Prabodhanm Weekly

Pages

Search

2013 ഡിസംബര്‍ 20

എം.ഇ.എസ്, ഇഖ്‌റഅ് മെഡിക്കല്‍ ടീമിന്റെ സേവനം

മുസഫര്‍ നഗറില്‍ നിന്ന് / കെ.സി മൊയ്തീന്‍ കോയ

ദുരന്ത മേഖലകളില്‍ ഓടിയെത്തി അവസ്ഥകള്‍ വിലയിരുത്തി തുടര്‍പ്രവര്‍ത്തനങ്ങള്‍ നിര്‍ദേശിക്കാന്‍ പൈലറ്റ് ടീമിനെ അയക്കുകയാണ് കേരളത്തിലെ ഐഡിയല്‍ റിലീഫ് വിംഗി (ഐ.ആര്‍.ഡബ്ല്യു) ന്റെ രീതി. മുസഫര്‍ നഗറിലെ മൊത്തം ക്യാമ്പുകളില്‍ ഒരു വട്ടം കറങ്ങിയ ഞങ്ങള്‍ക്ക് വന്ന ബോധ്യം എല്ലാ  ക്യാമ്പിലും  വളരെ പെട്ടെന്ന് ചികിത്സാ സൗകര്യം എത്തിക്കണമെന്നാണ്.   ഡങ്കി, മലേരിയ, ടൈഫോയ്ഡ്, ഡയറിയ, ചുമ തുടങ്ങിയവ ക്യാമ്പുകളില്‍ പടര്‍ന്നുകൊണ്ടിരിക്കുകയായിരുന്നു. തണുപ്പു കാലം തുടങ്ങുന്നതിനാല്‍ കൂടുതല്‍ രോഗങ്ങള്‍ പ്രതീക്ഷിക്കണം.
വിവരം ഉടനെ കണ്‍വീനര്‍ വി.ഐ. ഷമീറിന് കൈമാറി. അദ്ദേഹം ആതുര സേവനത്തിന് തയാറുള്ളവരെ സ്വാഗതം ചെയ്ത് പ്രസ്താവനയിറക്കി. ജമാഅത്തെ ഇസ്‌ലാമി സംസ്ഥാന അസി. അമീര്‍ ശൈഖ് മുഹമ്മദ് കാരകുന്ന്, എം.ഇ.എസ്. പ്രസിഡന്റ് ഡോ. ഫസല്‍ ഗഫൂറിനെ ഫോണില്‍ വിളിച്ച് മുസഫര്‍ നഗറില്‍ മെഡിക്കല്‍ ക്യാമ്പ് തുടങ്ങാനുള്ള ഇസ്‌ലാമിക പ്രസ്ഥാനത്തിന്റെ  തീരുമാനം അറിയിച്ചു.  പത്തംഗ മെഡിക്കല്‍ ടീമിന്റെ ഓഫറുമായാണ് അദ്ദേഹം തിരിച്ച് വിളിച്ചത്.
ആസാമിലെ പോലെ ഇവിടെയും ഒന്നാമത്തെ ഗ്രൂപ്പില്‍ കുതിച്ചെത്തിയത് എം.ഇ.എസ് മെഡിക്കല്‍ കോളേജ് (പെരിന്തല്‍മണ്ണ)രജിസ്ട്രാര്‍ ഡോക്ടര്‍ ജമാലും അവിടത്തെ ഇ.എന്‍.ടി ഡോക്ടര്‍ സുനിലും തന്നെയാണ്. ''അഭയാര്‍ഥികളെ ചികിത്സിക്കാനാണ് ഞങ്ങള്‍ ഇത്രയും ദൂരം ഓടിവന്നത്, അതിനാല്‍ ഒരു നിമിഷവും പാഴാക്കരുത്'' എന്ന് പറഞ്ഞ് ദല്‍ഹിയില്‍ ഇറങ്ങിയ ഉടനെ മുസഫര്‍ നഗറിലേക്കു കുതിച്ചു. പാതിരാവില്‍ എത്തി, രാവിലെ എട്ട് മണിക്കു തന്നെ രോഗികളെ പരിചരിച്ചുതുടങ്ങി. 11 മണി ആയപ്പോഴേക്ക് ജമാഅത്തെ ഇസ്‌ലാമി അഖിലേന്ത്യാ ജനറല്‍ സെക്രട്ടറി നുസ്‌റത്ത് അലി, ജനസേവനവിഭാഗം സെക്രട്ടറി ശാഫി മദനി, കേരള അമീര്‍ ടി. ആരിഫലി, സംസ്ഥാന സമിതി അംഗം മമ്മുണ്ണി മൗലവി, വിഷന്‍ 2016 സി.ഇ.ഒ റഫീഖ് അഹമദ്, എക്കൗണ്ടന്റ് നൗഫല്‍, ദല്‍ഹി അല്‍-ശിഫ ഹോസ്പിറ്റല്‍ ഡയറക്ടര്‍ ഖമറുദ്ദീന്‍, മീററ്റ് ഫലാഹെ ആം ഹോസ്പിറ്റല്‍ ഡയറക്ടര്‍ അലാഉദ്ദീന്‍ തുടങ്ങിയവര്‍ എത്തിച്ചേര്‍ന്നു.
ജമാഅത്തെ ഇസ്‌ലാമി ഹിന്ദ്, വിഷന്‍ 2016, എം.ഇ.എസ്, മെഡിക്കല്‍ സര്‍വീസ് സൊസൈറ്റി, അല്‍-ഷിഫ ഹോസ്പിറ്റല്‍ ദല്‍ഹി, ഫലാഹെ ആം ഹോസ്പിറ്റല്‍ മീററ്റ്, കോഴിക്കോട് ഇഖ്‌റഅ് ഹോസ്പിറ്റല്‍, ഐ.ആര്‍.ഡബ്ല്യൂ കേരള എന്നിവ സംയുക്തമായാണ് മെഡിക്കല്‍ ക്യാമ്പുകള്‍ സംഘടിപ്പിച്ചത്.   
അഭയാര്‍ഥികളില്‍ അധികവും സ്ത്രീകളും കുട്ടികളുമായതിനാല്‍ ഹിന്ദി അറിയുന്ന  വനിതാ നഴ്‌സ്/ഫാര്‍മസിസ്റ്റുകളെ  കിട്ടാന്‍ ശ്രമിച്ചു പരാജയപ്പെട്ടിരിക്കുമ്പോഴാണ് ദല്‍ഹി അല്‍ ഷിഫ ഹോസ്പിറ്റലിലെ സില്‍വിയുടെ വരവ്. ലോഈ ക്യാമ്പിന്റെ സര്‍പഞ്ച് അബ്ദുല്‍ ജബ്ബാര്‍ സാഹിബിന്റെ വീട്ടില്‍ കുടുംബത്തോടൊപ്പമാണ് താമസമൊരുക്കിയിരുന്നതെങ്കിലും മുകളിലത്തെ ഒറ്റ റൂമില്‍ ഒറ്റക്കു കഴിയാനാണവര്‍ ഇഷ്ടപ്പെട്ടത്. ഒന്നാമത്തെ ദിവസം ക്യാമ്പില്‍ കണ്ട രോഗികളുടെ അവസ്ഥ അവരെ വല്ലാതെ പ്രയാസപ്പെടുത്തി. ആതുരശുശ്രൂഷ രംഗത്തെ ഇത്രയും കാലത്തെ ജീവിതത്തിനിടയില്‍ അവര്‍ക്കീവിധം ദുരിതങ്ങള്‍ കാണേണ്ടിവന്നിട്ടില്ല. ശീതീകരിച്ച റൂമില്‍ സ്റ്റെറിലൈസ് ചെയ്ത ഉപകരണങ്ങള്‍ ഉപയോഗിച്ചു അനസ്തിഷ്യ നല്‍കി മാത്രം കീറിമുറി നടത്തി ശീലിച്ച അവര്‍, പൊട്ടിവീഴാറായ ചൂടികട്ടിലിലും നിലത്ത് വിരിച്ച പ്ലാസ്റ്റിക്ക്ഷീറ്റിലും രോഗികളെ നിരയായി കിടത്തി, മാസ്‌കു ധരിക്കാതെ കൈയുറയില്ലാതെ കീറിമുറിയും ഡ്രിപ്പും ഇഞ്ചക്ഷനും നടത്തേണ്ടിവന്നപ്പോള്‍ അതുവരെ പുലര്‍ത്തിയിരുന്ന ഒരു പാടുധാരണകള്‍ അടിമേല്‍ മറിഞ്ഞതോടൊപ്പം അവരുടെ മനസ്സും മാറുകയായിരുന്നു. ക്യാമ്പ് കണ്ടപ്പോള്‍ എത്രയും വേഗം തിരിച്ചുപോവാന്‍ ചിന്തിച്ചിരുന്ന അവര്‍, ക്യാമ്പ് തീരുന്നത് വരെ നില്‍ക്കാമെന്നും, ഇനി ഇത്തരം ക്യാമ്പുകള്‍ എവിടെ ഉണ്ടെങ്കിലും വിളിക്കണമെന്നും പറഞ്ഞുകൊണ്ടാണ് അന്ന് രാത്രി ഉറങ്ങാന്‍ പോയത്.
പതിനൊന്ന് ദിവസത്തെ ത്യാഗപൂര്‍ണമായ സേവനം പൂര്‍ത്തിയാക്കി എം.ഇ.എസിലെ ഡോക്ടര്‍മാര്‍ മടങ്ങുന്നതിന് മുമ്പ്തന്നെ ഇഖ്‌റഅ് ഹോസ്പിറ്റലിലെ (കോഴിക്കോട്) ഡോക്ടര്‍  ശിഹാബുദ്ദീന്‍, ഭാര്യ ഡോക്ടര്‍ മിസ്‌ന, ഫാര്‍മസിസ്റ്റ് അബ്ദുറഹ്മാന്‍, നഴ്‌സ് ഹാശില്‍ മലിക്പൂര്‍ ക്യാമ്പില്‍ എത്തി. ഒപ്പം വളണ്ടിയര്‍മാരായി പാനായിക്കുളം ഇഖ്ബാല്‍, കൊച്ചിയിലെ നിയാസ്,  തിരുവനന്തപുരത്തെ സവാദ് ഹാജി എന്നിവരും. എം.ഇ.എസ്, ഇഖ്‌റഅ് ഡോ
ക്ടര്‍മാര്‍ സംയുക്തമായാണ് രണ്ടു ദിവസം മലിക്പൂരില്‍ ക്യാമ്പ് നടത്തിയത്.  തുടര്‍ ക്യാമ്പുകള്‍ ആവശ്യാനുസാരം നടത്താന്‍ തദ്ദേശീയരായ ചികിത്സകരെ ഏല്‍പ്പിച്ചാണ് മെഡിക്കല്‍ ടീം കേരളത്തില്‍ തിരിച്ചെത്തിയത്.

Comments

Other Post

ഖുര്‍ആന്‍ ബോധനം

സൂറ-19/ മര്‍യം/81-87
എ.വൈ.ആര്‍