Prabodhanm Weekly

Pages

Search

2013 സെപ്റ്റംബര്‍ 27

മഅ്ദനി, ബംഗളൂരു കോയമ്പത്തൂരാവുകയാണ്

ഇനാമുറഹ്മാന്‍ / പ്രതികരണം

ര്‍ണാടകയില്‍ ബി.ജെ.പി സര്‍ക്കാര്‍ മാറി കോണ്‍ഗ്രസ് അധികാരത്തില്‍ വന്നപ്പോള്‍ പരപ്പനയില്‍ അനന്തമായി നീളുന്ന അബ്ദുന്നാസിര്‍ മഅ്ദനിയുടെ തടവ് അവസാനിക്കുമെന്നും മാനുഷിക പരിഗണനകള്‍ വെച്ച് അദ്ദേഹത്തിന് ജാമ്യം ലഭിക്കുമെന്നും മനുഷ്യത്വം മരവിച്ചിട്ടില്ലാത്ത കുറച്ച് പേരെങ്കിലും കരുതിക്കാണും. സര്‍ക്കാര്‍ മാറിയ സന്ദര്‍ഭത്തില്‍ ബംഗളൂരുവിലെ പരപ്പന അഗ്രഹാര ജയിലില്‍ മൂന്നും കോയമ്പത്തൂരില്‍ ഒമ്പതര വര്‍ഷവും തടവറയില്‍ ദുരിതം തിന്ന് ജീവിച്ച വികലാംഗനായ ഒരു മനുഷ്യനെന്ന നിലയില്‍ മഅ്ദനിയും അങ്ങനെയൊക്കെ സ്വപ്‌നം കണ്ട് കാണും. അതുകൊണ്ടാവണം സിദ്ധരാമയ്യയുടെ നേതൃത്വത്തില്‍ കോണ്‍ഗ്രസ് സര്‍ക്കാര്‍ അധികാരത്തില്‍ വന്നതിനു പിറകെ സ്വന്തം ചെലവില്‍ ചികിത്സ അനുവദിക്കണമെന്നാവശ്യപ്പെട്ട് അദ്ദേഹം കര്‍ണാടക ഹൈകോടതിയില്‍ ജാമ്യാപേക്ഷ നല്‍കിയത്. എന്നാല്‍, ഒന്നും സംഭവിച്ചില്ല. സംഭവിക്കുകയുമില്ല. മഅ്ദനി അകപ്പെട്ടിരിക്കുന്ന കുരുക്കിന്റെ ആഴവും പരപ്പും അറിയാവുന്നവര്‍ക്ക് അങ്ങനെ ചിന്തിക്കാനേ കഴിയൂ.
ഭരണകൂടത്തിന് മഅ്ദനി ഒന്നാന്തരം തീവ്രവാദിയാണ്. ബംഗളൂരു സ്‌േഫാടന കേസ്, കോയമ്പത്തൂര്‍ പ്രസ് ക്ലബിന് സമീപം സ്‌ഫോടക വസ്തുക്കള്‍ വെച്ച കേസ് തുടങ്ങിയവയുടെ സൂത്രധാരനാണ്. രണ്ടാമതു പറഞ്ഞ കേസില്‍ വാറണ്ട് വന്ന് കിടപ്പുണ്ട്. സുപ്രീംകോടതി ജാമ്യം നിഷേധിച്ച പ്രതിയാണ്. നിയമവ്യവസ്ഥ അദ്ദേഹത്തിന്റെ പുറത്തൊട്ടിച്ചിരിക്കുന്ന ഏറ്റവും ശക്തമായ ലേബലാണിത്. പരമോന്നത കോടതി ജാമ്യം നിഷേധിച്ച പ്രതിക്ക് കീഴ്‌കോടതി എങ്ങനെ ജാമ്യം നല്‍കും? മഅ്ദനിക്ക് ഇനി ചെയ്യാനുള്ളത്, വിചാരണ പൂര്‍ത്തിയാക്കി നിരപരാധിത്വം തെളിയിച്ച് പുറത്തിറങ്ങുകയെന്നതാണ്. അല്‍പം ദുര്‍ഘടമാണെങ്കിലും അതു മാത്രമാണ് അദ്ദേഹത്തിന്റെ മുന്നിലുള്ള വഴി. നല്ല അഭിഭാഷകരുടെ സഹായമുണ്ടെങ്കില്‍ കര്‍ണാടക പോലീസ് കൂട്ടിക്കെട്ടിയ കേസില്‍ നിന്ന് അദ്ദേഹത്തിന് പുറത്തുകടക്കാനാവും. അതിന് ആരുടെ ഔദാര്യവും വേണ്ട. വിചാരണ മര്യാദക്ക് നടന്നാല്‍ അതു സംഭവിക്കുമെന്ന കാര്യത്തില്‍ അദ്ദേഹത്തിന് വേണ്ടി നിയമപോരാട്ടത്തിലേര്‍പ്പെട്ടിരിക്കുന്ന ജസ്റ്റിസ് ഫോര്‍ മഅ്ദനി ഫോറത്തിന്റെ പിന്നണിയിലുള്ള നിയമവിദഗ്ധരുള്‍പ്പെടെയുള്ള ഒരു പിടി നല്ല മനുഷ്യര്‍ക്ക് ഒരു സംശയവുമില്ല.
രാജ്യത്തെ ഞെട്ടിച്ച ഏറ്റവും ശക്തമായ തീവ്രവാദി ആക്രമണങ്ങളിലൊന്നായ പാര്‍ലമെന്റ് ആക്രമണ കേസില്‍ തൂക്കിലേറ്റപ്പെട്ട അഫ്‌സല്‍ ഗുരുവിനൊപ്പം ഗൂഢാലോചനാ കുറ്റത്തിന് അറസ്റ്റിലായ എസ്.എ.ആര്‍ ഗീലാനിയെ നമ്മള്‍ മറന്നിട്ടില്ല. അദ്ദേഹത്തിനുവേണ്ടി രാംജത്മലാനിയുടെ നേതൃത്വത്തില്‍ ഹാജരായ പ്രമുഖ അഭിഭാഷകര്‍ ദല്‍ഹി പോലീസിന്റെ സ്‌പെഷല്‍ സെല്‍ ശേഖരിച്ച തെളിവുകള്‍ ഓരോന്നായി പൊളിച്ചടുക്കിയതും ഗീലാനി കൂളായി ഇറങ്ങി വന്നതും നിയമ സഹായം കിട്ടേണ്ട രീതിയില്‍ കിട്ടിയതിനുള്ള ഒന്നാന്തരം തെളിവാണ്.  കേസില്‍ രണ്ടാം പ്രതിയായിരുന്നു ഗീലാനി എന്നോര്‍ക്കുക. അഫ്‌സല്‍ ഗുരുവിന് ഇത്തരത്തിലൊരു നിയമസഹായം ലഭിക്കാതെ പോയി എന്നത് വേറെ കാര്യം. രാഷ്ട്രീയക്കാരോ സ്വന്തം പാര്‍ട്ടിയിലുള്ളവരോ അടുപ്പമുള്ളവരോ നല്‍കുന്ന തെറ്റായ ഉപദേശം സ്വീകരിച്ച് മഅ്ദനി ഇനിയും ജാമ്യത്തിന് ശ്രമിക്കുന്നത് ഫലത്തില്‍ വിചാരണ നടപടികള്‍ നീട്ടിക്കൊണ്ടുപോകാന്‍ മാത്രമേ സഹായിക്കൂ. ഓരോ ജാമ്യാപേക്ഷയും നടന്നുകൊണ്ടിരിക്കുന്ന വിചാരണ നടപടികളെ തടസപ്പെടുത്തുന്നുണ്ടെന്നാണ് പ്രോസിക്യൂഷന്റെ ആരോപണം. അതല്ല വസ്തുതയെങ്കിലും. മഅ്ദനിയോടൊപ്പം കേസില്‍ പ്രതിയായിട്ടുള്ള തടിയന്റവിട നസീറിനെ പോലുള്ളവര്‍ നിരവധി കേസുകളില്‍ വിചാരണ നേരിടുന്നവരാണ്. പലരും വിവിധ ജയിലുകളില്‍ കഴിയുന്നവരാണ്. ഇവരെയൊക്കെ വീഡിയോ കോണ്‍ഫറന്‍സ് വഴിയും അല്ലാതെയും തട്ടി കൂട്ടിയാണ് വിചാരണ നടക്കുന്നത്. നസീറും കൂട്ടരും കശ്മീര്‍ റി്രകൂട്ട്‌മെന്റ് കേസിലുള്‍പ്പെടെ ്രപതികളാണ്. ഇതിന്റെ വിചാരണ എറണാകുളത്തെ എന്‍.ഐ.എ കോടതിയില്‍ ഒരു ഭാഗത്ത് നടക്കുന്നുണ്ട്. ഇതിനിടയിലാണ് ബംഗളൂരു കേസ് നടക്കുന്നത്. വിചാരണ നടപടികള്‍ ഇഴയാന്‍ പ്രത്യേക കാരണം വേണ്ടെന്ന് ചുരുക്കം. ഇതിനിടയിലാണ് ഈ ജാമ്യാപേക്ഷകളോരോന്നും ചെല്ലുന്നത്.
ബംഗളൂരു കേസിന് മാത്രമായാണ് പരപ്പനയില്‍ പ്രത്യേക കോടതി പ്രവര്‍ത്തിക്കുന്നത്. ഇതുവരെയുണ്ടായിരുന്ന ജഡ്ജിയും ്രേപാസിക്യൂട്ടറും മാറി. ഇവര്‍ക്ക് ഇനി കേസു പഠിക്കണം. തലനാരിഴ കീറി പരിശോധിക്കണം. ഇതിനൊക്കെയായി കുറച്ചു ദിവസങ്ങള്‍ ഏതായാലും വിചാരണ നീളും. അല്ലെങ്കില്‍ തന്നെ, ഇതു വേഗം തീര്‍ക്കണമെന്ന്  പ്രോസിക്യൂഷന് വലിയ താല്‍പര്യമുണ്ടാവില്ലല്ലോ. വിചാരണ തീര്‍ന്ന് തങ്ങളുടെ മേല്‍ കുത്തിയ തീവ്രവാദത്തിന്റെ ചാപ്പ മായ്ച്ചു കളയണമെന്നത് ്രപതികളുടെ ആവശ്യമാണ്. മാസത്തില്‍ ഒന്നോ രണ്ടോ ദിവസമൊക്കെയാണ് വിചാരണ ചില ഘട്ടങ്ങളില്‍ നടക്കുന്നത്. ഏതായാലും വിചാരണ മുടക്കം കൂടാതെ നടക്കുകയാണെങ്കില്‍ ഇനി ഒന്നോ രണ്ടോ വര്‍ഷത്തിനുള്ളില്‍ തീരാവുന്ന കേസാണിത്. മഅ്ദനിയുടെ ജാമ്യാപേക്ഷ പരിഗണിക്കുന്ന ഘട്ടത്തിലൊക്കെ പ്രോസിക്യൂഷന്‍ ശക്തമായ വിയോജിപ്പാണ് പ്രകടിപ്പിക്കാറുള്ളത്. അതില്‍ പുതുമയില്ല. ആരോഗ്യ പ്രശ്‌നങ്ങള്‍ ചൂണ്ടിക്കാണിക്കുമ്പോള്‍ മഅ്ദനിക്ക് നല്‍കിയ ചികിത്സകളുടെ നീണ്ട പട്ടികയും അതിന് സര്‍ക്കാര്‍ ചെലവാക്കിയ തുകയുടെ ബില്ലുകളുമാണ് സമര്‍പ്പിക്കപ്പെടുന്നത്. ജയിലില്‍ അദ്ദേഹം സന്ദര്‍ശകരെ സ്വീകരിക്കുന്നതും സംസാരിക്കുന്നതു പോലും  ഗുരുതരമായ ആരോഗ്യ പ്രശ്‌നങ്ങളില്ലെന്നതിന് തെളിവായി പോലീസ് ചൂണ്ടിക്കാണിച്ചിട്ടുണ്ട്. ഓരോ ജാമ്യാപേക്ഷയുടെ ഘട്ടത്തിലും ഇത് ആവര്‍ത്തിക്കപ്പെടുന്നു. പലതവണ ജാമ്യാപേക്ഷ നല്‍കുന്നത് വിചാരണ നീട്ടിക്കൊണ്ടുപോകാനാണെന്നുപോലും അന്വേഷണ ഉദ്യോഗസ്ഥര്‍ കോടതിയില്‍ നല്‍കിയ തടസവാദങ്ങളിലുണ്ട്. സര്‍ക്കാര്‍ മെഡിക്കല്‍ കോളജുകളില്‍ ചികിത്സ ലഭ്യമാക്കാന്‍ ഒരുക്കമാണെന്നും മഅ്ദനി ഇതിനു തയാറല്ലെന്നും ആവര്‍ത്തിക്കപ്പെടുന്നു. ഈ രീതിയില്‍ പ്രോസിക്യൂഷന്‍ കോടതിയില്‍ സമര്‍പ്പിക്കുന്ന രേഖകളെല്ലാം മഅ്ദനി കാണുന്നുണ്ടാവുമെന്നാണ് കരുതുന്നത്.
കോടതിയുടെ മുന്നില്‍ മഅ്ദനിയെന്ന മനുഷ്യനില്ല. പ്രോസിക്യൂഷന്‍ നിരത്തുന്ന മെറ്റീരിയല്‍ എവിഡന്‍സുകള്‍ മാത്രമാണുള്ളത്. ഇതു പൊളിക്കണമെങ്കില്‍ വിചാരണ നടക്കണം. കേസില്‍ മഅ്ദനിയുടെ പങ്ക് സംബന്ധിച്ച വിചാരണ ഇനിയും തുടങ്ങാനിരിക്കുന്നതേയുള്ളൂ. ഗൂഢാലോചനയില്‍ പങ്കെടുത്തു എന്ന സാക്ഷിമൊഴികളും മുഖ്യ ്രപതികളുമായി മഅ്ദനി നടത്തിയെന്ന് പറയുന്ന ടെലിഫോണ്‍ രേഖകളുമാണ് മഅ്ദനിക്കെതിരെയുള്ള അപകടകരമായ തെളിവുകള്‍. ഈ ടെലിഫോണ്‍ രേഖകള്‍ പിന്നീടാണ് ഹാജരാക്കുന്നത്. കോടതിയില്‍ മഅ്ദനി കടക്കേണ്ട കടമ്പയും ഇതാണ്.
ജയിലിനകത്ത് ഇരുട്ടു പടര്‍ന്ന കണ്ണുകളുമായി പലവിധ രോഗങ്ങളോട് പൊരുതി കഴിയുന്ന ഈ മനുഷ്യന്റെ പേരിലുള്ള മൊത്തം കേസുകളുടെയും ആരോപണങ്ങളുടെയും പൊള്ളത്തരവും അതിന് പിന്നിലെ ഗൂഢാലോചനയും പരപ്പനയിലെ തടവ് രണ്ടു വര്‍ഷം പിന്നിട്ട നാളുകളില്‍ ഈ ലേഖകന്‍ പുറത്തുകൊണ്ടുവന്നിരുന്നു. ഇതിനു പിറകെ കേസിലെ പൊരുത്തക്കേടുകള്‍ തെളിവു സഹിതം ചൂണ്ടിക്കാട്ടി ദൃശ്യമാധ്യമങ്ങള്‍ സജീവമായി ഇടപെട്ടതോടെ മഅ്ദനിയെ സൗകര്യപൂര്‍വം മറന്നിരുന്ന കേരളത്തിലെ രാഷ്ട്രീയ നേതൃത്വം അദ്ദേഹത്തെ തേടി പല തവണ പരപ്പനയിലേക്ക് വണ്ടി കയറി. എല്ലാ രാഷ്ട്രീയ പാര്‍ട്ടിക്കാരും ജയില്‍ സന്ദര്‍ശിക്കാനും മാനുഷിക പരിഗണന നല്‍കണമെന്ന് പറയാനും മത്സരിച്ചു. മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയടക്കം വിഷയത്തിലിടപെട്ടു. ബി.ജെ.പിയുടെ ജഗദീഷ് ഷെട്ടറായിരുന്നു അന്ന് മുഖ്യമന്ത്രി. കേരളത്തില്‍ നിന്നുള്ള രാഷ്ട്രീയ നേതാക്കളുടെ തുടര്‍ച്ചയായ സന്ദര്‍ശനം കൊണ്ട് ബി.ജെ.പി സര്‍ക്കാറിന്റെ നിലപാടിന് പ്രത്യേകിച്ച് ഒരു മാറ്റവുമുണ്ടായില്ല. തങ്ങളുടെ ഇടപെടല്‍ കൊണ്ട് മഅ്ദനിക്ക് ആവശ്യമായ എല്ലാ സൗകര്യങ്ങളും ലഭ്യമാവുമെന്ന് ജയില്‍ സന്ദര്‍ശിച്ചവരൊക്കെ പ്രസ്താവനയിറക്കി കേരളത്തിലേക്ക് തിരിച്ച് വണ്ടി കയറിയത് മിച്ചം. എന്നാല്‍, സ്വന്തം ചെലവില്‍, ബംഗളൂരുവിലെ അതിസമ്പന്നര്‍ ചികിത്സ തേടിയെത്തുന്ന സൗഖ്യ ഇന്റര്‍നാഷ്‌നല്‍ ആശുപത്രിയില്‍ ഒരു മാസത്തിലധികം ചികിത്സ തേടാന്‍ മഅ്ദനിക്ക് ഹൈകോടതി അനുമതി നല്‍കി. ലക്ഷങ്ങളുടെ ചികിത്സാ ചെലവ് പൂര്‍ണമായും എഴുതിത്തള്ളി സൗഖ്യയുടെ ഉടമയും മലയാളിയുമായ ഡോക്ടര്‍ ഐസക് മത്തായി മഅ്ദനിയോടുള്ള അനുഭാവം പ്രകടിപ്പിച്ചു. അതിനു പിറകെ മകളുടെ വിവാഹ ചടങ്ങില്‍ പങ്കെടുക്കാന്‍ അഞ്ചു ദിവസത്തെ പ്രത്യേകാനുമതിയും അദ്ദേഹത്തിന് ലഭിച്ചു. കോയമ്പത്തൂര്‍ ജയിലില്‍ ഒമ്പതര വര്‍ഷത്തെ തടവു ജീവിതത്തിലൊരിക്കലും കിട്ടാത്ത ആനുകൂല്യമാണിത്. സുപ്രീംകോടതിയിലെ മുതിര്‍ന്ന അഭിഭാഷകനായ ടോമി സെബാസ്റ്റ്യനാണ് മകളുടെ വിവാഹത്തിന് ജാമ്യം നല്‍കണമെന്നാവശ്യപ്പെട്ട് കോടതിയില്‍ ഹാജരായത്. മകളുടെ വിവാഹത്തിന് പിതാവ് ജീവിച്ചിരിപ്പുണ്ടെങ്കില്‍ ഹാജരാവണമെന്ന് ഇസ്‌ലാമിക നിയമം മുന്നില്‍ നിര്‍ത്തി ജഡ്ജിയെ ബോധ്യപ്പെടുത്തിയപ്പോള്‍ പ്രോസിക്യൂഷന്റെ ശക്തമായ എതിര്‍പ്പുണ്ടായിട്ടും കോടതി മഅ്ദനിക്ക് അനുവാദം നല്‍കി. മിടുക്കരായ അഭിഭാഷകരുണ്ടെങ്കില്‍ മഅ്ദനിക്ക് നിരപരാധിത്വം തെളിയിച്ച് ഇറങ്ങിവരാമെന്നതിന്റെ തെളിവാണിത്. അതിന് പക്ഷേ, വിചാരണ നടക്കണം. ഇതു നടക്കുന്നില്ലെങ്കില്‍ അക്കാര്യം ചൂണ്ടിക്കാണിച്ച് കോടതിയെ സമീപിക്കാവുന്നതുമാണ്.
മാധ്യമങ്ങളോട് സംസാരിക്കരുതെന്നും മറ്റുമുള്ള കടുത്ത നിയന്ത്രണത്തോടെയാണ് മകളുടെ വിവാഹത്തില്‍ പങ്കെടുക്കാന്‍ കോടതി അനുമതി നല്‍കിയത്. എന്നാല്‍, വിവാഹ ചടങ്ങിനോടനുബന്ധിച്ച് ഏതാനും വാക്കുകള്‍ സംസാരിച്ചുകൊണ്ട് തുടങ്ങിയ മഅ്ദനി നിയന്ത്രണം വിട്ട് കര്‍ണാടക സര്‍ക്കാറിനെതിരെയും നിയമ സംവിധാനങ്ങള്‍ക്കെതിരെയും ആഞ്ഞടിച്ചു. കര്‍ണാടകയിലുള്ള ചില പത്രങ്ങള്‍ ഇത് ഒന്നാം പേജില്‍ വാര്‍ത്തയാക്കുകയും ചെയ്തു. അന്വേഷണ ഉദ്യോഗസ്ഥരെ പ്രകോപിപ്പിക്കാന്‍ ഇതൊക്കെ തന്നെ ധാരാളം. വിവാഹം കഴിഞ്ഞ് മഅ്ദനി തിരിച്ച് ജയിലിലെത്തി. പിന്നീട് നടന്ന തെരഞ്ഞെടുപ്പില്‍ ബി.ജെ.പി സര്‍ക്കാര്‍ മാറി കോണ്‍ഗ്രസ് അധികാരത്തില്‍ വന്നു.
കേരളത്തിലും കര്‍ണാടകയിലും കോണ്‍ഗ്രസ് സര്‍ക്കാര്‍ വന്നതോടെ മഅ്ദനിയുടെ കേസില്‍ അനുഭാവപൂര്‍വമായ അന്തരീക്ഷം രൂപപ്പെടുമെന്നുതന്നെയായിരുന്നു പലരും പ്രതീക്ഷിച്ചിരുന്നത്. എന്നാല്‍, ഇത്ര ബി.ജെ.പിയോ കോണ്‍ഗ്രസ് എന്ന രീതിയിലാണ് കാര്യങ്ങള്‍ നടക്കുന്നത്. കോണ്‍ഗ്രസിന്റെ തനിസ്വരൂപം അറിയുന്നവര്‍ക്ക് ഇതില്‍ അത്ഭുതമൊന്നും തോന്നില്ല. കോണ്‍ഗ്രസിനെ മാത്രം കുറ്റം പറഞ്ഞിട്ടും കാര്യമില്ല. ബി.ജെ.പി സര്‍ക്കാറിന്റെ കാലത്തുള്ള അന്വേഷണ ഉദ്യോഗസ്ഥര്‍ തന്നെയാണ് ഇപ്പോഴും കേസിന്റെ ദൈനംദിന കാര്യങ്ങള്‍ നീക്കുന്നത്. ഹൈകോടതിയില്‍ പ്രോസിക്യൂഷന്‍ പഴയ ആളു തന്നെയാണ്.  കൃത്യനിര്‍വഹണത്തിന് തടസം നിന്നു എന്ന പേരില്‍ മഅ്ദനിക്കെതിരായ പുതിയ കേസ് പോലും പോലീസിനെ ്രപകോപിപ്പിച്ചതിന്റെ പേരിലുണ്ടായതാണ്. അതു നീതികേടാണെന്ന് വാദത്തിനു വേണമെങ്കില്‍ പറയാം. ്രപതിഷേധിക്കാം. പക്ഷേ, അതുകൊണ്ടൊന്നും ഒരു ചുക്കും സംഭവിക്കില്ല. ചുരുക്കത്തില്‍ അന്വേഷണ ഉദ്യോഗസ്ഥരെ കൂടുതല്‍ ്രപകോപിപ്പിക്കാതെ, ലഭ്യമായ ചികിത്സാ സൗകര്യങ്ങള്‍ ഉപയോഗപ്പെടുത്തി വിചാരണ നടപടികള്‍ വേഗത്തിലാക്കി പുറത്തിറങ്ങുക എന്നതു മാ്രതമാണ് മഅ്ദനിയുെട മുന്നിലുള്ള ഏക വഴി.

Comments

Other Post

ഖുര്‍ആന്‍ ബോധനം

സൂറ-19/ മര്‍യം/24-29
എ.വൈ.ആര്‍