Prabodhanm Weekly

Pages

Search

2013 ഡിസംബര്‍ 20

സ്വാഗതാര്‍ഹമായ നീക്കം

ത്തോലിക്കാ സഭയെ സംബന്ധിച്ചേടത്തോളം ആധുനിക സാഹചര്യത്തില്‍ ഇസ്‌ലാമിന്റെ പ്രാധാന്യം വളരെയേറെ വര്‍ധിച്ചിട്ടുള്ളതായി ആഗോള ക്രൈസ്തവരുടെ മതമേലധ്യക്ഷന്‍ മാര്‍പാപ്പ ഫ്രാന്‍സിസ് അഭിപ്രായപ്പെട്ടിരിക്കുന്നു. കാരണം പരമ്പരാഗത ക്രൈസ്തവ നാടുകളിലെല്ലാം പ്രവാസി മുസ്‌ലിംകളുടെ സംഖ്യ പെരുകിക്കൊണ്ടിരിക്കുകയാണ്. മുസ്‌ലിം  നാടുകളില്‍ ക്രൈസ്തവര്‍ പ്രതീക്ഷിക്കുന്ന മതിപ്പും മാന്യമായ പെരുമാറ്റവും ക്രൈസ്തവ സമൂഹങ്ങളില്‍നിന്ന് മുസ്‌ലിംകള്‍ക്കു ലഭിക്കണമെന്ന് മാര്‍പാപ്പ ആഗ്രഹിക്കുന്നു. കഴിഞ്ഞ നവംബര്‍ 26 നു സഭാമേധാവികള്‍ക്കുവേണ്ടി വത്തിക്കാന്‍ പുറപ്പെടുവിച്ചതായി എ.എഫ്.പി റിപ്പോര്‍ട്ട് ചെയ്ത അസാധാരണ രേഖയിലാണ് മാര്‍പാപ്പ ഈ അഭിപ്രായമുന്നയിച്ചിരിക്കുന്നത്. കത്തോലിക്കാ സഭയുടെ ആഭ്യന്തര സംസ്‌കരണമാണ് രേഖയുടെ മുഖ്യപ്രമേയം. സഭയില്‍ നടമാടുന്ന അധാര്‍മികതകള്‍ വ്യക്തമായി ചൂണ്ടിക്കാണിച്ചുകൊണ്ട് അവയെല്ലാം എത്രയും പെട്ടെന്ന് ദൂരീകരിക്കാന്‍ അദ്ദേഹം ആവശ്യപ്പെട്ടിരിക്കുന്നു. ഏതാനും വര്‍ഷങ്ങളായി സഭയില്‍ ഉയര്‍ന്നുവരുന്ന അഴിമതി ആരോപണങ്ങള്‍ അദ്ദേഹത്തെ വല്ലാതെ ഉല്‍കണ്ഠപ്പെടുത്തുന്നുണ്ട്. വത്തിക്കാനിലെ അധികാര കേന്ദ്രീകരണത്തിലും അതൃപ്തനാണ് മാര്‍പാപ്പ. സഭാ കാര്യങ്ങളില്‍ എല്ലാ തലത്തില്‍നിന്നുള്ള ഉത്തരവാദപ്പെട്ടവര്‍ക്കും ക്രിയാത്മകമായ പങ്കുണ്ടാവണമെന്നാണ് അദ്ദേഹത്തിന്റെ ആഗ്രഹം.
ഏറ്റവും വലിയ ക്രൈസ്തവ വിഭാഗമായ കത്തോലിക്കാ ചര്‍ച്ചിന്റെയും അതിന്റെ മേലധ്യക്ഷനായ മാര്‍പാപ്പയുടെയും നയനിലപാടുകള്‍ മുസ്‌ലിംകളെ സംബന്ധിച്ചേടത്തോളവും പ്രാധാന്യമേറിയതാണ്. പുതുതായി സ്ഥാനമേല്‍ക്കുന്ന മാര്‍പാപ്പമാര്‍ വിശ്വാസികളോടു നടത്തുന്ന പ്രഥമ പ്രഭാഷണം വരികളിലും വരികള്‍ക്കിടയിലും, മുസ്‌ലിം നേതാക്കള്‍ സഗൗരവം വായിക്കാറുള്ളതാണ്. വത്തിക്കാന്റെ തുടര്‍ന്നുള്ള നടപടികള്‍ താല്‍പര്യപൂര്‍വം വീക്ഷിക്കാറുമുണ്ട്. ശീതയുദ്ധ കാലത്ത് ഏറെക്കുറെ സന്തുലിതമായിരുന്നു ഇസ്‌ലാമിനോടും മുസ്‌ലിംകളോടുമുള്ള മാര്‍പാപ്പയുടെ സമീപനം. പരസ്പര ധാരണക്കുള്ള താല്‍പര്യം പ്രകടമാകാറില്ലെങ്കിലും വിരോധത്തിന്റെ സൂചനകളും ഉണ്ടാവാറില്ല. 1979-ല്‍ ഇറാന്‍ വിപ്ലവത്തിനു ശേഷമാണ്, മാര്‍പാപ്പയുടെ ഭാഷണങ്ങളില്‍ അമേരിക്കന്‍ രാഷ്ട്രീയത്തിന്റെ ചുവ അനുഭവപ്പെട്ടു തുടങ്ങിയത്. 1990-ല്‍ ശീതയുദ്ധം അവസാനിച്ചതോടെ ഈ പ്രവണത കൂടുതല്‍ തിടം വച്ചു. അക്കാലത്ത് മാര്‍പാപ്പയുടെ ഭാഷണങ്ങള്‍ നിരാശാജനകമായിട്ടാണ് മുസ്‌ലിംകള്‍ കേട്ടിരുന്നത്. അതിനുശേഷം ലോക ക്രൈസ്തവ മേലധ്യക്ഷന്‍ തന്റെ പ്രഭാഷണങ്ങളില്‍ ഇസ്‌ലാമിനെയും മുസ്‌ലിംകളെയും ഒരു വര്‍ഷത്തിനുള്ളില്‍ പലവട്ടം പരാമര്‍ശിക്കുന്നത് ഇതാദ്യമായിട്ടാണ്. ഈ വര്‍ഷം മാര്‍ച്ചിലാണ് മുസ്‌ലിം നാടുകളില്‍ നിന്നുള്ള അംബാസിഡര്‍മാരുടെ യോഗം വത്തിക്കാനില്‍ സംഘടിപ്പിച്ചത്. ഇസ്‌ലാമുമായി സൗഹാര്‍ദപരമായ സംവാദ സമ്പര്‍ക്കം സ്ഥാപിക്കാന്‍ ആ സന്ദര്‍ഭത്തില്‍ മാര്‍പാപ്പ ഫ്രാന്‍സിസ് താല്‍പര്യം പ്രകടിപ്പിച്ചിരുന്നു. ഇപ്പോഴിതാ ഇസ്‌ലാമിനെയും മുസ്‌ലിംകളെയും സ്‌നേഹാദരവോടെ സമീപിക്കണമെന്ന് അദ്ദേഹം സഭയെ ഉല്‍ബോധിപ്പിച്ചിരിക്കുന്നു. ഇക്കാര്യത്തില്‍ തന്റെ മുന്‍ഗാമികളുടേതില്‍നിന്ന് വ്യത്യസ്തമാണ് മാര്‍പാപ്പ ഫ്രാന്‍സിസിന്റെ നിലപാടെന്ന് കരുതുന്നത് തെറ്റായിരിക്കുകയില്ല.
മുസ്‌ലിംകളെ സഭ പ്രാധാന്യത്തോടെ പരിഗണിക്കണമെന്ന് മാര്‍പാപ്പ ആവശ്യപ്പെടുന്നത് ക്രൈസ്തവ നാടുകളില്‍ അവരുടെ എണ്ണം വര്‍ധിച്ചുവരുന്നതുകൊണ്ടാണ്. ഈ വര്‍ധനവ് മുസ്‌ലിം നാടുകളില്‍നിന്നുള്ള പ്രവാസികളുടെ ഒഴുക്കിന്റെ മാത്രം ഫലമായിട്ടാണദ്ദേഹം കാണുന്നതെന്നു തോന്നുന്നു. എന്നാല്‍ പാശ്ചാത്യ നാടുകളില്‍ തദ്ദേശീയരായ ധാരാളം വെള്ളക്കാര്‍ ഇസ്‌ലാമിലേക്ക് പരിവര്‍ത്തനം ചെയ്യുന്നുമുണ്ട്. അവരില്‍ നല്ലൊരു പങ്കും വനിതകളാണ്. മാര്‍പാപ്പ അത് സൂചിപ്പിക്കുക പോലും ചെയ്തിട്ടില്ല. 9/11 ന് ശേഷം മുസ്‌ലിം വിരോധവും പ്രചണ്ഡമായ എതിര്‍ പ്രചാരവേലകളും ഖുര്‍ആന്‍-പ്രവാചക നിന്ദകളും കൊടുമ്പിരികൊണ്ടിട്ടും ഈ പ്രവണതക്ക് കാര്യമായ കോട്ടം തട്ടിയിട്ടില്ല. അതതു നാടുകളിലെ ക്രിസ്ത്യന്‍ സമുദായത്തെ ഇത് അസ്വസ്ഥരാക്കുന്നതില്‍ അത്ഭുതമില്ല. ഈ അസ്വസ്ഥത സംഘര്‍ഷത്തിലേക്ക് വളരുന്നത് അപകടകരമാണ്. അതിന്റെ സൂചനകളാണ് പലയിടത്തും പ്രത്യക്ഷപ്പെട്ടുകൊണ്ടിരിക്കുന്നത്. മതനിരൂപണത്തിന്റെയും വിമര്‍ശനത്തിന്റെയും പേരില്‍ നടക്കുന്നതധികവും മുസ്‌ലിംകളെ അപമാനിക്കുകയും വികാരങ്ങള്‍ വ്രണപ്പെടുത്തുകയും ചെയ്യുന്ന തരത്തിലുള്ള മതനിന്ദയും ദുഷ്പ്രചാരണങ്ങളുമാണ്. ഈ അന്തരീക്ഷത്തില്‍ നിസ്സാര കാരണങ്ങള്‍ മതി ഇരുവിഭാഗവും അക്രമാസക്തരാകാന്‍. ഒരു മുസ്‌ലിം യുവാവ് ഒരു മുന്‍സൈനികനെ വധിച്ചുവെന്ന ആരോപണത്തെ തുടര്‍ന്ന് ബ്രിട്ടീഷ് മുസ്‌ലിംകള്‍ നിരന്തരം അക്രമിക്കപ്പെട്ടുകൊണ്ടിരിക്കുകയാണ്. കാരണമൊന്നുമില്ലാതെയും ചില നാടുകളില്‍ മുസ്‌ലിം വിരുദ്ധ വികാരം വളരുന്നുണ്ട്. താരതമ്യേന മുസ്‌ലിംകള്‍ക്ക് മെച്ചപ്പെട്ട പരിഗണന ലഭിച്ചിരുന്ന നാടാണ് കനഡ. ആ രാജ്യത്തിന്റെ വികസനത്തില്‍ മുസ്‌ലിംകള്‍ മികച്ച സംഭാവനകളര്‍പ്പിച്ചിട്ടുമുണ്ട്. 9/11 നുശേഷം അവിടെ മുസ്‌ലിം വിരോധം ത്വരിതഗതിയില്‍ വളരുകയാണ്. ജനസംഖ്യയില്‍ 46 ശതമാനം മുസ്‌ലിംകളെ വെറുക്കുന്നുവെന്നാണ് 2009-ല്‍ നടന്ന സര്‍വേയില്‍ കണ്ടത്. 2013-ല്‍ മുസ്‌ലിം വിരോധികള്‍ 54 ശതമാനമായി വര്‍ധിച്ചിരിക്കുന്നുവത്രെ. ഫ്രാന്‍സ്, ജര്‍മനി തുടങ്ങിയ മിക്ക യൂറോപ്യന്‍ രാജ്യങ്ങളിലും അമേരിക്കയിലും മുസ്‌ലിം വിരോധം വളരുന്നതായാണ് റിപ്പോര്‍ട്ട്.
ഈ സാഹചര്യത്തില്‍ സംഘര്‍ഷം ലഘൂകരിച്ച് ക്രൈസ്തവ-മുസ്‌ലിം ബന്ധം സൗഹാര്‍ദപരമാക്കുകയാണ് മാര്‍പാപ്പ ഫ്രാന്‍സിസിന്റെ ആഹ്വാനം ലക്ഷ്യമാക്കുന്നതെന്ന് പ്രത്യക്ഷത്തില്‍ മനസ്സിലാകുന്നു. അത് തികച്ചും സൃഷ്ടിപരവും ശ്ലാഘനീയവുമാകുന്നു. ഈ നീക്കത്തെ മുസ്‌ലിം നേതൃത്വം സ്വാഗതം ചെയ്യുകയും ഉചിതമായി പ്രതികരിക്കുകയും ചെയ്യേണ്ടതുണ്ട്. മുസ്‌ലിം വേള്‍ഡ് ലീഗ് പോലുള്ള ആഗോള കൂട്ടായ്മകളാണ് അതിനു മുന്നിട്ടിറങ്ങേണ്ടത്. പക്ഷേ ആ ഭാഗത്തുനിന്ന് കാര്യമായ പ്രതികരണമൊന്നും ഇതുവരെ കണ്ടിട്ടില്ല. അവയില്‍ മിക്കതും സമ്പന്നമായ ഗള്‍ഫു രാഷ്ട്രങ്ങളുടെ പോക്കറ്റ് സ്ഥാപനങ്ങളാണ്. ഗവണ്‍മെന്റിന്റെ ഭരണപരവും നയതന്ത്രപരവുമായ താല്‍പര്യങ്ങളനുസരിച്ചേ അവക്ക് ചലിക്കാനാകൂ. സര്‍ക്കാര്‍ നിയന്ത്രണത്തിലല്ലാത്ത ഇസ്‌ലാമിക പ്രസ്ഥാനങ്ങള്‍ക്കാണ് ഇത്തരം വിഷയങ്ങളില്‍ മുസ്‌ലിം ലോകത്തിന്റെ താല്‍പര്യങ്ങളെ സ്വതന്ത്രമായി പ്രതിനിധീകരിക്കാന്‍ കഴിയുക. ഇസ്‌ലാമിക ജീവിത ദര്‍ശനവും പാശ്ചാത്യ ജീവിത ദര്‍ശനവും നമ്മിലാണ് യഥാര്‍ഥ പ്രശ്‌നം. അവക്കിടയില്‍ സമവായമുണ്ടാക്കാനുള്ള ഫപ്രദമായ മാര്‍ഗം ദേശീയതക്കും വംശീയതക്കും അതീതമായ ഇസ്‌ലാമിക മൂല്യങ്ങളുടെ ശരിയായ പ്രബോധനവും പ്രതിനിധാനവുമാണ്. സ്വേഛാധിപതികള്‍ക്കോ പട്ടാള മേധാവികള്‍ക്കോ സ്വയം നിയുക്തരാജാക്കന്മാര്‍ക്കോ അത് സാധ്യമാവുകയില്ല.

Comments

Other Post

ഖുര്‍ആന്‍ ബോധനം

സൂറ-19/ മര്‍യം/81-87
എ.വൈ.ആര്‍