Prabodhanm Weekly

Pages

Search

2013 ഡിസംബര്‍ 20

വികലമായ ചരിത്രബോധത്തിനുള്ള തിരുത്താണ് കേരള ഹിസ്റ്ററി കോണ്‍ഫറന്‍സ്

ശൈഖ് മുഹമ്മദ് കാരകുന്ന് / ബഷീര്‍ തൃപ്പനച്ചി

രാഷ്ട്രീയ മത സംഘടനകളുടെ പൊതുസമ്മേളനങ്ങളുടെ ഭാഗമായോ അനുബന്ധമായോ നടത്തപ്പെടുന്ന ചരിത്ര സെമിനാറുകള്‍ കേരളീയര്‍ക്ക് പരിചിതമാണ്. മൂന്ന് നാള്‍ നീണ്ടുനില്‍ക്കുന്ന ചരിത്ര കോണ്‍ഫറന്‍സ് പുതിയ അനുഭവമാണ്. അത്രയും ചര്‍ച്ച ചെയ്യപ്പെടാന്‍ മാത്രം ചരിത്ര പൈതൃകം കേരള മുസ്‌ലിം സമൂഹത്തിനുണ്ടോ?
കേരള മുസ്‌ലിം സമൂഹത്തിന് ധന്യമായ ഒരു ഭൂതകാലമുണ്ട്. കേരളത്തിന്റെ ദേശനിര്‍മിതിയിലും സമൂഹ രൂപീകരണത്തിലും നിര്‍ണായക പങ്കുവഹിച്ചിട്ടുണ്ട് ഇവിടത്തെ മുസ്‌ലിം സമൂഹം. കേരളത്തില്‍ സാമൂഹിക നീതി സ്ഥാപിക്കുന്നതിലും സ്വാതന്ത്ര്യം പുനഃസ്ഥാപിക്കുന്നതിലും ഈ സമുദായത്തിന്റെ പങ്ക് വലുതാണ്. വാണിജ്യത്തിന്റെ നട്ടെല്ലായിരുന്ന വിദേശ കമ്പോളം കേരളത്തിന് നേടിക്കൊടുത്തതും നൂറ്റാണ്ടുകളോളം മുസ്‌ലിംകളായിരുന്നു. ആ വ്യാപാര ബന്ധത്തെ തകര്‍ക്കാനാണ് പോര്‍ച്ചുഗീസുകാര്‍ വന്നത്. കേരളത്തിന്റെ വ്യാപാരരംഗം പിടിച്ചടക്കുകയായിരുന്നു അവരുടെ ലക്ഷ്യം. കേരളത്തിന്റെ മൊത്തം സ്വാതന്ത്ര്യത്തെ ഹനിക്കുന്ന സാമ്രാജ്യശക്തികളുടെ കുടില നീക്കത്തെ ആദ്യമായി ചെറുത്തതും അവര്‍ക്കെതിരെയുള്ള പോരാട്ടത്തിന് മുന്നണിയില്‍ നിന്നതും ഇവിടത്തെ മുസ്‌ലിംകളായിരുന്നു. കേരളത്തിലെ ഹിന്ദു സമൂഹവും മുസ്‌ലിംകളും ചേര്‍ന്ന് നടത്തിയ ആ സ്വാതന്ത്ര്യ പോരാട്ടത്തെയും അന്നത്തെ കേരളത്തിന്റെ സാമൂഹികാവസ്ഥയെയും കുറിച്ച് എഴുതപ്പെട്ട ആദ്യ ചരിത്ര പുസ്തകം ശൈഖ് സൈനുദ്ദീന്‍ മഖ്ദൂമിന്റേതാണ്. അതായത് കേരളത്തിന്റെ ആദ്യ പൊതു ചരിത്രമെഴുതിയത് പോലും ഒരു മുസ്‌ലിമാണ്. ചരിത്രമെഴുതി മാറി നില്‍ക്കുകയല്ല ശൈഖ് മഖ്ദൂം ചെയ്തത്; അദ്ദേഹം നേരിട്ടുതന്നെ അധിനിവേശ വിരുദ്ധ പോരാട്ടത്തിന് നേതൃത്വം നല്‍കുകയും ചെയ്തു. അദ്ദേഹത്തിന്റെ ഫത്‌വയാല്‍ പ്രചോദിതരായാണ് പിന്നീട് കുഞ്ഞാലിമരക്കാര്‍മാര്‍ സ്വാതന്ത്ര്യ സമര നേതൃത്വമേറ്റെടുക്കുന്നത്. സാമൂതിരമാര്‍ ചിലപ്പോഴെങ്കിലും സാമ്രാജ്യത്വവുമായി സന്ധി ചെയ്‌തെങ്കിലും കുഞ്ഞാലിമരക്കാര്‍മാര്‍ ഒരിക്കലും അതിന് തയാറായില്ല. അവര്‍ പലപ്പോഴും ഒറ്റക്ക് തന്നെ പോരാട്ടം നടത്തി.
ബ്രിട്ടീഷ് അധിനിവേശ കാലത്ത് ജന്മിത്വത്തിനും സാമ്രാജ്യത്വത്തിനും ജാതീയ ഉച്ചനീചത്വത്തിനുമെതിരെ കേരളം ശബ്ദമുയര്‍ത്തിയത് മമ്പുറം തങ്ങന്മാരുടെ നേതൃത്വത്തിലായിരുന്നു. ഒടുവില്‍ സയ്യിദ് ഫസല്‍ പൂക്കോയ തങ്ങളെ ബ്രിട്ടീഷുകാര്‍ നാടുകടത്തുകയായിരുന്നു. മഹാത്മാ ഗാന്ധിയുടെ ശ്രദ്ധേയമായ സമരരീതികളിലൊന്നായ നികുതി നിഷേധ പ്രഖ്യാപനത്തിനും ഒരു നൂറ്റാണ്ട് മുമ്പ് നികുതി നിഷേധിച്ച് സാമ്രാജ്യത്വ ശക്തിയോട് സമരത്തിലേര്‍പ്പെട്ട പണ്ഡിതനായിരുന്നു ഉമര്‍ഖാദി. ബ്രിട്ടീഷ് സാമ്രാജ്യത്വം ഒരെതിര്‍സ്വരവുമില്ലാതെ ലോകം അടക്കിവാണിരുന്ന കാലത്താണ് നിലമ്പൂര്‍ കേന്ദ്രമാക്കി വാരിയംകുന്നത്ത് കുഞ്ഞഹമ്മദ് ഹാജി സമാന്തര ഭരണകൂടം സ്ഥാപിക്കുന്നത്. ആറ് മാസത്തോളം അദ്ദേഹം ബ്രിട്ടീഷുകാരെ വെല്ലുവിളിച്ച് ഭരണം നടത്തി. തന്റെ ഭരണ പ്രദേശത്ത് പ്രത്യേക നിയമവ്യസ്ഥകളും പാസ്‌പോര്‍ട്ട് വ്യവസ്ഥയുമുണ്ടാക്കി. ഉസ്മാനിയാ ഖിലാഫത്തുമായി ബന്ധം സ്ഥാപിച്ചു. കര്‍ഷകര്‍ക്കും പ്രയാസപ്പെടുന്ന ജനങ്ങള്‍ക്കും നികുതിയില്‍ ഇളവ് നല്‍കി. ഹിന്ദു സമൂഹവുമായി നല്ല ബന്ധം സ്ഥാപിക്കാന്‍ ശ്രമങ്ങള്‍ നടത്തി. ഒടുവില്‍ ബ്രിട്ടീഷുകാര്‍ അദ്ദേഹത്തെ പിടികൂടി വെടിവെച്ച് കൊല്ലാന്‍ ഉത്തരവിട്ടു. കൈയിലും കാലിലും ചങ്ങലയിട്ട് നിര്‍ത്തിയ അദ്ദേഹത്തോട് അന്ത്യാഭിലാഷം ചോദിച്ചപ്പോള്‍ പറഞ്ഞത്, 'എന്റെ ചങ്ങലകള്‍ അഴിച്ച് സ്വതന്ത്രനായ ശേഷം നെഞ്ചിലേക്ക് വെടിയുതിര്‍ക്കൂ' എന്നാണ്. ആലി മുസ്‌ലിയാരുടെ ചരിത്രവും ഇതിന്റെ തുടര്‍ച്ച തന്നെയാണ്. സ്വാതന്ത്ര്യ സമരത്തില്‍ പങ്കുവഹിച്ച അദ്ദേഹം 13 ദിവസം തിരൂരങ്ങാടി ആസ്ഥാനമാക്കി ഭരണം നടത്തി. ആ ഹ്രസ്വ കാളയളവില്‍ അദ്ദേഹം കുടിയാന്മാരുടെ അവകാശം പ്രഖ്യാപിച്ചു. താഴ്ന്ന വിഭാഗങ്ങള്‍ക്ക് സ്വാതന്ത്ര്യവും ആശ്വാസവും നല്‍കി.
അതിന് മുമ്പ് കുടിയാന്മാര്‍ക്കും കര്‍ഷകര്‍ക്കും കേരളത്തില്‍ ഇപ്രകാരം ഏറെ ആശ്വാസം ലഭിച്ചത് ടിപ്പുസുല്‍ത്താന്റെ ഭരണത്തിലായിരുന്നു. കേരളത്തില്‍ നിലനിന്നിരുന്ന ജാതി മേധാവിത്വത്തിനെതിരെ നിലപാട് സ്വീകരിച്ച ആദ്യ ഭരണാധികാരി കൂടിയായിരുന്നു ടിപ്പു സുല്‍ത്താന്‍. സ്ത്രീകള്‍ക്ക് മാറു മറക്കാനുള്ള സ്വാതന്ത്ര്യം ലഭിച്ചത് അദ്ദേഹത്തിന്റെ കാലത്താണ്. ചുരുക്കത്തില്‍ കേരളത്തിന്റെ സ്വാതന്ത്ര്യവും സാമൂഹിക നീതിയും സമത്വവും കെട്ടിപ്പടുക്കുന്നതില്‍ മുസ്‌ലിംകള്‍ നിര്‍ണായക പങ്കാണ് വഹിച്ചത്. വ്യാപാര-വ്യവസായ രംഗത്തും അവര്‍ സംഭാവനകളര്‍പ്പിച്ചു. സാഹിത്യ കലാ മേഖലകളിലും വലിയ ഈടുവെപ്പുകള്‍ അവര്‍ക്കുണ്ടായിരുന്നു. അറബി മലയാള ഭാഷയിലൂടെ കേരളത്തിന് വലിയ സാഹിത്യ സംഭാവകള്‍ മുസ്‌ലിംകള്‍ നല്‍കിയിട്ടുണ്ട്. ചന്ദുമേനോന്റെ ഇന്ദുലേഖക്ക് മുമ്പെ അറബി മലയാളത്തില്‍ പേര്‍ഷ്യന്‍ നോവലിന്റെ വിവര്‍ത്തനം എഴുതപ്പെട്ടിരുന്നു. ഒട്ടേറെ സമരകാവ്യങ്ങളും അറബി മലയാളത്തിലുണ്ട്. പക്ഷേ, ഇതൊന്നും കേരളത്തിന്റെ പൊതു സമൂഹ ചരിത്രത്തില്‍ വേണ്ടവിധം രേഖപ്പെടുത്തിയിട്ടില്ല. പാഠപുസ്തകങ്ങളിലും അവ പരാമര്‍ശിക്കപ്പെട്ടില്ല. കേരള മുസ്‌ലിം ഹിസ്റ്ററി കോണ്‍ഫറന്‍സ് സമഗ്രമായി ഇത്തരം ചരിത്രങ്ങളെ ചര്‍ച്ച ചെയ്യാനാണ് ഉദ്ദേശിക്കുന്നത്. കേരളത്തിലെ ഇസ്‌ലാമിന്റെ ആഗമനം തൊട്ട് ഇതുവരെയുള്ള മുസ്‌ലിം സമൂഹത്തിന്റെ മത, സാമൂഹിക, സാമ്പത്തിക, സാംസ്‌കാരിക, രാഷ്ട്രീയ, സാഹിത്യ, കലാ, വാണിജ്യ വ്യവസായ രംഗത്തുള്ള സംഭാവനകള്‍ വിശകലനം ചെയ്യുന്ന ഇരുനൂറിലേറെ പ്രബന്ധങ്ങളാണ് കേരള മുസ്‌ലിം ഹിസ്റ്ററി കോണ്‍ഫറന്‍സില്‍ അവതരിപ്പിക്കുന്നത്.

കേവലം അക്കാദമിക ചര്‍ച്ചക്കപ്പുറം മറ്റെന്തെങ്കിലും ലക്ഷ്യങ്ങള്‍ ഹിസ്റ്ററി കോണ്‍ഫറന്‍സിനുണ്ടോ?
ഭൂതകാല മുസ്‌ലിം സമൂഹത്തിന്റെ പുഷ്‌കലമായ ചരിത്രത്തില്‍ നിന്ന് വര്‍ത്തമാനകാല കേരള മുസ്‌ലിം സമൂഹത്തിന് ആത്മവിശ്വാസവും ആവേശവും പകര്‍ന്ന് നല്‍കാന്‍ കോണ്‍ഫറന്‍സ് ഉദ്ദേശിക്കുന്നു. ഭൂതകാലത്തെക്കുറിച്ച ബോധമില്ലാത്ത ഒരു ജനതക്ക് ആരോഗ്യകരമായ വര്‍ത്തമാനത്തെ രൂപപ്പെടുത്താനാവില്ല. ഭൂതകാലത്തെക്കുറിച്ച് ശരിയായ ബോധമുള്ള, വര്‍ത്തമാനകാലത്തെക്കുറിച്ച് കൃത്യമായ കാഴ്ചപ്പാടുള്ള, ഭാവിയെക്കുറിച്ച് പ്രതീക്ഷ പുലര്‍ത്തുന്ന ഒരു സമൂഹത്തിനേ ആരോഗ്യകരമായ ജീവിതം നയിക്കാനാവൂ. അതിനാല്‍ സാമ്രാജ്യത്വവിരുദ്ധ പോരാട്ടത്തിന്റെയും അനീതിക്കെതിരെയുള്ള സമരത്തിന്റെയും പുഷ്‌കലമായ സാഹിത്യ കലാ ചരിത്രത്തിന്റെയും ഭൂതകാലത്തെ മുസ്‌ലിം സമൂഹത്തെ ബോധ്യപ്പെടുത്തി അതില്‍ നിന്ന് വര്‍ത്തമാനകാലത്ത് ഊര്‍ജമുള്‍ക്കൊള്ളാനുള്ള അവസരമൊരുക്കുക എന്നതാണ് കേരള മുസ്‌ലിം ഹിസ്റ്ററി കോണ്‍ഫറന്‍സിന്റെ ലക്ഷ്യം.
കേരള മുസ്‌ലിം ചരിത്രത്തിന്റെ ഭാഗമായ പലതും ഇനിയും രേഖപ്പെടുത്തപ്പെട്ടിട്ടില്ല. പല ചരിത്ര വസ്തുതകളും നഷ്ടപ്പെട്ടുപോയിട്ടുമുണ്ട്. ഇപ്പോള്‍ ലഭ്യമായ കേരള മുസ്‌ലിം സമൂഹവുമായി ബന്ധപ്പെട്ട മുഴുവന്‍ ചരിത്ര വസ്തുതകളും രേഖപ്പെടുത്തിവെക്കാന്‍ കോണ്‍ഫറന്‍സ് ലക്ഷ്യമിടുന്നു. മുഴുവന്‍ യൂനിവേഴ്‌സിറ്റികള്‍ക്കും കോളേജ് ലൈബ്രറികള്‍ക്കും ഗ്രന്ഥാലയങ്ങള്‍ക്കും ചരിത്ര പണ്ഡിതന്മാര്‍ക്കും ഗവേഷകര്‍ക്കും ഈ സൂക്ഷിപ്പ് രേഖകള്‍ ക്രോഡീകരിച്ച് നല്‍കാനും ഹെറിറ്റേജ് ഫൗണ്ടേഷന്‍ ഉദ്ദേശിക്കുന്നുണ്ട്. കേരള മുസ്‌ലിമിനെക്കുറിച്ച് ചിതറിക്കിടക്കുന്ന ഒട്ടനവധി ഗവേഷണ പ്രബന്ധങ്ങളുണ്ട്. ഏറെ അധ്വാനിച്ചുകൊണ്ടാണ് പല ഗവേഷണ വിദ്യാര്‍ഥികളും പണ്ഡിതന്മാരും ഇവ രേഖപ്പെടുത്തിയത്. അവ ക്രോഡീകരിച്ച് വരുംതലമുറക്ക് നല്‍കുക എന്നതും കോണ്‍ഫറന്‍സിന്റെ ലക്ഷ്യമാണ്.

മുസ്‌ലിംകളുടെ ഈ സമ്പന്നമായ ചരിത്രവും പൈതൃകവുമൊന്നും കേരളീയ പൊതുസമൂഹം വേണ്ടവിധം അറിയാതെ പോയത് എന്തുകൊണ്ടാണ്?
മുസ്‌ലിം ചരിത്രത്തോടും അവരുടെ പൈതൃകത്തോടും നമ്മുടെ പൊതു ചരിത്രകാരന്മാരും ഔദ്യോഗിക പാഠപുസ്തകങ്ങളും പുലര്‍ത്തിയ ചിറ്റമ്മ നയമാണ് ഈ അജ്ഞതയുടെ പ്രധാന കാരണം. കേരളത്തിലെ ഇതര ജനവിഭാഗങ്ങള്‍ നല്‍കിയ എല്ലാവിധ സംഭാവനകളും കേരളീയ പൊതുമണ്ഡലത്തിന്റെ ഭാഗമായാണ് നമ്മുടെ ചരിത്രം രേഖപ്പെടുത്തിയിട്ടുള്ളത്. എന്നാല്‍, മുസ്‌ലിംകളുടെ വല്ല സംഭാവനകളും പറയുകയാണെങ്കില്‍ പൊതുമണ്ഡലത്തില്‍ നിന്ന് മാറ്റിനിര്‍ത്തി സമുദായത്തിന്റെ പ്രത്യേക കോളത്തിലാണ് അവ അടയാളപ്പെടുത്തുക. സാമ്രാജ്യത്വവിരുദ്ധ പോരാളികളായ മുസ്‌ലിം സമര നായകരെയും നവോത്ഥാന നായകരെയും വരെ അങ്ങനെയാണ് ഔദ്യോഗിക ചരിത്രം പരിചയപ്പെടുത്തിയിട്ടുള്ളത്. ഈ തെറ്റായ സമീപന രീതി കാരണമാണ് മുസ്‌ലിം സമൂഹത്തിന്റെ ചരിത്രവും അവരുടെ പൈതൃകവും നവോത്ഥാന നായകരും പൊതു സമൂഹത്തിന് വേണ്ടത്ര പരിചയമില്ലാതാവാന്‍ കാരണം. നമ്മുടെ പാഠപുസ്തകങ്ങളും ചരിത്ര ഗ്രന്ഥങ്ങളും ഈ തെറ്റായ സമീപനമാണ് ഇപ്പോഴും പിന്തുടരുന്നത്. കേരളത്തിന്റെ സാമൂഹിക രൂപീകരണത്തില്‍ വലിയ പങ്കുവഹിച്ച മുസ്‌ലിംകളുമായി ബന്ധപ്പെട്ട ചരിത്രം നമ്മുടെ പൊതുസമൂഹത്തിന്റെ തന്നെ ഭാഗമായാണ് രേഖപ്പെടുത്തേണ്ടത്.

ഈയിടെ ഇടതുപക്ഷ നേതൃത്വത്തില്‍ സംഘടിപ്പിക്കപ്പെട്ട സെമിനാറുകളില്‍ ഈ സാമ്രാജ്യത്വ ജന്മിത്വ വിരുദ്ധ കേരള മുസ്‌ലിം പോരാട്ട ചരിത്രം അതിന്റെ ഇസ്‌ലാമിക പ്രചോദനത്തെ മറച്ചുവെച്ച് സ്മരിക്കപ്പെട്ടിരുന്നു. യഥാര്‍ഥത്തില്‍ ഇടതുപക്ഷം മുന്നോട്ടുവെക്കുന്ന കേരള മുസ്‌ലിം ചരിത്രത്തിന്റെ അപാകതകള്‍ എന്താണ്?
കേരളത്തില്‍ ഇസ്‌ലാമിക പണ്ഡിതന്മാരുടെ നേതൃത്വത്തിലാണ് മിക്ക സമര പോരാട്ടങ്ങളും നടന്നിട്ടുള്ളത്. അതിന് അവര്‍ക്ക് ആവേശവും ഊര്‍ജവും നല്‍കിയത് അവരുടെ ആദര്‍ശവും വിശ്വാസവുമായിരുന്നു. സാമ്രാജ്യത്വ വിരുദ്ധ പോരാട്ടം നയിക്കുക മാത്രമല്ല ഈ പണ്ഡിതന്മാര്‍ ചെയ്തിട്ടുള്ളത്; കനപ്പെട്ട ഇസ്‌ലാമിക  ഗ്രന്ഥങ്ങളും അവര്‍ എഴുതിയിട്ടുണ്ട്. ആ  അര്‍ഥത്തില്‍ ഇസ്‌ലാമിക നവോത്ഥാനത്തിന്റെ തന്നെ ഭാഗമായിരുന്നു അവരുടെ പ്രവര്‍ത്തനങ്ങള്‍. ഇസ്‌ലാമിക നവോത്ഥാനമെന്നത് മതപരിഷ്‌കരണമല്ല. മതാനുഷ്ഠാനങ്ങളുടെയും മതാചാരങ്ങളുടെയും മേഖലകളിലുള്ള പരിവര്‍ത്തനമാണ് മതപരിഷ്‌കരണം. ഇസ്‌ലാമിക നവോത്ഥാനമെന്നത് സാമൂഹിക രാഷ്ട്രീയ വശങ്ങള്‍ ഉള്‍ക്കൊള്ളുന്നതും ഇസ്‌ലാമിനെ പ്രതിനിധീകരിക്കുന്നതുമായ പ്രവര്‍ത്തനങ്ങളാണ്. ഉമറുബ്‌നുല്‍ അബ്ദുല്‍ അസീസ്(റ), നാല് ഇമാമുമാര്‍, ഇബ്‌നു തൈമിയ്യ, ഇന്ത്യയിലെ ശൈഖ് അഹ്മദ് സര്‍ഹിന്ദി തുടങ്ങിയവരെല്ലാം ഈ സാമൂഹിക രാഷ്ട്രീയ ഉള്ളടക്കമുള്ള ഇസ്‌ലാമിനെയാണ് പ്രതിനിധീകരിച്ചത്. കേരളത്തില്‍ അധിനിവേശ വിരുദ്ധ പോരാട്ടത്തിന് നേതൃത്വം നല്‍കിയ മഖ്ദൂമുമാരും ഈ ആദര്‍ശത്താല്‍ പ്രചോദിതരായവരാണ്. ബ്രിട്ടീഷ് സര്‍ക്കാറിന് നികുതി നിഷേധിക്കാനുള്ള കാരണമായി ഉമര്‍ ഖാദി പറഞ്ഞത്, 'അല്ലാഹുവിന്റെ ഭൂമിക്ക് ഞാന്‍ വെള്ളക്കാരന് നികുതി കൊടുക്കില്ല' എന്നാണ്. മമ്പുറം തങ്ങന്മാര്‍ പള്ളികള്‍ കേന്ദ്രീകരിച്ച് ഖുത്വ്ബയിലൂടെയായിരുന്നു സമര സന്ദേശങ്ങള്‍ നല്‍കിയിരുന്നത്. വാരിയംകുന്നത്തും ആലി മുസ്‌ലിയാരും ബ്രിട്ടീഷ് സാമ്രാജ്യത്വത്തിന് സമാന്തരമായി സ്ഥാപിച്ചത് ഇസ്‌ലാമിക ഖിലാഫത്തായിരുന്നു. ഇസ്‌ലാം അനിവാര്യമായും ആവശ്യപ്പെടുന്ന  സ്വാതന്ത്ര്യത്തിന്റെയും സാമൂഹിക നീതിയുടെയും ഭാഗമായിരുന്നു അവരുയര്‍ത്തിയ സമര പോരാട്ടങ്ങളെല്ലാം. ഇസ്‌ലാമിക നവോത്ഥാനത്തെക്കുറിച്ച ബോധവും അറിവും ഇല്ലാത്തത് കൊണ്ട് ഇടതുപക്ഷം കേരള മുസ്‌ലിം ചരിത്രം തെറ്റായി നോക്കിക്കാണുകയും വ്യാഖ്യാനിക്കുകയുമാണ് ചെയ്യുന്നത്. ഇടതുപക്ഷത്തെയും കമ്യൂണിസത്തെയും കുറിച്ച് കേരളീയ സമൂഹം കേള്‍ക്കുന്നതിനും എത്രയോ മുമ്പായിരുന്നു മുസ്‌ലിം പണ്ഡിതന്മാരും പോരാളികളും ഈ സാമ്രാജ്യത്വ ജന്മിത്വവിരുദ്ധ സമരം നയിച്ചത്. അതിനവര്‍ക്ക് പ്രചോദനം ഇസ്‌ലാം മാത്രമായിരുന്നു. ഇസ്‌ലാമിന്റെ വിമോചന ഉള്ളടക്കം മനസ്സിലാക്കാനുള്ള സാക്ഷരത ഇടതുപക്ഷത്തിനില്ലാത്തതുകൊണ്ടാണ് കേരളീയ ഇസ്‌ലാമിക നവോത്ഥാന നായകരെ ഏറ്റെടുക്കാന്‍ ശ്രമിക്കുമ്പോഴും വര്‍ത്തമാനകാലത്തെ അതിന്റെ തുടര്‍ച്ച നിര്‍വഹിക്കുന്ന പ്രസ്ഥാനങ്ങളെ സത്യസന്ധമായി വിലയിരുത്താനും അംഗീകരിക്കാനും ഇടതുപക്ഷത്തിന് സാധിക്കാതെ പോവുന്നത്.

കേരള മുസ്‌ലിംകളെക്കുറിച്ച് ചരിത്രം മറന്നുകളഞ്ഞ അധ്യായങ്ങളെ തിരിച്ചുപിടിക്കുക എന്നത് മുസ്‌ലിം സംഘടനകള്‍ ഒരുമിച്ച് നടത്തേണ്ട ദൗത്യമല്ലേ?
തീര്‍ച്ചയായും. കേരള മുസ്‌ലിം ഹിസ്റ്ററി കോണ്‍ഫറന്‍സ് അത്തരമൊരു കൂട്ടായ ശ്രമങ്ങളുടെ തുടക്കം കൂടിയാണ്. ഈ കോണ്‍ഫറന്‍സ് സംഘടിപ്പിക്കുന്ന കേരള മുസ്‌ലിം ഹെറിറ്റേജ് ഫൗണ്ടേഷന്‍ ഏതെങ്കിലും ഒരു മുസ്‌ലിം സംഘടനയുടെ മാത്രം വേദിയല്ല. കേരള മുസ്‌ലിം ചരിത്രത്തെ കുറിച്ച് കാഴ്ചപ്പാടും ബോധ്യവുമുള്ള ഒട്ടേറെ വ്യക്തികള്‍ സംഘടനാതീതമായി ഈ വേദിയുടെ വിവിധ സമിതികളിലും സ്വാഗതസംഘം കമ്മിറ്റിയിലുമൊക്കെയുണ്ട്.
പാണക്കാട് സാദിഖലി ശിഹാബ് തങ്ങള്‍, ഡോ. ഇ.കെ അഹ്മദ് കുട്ടി, ടി.പി അബ്ദുല്ല കോയ മദനി, ഡോ. ബഹാവുദ്ദീന്‍ നദ്‌വി, ഡോ. ഫസല്‍ ഗഫൂര്‍, ചേറൂര്‍ അബ്ദുല്ല മുസ്‌ലിയാര്‍, പി.കെ അഹ്മദ്, കെ.ടി ജലീല്‍, മുജീബുര്‍റഹ്മാന്‍ കിനാലൂര്‍, സി.പി കുഞ്ഞുമുഹമ്മദ് എന്നിവര്‍ അവരില്‍ പ്രമുഖരാണ്. പ്രബന്ധങ്ങള്‍ സമര്‍പ്പിക്കുന്നവരും പ്രഭാഷണങ്ങള്‍ നിര്‍വഹിക്കുന്നവരും വിവിധ മത സംഘടനകളില്‍ പെടുന്നവരോ പൊതു സമൂഹത്തില്‍ നിന്നുള്ളവരോ ആണ്. ബ്രിട്ടീഷ് പട്ടാളത്തിന്റെ അരുംകൊലക്കും പീഡനത്തിനുമിരയായി മലബാര്‍ കലാപകാലത്ത് ഒരു സമുദായം ഒന്നടങ്കം ദുരിതത്തിലും പട്ടിണിയിലുമായപ്പോള്‍ അവരിലെ യത്തീം കുട്ടികളെ സംരക്ഷിക്കാന്‍ മുഹമ്മദ് അബ്ദുര്‍റഹ്മാന്‍ സാഹിബ് മുന്‍കൈയെടുത്ത് സ്ഥാപിച്ചതാണ് കോഴിക്കോട്ടെ ജെ.ഡി.റ്റി ഇസ്‌ലാം ഓര്‍ഫനേജ്. കേരളത്തിലെ ആദ്യത്തെ യത്തീംഖാന കൂടിയായ ജെ.ഡി.റ്റിയെ ഈ കോണ്‍ഫറന്‍സിന്റെ വേദിയായി തെരഞ്ഞെടുത്തതുപോലും അതിന്റെ ചരിത്ര പ്രാധാന്യം മനസ്സിലാക്കിയാണ്. കേരളീയ മുസ്‌ലിംകളുടെ ചരിത്രവും കലാ സാഹിത്യ പൈതൃകങ്ങളും പ്രദര്‍ശിപ്പിക്കുന്ന എക്‌സിബിഷനും കലാ പരിപാടികളും കോണ്‍ഫറന്‍സിന്റെ ഭാഗമായി ജെ.ഡി.റ്റി കാമ്പസില്‍ ഒരുക്കിയിട്ടുണ്ട്.

ഹിസ്റ്ററി കോണ്‍ഫറന്‍സില്‍ പുതിയ തലമുറയുടെ സാന്നിധ്യം സജീവമായുണ്ടല്ലോ. ചരിത്രത്തെ ഗൗരവമായി സമീപിക്കുന്ന ഈ ചെറുപ്പക്കാരെക്കുറിച്ച്?
പഴയകാലത്തെ അപേക്ഷിച്ച് വിദ്യാഭ്യാസരംഗത്ത് കേരളീയ മുസ്‌ലിം സമൂഹത്തിലെ പുതിയ തലമുറ ഒട്ടേറെ മുന്നേറി കഴിഞ്ഞു. ഇങ്ങനെ ഉന്നത വിദ്യാഭ്യാസം നേടിയ പുതിയ തലമുറ തങ്ങളുടെ പൈതൃകത്തെക്കുറിച്ചും ഭൂതകാല ചരിത്രത്തെക്കുറിച്ചും അഭിമാനമുള്ളവരാണ്. അതിനാല്‍ ആ ചരിത്രത്തെ പഠിക്കാനും ഗവേഷണം നടത്താനും അവര്‍ ഏറെ താല്‍പര്യപ്പെടുന്നു. തെറ്റായ ചരിത്ര വായനകളുടെ അപകടത്തെക്കുറിച്ച് അവര്‍ക്ക് തികഞ്ഞ ബോധവുമുണ്ട്. അതിനാല്‍ തങ്ങളുടെ വേരുകള്‍ അന്വേഷിക്കാനും പൈതൃകം കണ്ടെത്താനുമുള്ള സത്യസന്ധമായ ഗവേഷണത്തിന് അവര്‍ മുന്നോട്ട് വരുന്നു. വര്‍ത്തമാനം രൂപപ്പെടുത്തുന്നതില്‍ ചരിത്രം മികച്ച പങ്കുവഹിക്കുമെന്നവര്‍ക്കറിയാം. ഹിസ്റ്ററി കോണ്‍ഫറന്‍സില്‍ പ്രബന്ധങ്ങള്‍ അവതരിപ്പിക്കുന്നവരില്‍ നല്ലൊരു പങ്കും ദല്‍ഹിയിലും കേരളത്തിലുമുള്ള വിവിധ യൂനിവേഴ്‌സിറ്റികളില്‍ ഗവേഷണം നടത്തുന്ന വിദ്യാര്‍ഥികളാണ് എന്നത് തന്നെ അതിന്റെ മികച്ച തെളിവാണ്.

ഹിസ്റ്ററി കോണ്‍ഫറന്‍സിന്റെ ഭാഗമായി ഒട്ടേറെ ചരിത്ര വ്യക്തികളെയും സംരംഭങ്ങളെയും അതത് പ്രദേശങ്ങളില്‍ വെച്ചുതന്നെ അനുബന്ധ സെമിനാറുകളിലൂടെ അനുസ്മരിക്കുകയുണ്ടായല്ലോ. എന്തായിരുന്നു അത്തരം പരിപാടികള്‍ നല്‍കിയ അനുഭവം?
കേരള മുസ്‌ലിം ചരിത്രത്തില്‍ നിര്‍ണായക പങ്കുവഹിച്ച ഒട്ടേറെ ചരിത്ര പുരുഷന്മാരുടെ സംഭാവനകള്‍ വിലയിരുത്തുന്ന സെമിനാറുകള്‍ അവരുടെ ജന്മനാടുകളിലും കര്‍മണ്ഡലങ്ങളിലും വെച്ച് തന്നെ ഹെറിറ്റേജ് ഫൗണ്ടേഷന്‍ സംഘടിപ്പിച്ചിരുന്നു. പല സമര പോരാളികളെയും അവരുടെ നാടുകളിലെ പുതിയ തലമുറ കേട്ടിട്ടുപോലുമില്ലെന്നാണ് ആ സെമിനാറുകള്‍ നല്‍കിയ ഞെട്ടിക്കുന്ന പാഠം. അതിന് അവരെ കുറ്റപ്പെടുത്തിയിട്ടും കാര്യമില്ല. അത്തരം നവോത്ഥാന നായകരെക്കുറിച്ചുള്ള അനുസ്മരണമോ സെമിനാറുകളോ ഒരു സംഘടനയും അടുത്ത കാലത്തൊന്നും അവരുടെ ജന്മനാടുകളില്‍ നടത്തിയിട്ടില്ലെന്നതാണ് ദുഃഖകരമായ സത്യം. മഖ്ദൂം കുടുംബത്തെക്കുറിച്ച് സമഗ്രമായൊരു വൈജ്ഞാനിക സെമിനാര്‍ ആദ്യമായി തങ്ങള്‍ കേള്‍ക്കുന്നത് ഇപ്പോഴാണെന്നാണ് പഴയ തലമുറയിലെ പ്രമുഖര്‍ പോലും പറഞ്ഞത്. മമ്പുറം തങ്ങന്മാരെക്കുറിച്ച് തിരൂരങ്ങാടിയില്‍ സംഘടിപ്പിച്ച സെമിനാറിനെക്കുറിച്ചും അത്തരം വിലയിരുത്തലുകളുണ്ടായി. നെല്ലിക്കുത്തിലെ പുതിയ തലമുറയില്‍ പലര്‍ക്കും ആലി മുസ്‌ലിയാരെക്കുറിച്ച് കേട്ടുകേള്‍വി മാത്രമാണുണ്ടായിരുന്നത്. അദ്ദേഹത്തിന്റെ പേരിലുള്ള മഞ്ചേരി നെല്ലികുത്തിലെ സ്മാരക ബില്‍ഡിംഗിലാണ് അദ്ദേഹത്തിന്റെ സംഭാവനകള്‍ വിശകലനം ചെയ്തുകൊണ്ടുള്ള സെമിനാര്‍ സംഘടിപ്പിച്ചത്. ഒരു ഗ്രാമീണോത്സവം പോലെയാണ് അവിടത്തെ ജനങ്ങളത് ഏറ്റെടുത്തത്.
ഈ അനുഭവം തന്നെയാണ് ഇതര ചരിത്ര വ്യക്തികളുടെ ജന്മനാട്ടില്‍ സംഘടിപ്പിച്ച സെമിനാറുകള്‍ക്കും  പങ്കുവെക്കാനുള്ളത്. ഹാജി സാഹിബ് വിട പറഞ്ഞിട്ട് പതിറ്റാണ്ടുകളായി. ഇതിനിടക്ക് ഒരു അനുസ്മരണം പോലും ഇതുവരെ  എടയൂരില്‍ നടന്നിട്ടില്ല. കൊടിഞ്ഞിയില്‍ ടി. മുഹമ്മദ് സാഹിബിന്റെ പേരില്‍ ഒരു ലൈബ്രറി പോലുമില്ല. ചാലിയം പോരാട്ടത്തിന് നൂറ്റാണ്ടുകളുടെ പഴക്കമുണ്ട്. ഖാദി മുഹമ്മദിനെക്കുറിച്ച് അന്ന് മുതല്‍ ഇന്നുവരെ ഒരു സെമിനാര്‍ പോലും അവിടെ നടന്നിട്ടില്ല. ഹമദാനി തങ്ങളുടെയും ഇസ്സുദ്ദീന്‍ മൗലവിയുടെയും കഥയും ഇതുതന്നെ. മദ്‌റസാ പ്രസ്ഥാനം നൂറു വര്‍ഷം തികയുമ്പോഴും ചാലിലകത്ത് കുഞ്ഞഹമ്മദ് ഹാജിയുടെ സമഗ്ര സംഭാവനകള്‍ ഇനിയും വേണ്ടവിധം ചര്‍ച്ച ചെയ്യപ്പെട്ടിട്ടില്ല. മക്തി തങ്ങള്‍ ജനിച്ചത് വെളിയങ്കോട്ടാണെന്ന് അറിയാത്തവര്‍ പോലും ആ നാട്ടിലുണ്ടായിരുന്നു. ഈ ചരിത്ര ഓര്‍മകളെയെല്ലാം തിരിച്ചു പിടിക്കാനും അവര്‍ ഉയര്‍ത്തിവിട്ട ഊര്‍ജം പുതിയ തലമുറക്ക് കൈമാറാനും അവരുടെ ജന്മസ്ഥലങ്ങളില്‍ തന്നെ സംഘടിപ്പിച്ച സെമിനാറുകള്‍ക്ക് സാധിച്ചിട്ടുണ്ടെന്നാണ് വിശ്വാസം. ജെ.ഡി.റ്റി ഇസ്‌ലാം കാമ്പസില്‍ നടക്കുന്ന കോണ്‍ഫറന്‍സ് സമാപിക്കുന്നതോടെ കേരളീയ മുസ്‌ലിം സമൂഹത്തിന് ഒന്നടങ്കം പുതിയൊരു ചരിത്രബോധവും ഉന്മേഷവും ലഭിക്കുമെന്നാണ് നമ്മള്‍ പ്രതീക്ഷിക്കുന്നത്. അതോടൊപ്പം തന്നെ ഇവിടത്തെ ഇതര സമൂഹങ്ങള്‍ക്ക് സമ്പന്നമായ മുസ്‌ലിം ചരിത്രവും പൈതൃകവും മനസ്സിലാക്കാനും സാധിക്കും. അതുവഴി പരസ്പര സഹകരണത്തിന്റെയും യോജിപ്പിന്റെയും കേരള ചരിത്രത്തിലേക്ക് തിരിച്ചു നടക്കാനും കഴിയുമെന്നാണ് പ്രത്യാശ.

Comments

Other Post

ഖുര്‍ആന്‍ ബോധനം

സൂറ-19/ മര്‍യം/81-87
എ.വൈ.ആര്‍