Prabodhanm Weekly

Pages

Search

2013 സെപ്റ്റംബര്‍ 27

മുളയിലേ നുള്ളപ്പെട്ട ഇഫ്‌ളു ചക്രശ്വാസം വലിക്കുന്ന അലീഗഢ്

ഷെബീന്‍ പെരിമ്പലം / വിശകലനം

വികസനത്തിലെ പ്രാദേശിക അസന്തുലിതത്വത്തിന്റെയും വിവേചനത്തിന്റെയും ഇരകളാണ് എന്നും മലബാറുകാര്‍. നാടിന്റെ മോചനത്തിനായുള്ള പോരാട്ടത്തില്‍ സ്വന്തം വളര്‍ച്ചയും ഉയര്‍ച്ചയും പണയം കൊടുത്ത് സ്വയം ഉരുകിത്തീര്‍ന്ന ദേശാഭിമാനികളുടെ പിന്മുറക്കാരാണവര്‍. ആ മണ്ണിലേക്കാണ് വിജ്ഞാന വിപ്ലവത്തിന്റെ കാഹളം മുഴക്കി അന്താരാഷ്ട്ര പ്രശസ്തിയുള്ള രണ്ട് കേന്ദ്ര സര്‍വകലാശാലകളുടെ വരവ്. അലീഗഢ് മുസ്‌ലിം സര്‍വകലാശാലയും ഇംഗ്ലീഷ് ആന്‍ഡ് ഫോറിന്‍ ലാന്‍ഗ്വജിസ് യൂനിവേഴ്‌സിറ്റി(ഇഫ്‌ളു)യും. മലബാറിന്റെ മാത്രമല്ല, കേരളത്തിന്റെ തന്നെ വിദ്യാഭ്യാസ വളര്‍ച്ചയില്‍ നിര്‍ണായക ഏടായി മാറുമായിരുന്നു ഇവ രണ്ടും.  എന്നാല്‍, ആരുടെയൊക്കെയോ മസില്‍പിടുത്തത്തില്‍ ഇഫ്‌ളു മുളയിലേ നുള്ളപ്പെടുകയും അലീഗഢ് നിലനില്‍പ്പ് ഭീഷണി നേരിടുകയുമാണ്.

രാഷ്ട്രീയ കുതന്ത്രങ്ങളില്‍ കുരുങ്ങി ഇഫ്‌ളു
വിദേശ ഭാഷകളും ഇംഗ്ലീഷും പ്രധാന വിഷയങ്ങളാക്കി ഹൈദരാബാദില്‍ സ്ഥാപിച്ച കേന്ദ്ര സര്‍വകലാശാലയാണ് ഇഫ്‌ളു. കേന്ദ്ര സര്‍ക്കാര്‍ സ്ഥാപിച്ച സെന്‍ട്രല്‍ ഇന്‍സ്റ്റിറ്റിയൂട്ട് ഓഫ് ഇംഗ്ലീഷാണ് പിന്നീട് ഇഫ്‌ളുവായത്. ഇംഗ്ലീഷിന് പുറമെ അറബി, ഫ്രഞ്ച്, ജര്‍മന്‍, സ്പാനിഷ്, ഇറ്റാലിയന്‍, ചൈനീസ്, റഷ്യന്‍ തുടങ്ങിയ ഭാഷകള്‍ പഠിക്കാന്‍ ഇവിടെ സൗകര്യമുണ്ട്. 60 മണിക്കൂര്‍ കൊണ്ട് പൂര്‍ത്തീകരിക്കാവുന്ന കോഴ്‌സുകള്‍ മുതല്‍  വിദേശ ഭാഷകളില്‍ മുഴുവന്‍ സമയ-പാര്‍ടൈം, ഡിപ്ലോമ, സര്‍ട്ടിഫിക്കറ്റ് കോഴ്‌സുകളും ഇവിടെയുണ്ട്.
സംസ്ഥാനത്ത് സ്ഥാപിതമാകുമെന്ന് രണ്ട് വര്‍ഷം മുമ്പ് കേട്ടുതുടങ്ങിയ ഇഫ്‌ളു സ്വപ്നസാക്ഷാത്കാരത്തിലേക്കുള്ള അവസാന പടിയും ചവിട്ടിക്കയറവെയാണ് തികച്ചും അപ്രതീക്ഷിതമായ വിലങ്ങുതടികള്‍ രൂപപ്പെടുന്നത്. മലപ്പുറം പാണക്കാട്ട് ഇന്‍കെല്‍ എജ്യൂസിറ്റിയില്‍ സംസ്ഥാന സര്‍ക്കാര്‍ അതിവേഗത്തില്‍ ഭൂമി ഏറ്റെടുത്ത് നല്‍കുകയും സര്‍വകലാശാല കോഴ്‌സിലേക്ക് പ്രവേശ പരീക്ഷ നടത്തുകയും ചെയ്തതിനു ശേഷമാണ് ആശങ്കകള്‍ കണ്ടുതുടങ്ങിയത്. പോസ്റ്റ് ഗ്രാജ്വറ്റ് ഡിപ്ലോമ ഇന്‍ ദ ടീച്ചിംഗ് ഓഫ് ഇംഗ്ലീഷ് (പി.ജി.ഡി.ടി.ഇ) അധ്യാപക പരിശീലന കോഴ്‌സിലേക്കാണ് പ്രവേശന പരീക്ഷ നടന്നത്. തെരഞ്ഞെടുക്കപ്പെട്ടവര്‍ മലപ്പുറം കാമ്പസില്‍ പ്രവേശനം കാത്തുകഴിയുമ്പോഴാണ് ഇത്തവണ ക്ലാസ് ഇല്ലെന്ന പരീക്ഷാ കണ്‍ട്രോളറുടെ അറിയിപ്പ് വരുന്നത്. വിദ്യാര്‍ഥികളോട് ലഖ്‌നൗ കാമ്പസില്‍ ചേരാന്‍ നിര്‍ദേശിക്കുകയും ചെയ്തു. യൂനിവേഴ്‌സിറ്റിയും അട്ടിമറിക്കുപിന്നില്‍ ചരടുവലിച്ചവരും പ്രതീക്ഷിച്ച പോലെ ആരും ലഖ്‌നൗവില്‍ ചേര്‍ന്നില്ല. അഥവാ, ഇലയിട്ട ശേഷം ചോറുവിളമ്പാതെ ഇന്നാട്ടുകാരെയും വിദ്യാര്‍ഥികളെയും വഞ്ചിക്കുകയായിരുന്നു സര്‍വകലാശാലയും കേന്ദ്ര സര്‍ക്കാറും. ഒടുവില്‍ ജനം തെരുവിലിറങ്ങിയപ്പോള്‍ സര്‍ട്ടിഫിക്കറ്റ് ഓഫ് പ്രൊഫിഷന്‍സി (സി.ഒ.പി) കോഴ്‌സ് ഈ വര്‍ഷം തുടങ്ങുമെന്ന് പറഞ്ഞ് ജനത്തെ വീണ്ടും പറ്റിക്കാന്‍ നോക്കുകയാണ് കേന്ദ്ര സര്‍ക്കാര്‍. ഇഫ്‌ളു മലപ്പുറം കാമ്പസിനെ തന്നെ ഇല്ലാതാക്കാനുള്ള തന്ത്രമാണ് ഈ തട്ടിപ്പു പരിപാടിക്കു പിന്നിലെന്ന് വ്യക്തം.
വിദേശ വിദ്യാര്‍ഥികളടക്കം പഠനത്തിനെത്തുന്ന, പ്രശ്‌സതമായ ഒരു സര്‍വകലാശാലയുടെ കാമ്പസ് മലപ്പുറത്ത് യാഥാര്‍ഥ്യമാകുന്നത്   മലബാറുകാരുടെ, വിശേഷിച്ചും മുസ്‌ലിം ന്യൂനപക്ഷങ്ങളുടെ വിദ്യാഭ്യാസ മേഖലയിലെ കുതിപ്പിന് മികച്ച പിന്തുണയാകുമായിരുന്നു. ഇഫ്‌ളു സ്‌പെഷല്‍ ഓഫീസറുടെ നിയമനം മരവിപ്പിച്ചതടക്കം അടിമുടി ദുരൂഹമായ നടപടികള്‍ക്ക് പിന്നില്‍ സര്‍വകലാശാലയിലെ ഏതെങ്കിലും ഉദ്യോഗസ്ഥരുടെയോ മറ്റോ നിക്ഷിപ്ത താല്‍പര്യമല്ലെന്ന് പകല്‍ പോലെ വ്യക്തമാണ്. എങ്കില്‍ പിന്നെ ആരാണ് ഈ ചെയ്തിക്ക് പിന്നില്‍? എന്താണ് അവരുടെ താല്‍പര്യം?
അഞ്ചാം മന്ത്രി വിവാദത്തോടെ കേരളത്തില്‍ രൂപപ്പെട്ട തികച്ചും അനവസരത്തിലുള്ള വര്‍ഗീയ ചര്‍ച്ചകളുടെ ഇരയാണ് യഥാര്‍ഥത്തില്‍ ഇഫ്‌ളു. മുസ്‌ലിം ലീഗിന്റെ നേതൃത്വത്തില്‍ മുസ്‌ലിം സമുദായം അനര്‍ഹമായത് പലതും നേടിയെടുക്കുന്നു എന്ന, സത്യസന്ധത ലവലേശമില്ലാത്ത പ്രചാരണത്തിന് കൊടിപിടിച്ച വലതുപക്ഷ പിന്തിരിപ്പന്മാര്‍ തന്നെയാണ് ഇതിലെ ഒന്നാം പ്രതി. മുസ്‌ലിം ലീഗിന്റെ തട്ടകമായ മലപ്പുറത്ത് അലീഗഢിന് പുറമെ ഒരു സര്‍വകലാശാല കൂടി അനുവദിക്കുന്നത് തങ്ങളുടെ സ്വാര്‍ഥ രാഷ്ട്രീയ താല്‍പര്യങ്ങള്‍ക്ക് വിലങ്ങുതടിയാകുമെന്നും ഇതുവരെ കിട്ടിക്കൊണ്ടിരുന്ന വര്‍ഗീയ ശക്തികളുടെ പിന്തുണ അടുത്ത തെരഞ്ഞെടുപ്പില്‍ കിട്ടാതെ വരുമെന്നും കോണ്‍ഗ്രസിലെ ഒരു വിഭാഗം കണക്കുകൂട്ടി. കേന്ദ്രം ഭരിക്കുന്നത് കോണ്‍ഗ്രസ്സായതിനാല്‍, മാനവ വിഭവശേഷി മന്ത്രാലയത്തില്‍ കേരളത്തില്‍നിന്നുതന്നെയുള്ള പ്രതിനിധിയുമായതിനാല്‍ ലീഗിനെ പൂട്ടാന്‍ ഇതുതന്നെ നല്ല അവസരം എന്നവര്‍ കരുതി. അതുതന്നെയാണ് സംഭവിച്ചത്. മാനവ വിഭവശേഷി മന്ത്രാലയത്തിലെ ഉന്നതരുടെ കൃത്യമായ തിരക്കഥ നടപ്പാക്കുക മാത്രമായിരുന്നു ഇഫ്‌ളു അധികൃതര്‍. അലീഗഢ് കേന്ദ്രം മലപ്പുറത്ത് അനുവദിച്ചപ്പോള്‍ തന്നെ അതിന്റെ നിയമസാധുത ചോദ്യം ചെയ്ത് കേരള ഹൈക്കോടതിയില്‍ ഹരജി നല്‍കിയത് ഈ സന്ദര്‍ഭത്തില്‍ ഓര്‍ക്കുന്നത് നല്ലതാണ്. അലീഗഢിനെ ഭീകരവാദികളുടെ പ്രഭവകേന്ദ്രമാക്കി ചിത്രീകരിച്ച മലയാള സിനിമ പിറന്നതും ഈ ഇടവേളകളിലായിരുന്നു. പ്രവേശനത്തില്‍ മുസ്‌ലിംകള്‍ക്ക് ഒരു മുന്‍ഗണനയുമില്ലെന്നും ഇഫ്‌ളുവിന്റെയും അലീഗഢിന്റെയും പ്രായോജകര്‍ മുസ്‌ലിംകള്‍ മാത്രമല്ലെന്നും അറിയാത്തത് കൊണ്ടല്ല ഈ രാഷ്ട്രീയ അല്‍പ്പത്തം.
അലിയുന്ന അലീഗഢ് സ്വപ്നങ്ങള്‍
പ്രശസ്തമായ അലീഗഢ് മുസ്‌ലിം സര്‍വകലാശാലയുടെ ഒരു പതിപ്പ് മലപ്പുറത്ത് വരുന്നു എന്ന പ്രഖ്യാപനം കേട്ടതുമുതല്‍ ഒരുപാട് പ്രതീക്ഷകള്‍ നെയ്തുകൂട്ടി മലബാറുകാര്‍. ചരിത്രപരവും സാമൂഹികവുമായ കാരണങ്ങളാല്‍ എല്ലാ രംഗത്തും പിന്തള്ളപ്പെട്ടുപോയ മുസ്‌ലിം ന്യൂനപക്ഷത്തിന് കാത്തിരുന്നു കിട്ടിയ വരദാനമായിരുന്നു അലീഗഢ്. കേന്ദ്രം ഏതു സ്ഥലത്തുവേണമെന്ന രാഷ്ട്രീയ വിവാദത്തില്‍പ്പെട്ട് അലീഗഢ് നഷ്ടപ്പെടുന്ന സ്ഥിതി വന്നപ്പോള്‍ പദ്ധതി യാഥാര്‍ഥ്യമാക്കാന്‍ ഒറ്റ മനസ്സായി നാട് ഇറങ്ങിയത് ആ വലിയ സ്വപ്നം കണ്ടാണ്.
രാജ്യത്തെ മുസ്‌ലിം ന്യൂനപക്ഷത്തിന്റെ സാമ്പത്തിക-സാമൂഹിക-വിദ്യാഭ്യാസ സാഹചര്യങ്ങള്‍ അന്വേഷിക്കാന്‍ ഒന്നാം യു.പി.എ സര്‍ക്കാര്‍ നിയോഗിച്ച സച്ചാര്‍ കമീഷന്റെ ഞെട്ടിപ്പിക്കുന്ന കണ്ടെത്തലുകളാണ് അലീഗഢിന്റെ മലപ്പുറം പതിപ്പിന് കളമൊരുക്കിയത്. 2011 ഡിസംബര്‍ 24-ന് പെരിന്തല്‍മണ്ണ ചേലാമലയില്‍  കേന്ദ്ര മാനവ വിഭവശേഷി  മന്ത്രി കപില്‍ സിബല്‍ അലീഗഢ് കേന്ദ്രം നാടിന് സമര്‍പ്പിച്ചപ്പോള്‍ വിജ്ഞാന വിപ്ലവത്തിന് നാന്ദികുറിച്ചതായി മലയാളികള്‍ കരുതി.
എന്നാല്‍, അക്ഷരമോഹികളുടെ  പ്രതീക്ഷകള്‍ അസ്ഥാനത്താക്കുന്നതാണ് അലീഗഢ്  സെന്ററിനോടുള്ള കേന്ദ്ര-സംസ്ഥാന സര്‍ക്കാറുകളുടെയും സര്‍വകലാശാലയുടെ തന്നെയും ക്രൂരമായ അവഗണന.  ഉദ്ഘാടന ശിലാഫലകത്തിന്റെ മഷി ഉണങ്ങുംമുമ്പെ ചക്രശ്വാസം വലിക്കുന്ന അലീഗഢിനെയാണ് നാം ഇന്ന് കാണുന്നത്.
വര്‍ഗീയ ശക്തികളുടെ കുപ്രചാരണങ്ങള്‍, നിയമതടസ്സങ്ങള്‍, ഭൂമി ഏറ്റെടുക്കലിലെ സര്‍ക്കാര്‍ അനാസ്ഥ തുടങ്ങി ഒരു നൂറ് കടമ്പകള്‍ താണ്ടിയാണ് അലീഗഢിന്റെ മലബാര്‍ മണ്ണിലേക്കുള്ള യാത്ര.  2010 ഫെബ്രുവരി 28-ന് വാടകക്കെട്ടിടത്തില്‍ പ്രവര്‍ത്തനം ആരംഭിച്ചു. സംസ്ഥാന സര്‍ക്കാര്‍ ഏറ്റെടുത്ത് നല്‍കിയ, പെരിന്തല്‍മണ്ണക്കടുത്ത ചേലാമലയിലെ 343 ഏക്കറില്‍ നിര്‍മിച്ച കെട്ടിടത്തിലേക്ക് 2012 ജൂണോടെ അധ്യയനം മാറ്റി. 60 സീറ്റുകള്‍ വീതമുള്ള എം.ബി.എ, ബി.എ.എല്‍.എല്‍.ബി കോഴ്‌സുകളാണ് മലപ്പുറത്തിനും ഒപ്പം പ്രവര്‍ത്തനം തുടങ്ങിയ മുര്‍ഷിദാബാദ് കേന്ദ്രത്തിനും അനുവദിച്ചത്.

അലീഗഢ് കേന്ദ്രത്തിന്റെ ഇന്നത്തെ സ്ഥിതി അങ്ങേയറ്റം പരിതാപകരമാണ്. ഫണ്ടുകള്‍ ലഭിക്കുന്നതിലെ കാലതാമസവും അനുവദിച്ച കോഴ്‌സുകള്‍ യഥാസമയം ആരംഭിക്കുന്നതിലെ അനാസ്ഥയും ഈ കേന്ദ്രത്തിന്റെ നിലനില്‍പ്പിന് തന്നെ ഭീഷണിയായിരിക്കുകയാണ്. അലീഗഢിന്റെ ഭാവിപ്രവര്‍ത്തങ്ങള്‍ക്കായി ആവിഷ്‌കരിച്ച 140 കോടി രൂപയുടെ വിശദ പദ്ധതി റിപ്പോര്‍ട്ടിന് (ഡി.പി.ആര്‍) കേന്ദ്രം അംഗീകാരം നല്‍കിയിട്ടുണ്ട്. 12-ാം പഞ്ചവത്സര പദ്ധതിയിലേക്കായി 1200 കോടി രൂപയുടെ പദ്ധതിയാണ് സര്‍വകലാശാല സമര്‍പ്പിച്ചിരുന്നത്. കേന്ദ്രം ഇത് 540 കോടിയാക്കിയും പിന്നീട് 140 കോടിയായും വെട്ടിച്ചുരുക്കി. ഡി.പി.ആറിന് അംഗീകാരം ലഭിക്കാന്‍  രണ്ട് വര്‍ഷത്തോളമെടുത്തു. ഇതു പ്രകാരമുള്ള പണം അനുവദിച്ച് കിട്ടിയത് നിരന്തര മുറവിളികള്‍ക്കും സമ്മര്‍ദങ്ങള്‍ക്കുമൊടുവിലാണ്. 2013 ആഗസ്റ്റില്‍ തുടങ്ങുമെന്ന് പ്രഖ്യാപിച്ച ബി.എഡ് പരിശീലന കേന്ദ്രവും ഒമ്പതാം ക്ലാസ്സുമായി ബന്ധപ്പെട്ട നടപടികളും ഇഴയുകയാണ്. 60 സീറ്റുള്ള ബി.എഡ് കോഴ്‌സിലേക്കും 90 സീറ്റുള്ള ഒമ്പതാം ക്ലാസ്സിലേക്കും അഖിലേന്ത്യാ പ്രവേശപരീക്ഷ വഴിയാണ് തെരഞ്ഞെടുപ്പ്.
അധ്യയനം തുടങ്ങി മൂന്ന് വര്‍ഷം പിന്നിട്ടിട്ടും അക്കാദമിക് കാര്യങ്ങളില്‍ ചട്ടങ്ങളോ വ്യക്തതയോ ഇല്ല. കോഴ്‌സ് നടത്തിപ്പ് മുതല്‍ പരീക്ഷ നടപടിക്രമങ്ങള്‍ വരെ ഒന്നിലും കൃത്യമായ വ്യവസ്ഥകളില്ല. കേന്ദ്രങ്ങള്‍ എന്നത് സര്‍വകലാശാലയിലെ പുതിയ സംവിധാനമായതിനാല്‍ ഇതിന് പ്രത്യേകം ചട്ടങ്ങളും മാര്‍ഗരേഖയും രൂപവത്കരിക്കേണ്ടതുണ്ട്. എന്നാല്‍, സര്‍വകലാശാലാ ജീവനക്കാരുടെ മെല്ലെപ്പോക്കും പിന്തിരിപ്പന്‍ നിലപാടുകളും കാരണം ഇത്തരം നടപടികള്‍ക്ക്  ഒച്ചുവേഗമാണ്. ഡയറക്ടറുടെ അധികാരം ഇതുവരെ നിര്‍ണയിച്ചിട്ടില്ല. മൂല്യനിര്‍ണയം, സപ്ലിമെന്ററി പരീക്ഷ തുടങ്ങിയ നിരവധി കാര്യങ്ങളില്‍ ചട്ടങ്ങള്‍ ഇല്ലാത്തതിനാല്‍ പരീക്ഷ നടത്തിപ്പില്‍ അനിശ്ചിതത്വം തുടരുകയാണ്. അലീഗഢില്‍ നിലനില്‍ക്കുന്ന ഇന്റേണല്‍ റിസര്‍വേഷന്‍ രീതി കാരണം മലയാളികള്‍ക്ക് മലപ്പുറം കേന്ദ്രം അന്യമാവുകയാണ്. നിലവില്‍ മലപ്പുറം കേന്ദ്രത്തില്‍ മലയാളി വിദ്യാര്‍ഥികളുടെ പ്രാതിനിധ്യം 27 ശതമാനം മാത്രമാണ്. എത്രയും വേഗം ഹയര്‍സെക്കന്ററി ആരംഭിക്കുക എന്നതാണ് ഇതിനുള്ള പോംവഴി. ഇങ്ങനെ പ്ലസ്ടു വിജയിക്കുന്ന വിദ്യാര്‍ഥികള്‍ക്ക് ബിരുദത്തിന് 50 ശതമാനം സംവരണം ലഭിക്കും. എന്നാല്‍, ഇത് സംബന്ധിച്ച പ്രാഥമിക ചര്‍ച്ചകള്‍ പോലും നടന്നിട്ടില്ലെന്നതാണ് വാസ്തവം. വിശദ പദ്ധതി റിപ്പോര്‍ട്ടിലുള്ള വുമണ്‍സ് പോളിടെക്‌നിക്, വുമണ്‍സ് ആര്‍ട്‌സ് ആന്റ് സയന്‍സ് കോളേജ് എന്നിവ കടലാസില്‍ ഉറങ്ങുകയാണ്. സംസ്ഥാന സര്‍ക്കാര്‍ ഒരുക്കേണ്ട പശ്ചാത്തല സൗകര്യങ്ങളും പാതിവഴിയിലാണ്.
മലപ്പുറം കേന്ദ്രത്തെ ഇല്ലാതാക്കാനും മലയാളിയായ മുന്‍ വി.സി പ്രഫ. പി.കെ അബ്ദുല്‍ അസീസിനെതിരെ സി.ബി.ഐ അന്വേഷണം അടക്കമുള്ള നടപടികള്‍ക്കും ചുക്കാന്‍ പിടിച്ച എക്‌സിക്യൂട്ടിവ് കൗണ്‍സില്‍ അംഗത്തിന്റെ നേതൃത്വത്തിലുള്ള ഉത്തരേന്ത്യന്‍ ലോബി അലീഗഢ് സര്‍വകലാശാലയുടെ ഭരണകാര്യങ്ങളില്‍ വീണ്ടും പിടിമുറുക്കിയിരിക്കുകയാണ്. പുനഃസംഘടിപ്പിച്ച ഇരു ബോഡികളിലും മലപ്പുറം കേന്ദ്രത്തിനെതിരെ ആദ്യം മുതലേ കര്‍ശന നിലപാട് എടുത്ത ഇക്കൂട്ടര്‍ക്ക് ഭൂരിപക്ഷം ലഭിച്ചിട്ടുണ്ട്.  പുതിയ കോഴ്‌സുകള്‍ തുടങ്ങുന്നതിന് മുന്നോടിയായുള്ള നടപടിക്രമങ്ങള്‍ സര്‍വകലാശാല പൂര്‍ത്തിയാക്കി വരുന്നതിനിടയിലാണ് പുതിയ തടസ്സങ്ങള്‍ രൂപപ്പെട്ടിരിക്കുന്നത്. രാഷ്ട്രീയ ഇഛാശക്തികൊണ്ട് മറികടക്കാന്‍ കഴിയുന്നതാണ് ഈവക പ്രശ്‌നങ്ങള്‍.


മന്ത്രിമാര്‍ കേന്ദ്രത്തില്‍ എന്തെടുക്കുകയാണ്?
ഒരു കേന്ദ്ര സര്‍വകലാശാലയുടെ ഉപകേന്ദ്രത്തിന് സ്വന്തമായി വാഹനം പോലുമില്ലെന്ന ഒറ്റക്കാര്യം മതി നമ്മള്‍ തെരഞ്ഞെടുത്തയച്ച ജനപ്രതിനിധികളുടെ വികസന പ്രവര്‍ത്തനങ്ങളുടെ ആഴമറിയാന്‍. കേന്ദ്ര മന്ത്രിസഭയില്‍ കേരളത്തിന് ഏറ്റവും കൂടുതല്‍ പ്രാതിനിധ്യവും സ്വാധീനവുമുള്ള കാലമാണിത്. മാനവവിഭവശേഷി വകുപ്പിന്റെ സഹമന്ത്രി പദത്തില്‍ തൊട്ടുമുമ്പിരുന്നയാള്‍ മലപ്പുറം ലോക്‌സഭാ മണ്ഡലത്തിന്റെ പ്രതിനിധി ഇ. അഹ്മദാണ്. മുസ്‌ലിം ലീഗിന്റെ ഏക കേന്ദ്രമന്ത്രി. ഇപ്പോള്‍ പദവി അലങ്കരിക്കുന്നതും ശശി തരൂര്‍ എന്ന മലയാളിതന്നെ.  കഴിവും സ്വാധീനവും ഭരണ നിപുണതയുമുള്ള ഇവര്‍ ഇടപെട്ടാല്‍ തീരാത്ത പ്രശ്‌നം അലീഗഢിന്റെയും ഇഫ്‌ളുവിന്റെയും  കാര്യത്തിലില്ല. എന്നാല്‍, ഈ വിഷയത്തില്‍ ഇടപെടുന്നില്ലെന്ന് മാത്രമല്ല, പലരുടെയും താല്‍പര്യങ്ങള്‍ സംരക്ഷിക്കാനുള്ള ചട്ടുകങ്ങളായി അവര്‍ മാറുകയും ചെയ്യുന്നു എന്നതാണ് വസ്തുത.
[email protected]

Comments

Other Post

ഖുര്‍ആന്‍ ബോധനം

സൂറ-19/ മര്‍യം/24-29
എ.വൈ.ആര്‍