Prabodhanm Weekly

Pages

Search

2013 സെപ്റ്റംബര്‍ 27

ഹസ്രത്ത് ആഇശയെ പുനര്‍വായിക്കുമ്പോള്‍

രേഷ്മ കൊട്ടക്കാട്ട് / ലേഖനം

ഗോളതലത്തില്‍ മുസ്‌ലിം സ്ത്രീമുന്നേറ്റം അത്ഭുതകരമായ ഒരു യാഥാര്‍ഥ്യമാണ്. കേരളത്തിലെ കാമ്പസുകള്‍ മുതല്‍ അമേരിക്ക, യൂറോപ്പ്, ആഫ്രിക്ക, ഏഷ്യ തുടങ്ങിയ ഭൂഖണ്ഡങ്ങളിലെല്ലാം അതിന്റെ മാതൃകകള്‍ കാണാം. അറബ് വസന്തത്തിലെ ശ്രദ്ധേയമായ കാര്യങ്ങളിലൊന്ന് വര്‍ധിച്ച സ്ത്രീ പങ്കാളിത്തമായിരുന്നു. ലിബിയ, തുനീഷ്യ, ഈജിപ്ത് എന്നിവിടങ്ങളില്‍ സ്ത്രീകള്‍ വിപ്ലവത്തിന്റെ മുന്‍ നിരയില്‍ തന്നെ ഉണ്ടായിരുന്നു. ഇപ്പോള്‍ ജനാധിപത്യം അട്ടിമറിക്കപ്പെട്ടതിനെതിരെ ഈജിപ്തില്‍ നടക്കുന്ന പോരാട്ടത്തിലണിനിരന്ന് രക്തസാക്ഷ്യം വരിച്ചവരിലും ധീരരായ മുസ്‌ലിം സ്ത്രീകളെ കാണാം.
ഇത്തരമൊരു പശ്ചാത്തലത്തില്‍ ജീവിതത്തിന്റെ എല്ലാ ഭാവഭേദങ്ങളിലും അനുകരണീയ മാതൃക കാഴ്ചവെച്ച ഹസ്രത്ത് ആഇശ(റ)യെ പുനര്‍ വായിക്കുന്നതിന് വലിയ പ്രസക്തിയുണ്ട്.
എല്ലാ മനുഷ്യര്‍ക്കും മനസ്സിലാകത്തക്കവിധം ലളിതമാണ് ഖുര്‍ആന്റെ വിവരണ രീതി. എങ്കിലും ആന്തരിക തത്ത്വങ്ങളും സൂചനകളും വ്യക്തമാക്കിത്തരുന്ന മഹാ വ്യക്തികള്‍ എക്കാലത്തും ആവശ്യമാണ്. അവരിലൊരാളായി നമുക്ക് ആഇശയെ കാണാം. നൈസര്‍ഗികമായി ഒട്ടേറെ കഴിവുകളുള്ള വ്യക്തിയായിരുന്നു ഹസ്രത്ത് ആഇശ. മുഹമ്മദ് നബി അവരെക്കുറിച്ച് പറഞ്ഞതില്‍ നിന്നും ആ വ്യക്തിത്വത്തെ മനസ്സിലാക്കാം. ''പുരുഷന്മാരില്‍ പലരും പൂര്‍ണത പ്രാപിച്ചു. സ്ത്രീകളില്‍ ഇംറാന്റെ മകള്‍ മര്‍യമും ഫിര്‍ഔന്റെ ഭാര്യ ആസിയയും മാത്രമേ പൂര്‍ണ പ്രാപിച്ചുള്ളൂ. 'സരീദി'ന്ന് മറ്റു ഭക്ഷ്യ പദാര്‍ഥങ്ങളെക്കാളെന്ന പോലെ ശ്രേഷ്ഠതയുണ്ട് ആഇശക്ക് മറ്റു സ്ത്രീകളെക്കാള്‍.'' ആഇശ തന്റെ ഭാര്യയാകുമെന്ന സ്വപ്നം മുഹമ്മദ് നബിക്കുണ്ടായതും മറ്റു ഭാര്യമാരില്‍ നിന്നും വ്യത്യസ്തമായി ആഇശയുമൊത്തുള്ള സ്വകാര്യ നിമിഷങ്ങളില്‍ പ്രവാചകന് വഹ്‌യ് ലഭിച്ചതും അവരുടെ ശ്രേഷ്ഠതയിലേക്ക് വിരല്‍ ചൂണ്ടുന്നു.
ഇസ്‌ലാമിക വിജ്ഞാനത്തില്‍ അഗാധ പാണ്ഡിത്യം, ഖുര്‍ആന്റെ ആധികാരിക വ്യാഖ്യാതാവ്, ഹദീസ് നിരൂപക, കര്‍മശാസ്ത്ര ഗവേഷക, വൈദ്യത്തിലും സാഹിത്യത്തിലും കവിതയിലുമുള്ള അറിവ്, മികച്ച പ്രസംഗക, എല്ലാറ്റിനുമുപരി രാഷ്ട്രീയ പ്രസ്ഥാന നായിക എന്നീ നിലകളിലത്രയും ആഇശയെ പോലെ ശോഭിച്ച മറ്റൊരു സ്ത്രീയും ഇസ്‌ലാമിക സമൂഹത്തില്‍ ഉണ്ടെന്ന് തോന്നുന്നില്ല.
ആഇശ വരും തലമുറക്ക് മാതൃകയാകണം എന്നത് അല്ലാഹുവിന്റെ തീരുമാനമായിരുന്നു. പ്രവാചകനോട് തര്‍ക്കിക്കുകയും വഴക്കുണ്ടാക്കുകയും ചെയ്യുന്ന ആഇശ എന്ന പെണ്‍കുട്ടിയെ പ്രതിസന്ധി ഘട്ടങ്ങളില്‍ സംരക്ഷിച്ചുകൊണ്ട് രണ്ടു പ്രാവശ്യം ഖുര്‍ആന്‍ ആയത്തുകള്‍ അവതരിക്കുകയുണ്ടായി; അപവാദ പ്രചാരണത്തെ താക്കീത് ചെയ്തുകൊണ്ടും തയമ്മും ചെയ്യാനുള്ള വിധിയായും. പ്രവാചകന്റെ മരണശേഷം അദ്ദേഹത്തിന്റെ ഭാര്യമാരും മക്കളും കൊച്ചു മക്കളുമടക്കം എല്ലാവരും പെട്ടെന്ന് മരണപ്പെട്ടപ്പോള്‍ ആഇശയുടെ ആയുസ് അല്ലാഹു നീട്ടിവെച്ചു. ഏതാണ്ട് നാല്‍പതിലേറെ വര്‍ഷമവര്‍ അറേബ്യന്‍ സമൂഹത്തില്‍ വൈജ്ഞാനിക നേതൃത്വം വഹിച്ചുകൊണ്ട് ജീവിച്ചു.
ഇസ്‌ലാമിക വിജ്ഞാനീയങ്ങളില്‍ അവരുടെ അവഗാഹം പ്രകടമാകുന്ന ധാരാളം സന്ദര്‍ഭങ്ങളുണ്ടായിട്ടുണ്ട്. പദപ്രയോഗങ്ങളുടെയും വാചക ഘടനയുടെയും ഭാഷയുടെയും പിന്‍ബലത്തിലാണ് ഖുര്‍ആനിലും ഹദീസിലും പണ്ഡിതന്മാര്‍ ഗവേഷണ നിരീക്ഷണങ്ങള്‍ നടത്തുന്നത്. എന്നാല്‍, അതിനെല്ലാമൊപ്പം ദൈവിക നിര്‍ദേശങ്ങളുടെ ആന്തരികാര്‍ഥത്തിന് വലിയ പ്രാധാന്യം നല്‍കിക്കൊണ്ടും ഇസ്‌ലാമിക വിധിവിലക്കുകളെ പൂര്‍ണമായി അംഗീകരിച്ചുകൊണ്ടുമായിരുന്നു ആഇശ നിഗമനങ്ങളില്‍ എത്തിച്ചേര്‍ന്നിരുന്നത്. ഉദാഹരണത്തിന് മിഅ്‌റാജ് രാത്രി നബി അല്ലാഹുവിനെ ദര്‍ശിച്ചുവെന്ന വാദത്തെ അവര്‍ ഖണ്ഡിച്ച രീതി നിരീക്ഷിച്ചാല്‍ അത് മനസ്സിലാകും. ''അല്ലാഹുവിനെ ദൃഷ്ടികള്‍ പ്രാപിക്കില്ല, അവന്‍ ദൃഷ്ടികളെ പ്രാപിക്കുന്നു. അവന്‍ സൂക്ഷ്മജ്ഞനും സര്‍വജ്ഞനുമത്രെ'' (അല്‍അന്‍ആം 103). ''വഹ്‌യ് മൂലമോ തിരശ്ശീലക്ക് പിന്നിലൂടെയോ അല്ലാതെ ആര്‍ക്കും അവനോട് സംസാരിക്കാന്‍ കഴിയില്ല'' (42-51). എന്നീ രണ്ട് ഖുര്‍ആന്‍ ആയത്തുകള്‍ ഓതിക്കൊണ്ട്, 'മുഹമ്മദ് നബി തന്റെ സ്രഷ്ടാവിനെ കണ്ണുകള്‍ കൊണ്ട് ദര്‍ശിച്ചു എന്നു വാദിക്കുന്നവര്‍ കളവാണ് പറയുന്നത്' എന്ന് സ്ഥാപിച്ചു. മറുപക്ഷക്കാര്‍ തങ്ങളുടെ വാദത്തിന് തെളിവായി ഉദ്ധരിച്ച ആയത്തുകളെ ആഇശ വിശദീകരിച്ചത് നോക്കുക. ''അവന്‍ രണ്ടാമതും ഇറങ്ങുന്നതായി അദ്ദേഹം കണ്ടു'- ഈ ആയത്തില്‍ പറയുന്ന 'അവന്‍' അല്ലാഹു അല്ല, ജിബ്‌രീല്‍ എന്ന മലക്കാണ് എന്ന് ഖുര്‍ആന്‍ ആയത്തിലൂടെത്തന്നെ ആഇശ സ്ഥാപിച്ചു. ''വമ്പിച്ച ശക്തിയുള്ളവനാണ് അദ്ദേഹത്തെ പഠിപ്പിച്ചിട്ടുള്ളത്. ചക്രവാളത്തിന്റെ ഉന്നത മണ്ഡലങ്ങളിലായിരുന്നു അവന്‍. പിന്നീട് അടുത്തു. കൂടുതല്‍ അടുത്തു. അങ്ങനെ തന്റെ ദാസന് അറിയിച്ചതെല്ലാം അറിയിച്ചു. കണ്ട കാഴ്ച ഹൃദയം നിഷേധിച്ചിട്ടില്ല. അദ്ദേഹം കണ്ടതിനെ പറ്റി നിങ്ങള്‍ തര്‍ക്കിക്കുകയോ? അത്യുന്നത തലത്തിന്റെ അതിര്‍ത്തിയില്‍ വെച്ച് മറ്റൊരു പ്രാവശ്യവും അദ്ദേഹമവനെ കണ്ടിട്ടുണ്ട്'' (നജ്മ് 5-13). മിഅ്‌റാജ് തികച്ചും ആത്മീയമായിരുന്നു എന്നാണ് ആഇശയുടെ അഭിപ്രായം. തെളിവായി ഖുര്‍ആന്‍ ആയത്തും ഓതി. ''നിനക്ക് കാണിച്ച സ്വപ്നം ജനങ്ങള്‍ക്കൊരു പരീക്ഷണമായിട്ടാണ് നടന്നത്'' (17:60). കൂടാതെ പ്രവാചകന്‍ ദര്‍ശിച്ചത് അല്ലാഹുവിന്റെ ദൃഷ്ടാന്തങ്ങള്‍ മാത്രമായിരുന്നു എന്നും അവര്‍ ഖുര്‍ആന്റെ പിന്‍ബലത്തില്‍ വ്യക്തമാക്കി. ''പ്രവാചകന്‍ അല്ലാഹുവിന്റെ മഹത്തായ ദൃഷ്ടാന്തങ്ങള്‍ ദര്‍ശിച്ചു'' (നജ്മ് 18).
വൈജ്ഞാനിക രംഗത്ത് ആഇശ സ്വഹാബിവര്യന്മാരെ കവച്ചുവെച്ചിരുന്നു. സ്വഹാബിമാരില്‍ പ്രമുഖര്‍ പോലും അവരോട് ചോദിച്ച് പഠിക്കുകയുണ്ടായി. ഹലാല്‍, ഹറാം, വിജ്ഞാന കലകള്‍,കവിത, വൈദ്യം എന്നിവയിലും, ഖുര്‍ആന്‍, അനന്തരാവകാശ നിയമങ്ങള്‍, അറബികളുടെ ചരിത്രം തുടങ്ങിയവയിലും ആഇശയെക്കാള്‍ അറിവുള്ളവരാരും അക്കാലത്ത് ഉണ്ടായിരുന്നില്ല. ഇത് ഒരു ഉദാഹരണത്തിലൂടെ വിശദീകരിക്കാം. ഹജ്ജ് കര്‍മങ്ങളിലൊന്നായ സ്വഫാ-മര്‍വാക്കിടയിലുള്ള ഓട്ടത്തെക്കുറിച്ച് ഖുര്‍ആന്‍ പറയുന്നു: ''സ്വഫയും മര്‍വയും അല്ലാഹുവിന്റെ ചിഹ്നങ്ങളില്‍ പെട്ടതാണ്. അതുകൊണ്ട് ഹജ്ജോ ഉംറയോ ചെയ്യാന്‍ ഒരാള്‍ നിയ്യത്ത് ചെയ്താല്‍ അവക്കിടയില്‍ ത്വവാഫ് ചെയ്യുന്നതിന് വിരോധമില്ല'' (2:158). അപ്പോള്‍ സഅ്‌യ് ചെയ്തില്ലെങ്കിലും കുഴപ്പമില്ല എന്ന വാദമുണ്ടായി. ഈ വിഷയവുമായി ആളുകള്‍ ആഇശയുടെ അടുത്തുവന്നു. അതിന് അവര്‍ പരിഹാരം കണ്ട രീതി അവരുടെ അറിവിന്റെ ആഴം വ്യക്തമാക്കുന്നുതാണ്: ''അങ്ങനെയെങ്കില്‍ ത്വവാഫ് ചെയ്തില്ലെങ്കിലും വിരോധമില്ല എന്നായിരുന്നു പറയേണ്ടിയിരുന്നത്, മാത്രമല്ല, ഈ ഖുര്‍ആന്‍ വാക്യം അന്‍സ്വാരികളുടെ കാര്യത്തിലാണ് അവതരിച്ചിട്ടുള്ളത്. അതിന്റെ സാഹചര്യം ഇതായിരുന്നു: ഔസ്-ഖസ്‌റജ് ഗോത്രക്കാര്‍ ഇസ്‌ലാമില്‍ പ്രവേശിക്കുന്നതിന് മുമ്പ് 'മനാത്ത' എന്ന പ്രതിമക്ക് ജയ് വിളിച്ചിരുന്നു. 'മനാത്ത' സ്വഫാ മര്‍വ കുന്നുകള്‍ക്ക് മുകളിലായിരുന്നു സ്ഥാപിക്കപ്പെട്ടത്. അതിനാല്‍ സ്വഫാ മര്‍വാക്കിടയില്‍ ത്വവാഫ് ചെയ്യുന്നത് ഉത്തമമല്ലെന്ന് അന്‍സ്വാരികള്‍ ധരിച്ചു. അതേ പറ്റി അവര്‍ നബിയോട് ചോദിച്ചതിന്റെ മറുപടിയായാണ് പ്രസ്തുത ആയത്ത് അവതരിച്ചത്. മാത്രമല്ല, സ്വഫാ-മര്‍വക്കിടയില്‍ ത്വവാഫ് ചെയ്ത് പ്രവാചകന്‍ മാതൃക കാണിക്കുകയും ചെയ്തിട്ടുണ്ട്. ഇനി ആര്‍ക്കും അത് ഉപേക്ഷിക്കാന്‍ അവകാശമില്ല.'' ഖുര്‍ആന്‍ വ്യാഖ്യാനത്തിലെ ഒരു വലിയ സങ്കീര്‍ണത ഏതാനും വാക്കുകളില്‍ ഹസ്രത്ത് ആഇശ പരിഹരിക്കുന്നത് കണ്ട ആളുകളുടെ പ്രതികരണം ഇതായിരുന്നു; 'പാണ്ഡിത്യം എന്നു പറഞ്ഞാല്‍ ഇതാണ്.'
ഹദീസുകളുടെ ബാഹ്യമായ അര്‍ഥങ്ങളും യുക്തമല്ലാത്ത വ്യാഖ്യാനങ്ങളുമാണ് മുസ്‌ലിം സമുദായത്തിലെ പല പ്രശ്‌നങ്ങള്‍ക്കും കാരണമാകുന്നത്. എന്നാല്‍, ഹദീസ് നിവേദനത്തിലും വ്യാഖ്യാനത്തിലും ആഇശയുടെ സമീപന രീതി വിമര്‍ശനാതീതമാണ്. ആഇശ റിപ്പോര്‍ട്ട് ചെയ്ത ഹദീസുകള്‍ പരിശോധിച്ചാല്‍ മനസ്സിലാകുന്ന പ്രധാനപ്പെട്ട കാര്യം, അവര്‍ യുക്തിസഹമല്ലാത്തതൊന്നും നിവേദനം ചെയ്തിട്ടില്ല എന്നാണ്. മാത്രമല്ല, ഹദീസിന്റെ കാരണവും പശ്ചാത്തലവും വിശദീകരിച്ചുകൊണ്ട് അതിന്മേലുള്ള എല്ലാ സംശയങ്ങള്‍ക്കും അവര്‍ മറുപടി പറയുന്നു. ഹദീസ് നിരൂപണത്തില്‍ ആഇശയുടെ ഒന്നാമത്തെ സിദ്ധാന്തം 'രിവായത്ത്' ദൈവിക വചനത്തിന് എതിരാവരുത് എന്നതാണ്. ഇന്നും മുസ്‌ലിം സമുദായത്തില്‍ പറഞ്ഞുകേള്‍ക്കുന്ന ഒരു ഹദീസിനെ മുന്‍നിര്‍ത്തി അത് വിശദീകരിക്കുന്നതാകും ഉത്തമം. 'മരണപ്പെട്ട ആളുടെ വീട്ടുകാര്‍ അവനു വേണ്ടി കരയുന്നത് മൂലം പരേതാത്മാവ് ശിക്ഷിക്കപ്പെടും' എന്നൊരു ഹദീസ് ഉണ്ട്. ആഇശ അതിനെ ഖണ്ഡിച്ചത് ഖുര്‍ആന്‍ ആയത്തുകൊണ്ടായിരുന്നു. അവര്‍ പറഞ്ഞു: ''പ്രവാചകന്‍ ഒരിക്കലും അങ്ങനെ പറഞ്ഞിട്ടില്ല. മാത്രമല്ല, അതിന്റെ സാഹചര്യം ഇതായിരുന്നു: ഒരു ദിവസം ഒരു ജൂതന്റെ ശവമഞ്ചം വഴിയെ കടന്നുപോയി. അയാളുടെ ബന്ധുക്കള്‍ വാവിട്ടുകരഞ്ഞുകൊണ്ട് പിറകെ പോയി. ആ സമയം പ്രവാചകന്‍ പറഞ്ഞു: 'ഇവര്‍ കരയുന്നു. അവന്‍ ശിക്ഷ അനുഭവിച്ചുകൊണ്ടിരിക്കുകയുമാണ്.' മാത്രമല്ല, ഏതൊരാളും അവന്‍ ചെയ്ത കര്‍മത്തിന്റെ ഫലം മാത്രമേ അനുഭവിക്കൂ. നിങ്ങള്‍ക്ക് ഖുര്‍ആന്‍ മതി. 'ഒരുത്തനും മറ്റൊരുത്തന്റെ ഭാരം ചുമക്കേണ്ടിവരില്ല'' (6:164, 39:7).
ബദ്ര്‍ യുദ്ധത്തില്‍ മരിച്ച കാഫിറുകളുടെ ശ്മശാനത്തില്‍ വെച്ച് പ്രവാചകന്‍ മരിച്ചരോട് സംസാരിച്ചു എന്നു പറയുന്ന ഹദീസിനെയവര്‍ ഖണ്ഡിച്ചത് ഖുര്‍ആന്‍ ആയത്തുകള്‍ കൊണ്ടായിരുന്നു. ''മരിച്ചവരെ നിനക്ക് കേള്‍പ്പിക്കാന്‍ കഴിയില്ല'' (27:80), ''ശവകുടീരത്തിലുളളവരെ കേള്‍പ്പിക്കുന്നവനല്ല നീ'' (35:22). ഇക്കാലത്തും മുസ്‌ലിം സമുദായത്തില്‍ തര്‍ക്ക വിഷയമായിക്കൊണ്ടിരിക്കുന്ന രണ്ടു ഹദീസുകളെ, കാരണവും പശ്ചാത്തലവും വിശദീകരിച്ചുകൊണ്ട ആഇശ വിവരിച്ചത് നാം പഠിക്കേണ്ടതാണ്.
'ജുമുഅ ദിവസം പ്രായപൂര്‍ത്തിയായവര്‍ക്ക് കുളി നിര്‍ബന്ധമാണ്'- ഈ ഹദീസിന് ആഇശയുടെ മറുപടി ഇങ്ങനെ: ''ആളുകള്‍ സ്വന്തമായി അധ്വാനിക്കുന്നവരും പണിയെടുക്കുന്നവരുമായിരുന്നു. അവര്‍ വെള്ളിയാഴ്ച ജുമുഅക്ക് പള്ളിയില്‍ വരും. അവരുടെ ദേഹത്ത് വിയര്‍പ്പും പൊടിയും കൂടി ഒട്ടിപ്പിടിച്ചിരിക്കും. അവരില്‍ നിന്ന് ദുര്‍ഗന്ധം വമിക്കും. അവരിലൊരാളൊരിക്കല്‍ നബിയുടെ അരികെ നിന്നു. അന്നേരം അദ്ദേഹം പറഞ്ഞു: 'ഈ ദിവസമെങ്കിലും ഒന്നു കുളിച്ചാല്‍ എത്ര നന്ന്.' ഇതില്‍ നിന്നും കുളിയുടെ ഉദ്ദേശ്യം വ്യക്തമാണ്.'' 'ബലി മാംസം മൂന്നു ദിവസത്തില്‍ കൂടുതല്‍ വെച്ചിരുന്ന് കഴിക്കാന്‍ പാടില്ല' എന്ന ഹദീസിന് അവര്‍ നല്‍കിയ വിശദീകരണം: ''ബലിമാംസം ഉപ്പു പുരട്ടി ഞങ്ങള്‍ സൂക്ഷിച്ചു വെച്ചിരുന്നു. അതില്‍ നിന്ന് ഒരു ദിവസം പ്രവാചകന് നല്‍കിയപ്പോള്‍ അദ്ദേഹം പറഞ്ഞു: 'മൂന്ന് ദിവസം മാത്രമേ ഇത് തിന്നാവൂ'. എന്നാല്‍ അത് കണിശ നിയമമല്ല. ബലിയറുക്കല്‍ കുറവായിരുന്നു അക്കാലത്ത്. മറ്റുള്ളവര്‍ക്കു കൂടി അത് നല്‍കിക്കൊള്ളണം എന്നാണ് അദ്ദേഹം പറഞ്ഞതിന്റെ ഉദ്ദേശ്യം.''
ഖുര്‍ആനില്‍ നിന്നും ഹദീസില്‍ നിന്നുമുള്ള വ്യക്തമായ വിധികളുടെ അഭാവത്തില്‍, പ്രശ്‌നപരിഹാരത്തിനായി പ്രമാണങ്ങളെ ആധാരമാക്കി അനുമാനം നടത്തി വിധി കണ്ടെത്തുന്ന രീതിയാണത്. ഖലീഫമാര്‍ക്ക് ശേഷം പണ്ഡിതന്മാര്‍ കൂടുതലായി ഇത്തരം ആവശ്യങ്ങള്‍ക്ക് സമീപിച്ചത് ഹസ്രത്ത് ആഇശയെ ആയിരുന്നു. ഒരു ഉദാഹരണമിങ്ങനെ: മയ്യിത്ത് കുളിപ്പിച്ചവന്‍ കുളിക്കണമെന്നും ജനാസ പൊക്കിയവന്‍ വുദൂ എടുക്കണമെന്നും അബൂഹുറയ്‌റ(റ) ഫത്‌വ നല്‍കിയപ്പോള്‍ ആഇശയുടെ പ്രതികരണം ഇങ്ങനെയായിരുന്നു: ''മുസ്‌ലിംകള്‍ മരണപ്പെട്ടാല്‍ അവരുടെ ശരീരം അശുദ്ധമായിത്തീരുമെന്നോ? ഒരു മരകഷ്ണം ചുമക്കുന്നതുകൊണ്ട് എന്തു സംഭവിക്കാനാണ്''
സര്‍വകലാ വല്ലഭനായിരുന്ന അബൂബക്‌റി(റ)ന്റെ പുത്രിയാണ് ആഇശ(റ). അറിവുകളൊക്കെ അവര്‍ക്ക് പാരമ്പര്യമായിത്തന്നെ കിട്ടിയിട്ടുണ്ട്. സാഹിത്യം, ചരിത്രം, കവിത, മുന്‍കാല ആചാരങ്ങള്‍, ഗോത്രബന്ധങ്ങള്‍ തുടങ്ങി എല്ലാറ്റിനെയും കുറിച്ച് ആഇശക്ക് അപാരമായ അറിവുണ്ടായിരുന്നു. ഇസ്‌ലാമിനു മുമ്പുള്ള അറബികളുടെ ആചാരാനുഷ്ഠാനങ്ങളെ സംബന്ധിച്ച വിവരങ്ങള്‍ ഹദീസ് ഗ്രന്ഥങ്ങളില്‍ വന്നത് ആഇശയിലൂടെയാണ്. സാഹിത്യ രസം തുളുമ്പുന്ന ഒരു ശൈലിയുടെ ഉടമയായിരുന്നു ആഇശ. സ്വഹീഹ് ബുഖാരിയിലെ അവരുടെ  ഗുണപാഠ കഥയില്‍ നിന്നും നമുക്കത് മനസ്സിലാക്കാം. ഇസ്‌ലാമിന് മുമ്പ് അറബികളുടെ വിജ്ഞാന പ്രപഞ്ചം ഏതാണ്ടൊക്കെ കവിതയില്‍ പരിമിതമായിരുന്നു. ആഇശയുടെ കവിതകള്‍ ശക്തവും മാധുര്യമുള്ളതുമായിരുന്നു.
തന്റെ ഉദ്ദേശ്യം ചുരുങ്ങിയ വാക്യങ്ങളില്‍ ശ്രോതാക്കളിലെത്തിക്കാനും അവരെ തന്റെ പക്ഷത്താക്കാനും ആഇശയുടെ പ്രസംഗങ്ങള്‍ക്ക് കഴിഞ്ഞിരുന്നു. നാലു ഖലീഫമാരുടെ പ്രസംഗങ്ങളേക്കാള്‍ ഉജ്ജ്വലവും ഗംഭീരവുമായിരുന്നു ആഇശയുടെ പ്രസംഗങ്ങള്‍ എന്ന് പറയപ്പെടുന്നു. ആഇശയെപ്പോലെ വാക്ചാതുരിയും ബുദ്ധികൂര്‍മതയുമുള്ള ആരെയും താന്‍ കണ്ടിട്ടില്ലെന്ന് മുആവിയ പറഞ്ഞിട്ടുണ്ട്. ഭാഷാ ശുദ്ധിയും സാഹിത്യ ശൈലിയും ഉന്നത ഭാവവും ഉയര്‍ന്ന ശബ്ദവും ആഇശയുടെ പ്രസംഗത്തിന്റെ പ്രത്യേകതയായിരുന്നു. ജമല്‍ യുദ്ധ വേളയിലെ ആഇശയുടെ പ്രസംഗം എതിര്‍പക്ഷത്തുണ്ടായിരുന്നവരെ പോലും തന്റെ പക്ഷത്താക്കാന്‍ പോന്നതായിരുന്നു.
നബിയുമൊത്തുള്ള ജീവിതകാലത്തുതന്നെ അവരുടെ ആത്മാഭിമാനവും ധൈര്യവും രാഷ്ട്രീയ നിലപാടും വിളിച്ചോതിയ സന്ദര്‍ഭങ്ങള്‍ ഉണ്ടായിട്ടുണ്ട്. അവര്‍ നബിയോടു തന്നെ സംവാദങ്ങളിലേര്‍പ്പെട്ടിട്ടുണ്ട്. നബി ഒരിക്കലും അവരെ അതില്‍ നിന്ന് തടഞ്ഞിട്ടില്ല. ആഇശയെ പറ്റിയുള്ള അപവാദ പ്രചാരണവും അതിന്റെ പര്യവസാനവും നാം ധാരാളമായി കേട്ടിട്ടുള്ളതാണ്. അപവാദ പ്രചാരണത്തെ നിശിതമായി വിമര്‍ശിച്ചുകൊണ്ട് ആഇശക്ക് അനുകൂലമായി ഖുര്‍ആന്‍ സൂക്തങ്ങള്‍ അവതരിച്ചു. ആ സമയം ആഇശയുടെ മാതാവ് പറഞ്ഞു: ''മകളേ, നീ പോയി ഭര്‍ത്താവിനോട് ക്ഷമ ചോദിക്കൂ.'' ഇതിന് ആഇശ പറഞ്ഞ മറുപടി അവരുടെ വ്യക്തിത്വത്തെയും നിലപാടുകളെയും മനസ്സിലാക്കിത്തരുന്നുണ്ട്: ''ഞാന്‍ അല്ലാഹുവിനോടു മാത്രമേ കടപ്പെട്ടിട്ടുള്ളൂ. അല്ലാഹുവിനോട് മാത്രമേ നന്ദി പ്രകടിപ്പിക്കുകയുള്ളൂ. മറ്റാരോടും എനിക്കൊരു കടപ്പാടുമില്ല.'' ഇത് അവരുടെ ഈമാനിന്റെ പ്രതിഫലനമായിരുന്നു. ആഴത്തിലുള്ള അറിവിന്റെയും വിവേകത്തിന്റെയും പ്രത്യക്ഷ ലക്ഷണമാണ് ധൈര്യം. അത് ആഇശയില്‍ വേണ്ടുവോളമുണ്ടായിരുന്നു. അവരുടെ രാഷ്ട്രീയ നിലപാടിലും അത് പ്രകടമാണ്. ആഇശയുടെ രാഷ്ട്രീയ ജീവിതം ഇഷ്ടപ്പെടാത്തവരുണ്ടാകാം. ചിലര്‍ ആ വിഷയത്തില്‍ ആഇശയെ അധിക്ഷേപിച്ചിട്ടുണ്ട്. ശീഈകളാണ് അതിന്റെ മുന്‍പന്തിയിലുള്ളത്. അലിയുമായി നടന്ന ജമല്‍ യുദ്ധമാണ് അതിന്റെ കാരണം. ശീഈകള്‍ക്ക് അലി(റ) പ്രവാചക തുല്യനും വിമര്‍ശനാതീതനുമാണ്. അങ്ങനെയുള്ളയാളോട് യുദ്ധം ചെയ്തതാണ് ആഇശ അധിക്ഷേപിക്കപ്പെടാനും അവഗണിക്കപ്പെടാനും കാരണമായത്. പകരം അലിയുടെ ഭാര്യയും നബിപുത്രിയുമായ ഫാത്വിമയെ കൂടുതലായി പരിഗണിക്കുകയും ചെയ്തു. ശീഈ സ്വാധീനം പല കാര്യത്തിലും സുന്നി മുസ്‌ലിം സമൂഹത്തിലുണ്ട്. അതുതന്നെയാണ് ആഇശ വേണ്ടവിധം ചര്‍ച്ച ചെയ്യപ്പെടാതിരിക്കാനും പഠനവിഷയമാകാതിരിക്കാനുമുള്ള പ്രധാന കാരണം.

(ഈ കുറിപ്പിന് പ്രധാനമായും അവലംബിച്ചിട്ടുള്ളത് സയ്യിദ് സുലൈമാന്‍ നദ്‌വിയുടെ 'സീറാ ആഇശ'യുടെ മലയാളം പതിപ്പായ 'ഉമ്മുല്‍ മുഅ്മിനീന്‍ ആഇശ'യാണ്. വിവര്‍ത്തനം: എം.പി അബ്ദുര്‍റഹ്മാന്‍ കുരിക്കള്‍. പ്രസാധനം: ഐ.പി.എച്ച്).

Comments

Other Post

ഖുര്‍ആന്‍ ബോധനം

സൂറ-19/ മര്‍യം/24-29
എ.വൈ.ആര്‍