീക്ക് നല്‍കിയ സ്ഥാനവും പദവിയും അവകാശങ്ങളും അതിര്‍വരമ്പുകളും സംബന്ധിച്ച് മുസ്‌ലിം സമൂഹത്തെ ബോധവല്‍ക്കരിക്കുക. രണ്ട്; സ്ത്രീകളുടെ ഉണര്‍വിനും മുന്നേറ്റത്തിനുമാവശ്യമായ ഭൗതിക സാഹചര്യമൊരുക്കുക. മൂന്ന്; പ്രതിഭാധനരായ സ്ത്രീ വ്യക്തിത്വങ്ങളെ വളര്‍ത്തിക്കൊണ്ടു വരിക. നേരത്തെ സൂചിപ്പിച്ചപോലെ, ഈജിപ്തില്‍ സയ്യിദ് റഷീദ് രിദ മുന്നോട്ടുവെച്ച സ്ത്രീവിമോചന കാഴ്ചപ്പാടുകളില്‍നിന്ന് പ്രചോദനമുള്‍ക്കൊണ്ടാണ് വക്കം മൗലവി തന്റെ പ്രവര്‍ത്തനങ്ങള്‍ മുമ്പോട്ടുകൊണ്ടുപോയത്. ഇത് മൗലവി തന്നെ രേഖപ്പെടുത്തിയിട്ടുണ്ട്. (മുസ്‌ലിം സ്ത്രീകള്‍-അല്‍ ഇസ്‌ലാം മാസിക, 1918, പുസ്തകം 3, ലക്കം-8).
സ്ത്രീകള്‍ ചൂഷണം ചെയ്യപ്പെടുകയോ പീഡിതരാവുകയോ ചെയ്യുന്നതിനെതിരായ ബോധവല്‍ക്കരണത്തിന്റെ ഭാഗമായി ബഹുഭാര്യാത്വം, വിവാഹമോചനം എന്നിവയെക്കുറിച്ചും അദ്ദേഹം എഴുതിയിട്ടുണ്ട്. ഈ രണ്ട് അനുവദനീയങ്ങളും മുസ്‌ലിം സമൂഹം തെറ്റായ രീതിയില്‍ ഉപയോഗിക്കുന്നതിന്നെതിരെ അദ്ദേഹം സമുദായത്തെ താക്കീത് ചെയ്തു. മുസ്‌ലിം സ്ത്രീകള്‍ക്ക് എന്നും പ്രയാസം സൃഷ്ടിക്കാറുള്ള ഈ അനുവാദങ്ങളുടെ ദുരുപയോഗം തടയലും സ്ത്രീ അവകാശങ്ങള്‍ സംരക്ഷിക്കലും നവേത്ഥാന പ്രവര്‍ത്തനങ്ങളുടെ പ്രധാന ഭാഗമായിരുന്നുവെന്ന് മൗലവിയുടെ നിലപാടില്‍നിന്ന് വ്യക്തമാകുന്നുണ്ട്. ഈ വിഷയം നവോത്ഥാനം ആദ്യ ഘട്ടത്തിലേ ഗൗരവത്തിലെടുത്തുവെന്നര്‍ഥം. വക്കം മൗലവി പറയുന്നത് കാണുക. വേണ്ടിവന്നാല്‍ രണ്ടോ, മൂന്നോ നാലോ ഭാര്യമാരെ വരിച്ചുകൊള്ളാമെന്ന് ചില നിബന്ധനകളോടു കൂടി ഇസ്‌ലാം മതം നല്‍കിയിട്ടുള്ള അനുവാദത്തെ ദുരുപയോഗപ്പെടുത്തുക മൂലം ജീവിതം മുഴുവന്‍ ദുരിതക്കുണ്ടില്‍ കഴിച്ചുകൂട്ടുന്നവര്‍ നമ്മുടെയിടയില്‍ വളരെ കുറവല്ല. ഭാര്യമാരോടു നിഷ്പക്ഷമായി വര്‍ത്തിക്കാന്‍ കഴിയുമെങ്കില്‍ മാത്രമേ ഒന്നിലധികം ഭാര്യമാരെ വരിക്കാന്‍ ഇസ്‌ലാം മതം അനുവദിക്കുന്നുള്ളുവെന്നും അങ്ങനെ വര്‍ത്തിക്കുക എന്നത് പലെ മനോഗുണങ്ങളും ധര്‍മനിഷ്ഠയും ആത്മനിയന്ത്രണശക്തിയും ഉള്ളവര്‍ക്കല്ലാതെ സാമാന്യന്മാര്‍ക്ക് സുസാധ്യമല്ലെന്നും ഈ നിബന്ധനക്കു വിപരീതമായി പ്രവര്‍ത്തിക്കുന്നവര്‍ ദൈവത്തിന്റെ മുമ്പില്‍ പാപികളായിത്തീരുന്നതു മാത്രമല്ല, ജീവിതത്തില്‍ പല ക്ലേശങ്ങളനുഭവിക്കേണ്ടി വരുമെന്നും ഇസ്‌ലാം മതം സര്‍വ സാമാന്യമായി ഉപദേശിക്കുന്നത് ഏകഭാര്യാത്വത്തെയാണെന്നും ബഹുഭാര്യത്വ മാര്‍ഗത്തെ മുഴുവന്‍ അടച്ചുകളയാതെ ഒരു ഇടുങ്ങിയ വാതിലെങ്കിലും ഇസ്‌ലാം മതം തുറന്നിട്ടിരിക്കുന്നത് ഒന്നിലധികം ഭാര്യമാരെ വേള്‍ക്കേണ്ട ആവശ്യം ഒരാള്‍ക്കു നേരിട്ടാല്‍ അതിനു തീരെ പ്രതിബന്ധമായി നില്‍ക്കുന്നത് സര്‍വകലാനുഷ്‌ഠേയവും പ്രകൃതിയുക്തവുമായ ഒരു മതത്തിന് ഉചിതമല്ലാത്തതാക കൊണ്ടാണെന്നുമുള്ള സംഗതികള്‍ ഒന്നിലധികം ഭാര്യമാരെ വരിക്കുവാന്‍ വിചാരിക്കുന്നവര്‍ ഓര്‍ക്കേണ്ടതാണ്.''
''രഹസ്യമോ പരസ്യമോ ആയ ചില കാരണങ്ങളാല്‍ വിവാഹം ഒഴിയേണ്ട ആവശ്യം ചിലര്‍ക്കു ചിലപ്പോള്‍ നേരിട്ടേക്കാം; ~ഒഴിയാതിരിക്കുന്നപക്ഷം ജീവിതം മുഴുവന്‍ ദുഃഖമനുഭവിക്കേണ്ടതായി വന്നു കൂടത്തക്ക ചില സംഗതിയായിരിക്കും ആ കാരണങ്ങള്‍. ഇങ്ങനെയുള്ളവര്‍ക്കൊരനുഗ്രഹമായിട്ടത്രേ ഇസ്‌ലാം മതം വിവാഹമോചനത്തെ (തലാക്കു) അനുവദിച്ചിട്ടുള്ളത്. ഈ അനുവാദത്തെ അനുചിതമായി ഉപയോഗപ്പെടുത്തുന്നവരെ മതം കഠിനമായി ദ്വേഷിക്കുന്നു. ഇതിനെ സംബന്ധിച്ചു ഗ്രന്ഥകര്‍ത്താവ് ഉദ്ധരിച്ചു കാണിച്ചിട്ടുള്ള നബിവചനങ്ങള്‍ (ഹദീസുകള്‍) തക്കതായ കാരണം കൂടാതെ വെറും ആവേശം കൊണ്ട് ഭാര്യാത്യാഗം ചെയ്‌വാന്‍ വിചാരിക്കുന്നവരെ ആ വിചാരത്തില്‍നിന്നു പിന്‍വലിക്കുന്നില്ലെങ്കില്‍ നിശ്ചയമായും അവര്‍ ദൈവ വിദ്വേഷത്തിനര്‍ഹന്മാര്‍ തന്നെയാകുന്നു.'' (വക്കം മൗലവി പ്രബന്ധങ്ങള്‍ സ്മരണകള്‍, പേജ്: 90-93).
ഇസ്‌ലാമിനെ സംബന്ധിച്ച യഥാര്‍ഥ ജ്ഞാനം, മുസ്‌ലിം സ്ത്രീകള്‍ക്കു പകര്‍ന്നു കൊടുക്കുകയെന്നതായിരുന്നു മൗലവിയുടെ മറ്റൊരു ദൗത്യം. അജ്ഞതയെ അലങ്കാരമായി ധരിച്ച ഒരു ജനതയുടെ ഉന്നമനം ദീനിനെ സംബന്ധിച്ച യഥാര്‍ഥ അറിവിലൂടെ മാത്രമേ സാധ്യമാകൂ എന്ന തിരിച്ചറിവ് അദ്ദേഹത്തിനുണ്ടായിരുന്നു. 'അല്‍ഇസ്‌ലാം' മാസിക അറബി മലയാളത്തില്‍ പ്രസിദ്ധീകരിക്കാന്‍ മൗലവിയെ പ്രേരിപ്പിച്ച ഘടകം മുസ്‌ലിം സ്ത്രീകള്‍ക്ക് ഇസ്‌ലാമികമായ അറിവ് സ്വായത്തമാക്കാന്‍ അവസരമുണ്ടാക്കുക എന്നതായിരുന്നു. കാരണം, മലയാളത്തില്‍ 'മുസ്‌ലിം' എന്ന മാസിക മൗലവി ഇറക്കിയിരുന്നെങ്കിലും മുസ്‌ലിം സ്ത്രീകള്‍ക്ക് പൊതുവെ മലയാളം അറിയില്ലായിരുന്നു. അവര്‍ക്ക് കുറച്ചെങ്കിലും അറിയാമായിരുന്നത് അറബി മലയാളം ലിപിയായിരുന്നു. അതുകൊണ്ടാണ്, സ്ത്രീകളെ ഉദ്ദേശിച്ച് അറബി മലയാളത്തില്‍ 'അല്‍ഇസ്‌ലാം' പ്രസിദ്ധീകരിച്ചത്. (വക്കം മൗലവിയും നവോത്ഥാന നായകരും, ഹാജി എം. മുഹമ്മദ് കണ്ണ്, പേജ്: 30-31, ഗുലിസ്ഥാന്‍, പ്രശാന്ത് നഗര്‍, തിരുവനന്തപുരം-11).
ഖുര്‍ആന്റെ സംഗ്രഹ വിശദീകരണത്തിനുപുറമെ, ഇസ്‌ലാമിന്റെ അടിസ്ഥാന തത്ത്വങ്ങള്‍ മനസിലാക്കാനുതകുന്നതും അന്ധവിശ്വാസ-അനാചാരങ്ങളെ എതിര്‍ക്കുന്നതുമായ ലേഖനങ്ങള്‍ 'അല്‍ഇസ്‌ലാമി'ല്‍ പ്രസിദ്ധീകരിക്കുകയുണ്ടായി. ''നമ്മുടെ അവസ്ഥ, ഇസ്വ്‌ലാഹുദ്ദീന്‍, സ്വഭാവ സംസ്‌കരണം, നമ്മുടെ സ്ത്രീകള്‍, സ്ത്രീകളെ കൈയെഴുത്ത് പഠിപ്പിക്കാമോ?, മലയാളത്തിലെ ശൈഖന്മാരും മുസ്‌ലിം സമുദായവും, ഇസ്‌ലാം മതവും നാഗരികതയും, തൗഹീദും ശിര്‍ക്കും, നമസ്‌കാരം, ഇസ്‌ലാം മതവും സ്ത്രീകളും'' തുടങ്ങിയവ ഉദാഹരണം. 'അല്‍ഇസ്‌ലാം' മുസ്‌ലിം സമൂഹത്തില്‍ പൊതുവെയും സ്ത്രീകളില്‍ പ്രത്യേകിച്ചും ചലനങ്ങള്‍ സൃഷ്ടിച്ചു. അതിന്റെ ഫലം അടുത്ത ഘട്ടത്തില്‍ അനുഭവപ്പെടുകയും ചെയ്തു.
സ്ത്രീ വിദ്യാഭ്യാസത്തിന് വമ്പിച്ച പ്രോത്സാഹനങ്ങള്‍ നല്‍കിയ വക്കം മൗലവി, സ്‌കൂളുകള്‍ സ്ഥാപിക്കാന്‍ മുന്നിട്ടിറങ്ങുകയും പെണ്‍കുട്ടികളെ സ്‌കൂളിലയക്കാന്‍ മുസ്‌ലിം സമുദായത്തെ പ്രോത്സാഹിപ്പിക്കുകയും ചെയ്തു.തിരുവിതാംകൂറിലുടനീളം സ്ഥാപിക്കപ്പെട്ട സ്‌കൂളുകള്‍ മുസ്‌ലിം പെണ്‍കുട്ടികള്‍ക്ക് വിദ്യാഭ്യാസത്തിന് അവസരം ഒരുക്കി. അതുകൊണ്ടു കൂടിയാണ് മലബാറിനെ അപേക്ഷിച്ച് തിരു-കൊച്ചിയില്‍ മുസ്‌ലിം സ്ത്രീകള്‍ വിദ്യാഭ്യാസ രംഗത്ത് മുന്നിട്ടുനില്‍ക്കുന്ന സാഹചര്യം ഉണ്ടായത്. സി. അച്യുതമേനോന്‍ പറയുന്നത് കാണുക:
''ഒരു സമുദായത്തിലെ പുരുഷന്മാര്‍ മാത്രം എഴുത്തു പഠിച്ചാല്‍ പോരാ. തൊട്ടിലാട്ടുകയും താരാട്ടുപാടുകയും ചെയ്യുന്ന കൈകളാണ് ഭാവിയെ രൂപപ്പെടുത്തുന്നതെന്നു മൗലവിക്കു അറിയാമായിരുന്നു. സ്ത്രീകളുടെ ഇടയില്‍ ആശയപ്രചാരണത്തിനു നല്ല മലയാള ഭാഷപോലും പോരാ, അവര്‍ക്കു സുപരിചിതമായിരുന്ന അറബി മലയാളമാണ് അതിനു ഏറ്റവും പറ്റിയതെന്നു മനസ്സിലാക്കിയാണ് അബ്ദുല്‍ഖാദര്‍ മൗലവി അറബി മലയാളത്തില്‍ ഒരു പത്രം തുടങ്ങിയത്. പരിഷ്‌കരണ തൃഷ്ണയോടൊപ്പം എന്തുമാത്രം പ്രായോഗിക ബുദ്ധി എന്നുകൂടി നോക്കുക'' (വക്കം മൗലവിയുടെ പ്രബന്ധങ്ങള്‍ സ്മരണകള്‍-പേജ്: VII). മുസ്‌ലിം സ്ത്രീകള്‍ക്ക് പുരുഷന്മാരെ പോലെത്തന്നെ ദീനീവിജ്ഞാനവും ലൗകിക വിദ്യാഭ്യാസവും നല്‍കേണ്ടതിന്റെ ആവശ്യകത ഊന്നിപ്പറഞ്ഞ മൗലവി, അക്കാലത്ത് സ്ത്രീവിദ്യാഭ്യാസത്തിന് എതിരു നിന്നവരെ ശക്തമായി വിമര്‍ശിക്കുകയും ചെയ്തു. ''സ്ത്രീകള്‍ പുരുഷന്മാരെപ്പോലെ തന്നെ ബുദ്ധിയുള്ള വര്‍ഗമാണെന്നും ദീനിന്റെ ശാസനകള്‍ അവരെയും ബാധിക്കുമെന്നും പാപപുണ്യങ്ങളും സുഖദുഃഖങ്ങളും അവര്‍ക്കുമുണ്ടെന്നും അതിനാല്‍ ദീന്‍സംബന്ധമായ ഇല്‍മുകള്‍ പഠിക്കേണ്ടതും ദീനിന്റെ ആദാബുകളനുസരിച്ച് നടക്കേണ്ടതും അവര്‍ക്കും ആവശ്യമാണെന്നുമുള്ള സംഗതികളെ നമ്മുടെയിടയില്‍ ആരും നിഷേധിക്കുന്നില്ല. ഈ സ്ഥിതിക്ക് നമ്മുടെ സ്ത്രീകളുടെ നിലയെ നന്നാക്കണമെന്ന് അഭിപ്രായപ്പെടുന്നവര്‍ക്കെതിരായി നില്‍ക്കുന്നവരുടെ ഉദ്ദേശ്യം അവര്‍ക്ക് ലൗകികമായ പഠിപ്പും ലൗകികമായ ഉയര്‍ച്ചയും ആവശ്യമില്ലെന്നായിരിക്കുവാനേ വക കാണുന്നുള്ളൂ. എന്നാല്‍ ലോകത്ത് ഉത്തമ ജീവിതത്തിന് പുരുഷന്മാരെപ്പോലെ തന്നെ സ്ത്രീകളും അറിഞ്ഞിരിക്കേണ്ടതും ആചരിക്കേണ്ടതുമായ പല കാര്യങ്ങള്‍ ഉണ്ടെന്നുള്ളത് ഇക്കൂട്ടര്‍ക്ക് സമ്മതിക്കാതിരിക്കുവാനോ സ്ത്രീകള്‍ നില ഉയര്‍ത്തണമെന്ന് പറയുന്നതിന്റെ സാരം ദീന്‍ സംബന്ധമായും ലോകസംബന്ധമായും അവര്‍ക്ക് ആവശ്യമായ പഠിപ്പുകളെ കൊടുക്കണമെന്നും രണ്ടുപ്രകാരത്തിലുമുള്ള അവരുടെ നടപടികളെ നന്നാക്കണമെന്നും മാത്രമാകുന്നു. സംഗതി ഇങ്ങനെയിരിക്കേ സ്ത്രീകള്‍ക്ക് കൈയക്ഷരം പഠിപ്പിക്കരുതെന്നുള്ള ഒരു ഹദീസിനെയും പിടിച്ചുകൊണ്ട് സ്ത്രീകളുടെ സകല അഭിവൃദ്ധിയും തടയത്തക്കവിധം ചിലര്‍ ബഹളം കൂട്ടുന്നതിന്റെ ഉദ്ദേശ്യമെന്ത്? എന്നാല്‍ ആ ഹദീസോ ഹദീസിന്റെ ഉലമാക്കളില്‍ ചിലര്‍ ദുര്‍ബലപ്പെടുത്തിയിട്ടുള്ളതിന് പുറമേ മറ്റൊരു സഹീഹായ ഹദീസിനാല്‍ എതിര്‍ക്കപ്പെട്ടിട്ടുള്ളതുമാണ്. സ്ത്രീകള്‍ക്ക് കൈയക്ഷരം പഠിപ്പിക്കുന്നതില്‍ വിരോധമില്ലെന്ന് കാണിക്കുന്ന സഹീഹായ ഹദീസ് ഇരിക്കുമ്പോള്‍ അതിനെ വിട്ടിട്ട് സഹീഹാണെന്നുള്ള സംഗതിയില്‍ ആക്ഷേപം ചെയ്തിട്ടുള്ള ആദ്യം പറഞ്ഞ ഹദീസിനെത്തന്നെ പിടിച്ചുനില്‍ക്കുന്നതിന്റെ അര്‍ഥമെന്ത്? ദീനിന് വിപരീതം പ്രവര്‍ത്തിച്ചുകൂടെന്നുള്ള നിര്‍വ്യാജമായ മതഭക്തിയാണ് ഇതിന് കാരണമെങ്കില്‍ രണ്ടാമത് പറഞ്ഞ ഹദീസിനെയാണ് ബലമായി പിടിക്കേണ്ടത്. ആദ്യത്തെ ഹദീസ് പ്രകാരം തന്നെ സ്ത്രീകള്‍ക്ക് കൈയക്ഷരം പഠിപ്പിച്ചുകൂടെന്നല്ലാതെ അവര്‍ക്ക് വായന പഠിപ്പിച്ചുകൂടെന്ന് ഹദീസുകള്‍ ഒന്നും വന്നിട്ടില്ലാത്ത നിലയ്ക്ക്  വിദ്യാഭ്യാസം കൊണ്ട് അവരുടെ ബുദ്ധി പ്രകാശിപ്പിക്കുകയും അവരുടെ നടപടികളെ ശുദ്ധീകരിക്കുകയും ചെയ്യുന്ന വിഷയത്തില്‍ ഇവര്‍ക്കു തന്നെ പരിശ്രമിക്കുന്നതിന് വിരോധമില്ലല്ലോ. സ്ത്രീകളെ സംബന്ധിച്ച സംഗതികളെ തുടര്‍ന്നു പ്രതിപാദിക്കുവാന്‍ നിശ്ചയിച്ചിട്ടുള്ളതുകൊണ്ട് തല്‍ക്കാലം ഇങ്ങനെ നില്‍ക്കട്ടെ'' (വക്കം മൗലവിയുടെ തെരഞ്ഞെടുത്ത പ്രബന്ധങ്ങള്‍-185, 186, എഡിറ്റര്‍-എസ്. മുഹമ്മദ് അബദാ, വക്കം മൗലവി പബ്ലിക്കേഷന്‍സ്, വക്കം, 1979).
(തുടരും)

Comments

Other Post

ഖുര്‍ആന്‍ ബോധനം

സൂറ-19/ മര്‍യം/81-87
എ.വൈ.ആര്‍