Prabodhanm Weekly

Pages

Search

2013 സെപ്റ്റംബര്‍ 27

സിറിയയുടെ രാസായുധവും അമേരിക്കന്‍ താല്‍പര്യങ്ങളും

നോം ചോംസ്‌കി / അഭിമുഖം

ദ്യമായി കഴിഞ്ഞ രാത്രി രാഷ്ട്രത്തെ അഭിമുഖീകരിച്ച് അമേരിക്കന്‍ പ്രസിഡന്റ് ഒബാമ നടത്തിയ ആ പ്രഖ്യാപനത്തോട് താങ്കള്‍ എങ്ങനെ പ്രതികരിക്കുന്നു? ആ നിമിഷം മുതല്‍ സിറിയക്കെതിരെയുള്ള യുദ്ധ ഭീഷണി നിലനില്‍ക്കുന്നില്ല. സിറിയയുടെ രാസായുധ ശേഖരങ്ങളെ കൈകാര്യം ചെയ്യുന്നതിനുള്ള റഷ്യന്‍ പദ്ധതിയെ അമേരിക്ക പിന്തുണക്കുകയാണോ?
റഷ്യയുടെ പദ്ധതികള്‍ ഒബാമയെ സംബന്ധിച്ചേടത്തോളം ഒരു അനുഗ്രഹമാണ്. ഇത് അദ്ദേഹത്തെ വളരെ ഗൗരവകരമായ ഒരു രാഷ്ട്രീയ പ്രതിസന്ധിയില്‍ നിന്നുമാണ് രക്ഷപ്പെടുത്തിയത്. താന്‍ ചെയ്യാന്‍ ഉദ്ദേശിച്ചിരുന്ന പ്രവര്‍ത്തനങ്ങള്‍ക്ക് മതിയായ രാഷ്ട്രീയ പിന്തുണ നേടിയെടുക്കാന്‍ അദ്ദേഹത്തിനു കഴിഞ്ഞിരുന്നില്ല. ബ്രിട്ടന്‍ പോലും പിന്തുണച്ചില്ല. അമേരിക്കന്‍ കോണ്‍ഗ്രസ്സ് അതിനെ പിന്തുണക്കാന്‍ പോകുന്നതായി തോന്നിയില്ല. ഇത് അദ്ദേഹത്തെ ചിറകൊടിഞ്ഞ ഒരു അവസ്ഥയിലേക്കെത്തിച്ചു.
അന്താരാഷ്ട്ര നിയമ പ്രകാരം കുറ്റകരമാണെങ്കിലും, ബലം പ്രയോഗിക്കുമെന്ന ഭീഷണി അദ്ദേഹം നിലനിര്‍ത്തി. ഐക്യരാഷ്ട്ര സഭയുടെ കാതലായ തത്ത്വങ്ങള്‍ ബലപ്രയോഗത്തെയും ഭീഷണിയെയും തടയുന്നുണ്ട്. ഇവയെല്ലാം കുറ്റകരവുമാണ്. എന്നാല്‍, അദ്ദേഹം അതുതന്നെ തുടര്‍ന്നുകൊണ്ടിരിക്കുന്നു. അമേരിക്ക നിഷ്ഠുരമായ ഒരു രാഷ്ട്രമാണ്. അത് ഒരിക്കലും അന്താരാഷ്ട്ര നിയമങ്ങളെ അംഗീകരിക്കാറില്ല.
അദ്ദേഹം പറയാതിരുന്ന കാര്യങ്ങള്‍ ചില അര്‍ഥത്തില്‍ താല്‍പര്യജനകമാണ്. രാസായുധങ്ങള്‍ നിരോധിക്കാനും, മിഡിലീസ്റ്റില്‍ രാസായുധങ്ങളുമായി ബന്ധപ്പെട്ട ഒരു ഉടമ്പടി ഉണ്ടാക്കാനും പറ്റിയ വളരെ നല്ല ഒരു അവസരമായിരുന്നു ഇത്. ആ ഉടമ്പടി ഒബാമ പറഞ്ഞതുപോലെ രാസായുധങ്ങളുടെ ഉപയോഗത്തെകുറിച്ചു മാത്രം ചര്‍ച്ച ചെയ്താല്‍ പോരാ, അതിലുപരിയായി രാസായുധങ്ങളുടെ ഉല്‍പ്പാദനത്തെക്കുറിച്ചും അവയുടെ ശേഖരണത്തെക്കുറിച്ചും ചര്‍ച്ച ചെയ്യണം. ഒബാമ ഉപദേശിക്കാന്‍ പോകുന്നതെന്താണോ അത് അന്താരാഷ്ട്ര മാനദണ്ഡപ്രകാരം വിലക്കപ്പെട്ടതാണ്. അതിരിക്കട്ടെ, ഇവിടെ വേറെ ഒരു രാഷ്ട്രമുണ്ട്.  സിറിയയുടെ ഭൂപ്രദേശങ്ങള്‍ അന്യായമായി തങ്ങളിലേക്ക് കൂട്ടിചേര്‍ത്ത, രാസായുധങ്ങള്‍ കൈവശം വെക്കുകയും അതുമായി ബന്ധപ്പെട്ട അന്താരാഷ്ട്ര നിയമങ്ങള്‍ നിരന്തരം ലംഘിക്കുകയും ചെയ്തവര്‍. പേര് ഇസ്രയേല്‍. ഇത്തരമൊരു ഉടമ്പടി ഉണ്ടാക്കുന്നതോടെ മേഖലയില്‍നിന്ന് രാസായുധങ്ങള്‍ തുടച്ചുനീക്കാനുള്ള അവസരമാണ് കൈവന്നിരുന്നത്. പക്ഷേ, അങ്ങനെ ഒരു വാക്ക് അബദ്ധത്തില്‍ പോലും ഉച്ചരിക്കാതിരിക്കാന്‍ ഒബാമ വളരെയധികം സൂക്ഷ്മത പുലര്‍ത്തി. അതിന്റെ കാരണങ്ങള്‍ വ്യക്തമാണ്. രാസായുധങ്ങള്‍ എല്ലായിടത്തു നിന്നും തുടച്ചു നീക്കേണ്ടതുണ്ട്, മേഖലയില്‍നിന്ന് പ്രത്യേകിച്ചും.
അദ്ദേഹം പറഞ്ഞ മറ്റു കാര്യങ്ങളില്‍ അസാധാരണമായി ഒന്നും തന്നെയില്ല. എന്നിരുന്നാലും അദ്ദേഹം ഉന്നയിക്കുന്ന വാദങ്ങള്‍ അമേരിക്കയിലെ രാഷ്ട്രീയ സംവാദങ്ങളെ കുറിച്ച് പരിചയമില്ലാത്ത ഏതൊരാളെയും ഞെട്ടിക്കുന്നതാണ്. കഴിഞ്ഞ ഏഴു ദശാബ്ദങ്ങളായി അമേരിക്ക ആഗോള സുരക്ഷയുടെ അടിസ്ഥാനമായി വര്‍ത്തിക്കുകയാണെന്നാണ് അദ്ദേഹം വാദിക്കുന്നത്. തീര്‍ച്ചയാണോ? 40 വര്‍ഷം മുമ്പ് ചിലിയിലെ തെരഞ്ഞെടുക്കപ്പെട്ട പാര്‍ലമെന്റിനെ അട്ടിമറിച്ച് നിഷ്ഠുരമായ ഏകാധിപത്യം കൊണ്ടു വന്നതില്‍ യു.എസിനുള്ള പങ്ക് ഇതില്‍ പെടുമോ? ലാറ്റിന്‍ അമേരിക്കയിലെ ആദ്യത്തെ 9/11 ആയാണ് ഇതറിയപ്പെടുന്നത്. മുന്‍ വര്‍ഷങ്ങളിലേക്കു തിരിഞ്ഞു നോക്കുമ്പോള്‍ ഇറാനിലെ പാര്‍ലമെന്ററി സമ്പ്രദായത്തെ അട്ടിമറിച്ച് ഏകാധിപതിയെ വാഴിച്ചു. ഒരു വര്‍ഷത്തിനുശേഷം ഗ്വാട്ടിമാലിയില്‍ അത് ആവര്‍ത്തിച്ചു. ഇന്തോനേഷ്യയെ ആക്രമിക്കുകയും യുദ്ധാനന്തര കാലത്ത് മില്യന്‍ കണക്കിന് ആളുകളെ കൊലപ്പെടുത്തുകയും ചെയ്തു. മധ്യഅമേരിക്കയെ ആക്രമിച്ചത് മറ്റൊരു ഉദാഹരണം. 'ദശാബ്ദങ്ങളായി അമേരിക്ക നിര്‍വഹിച്ചുകൊണ്ടിരിക്കുന്ന യഥാര്‍ഥ ദൗത്യത്തെ ഞാന്‍ മൂടിവെക്കുകയാണ്, ബലം പ്രയോഗിക്കുമെന്ന ഭീഷണിയെ ഞാന്‍ ഉയര്‍ത്തിപ്പിടിക്കുകയാണ്, അത് നിയമവിരുദ്ധമാണെങ്കില്‍ പോലും; മേഖലയില്‍ രാസായുധങ്ങളുടെ നിരോധനം നടപ്പില്‍ വരുത്തില്ല എന്നു ഉറപ്പു വരുത്തും. കാരണം അത് തങ്ങളുടെ സഖ്യരാജ്യമായ ഇസ്രയേലിനെ ബാധിക്കുന്ന വിഷയമാണല്ലോ.' അദ്ദേഹത്തിന്റെ പ്രസംഗത്തിലെ പ്രധാനപ്പെട്ട പോയിന്റുകള്‍ ഇതെല്ലാമാണെന്നാണ് ഞാന്‍ കരുതുന്നത്.

രാസായുധ പ്രയോഗം നടത്തിയ സിറിയക്ക് നേരെ സൈനിക നടപടിയെടുക്കുന്നതിനെ എതിര്‍ത്തവരെ ഒബാമ വിമര്‍ശിച്ചിരുന്നല്ലോ. താങ്കള്‍ ഇതിനെ എങ്ങനെ കാണുന്നു?
ഇവിടെ പ്രത്യേകം പരാമര്‍ശിക്കേണ്ടത് അദ്ദേഹം പറയാതിരുന്ന കാര്യങ്ങളാണ്. സിറിയയിലെ വിഷവാതക ആക്രമണത്തിന്റെ വീഡിയോവിലേക്കു നോക്കൂ. അതുപോലെ 1961-ല്‍ തെക്കന്‍ വിയറ്റ്‌നാമില്‍ ജോണ്‍ എഫ്. കെന്നഡിയുടെ നേതൃത്വത്തില്‍ നടന്ന രാസായുധ ആക്രമണത്തിന്റെ ഫലമായി ദശാബ്ദങ്ങള്‍ക്കു ശേഷവും അംഗവൈകല്യത്തോടെ ജനിക്കുന്ന കുഞ്ഞുങ്ങളുടെ ഫോട്ടോയിലേക്കും നോക്കൂ. ഡിയോക്‌സിന്‍ അടങ്ങിയ ഏജന്റ് ഓറഞ്ച് എന്ന, അര്‍ബുദത്തിനിടയാക്കുന്ന രാസ വസ്തുവായിരുന്നു അവിടെ പ്രയോഗിച്ചത്. ഈ ആക്രമണത്തിലൂടെ ലക്ഷ്യമിട്ടത് ഭക്ഷ്യവിളകളെയാണ്. മില്യന്‍ കണക്കിനാളുകളാണ് കൊല്ലപ്പെടുന്നത്. ആ രാസായുധത്തിന്റെ കെടുതി അമേരിക്കന്‍ പട്ടാളക്കാരടക്കം ഇന്നും അനുഭവിച്ചുകൊണ്ടിരിക്കുന്നു. അതല്ലെങ്കില്‍ ഫലൂജയില്‍ നിന്നുള്ള അംഗവൈകല്യം സംഭവിച്ച കുഞ്ഞുങ്ങളുടെ ഫോട്ടോ ശ്രദ്ധിക്കാം. 2004 നവംബറില്‍ അമേരിക്കന്‍ സേന, ഇന്നും അജ്ഞാതമായ ആയുധം ഉപയോഗിച്ചു നടത്തിയ ആക്രമണത്തില്‍ അനേകായിരങ്ങള്‍ കൊല്ലപ്പെടുകയും നഗരത്തിന്റെ വലിയൊരു ഭാഗം നശിപ്പിക്കപ്പെടുകയും ചെയ്തു. ആ ആക്രമണത്തിന്റെ ബാക്കിപത്രമായി ഇപ്പോള്‍ അവിടത്തെ റേഡിയേഷന്റെ അളവ് ഹിരോഷിമയിലേതിനു തുല്യമാണെന്നാണ് സാംക്രമിക രോഗ ശാസ്ത്രജ്ഞര്‍ വിലയിരുത്തിയത്. അതിന്റെ അനന്തരഫലമായി കാന്‍സര്‍ രോഗികളുടെ എണ്ണവും ഗര്‍ഭസ്ഥ ശിശുക്കളുടെ മരണവും വര്‍ധിച്ചു. നവജാതശിശുക്കളുടെ അംഗവൈകല്യം വ്യാപകമായി.
അപ്പോള്‍ ഇത്തരം മാര്‍ഗങ്ങളെ ഉപയോഗപ്പെടുത്തിയാണ് കഴിഞ്ഞ ഏഴു ദശാബ്ദ കാലത്തോളം അമേരിക്ക ആഗോള സുരക്ഷയുടെ അടിസ്ഥാനമായി വര്‍ത്തിച്ചത്! സമയം അനുവദിക്കുമെങ്കില്‍ നമുക്കിനിയും ഇത്തരം രേഖകളിലൂടെ ഓടിച്ചുപോകാം. ഇതെല്ലാം ഏവര്‍ക്കും അറിയാവുന്ന കാര്യങ്ങളാണ്.
അന്താരാഷ്ട്ര നിയമത്തിന്റെ തത്ത്വങ്ങള്‍ അവതരിപ്പിച്ചതും നടപ്പിലാക്കിയതും അമേരിക്കയാണെന്ന വാദത്തെ ഒരു തമാശയായി പോലും കാണാന്‍ കഴിയില്ല. അന്താരാഷ്ട്ര നിയമങ്ങള്‍ എല്ലാ രാഷ്ട്രങ്ങളും അംഗീകരിക്കണം എന്നു ആവശ്യപ്പെട്ടുകൊണ്ടുള്ള സെക്യൂരിറ്റി കൗണ്‍സിലിന്റെ പ്രമേയത്തെ അമേരിക്ക വീറ്റോ ചെയ്തിരുന്നു. 1980-ല്‍ റൊണാള്‍ഡ് റീഗന്റെ കാലത്തായിരുന്നു ഇത്. ഏതെങ്കിലും ഒരു രാഷ്ട്രത്തിന്റെ പേര് പ്രത്യേകം പരാമര്‍ശിച്ചിട്ടില്ലായിരുന്നുവെങ്കിലും, അമേരിക്കയോട് അന്താരാഷ്ട്ര നിയമങ്ങള്‍ മാനിക്കണം എന്നാവശ്യപ്പെടുകയായിരുന്നു ഇതിന്റെ ഉദ്ദേശ്യം എന്ന് വ്യക്തമായിരുന്നു. നിക്ക്വരാഗക്കെതിരെ നടന്ന ബലപ്രയോഗത്തെ,  അതായത് അന്താരാഷ്ട്ര ഭീകരത എന്ന് കുറ്റപ്പെടുത്തികൊണ്ടുള്ള ലോക കോടതിയുടെ വിധിന്യായത്തെ അമേരിക്ക തള്ളിക്കളഞ്ഞ സമയത്തായിരുന്നു ഇത് സംഭവിച്ചത്. വസ്തുതയെന്തെന്നാല്‍, അമേരിക്ക വളരെ പരുക്കനായ രാഷ്ട്രമാണ്. അന്താരാഷ്ട്ര നിയമങ്ങളെ അത് അപ്പാടെ ലംഘിക്കുന്നു. അന്താരാഷ്ട്ര ഉടമ്പടികളില്‍ ചിലതു മാത്രമേ യു.എസ് അംഗീകരിച്ചിട്ടുള്ളൂ. അംഗീകരിച്ച നിയമങ്ങളാകട്ടെ, അവ അമേരിക്കയുടെ മേല്‍ ബാധകമല്ല എന്ന നിബന്ധനയോട് കൂടിയുള്ളതാണ്. വംശഹത്യക്കെതിരെയുള്ള നിയമത്തിന്റെ പോലും സ്ഥിതി ഇതാണ്. വംശഹത്യകള്‍ നടത്താന്‍ അമേരിക്കക്ക് അധികാരമുണ്ടത്രെ. അന്താരാഷ്ട്ര നീതിന്യായ കോടതി ഇതംഗീകരിക്കുകയും ചെയ്തിരിക്കുന്നു. യൂഗോസ്ലാവിയയും നാറ്റോയും തമ്മിലുള്ള കേസില്‍ ഒരു കുറ്റം വംശഹത്യയായിരുന്നു. എന്നാല്‍, വംശഹത്യയുമായി ബന്ധപ്പെട്ട കുറ്റപത്രം തങ്ങളുടെ മേല്‍ നിലനില്‍ക്കാത്തതാണെന്ന് യു.എസ് കോടതിയില്‍ വാദിക്കുകയും കോടതി അത് അംഗീകരിക്കുകയും ചെയ്തു. പിന്നീട് അമേരിക്കയെ ഒഴിവാക്കി നാറ്റോ രാജ്യങ്ങള്‍ക്കെതിരെ കേസ് തുടരുകയായിരുന്നു. അമേരിക്ക ലോക കോടതിയെ അംഗീകരിക്കുകയും അതില്‍ ചേരുകയും ചെയ്തത് ഒരു ഉപാധിയോട് കൂടിയാണ്. അന്താരാഷ്ട്ര നിയമങ്ങളും കരാറുകളും തങ്ങളുടെ മേല്‍ പ്രയോഗിക്കുകയില്ല എന്നതാണ് ആ ഉപാധി.
ഇന്നേ ദിവസം വളരെ പ്രധാനപ്പെട്ടതാണ്. ചിലിയിലെ പാര്‍ലമെന്ററി ജനാധിപത്യത്തെ അമേരിക്കയുടെ സഹായത്തോട് കൂടി അട്ടിമറിച്ചതിന്റെ നാല്‍പ്പതാം വാര്‍ഷികം. ഒരു ജനാധിപത്യ സോഷ്യലിസറ്റ് ഭരണകൂടത്തിനുപകരം ക്രൂരമായ സ്വേഛാധിപത്യ ഭരണമാണ് വേണ്ടത് എന്ന അമേരിക്കയുടെ നിര്‍ബന്ധത്തിന്റെ ഫലമായിരുന്നു അത്. ഇതൊക്കെയാണ് വസ്തുതകള്‍. അതുകൊണ്ട് തന്നെ ഇപ്പോള്‍ ഒബാമ കാണിച്ചു തന്ന ചിത്രങ്ങളെ ഒരു യക്ഷി കഥയായിപോലും കണക്കാക്കാന്‍ കഴിയില്ല.

അമേരിക്ക ഇത്ര പെട്ടെന്ന് സൈനിക നടപടിയെടുക്കണമെന്ന് തീരുമാനിച്ചത് എന്തുകൊണ്ടാണെന്നാണ് താങ്കള്‍ കരുതുന്നത്? സിറിയക്കുമേല്‍ ആരോപിക്കപ്പെട്ട രാസായുധ പ്രയോഗത്തെ അമേരിക്കയും അന്താരാഷ്ട്ര സമൂഹങ്ങളും എങ്ങനെയാണ് കൈകാര്യം ചെയ്യേണ്ടത്?
മിഡിലീസ്റ്റില്‍ രാസായുധങ്ങള്‍ നിരോധിക്കുക എന്നതാണ് പ്രധാനം. നിരോധം അതിനപ്പുറത്തേക്കും വേണ്ടതാണ്. എന്നാല്‍, ഇപ്പോള്‍ നമുക്ക് മിഡിലീസ്റ്റില്‍ ശ്രദ്ധിക്കാം. അതുകൊണ്ട് അര്‍ഥമാക്കുന്നത് ഏതെങ്കിലും രാജ്യം ഉടമ്പടി ലംഘിക്കുകയാണെങ്കില്‍, അവര്‍ അത് അംഗീകരിച്ചതാണെങ്കിലും അല്ലെങ്കിലും രാസായുധം ഉപേക്ഷിക്കാന്‍ അവരെ നിര്‍ബന്ധിക്കണം. രാസായുധങ്ങള്‍ ഉല്‍പ്പാദിപ്പിക്കുന്നതും ശേഖരിക്കുന്നതുമെല്ലാം ഉടമ്പടിയുടെ ലംഘനമായി കണക്കാക്കണം. ഇപ്പോള്‍ അത്തരമൊരു ഉടമ്പടി ഉണ്ടാക്കാന്‍ പറ്റിയ അവസരമാണ്. അങ്ങനെയാകുമ്പോള്‍ തീര്‍ച്ചയായും അമേരിക്കയുടെ സഖ്യ രാഷ്ട്രമായ ഇസ്രയേല്‍ തങ്ങളുടെ രാസായുധങ്ങളെ കുറിച്ചുള്ള വിവരങ്ങള്‍ കൈമാറുകയും അന്താരാഷ്ട്ര പരിശോധനക്ക് അനുവാദം നല്‍കുകയും ചെയ്യേണ്ടിവരും.

അമേരിക്ക ഇത്ര വേഗത്തില്‍ സൈനിക നടപടി ആവശ്യപ്പെടാനുണ്ടായ കാരണം എന്താണെന്നാണ് താങ്കള്‍ കരുതുന്നത്?
അമേരിക്ക അതിക്രമകാരിയായ ഒരു പട്ടാള രാജ്യമാണ്. അവര്‍ ലോകത്ത് ഒട്ടുമിക്ക രാജ്യങ്ങളിലും സൈനിക ഇടപെടലുകള്‍ നടത്തിയിട്ടുണ്ട്. തെക്കന്‍ വിയറ്റ്‌നാം കൈയേറി, ഇന്തോ ചൈനയെ തകര്‍ത്തു. ഇറാഖില്‍ അധിനിവേശം നടത്തി സുന്നി ശിയാ സംഘര്‍ഷം ഊതിക്കത്തിച്ചു. ചരിത്രത്തിന്റെ ബാക്കി ഭാഗങ്ങളിലൂടെ കടന്നു പോകാന്‍ ഇപ്പോള്‍ ഞാന്‍ ആഗ്രഹിക്കുന്നില്ല. പക്ഷേ അമേരിക്ക വളരെ എളുപ്പം തന്നെ പട്ടാള നടപടികളിലേക്ക് നീങ്ങും, ഏകപക്ഷീയമായി തന്നെ. ചില സന്ദര്‍ഭങ്ങളില്‍ അവര്‍ക്ക് ഇതിനായി സഖ്യകക്ഷികളുടെ പിന്തുണയും ലഭിക്കും. അമേരിക്കയാകട്ടെ, അന്താരാഷ്ട്ര നിയമങ്ങള്‍ ബാധകമല്ലാത്ത രാഷ്ട്രമായി സ്വയം പ്രഖ്യാപിക്കുകയും ചെയ്യുന്നു. ഉദാഹരണത്തിന് ഇറാനുമായി ബന്ധപ്പെട്ട വിഷയത്തില്‍ എല്ലാ മാര്‍ഗങ്ങളും തുറന്നു കിടക്കുകയാണെന്ന് പ്രസിഡന്റ് ഒബാമ ആവര്‍ത്തിച്ചു പ്രഖ്യാപിക്കുമ്പോള്‍, അതില്‍ ബലം പ്രയോഗിക്കുമെന്ന ഭീഷണി അടങ്ങിയിരിക്കുന്നതിനാല്‍ അത് അന്താരാഷ്ട്ര നിയമത്തിന്റെ ലംഘനമാണ്. ഇതില്‍ പുതുമയായി ഒന്നും തന്നെയില്ല. കഴിഞ്ഞ ഏഴ് ദശാബ്ദത്തിനിടയില്‍ അന്താരാഷ്ട്രതലത്തില്‍ അമേരിക്കയുടെ അത്ര അളവില്‍ സൈനിക ശക്തി ഉപയോഗിച്ച വേറെ ഏതെങ്കിലും രാജ്യത്തെ കാണിച്ചു തരാന്‍ താങ്കള്‍ക്ക് കഴിയുമോ? എന്നിട്ടും ഒബാമ പറയുന്നു, തങ്ങള്‍ ആഗോള സുരക്ഷയുടെ സംരക്ഷകരാണെന്ന്!

യു.എസിന്റെ പദ്ധതിയെ പിന്തുണക്കുന്നവര്‍ പറയുന്നത് രാസായുധങ്ങള്‍ക്ക് മേലുള്ള നിയന്ത്രണം വിട്ടുകൊടുക്കാന്‍ അസദ് തയാറായത് സൈനിക ഭീഷണി മൂലമാണെന്നാണ്. സിറിയക്കുമേല്‍ സൈനിക നടപടിയെടുക്കാന്‍ എന്ത് താല്‍പര്യമാണ് അമേരിക്കയെ പ്രേരിപ്പിക്കുന്നത്?
ആദ്യത്തെ പ്രസ്താവന വളരെ ശരിയാണ്. ഭീഷണിയും ബലപ്രയോഗവുമെല്ലാം ഫലപ്രദമാണ്. ഉദാഹരണത്തിന് ഭീഷണിയിലൂടെയും സന്ദര്‍ഭാനുസരണമുള്ള ബലപ്രയോഗത്തിലൂടെയുമാണെല്ലോ റഷ്യ 50 വര്‍ഷത്തോളം യൂറോപ്പിനെ നിയന്ത്രിച്ചത്. ബലം പ്രയോഗിക്കുമെന്ന ഭീഷണിയിലൂടെ തന്നെയായിരുന്നു ഹിറ്റ്‌ലര്‍ ചെക്കോസ്ലാവാക്കിയയെ കീഴടക്കിയതും. തീര്‍ച്ചയായും ഇത് ഫലം കാണിക്കും, ഒരു സംശയവും വേണ്ട. ആ ഒരു കാരണത്താല്‍ തന്നെയാണ് അന്താരാഷ്ട്ര നിയമം ഇത് നിരോധിച്ചത്. എന്നാല്‍, സൈനിക നടപടിയുമായി മുന്നോട്ടു പോകാനുള്ള തീരുമാനം പൊതുവെ തിരസ്‌കരിക്കപ്പെട്ടിരുന്നു. ബ്രിട്ടീഷ് ഗവണ്‍മെന്റ് പോലും അതിനെ അംഗീകരിച്ചില്ല. അമേരിക്കന്‍ കോണ്‍ഗ്രസ് ആ പദ്ധതിയെ നിരസിക്കാനായിരുന്നു സാധ്യത. എല്ലാ ശ്രമങ്ങളും പരാജയപ്പെട്ടപ്പോള്‍ അവസാന ആശ്രയമെന്ന നിലയില്‍ ഭരണകൂടം പറഞ്ഞത് അമേരിക്കയുടെ വിശ്വാസ്യത അപകടത്തിലാണെന്നാണ്. അത് ശരിയാണ്. വിശ്വാസ്യത അപകടത്തില്‍ തന്നെയാണ്. ഒബാമ ഒരു രാജശാസന പുറപ്പെടുവിക്കും, പിന്നീട് അത് നടപ്പില്‍ വരുത്തും. ഇതാണ് ലോക രാഷ്ട്രങ്ങളുമായി ബന്ധപ്പെട്ട നയങ്ങളിലെ സുപ്രധാന തത്ത്വം. ശക്തനും അക്രമിയുമായ രാജ്യത്തിന്റെ വിശ്വാസ്യത നിലനിര്‍ത്തേണ്ടതുണ്ട്. സന്ദര്‍ഭവശാല്‍ ഇതിനെ മാഫിയാ സിദ്ധാന്തം എന്നു വിളിക്കാം. മാഫിയാ സംഘത്തലവന്‍ തന്റെ സാമ്രാജ്യത്തെ ഭരിക്കുമ്പോള്‍ പുലര്‍ത്തുന്ന അനിവാര്യമായ തത്ത്വം. ലോക ക്രമത്തില്‍ മുന്നിട്ടുനില്‍ക്കുന്ന തത്ത്വവും ഇതുതന്നെയാണ്. തീര്‍ച്ചയായും വിശ്വാസ്യത നിലനിര്‍ത്തേണ്ടതുണ്ട്.
പക്ഷേ ഈ തത്ത്വത്തിന് നിരവധി രൂപാന്തരങ്ങളുണ്ട്. ചില സമയങ്ങളില്‍ ഇതിനെ ആധിപത്യ സിദ്ധാന്തം എന്നു വിളിക്കുന്നു. നമ്മള്‍ നമ്മളുടെ ആഗ്രഹങ്ങള്‍ ഇവിടെ അടിച്ചേല്‍പ്പിച്ചില്ലെങ്കില്‍ ആധിപത്യം നഷ്ടപ്പെടാന്‍ തുടങ്ങും. മറ്റുള്ളവര്‍ ധിക്കാരികളായി മാറും. 40 വര്‍ഷം മുമ്പ് നടന്ന, ലാറ്റിന്‍ അമേരിക്കയിലെ ആദ്യത്തെ 9/11 എന്നു വിളിക്കപ്പെടുന്ന ചിലിയുടെ ചരിത്രത്തിലേക്ക് മടങ്ങാം. അലന്‍ഡയുടെ കീഴിലുള്ള ചിലിയെ എല്ലായിടത്തേക്കും, പ്രത്യേകിച്ച് തെക്കന്‍ യൂറോപ്പിലേക്ക് രോഗം പടര്‍ത്തികൊണ്ടിരിക്കുന്ന വൈറസായിട്ടാണ് ഹെന്ററി കിസിന്‍ജര്‍ വിശേഷിപ്പിച്ചത്. സമാധാനപൂര്‍ണമായ പാര്‍ലമെന്ററി ജനാധിപത്യം വ്യാപിക്കുകയാണെങ്കില്‍ അമേരിക്കയുടെ ആധിപത്യം നഷ്ടപ്പെടുമെന്ന് അദ്ദേഹം ഭയന്നിരുന്നു.
ക്യൂബയിലും ഇതേ തത്ത്വം തന്നെയാണ് നടപ്പില്‍ വരുത്തിയത്. അമേരിക്കയുടെ ക്യൂബന്‍ അധിനിവേശം പരാജയപ്പെട്ടപ്പോള്‍ കെന്നഡി ബൃഹത്തായ ഒരു ഭീകരാക്രമണ പദ്ധതിക്ക് തുടക്കം കുറിച്ചു. കെന്നഡിയുടെ ലാറ്റിന്‍ അമേരിക്കന്‍ ഉപദേശകനായിരുന്ന ആര്‍തര്‍ ഷ്വാസ്ന്‍ഗര്‍ ഈ പദ്ധതിയെ കുറിച്ച് വിവരിക്കുന്നുണ്ട്. റോബര്‍ട്ട് കെന്നഡിയുടെ കൈകളിലായിരുന്നു ഇതിന്റെ നിയന്ത്രണം. തുടര്‍ന്ന് 50 വര്‍ഷത്തോളം നീണ്ടു നിന്ന സാമ്പത്തിക യുദ്ധമായിരുന്നു. വളരെ പരുഷമായ, ഏകപക്ഷീയമായ സാമ്പത്തിക യുദ്ധം. ലോകം വളരെ ശക്തമായി തന്നെ അതിനെ എതിര്‍ത്തു. പക്ഷേ അതുകൊണ്ടൊന്നും ഒരു കാര്യവും ഉണ്ടായില്ല. അമേരിക്ക വളരെ നിഷ്ഠുരമായ ഒരു രാഷ്ട്രമാണ്, അതിന് തോന്നിയത് പോലെയൊക്കെ അത് ചെയ്യും. അറുപതുകളിലേക്കു മടങ്ങി പോവുകയാണെങ്കില്‍, അമേരിക്കന്‍ സിദ്ധാന്തങ്ങളെ വിജയകരമായി വെല്ലുവിളിച്ചതിന്റെ പേരില്‍ കാസ്‌ട്രോയെ തെറ്റുകാരനായി ചിത്രീകരിക്കുന്ന ഗവണ്‍മെന്റ് രേഖകള്‍ നിങ്ങള്‍ക്ക് കാണാന്‍ കഴിയും. അതിനെ തുടര്‍ന്ന് ക്യൂബക്ക് വളരെ ശക്തമായ, സാമ്പത്തികവും സൈനികവുമായ അടിച്ചമര്‍ത്തലുകളാണ് നേരിടേണ്ടി വന്നത്. ഇത് 50 വര്‍ഷത്തോളം നീണ്ടു നിന്നു. മാഫിയാ സിദ്ധാന്തമാണ് ഇവിടെ പ്രയോഗിക്കപ്പെട്ടത്.
വിയറ്റ്‌നാമിലും ഇതുതന്നെയാണ് സംഭവിച്ചത്. ഇന്തോ ചൈനാ യുദ്ധത്തിന്റെ പ്രാഥമിക പ്രചോദനങ്ങള്‍ അന്വേഷിച്ച് 1950-കളിലേക്കു തിരിഞ്ഞു നോക്കുകയാണെങ്കില്‍, അത് ആധിപത്യ സിദ്ധാന്തവുമായി ബന്ധപ്പെട്ടതാണെന്ന് കാണാന്‍ കഴിയും. നിങ്ങള്‍ അക്കാലത്തെ ആഭ്യന്തര രേഖകള്‍ വായിക്കുകയാണെങ്കില്‍ അവിടെ ഒരു ഭയം നിലനിന്നിരുന്നതായി കാണാം. വിയറ്റ്‌നാമിലെ വിജയകരമായ ജനാധിപത്യം മേഖലയില്‍ ഒന്നാകെ വ്യാപിച്ചേക്കാം, മറ്റുള്ളവരും ഇതേ പാത പിന്തുടരാന്‍ ശ്രമിച്ചേക്കാം, ഇതു ചിലപ്പോള്‍ വിഭവങ്ങളാല്‍ സമ്പന്നമായ ഇന്തോനേഷ്യയിലേക്കും പടര്‍ന്നേക്കാം, വികസനത്തിനും അമേരിക്കയുടെ ആധിപത്യത്തില്‍നിന്നുള്ള സ്വാതന്ത്രത്തിനും വേണ്ടിയുള്ള മുന്നേറ്റങ്ങള്‍ അവിടങ്ങളില്‍ നടന്നേക്കാം എന്നിങ്ങനെ നീതീകരിക്കപ്പെട്ടുകൊണ്ടിരുന്ന ഭയം അവിടെ നിലനിന്നിരുന്നു. ജപ്പാനിലും ഇത് സംഭവിക്കുമോ എന്ന് അവര്‍ ഉത്കണ്ഠപ്പെട്ടിരുന്നു. പ്രശസ്ത ഏഷ്യന്‍ ചരിത്രകാരനായ ജോണ്‍ ഡോവര്‍ ജപ്പാനെ സൂപ്പര്‍ ഡോമിനോ ആയിട്ടാണ് വിശേഷിപ്പിച്ചിരുന്നത്. ദക്ഷിണേഷ്യ ജനാധിപത്യത്തിലേക്ക് നീങ്ങിയാല്‍ ഏഷ്യയിലെ ടെക്‌നോളജി ഇന്‍ഡസ്ട്രിയുടെ കേന്ദ്രം ജപ്പാനായി തീരുമോ എന്ന് അമേരിക്ക ഏറെ ഭയപ്പെട്ടിരുന്നു. ഒരു പുതിയ ഏഷ്യന്‍ ഘടന, അമേരിക്കയെ ബഹിഷ്‌ക്കരിക്കാത്ത, എന്നാല്‍ അമേരിക്കക്ക് നിയന്ത്രണമില്ലാത്ത ഒന്ന്. അപ്പോള്‍ അതിനു തടയിടുന്നതിനു വേണ്ടിയാണ് അമേരിക്ക രണ്ടാം ലോക യുദ്ധത്തില്‍ പങ്കെടുത്തത്. ഇതാണ് ആധിപത്യ സിദ്ധാന്തം. കെന്നഡിയുടെയും ജോണ്‍സണിന്റെയും ഉപദേഷ്ടാവായിരുന്ന മെക് ജോര്‍ജ് ബെന്‍സി വിയറ്റ്‌നാം യുദ്ധത്തെ നിരീക്ഷിക്കുന്നുണ്ട്.  അമേരിക്ക എപ്പോഴും 1965-ലെ വിയറ്റ്‌നാം യുദ്ധം എന്നാണ് വിശേഷിപ്പിക്കാറ്. എന്തുകൊണ്ട് 1965? കാരണം, 1965-ല്‍ അമേരിക്കന്‍ പിന്തുണയോടു കൂടി ഇന്തോനേഷ്യയില്‍ പട്ടാള അട്ടിമറി നടന്നു. തുടര്‍ന്ന് ആയിരങ്ങളാണ് കൊല്ലപ്പെട്ടത്. ജനകീയ അടിത്തറയില്‍ നിലനിന്നിരുന്ന ഒരു രാഷ്ട്രീയ പാര്‍ട്ടിയെ പുറംതള്ളി പകരം ഭീകരതയുടെയും മര്‍ദനങ്ങളുടെയും പ്രതീകമായ ഒരു ഏകാധിപതിയെ അവരോധിച്ചു. സമ്പന്നമായ വിഭവങ്ങള്‍ ചൂഷണം ചെയ്യാന്‍ പടിഞ്ഞാറിനുവേണ്ടി അയാള്‍ രാജ്യത്തിന്റെ വാതിലുകള്‍ തുറന്നുകൊടുത്തു. അതിന്റെ അര്‍ഥം വിയറ്റ്‌നാം യുദ്ധം അവസാനിച്ചിരിക്കുന്നു എന്നാണ്. അമേരിക്ക അതിന്റെ ലക്ഷ്യം നേടിയിരിക്കുന്നു. ഇനിയും ആ യുദ്ധം തുടരേണ്ടതില്ല.
നമുക്ക് ക്യൂബയിലേക്കു തന്നെ വരാം. കെന്നഡി അധികാരത്തിലേറിയപ്പോള്‍ ലാറ്റിന്‍ അമേരിക്കയോടുള്ള നയത്തില്‍ മാറ്റം വരുത്തുന്നതിനായി ലാറ്റിന്‍ അമേരിക്കന്‍ റിസര്‍ച്ച് കമീഷന്‍ എന്ന പേരില്‍ ഒരു സമിതിക്ക് രൂപം കൊടുത്തു. ആ സമിതിയുടെ തലവന്‍ അദ്ദേഹത്തിന്റെ ഉപദേശകനായിരുന്ന ആര്‍തര്‍ ഷ്വാസിനഗര്‍ ആയിരുന്നു. അവര്‍ ഒരു റിപ്പോര്‍ട്ട് പ്രസിഡന്റിന് സമര്‍പ്പിച്ചു. അതില്‍ ഷ്വാസിനഗര്‍ ക്യൂബയുടെ പ്രശ്‌നങ്ങളെ കുറിച്ചു പറയുന്നുണ്ട്. അദ്ദേഹം പറയുന്നതിതാണ്: ക്യൂബയുടെ പ്രശ്‌നം എന്നത്, ഞങ്ങളുടെ പ്രശ്‌നങ്ങള്‍ ഞങ്ങള്‍ തന്നെ ഏറ്റെടുക്കാം എന്ന ആശയം ഉയര്‍ത്തിപ്പിടിക്കുന്ന ഫിദല്‍ കാസ്‌ട്രോ ആണ്. ക്യൂബയിലെ പോലെ കഠിനമായ അടിച്ചമര്‍ത്തലുകള്‍ അരങ്ങേറുന്ന ലാറ്റിന്‍ അമേരിക്കയിലെ മറ്റു ഭാഗങ്ങളിലേക്കും ഇതിന്റെ അലയൊലികള്‍ വ്യാപിക്കാന്‍ ഇടയുണ്ട്. അങ്ങനെ വന്നാല്‍ അമേരിക്കയുടെ നിയന്ത്രണ ക്രമങ്ങള്‍ അവതാളത്തിലാവും. ലാറ്റിനമേരിക്കയിലേക്കു തിരിഞ്ഞു നോക്കുകയാണെങ്കില്‍, സമാനമായ സംഭവ വികാസങ്ങളാണ് അവിടെ നടന്നുകൊണ്ടിരിക്കുന്നതെന്ന് കാണാം.
വിവ: മന്‍സൂര്‍ പി

Comments

Other Post

ഖുര്‍ആന്‍ ബോധനം

സൂറ-19/ മര്‍യം/24-29
എ.വൈ.ആര്‍