Prabodhanm Weekly

Pages

Search

2013 മെയ്‌ 3

ഗസ്സ പ്രതിരോധത്തിന്റെ പാഠശാല-10 / അഞ്ചു ക്യാമറകള്‍

സി. ദാവൂദ് / യാത്ര

ലസ്ത്വീനിലെ വെസ്റ്റ് ബാങ്കിന്റെ ആസ്ഥാന നഗരമായ റാമല്ലയില്‍ നിന്ന് 12 കിലോമീറ്റര്‍ മാറി, മനോഹരമായ ഒരു കുന്നിന്‍ ചെരുവിലെ കൊച്ചു ഗ്രാമമാണ് ബില്‍ഐന്‍. ജനസംഖ്യ വെറും 1800. ജനങ്ങളില്‍ മഹാഭൂരിപക്ഷവും കര്‍ഷകര്‍. ഗ്രാമത്തിലെ ഒരു സാധാരണ കര്‍ഷകനാണ് ഇമാദ് ബര്‍നാത്വ്. 2005ല്‍, അദ്ദേഹത്തിന് നാലാമത്തെ ആണ്‍കുഞ്ഞ് പിറന്നു. അവന് ജിബ്‌രീല്‍ എന്നു പേരിട്ടു. ജിബ്‌രീലിന്റെ കരച്ചിലും പിടച്ചിലും പുഞ്ചിരികളും ഒപ്പിയെടുത്ത് സൂക്ഷിക്കാനുള്ള ആഗ്രഹത്താല്‍ ഇമാദ് ഒരു ചെറിയ വീഡിയോ ക്യാമറ വാങ്ങി. കുഞ്ഞു ജിബ്‌രീലിന്റെ മിഴിയനക്കങ്ങളെപ്പോലും ഇമാദ് ക്യാമറയില്‍ ഒപ്പിയെടുത്തു. ജിബ്‌രീല്‍ പയ്യെപ്പയ്യെ വളരുന്നതു കണ്ടുനില്‍ക്കെയാണ് ഇമാദിന്റെയും മുഴുവന്‍ ഗ്രാമവാസികളുടെയും ജീവിതങ്ങള്‍ക്കുമേല്‍ ഇരുട്ടു പരത്തിക്കൊണ്ട് ഇസ്രയേലിന്റെ വിഭജന മതിലിന്റെ നിര്‍മാണം ആരംഭിക്കുന്നത്. ഫലസ്ത്വീന്‍കാരില്‍ നിന്ന് ഇസ്രയേലികളെ രക്ഷിക്കാനെന്ന പേരില്‍ വെസ്റ്റ്ബാങ്കിലെ ഗ്രാമങ്ങളെയും ജനപഥങ്ങളെയും കീറിമുറിച്ചു വേര്‍തിരിച്ചുകൊണ്ട് ഇസ്രയേല്‍ പണിത മതിലാണ് വിഭജന മതില്‍. ഇതുവരെയും തൊട്ടപ്പുറത്തുണ്ടായിരുന്ന അയല്‍വാസിയുടെ വീട്ടില്‍ പോകാന്‍ ദിവസം മുഴുവന്‍ യാത്രചെയ്യേണ്ട വിധം അവരുടെ ജീവിത ഭൂപടത്തെ മുഴുവന്‍ അട്ടിമറിച്ചു കൊണ്ടാണ് ആ കോണ്‍ക്രീറ്റ് മതില്‍ ഉയര്‍ന്നുവന്നത്. ബില്‍ഐന്‍ ഗ്രാമത്തിലെ കൃഷിഭൂമിയുടെ 60 ശതമാനവും അവരില്‍ നിന്ന് വേര്‍തിരിച്ച് മാറ്റിനിര്‍ത്തിക്കൊണ്ടാണ് വിഭജനമതില്‍ ആ ഗ്രാമത്തിലൂടെ കടന്നു പോകുന്നത്. മതിലിന്റെ നിര്‍മാണം തുടങ്ങുമ്പോള്‍ തന്നെ ഗ്രാമവാസികള്‍ അതിനെതിരെ സമരവും തുടങ്ങി. സമരം എന്നുപറഞ്ഞാല്‍, സ്ത്രീകളും കുഞ്ഞുങ്ങളും വൃദ്ധരുമെല്ലാമടങ്ങുന്ന ഗ്രാമവാസികളുടെ പ്രകടനങ്ങള്‍. തകരപ്പാത്രങ്ങളില്‍ മുട്ടിയും തകിടുകളില്‍ അടിച്ചും കൈകൊട്ടിയും ശബ്ദമുണ്ടാക്കിക്കൊണ്ട്, 'ലാ, ലാ, ലാ ലില്‍ ജിദാര്‍' (No, No, No to Wall) എന്ന മുദ്രാവാക്യം മുഴക്കി അവര്‍ മതില്‍ പണി നടക്കുന്നിടത്തേക്ക് പോവും. എല്ലാ അര്‍ഥത്തിലും നിരായുധരായ ആ ചെറിയ ജനക്കൂട്ടത്തെ നേരിടാന്‍ എണ്ണത്തില്‍ അവരോളമെത്തുന്ന സര്‍വായുധ വിഭൂഷിതരായ ഇസ്രയേലി സൈനികരുണ്ടാവും. അവര്‍ ടിയര്‍ഗ്യാസ് പൊട്ടിച്ചും വെടിവെച്ചും ആ ചെറുസംഘത്തെ പിരിച്ചുവിടും. എന്നിട്ടും പിരിഞ്ഞുപോവാത്തവരെ കവചിത വാഹനങ്ങളില്‍ കയറ്റി ഇസ്രയേലി ജയിലുകളിലേക്ക് കൊണ്ടുപോവും.
ഇമാദിന്റെ ക്യാമറ ജിബ്‌രീലില്‍ നിന്ന് ഈ സമരങ്ങളിലേക്ക് കണ്ണുതുറന്നു. സമരത്തിന്റെ പല വൈകാരിക നിമിഷങ്ങളും ഒപ്പിയെടുത്ത ഇമാദ് അവയില്‍ ചിലത് യൂട്യൂബില്‍ പോസ്റ്റ് ചെയ്തു തുടങ്ങി. ബില്‍ഐനും അവിടുത്തെ ജനങ്ങളുടെ അഹിംസാ സമരവും അങ്ങിനെ പുറം ലോകം അറിഞ്ഞു തുടങ്ങി. ലോകത്തെങ്ങുമുള്ള ആക്റ്റിവിസ്റ്റുകളുടെ ശ്രദ്ധ ആ ഗ്രാമത്തിലേക്ക് തിരിഞ്ഞു. പ്രശസ്ത ഐറിഷ് പത്രപ്രവര്‍ത്തകനായ ഡേവിഡ് ലിന്‍ച് എഴുതിയ A Divided Paradise: An Irishman in the Holy Land എന്ന പുസ്തകത്തില്‍ ബില്‍ഐനിലെ സമരം സ്ഥാനം പിടിച്ചു. ജിമ്മി കാര്‍ട്ടര്‍, റിച്ചാര്‍ഡ് ബ്രാണ്‍സണ്‍ തുടങ്ങിയവര്‍ ആ ഗ്രാമത്തിലെത്തി, അവരോടൊപ്പം പ്രകടനങ്ങളില്‍ പങ്കാളികളായി. ഗുഷ് ശാലോം, അനാര്‍കിസ്റ്റ് എഗെന്‍സ്റ്റ് ദ വാള്‍, ഇന്റര്‍നാഷ്‌നല്‍ സോളിഡാരിറ്റി മൂവ്‌മെന്റ് തുടങ്ങിയ സംഘടനകള്‍ ബില്‍ഐന്‍ ഗ്രാമവാസികള്‍ക്ക് പിന്തുണയുമായെത്തി. ഇമാദിന്റെ വീഡിയോ ഫൂട്ടേജുകളാണ് അവരെയെല്ലാം ആ ഗ്രാമത്തിലേക്ക് തിരിച്ചത്. ഇടക്ക്, ഇമാദിന്റെ ചില ചിത്രങ്ങള്‍ റോയിട്ടേഴ്‌സ് പ്രസിദ്ധീകരിക്കുകയും ചെയ്തു.
ജിബ്‌രീല്‍ വളരുന്ന മുറക്ക് ഗ്രാമത്തിലെ സമരവും മുന്നോട്ട് പോയിക്കൊണ്ടിരുന്നു. ഇമാദിന്റെ ക്യാമറ സമരത്തോടൊപ്പമുള്ള ജിബ്‌രീലിന്റെ വളര്‍ച്ച ഒപ്പിയെടുത്തു കൊണ്ടിരുന്നു. കര്‍ഷകനായ ഇമാദ് ഒരു ക്യാമറാമാന്‍ ആയി അറിയപ്പെട്ടു തുടങ്ങി. അതിനിടെ, ഇമാദിന്റെ ക്യാമറ ഇസ്രയേലി സൈനികരുടെ വെടിയേറ്റ് തകര്‍ന്നുപോയി. ഇമാദ് പുതിയൊരു ക്യാമറ സംഘടിപ്പിച്ചു. അവന്‍ പിന്നെയും ദൃശ്യങ്ങള്‍ പകര്‍ത്തിക്കൊണ്ടേയിരുന്നു. 2009വരെ ആ ഗ്രാമത്തില്‍ നടന്ന സമരങ്ങള്‍ ഇമാദിന്റെ ക്യാമറയില്‍ പതിഞ്ഞു. പക്ഷേ, ഓരോ വര്‍ഷവും അദ്ദേഹത്തിന് ഒരു ക്യാമറ വീതം നഷ്ടപ്പെട്ടിരുന്നു. 2009 ആവുമ്പോഴേക്ക് ഇമാദിന്റെ അഞ്ച് ക്യാമറകളാണ് ഇസ്രയേല്‍ സൈനികര്‍ തകര്‍ത്തു കളഞ്ഞത്. ആ നാല് വര്‍ഷങ്ങള്‍ക്കിടയില്‍ തന്റെ ആത്മസുഹൃത്തുക്കളായ ഫീല്‍ ഇസ്രയേല്‍ സൈനികരുടെ വെടിയേറ്റ് രക്തസാക്ഷിയാവുന്നതും അദീബിനെ സൈനികര്‍ പിടിച്ചു കൊണ്ടുപോവുന്നതും ഉള്ളംപിടയുന്ന വേദനയോടെ അവന്‍ കണ്ടു. കണ്ടു നില്‍ക്കാനും അത് ക്യാമറയില്‍ പകര്‍ത്താനും മാത്രമേ ഇമാദിന് കഴിഞ്ഞുളളൂ.
ഗുയ് ഡേവിഡി ഒരു ഇസ്രയേലി സമാധാന പ്രവര്‍ത്തകനും ഡോക്യുമെന്ററി സംവിധായകനുമാണ്. ഗുഷ് ശാലോമിന്റെ ഫലസ്ത്വീന്‍ ഐക്യദാര്‍ഢ്യ പരിപാടികളുടെ ഭാഗമായി ഡേവിഡി പല തവണ ബില്‍ഐനില്‍ വന്നിട്ടുണ്ട്. വെള്ളിയാഴ്ചകളില്‍ നടക്കുന്ന പ്രതിഷേധ പ്രകടനങ്ങളില്‍ പങ്കെടുത്ത് വൈകുന്നേരം തിരിച്ചുപോവുന്ന പതിവാണ് പൊതുവെ ഇസ്രയേലി ആക്റ്റിവിസ്റ്റുകള്‍ക്കുള്ളത്. എന്നാല്‍, ഡേവിഡി പല ദിവസങ്ങളിലും ബില്‍ഐനില്‍ ഗ്രാമവാസികളോടൊപ്പം താമസിച്ചു. ഇമാദും ഡേവിഡിയും അതിനിടയില്‍ ഉറ്റ സുഹൃത്തുക്കളായി മാറി.
2009ല്‍, തന്റെ അഞ്ചാമത്തെ ക്യാമറയും ഇസ്രയേലി സൈനികര്‍ തകര്‍ത്തപ്പോഴാണ്, താന്‍ ഇത്രയും കാലം ശേഖരിച്ചുവെച്ച ദൃശ്യങ്ങളെല്ലാം സമാഹരിച്ചാലോ എന്ന ആലോചന ഇമാദിന് വരുന്നത്. ഡോക്യുമെന്ററിയുടെയോ സിനിമയുടേയോ സങ്കേതങ്ങളൊന്നും തന്നെ നാടന്‍ കര്‍ഷകനായ ഇമാദിന് അറിയുമായിരുന്നില്ല. ഇമാദ് തന്റെ ആഗ്രഹം ഡേവിഡിയുമായി പങ്കുവെച്ചു. അങ്ങനെ, അദ്ദേഹത്തിന്റെ സഹായത്താലും സഹകരണത്താലും തയാറാക്കിയ ഡോക്യുമെന്ററി സിനിമയാണ് 'തകര്‍ക്കപ്പെട്ട അഞ്ചു ക്യാമറകള്‍' (Five Broken Cameras). തന്റെ അഞ്ചുക്യാമറകളിലൂടെ താന്‍ പകര്‍ത്തിയ ബില്‍ഐനിന്റെ ദൃശ്യങ്ങള്‍ സമാഹരിച്ചതാണ് ഈ സിനിമ. തകര്‍ക്കപ്പെട്ട ഈ അഞ്ചു ക്യാമറകള്‍ പകര്‍ത്തിവെച്ച ദൃശ്യങ്ങളും 2005 മുതല്‍ 2009 വരെയുള്ള ഒരു ക്യാമറാമാന്‍ എന്ന നിലയിലുള്ള തന്റെ ജീവിതം ഡേവിഡിയുടെ ആറാം ക്യാമറയോട് ഇമാദ് വിശദീകരിക്കുന്ന രംഗങ്ങളും ചേര്‍ന്നതാണ് സിനിമ. കുഞ്ഞു ജിബ്‌രീലിന്റെ വളര്‍ച്ചയോടൊപ്പം ഒരു കൊച്ചു ഫലസ്തീനി ഗ്രാമത്തിന്റെ കഥ പറയുന്നു, 'അഞ്ച് ക്യാമറകള്‍'. 2009-ലാണ് ഇമാദും ഡേവിഡിയും ഈ പദ്ധതിയുമായി ഇറങ്ങുന്നതെങ്കിലും ഫിലിം പുറത്തിറങ്ങുന്നത് 2011 നവംബറില്‍ മാത്രമാണ്.
ഒരു ഫലസ്ത്വീനി ഗ്രാമത്തിന്റെ വളച്ചു കെട്ടില്ലാത്ത ജീവിതമാണ് 'അഞ്ചു ക്യാമറകള്‍'. അങ്ങനെയൊരു സിനിമ പ്രദര്‍ശിപ്പിക്കാനുള്ള സാഹചര്യം പക്ഷേ, ഇസ്രയേലിലില്ല. എന്നാല്‍, സിനിമയില്‍ ആകൃഷ്ടരായ സമാധാന പ്രവര്‍ത്തകര്‍ പല അന്താരാഷ്ട്ര വേദികളിലും അത് പ്രദര്‍ശിപ്പിച്ചു. സാര്‍വദേശീയ തലത്തില്‍ വന്‍ സ്വീകാര്യതയാണ് 'അഞ്ചു ക്യാമറകള്‍' നേടിയെടുത്തത്. അധിനിവേശത്തിന്റെ ആസുരതകള്‍ പൂവിതള്‍ പോലുള്ള ഒരു കൊച്ചു സുന്ദര ഗ്രാമത്തിന് മേല്‍ വരുത്തുന്ന മുറിവുകളുടെയും ആഘാതങ്ങളുടെയും നേര്‍ ചിത്രീകരണമാണത്. ഇമാദ് പറയുന്നത് പോലെ, ഒരു മുറിവ് ഉണങ്ങുന്നതിന് മുമ്പ് മറ്റൊരു മുറിവ് അതിനെ വന്നു മൂടുന്നുവെന്നതാണ് ഫലസ്ത്വീനിയുടെ ജീവിതം. അതിനാല്‍ ഒരു മുറിവും നമുക്ക് മുറിവായി അനുഭവിക്കാന്‍ കഴിയുന്നില്ല. അല്ലെങ്കില്‍ നാം എന്നും മുറിവില്‍ തന്നെയാണ്. 2011-ല്‍ ആംസ്റ്റര്‍ഡാമില്‍ നടന്ന ഇന്റര്‍നാഷനല്‍ ഡോക്യുമെന്ററി ഫിലിം ഫെസ്റ്റിവലില്‍ പ്രത്യേക ജൂറി അവാര്‍ഡ് നേടിയെടുത്തു 'അഞ്ച് ക്യാമറകള്‍'. 2012ലെ സുഡാനീസ് ഫിലിം ഫെസ്റ്റിവലില്‍ മികച്ച ലോക ഡോക്യുമെന്ററിയായും അത് തെരഞ്ഞെടുക്കപ്പെട്ടു.
യാത്രാ വിവരണത്തിനിടെ പൊടുന്നനെ സിനിമാക്കഥ വന്നു കയറിയതില്‍ വാനയക്കാരന്‍ അമ്പരക്കുന്നുണ്ടാവും. ഫലസ്ത്വീനി സാംസ്‌കാരിക രംഗത്തെക്കുറിച്ചായിരുന്നു നാം രണ്ടു ലക്കങ്ങളിലായി പറഞ്ഞു വന്നത്. ചോരയുടെ പേമാരിക്കിടയിലും പടമെടുക്കാനും ചിത്രം വരക്കാനും പാട്ടുപാടാനും സിനിമയെടുക്കാനുമുള്ള ഫലസ്തീനിയുടെ സര്‍ഗാത്മകതയെ അഭിവാദ്യം ചെയ്യാനാണ് 'അഞ്ചു ക്യാമറക'ളെ ഇവിടെ പരിചയപ്പെടുത്തിയത്. ബോംബുകള്‍ വന്നുവീഴുമ്പോള്‍, രക്ഷാ പ്രവര്‍ത്തകരെപ്പോലെത്തന്നെ, ഒരു ഉത്തരവാദിത്തം എന്ന നിലയില്‍ ക്യാമറയുമായി അവിടേക്ക് കുതിച്ചെത്തി ദൃശ്യങ്ങള്‍ ഒപ്പിയെടുക്കുന്ന ചെറുപ്പക്കാര്‍ ഫലസ്ത്വീനിലെങ്ങുമുണ്ട്. അവരുടെ ഒരു നേര്‍ പ്രതിനിധിയാണ് തൊഴില്‍ വശാല്‍ കര്‍ഷകനായ ഇമാദ്. അഞ്ചു ക്യാമറകള്‍ ഈ പരമ്പരയില്‍ വന്നു കയറാന്‍ മറ്റൊരു കാരണവുമുണ്ട്. 2012ലെ മികച്ച ഫീച്ചര്‍ ഡോക്യുമെന്ററിക്കായുള്ള ഓസ്‌കാര്‍ അവാര്‍ഡ് പട്ടികയിലേക്ക് 'അഞ്ചു ക്യാമറകള്‍' തെരഞ്ഞെടുക്കപ്പെടുകയുണ്ടായി. ഞങ്ങള്‍ ഗസ്സയിലെത്തുന്നതിന്റെ രണ്ടു ദിവസം മുമ്പാണ് നോമിനേഷന്‍ വാര്‍ത്ത പുറത്തു വരുന്നത്. ഫലസ്ത്വീനി സാംസ്‌കാരിക രംഗത്തെ ആവേശ ഭരിതമാക്കിയ വാര്‍ത്തയായിരുന്നു അത്. ഫലസ്ത്വീനി പത്രങ്ങള്‍ അത് ശരിക്കും ആഘോഷിച്ചു. തങ്ങള്‍ക്കിടയിലെ ഒരു കര്‍ഷകന്‍, തന്റെ കൈക്ക്യാമറകള്‍ ഉപയോഗിച്ച് ഒപ്പിയെടുത്ത ദൃശ്യങ്ങള്‍ ലോകത്തെ ഏറ്റവും ബൃഹത്തായ സിനിമാ മത്സരത്തിന്റെ അവസാന പട്ടികയില്‍ ഇടം പിടിക്കുന്നത് അവരെ ശരിക്കും അഭിമാനം കൊള്ളിക്കുന്നതായിരുന്നു. തോക്കിലൂടെ മാത്രമല്ല, ക്യാമറയിലൂടെയും പ്രതിരോധിക്കാനും അതിജീവിക്കാനും തങ്ങള്‍ക്കറിയാം എന്ന പാഠം നല്‍കുകയായിരുന്നു അവര്‍.
പിന്നീട് കേട്ടത്: 2013 ഫെബ്രുവരി 19-നാണ് ഓസ്‌കാര്‍ അവാര്‍ഡ് ചടങ്ങില്‍ പങ്കെടുക്കാന്‍ ഇമാദും ഭാര്യയും മകന്‍ ജിബ്‌രീലും ലോസ് എഞ്ചല്‍സ് അന്താരാഷ്ട്ര വിമാനത്താവളത്തില്‍ ഇറങ്ങുന്നത്. അവിടെ അമേരിക്കന്‍ സുരക്ഷാ ഉദ്യോഗസ്ഥര്‍ ഇമാദിനെയും കുടുംബത്തെയും ഒരു മണിക്കൂറിലേറെ തടഞ്ഞുവെച്ചത്രെ. തിരിച്ചയക്കുമെന്ന് ഭീഷണിപ്പെടുത്തുകയും ചെയ്തു. ഓസ്‌കാര്‍ പരിപാടിക്ക് പോകുന്ന ഒരാളാണെന്ന് ഇമാദിനെ കണ്ടിട്ട് തോന്നിയില്ല എന്നാണ് അവര്‍ അതിന് പറഞ്ഞ ന്യായം! ഇമാദിന്റെ പ്രതികരണം അതിലേറെ കൗതുകകരം: ഫലസ്ത്വീനിലെ ചെക്‌പോയന്റുകളില്‍ ഞങ്ങള്‍ ദിനേന പല പ്രാവശ്യം അനുഭവിക്കുന്ന തടഞ്ഞു നിര്‍ത്തലുകളുമായി താരതമ്യം ചെയ്യുമ്പോള്‍ ഇത് എത്രയോ സുഖകരം!
(തുടരും)

Comments

Other Post

ഖുര്‍ആന്‍ ബോധനം

അല്‍ കഹ്ഫ് 46-49
ഖുര്‍ആന്‍ ബോധനം / എ.വൈ.ആര്‍