Prabodhanm Weekly

Pages

Search

2013 ഡിസംബര്‍ 20

കര്‍മപഥങ്ങളുടെ വിശുദ്ധി

പി.എ.എം ഹനീഫ്

'ഉജ്ജ്വലം മഹാത്മാവിന്റെ ജീവിതം' എന്ന തലക്കെട്ടില്‍ ഗാന്ധിയന്‍ ജീവിതത്തെ അടിമുടി അവലോകനം ചെയ്യുന്ന ഗ്രന്ഥം കൊച്ചിയിലെ 'നമസ്‌കാര പബ്ലിക്കേഷന്‍സ്' പ്രസാധനം ചെയ്തിരിക്കുന്നു. 1869 ഒക്‌ടോബര്‍ 2-ന് ഗുജറാത്ത് കാത്തിയാ വാഡിലെ പോര്‍ബന്തറിലെ ജനനനാള്‍ മുതല്‍ 1948 ജനുവരി 30ന് ബിര്‍ളാ ഹൗസില്‍ നാഥുറാം വിനായക് ഗോഡ്‌സേയുടെ തോക്കിനിരയായി ലോകത്തോട് വിട പറഞ്ഞതു വരെയുള്ള എഴുപത്തൊമ്പത് വര്‍ഷത്തെ ഐതിഹാസിക ജീവിതം ചിമിഴിലൊതുക്കി പ്രശസ്ത എഴുത്തുകാരന്‍ എന്‍.കെ.എ ലത്വീഫ് ആസ്വാദകനു നല്‍കുന്നു. പുസ്തകത്തിനൊടുവില്‍ ചേര്‍ത്ത ഗ്രന്ഥസൂചികയില്‍ ഗാന്ധിജിയുമായി ബന്ധപ്പെട്ട 29 ഗ്രന്ഥങ്ങളെ താനവലംബിച്ചതായി പറയുന്നുണ്ട്. കെ. മാധവനാര്‍ വിവര്‍ത്തനം നിര്‍വഹിച്ച 'എന്റെ സത്യാന്വേഷണ പരീക്ഷണങ്ങളില്‍' തുടങ്ങി ഡോ. എസ് രാധാകൃഷ്ണന്റെ 'മഹാത്മാഗാന്ധി 100 വര്‍ഷങ്ങള്‍', 'ഇന്ത്യ സ്വാതന്ത്ര്യം നേടുന്നു' (മൗലാനാ ആസാദ്), സുമിത്രാ ഗാന്ധി കുല്‍ക്കര്‍ണിയുടെ ഏറെ പ്രശസ്തമായ 'അമൂല്യ പൈതൃകം' അടക്കം നിരവധി ആധികാരിക ഗ്രന്ഥങ്ങള്‍ ഈ പുസ്തകത്തിന്റെ രചനക്ക് ലത്വീഫ് അവലംബമാക്കിയിരിക്കുന്നു.
മലയാളത്തിലെ ജീവചരിത്ര ഗ്രന്ഥകാരന്മാരുടെ പതിവ് ശൈലിയില്‍ നിന്ന് കുതറി മാറി ഈ രചനക്ക് തൂലിക എടുക്കുമ്പോള്‍ ലത്വീഫിലെ എഴുത്തുകാരന്‍ കൈക്കൊണ്ട നല്ലൊരു രചനാ സമ്പ്രദായം ഇതിന്റെ പാരായണത്തിനിടയില്‍ വല്ലാതെ ആകര്‍ഷിച്ചു. യാതൊരു അതിശയോക്തിയും മഹാത്മാ ഗാന്ധിയെ അവതരിപ്പിക്കുമ്പോള്‍ ഗ്രന്ഥകാരന്‍ സ്വീകരിക്കുന്നില്ല. സുകുമാര്‍ അഴീക്കോടിന്റെ 'മഹാത്മാവിന്റെ മാര്‍ഗ'മാണ് മലയാളത്തില്‍ ഏറെ വിമര്‍ശന വിധേയമായൊരു ഗാന്ധി സംബന്ധിയായ കൃതി. ആ കൃതിയുടെ മുഖ്യ ദോഷങ്ങളിലൊന്ന് ഗാന്ധിജിയോടുള്ള അതിരു കടന്ന ആവേശം മൂലം അഴീക്കോട് ചില അതിശയോക്തികള്‍ അവതരിപ്പിച്ചു എന്നതു മാത്രമല്ല, ഗാന്ധിയനാകാതെ ഒരാള്‍ 'മഹാത്മാവിന്റെ മാര്‍ഗം' അവതരിപ്പിച്ചു എന്നതു കൂടിയാണ്. എന്‍.കെ.എ ലത്വീഫിനെ ഓര്‍മിക്കുമ്പോള്‍ പറയാവുന്നത് ഗാന്ധി കേന്ദ്രീകൃതമായൊരു ഗ്രന്ഥരചനക്ക് അദ്ദേഹത്തിനുള്ള അവകാശം സര്‍വാംഗീകതമാണെന്നതത്രെ! അധികാരത്തിന്റെ ഏത് ഉന്നത ശ്രേണിയിലെത്താനും അവസരങ്ങള്‍ വേണ്ടത്ര ഉണ്ടായിട്ടും ഗാന്ധിയന്‍ ആദര്‍ശങ്ങള്‍ സ്വജീവിതത്തില്‍ നൂറ്റുക്കു നൂറും പുലര്‍ത്തുന്ന ലത്വീഫ്, നല്ലൊരു വിശ്വാസിയും ഇസ്‌ലാമിന്റെ പരിപോഷണത്തിന് സംഘടനകളുടെ 'കെട്ടുപാടുകളിലൊ'ടുങ്ങാതെ ആയുസ്സിന്റെ പുസ്തകത്തില്‍ നല്ലതു പലതും ശേഖരിച്ച എഴുത്തുകാരന്‍ കൂടിയാണ്.
ഗ്രന്ഥത്തിന്റെ ഉള്ളടക്കത്തില്‍ 'ഇസ്‌ലാം മതവും മുഹമ്മദ് നബിയും' ഗാന്ധിയന്‍ വീക്ഷണത്തില്‍ അവതരിപ്പിക്കുന്നൊരു അധ്യായമുണ്ട്. പ്രവാചകന്റെ ആഗമനത്തെ ഗാന്ധിജി വിശേഷിപ്പിക്കുന്ന വരികളുടെ മൊഴിമാറ്റത്തിലും ലത്തീഫിന്റെ തൂലിക പുലര്‍ത്തുന്ന കൈത്തഴക്കം മികച്ചതാണ്.
''പടിഞ്ഞാറ് അന്ധകാരാവൃതമായിരുന്നപ്പോള്‍ പൂര്‍വ ദിങ്മുഖത്ത് ഒരു ഉജ്ജ്വലതാരം ഉദിച്ചുയരുകയും ദുഃഖാര്‍ത്തമായ ലോകത്തിനു വെളിച്ചവും സൗഖ്യവും നല്‍കുകയും ചെയ്തു. ഇസ്‌ലാം കാപട്യമുള്ള മതമല്ല. ഹിന്ദുക്കള്‍ ആ മതം ബഹുമാന പുരസ്സരം പഠിക്കുമെങ്കില്‍ എന്നെ പോലെ അവരും അതിനെ സ്‌നേഹിക്കും...''
ഒരു പ്രസിഡന്റോ പ്രധാനമന്ത്രിയോ ആകാന്‍ ഗാന്ധിജി ആഗ്രഹിച്ചില്ല. ഫലേഛ കൂടാതെ നിസ്സംഗത്വത്തോടു കൂടിയാണ് ഗാന്ധിജി പരിശ്രമിച്ചതൊക്കെയും. ആധുനിക ഭാരതം ഒരു വീര കാവ്യമെന്ന്, എന്നെങ്കിലും ഒരാള്‍ക്ക് തോന്നുന്നുവെങ്കില്‍ അതിന്റെ നിര്‍മാതാവ് ഗാന്ധിജി ആണെന്നിരിക്കെ ഈ പുസ്തകം കൊരുത്തുണ്ടാക്കിയ എന്‍.കെ.എ ലത്തീഫിന് അഭിമാനിക്കാം. ഗാന്ധിജിയെ താന്‍ നൂറു ശതമാനം പിന്തുടര്‍ന്നിരിക്കുന്നു. കെട്ടും മട്ടും, ഒരു ഗാന്ധിയന്‍ ഗ്രന്ഥത്തിനുണ്ടാവേണ്ട ലാളിത്യമാര്‍ന്ന ഡിസൈനിംഗും മികച്ചത്. മഹാത്മാവിന്റെ ജീവിതത്തെക്കുറിച്ച് നല്ലൊരു കൈ പുസ്തകം.

ഉജ്ജ്വലം
മഹാത്മാവിന്റെ ജീവിതം
പ്രസാധനം:
നമസ്‌കാര പബ്ലിക്കേഷന്‍സ്
കൊച്ചി, 683002. വില 60 രൂപ

Comments

Other Post

ഖുര്‍ആന്‍ ബോധനം

സൂറ-19/ മര്‍യം/81-87
എ.വൈ.ആര്‍