Prabodhanm Weekly

Pages

Search

2013 സെപ്റ്റംബര്‍ 27

മാതൃഹൃദയവും മരുഭൂമിയാവുകയാണോ?

ശൈഖ് മുഹമ്മദ് കാരകുന്ന് / കുടുംബം

വിദ്യാര്‍ഥി ജീവിതകാലത്ത് വായിച്ച ഒരു കഥ മനസ്സിലിപ്പോഴും മങ്ങാതെ നില്‍ക്കുന്നു. ഒരുമ്മയും മകനും. അവര്‍ മാത്രമേ ഉണ്ടായിരുന്നുള്ളൂ. അതിനാല്‍ ഒന്നിച്ചാണ് കഴിഞ്ഞിരുന്നത്. തീനും കുടിയും ഉറക്കവും ഉണര്‍ച്ചയുമെല്ലാം ഒരുമിച്ച്.
അങ്ങനെ മകന് പതിനെട്ട് ഇരുപത് വയസ്സായതോടെ അവന്‍ ഒരു പെണ്‍കുട്ടിയെ സ്‌നേഹിക്കാന്‍ തുടങ്ങി. ബന്ധം ഗാഢമായപ്പോള്‍ അവന്‍ അവളോടു പറഞ്ഞു: ''ഞാന്‍ നിന്നെ വിവാഹം കഴിക്കാനാഗ്രഹിക്കുന്നു.''
''വിരോധമില്ല. പക്ഷേ, ഒരു നിബന്ധനയുണ്ട്.'' അവള്‍ അറിയിച്ചു. അതെന്താണെന്ന് അവന്‍ ജിജ്ഞാസയോടെ അന്വേഷിച്ചു. അവള്‍ പറഞ്ഞു: ''നിങ്ങളുടെ ഉമ്മയുടെ തുടിക്കുന്ന ഹൃദയം എന്റെ മുമ്പില്‍ കൊണ്ടുവന്ന് തരണം.''
ഇതോടെ ആ ചെറുപ്പക്കാരന്റെ ഊണും ഉറക്കവും നഷ്ടപ്പെട്ടു. മകന്റെ ഭാവമാറ്റം കണ്ട ഉമ്മ ചോദിച്ചു: ''മോനേ, നിനക്കെന്തു പറ്റി?''
ആദ്യമൊന്നും അവന്‍ മറുപടി പറഞ്ഞില്ല. അവസാനം നിര്‍ബന്ധിച്ചപ്പോള്‍ സംഭവം വിശദീകരിച്ചുകൊടുത്തു. എല്ലാം കേട്ട ഉമ്മ പറഞ്ഞു: ''മോനേ, അതിന് നീയെന്തിനു പ്രയാസപ്പെടണം? ഞാനിവിടെ മലര്‍ന്നു കിടക്കാം. എന്റെ നെഞ്ച് പിളര്‍ന്ന് ഹൃദയമെടുത്ത് നിന്റെ പ്രിയപ്പെട്ടവള്‍ക്ക് കൊണ്ടുപോയി കൊടുത്ത് അവളെ വിവാഹം കഴിക്കൂ. നിങ്ങളുടെ സന്തോഷത്തിലല്ലേ ഈ ഉമ്മയുടെ സംതൃപ്തി.''
മാതാവിന്റെ നെഞ്ച് പിളര്‍ന്ന് ഹൃദയമെടുത്ത് കാമുകിയുടെ അടുത്തേക്ക് ഓടവേ ഒരു കല്ലില്‍ കാല്‍ തട്ടി വീഴാന്‍ പോയ മകനോട് ആ മാതൃഹൃദയം ചോദിച്ചുവത്രെ. 'മോനേ, ഉമ്മയുടെ കുട്ടിക്ക് വല്ലതും പറ്റിയോ?'
എന്നെ സംബന്ധിച്ചേടത്തോളം മനസ്സില്‍ എപ്പോഴും നീറ്റലുണ്ടാക്കുന്ന കഥയാണിത്. എന്റെ പ്രിയപ്പെട്ട ഉമ്മ കൊല്ലങ്ങളോളം വാതരോഗത്താല്‍ വേദന സഹിച്ചാണ് ജീവിച്ചിരുന്നത്. വടി കുത്തി ഏറെ പ്രയാസപ്പെട്ട് കൊടിയ വേദന കടിച്ചിറക്കിയാണ് മെല്ലെ നടന്നിരുന്നത്. പാതിരാവില്‍ ഞാന്‍ വീട്ടിലെത്തുമ്പോള്‍ കാലൊച്ച കേട്ട ഉമ്മ ഏറെ ബുദ്ധിമുട്ടി വന്ന് വാതില്‍ തുറക്കും. ആദ്യം ചോദിക്കുക: ''മോനേ, ഉമ്മാന്റെ കുട്ടി വല്ലതും കഴിച്ചോ? കുഴങ്ങിയോ? വേഗം പോയി കിടന്നോ.'' എല്ലാ കഷ്ടപ്പാടുകള്‍ക്കുമിടയിലും സ്വന്തത്തെ മറന്ന് നിറയൗവ്വനത്തിലുള്ള എന്നെക്കുറിച്ച് വേവലാതിപ്പെട്ടുകൊണ്ടിരുന്ന ഉമ്മ! എന്തൊരത്ഭുത പ്രതിഭാസം. എന്റെ മാതാവ് എന്നോട് വിടപറഞ്ഞിട്ട് മുപ്പത് വര്‍ഷം പിന്നിട്ടു. കിടക്കാന്‍ പോകുമ്പോള്‍ ഇപ്പോഴും എന്റെ കാതുകളില്‍ ഉമ്മയുടെ ആ ചോദ്യം വന്നലക്കാറുണ്ട്.
മാതാവിനെക്കുറിച്ച് ആലോചിക്കുമ്പോള്‍ മനസ്സിലുണരുന്ന ഓര്‍മകളിലേറെയും കൊടിയ ദുഃഖം ജനിപ്പിക്കുന്നവയാണ്. ദാരിദ്ര്യത്തിന്റെ പടുകുഴിയില്‍ മുക്കാല്‍ പട്ടിണിയോ മുഴു പട്ടിണിയോ ആയി കഴിഞ്ഞിരുന്ന കാലത്ത് അല്‍പം അരി കിട്ടിയാല്‍ കഞ്ഞിവെക്കും. വറ്റ് ഊറ്റി ബാപ്പക്ക് കൊടുക്കും. ബാക്കിയുള്ളത് ഞങ്ങള്‍ മക്കള്‍ക്ക് തരും. ഉമ്മ മധുരമില്ലാത്ത കട്ടന്‍ ചായ കഴിച്ച് ദിനരാത്രങ്ങള്‍ തള്ളിനീക്കും. എത്ര നാളുകളാണ് അങ്ങനെ കഴിഞ്ഞതെന്ന് തിട്ടപ്പെടുത്താനാവുന്നില്ല.
നാടുവിട്ടുപോയ വൈക്കം മുഹമ്മദ് ബഷീര്‍ വര്‍ഷങ്ങള്‍ക്കു ശേഷം ഒരു രാത്രി വീട്ടില്‍ തിരിച്ചെത്തുന്നു. വൈകിയെത്തിയ മകനെ സ്വീകരിച്ച ഉമ്മ അകത്തെ മുറിയില്‍ വിളമ്പിവെച്ച ഭക്ഷണം കഴിക്കാനാവശ്യപ്പെടുന്നു. അത്ഭുതസ്തബ്ധനായ ബഷീര്‍ ചോദിക്കുന്നു: ''ഞാനിന്ന് രാത്രി വരുമെന്ന് ആരാണ് ഉമ്മാ നിങ്ങളോട് പറഞ്ഞത്?''
''മോനേ, നീ പോയ നാള്‍ തൊട്ട് എന്നും നേരം പുലരുന്നതുവരെ കത്തിക്കൊണ്ടിരിക്കുന്ന വിളക്കിന്റെ അടുത്ത് നിന്റെ ഊണുണ്ടാവും.''
ഇങ്ങനെ മാതാവിനെപ്പറ്റി എത്രയെത്ര കഥകള്‍, കവിതകള്‍. മാതാവുതന്നെ കഥയാണല്ലോ. എത്ര പറഞ്ഞാലും എഴുതിയാലും തീരാത്ത കഥ! അപാര സാഗരം പോലെ അതിരുകളില്ലാത്ത കവിത. സ്‌നേഹസ്വരൂപമാണവര്‍. ത്യാഗത്തിന്റെ പര്യായം. ഭൂമിയെപ്പോലെ സര്‍വം സഹ.
കുഞ്ഞ് കിണറ്റില്‍ വീണാല്‍ നീന്തലറിയുമോ എന്നൊന്നും ആലോചിക്കാതെ കിണറ്റിലേക്ക് എടുത്തു ചാടുന്ന ഉമ്മ! കുട്ടിയെ കിടത്തിയേടത്ത് വിഷപ്പാമ്പ് ഫണമുയര്‍ത്തി നില്‍ക്കുമ്പോള്‍ ഓടിച്ചെന്ന് കുഞ്ഞിനെ കോരിയെടുക്കുന്ന ഉമ്മ! മക്കള്‍ക്ക് രോഗമായാല്‍ ഊണും ഉറക്കവുമുപേക്ഷിച്ച് അവര്‍ക്ക് കാവലിരിക്കുന്ന ഉമ്മ!
വിശന്ന് പൊരിയുന്ന നേരത്ത് ഒരുമ്മക്ക് ഒരു കാരക്ക കിട്ടി. അത് ഭാഗിച്ച് മക്കള്‍ക്ക് നല്‍കി. അവസാനത്തെ ചെറു ചീന്ത് വായിലേക്ക് കൊണ്ടുപോകാനൊരുങ്ങിയപ്പോള്‍ കുട്ടി കൈ നീട്ടി. ആ ഉമ്മ അതും അവര്‍ക്ക് കൊടുത്തു. ഇത് കണ്ടുകൊണ്ടിരുന്ന പ്രവാചകന്‍ അവരെക്കുറിച്ചാണ് സ്വര്‍ഗാവകാശിയെന്ന് പറഞ്ഞത്.
ഖുര്‍ആനും പ്രവാചക ചര്യയും ചരിത്രവും സാഹിത്യവും പറഞ്ഞുതരുന്ന ഉമ്മ ഇതാണ്. തലമുറകള്‍ അനുഭവിച്ച ഉമ്മയും ഇതുതന്നെ. സമര്‍പ്പണവും സഹനവും ത്യാഗവും അനുഭവമാക്കി മാറ്റുന്ന മാതാവ്. അവരെ ആദരിക്കാനാണ് , അനുസരിക്കാണ്, സ്‌നേഹിക്കാനാണ് ഖുര്‍ആന്‍ കല്‍പിച്ചത്.
''മാതാപിതാക്കളുടെ കാര്യത്തില്‍ മനുഷ്യനെ നാം ഉപദേശിച്ചിരിക്കുന്നു. അവന്റെ ഉമ്മ മേല്‍ക്കുമേല്‍ ക്ഷീണം സഹിച്ചാണ് അവനെ ഗര്‍ഭം ചുമന്നത്. അവന്റെ മുലകുടി നിര്‍ത്തലോ രണ്ടു കൊല്ലം കൊണ്ടുമാണ്. അതിനാല്‍ നീയെന്നോട് നന്ദി കാണിക്കുക. നിന്റെ മാതാപിതാക്കളോടും. എന്റെ അടുത്തേക്കാണ് നിന്റെ തിരിച്ചുവരവ്'' (31:14).
''മാതാപിതാക്കളോട് നന്മ ചെയ്യണമെന്ന് മനുഷ്യനോടു നാം കല്‍പിച്ചിരിക്കുന്നു. ഏറെ പ്രയാസത്തോടെയാണ് മാതാവ് അവനെ ഗര്‍ഭം ചുമന്നത്. കടുത്ത പാരവശ്യത്തോടെയാണ് പ്രസവിച്ചത്'' (46:15).
സ്‌നേഹ സമ്പന്നയും സമര്‍പ്പണ സന്നദ്ധതയുമായ ഈ ഉമ്മ എവിടെ? അവര്‍ ചരിത്രത്തിന്റെ ഭാഗമായോ? കാലയവനികക്കുള്ളില്‍ മറഞ്ഞോ? നമ്മുടെ സമൂഹത്തിലിന്ന് മാതൃത്വം മഹിതമായ പദവിയാണോ? ഗര്‍ഭധാരണവും പ്രസവവും ആദരണീയ കര്‍മമാണോ?
പല സ്ത്രീകള്‍ക്കുമിന്ന് ഗര്‍ഭം ചുമക്കാനും പ്രസവിക്കാനും മടിയാണ്. അതില്‍ ആത്മനിര്‍വൃതി അനുഭവിക്കുന്നവര്‍ അപൂര്‍വമോ അത്യപൂര്‍വമോ ആണ്. അവര്‍ ഗര്‍ഭം ഭാരമായി കാണുന്നു. പ്രസവം ഒഴിവാക്കാനാവാത്ത ബാധ്യതയും. ഓരോ ഗര്‍ഭവും പ്രസവവും ആഹ്ലാദപൂര്‍വം ആഘോഷിച്ച അമ്മമാരിന്ന് ഓര്‍മ മാത്രം. ജീവിതത്തെ ശരീരവത്കരിച്ചതിനാല്‍ അതിന്റെ സുഖവും ബുദ്ധിമുട്ടും, എളുപ്പവും പ്രയാസവും മാത്രമേ പരിഗണിക്കപ്പെടുന്നുള്ളൂ. ശരീരം പ്രയാസപ്പെടുമ്പോഴും മനസ്സും ആത്മാവും അനുഭവിക്കുന്ന അനുഭൂതി തീര്‍ത്തും അന്യംനിന്നിരിക്കുന്നു. എല്ലാം ശരീരകേന്ദ്രീകൃതമായതിനാല്‍ ഗര്‍ഭധാരണവും പ്രസവവും മുലകൊടുക്കലുമൊക്കെ വികാരരഹിതവും യാന്ത്രികവുമായി മാറിയിരിക്കുന്നു. ശരീരത്തിന് വേദനയും ക്ഷീണവും പ്രയാസവും ഉണ്ടാവുന്നതൊക്കെയും വേണ്ടാത്തവയാണെന്ന് വന്നിരിക്കുന്നു.
സൗന്ദര്യം ചോര്‍ന്നുപോകുമോ എന്ന് ഭയന്ന് കുഞ്ഞുങ്ങള്‍ക്ക് മുലപ്പാല്‍ കൊടുക്കാന്‍ മടിക്കുന്ന മാതാക്കളുടെ എണ്ണം കൂടിക്കൊണ്ടേയിരിക്കുന്നു. മുല കൊടുക്കുന്നത് അനുഭൂതിദായകമായ ആത്മീയ കര്‍മമല്ലാതാവുകയും കേവലം ശാരീരിക പ്രക്രിയയായി പരിണമിക്കുകയും ചെയ്തിരിക്കുന്നു. ടെലി സീരിയല്‍ കണ്ടുകൊണ്ടിരിക്കുന്ന മാതാവ് ഉറങ്ങുന്ന കുട്ടി ഉണര്‍ന്ന് കരഞ്ഞാല്‍ അതിനെ എടുത്ത് മുലപ്പാല്‍ കൊടുക്കുന്നുവെങ്കില്‍ അത് മടുപ്പോടെയും വെറുപ്പോടെയുമായിരിക്കും. അതുകൊണ്ടുതന്നെ ടാപ്പില്‍ നിന്ന് വെള്ളം വീഴ്ത്തുന്നതുപോലെ തീര്‍ത്തും നിര്‍വികാരവും യാന്ത്രികവുമായിരിക്കും അത്. അഥവാ, അപ്പോള്‍ കുഞ്ഞെങ്ങാനും മലമൂത്ര വിസര്‍ജനം ചെയ്താല്‍ അത് കഴുകി കൊടുക്കുന്ന അമ്മക്ക് പണിയായുധം വൃത്തിയാക്കുന്ന തൊഴിലാളിയുടെ വികാര സാന്നിധ്യം പോലുമുണ്ടാവില്ല.
സ്വന്തം മക്കളെ ക്രൂരമായി പീഡിപ്പിക്കുന്ന അമ്മമാര്‍ ഇന്ന് അത്യപൂര്‍വമല്ല. ഭര്‍ത്താക്കന്മാരോടോ മറ്റു വീട്ടുകാരോടോ ഉള്ള വെറുപ്പും കോപവും കുഞ്ഞുങ്ങളോട് കാണിച്ച് അവരോട് ക്രൂരത കാട്ടുന്ന മാതാക്കള്‍ നമ്മുടെ സമൂഹത്തില്‍ നിരവധിയാണ്. പെറ്റ കുഞ്ഞിനെ ഉപേക്ഷിക്കുകയോ കൊലപ്പെടുത്തുകയോ ചെയ്യുന്ന അമ്മമാരുടെ കഥകള്‍ പോലും നാം കേള്‍ക്കുകയും കാണുകയും വായിക്കുകയും ചെയ്യുന്നു. പ്രവാചകനിയോഗകാലത്ത് കുഞ്ഞുങ്ങള്‍ കൊല്ലപ്പെട്ടിരുന്നെങ്കിലും ക്രൂരകൃത്യം കാണിച്ചത് പിതാക്കന്മാരായിരുന്നു; മാതാക്കളായിരുന്നില്ല.
മാതൃത്വത്തിന്റെ അതിരുകളില്ലാത്ത സ്‌നേഹ കാരുണ്യ വാത്സല്യ വികാരങ്ങള്‍ നമ്മില്‍ നിന്ന് കവര്‍ന്നെടുത്തത് ആരാണ്? സംശയമില്ല. പടിഞ്ഞാറു തന്നെ. വിവാഹവും കുടുംബവും കുട്ടികളുമൊന്നും വേണ്ടെന്നു വെച്ച പാശ്ചാത്യ ഭൗതികദര്‍ശനവും നാഗരികതയും. മനുഷ്യനെന്നാല്‍ ശരീരമാണെന്നും ജീവിതമെന്നാല്‍ അതിന്റെ ആഘോഷമാണെന്നും നമ്മെ പറഞ്ഞു പഠിപ്പിച്ച പടിഞ്ഞാറ്. എല്ലാ ശ്രദ്ധയും ശ്രമവും ശരീരത്തിന്റെ ഉത്സവത്തിലും ആസ്വാദനത്തിലും കേന്ദ്രീകരിക്കണമെന്ന് ശഠിച്ച കമ്പോള സംസ്‌കാരം. ശരീര കാമനകള്‍ക്കപ്പുറമൊന്നും കാണാന്‍ കഴിയാത്ത ഭോഗാസക്തമായ പുതുനാഗരികത നമ്മുടെ മനസ്സുകളില്‍ നിന്ന് കാരുണ്യത്തിന്റെ അവസാനത്തെ കണികയും അറുത്തുമാറ്റിയിരിക്കുന്നു. അതിനാല്‍ നമ്മുടെ ഹൃദയങ്ങള്‍ കനിവിന്റെ കിനിവുപോലുമില്ലാത്ത മരുഭൂമികളായി മാറിയിരിക്കുന്നു. എന്നിട്ടും കുട്ടികളും കുടുംബങ്ങളുമൊക്കെ നിലനില്‍ക്കുന്നത് പരമ്പരാഗതമായി പകര്‍ന്നു കിട്ടിയ ജീവിതശീലങ്ങളും ശൈലികളും കാരണമായാണ്.
മനുഷ്യന്റെ സ്വാഭാവികവും മൗലികവുമായ പ്രകൃതത്തിലേക്കുള്ള തിരിച്ചുപോക്കു മാത്രമാണ് പരിഹാരം. അത് സാധ്യമാകണമെങ്കില്‍ ആ പ്രകൃതം രൂപപ്പെടുത്തിയ പ്രപഞ്ച സ്രഷ്ടാവുമായി ഹൃദയത്തെ ബന്ധിപ്പിക്കണം. അപ്പോഴാണ് അതിരുകളില്ലാത്ത ദിവ്യകാരുണ്യത്തില്‍നിന്ന് മനുഷ്യ ഹൃദയങ്ങളിലേക്ക് കാരുണ്യം ചാലിട്ടൊഴുകുക. ദൈവമൊരുക്കിയ പ്രകൃതമനുസരിച്ച് മാതൃ ഹൃദയത്തിലേക്കാണ് അത് കൂടുതലായി പ്രവഹിക്കുക. അതിനാലാണ് അല്ലാഹു ഉമ്മയുടെ ഗര്‍ഭാശയത്തിന് സ്വന്തം പേരു നല്‍കിയത്. 'കാരുണ്യം' എന്നര്‍ഥം വരുന്ന 'റഹ്മ' (ഖുര്‍ആന്‍ 2:228, 31:34, 22:5, 3:6, 13:8).
ദയാപരനായ അല്ലാഹുവിലേക്കും അവന്റെ ജീവിതക്രമത്തിലേക്കും തിരിഞ്ഞു നടക്കാതെ നഷ്ടമായ തരളിതവും വാത്സല്യ നിരതവും കരുണാമയവും സ്‌നേഹനിര്‍ഭരവുമായ മാതൃ ഹൃദയത്തെ വീണ്ടെടുക്കാനാവില്ല.

Comments

Other Post

ഖുര്‍ആന്‍ ബോധനം

സൂറ-19/ മര്‍യം/24-29
എ.വൈ.ആര്‍