ഒരു വര്‍ഷമായി അവര്‍ ഉദുഹിയ്യത്തിന് വേണ്ടി കാത്തിരിക്കുകയാണ്
ഉത്തരേന്ത്യന്‍ മുസ്‌ലിമിന്റെ സര്‍വ മേഖലയിലുമുള്ള പിന്നാക്കാവസ്ഥ കേരള മുസ്‌ലിം പ്രസിദ്ധീകരണങ്ങളിലെ സമീപകാല ശ്രദ്ധേയ ഫീച്ചറുകളിലൊന്നാണ്. സാമൂഹിക വളര്‍ച്ചയില്‍ അല്‍പം മുന്നില്‍ നില്‍ക്കുന്നവര്‍ എന്ന തിരിച്ചറിവില്‍ കേരളീയ മുസ്‌ലിം നേടിയ പുരോഗതിയിലേക്ക് അവരെ കൂടി പങ്കാളികളാക്കാനുള്ള ശ്രമങ്ങള്‍ ഈ എഴുത്തുകളുടെ ഭാഗമായി വര്‍ധിച്ചുവരുന്നുമുണ്ട്. മിക്ക സംഘടനകളും അതില്‍ ഏറ്റക്കുറച്ചിലുകളോടെ തങ്ങളുടേതായ പങ്ക് അര്‍പ്പിച്ചുകൊണ്ടിരിക്കുന്നു. ഈ രംഗത്ത് ഇതിനകം ശ്രദ്ധേയമായ വിഷന്‍ 2016 എന്ന ബൃഹദ് പ്രോജക്ട് ഉത്തരേന്ത്യന്‍ മുസ്‌ലിം ഗ്രാമങ്ങളുടെ മുഖഛായ തന്നെ മാറ്റാനുള്ള പദ്ധതികളാണ് മുന്നോട്ടുവെക്കുന്നത്. അതിന്റെ ശില്‍പികളില്‍ പ്രമുഖനായ പ്രഫ. കെ.എ സിദ്ദീഖ് ഹസന്‍ സാഹിബില്‍നിന്ന് ഉത്തരേന്ത്യന്‍ ഗ്രാമങ്ങളുടെ വര്‍ത്തമാനാവസ്ഥയെക്കുറിച്ച് കേള്‍ക്കാന്‍ അവസരം ലഭിച്ചു. പലതും സംസാരിക്കുന്നതിനിടയില്‍ ബലിപെരുന്നാളിനെ പരാമര്‍ശിക്കവെ അദ്ദേഹം പറഞ്ഞു: ''കഴിഞ്ഞ രണ്ട് മൂന്ന് വര്‍ഷമായി ഉത്തരേന്ത്യയിലെ പല ഗ്രാമങ്ങളും സ്വാദിഷ്ടമായ പെരുന്നാള്‍ ഭക്ഷണം വയറു നിറയെ കഴിക്കുന്നത് കേരള മുസ്‌ലിംകളുടെ ആദര്‍ശ ഐക്യദാര്‍ഢ്യത്തിന്റെ ഫലമായിട്ടാണ്. വരും വര്‍ഷങ്ങളിലും അത് തുടരുമെന്നാണ് ഞാന്‍ പ്രതീക്ഷിക്കുന്നത്.'' വിഷയം പൂര്‍ണമായി മനസ്സിലായില്ല എന്നതുകൊണ്ടാവണം അദ്ദേഹമത് വിശദീകരിച്ചു: മാംസം കേരളീയ മുസ്‌ലിം തീന്‍മേശകളില്‍ ആഴ്ചയിലൊരിക്കലെങ്കിലും സ്ഥിര വിഭവമാണ്. മാംസം കൂട്ടി ഭക്ഷണം കഴിച്ചിട്ട് വര്‍ഷങ്ങള്‍ പിന്നിട്ട ഒട്ടനേകം കുടുംബങ്ങള്‍ ഉത്തരേന്ത്യന്‍ ഗ്രാമങ്ങളിലുണ്ട്. മാംസമെന്നത് കുട്ടിക്കാലത്തെ ഒരനുഭവമായും സ്വപ്നമായും വലിയൊരാഗ്രഹമായും കാണുന്നവര്‍. അവര്‍ക്കിടയിലേക്കാണ് വിഷന്‍ 2016 'നിങ്ങളുടെ ബലി മാംസം ഏറ്റവും അര്‍ഹരിലേക്കാവട്ടെ' എന്ന ആഹ്വാനവുമായി 'ഖുര്‍ബാനി' പദ്ധതി തുടങ്ങിയത്.
വിഷന്റെ മറ്റെല്ലാ പ്രോജക്ടുകള്‍ക്കുമെന്നപോലെ കേരളത്തില്‍ നിന്നാണ് ഈ പദ്ധതികള്‍ക്കും കൂടുതല്‍ പിന്തുണ ലഭിച്ചത്. ഭക്ഷണ സാധനങ്ങളടങ്ങിയ കിറ്റുകള്‍ അതിന് മുമ്പ് ലഭിച്ചിട്ടുണ്ടെങ്കിലും പെരുന്നാള്‍ ദിവസം ബലിമാംസം ഉത്തരേന്ത്യയിലെ ആ ഗ്രാമീണര്‍ക്ക് പുത്തനനുഭവമായിരുന്നു. അവര്‍ അത് ശരിക്കും 'ഒരു പെരുന്നാളായി' തന്നെ ആഘോഷിച്ചു. തങ്ങളുടെ വീട്ടില്‍ ഇറച്ചി പാചകം ചെയ്തിട്ട് വര്‍ഷങ്ങളായെന്നും ചെറിയ ചില കുട്ടികള്‍ മാംസം ഇതുവരെ കഴിച്ചിട്ടുപോലുമില്ലെന്നും അവര്‍ വിഷന്റെ വളണ്ടിയര്‍മാരോട് നിറകണ്ണുകളോടെ വെളിപ്പെടുത്തി. ഇത്രയും വിശദീകരിച്ച് സിദ്ദീഖ് ഹസന്‍ സാഹിബ് പറഞ്ഞു: ''ചില ഗ്രാമങ്ങളില്‍ മാത്രമേ ഞങ്ങള്‍ക്ക് മാംസം വിതരണം ചെയ്യാന്‍ സാധിച്ചിട്ടുള്ളൂ. പലരുമത് കേട്ടറിഞ്ഞ് എത്തിയപ്പോഴാകട്ടെ തീരുകയും ചെയ്തിരുന്നു. അവരോട് ഞങ്ങള്‍ പറഞ്ഞത് ഇന്‍ശാ അല്ലാഹ്.. അടുത്ത വര്‍ഷം നിങ്ങളെയും ഉള്‍പ്പെടുത്തുമെന്നാണ്.''
ത്യാഗത്തിന്റെ സ്മരണകളുണര്‍ത്തുന്ന ബലിപെരുന്നാള്‍ ആഹ്ലാദങ്ങള്‍ വീണ്ടും കടന്നുവരാനിരിക്കെയാണ് സിദ്ദീഖ് ഹസന്‍ സാഹിബിന്റെ ഈ അനുഭവ വിവരണങ്ങള്‍ ഓര്‍ത്തത്. ബലി അര്‍പ്പിക്കാന്‍ ഒരുങ്ങുന്നവര്‍ അതിന് തയാറെടുക്കുന്ന സന്ദര്‍ഭമാണിത്. തങ്ങളുടെ ബലിമാംസം ഏറ്റവും അര്‍ഹരിലേക്ക് എത്തുമ്പോഴാണ് ആ കര്‍മം കൂടുതല്‍ മികവുറ്റതാകുന്നത്. കഴിഞ്ഞ ഒരു വര്‍ഷമായി, വരുന്ന പെരുന്നാള്‍ ദിവസത്തില്‍ മാംസം കൂട്ടി രുചികരമായ ഭക്ഷണം കഴിക്കാമെന്ന് സ്വപ്നം കണ്ടിരിക്കുന്നവരിലേക്ക് നമ്മുടെ ബലി എത്തുമ്പോള്‍ ഒരേസമയം ഒന്നിലേറെ ലക്ഷ്യങ്ങളാണ് അതിലൂടെ പൂര്‍ണമാവുന്നത്. മാംസം എന്നത് ദൈനംദിന മെനുവിലെ സ്ഥിര വിഭവങ്ങളിലൊന്നായ നമ്മുടെ വീടകങ്ങളും, ഒരു വര്‍ഷമായി അടുത്ത ബലിപെരുന്നാളിനെങ്കിലും ആ സ്വാദിഷ്ട വിഭവത്തിന്റെ രുചി ആസ്വദിക്കാമെന്ന് കാത്തിരിക്കുന്നവരും തമ്മിലെന്ത് താരതമ്യം! ഏറ്റവും ചുരുങ്ങിയത്, ബലിപെരുന്നാള്‍ ദിനത്തില്‍ മഹല്ലിലെ മുഴുവന്‍ വീടുകളിലെയും അന്നത്തെ ഭക്ഷണത്തിലേക്ക് വേണ്ട മാംസത്തിനാവശ്യമായ ഉരുക്കളുടെ കണക്കെടുത്ത് ബാക്കിയുള്ളവ ഏറ്റവും അര്‍ഹരിലെത്തിക്കാന്‍ മുസ്‌ലിം കേരളത്തിന് നേതൃത്വം നല്‍കുന്ന സംഘടനകള്‍ മുന്‍കൈയെടുക്കേണ്ടിയിരിക്കുന്നു. കേരളത്തിലെ തന്നെ ചില ഗ്രാമങ്ങളിലും തീരപ്രദേശങ്ങളിലും താമസിക്കുന്ന ദരിദ്ര മുസ്‌ലിം വീടുകളില്‍ ബലി മാംസമെത്താത്ത ഒറ്റപ്പെട്ട അനുഭവങ്ങളുമുണ്ട്. ബലി പെരുന്നാള്‍ ദിനത്തില്‍ ഉദുഹിയ്യത്തിന്റെ ആധിക്യം കാരണം അത് സ്വീകരിക്കാന്‍ പോലും പ്രയാസപ്പെടുന്ന വീടുകളുള്ള മഹല്ലുകളുമുണ്ട്. മുകളില്‍ പറഞ്ഞ പ്രദേശങ്ങളെ ഇത്തരം മഹല്ലുകളുടെ ശ്രദ്ധയിലേക്ക് കൊണ്ടുവന്നാല്‍ അത് രണ്ട് കൂട്ടര്‍ക്കും ഗുണകരമായിരിക്കും.
സാന്ദര്‍ഭികമായി മറ്റൊരു വിഷയം കൂടി പങ്കുവെക്കട്ടെ. ഉത്തരേന്ത്യ എന്നത് ഇന്ന് കേരളത്തില്‍ നിന്ന് വിദൂരമായ സംസ്ഥാനങ്ങളുടെ പേരല്ല. എന്റെയും നിങ്ങളുടെയും വീടുകളിലും അങ്ങാടികളിലും പണിയെടുക്കുന്ന ഒരു കൂട്ടം തൊഴിലാളികളുടെ മേല്‍വിലാസം കൂടിയാണ്. പെരുന്നാള്‍ ദിവസം പണിയില്ലാതെ നമ്മുടെ വീടിനടുത്തുള്ള വാടക റൂമുകളിലും ക്വാര്‍ട്ടേഴ്‌സുകളിലും അവര്‍ ചുരുണ്ടുകൂടി കിടപ്പുണ്ടാകും. അവരില്‍ നല്ലൊരു ശതമാനം മുസ്‌ലിംകളുമാണ്. ആഘോഷങ്ങള്‍ക്കാവട്ടെ മതവും ജാതിയുമില്ല താനും. എന്നല്ല, മുഴുവന്‍ മനുഷ്യര്‍ക്കും സന്തോഷം നല്‍കുമ്പോഴാണ് ഇസ്‌ലാമിന്റെ ആഘോഷം പോലും പൂര്‍ണമാവുന്നത്. അതിനാല്‍ ഇവര്‍ക്ക് കൂടി പെരുന്നാള്‍ ഭക്ഷണമെത്തിക്കാന്‍ സാധിച്ചാല്‍ അതെന്തുമാത്രം സദ്ഫലങ്ങള്‍ ഉണ്ടാക്കും! സഹായവും കാരുണ്യവും അങ്ങു ദൂരെ ഉത്തരേന്ത്യയിലേക്ക് കൊടുത്തയക്കാന്‍ മുന്നിട്ടിറങ്ങുന്നവര്‍ പോലും പക്ഷേ, വീടിനടുത്തുള്ള ഈ ഉത്തരേന്ത്യയെ വേണ്ടത്ര ഗൗനിക്കാറില്ല. നോമ്പുകാലത്ത് പല സംഘടനകളും 'അന്യ' സംസ്ഥാന തൊഴിലാളികള്‍ക്കായി ഇഫ്ത്വാറുകള്‍ സംഘടിപ്പിക്കാനാഹ്വാനം ചെയ്തിരുന്നുവെങ്കിലും പല വിധത്തിലുള്ള അന്യതാ ബോധം കാരണമാകാം ചുരുങ്ങിയ പ്രദേശങ്ങളില്‍ മാത്രമായി അത് ഒതുങ്ങുകയായിരുന്നു. 'ഉത്തരേന്ത്യ' എന്ന, സഹായവും സഹാനുഭൂതിയും തേടുന്ന മുസ്‌ലിം കേരളത്തിന് സുപരിചിതമായ പദം നമുക്കിടയിലെ ഈ തൊഴിലാളികള്‍ക്ക് കൂടി ബാധകമാണെന്ന സാക്ഷരത ആര്‍ജിച്ചാലേ ജാഹിലിയ്യത്തിന്റെ ഈ അന്യതാ ബോധം കുടഞ്ഞു തെറിപ്പിക്കാനാവൂ. വരുന്ന ബലിപെരുന്നാള്‍ ഇത്തരം പുനര്‍വിചാരങ്ങള്‍ക്കും തിരിച്ചറിവുകള്‍ക്കും കൂടി വേദിയൊരുക്കുന്നതായെങ്കിലെന്ന് പ്രത്യാശിക്കുന്നു.
[email protected]
Comments