Prabodhanm Weekly

Pages

Search

2013 സെപ്റ്റംബര്‍ 27

ആത്മാവിനെ തൊട്ടുണര്‍ത്തിയ ഒരു ബംഗാള്‍ യാത്ര

ഡോ. പി. നസീര്‍ / അനുഭവം

പൂവിന്റെ സൗന്ദര്യത്തെക്കുറിച്ചു വിവരിക്കുന്ന ഒരു വലിയ പുസ്തകം വായിക്കുന്ന അനുഭവവും മനോഹരമായ ഒരു പൂ വിടര്‍ന്നു നില്‍ക്കുന്നത് കാണുമ്പോഴുണ്ടാകുന്ന സുഖവും രണ്ടാണ്. ഓഫീസിന്റെ സുഖ ശീതളിമയിലിരുന്ന് പട്ടിണി പാവങ്ങളെക്കുറിച്ച് സംസാരിക്കുന്നതും അവരോടൊപ്പം ഇറങ്ങിച്ചെന്ന് അവരുടെ കൂരകളിലുറങ്ങി അവരുടെ സന്തോഷവും സങ്കടങ്ങളും പങ്കുവെക്കുന്നതും ഇതേപോലെയാണ്. കാര്യങ്ങളുടെ നിജസ്ഥിതി ഇതിലും എത്രയോ ഭയാനകമാണ്. ദാരിദ്ര്യമനുഭവിക്കുന്നവരുടെ പ്രാഥമിക ആവശ്യങ്ങളെക്കുറിച്ച് ചര്‍ച്ച ചെയ്യുമ്പോള്‍ അവര്‍ സമൂഹത്തിലനുഭവിക്കുന്ന സാമൂഹികവും സാംസ്‌കാരികവുമായ പ്രശ്‌നങ്ങളെക്കുറിച്ച് നാം ചിന്തിക്കാറില്ല.
 
എന്നാല്‍, ദിനവും നമ്മുടെ കണ്‍മുന്നില്‍ നിറയുന്ന ഈ യാഥാര്‍ഥ്യങ്ങള്‍ക്കുനേരെ കണ്ണടക്കാന്‍ ഞങ്ങള്‍ക്കായില്ല. ഞങ്ങള്‍ എന്നുദ്ദേശിച്ചത് പത്ത് പേരടങ്ങുന്ന ഡോക്ടര്‍മാരുടെ ഒരു സംഘമാണ്. 'വി 10' എന്നാണ് ഈ സംഘത്തിന് പേരിട്ടത്. പിന്നീട് അംഗസംഖ്യ 13 ആയപ്പോഴും പേരിന് മാറ്റമൊന്നും വരുത്തിയില്ല. മാസത്തിലൊരിക്കല്‍ വടകരയില്‍ ഒത്തുചേരുന്ന വേളയില്‍ ഞങ്ങളെ ഞങ്ങളാക്കിയ ഈ സമൂഹത്തിന് എന്തെങ്കിലും തിരികെ നല്‍കുന്നതിനെക്കുറിച്ചായിരുന്നു ചിന്ത. മനസ്സില്‍ തോന്നിയ ആശയങ്ങള്‍ മെല്ലെ പ്രാവര്‍ത്തികമാക്കാന്‍ തുടങ്ങി. ഞങ്ങള്‍ ഒരു അഗതിമന്ദിരം ആരംഭിച്ചു. അതിലൂടെ വിധവകളെ സഹായിക്കാനും കുട്ടികളുടെ പഠനത്തിന് ആവശ്യമായ സഹായങ്ങള്‍ നല്‍കാനും സാധിച്ചു.
 
ഞങ്ങളുടെ മാസം തോറുമുള്ള കൂടിക്കാഴ്ചകളിലൊന്നിലാണ് നജീബ് കുറ്റിപ്പുറം ഹ്യൂമന്‍ കെയര്‍ ഫൗണ്ടേഷന്റെ വിഷന്‍ 2016 എന്ന പദ്ധതിയെക്കുറിച്ച് പറയുന്നത്. ഈ പദ്ധതിയില്‍ ആകൃഷ്ടരായി ബംഗാളിലെ ദാരിദ്ര്യമനുഭവിക്കുന്ന ജനങ്ങളുടെ കഷ്ടതകള്‍ നേരിട്ട് മനസ്സിലാക്കാനും അവര്‍ക്ക് സാധ്യമായ ആതുര ശുശ്രൂഷകള്‍ നല്‍കാനുമായി അങ്ങനെ അഞ്ചുപേരുടെ ഒരു സംഘം പശ്ചിമബംഗാളിലേക്ക് യാത്രതിരിച്ചു. ഡോ. കെ.എം അബ്ദുല്ല, ഡോ. സലാഹുദ്ദീന്‍, ഡോ. ഹാരിസ്, ഡോ. അസീസ് പിന്നെ ഞാനുമായിരുന്നു സംഘാംഗങ്ങള്‍. ഹ്യൂമന്‍ കെയര്‍ ഫൗണ്ടേഷന്റെ അതിഥികളായിരുന്നു ഞങ്ങള്‍. ഏതാനും ഗ്രാമങ്ങളെ മാതൃകാ ഗ്രാമങ്ങളാക്കി ബംഗാളിലെ ഗ്രാമീണ മേഖലയില്‍ നിസ്വാര്‍ഥ സേവനത്തില്‍ ഏര്‍പ്പെട്ടു വരികയായിരുന്നു അവര്‍.
 
2013 മെയ് 5ന് നാലു ഡോക്ടര്‍മാര്‍ കോഴിക്കോട്ടുനിന്ന് പുറപ്പെട്ടു. മെയ് 6ന് ബാംഗ്ലൂരില്‍ നിന്ന് ഞാനുമവര്‍ക്കൊപ്പം ചേര്‍ന്നു. സക്താ എന്ന ഗ്രാമത്തിലായിരുന്നു ആദ്യത്തെ മെഡിക്കല്‍ ക്യാമ്പ്. അടിസ്ഥാന സൗകര്യങ്ങള്‍ പോലും പരിമിതമായിരുന്ന ഒരു കുഗ്രാമമായിരുന്നു അത്. അറുനൂറോളം രോഗികള്‍ ക്യാമ്പില്‍ പങ്കെടുത്തു. ഗ്രാമത്തിലെ ഒരു കൊച്ചു വീട്ടിലായിരുന്നു രാത്രിയില്‍ താമസിച്ചത്. പക്ഷേ ആ വീട്ടുകാരുടെ ആതിഥ്യം വിസ്മയിപ്പിക്കുന്നതായിരുന്നു. ഞങ്ങള്‍ ആറുപേര്‍ക്കുള്ള അത്താഴം ആ വീട്ടമ്മ തന്നെ പാകം ചെയ്തു വിളമ്പി. പിന്നെ രണ്ടു മുറികളുള്ള ആ വീട് ഞങ്ങള്‍ക്ക് ഉറങ്ങാനായി വിട്ടുതന്ന് അവര്‍ അയല്‍വീട്ടിലേക്ക് പോയി. ആതിഥ്യത്തിന്റെ അടിസ്ഥാനപാഠങ്ങള്‍ ഞങ്ങളെ പഠിപ്പിച്ചതിന് അവരെ ഹൃദയപൂര്‍വം നമിക്കുന്നു.
 
വടക്കന്‍ പാര്‍ഗാന ജില്ലയിലെ അസ്ഗാര ഗ്രാമത്തിലായിരുന്നു രണ്ടാം ക്യാമ്പ്. ഗ്രാമത്തിനു ചുറ്റും വെള്ളക്കെട്ടായിരുന്നു. ആദ്യകാഴ്ചയില്‍ ആ സ്ഥലം പ്രകൃതി രമണീയമായും വീടുകള്‍ കായലോരത്തെ വേനല്‍ക്കാല റിസോട്ടുകള്‍ പോലെയും തോന്നിച്ചെങ്കിലും, ആ വെള്ളം മലീമസമാണെന്നും അത് കുടിക്കാനോ മറ്റു വീട്ടാവശ്യത്തിനോ ഉപയോഗിക്കാന്‍ പറ്റില്ലെന്നും സ്ഥലവാസികളില്‍ നിന്നറിഞ്ഞു. മഴക്കാലത്ത് വെള്ളം കരകവിഞ്ഞൊഴുകും, വീടുകള്‍ വെള്ളത്തിലാകും, ആളുകളെ മാറ്റിപ്പാര്‍പ്പിക്കേണ്ടിവരും. കുടിവെള്ളം കിട്ടാനായി 150 അടി താഴ്ചയില്‍ കുഴല്‍ക്കിണര്‍ കുഴിക്കണം. 'വെള്ളം വെള്ളം സര്‍വത്ര തുള്ളി കുടിക്കാനില്ലത്രെ' എന്ന പരിതാപകരമായ അവസ്ഥ. പത്താം ക്ലാസ് പാസ്സായ ഒരൊറ്റ  പെണ്‍കുട്ടിയേ ആ പ്രദേശത്തുള്ളൂ. പഠന സാമഗ്രികളും മറ്റും ലഭിക്കാതെ ആ കുട്ടിയും പഠനം മതിയാക്കിയിരുന്നു. ഹ്യൂമന്‍ കെയര്‍ ഫൗണ്ടേഷന്റെ വളണ്ടിയര്‍മാര്‍ പഠനത്തിനാവശ്യമായ എല്ലാ സഹായങ്ങളും നല്‍കാമെന്ന് അവള്‍ക്ക് ഉറപ്പുനല്‍കുകയും പഠനം തുടരാന്‍ അവളെ പ്രേരിപ്പിക്കുകയും ചെയ്തിരുന്നു.
 
പിന്നീട് എത്തിച്ചേര്‍ന്നത് ചോട്ടാ അസ്ഗാരാ ഗ്രാമത്തിലായിരുന്നു. അവിടെ 450 കുടുംബങ്ങളുണ്ട്. പക്ഷേ കുടിവെള്ള സംവിധാനം അവിടെയും അവതാളത്തിലായിരുന്നു. 1.4 ലക്ഷത്തിന്റെ കുടിവെള്ള പദ്ധതി അവതരിപ്പിക്കപ്പെട്ടു. ആ പദ്ധതി ഞങ്ങള്‍ ഏറ്റെടുത്തു.
 
വൈകീട്ട് അഞ്ചുമണിയോടെ സുന്ദര്‍ബന്‍ വനമേഖലക്കരികിലുള്ള കലിതാലാ ഗ്രാമത്തിലേക്ക് ഒരു ബോട്ടില്‍ യാത്രതിരിച്ചു. സുരക്ഷാ സംവിധാനങ്ങളൊന്നും ഇല്ലാത്ത മൂന്നു മണിക്കൂര്‍ ബോട്ട് യാത്ര. എന്നാല്‍, ഈ യാത്രയിലെ സാഹസികതയൊന്നും ഞങ്ങളെ സ്പര്‍ശിച്ചില്ല. കാരണം, ആ ഗ്രാമവാസികളുടെ ദയനീയ സ്ഥിതി ഞങ്ങളുടെ മനസ്സുകളെ മരവിപ്പിച്ചിരുന്നു. ബോട്ടിറങ്ങി ആദ്യം പോയത് പഞ്ചായത്ത് ഓഫീസിലേക്കാണ്. കാരണം, പിറ്റേന്ന് സംഘടിപ്പിക്കാനുള്ള ക്യാമ്പ് നടത്തേണ്ടത് പഞ്ചായത്തിന്റെ പിന്തുണയോടെയാണ്. അന്നു രാത്രി പഞ്ചായത്ത് ഓഫീസിന്റെ തിണ്ണയില്‍ കഴിച്ചുകൂട്ടി. അത് തീര്‍ച്ചയായും കൊതുകുകള്‍ക്കൊരു വിരുന്നുതന്നെയായിരുന്നു. ഇത്രയും രക്തമുള്ള തടിച്ചുകൊഴുത്ത ശരീരങ്ങള്‍ കണ്ട് അവര്‍ അത്ഭുതപ്പെട്ടിട്ടുണ്ടാകണം. പാവം ഗ്രാമീണരുടെ പോഷകക്കുറവുള്ള രക്തം കുടിച്ചാണല്ലോ അവക്ക് ശീലം. ആ ഗ്രാമത്തില്‍ മതിയായ വൈദ്യുതി സംവിധാനങ്ങളോ ശൗച്യാലയങ്ങളോ ഉണ്ടായിരുന്നില്ല. ആ ഗ്രാമത്തില്‍ ആകെയുള്ള ഒരു ആരോഗ്യ കേന്ദ്രത്തില്‍ ഡോക്ടറെ പ്രതീക്ഷിക്കേണ്ടത് രണ്ടാഴ്ചയില്‍ ഒരിക്കല്‍ മാത്രം. എന്നാല്‍, അതൊരിക്കലും സംഭവിക്കാറുമില്ലായിരുന്നു. ഞങ്ങള്‍ പ്രാഥമിക കര്‍മങ്ങള്‍ നിര്‍വഹിക്കാന്‍ ഒരിടമന്വേഷിച്ച് കലോമീറ്ററുകളോളം ആ ഗ്രാമത്തിലൂടെ നടന്നു. ഒടുവില്‍ ശൗച്യാലയമുള്ള ഒരു വീട്ടുകാര്‍ അഭയം തന്നു. പക്ഷേ, ആ വീട്ടിലും ഞങ്ങള്‍ കണ്ടത് വിധിയുടെ മറ്റൊരു ക്രൂര മുഖമായിരുന്നു. ആ വീട്ടിലെ ഗൃഹനായികക്ക് ക്യാന്‍സറാണ്. രണ്ടു കൊല്ലമായി ക്യാന്‍സറിന്റെ കഠിനമായ വേദനയും സഹിച്ചുകൊണ്ടാണ് അവര്‍ കഴിയുന്നത്. രോഗത്തിനുള്ള ചികിത്സയെക്കുറിച്ച് അവരുടെ വീട്ടുകാര്‍ക്ക് ചിന്തിക്കാന്‍ പോലുമാകുമായിരുന്നില്ല. എന്നാല്‍, അവരുടെ വേദന ശമിപ്പിക്കാന്‍ പെയിന്‍ കില്ലറുകളെങ്കിലും നല്‍കണമെന്ന് ഞങ്ങളുടെ മനസ്സ് പറയുന്നുണ്ടായിരുന്നു. ഫൗണ്ടേഷന്റെ പ്രവര്‍ത്തകര്‍ അതിനുവേണ്ട ഏര്‍പ്പാടുകള്‍ ചെയ്യുമെന്ന് അവര്‍ക്ക് വാക്കുകൊടുത്തു. ഗ്രാമത്തില്‍ മുഴുക്കെ പോഷക കുറവുള്ള കുട്ടികളെ കാണാമായിരുന്നു. കുട്ടികള്‍ക്കെല്ലാം തന്നെ വിറ്റാമിന്‍ എയുടെ കുറവുണ്ടായിരുന്നു. അത് പരിഹരിക്കപ്പെട്ടാല്‍ അന്ധത ഒരു പരിധിവരെ തടയാന്‍ സാധിക്കുമായിരുന്നു.
 
ബോട്ട്, ബസ്സ്, ഓട്ടോ, കാര്‍ റിക്ഷാ തുടങ്ങി സാധ്യമായ എല്ലാ വാഹനങ്ങളിലും കയറി 9 മണിക്കൂര്‍ ദുരിത യാത്രയ്‌ക്കൊടുവില്‍ ഞങ്ങള്‍ ചാകഌ എന്ന ഗ്രാമത്തിലെത്തി. അന്നു രാത്രി അവിടെ തങ്ങി. അടുത്ത ക്യാമ്പ് ഹരിങ്കോലാ ഗ്രാമത്തിലാണ്. അത് വിഷന്‍ 2016 പദ്ധതിയിലുള്‍പ്പെട്ട മാതൃകാ ഗ്രാമമാണ്. ഹ്യൂമണ്‍ കെയര്‍ ഫൗണ്ടേഷന്‍ വളണ്ടിയര്‍മാരുടെ നിതാന്ത പരിശ്രമഫലമായി ആ ഗ്രാമത്തിലെ അടിസ്ഥാന സൗകര്യങ്ങള്‍ മറ്റെല്ലാ ഗ്രാമങ്ങളിലേതിനേക്കാള്‍ ഏറെ ഭേദമായിരുന്നു. ഒരു ഇംഗ്ലീഷ് മീഡിയം സ്‌കൂളിലായിരുന്നു ക്യാമ്പ് സംഘടിപ്പിച്ചിരുന്നത്. അത്തരം ഒരു ഗ്രാമം ഇവിടെ ഒരു അപൂര്‍വത തന്നെ. സാധാരണ അവിടത്തെ മെഡിക്കല്‍ പ്രാക്ടീഷണര്‍മാര്‍ പത്താം ക്ലാസ്സോ അതില്‍ കുറവോ വിദ്യാഭ്യാസമുള്ളവരായിരുന്നു. പകല്‍ ഏതെങ്കിലും ആശുപത്രികളില്‍ അറ്റന്റര്‍മാരായും വൈകുന്നേരം ഏതെങ്കിലും ക്ലിനിക്കുകളില്‍ ഡോക്ടര്‍മാരായും പ്രവര്‍ത്തിക്കുന്നവര്‍. നമ്മുടെ നാട്ടിലാണെങ്കില്‍ വ്യാജന്മാര്‍ എന്നപേരില്‍ എപ്പോഴേ പോലീസ് പൊക്കിയേനെ. എന്നാല്‍, ഇത്തരം വ്യാജന്മാരെ സഹിക്കുകയല്ലാതെ മറ്റൊരു മാര്‍ഗവും ഗ്രാമീണര്‍ക്ക് മുമ്പിലില്ല.
 
ഈ പരിതാപകരമായ അവസ്ഥയിലും ഞങ്ങള്‍ ഒരു ഹീറോയെ കണ്ടു. നയീസാബ് എന്നായിരുന്നു എല്ലാവരും അദ്ദേഹത്തെ വിളിച്ചിരുന്നത്. ആ ഹൃദയാലുവായ മനുഷ്യനായിരുന്നു അവിടത്തെ എല്ലാ സാമൂഹിക പ്രവര്‍ത്തനങ്ങളുടെയും മുന്‍പന്തിയില്‍. അദ്ദേഹം സ്‌കൂളിനും ക്ലിനിക്കിനും ഡോര്‍മെറ്ററിക്കുമെല്ലാം പ്രവര്‍ത്തിക്കാനുള്ള ഭൂമി നല്‍കി. ഹ്യൂമന്‍ കെയര്‍ ഫൗണ്ടേഷന്റെ എല്ലാ പ്രവര്‍ത്തനങ്ങള്‍ക്കും അകമഴിഞ്ഞ സഹായം അദ്ദേഹം നല്‍കിയിരുന്നു. എന്നാല്‍, അദ്ദേഹം താമസിച്ചിരുന്നത് മുളകൊണ്ടുണ്ടാക്കിയ ഒറ്റമുറി വീട്ടിലായിരുന്നു. അദ്ദേഹം പ്രഗത്ഭനായ ഒരു രാഷ്ട്രീയക്കാരനാണ്. നമ്മുടെ രാഷ്ടീയക്കാര്‍ അദ്ദേഹത്തെ കണ്ടുപഠിക്കണം. മെഡിക്കല്‍ ക്യാമ്പിനു ശേഷം ഞങ്ങള്‍ മീറ്റിംഗ് കൂടി ക്യാമ്പിന്റെ വിവിധ വശങ്ങള്‍ വിലയിരുത്തി. അടുത്ത  തവണ അത് കൂടുതല്‍ മികച്ചതാക്കാനുള്ള വഴികള്‍ ആലോചിച്ചു.
 
ബോഡായ് ഗ്രാമത്തിലായിരുന്നു അവസാനത്തെ ക്യാമ്പ്. അവിടെയും അടിസ്ഥാന സൗകര്യങ്ങള്‍ കമ്മിയായിരുന്നു. ഒരു ശൗചാലയം പോലുമില്ല. വെളിമ്പ്രദേശത്തായിരുന്നു പ്രാഥമിക കാര്യങ്ങള്‍ നടത്തിയിരുന്നത്. ഇങ്ങനെയൊക്കെയാണെങ്കിലും പൊതുനിരത്തുകളില്‍ മാലിന്യവും ചപ്പുവറുകളുമൊന്നും അധികം കണ്ടതേയില്ല. പൊതു കക്കൂസുകളുടെ നിര്‍മാണവും അവയുടെ ഉപയോഗരീതികള്‍ പഠിപ്പിക്കലുമായിരുന്നു അവിടെ ഫൗണ്ടേഷന്റെ മുഖ്യ പദ്ധതി. ഞങ്ങളെ ഏറെ അതിശയിപ്പിച്ച മറ്റൊരു കാര്യം, ഈ ഗ്രാമങ്ങളിലെല്ലാം അടിസ്ഥാന സൗകര്യങ്ങളുടെ അഭാവത്തിലും ജനങ്ങള്‍ സന്തുഷ്ടരും ഉള്ളതില്‍ സംതൃപ്തരുമായിരുന്നു എന്നതാണ്. ഇല്ലായ്മയെക്കുറിച്ചുള്ള ആവലാതികള്‍ അവരില്‍ കുറവാണെന്ന് തോന്നി. പോഷകാഹാരക്കുറവുണ്ടെങ്കിലും കുട്ടികളും സന്തുഷ്ടരായി കാണപ്പെട്ടു. അവര്‍ ഊര്‍ജസ്വലരായി തങ്ങളുടെ കളികളിലേര്‍പ്പെട്ടു. അവരുടെ നിഷ്‌കളങ്കമായ ചിരി ഞങ്ങളുടെ ആത്മാവിനെ ഉണര്‍ത്തി.
 
ബോഡായ് ക്യാമ്പിനു ശേഷം ഞങ്ങള്‍ കൊല്‍ക്കത്തയിലേക്ക് മടങ്ങി. ഒരു രാത്രി അവിടെ തങ്ങി. പിറ്റേന്ന് മദര്‍ തെരേസയുടെ വീടു കാണാന്‍ പോയി, യാതൊരാര്‍ഭാടവുമില്ലാത്ത അവരുടെ മുറിയില്‍ ഒരു ഫാന്‍ പോലുമില്ലായിരുന്നു. ആ ലാളിത്യം ആഴത്തിലുള്ള ഒരു സന്ദേശമായി അനുഭവപ്പെട്ടു. ഞങ്ങള്‍ ശിശുഭവനും നിര്‍മല്‍ ഭവനവും സന്ദര്‍ശിച്ചു. വിദേശികളടക്കമുള്ള വളണ്ടിയര്‍മാരുടെ നിസ്വാര്‍ഥ സേവനം അക്ഷരാര്‍ഥത്തില്‍  അതിശയിപ്പിക്കുന്നതായിരുന്നു. ചുറ്റുപാടും അനീതിയും അസ്വസ്ഥതകളും പുകയുമ്പോള്‍ ഇക്കൂട്ടരുടെ ധര്‍മനിഷ്ഠയോടെയുള്ള സേവനങ്ങള്‍ ഞങ്ങളുടെ മനസ്സിനും ആത്മാവിനും ഒരു വിരുന്നു തന്നെയായിരുന്നു.
 
ഹ്യൂമന്‍ കെയര്‍ ഫൗണ്ടേഷന്റെ വളണ്ടിയര്‍മാരുടെയും ഭാരവാഹികളുടെയും ആത്മാര്‍ഥമായ സേവനങ്ങളെക്കുറിച്ചു പരാമര്‍ശിക്കാതെ ഈ യാത്രാ വിവരണം പൂര്‍ണമാകില്ല. ഈ പദ്ധതിയുടെ മുഖ്യ സംഘാടകന്‍ നജീബ് കുറ്റിപ്പുറം യാത്രയിലുടനീളം ഞങ്ങളെ അനുഗമിച്ചു. ഒരോ ഘട്ടത്തിലും അദ്ദേഹം ഞങ്ങളുടെ പ്രവര്‍ത്തനങ്ങളെ വിശകലനം ചെയ്തു. അടുത്ത തവണ എങ്ങനെ അത് മെച്ചപ്പെടുത്താമെന്ന് കൂടിയാലോചിച്ചു. ഏത് സാഹചര്യത്തിലും തൃപ്തിയുള്ള ഒരു മനസ്സുണ്ടെങ്കില്‍ ലോകത്ത് മറ്റൊന്നിനും നമ്മെ പരാജയപ്പെടുത്താനാവില്ലെന്ന് അദ്ദേഹത്തോടൊപ്പം സഞ്ചരിച്ച വേളയില്‍ ഞങ്ങള്‍ക്ക് ബോധ്യമായി..
 
പ്രോജകറ്റ് ഓഫീസറായ നാസര്‍ ഒരു മുഴുവന്‍ സമയ പ്രവര്‍ത്തകനായിരുന്നു. കഷ്ടതയനുഭവിക്കുന്നവര്‍ക്കുവേണ്ടി സ്വയം മറന്ന് പ്രവര്‍ത്തിച്ചിരുന്ന നാസര്‍ കേരളത്തിലുള്ള തന്റെ വീട്ടിലേക്ക് പോകുന്നതു പോലും അപൂര്‍വമായിരുന്നു. ഞങ്ങളുടെ താമസവും മറ്റു കാര്യങ്ങളുമെല്ലാം സുഗമമാക്കാന്‍ മെഹബൂബ് സാബ് ആവുന്നതെല്ലാം ചെയ്തു. പിന്നെ മുത്തുമോന്‍. ആ ഗ്രാമത്തിന്റെ സന്തതിയായ അദ്ദേഹം ഹ്യൂമന്‍ കെയര്‍ ഫൗണ്ടേഷന്റെ ഒരു കണ്ടെത്തലാണ്. മുത്തുമോന്‍ എന്നത് അയാളുടെ സ്വന്തം പേരല്ല. മുത്തുപോലുള്ള സ്വഭാവം കൊണ്ട് ഞങ്ങളുടെ ഹൃദയം കവര്‍ന്നപ്പോള്‍ ഞങ്ങളവനെ വിളിച്ചതാണ് ആ പേര്. മുത്തുമോന്‍ ഇപ്പോള്‍ ഫൗണ്ടേഷന്റെ ശമ്പളക്കാരനായി എല്ലാ പ്രവര്‍ത്തനങ്ങളിലും മുന്നിട്ടിറങ്ങുന്നുണ്ട്.  സാധാരണക്കാരില്‍ ഉറങ്ങിക്കിടക്കുന്ന കഴിവുകളെ കണ്ടെത്തി  പോഷിപ്പിച്ച് അവരെ മാറ്റത്തിന്റെ ചാലകശക്തികളാക്കുക എന്നത് ഹ്യൂമണ്‍ കെയര്‍ ഫൗണ്ടേഷന്റെ പ്രധാന ലക്ഷ്യങ്ങളിലൊന്നാണ്. വിഷന്‍ 2016 എന്ന പദ്ധതികൊണ്ട് അവര്‍ വിഭാവനം ചെയ്യുന്നത് ദീര്‍ഘകാല അടിസ്ഥാനത്തിലുള്ള ഈ മാറ്റങ്ങളാണ്. ഇതാണ് അവരെ മറ്റുള്ള സംഘങ്ങളില്‍ നിന്ന് വ്യത്യസ്തരാക്കുന്നത്. ഇത് അവര്‍ക്ക് അനായാസം സാധിക്കുന്നുണ്ട് എന്നതിന്റെ  ഉത്തമ ദൃഷ്ടാന്തമാണ് മുത്തുമോന്‍ എന്ന ഗ്രാമീണന്‍.
 
ഈ യാത്ര ഞങ്ങളുടെ കണ്ണുതുറപ്പിച്ചു. ദൈനംദിന ജീവിതത്തിന്റെ കുത്തൊഴുക്കില്‍ പെട്ട് നാം നമുടെ അടിസ്ഥാന കര്‍ത്തവ്യങ്ങള്‍ പോലും മറന്നുപോകുന്നു. സാധാരണക്കാരന്റെ പ്രശ്‌നങ്ങളെ നാം എളുപ്പം വിസ്മരിക്കുന്നു. അത്രയും സ്വാര്‍ഥരായിത്തീര്‍ന്ന നാം മറ്റുള്ളവരെക്കുറിച്ച് ചിന്തിക്കുകപോലും ചെയ്യുന്നില്ല. ബംഗാളില്‍ ചെലവഴിച്ച ഒരാഴ്ച എന്റെ ജീവിതത്തിലെ ഏറ്റവും സാര്‍ഥകമായ സമയമായിരുന്നു. സത്യത്തില്‍ ഞങ്ങള്‍ ആരെയും സഹായിക്കുകയായിരുന്നില്ല. ഞങ്ങള്‍ ഞങ്ങളുടെ മനസ്സിനെയും ആത്മാവിനെയും സേവിക്കുകയായിരുന്നു. ഞങ്ങളുടെ വേരുകളോട് സംവദിക്കുകയായിരുന്നു. വൈകിയാണെങ്കിലും നമുക്ക് ചെയ്യാന്‍ കഴിയുന്നത് ആവശ്യക്കാര്‍ക്ക് വേണ്ട സഹായംഅത് സാമ്പത്തികമായാലും മറ്റെന്തു തന്നെയായാലുംചെയ്യുക എന്നതു തന്നെയാണ്.

Comments

Other Post

ഖുര്‍ആന്‍ ബോധനം

സൂറ-19/ മര്‍യം/24-29
എ.വൈ.ആര്‍