2013 ഏപ്രില്‍ 4 മുതല്‍ 7 വരെ ന്യൂദല്‍ഹിയില്‍ ചേര്‍ന്ന ജമാഅത്തെ ഇസ്ലാമി കേന്ദ്ര പ്രതിനിധി സഭ അംഗീകരിച്ച പ്രമേയങ്ങള്‍ / നിരപരാധികളെ ജയിലിലടക്കുന്നത് അവസാനിപ്പിക്കുക
ഭീകരതയുടെ പേരില്‍ നിരപരാധികളായ മുസ്‌ലിം യുവാക്കളെ അറസ്റ്റ് ചെയ്ത് ജയിലിലടക്കുന്നത് തടയുമെന്നും പോലീസിനെയും രഹസ്യാന്വേഷണ ഉദ്യോഗസ്ഥരെയും കടിഞ്ഞാണിടുമെന്നും കേന്ദ്ര സംസ്ഥാന ഭരണാധികാരികള്‍ ഉറപ്പ് നല്‍കിയതിന് ശേഷവും അറസ്റ്റും പീഡനങ്ങളും ആവര്‍ത്തിക്കുന്നതില്‍ ജമാഅത്തെ ഇസ്ലാമി കേന്ദ്ര പ്രതിനിധിസഭ ദുഃഖവും ആശങ്കയും രേഖപ്പെടുത്തുന്നു. അതേസമയം കോടതികള്‍ നിരവധി യുവാക്കളെ നിരപരാധികളെന്ന് കണ്ട് വെറുതെ വിട്ടത് ശുഭോതര്‍ക്കമാണ്.
ഭീകരതാ കേസുകള്‍ കൈകാര്യം ചെയ്യാന്‍ വേണ്ടി അതിവേഗ കോടതികള്‍ സ്ഥാപിക്കുമെന്ന കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തിന്റെ പ്രസ്താവനയെ മജ്‌ലിസ് സ്വാഗതം ചെയ്യുന്നതോടൊപ്പം, ആ വാഗ്ദാനം യു.പി.എ.യുടെ തെരഞ്ഞെടുപ്പ് മുദ്രാവാക്യം മാത്രമാവരുതെന്ന് ഓര്‍മിപ്പിക്കുന്നു.
യു.പി.എ ഗവണ്‍മെന്റ് വീണ്ടും ഭീകരതയുടെ പേരും പറഞ്ഞ് ഭീകരവിരുദ്ധ കേന്ദ്രം (എന്‍.സി.ടി.സി) സ്ഥാപിക്കാനൊരുങ്ങുകയാണ്. മനുഷ്യാവകാശ സംഘടനകളും നിരവധി സംസ്ഥാന ഗവണ്‍മെന്റുകളും ഇതിനെതിരെ ശക്തമായി പ്രതികരിച്ചിട്ടുണ്ട്. ജമാഅത്തെ ഇസ്ലാമി കേന്ദ്ര പ്രതിനിധിസഭ ഈ നീക്കത്തെ ശക്തിയായി എതിര്‍ക്കുന്നു.
ജമാഅത്തെ ഇസ്ലാമി കേന്ദ്ര പ്രതിനിധിസഭ കേന്ദ്ര-സംസ്ഥാന ഗവണ്‍മെന്റുകളോടാവശ്യപ്പെടുന്നു:
1. ഭീകരതയുടെ പേരില്‍ നിരപരാധികളായ മുസ്‌ലിംകളെ വേട്ടയാടുന്നത് എത്രയും വേഗം അവസാനിപ്പിക്കുക.
2. ഫാസ്റ്റ് ട്രാക്ക് കോടതി എത്രയും പെട്ടെന്ന് സ്ഥാപിക്കുകയും എല്ലാ ഭീകരതാ കേസുകളും അതിലേക്ക് മാറ്റുകയും ചെയ്യുക.
3. വിവിധ സംസ്ഥാനങ്ങളില്‍ ഒരേ വ്യക്തിയുടെ പേരിലുള്ള എല്ലാ കേസുകളും ഒന്നിച്ച് ഒരേ കോടതിയില്‍ പരിഗണിക്കുക.
4. യു.എ.പി.എ നിയമം ഭീകരതാ വിരുദ്ധമെന്നതിനേക്കാള്‍ മാനുഷിക മൂല്യങ്ങളെയും മനുഷ്യാവകാശങ്ങളെയും ചവിട്ടിമെതിക്കുന്നതായാണ് അനുഭവം. അതിനാല്‍ യു.എ.പി.എ എത്രയും പെട്ടെന്ന് റദ്ദാക്കണം.
5. നിരപരാധിത്വം തെളിയിക്കപ്പെട്ട് മോചിതരാവുന്നവര്‍ക്ക് ഉചിതമായ നഷ്ടപരിഹാരത്തുക ഉടനെ വിതരണം ചെയ്യുക. അവരുടെ പുനരധിവാസത്തിന് മുന്തിയ പരിഗണന നല്‍കുക.
6. നിരപരാധികള്‍ക്കെതിരെ മനഃപൂര്‍വം കുറ്റം ചമച്ചുണ്ടാക്കിയ പോലീസ് ഉദ്യോഗസ്ഥര്‍ക്കെതിരെ ഉചിതമായ ശിക്ഷ ഉറപ്പുവരുത്തുക.
7. യു.പി ഗവണ്‍മെന്റ് നിയോഗിച്ച നിമേഷ് കമീഷന്‍ റിപ്പോര്‍ട്ടില്‍ നടപടി സ്വീകരിച്ചുകൊണ്ട് ഖാലിദ് മുജാഹിദിനെയും ത്വാരിഖ് ഖാസിമിനെയും എത്രയും വേഗം വിട്ടയക്കുക.
8. എല്ലാ ഭീകരതാ സംഭവങ്ങളെക്കുറിച്ചും നിഷ്പക്ഷമായി അന്വേഷിക്കാന്‍ ജുഡീഷ്യല്‍ കമീഷനെ നിയമിക്കുക. എല്ലാ ഭീകരാക്രമണ കേസുകളെയും സംബന്ധിച്ച് കേന്ദ്ര-സംസ്ഥാന ഗവണ്‍മെന്റുകള്‍ ധവള പത്രമിറക്കുക.
വര്‍ഗീയ കലാപങ്ങള്‍ തടയല്‍ നിയമം
പാര്‍ലമെന്റിന്റെ സെലക്ട് കമ്മിറ്റിയും യു.പി.എ സെന്‍ട്രല്‍ അഡൈ്വസറി കമ്മിറ്റിയും വര്‍ഷങ്ങള്‍ക്ക് മുമ്പ് അന്തിമ രൂപം നല്‍കിയ ,വര്‍ഗീയ കലാപങ്ങള്‍ തടയല്‍ ബില്ലിന്റെ കരട് ഇന്നേവരെ പാര്‍ലമെന്റിന്റെ പരിഗണനക്ക് വെച്ചിട്ടില്ല എന്നതില്‍ കേന്ദ്ര പ്രതിനിധിസഭ അങ്ങേയറ്റത്തെ ദുഃഖവും ആശങ്കയും രേഖപ്പെടുത്തുന്നു.
പോലീസിന്റെ പക്ഷപാതപരമായ പെരുമാറ്റം ഇല്ലാതാക്കാന്‍ കേന്ദ്ര സര്‍ക്കാര്‍ മുമ്പ് വാഗ്ദാനം ചെയ്ത വര്‍ഗീയ കലാപങ്ങള്‍ ചെറുക്കാനുള്ള പ്രത്യേക പോലീസ് സേന രൂപീകരിക്കണം. അതില്‍ ന്യൂനപക്ഷങ്ങള്‍ക്കും ദുര്‍ബല വിഭാഗങ്ങള്‍ക്കും മതിയായ പ്രാതിനിധ്യം ഉറപ്പുവരുത്തുകയും വേണം.
ദേശീയ ഭക്ഷ്യ സുരക്ഷാ ബില്‍
കേന്ദ്ര ക്യാബിനറ്റ് അംഗീകരിച്ച ഭക്ഷ്യ സുരക്ഷാ നിയമം മികച്ച കാല്‍വെപ്പായി കേന്ദ്ര പ്രതിനിധിസഭ വിലയിരുത്തുന്നു. ഈ ബജറ്റ് സെഷനില്‍ തന്നെ ബില്‍ നിയമമാക്കണമെന്ന് കേന്ദ്ര ഗവണ്‍മെന്റിനോട് മജ്‌ലിസ് ആവശ്യപ്പെടുന്നു. ഒരു ഭാഗത്ത് ഭക്ഷ്യവിളയില്‍ മോശമല്ലാത്ത വര്‍ധനവുണ്ടാവുകയും ഗോഡൗണുകള്‍ മതിയാവാതെ വരികയും ചെയ്യുമ്പോള്‍ തന്നെ, മറുഭാഗത്ത് നിരവധി പട്ടിണി മരണങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യപ്പെടുന്നു. ബില്ലിന്റെ 2011-ന്റെ കരടില്‍ ആവശ്യമായ ഭേദഗതികള്‍ വരുത്തിയതും, മുലയൂട്ടുന്ന അമ്മമാര്‍ക്ക് നല്‍കുന്ന സൗജന്യങ്ങള്‍ ആദ്യത്തെ രണ്ട് പ്രസവങ്ങളില്‍ നിജപ്പെടുത്തിയത് പിന്‍വലിച്ചതും വളരെ നല്ല കാര്യമാണ്. എന്നാല്‍, നിലവിലുള്ള പല വകുപ്പുകളും ജനങ്ങളുടെ പ്രതീക്ഷക്കൊത്ത് ഉയര്‍ന്നിട്ടില്ല. രാജ്യത്തെ മുഴുവന്‍ പൗരന്മാരെയും ഈ ഭക്ഷ്യ സുരക്ഷാ നിയമത്തിന്റെ പരിധിയില്‍ കൊണ്ടുവന്നിട്ടില്ല. മൗലികാവകാശമായ ഭക്ഷണം നല്ലൊരു വിഭാഗത്തിന് ഇപ്പോഴും അപ്രാപ്യമായി തുടരുന്നു. ദാരിദ്ര്യ രേഖ നിര്‍ണയിക്കുന്നേടത്തും ഗവണ്‍മെന്റ് വേണ്ടത്ര അവധാനത പുലര്‍ത്തിയിട്ടില്ല. പുതിയ നിയമത്തിലും രാജ്യത്തെ കുടുംബങ്ങളെ ഉയര്‍ന്നവരെന്നും സാധാരണക്കാരെന്നും വേര്‍തിരിച്ചിരിക്കുന്നു.
നിരാലംബര്‍, ശാരീരികവും മാനസികവുമായി ദുര്‍ബലര്‍, അനാഥര്‍, വീടില്ലാത്തവര്‍ തുടങ്ങിയവരെ ഈ ബില്ലിന്റെ പരിധിയില്‍ ഉള്‍പ്പെടുത്തിയിട്ടില്ല എന്നതാണ് മറ്റൊരു ന്യൂനത. അവര്‍ക്ക് വേണ്ടി കമ്യൂണിറ്റി കിച്ചണ്‍ പദ്ധതി നടപ്പാക്കണമെന്ന ആവശ്യം ഗവണ്‍മെന്റ് അംഗീകരിച്ചിട്ടില്ല.
സംസ്ഥാന ഗവണ്‍മെന്റുകള്‍ക്ക് നിയമം ഘട്ടം ഘട്ടമായി നടപ്പാക്കാന്‍ അനുമതി നല്‍കിയിരിക്കുകയാണ്. ഭക്ഷ്യ സുരക്ഷ ഉറപ്പുവരുത്താന്‍ ഒരു ഡെഡ് ലൈന്‍ നിര്‍ദേശിക്കപ്പെടാത്തതിന്റെ ദൂരവ്യാപകമായ ഫലം, നിയമം ബ്യൂറോക്രസിയുടെ ചുവപ്പുനാടയില്‍ കുരുങ്ങിക്കിടക്കുമെന്നതാണ്. നടപ്പിലാക്കാനുള്ള നിര്‍ദേശത്തോടൊപ്പം ഡെഡ് ലൈന്‍ നല്‍കാന്‍ കേന്ദ്ര സര്‍ക്കാര്‍ തയാറാവണം. ഇത് എല്ലാ സംസ്ഥാനങ്ങളിലും നടപ്പിലായി എന്ന് ഉറുപ്പുവരുത്തണം.
ഭക്ഷണം, വസ്ത്രം, പാര്‍പ്പിടം, ചികിത്സ, വിദ്യാഭ്യാസം എന്നിവ പൗരന്റെ സമഗ്രമായ ജീവിത വിഭവാവകാശത്തില്‍ ഉള്‍പ്പെടുത്തി ഭരണഘടനാപരമായ അവകാശമായി പ്രഖ്യാപിക്കേണ്ട സമയം അതിക്രമിച്ചിരിക്കുന്നുവെന്ന് കേന്ദ്ര പ്രതിനിധിസഭ മനസ്സിലാക്കുന്നു.
ബംഗ്ലാദേശിലെ സ്ഥിതിഗതികള്‍
അയല്‍രാജ്യമായ ബംഗ്ലാദേശില്‍ അടിസ്ഥാനാവശ്യങ്ങള്‍ക്ക് വേണ്ടിയുള്ള ജനങ്ങളുടെ മുറവിളി ചില തല്‍പരകക്ഷികള്‍ ബംഗ്ലാദേശ് ജമാഅത്തെ ഇസ്‌ലാമിക്കെതിരെ തിരിച്ചുവിട്ടിരിക്കുകയാണ്. അതിനായി വാര്‍ ക്രൈം ട്രൈബ്യൂണല്‍ രൂപീകരിച്ച് 1971-ലെ യുദ്ധകുറ്റം ചുമത്തി ജമാഅത്തെ ഇസ്‌ലാമി നേതാക്കളെ വേട്ടയാടുന്നു. അടിസ്ഥാനരഹിതമായ കുറ്റമാരോപിച്ച് വിചാരണ കൂടാതെ തന്നെ ഏകപക്ഷീയമായി വിധി പ്രസ്താവിക്കുന്നു. ജമാഅത്തെ ഇസ്‌ലാമി പ്രതിനിധിസഭ അതില്‍ കടുത്ത ആശങ്ക രേഖപ്പെടുത്തുന്നതോടൊപ്പം അതിനെ ശക്തമായി അപലപിക്കുന്നു.
ജമാഅത്തിനെതിരെയെന്ന വ്യാജ്യേന ഹസീന ഗവണ്‍മെന്റ് ഇസ്‌ലാമിക മൂല്യങ്ങളെയാണ് എതിര്‍ക്കുന്നത്. ശൈഖ് ഹസീനയും അവരുടെ ഗവണ്‍മെന്റും ഇസ്‌ലാംവിരുദ്ധരുടെ ഉപകരണമാവരുതെന്ന് ഈ സഭ ആവശ്യപ്പെടുന്നു. ജമാഅത്ത് നേതാക്കളെയും പ്രവര്‍ത്തകരെയും എത്രയും പെട്ടെന്ന് ജയില്‍മോചിതരാക്കാനും വാര്‍ ക്രൈംസ് ട്രൈബ്യൂണല്‍ പിരിച്ചുവിടാനും ബംഗ്ലാദേശ് ഗവണ്‍മെന്റിനോട് ആവശ്യപ്പെടുന്നു. അതോടൊപ്പം അന്താരാഷ്ട്ര സമിതികളോടും ചേരി ചേരാ പ്രസ്ഥാനത്തോടും സാര്‍ക്ക്, ഒ.ഐ.സി എന്നിവയോടും ബംഗ്ലാദേശ് ഗവണ്‍മെന്റിനെ ഈ അതിക്രമത്തില്‍നിന്ന് പിന്തിരിപ്പിക്കാന്‍ വേണ്ടത് ചെയ്യണമെന്ന് ജമാഅത്തെ ഇസ്‌ലാമി പ്രതിനിധിസഭ ആവശ്യപ്പെടുന്നു.
മ്യാന്മറിലെ അതിക്രമങ്ങള്‍ക്കിരയാവുന്ന
റോഹിങ്ക്യാ മുസ്‌ലിംകള്‍
മ്യാന്മറില്‍ റോഹിങ്ക്യാ മുസ്‌ലിംകള്‍ക്ക് നേരെയുള്ള കടുത്ത ആക്രമണങ്ങള്‍ ഇപ്പോഴും തുടരുകയാണ്. ഗവണ്‍മെന്റ് വെറും കാഴ്ചക്കാരായി നില്‍ക്കുകയാണ് അവിടെ. മധ്യ മ്യാന്മറിലും പടിഞ്ഞാറന്‍ സംസ്ഥാനമായ റഖീനയിലും പോലീസ് കലാപകാരികളെ സഹായിച്ചുകൊണ്ടിരിക്കുന്നതായും വാര്‍ത്തകളുണ്ട്. ഈ സ്ഥിതിവിശേഷത്തിന് ഉത്തരവാദി മ്യാന്മര്‍ ഗവണ്‍മെന്റാണെന്ന് യു.എന്‍ മനുഷ്യാവകാശ സമിതി പറയുന്നു. സ്ഥിതിഗതികള്‍ നിയന്ത്രിക്കണമെന്ന യു.എന്‍ താക്കീത് പോലും അവര്‍ ചെവികൊണ്ടിട്ടില്ല. ലോക വന്‍ശക്തികള്‍, മ്യാന്മറിലെ മുസ്‌ലിം ന്യൂനപക്ഷത്തിന് നേരെ നടക്കുന്ന അതിക്രമങ്ങള്‍ കണ്ടില്ലെന്ന് നടിക്കുകയാണ്.
ജമാഅത്തെ ഇസ്‌ലാമി പ്രതിനിധിസഭ ഈ സംഭവവികാസങ്ങളെ അങ്ങേയറ്റം ആശങ്കകളോടെയാണ് കാണുന്നത്. നീതിബോധമുള്ള രാഷ്ട്രങ്ങളോടും ശാന്തിക്കും സമാധാനത്തിനും നിലകൊള്ളുന്ന അന്താരാഷ്ട്ര വേദികളോടും, പ്രത്യേകിച്ച് ഇന്ത്യാ ഗവണ്‍മെന്റിനോടും ജമാഅത്തെ ഇസ്‌ലാമി പ്രതിനിധിസഭക്ക് അഭ്യര്‍ഥിക്കാനുള്ളത്, അവര്‍ നയതന്ത്ര തലത്തില്‍ ഇടപെട്ടുകൊണ്ട് ഈ നരഹത്യ അവസാനിപ്പിക്കാന്‍ മ്യാന്മര്‍ ഗവണ്‍മെന്റിനോട് ആവശ്യപ്പെടണമെന്നാണ്. അങ്ങനെ സമാധാനം പുനഃസ്ഥാപിക്കുകയും ഇന്ത്യയടക്കമുള്ള അയല്‍ നാടുകളില്‍ അഭയാര്‍ഥികളായ മ്യാന്മറിലെ മുസ്‌ലിംകള്‍ക്ക് തിരിച്ചുപോകാന്‍ അവസരം ഉണ്ടാക്കുകയും വേണം.
ഇന്ത്യയില്‍ അഭയാര്‍ഥികളായ റോഹിങ്ക്യാ മുസ്‌ലിംകള്‍ക്കും മറ്റു മര്‍ദിതരായ ജനവിഭാഗങ്ങള്‍ക്കും സൗകര്യപ്രദമായ ജീവിത സാഹചര്യം ഒരുക്കണമെന്ന് കൂടി ഇന്ത്യാ ഗവണ്‍മെന്റിനോട് ഈ യോഗം ആവശ്യപ്പെടുന്നു. അവര്‍ക്ക് ജീവിതസാഹചര്യങ്ങളൊരുക്കാനും അവരെ അന്താരാഷ്ട്ര തലത്തില്‍ അഭയാര്‍ഥികളായി പ്രഖ്യാപിക്കാനും തയാറാവണമെന്ന് യു.എന്‍ അഭയാര്‍ഥി കമീഷനോടും അഭ്യര്‍ഥിക്കുന്നു.
അനുശോചന പ്രമേയങ്ങള്‍
കേന്ദ്രപ്രതിനിധിസഭയുടെ കഴിഞ്ഞയോഗത്തിനു ശേഷം ഇഹലോകവാസം വെടിഞ്ഞ ജമാഅത്തെ ഇസ്‌ലാമി നേതാക്കളെയും പ്രവര്‍ത്തകരെയും യോഗം അനുസ്മരിച്ചു. മൗലാനാ മുഹമ്മദ് ശഫീഅ് മൂനിസ്, ഡോ. ഫസ്‌ലുര്‍റഹ്മാന്‍ ഫരീദി, ഡോ. അബ്ദുല്‍ ഹഖ് അന്‍സാരി, സയ്യിദ് ഗുലാം അക്ബര്‍ തുടങ്ങിയവര്‍ അന്ത്യശ്വാസം വരെ ഇസ്‌ലാമിനും പ്രസ്ഥാനത്തിനും വേണ്ടി ഏറെ പണിപ്പെട്ടവരാണ്. അവരുടെ വിയോഗം പ്രസ്ഥാനത്തിന് മാത്രമല്ല, രാജ്യത്തിനും സമുദായത്തിനും നികത്താനാവാത്തതാണ്. പ്രവര്‍ത്തന നൈരന്തര്യത്തിലും അര്‍പ്പണത്തിലും ത്യാഗത്തിലും ഒളിമങ്ങാത്ത മാതൃകയാണവര്‍. അവരുടെ പ്രവര്‍ത്തനങ്ങള്‍ സ്വീകരിക്കാനും സ്വര്‍ഗത്തില്‍ മഹത്തായ സ്ഥാനം നല്‍കി അനുഗ്രഹിക്കാനും സര്‍വശക്തനോട് പ്രാര്‍ഥിക്കുന്നതോടൊപ്പം, അവര്‍ക്ക് ഉചിതമായ ബദല്‍ പ്രസ്ഥാനത്തിനും മുസ്‌ലിം ഉമ്മത്തിനും ഉണ്ടാവട്ടെയെന്നും പ്രത്യാശിക്കുന്നു.
വിവ: അബ്ദുര്‍റഹ്മാന്‍ കൊടിയത്തൂര്‍
Comments