അന്തംവിട്ട സമുദായം
കഴിഞ്ഞ ഒരു പതിറ്റാണ്ടിനിടെ മുസ്‌ലിം സമുദായം, വിശേഷിച്ചും സ്ത്രീകള്‍ വിദ്യാഭ്യാസ സാമൂഹിക മണ്ഡലങ്ങളില്‍ നടത്തിയ ആശാവഹമായ ചുവടുവെയ്പുകളുടെ ഗ്രാഫ് കുത്തനെ താഴോട്ട് വലിച്ച പ്രതീതിയാണ് ഒരു വിവാഹമോചനവുമായി ബന്ധപ്പെട്ട സര്‍ക്കുലറും അതിന് പിന്നാലെ ഉയര്‍ന്നു വന്ന വിവാദങ്ങളും സൃഷ്ടിച്ചത്. രാജ്യത്തിന്റെ പൊതുധാരയില്‍ നിന്ന് അകന്നുമാറി ഒറ്റപ്പെട്ട് നില്‍ക്കാനാഗ്രഹിക്കുന്ന ഒരു വിഭാഗം എന്ന ധാരണ വളര്‍ത്തുന്ന തരത്തിലുള്ള ഈ വിവാദത്തിന് പെട്ടെന്ന് തന്നെ കാറ്റ് പിടിച്ചത് സ്വാഭാവികം. വിഷയം മുസ്‌ലിം സ്ത്രീകളുമായി ബന്ധപ്പെട്ടതായതു കൊണ്ട് അതിനൊട്ടും പുതുമയില്ല. ഇപ്പോള്‍ കോഴിക്കോട്ടെ വിവാദ വിവാഹം അതിന് വീണ്ടും ജീവന്‍ നല്‍കിയിരിക്കുന്നു.
ആരോഗ്യ പരിപാലനം, ഭക്ഷണ ക്രമം, വസ്ത്രധാരണം, വിദ്യാഭ്യാസം, തൊഴില്‍ സമ്പാദനം എന്നിത്യാദി കാര്യങ്ങളെ പോലെ തന്നെ ഏറെ സങ്കീര്‍ണതകള്‍ ഇല്ലാതെ മനുഷ്യ ജീവിതത്തില്‍ സ്വാഭാവികമായി നടക്കേണ്ട സുപ്രധാന സംഭവമാണ് വിവാഹം. സ്ഥലകാല ഭേദങ്ങള്‍ക്കനുസൃതമായ വ്യക്തി കുടുംബ സാമൂഹിക പശ്ചാത്തലങ്ങള്‍ പരിഗണിച്ചുകൊണ്ട് മേല്‍പറഞ്ഞ കര്‍മധര്‍മങ്ങളുടെ പൂര്‍ത്തീകരണത്തില്‍ നാം പുലര്‍ത്തുന്ന ഫ്‌ളക്‌സിബിലിറ്റി വിവാഹ കാര്യത്തില്‍ എന്തുകൊണ്ട് കാണുന്നില്ല?
മുസ്‌ലിം പെണ്‍കുട്ടികളുടെ വിവാഹ പ്രായം നിര്‍ണിതമാണ് എന്ന പ്രതീതി ജനിപ്പിക്കും വിധമുള്ള അഭിപ്രായ പ്രകടനങ്ങള്‍ സമൂഹത്തില്‍ സൃഷ്ടിക്കുന്ന തെറ്റിദ്ധാരണ ചെറുതൊന്നുമല്ല. വിവാഹ പ്രായം വ്യക്തിപരമായ അവകാശവുമായി ബന്ധപ്പെട്ട വിഷയമാണ്. അതുകൊണ്ടാണല്ലോ പെണ്‍കുട്ടിയുടെ സമ്മതം വിവാഹം സാധുവാകാനുള്ള നിബന്ധനയായി നിശ്ചയിച്ചത്. രക്ഷിതാക്കള്‍ക്കോ സമൂഹത്തിനോ ഇക്കാര്യത്തില്‍ പരമാധികാരം ഇല്ലെന്നിരിക്കെ പതിനാറും പതിനെട്ടും പറഞ്ഞ് തര്‍ക്കിക്കുന്നവരോട് ഒന്നേ പറയാനുള്ളൂ. സ്ത്രീകള്‍, കുട്ടികള്‍, ദരിദ്രര്‍, അഗതികള്‍ തുടങ്ങിയവരുടെ അവകാശ സംരക്ഷണം സമൂഹം ഏറ്റെടുത്ത് നിര്‍വഹിക്കേണ്ട നിര്‍ബന്ധ ബാധ്യതയാണ്.
പെണ്‍കുട്ടികളുടെ വിവാഹപ്രായം ഇത്രയേറേ ചര്‍ച്ചക്ക് വിഷയീഭവിക്കാന്‍ ചില കാരണങ്ങളുണ്ട്. മൈലാഞ്ചിമൊഞ്ചും അമ്മായി സല്‍ക്കാരവുമൊക്കെ എരിവും പുളിയും ചേര്‍ത്ത് വിളമ്പുന്ന ഗാനങ്ങള്‍, അലങ്കാര ചമയങ്ങളുടെ അതിപ്രസരത്തില്‍ മുങ്ങിക്കുളിക്കുന്ന വിവാഹാഘോഷങ്ങള്‍, ജ്വല്ലറികളിലും മാളുകളിലും കയറിയിറങ്ങി സമയവും പണവും ധൂര്‍ത്തടിക്കുന്ന സ്ത്രീകള്‍- ഇതൊക്കെയാണ് ഒരു സാധാരണ മുസ്‌ലിം പെണ്‍കുട്ടിയുടെ ബാല്യകാല പരിചയങ്ങള്‍. അങ്ങനെ പെണ്‍കുട്ടികള്‍ക്ക് ചെറുപ്പം മുതല്‍ തന്നെ വിവാഹപ്പന്തല്‍ ഹരമായി മാറുന്നു. മണവാട്ടി പട്ടം ബാല്യകാല സ്വപ്നമാകുന്നു. സ്വാഭാവികമായും പതിനഞ്ചും പതിനാറും വയസ്സാകുമ്പോഴേക്കും അല്‍പായുസ് മാത്രമുള്ള ഈ പളപളപ്പിന്റെ ലോകത്തേക്ക് കടക്കാന്‍ മാനസികമായി അവളൊരുങ്ങി കഴിഞ്ഞിരിക്കും. അഥവാ വീട്ടുകാര്‍ അവളെ അത്തരത്തില്‍ 'പാക'പ്പെടുത്തിയിരിക്കും.
ഇതര സമുദായങ്ങളിലെ പെണ്‍കുട്ടികള്‍ പൊതുവെ പഠനവും ആവശ്യമെങ്കില്‍ തൊഴില്‍ സമ്പാദനവും കഴിഞ്ഞ് ശാരീരികവും മാനസികവുമായ പക്വതയും യോഗ്യതയും കൈവരിച്ച ശേഷമാണ് വിവാഹത്തെക്കുറിച്ച് ചിന്തിക്കുക. മുസ്‌ലിം പെണ്‍കുട്ടികളില്‍ പലരും പഠനം പാതി വഴിയില്‍ ഉപേക്ഷിച്ച് കല്യാണ പന്തലിലേക്ക് കാലെടുത്തുവെക്കുന്നത് ജീവിതത്തിന്റെ പരമമായ ലക്ഷ്യം വിവാഹമാണെന്ന വികലമായ കാഴ്ചപ്പാട് കുട്ടികളിലും രക്ഷിതാക്കളിലും വളര്‍ന്ന് വരുന്നതുകൊണ്ടാണ്.
വിവാഹത്തെ കേവലം ശരീര പ്രധാനമായ ഒരു കര്‍മമായി കാണുന്നുവെന്നതാണ് മറ്റൊരു കാരണം. മാനസികവും വൈകാരികവുമായ പക്വത അവശ്യം ആവശ്യമായ ബാധ്യതാ നിര്‍വഹണത്തിന്റെ പരിശീലനക്കളരിയാണ് ഇതെന്ന് തിരിച്ചറിയാത്തവരാണ് ശാരീരിക വളര്‍ച്ച മാത്രം പരിഗണിച്ച് വിവാഹത്തിന് പെണ്‍കുട്ടികളെ നിര്‍ബന്ധിക്കുന്നത്. പതിനൊന്ന് വയസ്സുകാരിയായ ഭാര്യയെ വശീകരിക്കാന്‍ മിഠായി പൊതിയുമായി പോകേണ്ടിവന്ന നാല് പതിറ്റാണ്ട് മുമ്പുള്ള മണവാളന്മാരുടെ അവസ്ഥയൊന്നും ഇക്കാലത്തില്ലെങ്കിലും വ്യക്തിപരമായ ധര്‍മം എന്നതിലുപരി കുടുംബപരവും സാമൂഹികവുമായ അനിവാര്യതകൂടിയാണ് വിവാഹം എന്ന് തിരിച്ചറിഞ്ഞ് അത്യന്തം ഗൗരവതരമായ ഈ ഉത്തരവാദിത്വം ഏറ്റെടുക്കാന്‍ പാകത്തില്‍ കുട്ടികളെ പ്രാപ്തരാക്കുന്നതില്‍ നാം വിജയിച്ചു എന്ന് പറയാന്‍ കഴിയില്ല.
ഉന്നത വിദ്യഭ്യാസം നേടി ഐ.ടി ഫീല്‍ഡില്‍ ജോലി ചെയ്യുന്ന ദമ്പതികള്‍. വിവാഹശേഷം ഇരുവരും സസന്തോഷം ബാംഗ്ലൂരിലെ ഫ്‌ളാറ്റിലേക്ക് താമസം മാറി. ഫുഡിന് പാഴ്‌സലും വാഷിംഗിന് ലോണ്‍ട്രിയും തന്നെ ശരണം എന്ന് പറഞ്ഞാല്‍ ഇക്കാലത്ത് നമ്മളാരും അതിശയിക്കില്ല. മാസമൊന്ന് കഴിഞ്ഞപ്പോഴേക്കും ജീവിതം മടുത്ത് രണ്ട് പേരും സൈക്കോളജിസ്റ്റിനെ സമീപിക്കുന്നു. ''കുട്ടീ! ഭര്‍ത്താവിന്റെ ഡ്രസ്സ് നിനക്ക് കഴുകി കൊടുത്തു കൂടേ?'' കൗണ്‍സലറുടെ ചോദ്യത്തിന് പെണ്‍കുട്ടി നല്‍കിയ മറുപടി കേട്ട് അദ്ദേഹമൊന്നു ഞെട്ടി. ''ഏയ്, I Cannot touch his undergarments!'' പുതിയ കാലത്തിന്റെ ഇത്തരം നേര്‍കാഴ്ചകള്‍ ഷെയറിംഗും അഡ്ജസ്റ്റ്‌മെന്റും ശീലിച്ചിട്ടില്ലാത്ത കുട്ടികളുടെ വിവാഹപ്രായം ഇരുപതില്‍ നിജപ്പെടുത്തിയാല്‍ പോലും മതിയാകുമോ എന്ന ചിന്തയിലേക്കാണ് നമ്മെ എത്തിക്കുന്നത്.
വേണ്ടതൊക്കെയും വേണ്ടതിലധികം നല്‍കി പ്രത്യേക അന്തരീക്ഷത്തില്‍ 'ഇറച്ചിക്കോഴികള്‍' കണക്കെ വളര്‍ത്തി ഒരുക്കിയെടുക്കുന്ന നമ്മുടെ മക്കള്‍ ജീവിതത്തിന്റെ പരുക്കന്‍ യാഥാര്‍ഥ്യങ്ങള്‍ക്ക് മുന്നില്‍ പകച്ചുനില്‍ക്കുന്നത് സ്വാഭാവികം മാത്രം. അപ്രതീക്ഷിതമായി സംഭവിക്കുന്ന തിരിച്ചടികള്‍ താങ്ങാനാകാതെ വൈവാഹിക ജീവിതത്തിന്റെ ആദ്യ നാളുകളില്‍ തന്നെ കുടുംബ കോടതിയില്‍ അഭയം പ്രാപിക്കുന്നവരുടെ എണ്ണം വര്‍ധിച്ചുവരുന്ന ഇക്കാലത്ത്, ശരീര കേന്ദ്രീകൃതം എന്നതിലുപരി മാനസിക വ്യാപാരം ഏറെ ആവശ്യമുള്ള ഒരു പ്രക്രിയയായി വിവാഹത്തെ തിരിച്ചറിയേണ്ടിയിരിക്കുന്നു. വിദ്യാലയങ്ങളില്‍ രൂക്ഷമായ കൗമാര പ്രശ്‌നങ്ങള്‍ അനുഭവിക്കുന്ന കുട്ടികളിലധികവും പക്വതയെത്താത്ത ഉമ്മമാരുടെ മക്കളാണെന്ന് വര്‍ഷങ്ങളുടെ അധ്യാപന പരിചയം വെച്ച് പറയാന്‍ സാധിക്കും. മനശ്ശാസ്ത്രപരമായ സമീപനം അനിവാര്യമായ പുതുയുഗത്തിലെ ശൈശവ-ബാല്യങ്ങളെ പതിനാറുകാരിയുടെ അപക്വമായ മടിത്തട്ടിനെ ഏല്‍പിക്കുന്നത് വരും തലമുറയോട് ചെയ്യുന്ന ഏറ്റവും വലിയ ക്രൂരതയായിരിക്കും. മനസ്സുറക്കാത്ത പ്രായത്തില്‍ മറ്റൊരു മനസ്സിനെ കൂടി പാകപ്പെടുത്തേണ്ടിവരുന്ന ഗതികേട്!
തികച്ചും ഫ്‌ളക്‌സിബിളായ പെണ്‍കുട്ടികളുടെ വിവാഹ പ്രായത്തെ വേലികെട്ടി വേര്‍തിരിക്കാന്‍ ജാഗ്രത കാണിക്കുന്നവരുടെ ഉദ്ദേശ്യശുദ്ധി സംശയാസ്പദമാണ്. കര്‍ശന നിരോധം ഏര്‍പ്പെടുത്തിയ സ്ത്രീധനം, വിവാഹ ധൂര്‍ത്ത് എന്നീ സാമൂഹിക വിപത്തുകള്‍ മൂലം കെട്ട് പ്രായം കഴിഞ്ഞ് സമുദായത്തിന്റെ 'പുര'യില്‍ 'നിറഞ്ഞു'നില്‍ക്കുന്ന ആയിരക്കണക്കിന് സ്ത്രീകളുടെ വൈകാരിക സംഘര്‍ഷം കണ്ടില്ലെന്ന് നടിക്കാന്‍ എങ്ങനെ കഴിയുന്നു ഇക്കൂട്ടര്‍ക്ക്? അകാലത്തില്‍ വൈധവ്യത്തിന്റെയും വിവാഹ മോചനത്തിന്റെയും തീരാദുഃഖം പേറി ജീവിതം 'ജീവിച്ചു തീര്‍ക്കുന്ന' പതിനായിരങ്ങളുടെ നെടുവീര്‍പ്പുകള്‍ ശ്രദ്ധിക്കാതിരിക്കാന്‍ എങ്ങനെ സാധിക്കുന്നു? പുനര്‍ വിവാഹത്തിനുള്ള അവസരം നല്‍കി സംരക്ഷിക്കുക എന്ന സാമൂഹിക ബാധ്യത ഏറ്റെടുക്കാന്‍ ചങ്കൂറ്റം കാണിക്കാത്തവരാണ് അസാന്മാര്‍ഗികത പരിഹരിക്കാനെന്ന വ്യാജേന പതിനാറുകാരിക്ക് വേണ്ടി മൈക്ക് കൈയിലെടുക്കുന്നത്.
ഇക്കാലത്ത് അവിഹിത ബന്ധത്തിന് പ്രായപരിധിയോ സ്ഥലകാല ഭേദമോ ഇല്ലെന്നിരിക്കെ ഇന്നത്തെ ധാര്‍മികച്യുതിക്ക് ശൈശവ വിവാഹം എങ്ങനെ പരിഹാരമാവും? വിവാഹമെന്ന അച്ചില്‍ വാര്‍ത്തെടുക്കാന്‍ പറ്റിയ ഒരു റെഡിമെയ്ഡ് വസ്തുവാണോ സദാചാരം? മികച്ച കുടുംബ സാമൂഹിക പശ്ചാത്തലത്തില്‍ കുട്ടികളില്‍ സ്വമേധയാ വളര്‍ന്ന് വരേണ്ടതും ജീവിതകാലം മുഴുവന്‍ നിലനില്‍ക്കേണ്ടതുമായ ഒരു ഗുണമാണത്. നോട്ടത്തിലും ഭാവത്തിലും ചലനത്തിലും സംസാരത്തിലുമൊക്കെ ഉണ്ടാകേണ്ട സഭ്യതയും സൂക്ഷ്മതയുമാണ് സദാചാരം. അതിന്റെ ഉറവിടം മനസ്സും, ഊര്‍ജം ചിന്തയുമാണ്. ഈ അര്‍ഥത്തില്‍ ചിന്തയെയും മനസ്സിനെയും പാകപ്പെടുത്തിയ ശേഷമാവാം വിവാഹം. അല്ലാതെ വരുമ്പോഴാണ് അമ്പതുകാരിയായ ഭര്‍തൃമതി ഇരുപത്തിയഞ്ചുകാരന്റെ കൂടെ ഒളിച്ചോടുന്ന സംഭവം കേള്‍ക്കേണ്ടിവരുന്നത്.
രാജ്യ സ്‌നേഹത്തിന്റെ പേരില്‍ ഇംഗ്ലീഷ് വിദ്യാഭ്യാസം വേണ്ടെന്ന് വെച്ച് പൊതുധാരയില്‍ നിന്ന് മാറിനിന്നതിന്റെ അനന്തര ഫലം ഇന്നും നാം അനുഭവിക്കുന്നു. എന്നിരിക്കെ വിവാഹ പ്രായം പോലെ ഫ്‌ളക്‌സിബിളായ വിഷയങ്ങളില്‍ കാലിക സാമൂഹിക പശ്ചാത്തലത്തിനനുസൃതമായി വീക്ഷണങ്ങള്‍ രൂപപ്പെടുത്തിയില്ലെങ്കില്‍ അടിക്കടിയുണ്ടാകുന്ന സാമൂഹിക വിഷയങ്ങളില്‍ അടിസ്ഥാനരഹിതമായ ന്യായങ്ങള്‍ നിരത്തി പൊതുസമൂഹത്തിന് മുന്നില്‍ അന്തംവിട്ട സമുദായമായി ഇനിയും എഴുന്നേറ്റു നില്‍ക്കേണ്ടിവരും. ഈ അവസ്ഥ ഒഴിവാക്കാന്‍ കഴിയില്ലെങ്കില്‍ ഞങ്ങള്‍ സ്ത്രീകളെ സംബന്ധിക്കുന്ന വിഷയങ്ങളില്‍ അനാരോഗ്യകരമായ അഭിപ്രായങ്ങള്‍ നിരത്തുന്നതില്‍ നിന്ന് വിട്ടുനില്‍ക്കുക. കാരണം ഇത് ഞങ്ങളുടെ അവകാശമാണ്.
[email protected]
Comments