Prabodhanm Weekly

Pages

Search

2013 സെപ്റ്റംബര്‍ 27

ഓത്തു പഠിപ്പിച്ച മാഞ്ഞാലി കയ്യത്താത്ത

മണ്ണാന്തറ ഷംസുദ്ദീന്‍

'ത്തു പഠിപ്പിച്ച പെണ്‍ ഉസ്താദുമാര്‍' (ലക്കം 2814) എന്ന സദ്‌റുദ്ദീന്‍ വാഴക്കാടിന്റെ ലേഖനം വായിച്ചപ്പോള്‍ ഞങ്ങളുടെ പ്രദേശത്ത് 1940-കള്‍ മുതല്‍ ഈ രംഗത്ത് പ്രവര്‍ത്തിച്ച ഖദീജയെ ഓര്‍ത്തുപോയി. എറണാകുളം ജില്ലയില്‍ കോതമംഗലം താലൂക്കിലെ പല്ലാരിമംഗലം പ്രദേശത്താണ് നാട്ടുകാര്‍ സ്‌നേഹപൂര്‍വം മാഞ്ഞാലി കയ്യത്താത്ത എന്ന് വിളിച്ച ഖദീജയുടെ ഓത്തുപള്ളികള്‍ നടന്നത്.
വടക്കന്‍ പറവൂര്‍ മാഞ്ഞാലി എന്ന ഗ്രാമത്തില്‍ നിന്ന് 1940-കളുടെ ആദ്യം പല്ലാരിമംഗലത്തേക്ക് കുടുംബസമേതം അവര്‍ കുടിയേറിയതാണ്. ഭര്‍ത്താവ് മീതിയന്‍ നൈന മൊല്ലാക്കയും ഓത്തുപള്ളികള്‍ നടത്തുകയും പയ്യാരിമംഗലത്തിനടുത്ത് പൈമറ്റം ജമാഅത്ത് പള്ളിയില്‍ കുട്ടികളെ ഓതിക്കുകയും ചെയ്തിരുന്നു. പണ്ഡിത ദമ്പതികള്‍ എന്ന നിലയില്‍ ഇവര്‍ ആദരവ് നേടിയിരുന്നു.
പല്ലാരിമംഗലത്തെ ആളുകളില്‍ അമ്പത് വയസ്സിനു മുകളില്‍ വരുന്ന സ്ത്രീ പുരുഷന്മാരില്‍ ബഹുഭൂരിപക്ഷവും കയ്യത്താത്തയുടെ ഓത്തുപള്ളികളിലൂടെ കടന്നുവന്നവരാണ്. പല്ലാരിമംഗലത്ത് വെള്ളാങ്ങപ്പീടികക്ക് (ഇന്നത്തെ വെയിറ്റിംഗ് ഷെഡ് കവല) സമീപം സ്രാമ്പിക്കല്‍ കാതിരിന്റെ (കാതിര്‍ മുക്രി) പറമ്പില്‍ ഒരു ഷെഡ് കെട്ടി അതിലാണ് കയ്യത്താത്ത തന്റെ കുട്ടികളെ ഓതിച്ചിരുന്നത്. അറബി ഭാഷയിലും മലയാളം, അറബി മലയാളം എന്നിവയിലും അറിവുണ്ടായിരുന്നു. മനോഹരമായ കൈയക്ഷരത്തില്‍ ഖുര്‍ആന്‍ സൂറത്തുകള്‍ പകര്‍ത്തിയെഴുതി പുസ്തക രൂപത്തില്‍ ആവശ്യക്കാര്‍ക്ക് നല്‍കാറുണ്ടായിരുന്നു. യാത്രക്കാര്‍ക്ക് സൗകര്യങ്ങള്‍ നല്‍കാനും ജാതി മത ഭേദം കൂടാതെ ജീവിത പ്രാരാബ്ധങ്ങളില്‍ പെട്ടുഴലുന്നവരെ സഹായിക്കാനും സമാശ്വാസം നല്‍കാനും ഈ പണ്ഡിത ഔത്സുക്യം കാണിച്ചതിന്റെ ഭാഗമായി പലരും ഇസ്‌ലാമിലേക്ക് കടന്നുവന്നതിന്റെ ചരിത്രം കൂടി കയ്യത്താത്താക്ക് സ്വന്തമായുണ്ട്.

മഴ അനുഗ്രഹം മാത്രമല്ല

ഖുര്‍ആനിലെ മഴ സൂക്തങ്ങള്‍ (ലക്കം 2814) ശ്രദ്ധേയമായി. വിശുദ്ധ ഖുര്‍ആന്‍ മഴയെ ദൈവാനുഗ്രഹമായി മാത്രമല്ല ദൈവികശിക്ഷയായും എണ്ണിയിട്ടുണ്ട്. അധര്‍മകാരികളായ നിരവധി ജനതകളെ അല്ലാഹു പാഠം പഠിപ്പിച്ചിട്ടുള്ളത് പ്രകൃതി ക്ഷോഭങ്ങള്‍ വഴിയാണ്. അതുകൊണ്ടാണ് അന്തരീക്ഷം ഇരുളുമ്പോള്‍ നബി(സ)യെ ഭയവിഹ്വലനും ചിന്താധീനനുമായി കാണപ്പെടാറുണ്ടായിരുന്നുവെന്ന് ഹദീസ് ഗ്രന്ഥങ്ങളിലും ചരിത്ര കൃതികളിലും രേഖപ്പെട്ടു കിടക്കുന്നത്.
മുഹമ്മദ് അബ്ദുല്ല കണ്ണൂര്‍

തബ്‌ലീഗ് ജമാഅത്തല്ല, ഖാദിരീ ത്വരീഖത്താണ്

തിരുകൊച്ചിയിലെ മുസ്‌ലിം മഹതികള്‍ എന്ന പരമ്പരയില്‍ 2013 ജൂണ്‍ 7-ന് പ്രസിദ്ധീകരിച്ച അഡ്വ. കെ.ഒ ആയിഷാ ബായിയെ കുറിച്ച ലേഖനം വായിക്കുകയുണ്ടായി. പ്രസ്തുത ലേഖനത്തില്‍ അവരുടെ ഭര്‍ത്താവ് അബ്ദുര്‍റസ്സാഖിനെ പരിചയപ്പെടുത്തിയേടത്ത് സംഭവിച്ച ചെറിയൊരു അബദ്ധം ശ്രദ്ധയില്‍ പെടുത്താനാണ് ഈ കുറിപ്പ്. അഡ്വ. അബ്ദുര്‍റസ്സാഖ് മാര്‍ക്‌സിസ്റ്റ് ആശയം വിട്ടതിനു ശേഷം തബ്‌ലീഗ് ജമാഅത്തുമായല്ല, ത്വരീഖത്തുമായാണ് ബന്ധപ്പെട്ടിട്ടുള്ളത്. ചിശ്തി ഖാദിരി ത്വരീഖത്തില്‍ ബൈഅത്ത് ചെയ്യുകയും ഹൈദരാബാദിലെ സൂഫി ശൈഖ് സയ്യിദ് അഹ്മദ് മുഹ്‌യിദ്ദീന്‍ ജീലാനി നൂരിഷായുടെ ശിഷ്യത്വം സ്വീകരിക്കുകയും ചെയ്തിരുന്നു അബ്ദുര്‍റസ്സാഖ്. 1972 മുതല്‍ നൂരിഷാ തങ്ങളുടെ ഖലീഫയായി ദക്ഷിണ കേരളത്തില്‍ പ്രവര്‍ത്തിച്ച അദ്ദേഹം പില്‍ക്കാലത്ത് സില്‍സിലാ നൂരിയ്യ കേരള പ്രസിദ്ധീകരിച്ച അല്‍ ഇര്‍ഫാന്‍ മാസികയുടെ തുടക്കകാലത്ത് പത്രാധിപരായിട്ടുമുണ്ട്.  കൊല്ലം ജില്ലയിലെ ചില അനാഥ അഗതി മന്ദിരങ്ങള്‍ സ്ഥാപിക്കുന്നതിലും ദക്ഷിണ കേരളത്തില്‍ ഉത്തരേന്ത്യന്‍ മാതൃകയില്‍ സൂഫി ഖാന്‍ഗാഹുകള്‍ സ്ഥാപിച്ച് പ്രവര്‍ത്തനങ്ങള്‍ക്ക് നേതൃത്വം നല്‍കുന്നതിലും അദ്ദേഹം പങ്കുവഹിച്ചു. ഓച്ചിറ അബ്ദുര്‍റസ്സാഖ് ഹാജി എന്ന പേരിലറിയപ്പെട്ടിരുന്ന അദ്ദേഹമാണ് സമസ്ത കേരള ജംഇയ്യത്തുല്‍ ഉലമായുടെ തിരുന്നാവായ സമ്മേളനത്തില്‍ സയ്യിദ് നൂരിഷായുടെ ഉര്‍ദു പ്രഭാഷണം പരിഭാഷപ്പെടുത്തിയത്.
സൈനുദ്ദീന്‍ മന്ദലാംകുന്ന്

അവരെ വെറും കുട്ടികളാക്കരുത്

കുടുംബം പ്രത്യേക പതിപ്പ് വായിച്ചു (ലക്കം 2817). വീട്ടിനകത്ത് രക്ഷിതാക്കള്‍ മക്കളോട് എങ്ങനെയെല്ലാം പെരുമാറണമെന്നത് എല്ലാവരും അറിഞ്ഞിരിക്കേണ്ടതാണ്. അതിനാല്‍ ആ വിഷയത്തില്‍ ചിലത് കൂടി പങ്കുവെക്കുകയാണ്.
* വീടാണ് ഏതൊരു കുട്ടിയുടെയും പ്രഥമ വിദ്യാലയം. വീട്ടിലെ സംസ്‌കാരമായിരിക്കും സ്വാഭാവികമായും കുട്ടികള്‍ പുറത്ത് കാണിക്കുക.
* വീട്ടില്‍ സമാധാനവും സന്തോഷവും ഉറപ്പുവരുത്തണം. കുട്ടികളോട് സ്‌നേഹത്തോടെ പെരുമാറുകയും അവരെ തുടര്‍ച്ചയായി വഴക്കു പറയാതിരിക്കാന്‍ പ്രത്യേകം ശ്രദ്ധിക്കുകയും വേണം. കാരണമത് അവരുടെ പഠനത്തെ പോലും ബാധിക്കും.
* കുട്ടികള്‍ക്ക് മനസ്സ് തുറന്ന് സംസാരിക്കാന്‍ രക്ഷിതാക്കള്‍ അവസരമൊരുക്കണം. അവര്‍ തെറ്റായ ആഗ്രഹങ്ങള്‍ പ്രകടിപ്പിക്കുമ്പോള്‍ അവയുടെ ദോഷങ്ങള്‍ അവരെ പറഞ്ഞ് മനസ്സിലാക്കിക്കണം. സ്വമനസ്സാലെയാണ് അവരതില്‍ നിന്ന് പിന്തിരിയേണ്ടത്.
* രക്ഷിതാക്കള്‍ കുട്ടിയുടെ നല്ല അധ്യാപകനും കൂട്ടുകാരനും അവന്റെ രഹസ്യ സൂക്ഷിപ്പുകാരനുമായാല്‍ അത് രക്ഷിതാക്കളുമായുള്ള കുട്ടികളുടെ അകല്‍ച്ച കുറക്കാന്‍ സഹായിക്കും.
* കുട്ടികളുടെ ആഗ്രഹങ്ങളെക്കുറിച്ച് ചോദിക്കുകയും അവര്‍ക്ക് പിതാക്കന്മാരോട് നേരിട്ട് സംസാരിക്കാന്‍ സാധ്യമാവുംവിധത്തില്‍ ഇടപഴകുകയും വേണം. ഇന്ന് പല വീടുകളിലും പിതാവും മകനും പരസ്പരം സംസാരിക്കാതെ മാതാവ് ഒരു മീഡിയേറ്ററായി പ്രവര്‍ത്തിക്കുന്നു. ഇത് മാനസികമായ അകല്‍ച്ചക്ക് കാരണമാകുന്നു.
* മക്കളോട് അവരുടെ കൂട്ടുകാരെക്കുറിച്ചും അധ്യാപകരെക്കുറിച്ചും പഠനത്തെക്കുറിച്ചും ഇടക്കിടെ ചോദിക്കുക. അവരുമായി ദിവസവും അല്ലെങ്കില്‍ ആഴ്ചയില്‍ കുറച്ച് സമയം ചെലവഴിക്കുക. അവരോട് തമാശ പറയുകയും അവരുടെ തമാശയില്‍ പങ്കുചേരുകയും ചെയ്യുക.
* വീട്ടിലെ ആഭ്യന്തര കാര്യങ്ങള്‍ ചര്‍ച്ച ചെയ്യുമ്പോള്‍ പ്രായപൂര്‍ത്തിയായ കുട്ടികളുടെ അഭിപ്രായം ആരായുക. ഇത് തങ്ങളും കുടുംബത്തിന്റെ ഭാഗമാണെന്ന തിരിച്ചറിവ് അവരിലുണ്ടാക്കാന്‍ സഹായിക്കും.
* ഇത്തരം ചര്‍ച്ചകള്‍ വീടിന്റെയും കുടുംബത്തിന്റെയും അവസ്ഥയെക്കുറിച്ച് കുട്ടികളില്‍ ബോധം ജനിപ്പിക്കുകയും, 'എന്റെ കുടുംബത്തിന് വേണ്ടി എനിക്ക് എന്താണ് ചെയ്യാന്‍ കഴിയുക' എന്ന ചിന്ത ഓരോ കുട്ടിയിലും ഉണ്ടാക്കുകയും ചെയ്യുന്നു.
* ജീവിത ലക്ഷ്യവും പരലോക ചിന്തയും വര്‍ധിപ്പിക്കും വിധത്തിലാണ് മക്കളെ ഉപദേശിക്കേണ്ടത്. ഒരു പള്ളി ഇമാമില്‍ നിന്ന് കേള്‍ക്കുന്നതിനേക്കാള്‍ നല്ലതാണ് മാതാപിതാക്കളില്‍ നിന്ന് നേരിട്ട് കേള്‍ക്കുന്ന ഇത്തരം ഉപദേശങ്ങള്‍.

കൂട്ടില്‍ സാബിത് ബന്നാന്‍ യു.പി, ഇസ്‌ലാമിയാ കോളേജ് തളിക്കുളം

ഡി.ജി വന്‍സാരയുടെ അനുഭവം ഒരു പാഠമാവട്ടെ

ആറു വര്‍ഷത്തെ വിചാരണ തടവ് പൂര്‍ത്തിയാക്കിയ ദിവസമാണ് ഗുജറാത്ത് ഡി.ഐ.ജി ഡി.ജി വന്‍സാര ജോലി രാജിവെച്ച് നരേന്ദ്ര മോഡിക്കും അമിത് ഷാക്കുമെതിരെ രൂക്ഷ വിമര്‍ശമുയര്‍ത്തി ചീഫ് സെക്രട്ടറിക്ക് കത്തയച്ചിരിക്കുന്നത്. ആര്‍ക്കു വേണ്ടിയാണോ നിരപരാധികളെ വ്യാജ ഏറ്റുമുട്ടലുകളിലൂടെ വധിച്ചത് അവര്‍ ഇന്ദ്രപ്രസ്ഥം കൈയടക്കാന്‍ കുതിക്കുകയും തങ്ങള്‍ ജയിലുകളില്‍ അവഗണനകള്‍ നേരിടുകയും ചെയ്യേണ്ടിവന്നതിലെ മനോവ്യഥയാണ് വന്‍സാരയെ കൊണ്ട് ഈ കത്ത് എഴുതിച്ചത്. അല്ലെങ്കില്‍ ദൈവതുല്യനായി താന്‍ കരുതുന്ന നരേന്ദ്ര മോഡിക്കെതിരെ വന്‍സാര അങ്ങനെ പ്രതികരിക്കില്ലായിരുന്നു.
ഭരണകൂടങ്ങളും പോലീസും മാധ്യമ പിന്തുണയോടെ നടത്തിയ വ്യാജ ഏറ്റുമുട്ടലുകള്‍ നിരവധിയാണ്. രാജ്യരക്ഷയുമായി ബന്ധപ്പെട്ടവയായതുകൊണ്ട് അധികമാരും ഇതിനെതിരെ പ്രതികരിക്കാറില്ല എന്നു മാത്രം. ഗുജറാത്തില്‍ ഇരകളുടെ ബന്ധുക്കളും മനുഷ്യാവകാശ പ്രവര്‍ത്തകരും നിശ്ചയദാര്‍ഢ്യത്തോടെ പ്രവര്‍ത്തിച്ചതുകൊണ്ടാണ് കാര്യങ്ങള്‍ ഈ നിലയിലെത്തിയത്. വ്യാജ ഏറ്റുമുട്ടലുമായി ബന്ധപ്പെട്ട് സുപ്രീം കോടതി നടത്തിയ പരാമര്‍ശങ്ങള്‍ ശ്രദ്ധയമാണ്. 'പോലീസുകാര്‍ നടത്തുന്ന വ്യാജ ഏറ്റുമുട്ടലുകള്‍ക്ക് ഒരൊറ്റ ശിക്ഷയേ അര്‍ഹിക്കുന്നുള്ളൂ. അത് വധശിക്ഷയാണ്' (മലയാള മനോരമ 22-11-2011). ജെ.എസ് കല്‍റ എന്ന മനുഷ്യാവകാശ പ്രവര്‍ത്തകനെ പോലീസുദ്യോഗസ്ഥര്‍ ഉള്‍പ്പെട്ട സംഘം തട്ടിക്കൊണ്ടുപോയി കൊലപ്പെടുത്തിയ കേസിലും സുപ്രീം കോടതി പറഞ്ഞത് 'പോലീസിന്റെ ക്രൂരതയില്‍ നിന്ന് ഒരാള്‍ രക്ഷപ്പെട്ടാലും ശാരീരികവും മാനസികവുമായ പീഡനത്തിന്റെ പ്രത്യാഘാതങ്ങള്‍ നീണ്ടുനില്‍ക്കും; അതിനാല്‍ വ്യക്തികളുടെ സ്വാതന്ത്ര്യം സംരക്ഷിക്കേണ്ട പരമപ്രധാനമായ ദൗത്യമാണ് സര്‍ക്കാറിനുള്ളത്' എന്നാണ് (മാതൃഭൂമി 29-12-2011). ഗുജറാത്ത് സര്‍ക്കാര്‍ ഈ ദൗത്യം നിര്‍വഹിച്ചില്ലെന്നു മാത്രമല്ല, വ്യാജ ഏറ്റുമുട്ടലിന്റെ സ്‌പോണ്‍സര്‍ തന്നെ ആയി മാറുകയാണുണ്ടായത്.
അന്‍വര്‍ സാദത്ത് കുന്ദമംഗലം


Comments

Other Post

ഖുര്‍ആന്‍ ബോധനം

സൂറ-19/ മര്‍യം/24-29
എ.വൈ.ആര്‍